Wednesday, September 22, 2010

ജാതകപ്പാറ

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ഒരു സംഭവ കഥയാണ്...
ത്രിശ്ശിവപേരൂര് നിന്നും ഒരു സര്‍ക്കാര്‍ വക സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി കുലുങ്ങി കുലുങ്ങി പാലക്കാട്ടേക്ക് യാത്ര ചെയ്യുമ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം ഞാന്‍ തിരിച്ചറിയുന്നത്‌. പാവപ്പെട്ടവനായ ഏതോ ഒരു പെരുങ്കള്ളന്‍ എന്റെ 'വിലപ്പെട്ട' മൊബൈല്‍ അടിച്ചു മാറ്റിയിരിക്കുന്നു...

എന്റെ ഒരുപാട് ആരാധികമാരുടെ പേരും ഫോണ്‍ നമ്പരും സേവ് ചെയ്യുക വഴി വളരെ പവിത്രമായ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌. മൊബൈല്‍ കണക്ഷന്‍ പോസ്റ്റ് പെയ്ഡ് ആയിരുന്നതിനാലും അതിലുപരി, മോഷ്ട്ടിച്ച മഹാന്‍ അതില്‍ നിന്നും നല്ലവരായ എന്റെ ആരാധികമാര്‍ക്ക് വേണ്ടാധീനം വല്ലതും SMS ആയി അയച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ കുറിച്ച് ത്രികാലബോധം വന്നതിനാലും മൊബൈല്‍ സേവന ദാതാവിന്റെ അടുത്ത് ചെന്ന് സങ്കടമറിയിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ ബസ് പാലക്കാട് എത്തിയ ഉടനെ, സര്‍വീസ് പ്രൊവൈഡറുടെ അടുത്ത് ചെന്ന എന്നെ സുന്ദരിയായ ഒരു മലയാള മങ്ക സ്വാഗതം ചെയ്തു.

"സാര്‍, എന്ത് സഹായമാണ് താങ്കള്‍ക്ക് ചെയ്തു തരേണ്ടത്‌?"
വളരെ ഭാവ്യതയോടെയുള്ള സ്വരം. ഞാനൊരു കഥാകാരനാണെന്ന് അവള്‍ക്ക് മനസ്സിലായി കാണും.
ആദ്യനോട്ടത്തില്‍ തന്നെ എനിക്ക് അവളോട്‌ എന്തോ ഒരു ഇത്..
എല്ലാം മറന്ന് ഒരു നിമിഷം ഞാന്‍ അവളെ ഉറ്റുനോക്കി.

നെറ്റിയില്‍ ചന്ദനക്കുറി.
കരിമഷിയെഴുതിയ കറുത്ത കണ്ണുകള്‍.
സെറ്റ് തുണിയില്‍ തൈപ്പിച്ച ചുരിദാര്‍ അംഗവസ്ത്രം.
കാലില്‍ വെള്ളി പാദസ്വരം.
ഒറ്റനോട്ടത്തില്‍ കുടുംബത്തില്‍ പിറന്ന ഒരു കുട്ടി.

"സാര്‍....."
അവളുടെ ഉറക്കെയുള്ള വിളിയെന്നെ മോഹനഗാന്ധര്‍വ്വ ലോകത്ത് നിന്നും വിളിച്ചുണര്‍ത്തി. മൊബൈല്‍ നഷ്ടപ്പെട്ട വിവരം ഞാന്‍ അവളോട്‌ പറഞ്ഞു.
എന്റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്ത് അവള്‍ പറഞ്ഞു.
"താങ്കള്‍, അല്‍പസമയം ഇരിക്കൂ.. ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം.."
ഞാന്‍ ഇരുന്നു.
അവളെ നോക്കി ഇരുന്നു...

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ആകാശത്തേക്ക് വിട്ട ഒരു മിസ്സൈല്‍, അതിന്റെ ഇരട്ടി വേഗത്തില്‍ താഴേക്കു തിരിച്ച് വന്നത് പോലെ അവളെന്റെ ഹൃദയത്തിലേക്ക് ഒരു മൂളിപ്പാട്ടോട് കൂടി ഇടിച്ചിറങ്ങി.

എന്റെ മൊബൈല്‍ കള്ളാ നിനക്ക് നന്ദി..
ഇവളെ കണ്ടു മുട്ടാനുള്ള ഒരു നിമിത്തം മാത്രമായിരുന്നു നീയെന്ന കള്ളന്‍.
ദൈവത്തിന് വീണ്ടും സ്തുതി.
ഓം മൊബൈലായ നമഹ!
ഇവളെ കെട്ടാന്‍ പറ്റിയാല്‍ വീടിന്റെ വാതില്‍ക്കല്‍ 'മൊബൈല്‍ ഈ വീടിന്റെ ഐശ്വര്യം' എന്നെഴുതി വെക്കുവാനും ഞാന്‍ തീരുമാനിച്ചു.

ഏതോ ഒരു ബസ് സ്റ്റോപ്പില്‍ എന്നോ കണ്ടു മറന്ന രണ്ടപരിചിതര്‍ തമ്മിലുള്ള ഗാഢമായ അടുപ്പം പോലെ ഒരു പൂര്‍വ്വ ജന്മബന്ധം ഞങ്ങള്‍ തമ്മിലുള്ളതായി തോന്നി. അന്ന് വണ്ടിക്കൂലിക്ക് കാശില്ലാതെ നിന്നപ്പോള്‍ ഒരമ്പതു പൈസക്ക് ഞാന്‍ അവളുടെ മുന്നില്‍ കൈ നീട്ടിയിട്ടുണ്ടാകണം. നല്ലവളായ അവള്‍ ഒരു രൂപ തന്നെന്നെ സഹായിച്ചിട്ടുണ്ടാകണം. (മുജ്ജന്മമല്ലേ , അന്ന് മിനിമം ബസ് ചാര്‍ജ് അമ്പതു പൈസയേ ഉണ്ടായിരുന്നുള്ളൂ . )

"സാര്‍ , ഞങ്ങള്‍ക്ക് ഇതിവിടെ ഒന്നും ചെയ്യാനാവില്ല. ടൌണില്‍ ഞങ്ങള്‍ക്ക് മറ്റൊരു ഓഫീസ് ഉണ്ട്. അവിടെ മാത്രമേ സിം ബ്ലോക്ക് ചെയ്യാനുള്ള വഴിയുള്ളൂ.."

