Wednesday, June 30, 2010

ഒരു വാലന്റീന്സ് ഡേയും കുറെ റോസാപ്പൂക്കളും

ലോകത്തില്‍ ഏറ്റവും അധികം വണ്‍വേ പ്രണയങ്ങള്‍ ഉള്ളത് ആര്‍ക്കായിരിക്കും ?
വെറുതെയിരുന്ന് ഈച്ച പിടിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ്. ഒരു പക്ഷെ ആ ഭാഗ്യവാന്‍ ഇനി ഞാനായിരിക്കുമോ? ആയിരിക്കുവാന്‍ പല സാധ്യതകലുമുണ്ട്.

സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുവാന്‍ തന്നെ എനിക്ക് ഭയമാണ്. എന്തെങ്കിലുമൊന്നു കിട്ടുവാന്‍ നോക്കിയിരിക്കുകയാണിവിടുത്തെ പത്രക്കാരും ചാനലുകാരും. ഇതെങ്ങാനും അവന്മാരറിഞ്ഞാല്‍ ഉടന്‍ പാഞ്ഞെത്തും. പിന്നെ ചോദ്യങ്ങളായി, ഉത്തരങ്ങളായി, ആരാധകരായി, ഓട്ടോഗ്രാഫുകളായി എന്ന് വേണ്ട മഹാ തൊല്ലയാണ്. ബുദ്ധിജീവികള്‍ നാളെ പി. എസ്.സി പരീക്ഷയില്‍ ഇതൊരു ചോദ്യമാക്കിയെന്നു വരാം.
"ലോകത്തില്‍ ഏറ്റവും അധികം വണ്‍വേ പ്രണയങ്ങളുള്ള മലയാളി? "
എന്തിനീ വക പൊല്ലാപ്പുകള്‍. സത്യത്തില്‍ പ്രശസ്തി ഞാനാഗ്രഹിക്കുന്നില്ല.

എന്നാണു ആദ്യമായി പ്രണയിക്കുന്നത്‌ എന്ന് കൃത്യമായെനിക്കോര്‍മ്മയില്ല. ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്ന ആദ്യത്തെ പ്രണയത്തെക്കുറിച്ച്; അന്നെനിക്ക് പ്രായം വെറും രണ്ടര വയസ്സ്. കുസൃതി കാട്ടി ഓടി നടന്ന് തലയിടിച്ച് പൊത്തോന്നു താഴെ വീണ് കരഞ്ഞു ബഹളമുണ്ടാക്കി നടക്കുന്ന പ്രായം. (ഞാന്‍ അന്ന് തൊട്ടേ ഒരു വില്ലനാണെന്ന് നാട്ടുകാര്‍ ഇപ്പോഴും പറയാറുണ്ട്‌. അവരുടെ ഒരു ഓര്‍മ്മ ശക്തിയേ !! ) അന്ന് അമ്മയുടെ ഒക്കത്തിരുന്നു പനച്ചിക്കാട്ട് അമ്പലത്തില്‍ തൊഴാന്‍ പോയപ്പോള്‍ ബസില്‍ ഞങ്ങളുടെ പുറകിലെ സീറ്റിലിരുന്നു കിന്നരിപ്പല്ലുകള്‍ കൊണ്ട് എന്നെ ചിരിച്ചു കാണിച്ചു ഒരു രണ്ടു വയസ്സുകാരി. ആ ഇഷ്ടം, എന്റെ നീണ്ട ഏകാന്ത പ്രണയങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഇന്നും പനച്ചിക്കാട്ട് പോകുമ്പോള്‍ , വര്‍ഷമേറെ കഴിഞ്ഞിട്ടും അറിയാതെ മനസ്സ് അവള്‍ക്കായി തിരയും...

