Saturday, August 22, 2009

വേദനകാന്തിയും സ്വര്‍ഗവാതില്പക്ഷിയും

ഉദ്യാനത്തില്‍് എല്ലായിനം ചെടികളും ഉണ്ടായിരുന്നു. അവയിലെല്ലാം പൂക്കളും. പുറത്തുനിന്നുള്ള ഒരാള്‍ക്കുപോലും ആ ഉദ്യാനത്തിനകത്തു പ്രവേശിക്കുവാനോ പൂക്കള്‍ പറിച്ചു കടന്നുകളയുവാനോ സാധിച്ചിരുന്നില്ല. പൂന്തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടി തിരിച്ചിരുന്നു. മാത്രവുമല്ല, ഉദ്യാനപലകനായ മല്ലന്‍ കയ്യിലൊരു വടിയുമായി സദാസമയവും കാവല്‍ നിന്നിരുന്നു.

മുള്ളുവേലിക്ക് ചുറ്റും നിന്നിരുന്ന പൂന്തോട്ടമരങ്ങള്‍ ആ പൂന്തോട്ടത്തിനു തണലേകി. പൂന്തോട്ടത്തിനു ഒത്ത നടുക്കായി ഒരു റോസചെടി നിന്നിരുന്നു. വെള്ളയും റോസും നിറമുള്ള പൂക്കള്‍ ആ ചെടിയില്‍ ഉണ്ടായിക്കൊണ്ടിരുന്നതിനാല്‍ ആ ചെടിയെ പലരും ഇഷ്ടപ്പെട്ടിരുന്നു. കാവല്‍ക്കാരനായ മല്ലന്റെ കണ്ണ് വെട്ടിച്ച് പൂ പറിക്കുക അസാധ്യമായിരുന്നു. ഒരു ദിവസം ഒരുവന്‍ മല്ലന്റെ അടുത്തെത്തി.

"ആ വെള്ളയും റോസും നിറമുള്ള പൂക്കള്‍ എനിക്ക് തരുമോ ? "
മല്ലന്‍ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു. ആ പാവം പയ്യന്‍ എങ്ങോട്ടോ ഓടിപ്പോയി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു . അവന്‍ വീണ്ടും വന്നു...
"ആ വെള്ളയും റോസും നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി എനിക്ക് തരുമോ ? "
മല്ലന്‍ അവനെ സൂക്ഷിച്ചു നോക്കി.
"എന്താണ് നിന്റെ പേര്? "
"വേദനകാന്തി..."
"വേദനകാന്തിയോ.. ഹ..ഹ.. " മല്ലന്‍ പൊട്ടിച്ചിരിച്ചു.

"ആട്ടെ നീ എവിടെ നിന്നും വരുന്നു ? "
ആ പയ്യന്‍ കണ്ണുകള്‍ മേലോട്ടുയര്‍ത്തി കാണിച്ചു.
"ഓ ദൈവപുത്രന്‍.. വിഡ്ഡീ" അയാള്‍ കളിയാക്കിച്ചിരിച്ചു.

"ഹേയ് വേദനകാന്തീ, ഈ ഉദ്യാനത്തില്‍ മനോഹരങ്ങളായ എത്രയോ പൂക്കളുണ്ട്‌. നല്ല സൌരഭ്യമുള്ളവ. അവയിലേതെന്കിലുമൊന്നു പോരെ നിനക്ക് ? "
"എനിക്ക് വേണ്ടത് ആ റോസാ പുഷ്പങ്ങള്‍ മാത്രമാണ്. അവയെനിക്ക് തരുമോ ഇല്ലയോ ? "
"എന്താണ് അവയോടിത്ര പ്രിയം? "
"പറയാം.. അതിന് മുന്പ് നിങ്ങളുടെ പേര് ? "
"മല്ലന്‍"
"ആ പൂക്കള്‍ എന്നെ സന്തോഷവാനാക്കുന്നു. അവയെന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..."
"പക്ഷെ അവയ്ക്ക് മുള്ളുകളുണ്ട്. കൂര്‍ത്ത മൂര്‍ത്ത മുള്ളുകള്‍ ". വേദനകാന്തിയെ പിന്തിരിപ്പിക്കാന്‍ മല്ലന്‍ വീണ്ടും ശ്രെമിച്ചു..

"ആ മുല്ലുകളെയും ഞാന്‍ സ്നേഹിക്കുന്നു...".
"പക്ഷേ ചങ്ങാതീ ആ പൂക്കള്‍ നിനക്കൊരിക്കലും കിട്ടില്ല".
"എന്തുകൊണ്ട്? "
"ആ പൂക്കള്‍ സ്വര്‍ഗവാതില്പക്ഷിക്കുള്ളതാണ്". മല്ലന്‍ പറഞ്ഞു.

