Tuesday, February 8, 2011

പിശാച് കയറിയ തീവണ്ടി

പൊടുന്നനെ തന്നെ തനിച്ചാക്കി എന്തിനാണവര്‍  ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങിപ്പോയത്?.
അല്ലെങ്കില്‍ തീവണ്ടി ത്രിശ്ശൂരില്‍ നിര്‍ത്തിയപ്പോള്‍ ജെനറല്‍ കമ്പാര്ട്ട്മെന്റില്‍ മാറി കയറാമായിരുന്നു.

എന്തോ..ഭയത്തിന്റെ ചൂളം വിളികള്‍ ചെവിയില്‍ മുഴങ്ങുന്നതു പോലെ.
അകാരണമായ ഒരു ഭീതി ഉള്ളിലേക്ക് തിരമാലകള്‍ കണക്കെ അലയടിച്ചുയരുന്നു..

ശാന്തമായിരുന്ന മനസ്സിലേക്ക് അലോസരപ്പെടുത്തുന്ന എന്തോ ഒന്ന് ശരവേഗത്തില്‍ കടന്നു വന്നിരിക്കുന്നു.
അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിയായി ചുറ്റും ശൂന്യത.
മൊബൈലെടുത്ത് അമ്മയെ വിളിച്ചു സംസാരിച്ചപ്പോഴാണ് അല്പമെങ്കിലും ആശ്വാസം കിട്ടിയത്. എങ്കിലും എന്തോ പോലെ.

ഓടുന്ന തീവണ്ടിയുടെ ജനലുകളില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍, ഇരുട്ടില്‍ ചിലങ്കയണിഞ്ഞ പിശാചുക്കള്‍ നൃത്തം ചെയ്യുന്ന പോലെ..
ഇടക്കിടെ അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
പിറ്റേന്നു തന്നെ പെണ്ണ് കാണാന്‍‍  വരുന്നതിനെക്കുറിച്ചും തനിക്കിഷ്ട്ടപ്പെട്ട കറികള്‍ ഒരുക്കി അത്താഴം കഴിക്കാന്‍ തന്റെ വരവും കാത്ത് എല്ലാവരുമിരിക്കുന്നു എന്നുമൊക്കെ അമ്മ പറഞ്ഞിട്ടും ഒരു സമാധാനവും ഇല്ലാത്തപോലെ.


തീവണ്ടി വള്ളത്തോള്‍ നഗറില്‍ എത്തിയിരിക്കുന്നു.
മൊബൈലില്‍ സമയം നോക്കി. ഷൊര്‍ണ്ണൂര്‍ക്ക് ഏതാനും മിനുട്ടുകള്‍ കൂടിയേ ഉള്ളൂ.. സ്റ്റേഷനില്‍ തന്നെ കാത്ത് ഇപ്പോള്‍ വീട്ടില്‍ നിന്നാരെങ്കിലും എത്തിയിട്ടുണ്ടാകും.

ഒരിക്കല്‍ കൂടി അമ്മയെ വിളിക്കണമെന്ന് തോന്നി മൊബൈല്‍ കയ്യിലെടുത്തു. മൊബൈലിലെ റെയ്ഞ്ച് കാണിക്കുന്ന സിഗ്നലുകള്‍ പൊടുന്നനെ അപ്രത്യക്ഷമായി. മൊബൈല്‍ എടുത്ത് തിരികെ ബാഗില്‍ വെച്ചു.

വണ്ടി വീണ്ടും ഓടിത്തുടങ്ങിയിരുന്നു.
പെട്ടന്നായിരുന്നു അത്; ആരോ തന്റെ കമ്പാര്ട്ട്മെന്റിലേക്ക് ചാടിക്കയറുന്നു.
അതൊരു പുരുഷന്‍ ആണെന്നറിഞ്ഞതും വല്ലാതെ കിടുങ്ങി.
ഒരു ഒറ്റക്കയ്യന്‍...
അയാള്‍ തന്റെ നേറ്ക്കാണു.
പ്രജ്ഞയറ്റു പോകുന്നുവോ?
അമ്മേ..രക്ഷിക്കണേ..