എന്റെ മനസ്സ് എത്ര വിശാലവും പ്രണയാതുരവുമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. കാരണം എത്ര പെട്ടന്നാണ് പ്രണയത്തിന്റെ ഒരു കൂട് വിട്ടു മറ്റൊരു കൂട്ടിലേക്ക് ചേക്കാറാന്‍ എനിക്ക് സാധിക്കുന്നത്. അതുപോലെ ഒരേ സമയം ഒരുപാട് പേരെ തുല്യ അളവില്‍ പ്രണയിക്കുവാന്‍ കഴിയുന്നതും മഹത്തായ ഒരു കാര്യമായി ഞാന്‍ കരുതുന്നു. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനാവാതെ വരുമ്പോള്‍ പോയി തൂങ്ങിച്ചാകുന്ന മരമണ്ടന്മാരായ കാമുകന്മാരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ.. ആത്മഹത്യ ഒരു പഴയ ഫാഷന്‍ ആണെന്നവര്‍ മനസ്സിലാക്കുന്നില്ല. 'പരമ്പര' വിഡ്ഢികള്‍. നഷ്ടപ്പെട്ടതിലുമെത്റയൊ വലുതാണ്‌ വരാനിരിക്കുന്ന സൌഭാഗ്യങ്ങള്‍ എന്നവര്‍ അറിയുന്നില്ല.

എന്തോക്കെ പറഞ്ഞാലും ഒരു ടൂവേ പ്രണയം പോലും ഇല്ലാതിരുന്നതില്‍ എനിക്കല്പ സ്വല്പം നിരാശ ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്. ആ നിരാശ മാറ്റിയെടുക്കുവാന്‍ പഠിക്കാത്ത പണി പത്തൊന്‍പതും പയറ്റി നോക്കിയെങ്കിലും നടന്നില്ല. പാവം ഞാന്‍.

'How to make anyone fall in love with you' എന്ന പുസ്തകവും പെണ്‍കുട്ടികളുടെ മനസ്സിലിരുപ്പറിയുവാനുള്ള 'Men are from Mars, Women are from Venus' എന്ന പുസ്തകവും അരച്ച് കലക്കി പഞ്ചാര ചേര്‍ത്ത് കുടിച്ചെങ്കിലും ഫലം തഥൈവ. ശങ്കരന്‍ എഗൈന്‍ ഓണ്‍ അടുത്ത പറമ്പിലെ കോക്കനട്ട് ട്രീ. പണ്ട് പാലാ ഗവ. പോളിടെക്നിക്കില്‍ തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ അനുഭവത്തിന്റെ 100W വെളിച്ചത്തില്‍ നിന്ന് എഴുതിയ ചരിത്ര പ്രസിദ്ധമായ ഒരു ആപ്തവാക്യത്തിന്റെ കാര്യം ഓര്‍മ്മ വരികയാണ്.
"പ്രണയം ദുഖമാണുണ്ണീ, വണ്‍വേയല്ലോ സുഖപ്രദം"

സത്യം പറയുന്നവന് ജീവിതത്തില്‍ നില നില്പ്പില്ല എന്ന് തെളിയിച്ച ഒരു മഹാസംഭവവും ഇതിനിടയിലുണ്ടായി.
ഒരു പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ HR ഇന്റര്‍വ്യൂ ആണ് സന്ദര്‍ഭം. അഥിതി താരമായെത്തിയിരിക്കുന്നത് ഈയുള്ളവനാണ്. ഗപ്പിനും ലിപ്സ്റ്റിക്കിനും ഇടയിലുള്ള ഏതാനും ചില ചോദ്യങ്ങള്‍ മാത്രം. ഉത്തരം പറഞ്ഞാല്‍ ഞാനൊരു അഞ്ചക്കശംബളമുള്ള മഹാനായി തീരും.

