Monday, May 15, 2017

ഹൗറ ബ്രിഡ്ജ്

കൊളോണിയല്‍ കാലഘട്ടത്തെ അനുസ്മരിപ്പിച്ച് കൊണ്ട്,  ഹൂഗ്ലി നദിക്ക് കുറുകെ നില കൊള്ളുന്ന ഹൗറ ബ്രിഡ്ജില്‍ വെച്ചാണ് ഞാനാദ്യമായി ആന്‍ മരിയയെ നേരില്‍ കാണുന്നത്.  ഓണ്‍ലൈന്‍ എഴുത്തിലൂടെ രണ്ട് വര്‍ഷം നീണ്ട ഞങ്ങളുടെ  പരിചയം ഓഫ്ലൈനായത്, പുതിയ പ്രോജക്ടിനായി കമ്പനി എന്നെ കല്‍ക്കത്തയിലേക്ക് അയച്ചപ്പോഴാണ്. ഭുവനേശ്വറില്‍ ജനിച്ച്  ഒരു പ്രവാസി മലയാളിയായി വളര്‍ന്ന ആന്‍,  കല്‍ക്കത്തയിലെ ഉപരി പഠനത്തിന് ശേഷം  അവിടെ തന്നെ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
    ആനിന്റെ സൗഹൃദവും നിറസാന്നിദ്ധ്യവും കല്‍ക്കത്തയോട് എനിക്കൊട്ടും അപരിചിതത്വം തോന്നാതിരിക്കാന്‍ കാരണമായി.  ഹൗറയിലോ സ്യാല്‍ദാ ബസ് സ്റ്റേഷനിലോ സബര്‍ബന്‍ ട്രെയിനിലോ വെച്ച് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. ഒട്ടനവധി  കഥകളും കഥാകാരന്മാരും ഞങ്ങളുടെ ലോകത്ത് സംസാര വിഷയങ്ങളായി.
    അമ്പേ നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയായിട്ടാണ് ആനിനെ കുറിച്ച്  എല്ലായ്പ്പോഴും എനിക്ക്  തോന്നിയിട്ടുള്ളത്.  സ്വതവേ വാചാലയും നിറഞ്ഞ സൗഹൃദത്തിന് ഉടമയുമായിരുന്നു അവള്‍. 
    ബ്രിട്ടീഷ് ഭരണത്തിന്റെ ജീവിച്ചിരിക്കുന്ന ഓര്‍മ്മകളാണ് ലണ്ടന്‍ നഗരത്തെ അനുസ്മരിപ്പിക്കുന്ന കല്‍ക്കത്തയിലെ നിരവധി നിര്‍മ്മിതികള്‍.  ആംസ്റ്റര്‍ഡാമിന് ശേഷം ഞാന്‍ ട്രാം കണ്ടതും അതില്‍ യാത്ര ചെയ്തിട്ടുള്ളതും  കല്‍ക്കത്തയില്‍ വെച്ചാണ്.  ഇന്ത്യയില്‍ ട്രാം ഉണ്ടെന്ന അറിവ് പോലും എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓട്ടോറിക്ഷകള്‍ക്ക് പകരം മഞ്ഞ അംബാസഡര്‍ കാറുകള്‍ നിറഞ്ഞ മഹാനഗരം.  കല്‍ക്കത്തയുടെ വിശേഷങ്ങള്‍ എല്ലാം എനിക്ക് പറഞ്ഞ് തന്നത് ആനായിരുന്നു.
    അക്കാലങ്ങളില്‍ ഞാന്‍ അധികം എഴുതിയിരുന്നില്ലെങ്കിലും പാര്‍ക്ക് സ്ട്രീറ്റിലെ  മനോഹരങ്ങളായ സായാഹ്നങ്ങളില്‍, മനസ്സില്‍ ഒരു നീറ്റലായി ഞാന്‍ കൊണ്ട് നടന്നിരുന്ന പല കഥാപാത്രങ്ങളെ കുറിച്ചും അനുഭവങ്ങള്‍ തേടിയുള്ള യാത്രകളെ കുറിച്ചും  ഞാനവളോട് സംസാരിച്ചു. ചിലപ്പോഴെങ്കിലും ഞങ്ങളുടെ കൂടി കാഴ്ചകള്‍ രാവേറെ നീളുന്നവയായിരുന്നു.
    ജന്മനാടായ ഭുവനേശ്വറിനെ കുറിച്ച് പറയാനും അവള്‍ക്ക് നൂറ് നാവായിരുന്നു.  അവളുടെ വീട്ടിലെ പൂച്ചക്കുട്ടി തൊട്ട് ചിലിക തടാകത്തിലെ ഡോള്‍ഫിനുകളേയും ദേശാടന പക്ഷികളേയും പറ്റി വരെ അവള്‍ വാചാലയായി.
    "എനിക്ക് വിചിത്രമായൊരു ആഗ്രഹം തോന്നുന്നു...."