"സ്വര്ഗ്ഗവാതില്‍ പക്ഷിയോ? "
"അതെ. വെള്ളക്കണ്ണുകളുള്ള വര്ണ്ണച്ചിറകളുള്ള സ്വര്‍ഗവാതില്പക്ഷി. ആ പക്ഷിക്ക് വേണ്ടിയാണ് ആ റോസ് ചെടി പുഷ്പിക്കുന്നത് തന്നെ".
"നീ ചുമ്മാ കള്ളം പറയുന്നു. എന്നെ പറ്റിക്കാന്‍ നോക്കണ്ട".
"നോക്കൂ.. ഞാനീ ഉദ്യാനത്തിന്റെ കാവല്‍ക്കാരന്‍ മാത്രമാണ്. ഞാനെന്തിനു നിന്നോട് കള്ളം പറയണം..? "
ആ പൂക്കളെയും മല്ലനെയും മാറി മാറി നോക്കിക്കൊണ്ടു വേദനകാന്തി അല്‍പനേരം നിന്നു. പിന്നെ നിര്‍ന്നിമേഷനായി അവന്‍ എങ്ങോ പോയി മറഞ്ഞു.

വേദനകാന്തി ദിവസവും വരും. വെള്ളയും റോസും നിറമുള്ള പൂക്കലുണ്ടാകുന്ന റോസ് ചെടിയെ നോക്കി കാറ്റാടി മരങ്ങളുടെ ചുവട്ടില്‍ ഇരിക്കും. ഏതായാലും ഇപ്പോള്‍ മല്ലനവനെ സ്രെദ്ധിക്കാറില്ല. ശല്യക്കാരനല്ലെന്നു തോന്നിയത് കൊണ്ടാകുമോ ആവോ?

ഒരു ദിവസം മല്ലന്റെ കണ്ണ് വെട്ടിച്ച് ഉദ്യാനതിനകത്തു നുഴഞ്ഞു കയറുവാന്‍ വേദനകാന്തി ശ്രെമിച്ചു. വേലിയിലെ മുള്ളുകള്‍ കൊണ്ടു അവന്റെ ശരീരം കീറി മുറിഞ്ഞു. തത്രപ്പെട്ടു അവന്‍ ആരാമത്തിനകത്തു പ്രവേശിച്ചു. ചോര പൊടിഞ്ഞ മുറിവുകളുടെ വേദന അവന്‍ അറിഞ്ഞില്ല. അവന്റെ മനസ്സു നിറയെ നിറമുള്ള റോസും നിറമില്ലാത്ത റോസും ആയിരുന്നു.

തനിക്ക് പ്രിയപ്പെട്ട ചെടിയുടെ അടുത്തേക്ക് വേദനകാന്തി മെല്ലെ നീങ്ങി. പെട്ടെന്ന് ചിറകടിയൊച്ചകേട്ട് അവന്‍ തലയുയര്‍ത്തി നോക്കി. ഉദ്യാനത്തിന് ചുറ്റും വട്ടമിട്ടു പറക്കുകയാണ് സ്വര്ഗവാതില്‍പക്ഷി.
സ്വര്ഗവാതില്‍പക്ഷി ആ റോസ് ചെടിയുടെ സമീപം വന്നിരുന്നു. ആ പക്ഷിയെ കണ്ടതും അതിലെ റോസാപ്പൂക്കള്‍ മെല്ലെ ചാഞ്ചാടി. പിന്നെ അവര്‍ തമ്മില്‍ എന്തെല്ലാമോ പറയുവാന്‍ ആരംഭിച്ചു. അകലെ നിന്നും ആ കാഴ്ച കണ്ട വേദനകാന്തിയെ ദേക്‍ഷ്യവും സങ്കടവുമെല്ലാം ഒരുപോലെ പിടികൂടി. ശരീരത്തിന്റെ നീറ്റല്‍ ഇപ്പോള്‍ അവന് അനുഭവപ്പെട്ടു തുടങ്ങി.

എനിക്കും സ്വര്ഗവാതില്‍ പക്ഷിയെ പോലെ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍...
അവന്‍ മോഹിച്ചു.

മനോഹരമായ ശബ്ദവും നെറ്റിയില്‍ കാര്‍മുകില്‍ നിറമുള്ള പൂവുകളുമുള്ള സ്വര്ഗവാതില്‍ പക്ഷിയോട് അവന് അസൂയയും എന്തെന്നില്ലാത്ത ദേക്‍ഷ്യവുമുണ്ടായി.