ബാഗെടുത്ത് തന്നോട് ചേര്ത്ത് പിടിച്ച് ഒരു മൂലയിലേക്ക് പതുങ്ങി.
അയാള്‍ അടുത്ത് വന്ന്, ബാഗിനുവേണ്ടി ഒറ്റക്കൈ കൊണ്ട് ഒറ്റവലി. ബാഗിനു വേണ്ടിയുള്ള ആ മല്പ്പിടുത്തം കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ വരെയെത്തിച്ചു.
അലറിക്കരച്ചിലുകള്‍ വണ്ടിയുടെ ചൂളം വിളിയില്‍ മുങ്ങി.
ഇപ്പോഴയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.


എവിടെയെക്കെ ആണ് മര്‍ദ്ദനം ഏല്‍ക്കുന്നതെന്നോ പിടിച്ച് വലിക്കുന്നതെന്നോ അറിയാതെ ബാഗിനു വേണ്ടി ചെറുത്തു നില്‍ക്കുകയായിരുന്നു.
തന്റെ വസ്ത്രങ്ങള്‍ കീറിത്തുടങ്ങിയത് കണ്ടപ്പോള്‍ അയാള്‍ക്ക് ഉന്മാദം മൂത്തു.
പെട്ടന്നാണു അയാളുടെ ഒരു ഊക്കന്‍ ചവിട്ട് കിട്ടിയത്.
ബാഗിലെ പിടി വിട്ടു.
ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു.
കരിങ്കല്‍ ചീളുകളിലേക്ക് ദേഹമിടിച്ച് വീണു, എങ്ങോട്ടോ ഉരുണ്ട് ശരീരം നിശ്ചലമായി.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
അനങ്ങാന്‍ പറ്റുന്നില്ല.
അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു.
"അമ്മേ...." അലറിക്കരഞ്ഞു.
ഉറക്കെയുറക്കെ കരഞ്ഞു.
ഒടുവില്‍ ശബ്ദം നേര്‍ത്ത് വന്നു.
ശരീരമാകെ നുറുങ്ങുന്ന വേദന.

ആരൊ ഒരാളുടെ നിഴല്‍ അനങ്ങുന്നത് കണ്ടപ്പോള്‍ കഠിനവേദനക്കിടയിലും രക്ഷപെടുമെന്ന ഒരുപിടി പ്രതീക്ഷകള്‍ ഇരച്ചു കയറി.
"രക്ഷിക്കണേ..." ശബ്ദം അവ്യക്തമായ ഒരു ഞരക്കം മാത്രമായി.
മുന്നില്‍ വന്നു നിന്ന നിഴലിന്റെ മുഖം കണ്ട് വീണ്ടും ഞെട്ടി.
അതേ ഒറ്റക്കയ്യന്‍...

ദേഹമാസകലം വേദനകൊണ്ടു പുളഞ്ഞു.
കണ്ണുകള്‍ ഒരിറ്റ് ദയക്കുവേണ്ടി അയാളോട് യാചിച്ചു.
ശബ്ദം ഇടറി വീണു.
"പ്ലീസ്..എന്നെ രക്ഷിക്കണേ.."
കണ്ണുകള്‍ പിന്നെയും നിറഞ്ഞൊഴുകി.

അയാളുടെ കൈകള്‍ തനിക്ക് നേരെ നീണ്ടപ്പോള്‍ രക്ഷിക്കാനാണെന്ന് കരുതി. പക്ഷേ...
സര്‍വ്വശക്തിയുമെടുത്ത് ഒരിക്കല്‍ കൂടി അലറിക്കരഞ്ഞു.
അയാള്‍ ഒറ്റക്കൈ കൊണ്ട് തന്റെ മുടിക്ക് കുത്തിപ്പിടിച്ച്, വലിച്ചിഴച്ച്, പാളത്തിലടിപ്പിച്ചു; പല തവണ.

ഒരു ഞരക്കം പോലും ത്രാണിയറ്റ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.
ബോധത്തിന്റേയും അബോധാവസ്ഥയുടേയും ഇടയ്ക്കുള്ള നൂല്പ്പാലത്തിലൂടെ ജീവന്റെ കണ്ണുകള്‍ അപ്പോഴും അയാളെ ദയനീയമായി നോക്കി.
 