സുന്ദരിയായ HR മാനേജര്‍ ചോദ്യം തുടങ്ങി.
"പറയൂ, എന്തൊക്കെയാണ് നിങ്ങളുടെ വീക്നെസ്? അതായതു നെഗറ്റീവ് പോയിന്റ്സ്? "
അധികമൊന്നും ആലോചിക്കാന്‍ മിനക്കെടാതെ ഞാന്‍ ഉള്ള സത്യം തുറന്നു പറഞ്ഞു.
"Inability to convert oneway love in to two way affairs"
പൊടുന്നനെ ഇന്‍റര്‍വ്യൂവറുടെ മുഖമിരുളുകയും എന്നെ നോക്കി 'യു കാന്‍ ലീവ് ഫോര്‍ ദി ഡേ' എന്ന് പറയുകയും ചെയ്തു. സത്യം പറഞ്ഞതിനുള്ള ശിക്ഷ നോക്കണേ. ചുമ്മാതല്ല ഈ നാട് നന്നാകാത്തെ. അന്ന് HR മാനേജരെ നോക്കി ഇളിച്ചു കാണിച്ച ശേഷം ആ പടി ഇറങ്ങിപ്പോന്നതില്‍ പിന്നെ എന്റെ പൂച്ച പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

പക്ഷെ ഇത് കൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. തോല്‍വി എന്നൊരു വാക്ക് എന്റെയും നെപ്പോളിയന്റേയും നിഖണ്ഡുവിലില്ലല്ലോ. സ്വന്തമായുള്ള ഏക 'English-Malayalam' നിഖണ്ഡുവില്‍ നിന്നും തോല്‍വിയുടെ ആ പേജ് പണ്ടേ ഞാന്‍ കീറി കളഞ്ഞിട്ടുള്ളതാണ്.

അങ്ങനെയിരിക്കയാണ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'എങ്ങനെ പ്രണയിക്കാം' എന്ന ശില്പശാലയില്‍ പങ്കെടുക്കുവാനുള്ള മഹാഭാഗ്യം എനിക്ക് സിദ്ധിച്ചത്‌. അടുത്ത വാലന്റീന്സ് ഡേയ്ക്ക് മുന്പായി എന്‍റെ ആഗ്രഹം സഫലമാകുമെന്നും എന്‍റെ പ്രണയത്തിന്റെ വരിക്കപ്ലാവില്‍ ചക്ക കായ്ക്കുമെന്നും അത് പഴുക്കുമെന്നും ഒരു മഹായോഗി എന്നെ ആശീര്‍വദിച്ചു.

ശില്പശാലയില്‍ പങ്കെടുത്തു തിരികെ വീട്ടിലെത്തിയ എന്നെ വരവേറ്റത് തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കാന്‍ വന്ന ഒരു സുന്ദരി മങ്ക ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അവളുടെ കടമിഴികള്‍ കൊണ്ടുള്ള നോട്ടങ്ങള്‍ ആലിപ്പഴം കണക്കെ എന്‍റെ ഹൃദയത്തില്‍ വീണലിഞ്ഞു ചേര്‍ന്നു. അവളെ കാണുമ്പോള്‍ എന്‍റെ കണ്ണുകള്‍ വലുതാകുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി, സംഗതിയാകെ നഷ്ടപ്പെട്ടു ഹൈപിച്ചിലാവുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ അവളുടെ കൂട്ടുകാരികളുടെ പിന്തുണയില്ലാതെ മുന്നേറാന്‍ എനിക്ക് സാധിക്കുകയില്ല എന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. തുടര്‍ന്ന് അവളുടെ കൂട്ടുകാരികളെ പരിചയപ്പെട്ടു ചെറുതായി മിണ്ടിതുടങ്ങിയെങ്കിലും അവളെ കാണുമ്പോള്‍ ചക്റവ്യൂഹത്തിലകപ്പെട്ട പൂവന്കോഴിയെപ്പോലെ ആകാനായിരുന്നു എന്‍റെ വിധി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വാലന്റീന്സ് ദിനം എത്തിച്ചേര്‍ന്നത്.

എന്‍റെ വിശുദ്ധമായ പ്രണയം ഒരു റോസാപുഷ്പത്തിലൂടെ അവളെ അറിയിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷെ ഒരു സംശയം. ഏത് നിറത്തിലുള്ള പൂവിനോടാണ് അവള്‍ക്കു കൂടുതലിഷ്ടം...? പച്ച, മഞ്ഞ, ചുമല...ഏത് നിറം?