    "എന്താണത്....? " ഞാന്‍ തിരക്കി.
    "ഒരു പക്ഷിയെപ്പോലെ ഭുവനേശ്വറില്‍ നിന്നും കല്‍ക്കത്ത വരെ പറന്ന് വരണമെന്ന്...."
    ഒന്നും മിണ്ടാതെ, ചെറിയൊരു മന്ദഹാസത്തോടെ ഞാനവളെ നോക്കിയിരുന്നു.
    "എന്താ നോക്കുന്നേ....?"
    "നിന്നെ ഇങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസമാണ്...."
    "ഓഹോ...."
    നഗരാതിര്‍ത്തികള്‍  താണ്ടി ഗ്രാമങ്ങളിലേക്കുള്ള സബര്‍ബന്‍ ട്രെയിനുകളില്‍ ആനിന്റെ അരികിലിരുന്ന് യാത്ര ചെയ്യുമ്പോള്‍,  ഞായറാഴ്ചകളില്‍ കുര്‍ബാന കഴിഞ്ഞ് അവള്‍ വരുന്നതും കാത്ത് പള്ളിമുറ്റത്ത് അക്ഷമയോടെ ഇരിക്കുമ്പോള്‍, നീല രാവുകളില്‍ ഓണ്‍ലൈനില്‍ അവള്‍ വരുന്നതും നോക്കി ഉറങ്ങാതിരിക്കുമ്പോള്‍ ത്രസിപ്പിക്കുന്ന ഒരിഷ്ടം ഒരക്ഷരത്തെറ്റ് പോലെ എന്നില്‍ നിറയുന്നത് ഞാനറിയാന്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടുണ്ടായിരുന്നില്ല.
    "ആന്‍, നമ്മള്‍ കണ്ടുമുട്ടിയിട്ട് എത്ര നാളായിട്ടുണ്ടാകും...?"
    "രണ്ട് വര്‍ഷമായി കാണും... എന്തേ ചോദിച്ചത് ? "
    "വന്ന് വന്ന് എനിക്ക് നിന്നോടുള്ള ആരാധന കടുത്ത പ്രേമമായെന്ന് തോന്നുന്നു..."
    "ഒരു നസ്രാണിയെ കൊണ്ട് മാത്രമേ എന്നെ എന്റെ വീട്ടുകാര്‍ കെട്ടിക്കുകയുള്ളൂ.  മാത്രവുമല്ലാ, ഞാനാഗ്രഹിക്കുന്നത് നിങ്ങളുടെ വാത്സല്യമാണ്...."
    പ്രണയവും വാത്സല്യവും; അനുപൂരകങ്ങളാകാത്ത രണ്ട് വികാരങ്ങള്‍.  അല്ലെങ്കില്‍ തന്നെ, അവളേക്കാള്‍ പത്ത് വയസ്സ് പ്രായം കൂടിയ എന്നോട് അവള്‍ക്ക്  മറ്റെന്ത് വികാരം തോന്നാനാണ് ?  എന്നേക്കാള്‍ എന്റെ അക്ഷരങ്ങളെ സ്നേഹിച്ചവരില്‍ ഒരാളായിരുന്നില്ലേ സത്യത്തില്‍ അവളും.  എഴുതിയിരുന്നില്ലെങ്കില്‍ ഒരിക്കലും കണ്ടുമുട്ടാതെ ഏതോ ദിക്കിലേക്കൊഴുകുമായിരുന്നു നമ്മള്‍.
    അറിയുന്തോറും ആരും കൂടുതല്‍ അടുക്കുവാനാഗ്രഹിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ആന്‍.  എന്റേയും അവളുടേയും കഥകളിലെ ആത്മകഥാംശത്തിന്റെ അദൃശ്യ കണ്ണികള്‍ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചിരുന്നു  എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനെഴുതിയിട്ടുള്ള എല്ലാ കഥകളും അവള്‍ സസൂക്ഷ്മം വായിക്കുകയും അഭിപ്രായം പറയുകയും ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.  ആനിന്റെ എഴുത്ത് അവളെ പോലെ തന്നെ ഹൃദ്യവും ചേതോകരവുമായിരുന്നു.  അത് കൊണ്ട് തന്നെ, എനിക്കവളോടുള്ള ഇഷ്ടവും ആരാധനയും  അനുദിനം  കൂടിക്കൊണ്ടിരുന്നു.