ആ മെലിഞ്ഞ സുന്ദരിയുടെ വാക്കുകള്‍ കൂടം കൊണ്ടുള്ള അടിപോലെ എന്നിലേക്ക്‌ കയറി. ഇനി ഇവിടെ നില്‍ക്കണ്ട, സ്ഥലം കാലിയാക്കിക്കൊള്ളൂ എന്നാണ് അവള്‍ പറയുന്നതിന്റെ അര്‍ത്ഥം. അവളോട് എനിക്ക് കുറച്ചു നേരം കൂടി എന്തെങ്കിലും മിണ്ടണം എന്നുണ്ടായിരുന്നു. അതിനാല്‍ അതുമിതുമൊക്കെ ചുമ്മാ ചോദിച്ച് കുറെ നേരം കൂടി ഞാന്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

"കുട്ടിയുടെ പേരെന്താ..?"
"രശ്മി" ഒന്ന് സംശയിച്ച് അവള്‍ പറഞ്ഞു.
"വീട് എവിടാ ? "
"ഇവിടെ അടുത്താ.."

അവസാനം പറഞ്ഞത് നുണയാണ് എന്നെനിക്കു മനസ്സിലായി. നുണ പറച്ചിലില്‍ ബിരുദാനന്തരമെടുത്ത എന്നോടാ കളി. വേല മനസ്സിലിരിക്കാത്തേ ഉള്ളൂ. എങ്കിലും പിന്നീടവിടൊന്നും ചെയ്യാനില്ലാത്തതിനാല്‍, അവളുടെ ഉണ്ടക്കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി എത്തി നോക്കിയ ശേഷം, മനസ്സില്ലാ മനസ്സോടെ ഞാന്‍ ഇറങ്ങി നടന്നു. ടൌണിലെ ഓഫീസില്‍ പോയി സിം ബ്ലോക്ക് ചെയ്യാന്‍ എഴുതിക്കൊടുത്ത ശേഷം ഞാന്‍ ചിറ്റൂരുള്ള ഏട്ടന്റെയും ഏട്ടത്തിയുടെയും വീട്ടിലേക്കു പോയി.

ചെന്നപാടെ ഏട്ടനോടും എട്ടത്തിയോടും സംഗതികളുടെ കിടപ്പ്, കാര്യ ഗൌരവത്തോടു കൂടി വള്ളി, പുള്ളി, കുത്ത്, കോമാ, ബ്രാക്കറ്റ് വിത്യാസമില്ലാതെ പറഞ്ഞു കേള്‍പ്പിച്ചു. പണ്ടെങ്ങാണ്ട് ഏട്ടത്തിയെ പ്രേമിച്ചു കെട്ടിയതില്‍ പിന്നെ ഏട്ടനീ വക കാര്യങ്ങളിലൊന്നും തീരെ താല്പര്യമില്ല. ഏട്ടത്തി പിന്നെ അത്രയ്ക്ക് പ്രശ്നമില്ല; എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരുന്നു കൊള്ളും.

ഞാനിങ്ങനെ ഏതെങ്കിലുമൊക്കെ പെണ്‍കുട്ട്യോളുടെ പുറകെ പോകുന്നതും, പ്രേമിക്കുന്നതും, പിന്നെ സങ്കടം മൂത്ത് കഥയെഴുതുന്നതും ഒക്കെ എട്ടത്തിക്ക് വല്യ കാര്യമാണ്. ഞാനൊരു വലിയ എഴുത്തുകാരനായി കാണണമെന്ന് അവരാഗ്രഹിക്കുന്നു; പാവം എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചോട്ടേ..

"എട്ടത്തീ .. അവള്‍ നമ്മുടെ ജാതി ആയിരിക്കുമോ? "
"എന്താ കല്യാണമാലോചിക്കാനാ..?"
"അതേ.."
"കേട്ടത് വെച്ച് നോക്കുമ്പം അവള്‍ നമ്മുടെ ജാതി തന്നെ ആയിരിക്കും.."
"ഉറപ്പാണോ? "
"അതേ എനിക്കുറപ്പാ..."
ഏട്ടത്തിയുടെ രക്തം പണ്ടേ ബി പോസിറ്റീവ് ആണ്.
"ഇനി അല്ലേലോ..?"
"വളയ്ക്കണം.." ഏട്ടത്തി പ്രോത്സാഹിപ്പിച്ചു.

ഞാന്‍ പലവിധ ആലോചനകളില്‍ മുഴുകി. അവസാനം മൂന്നും കല്‍പ്പിച്ചു ഒരു തീരുമാനം അങ്ങെടുത്തു.
"ഇനി അവളുടെ പുറകെ പോയി, അവളെ വളച്ചിട്ടു മാത്രമേ ഞാന്‍ ഈ ചിറ്റൂര്‍ നഗരം വിടൂ.."
അത് കേട്ട് ഏട്ടത്തി ഞെട്ടി..
ഏട്ടന് പനി പിടിച്ചു..

