Thursday, September 24, 2009

ഭാവിയിലെ ഒരു സേവനം

"താങ്കള്‍ ഇപ്പോള്‍ ഡയല്‍ ചെയ്ത നമ്പറിന്റെ ഉടമ മരിച്ചു പോയി. ദയവു ചെയ്ത് അയാളുടെ നരകത്തിലെ പുതിയ നമ്പരിലേക്ക് വിളിക്കുക."

എന്തെല്ലാം സേവനങ്ങളാണോ ഈ മൊബൈല്‍ കമ്പനിക്കാര്‍ നല്കുന്നത്.
'നീ എവിടെ പോയാലും നിന്നോടൊപ്പം ഉണ്ടാകും' എന്ന അവരുടെ പരസ്യ വാചകം ഓര്‍മ്മ വന്നു.
ഇനി എങ്ങനെ ആണോ ആവോ അയാളുടെ, നരകത്തിലെ പുതിയ നമ്പര്‍ കണ്ടെത്തുന്നത്...?

വീണ്ടും അതെ നമ്പര്‍ ഡയല്‍ ചെയ്തു. കിളി നാദത്തില്‍ പഴയ സന്ദേശം വീണ്ടുമെത്തി. പിന്നെയും കാതോര്‍ത്തു.

"നിങ്ങള്‍ വിളിച്ചയാളുടെ പുതിയ നമ്പര്‍ അറിയുന്നതിന് ഒന്ന് എന്ന ബട്ടന്‍ അമര്‍ത്തുക. സബ്സ്ക്രിപ്ഷന്‍ ചാര്‍ജ് മുപ്പതു ഡോളര്‍ മാത്രം. താങ്കളുടെ മരണശേഷം നിങ്ങളുടെ നമ്പരില്‍ ഈ സേവനം ലഭ്യമാക്കുന്നതിനും ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി രണ്ട് എന്ന ബട്ടന്‍ അമര്‍ത്തുക. ഭൂമിയിലെ ഞങ്ങളുടെ പ്രതിനിധിയുമായി സംസാരിക്കുന്നതിനു......"

അക്ഷമയോടെ അയാള്‍ രണ്ട് എന്നമര്‍ത്തി.

"ഈ സേവനം താങ്കള്‍ക്കു തികച്ചും സൌജന്യമാണ്. ഈ പദ്ധതിയുടെ ഉപഭോക്താവാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. മരണശേഷം നിങ്ങളുടെ പുതിയ നമ്പരില്‍ നിന്നും ഇനി പറയുന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയക്കുക. ഡി.എസ്.എസ്. സ്പേസ് നിങ്ങളുടെ പേരു സ്പേസ് പഴയ നമ്പര്‍. സ്വര്‍ഗത്തില്‍ നിന്നും എസ്.എം. എസ്. അയക്കേണ്ട നമ്പര്‍ പൂജ്യം പൂജ്യം രണ്ടു പൂജ്യം. നരകത്തില്‍ നിന്നുള്ളവര്‍ പൂജ്യം പൂജ്യം മൂന്നു പൂജ്യം എണ്ണ നംബറിലേക്കാണയക്കേണ്ടത്. മറ്റു സ്ഥലങ്ങളില്‍ നിന്നും...."

എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ടെലിഫോണ്‍ ഡയറക്ടറിയിലെ അടുത്ത നമ്പരിലേക്ക് കണ്ണോടിച്ചു.

Thursday, September 10, 2009

പൂക്കാത്ത നീലക്കുറിഞ്ഞികള്‍

ഒന്‍പതു വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം എന്റെ വിരല്‍ത്തുമ്പുകളില്‍ വീണ്ടും പേന ചലിക്കുകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ എഴുതാന്‍ മറന്നുപോയ വിരലുകള്‍ ഇപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്നുണ്ടോയെന്നറിയില്ല. അത് പറയേണ്ടത് നിങ്ങളാണ്...

വീണ്ടുമൊരു തുടക്കത്തിനായി, എന്നില്‍ പുതുമഴയുടെ ഗന്ധം കോരിയിട്ട്, സ്വപ്നങ്ങളുടെ അഭ്രപാളികളിലേക്കിറക്കിവിട്ട പെണ്‍കുട്ടിക്ക് ഒരിക്കല്‍ കൂടി നന്ദി. കമിഴ്ന്നു വീണു കിടന്നു കരഞ്ഞപ്പോള്‍, കൈ പിടിച്ചുയര്‍ത്തി പ്രതീക്ഷയുടെ കൂട്ടിലടച്ചതിനും നന്ദി.