    കൂട്ടുകാരികളോടൊത്ത് ആന്‍ താമസിക്കുന്ന ടോളി ഗഞ്ചിലെ അടച്ചിട്ട ഒരു കെട്ടിടത്തിന് മുന്നിലെ സ്റ്റെപ്പിലിരുന്ന് രാത്രി പതിനൊന്ന് മണി കഴിഞ്ഞും ഞങ്ങള്‍ സംസാരിച്ചിരുന്നു.  മഞ്ഞ് പെയ്യുന്ന ആ ഡിസംബര്‍ മാസത്തില്‍  ഇരുളിന്റെ നിഴലില്‍ അവള്‍ക്കരികിലിരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ അവളുടെ മാറില്‍ സ്പര്‍ശിക്കുവാന്‍ എനിക്കതിയായ ആഗ്രഹം തോന്നി.  പ്രണയവും രതിയും പലപ്പോഴും സാഹചര്യങ്ങളുടെ സൃഷ്ടികളാണ് എന്ന് മുന്‍പ് ഞാന്‍ തന്നെ എഴുതിയിട്ടുള്ള കാര്യം എനിക്കോര്‍മ്മ വന്നു. പക്ഷേ,  ആന്‍ എങ്ങനെ പ്രതികരിക്കും എന്നുറപ്പില്ലാത്തതിനാല്‍ എന്റെ കൈകളെ ഞാന്‍ ചങ്ങലയ്ക്കിട്ടു; എപ്പോള്‍ വേണമെങ്കിലും കണ്ണികളകന്ന് മാറാവുന്ന ഒരു ചങ്ങലയുടെ ബന്ധനത്തില്‍.
    വഴിയിലൂടെ പോയ ഒരു സൈക്കിള്‍ റിക്ഷക്കാരന്‍, സമയമേറെയായെന്നും എഴുന്നേറ്റ് പോകാനും ഞങ്ങളോട് വിളിച്ച് പറഞ്ഞു. ഞങ്ങളെഴുന്നേറ്റ് നടന്നു. തണുപ്പിന്റെ കരങ്ങള്‍ക്ക് ശക്തി കൂടി വന്നു. എന്റെ പ്രണയം തീക്ഷ്‌ണമായതും സൗഹൃദത്തിനപ്പുറം എന്റെ ഭാവനകള്‍ ചിറകടിച്ച് പറന്ന് തുടങ്ങിയതും ആ ദിവസങ്ങളിലായിരുന്നു.
    "ആന്‍, ഞാനൊരു കാര്യം ചോദിക്കട്ടെ. ഒരു പെണ്ണിന്റേം സമ്മതമില്ലാതെ അവളുടെ ദേഹത്ത് തൊടില്ല എന്നാണ് എന്റെ നയം.  തിരിഞ്ഞ് നോക്കുമ്പോള്‍ അതുകൊണ്ട് തന്നെ എനിക്ക് പല നഷ്ടങ്ങളും എനിക്കുണ്ടായിട്ടുണ്ട്. എന്താണ് നിന്റെ അഭിപ്രായം....?"
    "ഒരു പെണ്ണിനോടും സമ്മതം ചോദിച്ചിട്ട് നിനക്കവളെ ഒന്നും ചെയ്യാനാവില്ല. അവളുടെ ശരീരഭാഷയില്‍ നിന്നും മനസ്സിലാക്കണം; അവള്‍ക്ക് താല്പര്യമുണ്ടോ  ഇല്ലയോ എന്ന്...."
    "ആന്‍, നിന്റെ കയ്യില്‍ ഞാനൊരു മുത്തം തരട്ടെ...?"
    "വേണ്ടാ...."
    ഭാവമാറ്റമേതുമില്ലാതെയാണവളത് പറഞ്ഞത്...അപ്പോഴേക്കും ആനിന്റെ വീട് അടുക്കാറായിരുന്നു. ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
    ആ രാത്രി അവളെ കുറിച്ചാലോചിച്ച് ഞാനൊരുപാട് നേരം ഉറങ്ങാതെ കിടന്നു. നുറുങ്ങു വെട്ടവുമായി ഒരു മിന്നാമിനുംഗ് മുറിയിലാകെ പാറി നടന്നു. എന്റെ സ്വപ്നങ്ങളില്‍ ആന്‍ കടന്നെത്തിയ പല രാത്രികളിലും ഇത്തിരി വെട്ടവുമായി പറന്ന് വന്ന ഒരു മിന്നാമിനുംഗിന്റെ നനുത്ത സാമീപ്യം ഞാനറിഞ്ഞിരുന്നു.
    കോളേജ് സ്ട്രീറ്റില്‍ ബുക്ക്സ് വാങ്ങാന്‍ പോയപ്പോഴാണ് പിന്നെ ഞങ്ങള്‍ കണ്ടു മുട്ടുന്നത്. പഴയ പുസ്തകങ്ങളുടെ ലോകത്തെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണിവിടം.  പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് പിറ്റേ ആഴ്ച അവള്‍ ഭുവനേശ്വര്‍ക്ക് പോകുന്ന കാര്യം പറഞ്ഞത്.
    "ഞാനും നിന്റെ കൂടെ വരട്ടെ? നമുക്കൊരുമിച്ച് ബസില്‍ പോകാം..."
    "ട്രെയിനില്‍ പോകാം; നീണ്ട ബസ് യാത്ര എനിക്കിഷ്ടമല്ല.."