കാര്യം സ്നേഹമൊക്കെ ആണെങ്കിലും എന്നെ കൂടുതല്‍ ദിവസം അവിടെ നിര്‍ത്തുന്നത് സുനാമിക്ക് പാല് കൊടുക്കുന്നത് പോലെയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഞാന്‍ വല്ലപ്പോഴും അവിടെ ചെല്ലുന്ന ദിവസങ്ങളില്‍ ഏട്ടന്‍ പഴയ പത്രങ്ങളൊക്കെ തപ്പി എടുത്ത് അതില്‍ നിന്നും ഉരുള്‍ പൊട്ടലിന്റെയും ഭൂകമ്പത്തിന്റേയും ഒക്കെ വാര്‍ത്ത ഉറക്കെ വായിച്ച് കേള്‍പ്പിച്ചിരുന്നതിന്റെ അര്‍ത്ഥം വളരെ താമസിച്ചാണ് എനിക്ക് മനസ്സിലാക്കാനായത്. അത് പോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം.

പിറ്റേ ദിവസം ഒരു ശനിയാഴ്ച ആയിരുന്നു. കാച്ചിക്കുറുക്കിയ ചില വന്‍ പദ്ധതികളുമായി അന്നുച്ചകഴിഞ്ഞ് മൂന്നു മണിയോട് കൂടി, പാലക്കാട് സ്വകാര്യ ബസ് സ്റ്റാന്‍ഡിനു അടുത്തുള്ള മൊബൈല്‍ സര്‍വ്വീസ് പ്രോവൈഡറുടെ ഓഫീസിനു സമീപം എത്തി, വഴിയരുകില്‍ ഞാന്‍ അവള്‍ക്കായി കാത്തു നിന്നു. രശ്മി ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നത് അകലെ നിന്നും എനിക്ക് കാണാമായിരുന്നു. ജോലി കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍, പിന്തുടര്‍ന്ന് ചെന്ന് അവളുടെ വീട് കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ അജണ്ട.

മൂന്നര മണിക്കൂര്‍ നേരത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ആറര മണിയോട് കൂടി , രശ്മി ഓഫീസില്‍ നിന്നിറങ്ങി. പണ്ടെങ്ങോ വായിച്ച ഷെര്‍ലക് ഹോംസ് കഥകളുടെ ഒരു ഏകദേശ രൂപം വെച്ച് , ആരുമറിയാതെ ഞാനവളെ പിന്തുടര്‍ന്നു. സ്റ്റാന്ഡിലെത്തിയ രശ്മി മുന്നിലെ വാതിലില്‍ കൂടി ഒരു ബസില്‍ കയറി. പിന്നിലെ വാതിലില്‍ കൂടി ഞാനും അതേ ബസില്‍ കയറി ഡോറിന്റെ അടുത്തുള്ള ഒരു സീറ്റില്‍, എപ്പോള്‍ അവള്‍ ഇറങ്ങിയാലും ചാടിയിറങ്ങാവുന്ന രീതിയില്‍ ഇരുപ്പുറപ്പിച്ചു.

അങ്ങനെ പ്രണയം വിതുമ്പുന്ന എന്നെയും എന്റെ പ്രേമഭാജനത്തെയും വഹിച്ച് കൊണ്ട് ബസ് പുറപ്പെട്ടു. ബസിന്റെ മുന്ഭാഗത്തിരിക്കുന്ന രശ്മിയുടെ പാറിപ്പറക്കുന്ന മുടിയിഴകളെ പിന്നില്‍ നിന്നും നോക്കിക്കൊണ്ടും അവളുടെ മുഖത്ത് മത്സരിച്ച് മത്സരിച്ച് ഇക്കിളി ഇട്ടുകൊണ്ടിരുന്ന ഇളം തെന്നലായി സ്വയം മാറിക്കൊണ്ടും എന്റെ സ്വപ്നലോകത്തേക്ക് ഞാന്‍ ഊഴിയിട്ടു കടന്നപ്പോഴാണ് , നീണ്ടമുഖവും ചുവന്ന കണ്ണുകളുമായി തനി ക്രൂരനെപ്പോലിരിക്കുന്ന അയാള്‍ എന്റെ മുന്നിലെത്തി കൈ നീട്ടിയത്...

ഞാന്‍ ഒന്ന് ഞെട്ടി..
കണ്ടക്ടര്‍......!!!!
"എങ്ങോട്ടാ...??" അയാള്‍ തിരക്കി.
ഞാന്‍ വീണ്ടും ഞെട്ടി.

ഈ ബസ് എങ്ങോട്ട് പോകുന്നതാണെന്നോ, അവള്‍ എവിടെയാണിറങ്ങുന്നതെന്നോ എനിക്കറിയില്ല. അവള്‍ കയറി, ഞാനും കയറി; അത്രേയുള്ളൂ.. പ്രേമത്തിനെവിടാ ബസിന്റെ ബോര്‍ഡ്, ടിക്കറ്റ്? പക്ഷെ അതൊന്നും പറഞ്ഞാല്‍ അയാള്‍ക്ക്‌ മനസ്സിലാവില്ലല്ലോ?

കണ്ഠശുദ്ധി വരുത്തി ചെറുതായൊന്നു വിക്കി, ഞാന്‍ ഒരു മറു ചോദ്യം ചോദിച്ചു.
"ഈ ബസ് എവിടെ വരെ പോകും...?"
അത് കേട്ടയാള്‍ പുരികം ഒരിഞ്ച് മുകളിലേക്ക് കയറ്റി, കണ്ണുകള്‍ പുറത്തേക്കു തള്ളി, മൂക്ക് വിടര്‍ത്തി എന്നെ തുറിച്ചു നോക്കി.