ഇന്നു മാറ്റങ്ങള്‍ ഒരുപാടാണ്‌. ശുണ്ഠിയോടൊപ്പം മൂക്കിന് മുകളില്‍ ഒരു കണ്ണട കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. തെണ്ടി തിരിഞ്ഞിരുന്നവന്‍ എന്ന ലേബലില്‍ നിന്നും ഉദ്യോഗത്തിന്റെ അഹങ്കാരത്തിലെക്കൊരു യാത്ര. എങ്കിലും എവിടെയോ പെയ്യുന്ന മഴയെ പ്രണയിക്കുന്ന ആ സ്വഭാവം മാത്രം തെല്ലും മാറ്റമില്ലാതെ തുടരുന്നു.

മൂന്നര വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ബന്ധു വീട്ടില്‍ വച്ചാണ് മറ്റൊരു ബന്ധുവായ അവളുടെ അമ്മയെ ഞാന്‍ പരിചയപ്പെടുന്നത്‌. അപ്പോഴേക്കും നാല് പേരോട് പറയാന്‍ കഴിയുന്ന ഒരു ജോലി എങ്ങനയോ സ്വന്തമായി കഴിഞ്ഞിട്ടുണ്ടായിരുന്നു..."കമ്പ്യൂട്ടര്‍ എഞ്ജിനീയര്‍".
അതുകൊണ്ട് കൂടിയാകാം ചിറ്റ അന്നവളെക്കുറിച്ച് പറഞ്ഞത്.
"ഒരു മോളും മോനും. മോള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു. ഇപ്പോള്‍ പ്രൊജക്റ്റ്‌ വര്‍ക്ക് ചെയ്യാനായി ബാഗ്ലൂരുണ്ട്. "

അനിയത്തി പറഞ്ഞു അവളുടെ പേര് അറിയാമായിരുന്നെങ്കിലും അറിയില്ല എന്ന് ഭാവിച്ചു.
"ഓഹോ.. അത് ശരി. എന്താ അവളുടെ പേര്..?"
"നീലിമ"
നിലാവിന്റെ നീലിമയോ അതോ പകലിനു സ്വന്തമായ ആകാശനീലിമയോ..?
എന്തായാലും രണ്ടും മനോഹരങ്ങള്‍ തന്നെ. ഒപ്പം നീയും അങ്ങനെ ആയിരിക്കട്ടെ..

"ഞാനും അവിടെ തന്നെ അല്ലെ.. അവള്‍ക്ക് മൊബൈല്‍ ഉണ്ടോ..? ഇടയ്ക്ക് വിളിക്കാം."
"ഉണ്ട് തരാം.."
അങ്ങനെയാണ് നീലിമയുടെ നമ്പര്‍ കിട്ടിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു സന്ദേശം അയച്ചു.

"ഹലോ.. നീലിമയല്ലേ..."
ഒരു സൗഹൃദം പിറവിയെടുക്കുകയായിരുന്നു. വല്ലപ്പോഴും മാത്രം ഇതള്‍ വിരിയുന്ന ചില സന്ദേശങ്ങള്‍, അങ്ങോട്ടും ഇങ്ങോട്ടും.. ആണ്ടിണോ സംക്രാന്തിക്കോ മറ്റോ മാത്രം ഒരു വിളി. എങ്കിലും ആര്‍ക്കും വേണ്ടാതെ വരണ്ടു കിടന്നിരുന്ന മനസ്സിന്റെ ഏതോ ചില്ലകളില്‍ ആ ശബ്ദം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ സ്വരത്തില്‍ എല്ലായ്പ്പോഴും ഉത്സാഹത്തിന്റെയും ഉണര്‍വിന്റെയും ഒരു നേര്‍ത്ത സംഗീതമുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ സ്വരം പോലെ.