    "നിന്റെ അരികിലിരുന്ന് യാത്ര ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. നീ എതിര് പറയരുത്...."
    ഒടുവില്‍ എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ സമ്മതം മൂളി.
ബാബുഘട്ടിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും വൈകിട്ട് ഒന്‍പത് മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു.  വാരാന്ത്യമല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു.  ജാലകത്തിലെ ചില്ലുകള്‍ക്കിടയിലെ ചെറിയ വിടവിലൂടെ തണുത്ത കാറ്റടിച്ച് കൊണ്ടിരുന്നു.
    ഞാന്‍ കൈനീട്ടി അവളുടെ കൈ എന്റെ കയ്യില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ടു.  അവള്‍ അനുസരിച്ചു. അവളുടെ തണുത്ത, മൃദുലമായ കൈ ഞാന്‍ വെറുതേ തലോടിക്കൊണ്ടിരുന്നു. 
    "ആന്‍, നമ്മുടെ ഈ യാത്ര ഞാനൊരിക്കലും മറക്കില്ല...."
    സംസാരിച്ചിരുന്ന് മണിക്കൂറുകള്‍ കടന്ന് പോയതറിഞ്ഞില്ല. അവളുറങ്ങി പോകുമോ എന്ന് തോന്നിയ നിമിഷം മുതല്‍ ഒരുതരം ടെന്‍ഷന്‍ എന്നെ കീഴ്പ്പെടുത്തി തുടങ്ങി.
    "ആന്‍ ഉറക്കം വരുന്നുണ്ടോ...?"
    "ചെറുതായി...."
    "എനിക്കൊരാഗ്രഹം..."
    "പറയൂ..."
    "നിന്റെ കയ്യില്‍ പിടിച്ച പോലെ മറ്റൊരിടത്ത് കൂടി  സ്പര്‍ശിക്കുവാന്‍ തോന്നുന്നു...."
    "വേണ്ടാ...."
    "ആന്‍...."
    "ഉറക്കം വരുന്നു; നമുക്കുറങ്ങാം..."
    അവള്‍ ഷാളെടുത്ത് മൂടിപ്പുതച്ച് എന്റെ തോളിലേക്ക് ചാരിക്കിടന്നു.
    അല്പം കഴിഞ്ഞപ്പോള്‍ ഞാനവളെ മെല്ലെ വിളിച്ച് നോക്കി; മറുപടിയില്ല.  അവളുറങ്ങിയെന്ന് തോന്നുന്നു...
    എനിക്കുറക്കം വന്നില്ല. സന്തോഷവും സങ്കടവും എന്നില്‍ ഒരുപോലെ നിറഞ്ഞു.  നേരം പുലരാറായപ്പോള്‍ ചെറുതായൊന്ന് മയങ്ങി.  ഭുവനേശ്വരെത്തി കഴിഞ്ഞ് അവള്‍ വിളിച്ചപ്പോഴാണ് ഞാനുണര്‍ന്നത്.
    "രാത്രി ഉറങ്ങിയില്ല അല്ലേ....?"
    "ഇല്ല...."
    "എന്ത് പറ്റീ..."
    "നീയുറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കുവാനാണെനിക്കിഷ്ടം..."
    "ഓഹോ..."
    ഭുവനേശ്വറില്‍ നിന്നും ഞങ്ങള്‍ രണ്ടായി പിരിഞ്ഞു; അവള്‍ വീട്ടിലേക്കും ഞാന്‍ ചിലിക തടാകത്തിലേക്കും യാത്ര തുടര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ തനിയെ കല്‍ക്കത്തയ്ക്ക് മടങ്ങി.  ആന്‍ ഒരാഴ്ച കഴിഞ്ഞേ മടങ്ങൂ...
    പിറ്റേ വാരം ആന്‍ തിരികെ എത്തിയപ്പോള്‍ അവളോട്‌ പറയുവാന്‍ ദുഖകരമായ ഒരു വാര്‍ത്തയുമായാണ് ഞാന്‍ കാത്തിരുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഞങ്ങളുടെ ക്ലൈന്റ് പ്രോജക്റ്റ് സ്റ്റോപ്പ്‌ ചെയ്തു. അടുത്ത പ്രോജക്ടിനായി കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫീസിലേക്ക് അപ്രതീക്ഷിത ട്രാന്‍സ്ഫര്‍.  ഒരു മാസത്തിനകം പുതിയ പ്രോജക്ടില്‍ ജോയിന്‍ ചെയ്യണം.
    ഞാനാകെ ധര്‍മ്മ സങ്കടത്തിലായി. ആനുമായുള്ള സൗഹൃദം ഒരു വശത്ത്; സൗഹൃദത്തിനപ്പുറം കാത്തിരിപ്പിനര്‍ത്ഥമില്ലെന്ന തോന്നല്‍ മറുവശത്ത്.
    "ഞാന്‍ ജോലി രാജി വെച്ച്,  ഇവിടെ മറ്റൊരു ജോലിക്ക് ശ്രമിക്കട്ടെ..."