ആരാമാത്തിനകത്തു പ്രവേശിച്ച അതെ മാര്‍ഗത്തിലൂടെ വേദനകാന്തി പുറത്തിറങ്ങി. ദേഹം വീണ്ടും മുരിഞ്ഞെന്കില്‍ം അവന് അതൊരു പ്രശ്നമായിരുന്നില്ല. കാരണം മനസ്സിന്റെ നീറ്റല്‍ അതിലുമെത്രയോ വലുതായിരുന്നു.

അടുത്ത ഏതാനും ദിവസത്തേക്ക് അവന്‍ ഉദ്യാനത്തിനടുത്തേക്ക് വന്നില്ല. എന്നാല്‍ വരാതിരിക്കുവാന്‍ അവന് ആകുമായിരുന്നില്ല. വേദനകാന്തി വീണ്ടും വന്നു.

"എനിക്ക് പ്രിയപ്പെട്ട ആ റോസ് ചെടിയുടെ ഒരു പൂവെങ്കിലും എനിക്ക് തരുമോ ? " മല്ലനോട് അവന്‍ ചോദിച്ചു.

"വേദനകാന്തി നിന്നോട് പൂ പറിച്ചുകൊള്ളുവാന്‍ പറയാന്‍ എനിക്ക് അധികാരമില്ല. ദാ aഅങ്ങകലെ കാണുന്ന തടികൊണ്ടുണ്ടാക്കിയ ആ വീട്ടുകാരുടേതാണീ റോസ് ചെടി. ഞാന്‍ വേണമെന്കിലൊരു കാര്യം ചെയ്യാം. ഗേറ്റ് തുറന്നു തരാം. നീ ആ ചെടിയോടു തന്നെ ചോദിക്കൂ നിനക്കൊരു പൂ തരുമോ എന്ന് ".

മല്ലന്‍ ഗേറ്റ് തുറന്നു കൊടുത്തു.

അവന്‍ ആ റോസ് ചെടിയുടെ സമീപം വന്നു നിന്നു. "പ്രിയപ്പെട്ട വെളുത്ത റോസ്, എനിക്കൊരു റോസാ പുഷ്പം നീ തരുമോ ? "
മറുപടി ഉണ്ടായില്ല.
"എനിക്കൊരു പൂ മാത്രമെങ്കിലും നീ തരില്ലേ...?"
വേദനകാന്തി യാചിച്ചു.

ആ റോസ് ചെടി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"നിനക്കു തരുവാനായി എന്റെ കയ്യില്‍ പൂക്കളൊന്നുമില്ല. പിന്നെ അത്ര നിര്ബന്ധമാണെങ്കില്‍ എന്റെ ചുറ്റും കിടക്കുന്ന പൊഴിഞ്ഞ ഇതളുകളിലൊന്നോ രണ്ടോ നീയെടുത്തുകൊള്ളൂ.."

എന്തായിരിക്കും അവന്റെ മുഖഭാവം.
അത് വര്‍ണ്ണിക്കാന്‍ എനിക്കാവില്ല.

വേദനകാന്തി കുനിഞ്ഞു താഴെക്കിടന്ന മൂന്നു ദളങ്ങള്‍ പെറുക്കി എടുത്തു. റോസ് ചെടിയെ നോക്കി അവന്‍ പുഞ്ചിരിച്ചു.

അവന്‍ ആരാമതിനു പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ മല്ലന്‍ നിന്നിരുന്നു. മല്ലന് ആ ചെടിയോടു ആദ്യമായി വെറുപ്പ്‌ തോന്നി. വേദനകാന്തിക്ക് കരച്ചില്‍ വന്നു. അവന്റെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണ് നീര്‍ ചുണ്ടുകള്‍ക്ക് ഉപ്പ് രസം പകര്ന്നശേഷം കൈക്കുമ്പിളിലെ ദലങ്ങളില്‍ വന്നു വീണു.

ആ മൂന്നു ദലങ്ങളില്‍ ഒന്നു അവന്‍ മല്ലന് നേരെ വച്ചു നീട്ടി. കണ്ണുനീരുപ്പു കലര്‍ന്നൊരു പുഞ്ചിരി മല്ലന് നല്‍കിയിട്ട് വേദനകാന്തി മെല്ലെ നടന്നു നീങ്ങി.. ദൂരേക്ക്‌.. എങ്ങോട്ടെന്നില്ലാതെ...

(എഴുതിയത് കുറച്ചു കാലം മുന്‍പാണ്, 1999-ല്‍ )