കമ്പ്യൂട്ടറും പ്രോഗ്രാമ്മിങ്ങും ഒന്നും തനിക്ക് പറ്റിയ മേഖലയല്ലെന്ന് ഒരിക്കല്‍ നീലിമ പറഞ്ഞിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പ്രൊജക്റ്റ്‌ വര്‍ക്ക് കഴിഞ്ഞു അവള്‍ നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ഒരു ഓഫീസില്‍ ജോലി കിട്ടിയെന്നും പോകാന്‍ ആഗ്രഹിക്കുന്നു എന്നും എപ്പോഴോ വിളിച്ചപ്പോള്‍ അവള്‍ അറിയിച്ചു.

"പഠിച്ച ഫീല്‍ഡ് അല്ല. എങ്കിലും പോണം"

എത്രയൊക്കെ ആണെങ്കിലും പല്ലിമുതല്‍ പാറ്റ വരെ സര്‍വ്വ ജീവജാലങ്ങളെയും പേടിയുള്ള ലോല ഹൃദയയായ നീലിമയെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. അടുത്ത തവണ നാട്ടില്‍ വന്നപ്പോള്‍ മനപ്പൂര്‍വ്വം അവളുടെ ഓഫീസില്‍ ചെന്നൂ. കണ്ടു...ആദ്യമായി.

"ഞാന്‍ ചുമ്മാ ഇതിലെ പോയപ്പോള്‍ കണ്ടിട്ട് പോയേക്കാമെന്ന് കരുതി . അത്രേയുള്ളൂ..."

കറുത്ത നിറമുള്ള ചുരിദാറില്‍ വെളുത്തു മെലിഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് ഇന്നു കാണുന്ന അത്രയും സൗന്ദര്യം അന്നുണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.

പിന്നെ കാത്തിരിക്കുകയായി; ഓണത്തിനായി, ക്രിസ്മസ്സിനായി, പുതുവല്സരതിനായി. നീലിമയെ ഒന്നു വിളിക്കാന്‍...ആസംസകൊടുക്കാനെന്ന പേരില്‍ ഒന്നു മിണ്ടാന്‍... സ്വന്തത്തിലുള്ള കൊച്ചല്ലേ എപ്പോഴും വിളിക്കാനും ചുമ്മാ കേറിയങ്ങ് പ്രണയിക്കുവാനും പുറകെ നടക്കുവാനും ഒക്കെ പറ്റില്ലല്ലോ.

ഒരു തവണ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
"ഞങ്ങള്‍ ചേട്ടന്റെ കാര്യം ഇന്നും കൂടി പറഞ്ഞതേയുള്ളൂ.."
"എന്ത് പറഞ്ഞു..?"
"ചെറുപ്പത്തില്‍ ഭയങ്കര വഴക്കാളിയും മഹാവില്ലനും ഒക്കെയായിരുന്ന കഥ. പക്ഷെ ഇപ്പോള്‍ വളര നല്ല കൊച്ചനാണെന്ന്. നല്ല സ്വഭാവം.."

മഹാഭാഗ്യം.. എന്റേത് വളരെ നല്ല സ്വഭാവമാണെന്ന് അവള്‍ കരുതുന്നു; കൂടെ വീട്ടുകാരും..
എനിക്ക് പോലും പിടിക്കാത്ത എന്റെ വൃത്തികെട്ട സ്വഭാവങ്ങളുടെ സവിശേഷതകള്‍ ചിലര്‍ക്കെങ്കിലും അറിയാമെന്നെനിക്കറിയാം. അവരാരും അത് പറഞ്ഞു പരത്തി അവളുടെ ചെവിയില്‍ എത്തിച്ചു കൊടുക്കല്ലേ ന്റെ തമ്പുരാനേ.. അവര്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു എന്നും പ്രണയത്തിന്റെ മാന്ത്രികകൈകളാല്‍ എന്നെ നന്നാക്കാനായി ദൈവമായ വീനസ്‌ അയച്ചതാകാം അവളെയെന്നും.

എന്തായാലും സൂക്ഷിക്കണം. മാന്യമഹാബന്ധുമിത്രാദികള്‍ക്കിടയില് എന്നെക്കുറിച്ചു കുറച്ചു കൂടി നല്ല അഭിപ്രായമുണ്ടാക്കണം.

എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടം മാത്രമാണ്. അതൊരു പ്രണയമല്ല; കാരണം ഞാന്‍ അവളെ ഓര്‍ത്തു മനക്കോട്ട കെട്ടാറില്ല. പക്ഷെ ഇഷ്ടം കൂടാതെ എന്തോ ഒന്നു അതിലുണ്ട്. അതെന്താന്നെന്നെനിക്കറിയില്ല. കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നടക്കുമോയെന്നറിയില്ല. എങ്കിലും പറയട്ടെ എന്റെ ഇഷ്ടം സത്യമാണ്. ആത്മാര്‍ഥവും. ചില കുബുദ്ധികള്‍ പലതും പറഞ്ഞെന്നു വരും.

ആയിടക്കാണ് എന്റെ അനിയത്തിയുടെ കല്യാണക്കാര്യം തീരുമാനമായത്. ആദ്യമായി നീലിമയുടെ വീട്ടില്‍ പോകാന്‍ കിട്ടിയ ഒരവസരമായ്‌ ഞാന്‍ അതിനെ കണ്ടു. അവള്‍ ഓഫീസില്‍ നിന്നും തിരിച്ചു വീട്ടില്‍ വരുന്ന സമയം നോക്കി, അമ്മയെയും കൂട്ടി കല്യാണം വിളിക്കാനായി ഞാന്‍ അവിടെ ചെന്നു. ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അങ്ങനെയങ്ങ് കടന്നു പോയി, അധികം നീണ്ടു നില്ക്കാതെ. നീലിമ കൂടുതല്‍ സുന്ദരിയായിരിക്കുന്നു... ചക്രവാളസീമയില്‍ ഓടിഒളിക്കാന്‍ വെമ്പുന്ന സൂര്യന്റെ സ്വര്ണ്ണരശ്മികളേറ്റു വിളങ്ങുന്ന നെല്‍കതിര്‍ പോലെ.

തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു കല്യാണത്തിലും ഞങ്ങള്‍ രണ്ടു പേരും പങ്കെടുത്തിരുന്നു. അന്നേദിവസം രാവിലെ ആ കല്യാണ വീട്ടില്‍ വച്ചു അവളുടെ അടുത്തിരുന്നാണ് കാപ്പി കുടിച്ചത്. അപ്പം ഒന്നേ കഴിച്ചുള്ളൂ എന്കിലെന്താ വയര്‍ നിറഞ്ഞിരുന്നു. കാരണം അവളില്ലേ തൊട്ടടുത്ത്‌...വളരെ അടുത്ത്..

പിന്നീട് എന്റെ അനിയത്തിയുടെ കല്യാണത്തിനും നീലിമ വന്നതോട് കൂടി ഞങ്ങള്‍ തമ്മിലുള്ള നല്ല സൗഹൃദം ഒന്നു കൂടി ബലപ്പെട്ടു എന്ന് എനിക്ക് തോന്നി.

പുത്തരിചോറില്‍ കല്ല്‌ കടിക്കുന്നമാതിരിയുള്ള രണ്ടു പ്രശ്നങ്ങള്‍ ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബത്തിനെ ചൂഴ്ന്നു നില നിന്നിരുന്നു. രണ്ടിടത്തും, നാഥന്മാരായിരിക്കേണ്ട പിതാക്കന്മാരായിരുന്നു പ്രേശ്നക്കാര്‍. മദ്യപാനത്തിന്റെ അനന്തരഫലങ്ങള്‍ വഴക്കിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുക പതിവായിരുന്നു. ഏറ്റവും കൂടുതല്‍ സഹിച്ചത് ഞങ്ങളുടെ അമ്മമാരാണ്. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അനിയത്തിയുടെ കല്യാണതിനുണ്ടായ ബുദ്ധിമുട്ടുകള്‍ മറക്കാനാവില്ലല്ലോ.. പ്രിയപ്പെട്ട പെണ്‍കുട്ടീ നിനക്കു അങ്ങനെ ഒന്നും വരാതിരിക്കട്ടെ.

ഒരിക്കല്‍ പോലും അവളുടെ പ്രേശ്നങ്ങളോ സങ്കടങ്ങളോ ഒന്നും നീലിമ എന്നോട് പറഞ്ഞിരുന്നില്ല. ഉള്ളില്‍ ഒളിപ്പിച്ചു വച്ച നൊമ്പരങ്ങള്‍ വാക്കുകളിലൂടെ പുറത്തു വരാതിരിക്കുവാന്‍ എന്നുമവള്‍ സ്രെദ്ധിച്ചിരുന്നു. അല്ലെങ്കില്‍ അങ്ങനെ ഒരടുപ്പം ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ.