    "അത് മണ്ടത്തരമാണ്...."
    "ഞാന്‍ പോകുന്നതില്‍ നിനക്ക് വിഷമമുണ്ടോ ആന്‍..."
    അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
    "ഞാന്‍ നിന്നെ വല്ലാണ്ട് മിസ്‌ ചെയ്യും..."
    "ഞാനില്ലെങ്കില്‍ എന്നെപ്പോലെ മറ്റൊരാള്‍ നിനക്കായി അവിടെ കാത്തിരിക്കുന്നുണ്ടാകും..."
    "നിനക്ക് പകരം നീ മാത്രം..."
    "അതൊക്കെ വെറും തോന്നല്‍ മാത്രം..."
    "ആന്‍, ഞാനിവിടെ നിന്നും പോയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ കണ്ടുമുട്ടുവെന്ന് എനിക്കൊരൊറപ്പുമില്ല.  അവസാനമായി നമുക്കൊരു യാത്ര പോയാലോ..."
    "ഭുവനേശ്വര്‍ക്ക് നമ്മളിപ്പോള്‍ പോയതല്ലേ ഉള്ളൂ...."
    "അങ്ങനല്ല;  നീ പറയാറില്ലേ, സുന്ദര്‍ബന്‍ കാണാന്‍ നിനക്ക് വളരെയധികം ആഗ്രഹമുണ്ടെന്ന്...നരഭോജിയായ ബംഗാള്‍ കടുവയെ തേടി രണ്ട് ദിവസം സുന്ദര്‍ബന്‍ കാടുകളില്‍ പോയാലോ..."
    "ആലോചിക്കാം...."
    "പ്ലീസ്...."
    "ഞാന്‍ പെപ്പര്‍ സ്പ്രേയുമായി വരേണ്ടി വരും..."
    "നിന്റെ സമ്മതമില്ലാതെ ഞാന്‍ നിന്നെ തൊടില്ല. സത്യം..."
    രണ്ടാഴ്ചയ്ക്ക് ശേഷം  വെസ്റ്റ് ബംഗാള്‍ ടൂറിസം കോര്‍പ്പറേഷന്റെ ഡല്‍ഹൗസിയിലെ ഓഫീസില്‍ നിന്നും രാവിലെ ഞങ്ങള്‍ സുന്ദര്‍ബനിലേക്ക് പുറപ്പെട്ടു. രണ്ട് പകലും  ഒരു രാത്രിയുമടങ്ങുന്ന പാക്കേജാണ് ബുക്ക് ചെയ്തിരുന്നത്. സോനാകലി വരെ മൂന്ന് മണിക്കൂര്‍ റോഡ്‌ മാര്‍ഗവും അവിടെ നിന്നും എം.വി ചിത്രരേഖ എന്ന ലക്ഷ്യറി കപ്പലിലൂടെയുള്ള സുന്ദര്‍ബന്‍ സഫാരിയും; ഷിപ്പിലെ താമസം ഉള്‍പ്പടെ...
    ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന്‍ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ദ്വീപസമൂഹമാണ് സുന്ദര്‍ബനിലെ റോയല്‍ ബംഗാള്‍ കടുവയുടെ ആവാസ കേന്ദ്രങ്ങള്‍. മനുഷ്യവാസമുള്ള ദ്വീപുകളും ഉണ്ടായിരുന്നെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു.
    സുന്ദര്‍ബനിലെ മനുഷ്യരും കടുവകളും തമ്മില്‍ അതിജീവനത്തിനായുള്ള ശീതയുദ്ധത്തിന് തലമുറകളുടെ പഴക്കമുണ്ട്.  ദ്വീപുകളിലെ മനുഷ്യരുടെ പ്രധാന ഉപജീവന മാര്‍ഗം മീന്‍ പിടുത്തമാണ്.  മീന്‍പിടിക്കാന്‍ പോകുന്നവരില്‍ പലരും തിരിച്ച് വരാറില്ല. നീന്തിക്കുതിച്ചെത്തുന്ന കടുവയ്ക്ക് ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടവര്‍.
    "കടുവകള്‍ നീന്തുമോ...?"
    "ബംഗാള്‍ കടുവകള്‍ നീന്തും...ഉപ്പു വെള്ളം കുടിക്കും..മീന്‍ പിടിച്ച് തിന്നും.  പട്ടിണി കിട്ടുന്നതെന്തും അകത്താക്കാന്‍ അവയെ പഠിപ്പിച്ചു.  പണ്ട് മനുഷ്യര്‍ ശവശരീരം അടക്കം ചെയ്യാതെ ഗംഗയില്‍ ഒഴുക്കുമായിരുന്നു.  ഗംഗയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ ഭക്ഷിച്ചാണ് ബംഗാള്‍ കടുവകള്‍ മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞതും നരഭോജിയായതും..."