ചോരകൊണ്ട് തലയുടെ അടിഭാഗം മുഴുവന്‍ നനഞ്ഞിരിക്കുന്നു.
എങ്ങോട്ടൊ അയാള്‍ തന്നെ വലിച്ചിഴയ്ക്കുന്നു...
പിന്നെ, ശരീരത്തിലൂടെ ഒരായിരം വിഷപാമ്പുകള്‍ ഒരുമിച്ച് കയറിയിഴയുന്നതുപോലെ...
എല്ലുകള്‍ നുറുങ്ങുന്ന വേദനക്കിടയിലും അറപ്പ് തുപ്പലായി വായിലൂടെ പുറത്തോട്ടൊഴുകി.
കാമവെറി തീറ്ത്ത്, ചണ്ടിയുപേക്ഷിച്ച് അയാള്‍ പോയി.

അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു.
അമ്മേ..ഒരിറ്റ് ജീവന്‍ ബാക്കി തരണേ...ഒരാളോടെങ്കിലും അയാളെക്കുറിച്ച് പറയാന്‍ അല്പം കരുണ...ദൈവമേ..

ഒടുവില്‍ ആ പ്രാര്‍ഥന മാത്രം ആരോ കേട്ടു.
ആദ്യം അടുത്ത് വന്നവരോട് പറഞ്ഞു. "ഒരു ഒറ്റക്കയ്യന്‍..."
അച്ഛനെക്കുറിച്ചോറ്ത്തു.
"ചേച്ചീ.." അനിയന്റെ സ്വരമല്ലേ അത്?
ഇഷ്ടവിഭവങ്ങളൊരുക്കി തനിക്കായി കാത്തിരിക്കുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം അവസാനമായി മനസ്സില്‍ തെളിഞ്ഞു..
പിന്നെ, ബോധം മറഞ്ഞു...

***********************

ചിലങ്ക കെട്ടിയിരുന്ന പാദങ്ങള്‍ ചലിക്കാതായിരിക്കുന്നു.
ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്താണ്..
പുഴുവരിക്കാന്‍ ദേഹിയെ മണ്ണിനു വിട്ട് കൊടുത്ത് ആത്മാവിനെ സ്വതന്ത്രമാക്കി.
മരണക്കുറിപ്പെഴുതി പതിവുപോലെ മാധ്യമങ്ങള്‍ പലരെയും കരയിപ്പിച്ചു.
ഇത്തവണ കുറച്ചു പേര്‍ കൂടുതല്‍ കരഞ്ഞു കാണണം.

ഒരു മൃഗം പോലും ഇതുപോലൊന്ന് ചെയ്യില്ല എന്നറിയുമ്പോഴും, മുന്നില്‍ ചെന്ന് പെട്ട ഒരു ഇരയെപ്പോലും ഒരു സിംഹവും ഇത്ര ക്രൂരമായി പീഡിപ്പിക്കുകയില്ല  എന്നറിയുമ്പോഴും, ഒറ്റക്കയ്യാ ഞാന്‍ നിന്നോട് ക്ഷമിക്കുകയാണ്..നിന്റെ കൈകാലുകള്‍ വെട്ടി നീതി നടപ്പാക്കണം എന്ന് പറയാന്‍ ഏതെങ്കിലുമൊരു വിപ്ലവകാരി ഇവിടെ ഉണ്ടെങ്കില്‍ , അവന്റെ മുന്നില്‍ നീ ഒരിക്കലും ചെന്ന് പെടരുതെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.