എന്തായാലും അതിരാവിലെ എഴുന്നേറ്റു ചന്തയ്ക്ക് പോയി പല നിറത്തിലുള്ള കുറെ റോസാപ്പൂക്കള്‍ വാങ്ങിച്ചു. വെള്ള, ഇളം ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, റോസ്, മജന്ത അങ്ങനെ പലജാതി റോസപ്പൂക്കള്‍. പച്ച മാത്രം കിട്ടിയില്ല. പച്ച നിറത്തിലുള്ള ഒരു പൂവും ലോകത്തിലില്ലാത്രേ. ഹോ എന്തൊരു ലോകമാണിത് ? പച്ച നിറത്തിലുള്ള പൂ കൊണ്ട് വാ, ഞാന്‍ നിന്നെ പ്രേമിക്കാം എന്ന് ഏതെങ്കിലുമൊരു പെങ്കൊച്ചു പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്തേനെ? തെണ്ടി പോയേനെ.. കല്യാണസൌഗന്തികത്തിന് ഏതു നിറമാണോ ആവോ?

എല്ലാ റോസും ഒരുമിച്ചു ചേര്‍ത്ത് കൈക്കുമ്പിളില്‍ വച്ച് അവള്‍ക്കായി ഞാന്‍ കാത്തിരുന്നു..
അവളെ മാത്രം എങ്ങും കണ്ടില്ല.
നീട്ടിപ്പിടിച്ച കൈകളിലെ റോസാപ്പൂക്കളുമായി ഞാന്‍ മാറത്തഹള്ളിയിലൂടെ അവളെ തേടി അലഞ്ഞു നടന്നു...
കണ്ടവരാരുമില്ല. പിന്നെ അവള്‍ എവിടെ പോയി?
ഞാനാകെ നിരാശനായി.
പൊടുന്നനെ , അതാ അവള്‍.. അവള്‍ നടന്നു വരുന്നത് എന്‍റെ നേര്‍ക്കാണ്...എന്‍റെ നേര്‍ക്ക്‌ തന്നെ...
ഹൃദയം ത്രസിച്ചു.
അവള്‍ അരികിലെത്തി...
പ്രണയാതുരമായ ഒരു ചെറു പുഞ്ചിരിയോടെ എന്‍റെ കണ്ണുകളിലേക്കു നോക്കി അവള്‍ റോസാപൂവിനായി കൈ നീട്ടി. ഒരു നിമിഷം എല്ലാ പൂക്കളിലുമൊന്ന് കണ്ണോടിച്ച് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുത്തപ്പോള്‍ അവളുടെ കൈ വിരലുകള്‍ അറിയാതെ എന്‍റെ കൈകളെ സ്പര്‍ശിച്ചു...
ഹൃദയം കോരിത്തരിച്ച നിമിഷം.
അവളുടെ മുഖത്തെ മന്ദഹാസം വശ്യമായ ഒരു ചിരിയായി മാറി.

ഞാന്‍ ആനന്ദസാഗരത്തിലാറാടി അവളെയും നോക്കി നില്‍ക്കെ, അവള്‍ പേഴ്സ് തുറന്നു ഒരഞ്ചു രൂപാ തുട്ടെടുത്തു എന്‍റെ കയ്യില്‍ വെച്ച് നടന്നകന്നു...
അല്‍പമകലെ മാറ്റി നിര്‍ത്തിയിരുന്ന ഒരു ബൈക്കില്‍ കയറി, എന്നെ കൊഞ്ഞനം കുത്തി, ഏതോ ഒരു തെണ്ടിയോടൊപ്പം അവള്‍ പോകവേ, ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ പിച്ചള ലിപികളില്‍ ഒരു ആപ്തവാക്യം കൂടി ഞാന്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു..
"ബൈക്കും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി.."