    കപ്പലിന്റെ അപ്പര്‍ ഡെക്കിലിരുന്ന ഞങ്ങളോട് ഗൈഡ് ഹിന്ദിയും ബംഗാളിയും കലര്‍ത്തി പറഞ്ഞു തന്നു.
    "ബംഗാള്‍ കടുവയെ കാണാന്‍ സാധിക്കുമോ? "
    "സാധ്യത തീരെ കുറവാണ് സാര്‍... പക്ഷെ, എവിടെയോ അവന്‍ പതുങ്ങിയിരിപ്പുണ്ട്.  ടൂറിസ്റ്റ് ബോട്ടുകളുടെ എണ്ണം കൂടിയതോടെ കടുവകള്‍ ഉള്‍ക്കാടുകളിലേക്ക് വലിഞ്ഞു. "
    കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ കപ്പല്‍ നീങ്ങി.  ഓരങ്ങളില്‍ നിന്നും വിവിധ വര്‍ണ്ണങ്ങളിലുള്ള മീന്‍കൊത്തികള്‍ ഇരമ്പല്‍ കേട്ട് പറന്നകന്നു.
    "ആന്‍, നീയെന്താണ് ആലോചിക്കുന്നത്...?"
    "കടുവ കൊന്നുതിന്ന മനുഷ്യരുടെ ആത്മാക്കളിവിടെ ഗതികിട്ടാതെ അലയുന്നുണ്ടാവില്ലേ...."
    "ഉണ്ടാവും...."
    "മീന്‍ പിടിക്കാന്‍ പോയ വീട്ടുകാരനെ കടുവ പിടിച്ചതറിയാതെ അവനു വേണ്ടി കാത്തിരുന്ന കുടുംബങ്ങള്‍ ഉണ്ടായിരിന്നിരിക്കില്ലേ ഇവിടേ...?"
    "ഉണ്ടാവും..."
    അവള്‍ നിശബ്ദമായി കണ്ടല്‍ കാടുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ദ്വീപുകളിലെ വാച്ച് ടവറുകളില്‍ നിന്നുള്ള കണ്ടല്‍ക്കാടുകളുടെ ദൂരെക്കാഴ്ച്ചകളിലും കടുവയെ തേടിയെങ്കിലും നിരാശയായിരുന്നു ഫലം.  കണ്ടല്‍ക്കാടുകളില്‍ രക്ത വര്‍ണ്ണം പൂശി,  ഇരുളിന്‍റെ കൈകളിലേല്‍പ്പിച്ച്  ആദിത്യന്‍     വിടവാങ്ങി. 
    കപ്പല്‍ എവിടെയോ നങ്കൂരമിട്ടിരിക്കുകയാണ്. മിഡില്‍ ഡെക്കിലായിരുന്നു ഞങ്ങളുടെ മുറി. എയര്‍ കണ്ടീഷന്‍റെ സുഖശീതളിമയില്‍ കമ്പിളിയുടെ ചൂടിലേക്ക് വലിഞ്ഞ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.  അവള്‍ എന്റെ ഇടത് വശം ചേര്‍ന്നാണ് കിടന്നിരുന്നത്.
    "ആന്‍, ഇത് നമ്മളൊരുമിച്ചുള്ള ആദ്യത്തേയും ഒരുപക്ഷെ അവസാനത്തേയും രാത്രിയാകും അല്ലേ...?"
    "ഉം..."
    "ഞാനാകെ നിരാശനാണ്...."
    "എന്തിനാ നിരാശപ്പെടുന്നത്....?"
    അല്പം കൂടി അവളോട്‌ ചേര്‍ന്ന് ചരിഞ്ഞ് കിടന്ന്,  ഇടത് കൈമുട്ട് ബെഡില്‍ കുത്തി, കൈകൊണ്ട് തലയുയര്‍ത്തി വെച്ച് ഞാനവളെ നോക്കി.
    "ഐ വില്‍ മിസ്‌  യു..."
    അവളൊന്നും മിണ്ടിയില്ല.
    "ഈ രാത്രി മറക്കാതെ  എനിക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കണം..."
    അപ്പോഴും അവളൊന്നും പറഞ്ഞില്ല.
    "ഞാന്‍ നിന്നെ ചുംബിച്ചോട്ടെ...?"
    അവള്‍ വേണ്ടെന്ന് തലയാട്ടി.
    ഒരു പെണ്ണിന്റേം സമ്മതത്തോടെ അവളെ തൊടാനാകില്ല എന്ന് മുന്‍പൊരിക്കല്‍ ആന്‍ പറഞ്ഞത് ഞാനോര്‍ത്തു. ഇനിയൊരിക്കലും ഇങ്ങനെ ഒരവസരം ലഭിക്കില്ല.
    "ഐ ലവ് യു ആന്‍...."
    അവളുടെ കൈവിരലുകളില്‍ ഞാനെന്‍റെ വിരലുകള്‍ കോര്‍ത്തു.