എനിക്കയാളോട് കലശലായ ദേക്ഷ്യം തോന്നി. അതിപ്പോ, ബസില്‍ കയറുന്ന എല്ലാവര്‍ക്കും ബസിന്റെ ബോര്‍ഡ് നോക്കി കയറാന്‍ പറ്റുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ?
ഞങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അല്‍പ്പം അയവുണ്ടാക്കിക്കൊണ്ട് കണ്ടക്ടര്‍ സ്ഥലപ്പേരു പറഞ്ഞു.
"കൊഴിഞ്ഞാമ്പാറ."
"ശരി, രണ്ട് കൊഴിഞ്ഞാമ്പാറ.." ഞാന്‍ കാശെടുത്ത് കൊടുത്തു.
"ആരാ മറ്റെയാള്‍..?" അയാള്‍ക്ക് വിടാന്‍ ഭാവമില്ല.
ഇശ്ശെടാ..ഇതെന്ത് കൂത്ത് ?
കൂടെയുള്ള ആള്‍ ആരെന്ന് അയാള്‍ക്കറിയണം പോലും.

ബസില്‍ അവളുടെ കൂടെയിരുന്ന് യാത്ര ചെയ്യുന്നതായി ദിവാസ്വപ്നം കണ്ടു കൊണ്ടിരുന്നപ്പോഴാണ്‌ അയാള്‍ ടിക്കറ്റുമായി വരുന്നത്. അതാണ്‌ അറിയാതെ രണ്ടു പേര്‍ക്ക് ടിക്കറ്റ് എടുത്തത്.
രശ്മിയെ കാട്ടി, അവളെന്റെ പെണ്ണാണ്, അവളാണെന്റെ കൂടെയുള്ളത് എന്നൊക്കെ പറയണമെന്ന് തോന്നിയെങ്കിലും അപായം മണത്ത ഞാന്‍ തല്ക്കാലം എല്ലാം വേണ്ടെന്നു വെച്ചു.
"അങ്ങനൊരാള്‍ ഇല്ല. ഈ രണ്ട് ടിക്കറ്റും എനിക്ക് തന്നെയാണ്.."
കണ്ടക്ടര്‍ക്കാകെ വട്ട് പിടിക്കുന്ന പോലെ തോന്നി.
ഒന്ന് കൂടി തറപ്പിച്ച് നോക്കിയ ശേഷം, എന്തോ പിറുപിറുത്ത് കൊണ്ട് അയാള്‍ അടുത്താള്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ പോയി.
ഭാഗ്യം..രക്ഷപെട്ടു.

പാലക്കാടിന്റെ ഗ്രാമീണ ഭംഗിയിലൂടെ ബസ് വീണ്ടും ഒഴുകി നീങ്ങവേ ഞാന്‍ വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു. അവളുടേത്‌ ചെറിയ ഒരു ജോലി ആയതിനാല്‍, വലിയ വീട്ടിലെ കുട്ടി ആകാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും.

പിന്തുടര്‍ന്ന് ചെന്ന് അവളുടെ വീട് കണ്ടു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ, പരിസര നിരീക്ഷണം (ഓടാനുള്ള കുറുക്കു വഴികള്‍, പൊട്ടക്കിണറിന്റേയും മറ്റും സ്ഥാനം, മതിലിന്റെ ഉയരം, പട്ടിയുള്ള വീട് മുതലായവ) നടത്തി നേരെ വീട്ടിലേക്കു കയറി ചെല്ലുക. അവളുടെ നിഷ്കളങ്കരായ അച്ഛനോ അമ്മയോ അങ്ങനെ ആരേലും പൂമുഖത്തേക്കിറങ്ങി വരും.

"ആരാ? മനസ്സിലായില്ലല്ലോ?"
"ഞാന്‍ ഗോപാല്‍, മാങ്കുളം ഗോപാലന്‍; കഥാകാരനാണ്?"
അത് കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യവും ഞെട്ടലും സന്തോഷവുമെല്ലാം മിന്നി മറയും.
"കയറി വരൂ.. ഇരിക്ക്യ.."
ഉമ്മറത്ത് കയറി അരപ്ലേസില്‍ ഇരിക്കും.
"കുട്ടി എവിടുന്നാ ? എന്താ ഈ ത്രിസന്ധ്യക്ക്‌..?"

അയ്യോ...
ദാ, അവള്‍ ബസില്‍ നിന്നും ഇറങ്ങുന്നു.
ചിന്തകള്‍ക്ക് സഡന്‍ ബ്രേക്കിട്ടു ഞാനും ചാടിയിറങ്ങി.
രശ്മി അല്പം കൂടി മുമ്പോട്ട് പോകാനായി ഞാന്‍ കാത്തു നിന്നു.

പെട്ടന്നാണത് സംഭവിച്ചത്...
എന്റെ ഉദ്യമങ്ങളെ തവിട് പൊടിയാക്കിക്കൊണ്ട്, എന്റെ ഹൃദയത്തിലേക്ക് ഒരാപ്പ് അടിച്ച് കയറ്റിക്കൊണ്ട്, പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ബൈക്കിനു പിന്നില്‍ കയറിയിരുന്ന് അവള്‍ പോയി.
അവള്‍ പോയ വഴിയിലേക്കും നോക്കി, അണ്ടിയും വാലും പോയ അണ്ണാറക്കണ്ണനെ പോലെ, നിശ്ചലനായി ഞാന്‍ നിന്നു.