ഞാന്‍ എല്ലാവരോടും ക്ഷമിക്കുകയാണ്...
യാത്ര ഏതാനും സമയം വൈകുമെന്നതിനാല്‍, ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി ഒരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന നല്ലവരായ എന്റെ സഹയാത്രികരോട്‌..
ഞാന്‍ രക്ഷപെടുന്നതിലും ഭേദം മരിക്കുകയാണ് എന്ന് പറഞ്ഞു സഹതപിച്ച എന്റെ പ്രിയപ്പെട്ടവരോട്..
ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി അന്ധരായ ഭരണാധികാരികളോട്..
പതിവ് പോലെ പരസ്പരം ചെളി വാരിയെറിഞ്ഞാഘോഷിക്കുന്ന നേതാക്കന്മാരോട്..
ഒരാഴ്ചത്തെ ആയുസ്സ് പോലുമില്ലാത്ത പ്രസ്താവനകള്‍ ഇറക്കി ജീവിക്കുന്ന ബുദ്ധിജീവികളോട്..
മരണത്തിന്റെ ഒന്നാം പിറന്നാളിന് പ്രസിദ്ധീകരിക്കാന്‍ ഇന്നേ ഓര്‍മ്മക്കുറിപ്പ്‌ എഴുതി അലമാരയില്‍ സൂക്ഷിക്കുന്ന മിടുക്കന്മാരോട്..
എല്ലാവരോടും ഞാന്‍ ക്ഷമിക്കുകയാണ്..
സര്‍വ്വം സഹയാണല്ലോ സ്ത്രീ..

എല്ലാം എന്റെ വിധി ആണ്; എന്റെ കുടുംബത്തിന്റെയും.
എങ്കിലും ഞാനൊരിടത്തും പോകാതെ ഇവിടെ തന്നെ ഉണ്ടാകും..
വള്ളത്തോള്‍ നഗറിനും ഷൊര്‍ണൂരിനുമിടയിലുള്ള റയില്‍ പാളങ്ങളില്‍ കണ്ണീര്‍ വാര്‍ത്ത്...
എന്റ മുടിയിഴകളില്‍ പൂണ്ട രക്തത്തിന്റെ മണവുമായെതുന്ന ഇവിടത്തെ കാറ്റില്‍ ഞാനുണ്ടാകും..
പക്ഷെ നരാധമാ, ഇനി എന്നെ ഒന്നും ചെയ്യാന്‍ നിനക്കാകില്ല..
വായില്‍ ദംഷ്ടകളുമായി പുതിയ ഇരകള്‍ക്കായി നീ കാത്തിരുന്നു കൊള്ളുക..
എന്റെ ഊഴം കഴിഞ്ഞു..
ഇനി അടുത്തത്...?
നിന്റെ സഹോദരിയുടെതാകാം..എന്റെയും...

ചെകുത്താനേ നിനക്കാശംസകള്‍..!!

Friday, February 4, 2011

എന്നെ നൊമ്പരപ്പെടുത്തിയ "പൂച്ചരാജ്യം"

പ്രിയപ്പെട്ടവരേ,
"പൂച്ചരാജ്യം" എന്ന കഥ കൃത്യം ഒരു വര്ഷം മുന്‍പ് ബ്ലോഗില്‍ പബ്ലീഷ് ചെയ്തപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇങ്ങനൊരാള്‍ എവിടേലും ജീവിച്ചിരിപ്പുണ്ടാകും എന്ന്.
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത വായിച്ചത് മുതല്‍ ഞാന്‍ എഴുതിയ കഥ എന്നെ വേദനിപ്പിക്കുന്നു...
ഈ കഥ ഞാന്‍ പബ്ലീഷ് ചെയ്തത് 2010 ഫെബ്രുവരി 2 -നാണ്. മാതൃഭൂമിയില്‍ ഈ വാര്‍ത്ത വന്നത് 2011 ഫെബ്രുവരി 4 -നും. എല്ലാം വെറും യാദൃശ്ചികതയാകാം...അല്ലേലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു യാദൃശ്ചികത അല്ലേ ?

പൂച്ചരാജ്യം എന്ന കഥയിലേക്കുള്ള ലിങ്ക് ദാ ഇവിടെ കൊടുക്കുന്നു..
ഇതൊന്നു വായിക്കൂ.. എന്നിട്ട് മാതൃഭൂമിയിലെ ഈ വാര്‍ത്തയും..."സ്നേഹനൊമ്പരത്തിന്റെ തെരുവോര കാഴ്ചയായി ബേഠിയും പൂച്ചകളും"


വലുതായി കാണാന്‍ ദയവായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..