    "ലൈറ്റണച്ച് കിടന്നുറങ്ങാന്‍ നോക്കാം;  അതിരാവിലെ എഴുന്നേല്‍ക്കണ്ടതാണ്."
    "ഒരഞ്ച് മിനിറ്റ്...."
    അവളുടെ കണ്ണുകളിലേക്ക് തന്നെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അവളില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു.
    "നീയൊന്ന് കണ്ണടച്ചേ...."
    അവള്‍ ഇല്ലെന്ന് തലയാട്ടി.
    പെട്ടന്ന് ഞാന്‍ മുന്നോട്ടാഞ്ഞ്‌ അവളുടെ കവിളില്‍ ഒരുമ്മ കൊടുക്കുകയും വലത് കൈ എടുത്ത് ഉദരത്തില്‍ വെക്കുകയും ചെയ്തു. അവളുടെ ഭാവം മാറി. എന്നെ തള്ളി മാറ്റി, കമ്പിളി വലിച്ച് നീക്കി അവള്‍ ചാടിയെണീറ്റു.
    "നിങ്ങള്‍ക്കെന്നോട് എങ്ങനെയായാലും എനിക്കെങ്ങനെയാണെന്ന് ഞാന്‍ ഒരിക്കലും  പറഞ്ഞിട്ടില്ല..."
    "ഐ ആം റിയലി സോറി ആന്‍..."
    അവള്‍ തലയ്ക്ക് കൈ കൊടുത്ത് കുറെ നേരം  കസേരയില്‍ ചെന്നിരുന്നു. പിന്നെ വന്ന് മൂടിപ്പുതച്ച് കിടന്നു.
    അവളെ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് എനിക്ക് അതിയായ കുറ്റബോധം തോന്നി. അവളുറങ്ങിയിട്ടും ഒരുപാട് നേരം ഞാനുറങ്ങാതെ കിടന്നു.  അവളുടെ വാക്കുകള്‍ എന്നെ കുത്തി നോവിച്ച് കൊണ്ടിരുന്നു.  ഒരൊറ്റ വാചകത്തില്‍ വെറുമൊരു  അന്യനായി പോകേണ്ടി വന്നല്ലോ  എന്നോര്‍ത്ത് ഞാന്‍  ദുഖിച്ചു.  കലുഷിതമായ മനസ്സിലെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വിരാമമിട്ട് എപ്പോഴാണ് ഞാനുറങ്ങിയതെന്നറിയില്ല.  രാവിലെ  അവള്‍ വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.
    കുളിച്ച് റെഡിയായി അപ്പര്‍ ഡെക്കിലെത്തി യാന്ത്രികമായി  ഇരുന്നു.  കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ കപ്പല്‍ നീങ്ങിയപ്പോള്‍ ബംഗാള്‍ കടുവയായിരുന്നില്ല മനസ്സില്‍.  നഷ്ടങ്ങളുടെ താഴ്വാരങ്ങളിലെവിടെയോ മനസ് മേഞ്ഞ് നടന്നു.  അവളോടൊപ്പം ഒരുമിച്ചാഘോഷിച്ച ദുര്‍ഗാ പൂജയും കാലി ഫെസ്റ്റിവലുകളുമെല്ലാം ഓര്‍മ്മകളാവുകയാണ്. ആന്‍ അരികില്‍ വന്നിരുന്ന് എന്റെ കയ്യില്‍ മുറുകെ പിടിച്ചു.
    "എനിക്ക് നിന്റെ കഥകള്‍ വളരെ ഇഷ്ടമാണ്. അതിനപ്പുറം എല്ലാമൊരു തമാശയായിട്ട് മാത്രമേ ഞാനെടുത്തിട്ടുള്ളൂ...."
    അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല. യാത്ര കഴിഞ്ഞ് വൈകുന്നേരത്തോടെ കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നൂ പിന്നീടെനിക്ക് കല്‍ക്കത്തയില്‍ അവശേഷിച്ചിരുന്നത്... രണ്ട് ദിവസം കൊണ്ട് സാധനങ്ങള്‍ എല്ലാം തന്നെ പാക്ക് ചെയ്ത് റെയില്‍വേ പാര്‍സല്‍ സര്‍വീസ് വഴി ബാംഗ്ലൂര്‍ക്ക് അയച്ചു. പിറ്റേന്ന് റൂം  കാലി ചെയ്ത് വൈകുന്നേരം അഞ്ചരയോടെ ഹൗറയിലെത്തി.  അല്പം കഴിഞ്ഞപ്പോള്‍ ആനും വന്നു. എട്ട് മണിക്കാണ് ബാംഗ്ലൂര്‍ എക്സ്പ്രസ് പുറപ്പെടുക. ഇനിയും സമയമുണ്ട്. 