*************************

ഏതാണീ സ്ഥലം?
അവിടെയുള്ള കടകളുടെയും മറ്റും ബോര്‍ഡ് വായിച്ചതില്‍ നിന്നും ഇത് 'പാറ' എന്ന് പേരുള്ള ഒരു സ്ഥലമാണ് എന്നെനിക്കു മനസ്സിലായി.
നനഞ്ഞിറങ്ങിയാല്‍ തോര്‍ത്തിയേ കയറാവൂ എന്ന വാശിക്കാരനായതിനാല്‍ നിരാശനായി പിന്മാറാന്‍ ഞാനൊരുക്കമായിരുന്നില്ല.
അവള്‍ പോയ വഴിയെ എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടന്നു.
വലിയ ഒരു കയറ്റവും കയറി ഞാന്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...
നേരം നന്നായി ഇരുട്ടി തുടങ്ങിയ നേരത്ത് ഒരപരിചിതനെ കണ്ട നാട്ടുകാരില്‍ പലരും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി.

യാതൊന്നും വകവെക്കാതെ പിന്നേയും മുന്നോട്ട് നടന്ന ഞാന്‍ ഒരു പാറക്കെട്ടിന്റെയും വലിയൊരു പൊട്ടക്കുളത്തിന്റെയും അടുത്തെത്തി.
ആ പ്രദേശമാകെ വല്ലാത്ത വിജനത.
ആരിലും ഭയമുളവാക്കുന്ന ഒരു പ്രതീതി.
പൊട്ടക്കുളത്തെ ചുറ്റി വരിഞ്ഞ് മുന്നോട്ട് പോകുന്ന വിജനമായ വഴി, അപകടങ്ങള്‍ പതിയിരിക്കുന്ന അനന്തതയിലേക്കുള്ള കല്‍പ്പടവുകള്‍ പോലെ തോന്നിച്ചു.
എന്റെ തോന്നലുകളെ ശരിവെച്ചു കൊണ്ട് ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.
പ്രണയത്തിന്റെ സുഖമുള്ള ചിന്തകള്‍ അലിഞ്ഞില്ലാതായി, ഭയത്തിന്റെ നെരിപ്പോട് പുകഞ്ഞു തുടങ്ങി.
'യുവ കഥാകാരന്റെ ജഡം പൊട്ടക്കുളത്തില്‍' എന്ന തലക്കെട്ടോടെ ഉള്ള ഒരു പത്രത്തിന്റെ താള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ അതിവേഗം തിരിച്ചു നടന്നു...

തിരികെ സ്റ്റോപ്പിലെത്തി അടുത്ത ബസിന് പാലക്കാട് ടൌണില്‍ എത്തിയപ്പോള്‍ സമയം രാത്രി എട്ടര. വണ്ടി ചെന്ന് നിന്നതാവട്ടെ, വൈകുന്നേരം മൂന്നര മണിക്കൂര്‍ അവള്‍ക്കു വേണ്ടി കാത്തു നിന്ന അതേയിടത്തും. അറിയാതെ അവളുടെ ഓഫീസിലേക്ക് നോക്കി; ഇനിയും അടച്ചിട്ടില്ല.

രണ്ടും കല്‍പിച്ച് അങ്ങോട്ട്‌ കയറിച്ചെന്നു.
തലേന്ന് അവിടെ കണ്ട സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അന്നത്തെ ജോലി കഴിഞ്ഞ് അപ്പോഴും പോയിട്ടുണ്ടായിരുന്നില്ല. അയാളെ പരിചയപ്പെട്ടു, ഒരു സഫ്രാസ്.

"ഹലോ മിസ്റ്റര്‍ സഫ്രാസ്, എനിക്ക് താങ്കളുടെ ഒരു സഹായം വേണം ."
"യെസ്.. പറയൂ..."
"ഞാന്‍ ഗോപാല്‍. എന്റെ മൊബൈല്‍ നഷ്ട്ടപ്പെട്ടത്‌ കാരണം ഇന്നലെ ഇവിടെ വന്നിരുന്നു. അപ്പോഴാണ്‌ ഇവിടെ ജോലി ചെയ്യുന്ന രശ്മി എന്ന കുട്ടിയെ കണ്ടത്. എനിക്കാ കുട്ടിയെ ശരിക്കും ഇഷ്ട്ടപ്പെട്ടു. മറ്റു കാര്യങ്ങളൊക്കെ ചേരുമെങ്കില്‍ എനിക്കാ കുട്ടിയെ വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്. എന്നെ ഈ കാര്യത്തില്‍ സഹായിക്കാന്‍ താങ്കള്‍ക്കാകുമോ?"
ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി.

"എന്താ നിങ്ങളുടെ കാസ്റ്റ് ?"
"@#$%^&@"
"അത് തന്നെയാണ് ആ കുട്ടിയുടേതും എന്ന് തോന്നുന്നു. ഒരു കാര്യം ചെയ്യൂ. എന്റെ നമ്പര്‍ തരാം. തിങ്കളാഴ്ച വൈകിട്ട് ഒന്ന് വിളിക്കൂ. രശ്മിയോട് സംസാരിച്ചിട്ടു വിവരം പറയാം"

സഫ്രാസിന്റെ നമ്പര്‍ വാങ്ങി, നന്ദി പറഞ്ഞ് ഞാന്‍ ഇറങ്ങി നടന്നു.. ബൂത്തില്‍ നിന്നും ഏട്ടത്തിയെ വിളിച്ചു കാര്യം ബോധിപ്പിച്ചു. സംഗതി ഇത്രത്തോളം പുരോഗമിച്ചതിനാല്‍ ഞാന്‍ തിരികെ ബാംഗ്ലൂര്‍ക്ക് തന്നെ വണ്ടി കയറി.

ആ യാത്ര രസകരമായിരുന്നു.
മനസ്സ് നിറയെ അവളെക്കുറിച്ചുള്ള ചിന്തകള്‍.
ബസ്സിന്റെ ചില്ലുകല്‍ക്കിടയിലുള്ള വിടവിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിന് അവളുടെ മണവും ചൂടും.
പാതി മയക്കത്തില്‍ പലവട്ടം സ്വപ്നത്തില്‍ വന്നവള്‍ എന്നെ വിളിച്ച്ചുനര്‍ത്തി...അന്ന് മാത്രമല്ല, പിന്നീടുള്ള പല ദിവസങ്ങളിലും.