ഒരു മാസം മുന്പ് ഞാന്‍ അവള്‍ക്ക് ഒരു എസ്. എം.എസ് അയച്ചു.
"വിരോധമില്ലെങ്കില്‍ വല്ലപ്പോഴും ഒരു മിസ്ഡ്‌ കാള്‍ ആകാട്ടോ..അല്ലെങ്കില്‍ ഒരു മെസ്സേജ്. "
മറുപടി എന്നോണം എനിക്ക് കിട്ടിയത് കുറെ തമാശകളും സൌഹൃദ സന്ദേശങ്ങളുമായിരുന്നു. തിരിച്ചു മറുപടി അയക്കുവാന്‍ ഞാനും ഒട്ടും മറന്നിരുന്നില്ല.

രണ്ടു നാള്‍ മുന്പ്, ഓണത്തിന് ഞാന്‍ നീലിമയെ വിളിച്ചു. പതിവു പോലെ ആശംസകള്‍ നേരാന്‍. കൂട്ടത്തില്‍ അവളാ സന്തോഷ വാര്‍ത്ത എന്നോട് പറഞ്ഞു. ഒരു ചെറുക്കന്‍ പെണ്ണ് കാണാന്‍ വരുന്നൂന്ന്.. അവളാകെ ത്രില്ലിലാണ്. അവളുടെ ഒരു സുഹൃത്തിന്റെ സുഹൃത്താണത്രേ. ആദ്യമായിട്ട് ആ ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ പരിഭ്രമത്തിന്റെ കഥയും അവള്‍ പറഞ്ഞു. ജാതകമൊക്കെ ചേര്‍ന്നുവത്രേ..

ഓണസമ്മാനം കയ്പ്പ് നീരിന്റെ രൂപത്തില്‍ എന്നിലലിഞ്ഞു ചേരുകയാണ്. ഒന്നും നീയറിയുന്നില്ലല്ലോ നീലിമാ. എന്തൊരു ജന്മമാണെന്റേത് ? ഏകാന്ത പ്രണയത്തിന്റെ നിശബ്ദകാവ്യം പോലൊരു ദുരന്ത സ്മാരകം.

ഇരുളടഞ്ഞ നടവഴികളില്‍ കൂട്ടിനെത്തി, വെളിച്ചം കാണിച്ചു തന്നു മുന്നോട്ടു നയിക്കുന്ന മിന്നാമിന്നിയെ പോലെ ഒരു നല്ല സൌഹൃദത്തിന്റെ നീരുറവയായിരുന്നു അവള്‍. അത് നഷ്ടപ്പെടുത്തുവാനും വയ്യ; നഷ്ടപ്പെടുന്നത് കണ്ടിരിക്കുവാനും.

അലകള്‍ ആഞ്ഞടിച്ചു മനസ്‌ തളരുകയാണ്. ഓടിഒളിക്കുവാനിടം കാണാതെ ചിന്തകള്‍ പരക്കം പായുന്നു. പ്രക്ഷുബ്ദതയുടെ വേലിയേറ്റത്തില്‍ മനസ്സിന്റെ ഭിത്തി തകരുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.

ഇനിയും തീരെ വൈകിയിട്ടില്ല. എന്റെ ഇഷ്ടം അവളെ ഒന്നറിയിച്ചാലോ? ഒരുവേള അവള്ക്കതിഷ്ടമായില്ലെങ്കിലോ..? നിന്റെ സൗഹൃദം കൂടി എനിക്ക് നഷ്ടപ്പെട്ടേക്കും.. അതെനിക്ക് താങ്ങുവാന്‍ വയ്യ. പക്ഷെ എന്നില്‍ ജനിച്ചു എന്നില്‍ മാത്രം ജീവിച്ചു എന്നില്‍ മരിക്കുന്ന എന്റെ ഇഷ്ടത്തിന് എന്ത് പ്രസക്തി..? അന്ത്യകൂദാശ അര്‍പ്പിക്കുവാന്‍ പോലും ആരും ഉണ്ടാവില്ല.