    "ആന്‍, നമ്മളാദ്യമായി കണ്ടുമുട്ടിയത് ഈ ഹൗറ ബ്രിഡ്ജില്‍ വെച്ചാണ്.. ഇപ്പോള്‍ നമ്മള്‍ പിരിയുന്നതും ഇവിടെ വെച്ച് തന്നെ... നമുക്ക് വെറുതെ അല്പം നടന്നാലോ..."
    അവളുടെ കൈ പിടിച്ച് അര കിലോമീറ്ററോളം നീളമുള്ള ഹൗറ ബ്രിഡ്ജിലെ തിരക്കിലൂടെ ഞാന്‍ നടന്നു.  ഹൂഗ്ലി  നദിക്ക് അക്കര വരേയും; പിന്നെ ഇക്കര വരേയും...
    "ആന്‍, സന്ധ്യയായി...ഇനി നീ പൊയ്ക്കോളൂ...കൂട്ടിന് ഞാനില്ലല്ലോ..."
    അവള്‍ ഹാന്‍ഡ്ബാഗ് തുറന്ന് ഒരു പേന എടുത്ത് നീട്ടി.
    "എന്റെ ഓര്‍മ്മയ്ക്ക്...."
    ഞാന്‍ ആ സമ്മാനം വാങ്ങി ഭദ്രമായി ബാഗില്‍ വെച്ചു.
    "ആള്‍ ഡി ബെസ്റ്റ്......" അത് പറഞ്ഞ് അവള്‍ തിരിഞ്ഞ് നടന്നു.
    ഞാന്‍ ഹൂഗ്ലി നദിയിലേക്ക് നോക്കി അല്‍പനേരം കൂടി ഹൗറ ബ്രിഡ്ജില്‍ നിന്നു.  എന്റെ കണ്ണുകള്‍ ഈറനണിയുമെന്ന് തോന്നി. ഞാന്‍ യാന്ത്രികമായി നടന്നു.
ഹൗറ സ്റ്റേഷനിലെ ഇരുപതാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എന്നേയും കാത്ത് കിടന്ന ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ കയറി കണ്ണടച്ചിരുന്നു. 
    ഓടിത്തുടങ്ങിയ ട്രെയിനിന്റെ ചൂളം വിളികള്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ മുങ്ങി...
    പ്രിയപ്പെട്ട ആന്‍,  നീ എന്നുമെന്‍റെ നഷ്ടമാണ്...
    എന്റെ മാത്രം തീരാ നഷ്ടം...    !

7 comments:

 1. ഓടിത്തുടങ്ങിയ ട്രെയിനിന്റെ ചൂളം വിളികള്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ മുങ്ങി...

  നല്ല വാചകം.‌ പ്രണയകഥകൾ പലതും മഹേഷേട്ടൻ എഴുതാറുണ്ടെങ്കിലും ചരിത്രമുറങ്ങുന്ന കൽക്കത്തയുടെ പശ്ചാത്തലത്തിൽ ആദ്യമായാണ്. പതിവു നായികാ കഥാപാത്രങ്ങൾക്കു വിപരീതമായി തുടക്കത്തിലെ നിഷ്കളങ്കത് ഒടുക്കം വരെയും കാത്തു സൂക്ഷിച്ച് ആൻ മരിയ. ചില നഷ്ടങ്ങൾ നഷ്ടമായിത്തന്നെ ഇരിക്കുന്നതാണ് ഭംഗി.

  ReplyDelete
 2. ഈ ബ്ലോഗില്‍ ആദ്യമാണ്. കഥ കൊള്ളാം. വിമര്‍ശനമൊന്നുമല്ല കേട്ടോ, എനിക്കെന്തോ പെട്ടെന്ന് പത്മരാജന്‍റെ 'ലോല' ഓര്‍മ്മവന്നു... ചില വാചകങ്ങളൊക്കെ വളരെ ഇഷ്ടമായി പ്രത്യേകിച്ച്//"നീയുറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കുവാനാണെനിക്കിഷ്ടം..."//ഫോളോ ചെയ്യുന്നുണ്ട്.ഇനിയൊരു കഥയിലേക്ക് നാലുവര്‍ഷത്തിന്‍റെ ഇടവേളയൊന്നും വേണ്ടാട്ടോ....(ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങിനെ കണ്ടു)

  ReplyDelete
 3. വളരെ മനോഹരമായ വായനാനുഭവം...
  ചില വാക്കുകൾ ഹൃദയത്തിൽ തങ്ങി...

  ReplyDelete
 4. മഹേഷ്‌, കഥ ഇഷ്ടായി. ആന്‍ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 5. സൂക്ഷ്മമായ നിരീക്ഷണപാടവത്തോടെ കഥാപാത്രങ്ങളുടെ ഭാവഹാവാദികള്‍ പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു....
  ആശംസകള്‍

  ReplyDelete
 6. ഇഷ്ട്ടപ്പെട്ടു ...
  ആൻ നിറഞ്ഞാടി ...!

  ReplyDelete
 7. ഇഷ്ട്ടപ്പെട്ടു ...

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..