തിങ്കളാഴ്ച വൈകുന്നേരം സഫ്രാസിനെ വിളിച്ചു സംസാരിച്ചു.
ഞങ്ങള്‍ ഒരേ കാസ്റ്റാണെന്നും , അവള്‍ക്കെന്നെ കണ്ട ഓര്മ്മയുണ്ടെന്നും പറഞ്ഞ് സഫ്രാസ് രശ്മിയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. കൂട്ടത്തില്‍ ഒരു കാര്യം കൂടി ആ ചെറുപ്പക്കാരന്‍ പറയുകയുണ്ടായി.
ഈ മാസം കര്‍ക്കിടകമാണെന്നും, നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ കൊള്ളില്ലെന്നും, ആയതിനാല്‍ ചിങ്ങത്തിലേ വിളിക്കാവൂ എന്നവള്‍ പറഞ്ഞെന്നും.

അത് കൂടി കേട്ടതോടെ, പ്രണയത്തിന്റെ എവറസ്റ്റ് കൊടുമുടിയിലേക്ക്, മഞ്ഞ് മലകളെ തെല്ലും വക വെക്കാതെ നഗ്നപാദനായി ഞാനോടി കയറുകയായിരുന്നു...
തണുത്തു വിറങ്ങലിച്ച ശരീരത്തില്‍ പ്രണയത്തിന്റെ തുടിപ്പുകള്‍ മാത്രം.
ചിങ്ങമാസമാകാന്‍ ഇനിയും ഇരുപതു ദിവസം.
കാത്തിരിപ്പിന്റെ, നിശ്ശബ്ദ പ്രണയത്തിന്റെ സുഖമുള്ള സ്വപ്നങ്ങളുടെ ഇരുപതു ദിവസങ്ങള്‍ ഓരോന്നായി ഒഴുകി നീങ്ങിക്കൊണ്ടിരുന്നു...

ആ ദിവസങ്ങളില്‍ ഞാന്‍ ഏത് നേരത്ത് ഏത് മലയാളം ടി.വി. ചാനല്‍ ഓണ്‍ ചെയ്താലും അതില്‍ പ്രണയ ഗാനങ്ങള്‍ മാത്രം. അന്നെനിക്ക് വേണ്ടി പ്രണയഗാനങ്ങള്‍ സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്, സൂര്യ, കൈരളി തുടങ്ങിയ ചാനലുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.


മുന്‍കൂട്ടി പറഞ്ഞ് ചട്ടം കെട്ടിയതനുസരിച്ച് ചിങ്ങമാസം ഒന്നാം തീയതി തന്നെ ഏടത്തി രശ്മിയുടെ വീട്ടില്‍ വിളിച്ചു.
അവളുടെ അമ്മയാണ് ഫോണ്‍ എടുത്തത്.
രശ്മി ഇക്കാര്യം നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നുവെന്നും, അവര്‍ വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നും കേട്ടതോടെ കാര്യങ്ങള്‍ ശരിയായ ട്രാക്കിലൂടെ തന്നെയാണ് പോകുന്നതെന്ന് മനസ്സിലായി.

എന്റെ ജോലിയെ സംബന്ധിച്ച വിവരങ്ങള്‍ കൂടി അറിഞ്ഞതോടെ അവര്‍ക്ക് കുറെ കൂടി താല്പര്യമായത് പോലെ തോന്നി.
അവര്‍ക്ക് കൃഷിയാണ് പ്രധാന വരുമാനം. നൂറ് പറ കൊയ്യുന്ന പാടം ഉണ്ടത്രേ..

ഏതായാലും പെണ്ണ് കാണല്‍ തീയതി നിശ്ചയിച്ചു.
അങ്ങനെ ഒന്നാം ഓണത്തിന്റെ തലേദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ ഔദ്യോഗിക പെണ്ണ് കാണല്‍ ചടങ്ങ് നടത്താന്‍ തീരുമാനമായി.

ഞങ്ങള്‍ക്ക് ജാതകം പ്രശ്നമല്ലെന്ന് രശ്മിയുടെ അമ്മയോട് ഏട്ടത്തി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയും സ്വാഗതാര്‍ഹമായിരുന്നു.
"പക്ഷെ ഇവിടെ വരുമ്പോള്‍ ജാതകം നോക്കണമെന്നേ പറയാവൂ...പഴയ ആള്‍ക്കാരൊക്കെ ഉണ്ടാകും. അവര്‍ക്കിതൊക്കെ അച്ചട്ടാണ്.."

പെണ്ണ് കാണാന്‍ പോകേണ്ടതിന്റെ തലേ ദിവസം തന്നെ ഞാന്‍ ചിറ്റൂര് ഏട്ടന്റെ വീട്ടിലെത്തി, ഒരു അവസാന വട്ട റിഹേഴ്സല്‍ നടത്തി.
പെണ്ണിനോട് എന്തൊക്കെ കാര്യങ്ങള്‍ ചോദിക്കണമെന്നും പറയണമെന്നും ചോദിച്ചപ്പോള്‍, സംഗതി നടക്കണം എന്നുണ്ടെകില്‍ കഴിവതും ഒന്നും മിണ്ടാതെ വായടച്ച് ഇരിക്കുന്നതായിരിക്കും നല്ലത് എന്ന് ഏട്ടത്തി ഉപദേശിച്ചു.