ഒടുവില്‍ തീരുമാനിച്ചു. കെട്ടുന്ന വേഷം എന്തുമായിക്കൊള്ളട്ടെ, കോമാളിയോ വില്ലനോ എന്തും, അത് ഭംഗിയായി അഭിനയിച്ചു തീര്‍ക്കുന്നതിലാണ് പൂര്‍ണ്ണത. ഉള്ളത് തുറന്നു പറഞ്ഞു സോയം വീരചരമം പ്രാപിച്ചുകൊല്ലുവാന്‍ എന്റെ പ്രണയത്തിനു ഞാന്‍ അനുവാദം കൊടുത്തു.

ഫോണ്‍ എടുത്തു അവളെ വിളിച്ചു. ആമുഖത്തിന്റെ കൊട്ടിക്കലശങ്ങളില്ലാതെ..

"എടീ കൊച്ചെ.. നിന്നെ ഞാന്‍ കെട്ടട്ടെ..?"
"നോ..നോ..നോ..നോ....."

"അതെന്താ ? "
"അയ്യോ ഇങ്ങനെയൊന്നും ചോദിക്കല്ലേ .. നോ നോ "

"ഞാന്‍ സീരിയസ്സാണ് "
"നോ .. നോ.. ഇങ്ങനെയൊന്നും ചിന്തിക്കരുത്. ഞാന്‍ ബ്രദര്‍ ആയിട്ടാണ് കണ്ടത്..നോ നോ ....."

"ഞാന്‍ വീട്ടില്‍ പറയട്ടെ ..? "
"നോ.. നോ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.. "
ഇല്ല.. ഇനി രേക്ഷയില്ലാ..
അതൊരു ഉറച്ച മറുപടി ആണ്..
അവള്‍ തുടര്‍ന്നൂ.
"നമുക്കീ സംസാരം വിടാം.. വേറെ എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍.. ? അമ്മയെന്തിയെ.. അച്ചനെന്തിയെ...??"

കുറച്ചു നാളുകള്‍ക്കു കുറെ അസുഖങ്ങളുമായി തീരെ അവസനിലയില്‍ ആയിരുന്ന അച്ഛന്‍ അസുഖം പൂര്‍ണ്ണമായും മാറുന്നതിന് മുന്പേ വീണ്ടും വെള്ളമടിയുടെയും പുകവലിയുടെയും മായിക ലോകത്തിലേക്ക്‌ മടങ്ങി പോയിരുന്നു..

"അച്ഛന്‍ ചാടിപ്പോയി.." ഞാന്‍ പറഞ്ഞു.
"എന്താണാവോ ഈ അച്ചന്മാരൊക്കെ ഇങ്ങനെ തുടങ്ങുന്നത് ?? "
അവളുടെ സോരത്തില്‍ സങ്കടം കലര്‍ന്നിരുന്നു.. ആദ്യമായിട്ടാണ് നിന്റെ നൊമ്പരത്തിന്റെ സോരം ഞാന്‍ അറിയുന്നത്.. പ്രിയപ്പെട്ട പെണ്കുട്ടി, എനിക്ക് നിന്നോടുള്ള ഇഷ്ടം വീണ്ടും കൂടുന്നു.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ...?

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒന്നു രണ്ടു വട്ടം അവളെ വിളിക്കുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ആരും ഫോണെടുത്തതില്ല. എന്റെ വിളികള്‍ നിലക്കാത്ത പ്രകന്ബനങ്ങളോടെ ശൂന്യതയിലലിഞ്ഞമര്‍ന്നു. ചില മെസ്സേജുകള്‍ അയച്ചെങ്കിലും അവയും കിട്ടാക്കടങ്ങള്‍ പോലെ ആരോ എഴുതിത്തള്ളി.

എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെയാണ്..

എന്റെ നീലക്കുറിഞ്ഞി പൂക്കുകയില്ല..
ഒരു തിരശ്ശീല കൂടി വീഴുകയാണ്‌...
ഒരു അധ്യായം കൂടി തീരുകയാണ്...
ഒരു സ്വപ്നം കൂടി പോലിയുകയാണ്...
എവിടെയോ പെയ്ത മഴയില്‍ എന്റെ കടലാസ്സു തോണി നനഞ്ഞു തന്നെ കിടന്നിരുന്നു... ആരും നോക്കാനില്ലാതെ....

*****************