പിറ്റേ ദിവസം, കുളിയും തേവാരവും ഒക്കെ കഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി ഒരു ടാക്സി പിടിച്ച് രശ്മിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
വണ്ടി പാറ ജംഗ്ഷനില്‍ എത്തിക്കഴിഞ്ഞ്, വീട്ടിലേക്കു ചെല്ലേണ്ട വഴി മനസ്സിലാക്കാന്‍ രശ്മിയുടെ വീട്ടിലേക്കു വിളിച്ചശേഷം ഏട്ടത്തി പറഞ്ഞു.

"എടാ.. എന്തോ സംതിംഗ് റോങ്ങ് പോലെ.
പഴയ ആ ഒരു താല്പര്യം ഇപ്പൊ അവരുടെ സംസാരത്തില്‍ ഇല്ലേ എന്നൊരു സംശയം."

"ഏയ്, അങ്ങനെയൊന്നും ഉണ്ടാകില്ല. ഫോണിലായത് കൊണ്ട് തോന്നിയതാകാം." ഞാന്‍ പറഞ്ഞു.
"ആവാം.."

പോകുന്ന വഴി ആ പഴയ പൊട്ടക്കുളം ഏട്ടത്തിക്ക് കാണിച്ച് കൊടുത്തു.
പിന്നെയും കുറെ ദൂരം താണ്ടിയാണ് ഞങ്ങള്‍ രശ്മിയുടെ വീട്ടിലെത്തിയത്.
ചെന്നപ്പോള്‍ ദാണ്ടെ, അവിടെ ഒരു ചെറിയ പെരുന്നാളിനുള്ള ആളുണ്ട്.
ഓണമായതിനാല്‍ എല്ലാരും കൂടി ഒത്തു ചേര്‍ന്നിരിക്കുകയാണ്.

പരിചയപ്പെടല്‍ തുടങ്ങി.
രശ്മിയുടെ അച്ഛനോ അമ്മയോ ആരും തന്നെ ഞങ്ങളോടൊന്നും തന്നെ മിണ്ടിയതേയില്ല.
പകരം മറ്റു ബന്ധുജനങ്ങളാണ് കാര്യങ്ങള്‍ സംസാരിച്ചത്.

എന്റെ സ്വദേശം കോട്ടയം ആണെന്നറിഞ്ഞതും തലമൂത്ത കാര്ന്നോമ്മാരിലൊരാള്‍ പറഞ്ഞു,

"തെക്കനേം മൂര്‍ഖനേം ഒരുമിച്ച് കണ്ടാ ആദ്യം തെക്കനെ തല്ലണമെന്നാ പ്രമാണം"
ഏട്ടന്‍ അത് കേട്ട് തമാശ മട്ടില്‍ ചിരിച്ചു.
എന്റെ സിരകളില്‍ ചോര പുഴയോഴുകി.
തെക്കന്മാര്‍ക്ക്‌ എന്താണ് കുഴപ്പം?
അല്ലേല്‍ തന്നെ, വെറുമൊരു മദ്ധ്യതിരുവിതാംകൂറ് കാരനായ ഞാന്‍ എങ്ങനാണ് തെക്കനാകുക ?
അതും പോട്ടെ, ഞങ്ങള്‍ നിങ്ങളെ വടക്കന്‍ എന്ന് വിളിക്കാറുണ്ടോ?
പാലക്കാട് കാരന് കോട്ടയം കാരന്‍ തെക്കനാണെങ്കില്‍ കണ്ണൂര്‍ കാരന് പാലക്കാടനും തെക്കനായി വരില്ലേ?

ഇങ്ങനെയെല്ലാം ചോദിക്കാനും രണ്ടു കിടിലന്‍ ഡയലോഗ് കാച്ചാനും ചോര തിളച്ച് മറിഞ്ഞെങ്കിലും ഞാന്‍ നിശ്ശബ്ദം സഹിച്ചു..എല്ലാം നിനക്ക് വേണ്ടി...

ഇതിനിടയില്‍ കാപ്പി കുടി കഴിഞ്ഞു.

ഒന്ന് രണ്ടു ചെറിയ കല്ലുകടികള്‍ ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തം.
സ്ത്രീ ജനങ്ങളിലാരോ എന്നെ അകത്തേക്കു വിളിച്ച് ഒരു മുറിയിലിരുത്തി.
പിന്നീടവര്‍ രശ്മിയെ ഉന്തി തള്ളി അകത്തേക്ക് വിട്ടു...

പ്രണയത്തിന്റെ നിലയ്ക്കാത്ത മന്ത്രങ്ങളുമായി ഒരിക്കല്‍ കൂടി നിന്റെ മുന്നിലേക്ക്‌...
വിധിയെഴുത്ത്തിന്റെ ആദ്യ പരീക്ഷണം...

അവള്‍ ഡിഗ്രി കോഴ്സ് കഴിഞ്ഞു നില്ക്കുകയാണെന്നും എന്നാല്‍ എല്ലാ വിഷയങ്ങളും കിട്ടിയിട്ടില്ല എന്നും അവളുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ചോദ്യം അതിനെക്കുറിച്ച് തന്നെ ആകാം.

"ഡിഗ്രിക്ക് ഇനിയും എത്ര വിഷയം കിട്ടാനുണ്ട്?"
ആദ്യ പെണ്ണ് കാണല്‍ ചടങ്ങിലെ ആദ്യ ചോദ്യം; മഹത്തായ ചോദ്യം.
"മൂന്നെണ്ണം കിട്ടാനുണ്ട്."
"ഓ.. അത് സാരമില്ല. പഠിച്ചിട്ടെഴുതി എടുത്താ മതി. എന്നിട്ടടുത്ത കോഴ്സിനു പോകാം"
"മൂന്നല്ല; ആറെണ്ണം കിട്ടാനുണ്ട്.." അവള്‍ പെട്ടന്ന് തിരുത്തി.

ഇനിയും വേണേല്‍ പഠിച്ചോ എന്ന് പറഞ്ഞപ്പോള്‍ തോറ്റ വിഷയങ്ങളുടെ എണ്ണം പൊടുന്നനെ കൂടിയിരിക്കുന്നു.
മിടു മിടുക്കി.
ഇത്രയും ആയപ്പോഴേക്കും അവളില്‍ ഉണ്ടായിരുന്ന വെപ്രാളവും, ചമ്മലും എല്ലാം കൂടി അതിന്റെ മൂര്ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.

"ഞാന്‍ പൂവാ" എന്ന് പറഞ്ഞ്, പന്തം കണ്ട പെരുച്ചാഴിയെ പോലെ അവള്‍ അടുത്ത മുറിയിലേക്ക്‌, അവിടെ നിന്നും അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു; ആമ അകത്തേക്ക് തല വലിക്കുന്നത് പോലെ.

കേവലം മുപ്പതു സെക്കന്ഡ് മാത്രം നീണ്ടു നിന്ന ഒരു പെണ്ണ് കാണല്‍.
എല്ലാവരുടെയും പെണ്ണ് കാണല്‍ ഇത് പോലെ, ഇത്രക്കിത്രക്കെ ഉള്ളൂ എന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ നെടുവീര്‍പ്പെട്ടു.

കാര്ന്നോമ്മാരുടെ കണ്ണിലെ കരടായി വീണ്ടും അവരുടെ ഇടയിലേക്ക്.
ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിശദ വിവരങ്ങള്‍ അവര്‍ക്ക് വേണം.
എല്ലാം എഴുതി കൊടുത്തു.
ജാതകം നോക്കണം, നോക്കിയേ പറ്റൂ.
ആവാം...

രശ്മിയുടെ ഗ്രഹനില അവര്‍ എട്ടത്തിയെ ഏല്‍പ്പിച്ചു.
എന്റേത് അപ്പോള്‍ കൈവശമില്ലാതിരുന്നതിനാല്‍ തപാല്‍ മാര്‍ഗം അയക്കാമെന്നേറ്റു.

അങ്ങനെ ചടങ്ങ് കഴിഞ്ഞു..ശുഭം.

രശ്മിയുടെ വീടിന്റെ ഒരു വശത്ത് കണ്ണെത്താ ദൂരത്തോളം പരന്ന് കിടന്നിരുന്ന നെല്പാടങ്ങളോടും, പറമ്പില്‍ പുല്ല് തിന്നുകൊണ്ടിരുന്ന കറമ്പി പശുവിനോടും, മുറ്റത്തിന്റെ ഒരു കോണില്‍ നിന്നിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉണക്ക ചില്ലയില്‍ സൊറ പറഞ്ഞിരുന്ന കാക്കകളോടും ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
"ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും കാണാം.."

തിരികെ പോരുന്ന വഴി ഞങ്ങള്‍ ഒരു ജോത്സ്യനെ പോയി കണ്ടു.

ആശങ്കകള്‍ക്കിടെ, കണ്ണടച്ചില്ലിലൂടെ ജ്യോത്സ്യന്റെ കണ്ണുകള്‍ കവടിയുടെ കണക്കുകളിലേക്ക്...

സംഗതി കെങ്കേമം...
ഉഗ്രന്‍..അത്യുഗ്രന്‍...
എല്ലാവിധ പൊരുത്തങ്ങളും ആവശ്യത്തില്‍ കൂടുതലെന്ന് ജ്യോത്സ്യന്‍.
ഇനിയെന്ത് വേണം?

ഉദ്ദേശിച്ചതിലും നൂറ് രൂപ കൂടുതല്‍ ജ്യോല്‍സ്യനു കൊടുത്ത്, എന്റെ ഗ്രഹനിലയും, ഗ്രഹനിലകള്‍ ചേരുമെന്ന ജ്യോത്സ്യന്റെ കുറിപ്പും തപാലായി അവള്‍ക്കയച്ച്, തിരികെ പോരുമ്പോള്‍ മനസ്സ് പ്രണയത്തിന്റെ പൂരപ്പറമ്പ് ആയി മാറിയിരുന്നു..
ഇനിയും കാത്തിരിപ്പിന്റെ ദിനങ്ങള്‍..

മൂന്നു ദിവസം കഴിഞ്ഞ് ഏട്ടത്തി അവരെ വിളിച്ചു.
രശ്മിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്.
ജാതകം ചേരൂല്ലാത്രേ..

"എന്നിട്ട് ഞങ്ങള്‍ നോക്കിയപ്പോള്‍ ചേര്‍ന്നതാണല്ലോ ?"
"ഇതതല്ല, ദശാസന്ധി. കൂട്ടുദശ ഉണ്ടെങ്കില്‍ പിന്നെ ഒരു രക്ഷയുമില്ല. എന്നാ ശരി. വെച്ചേക്കട്ടെ.."

പൂരം കഴിഞ്ഞു.
ഉത്സവപ്പറമ്പ് കാലിയായി.
മഴയും കാറ്റും കോളും അടങ്ങി.

പ്രണയത്തിന്റെ കൂട്ടില്‍ വിരിയാനിരുന്ന മുട്ട തന്റേതല്ലെന്ന് പക്ഷിക്ക് മനസ്സിലായി. കാക്ക കുയിലിനെ കൊത്തി ഓടിച്ചു.
വേദനയോടെ കുയില്‍ പിന്നെയും പറന്ന് കൊണ്ടിരുന്നു...കൂട് തേടി..

സംഭവം നടന്നത് പാറ എന്ന സ്ഥലത്തായതിനാലും ജാതകത്താല്‍ മുടങ്ങിയതിനാലും കഥക്ക് ജാതകപ്പാറ എന്ന് പേരിട്ടു.
പേരിട്ടതും ഏട്ടത്തി തന്നെ ആണ്.