Wednesday, October 24, 2012

നിഗൂഡതയുടെ തിങ്കളാഴ്ച രാവുകള്‍

       ഇന്ന് തിങ്കളാഴ്ച ആണെന്ന കാര്യം സത്യത്തില്‍ ഞാനോര്‍ത്തിരുന്നില്ല. ഓര്‍ത്തിരുന്നു എങ്കില്‍, സെലിന്‍ കൂടിയില്ലാത്ത ഈ രാത്രിയില്‍ ഒറ്റയ്ക്ക് മുറിയില്‍ താമസിക്കുന്നത് ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു. അവള്‍ നൈറ്റ്‌ ഡ്യൂട്ടിക്ക് പോയപ്പോള്‍ താന്‍ ആഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നുവല്ലോ.

       എന്ന് മുതലാണ്‌ തിങ്കളാഴ്ച രാവുകള്‍ തന്റെ ജീവിതത്തില്‍, ഭയം വിതയ്ക്കുന്ന നെരിപ്പോടുകളായി മാറിയത് എന്ന് പറയാനാവില്ല. എന്നോ ഒരിക്കല്‍ പഴയ ഡയറിക്കുറിപ്പുകള്‍ എടുത്ത്‌ വായിച്ച് നോക്കിയപ്പോഴാണ് ഭയപ്പാടിന്റെ യാദൃശ്ചികത തിങ്കളാഴ്ച രാത്രികളെ മാത്രം പിടികൂടിയിരിക്കുന്നതായി തിരിച്ചറിഞ്ഞത്. ദുസ്വപ്നങ്ങളും ദുര്‍നിമിത്തങ്ങളും ചിറക് വിരിച്ച എത്രയോ വെറുക്കപ്പെട്ട തിങ്കളാഴ്ചകള്‍....

        ഭിത്തിയിലെ ചെറിയ ക്ലോക്കില്‍ സൂചികള്‍ 9:25 എന്ന് കാണിക്കുവാന്‍ തുടങ്ങിയിട്ട് കുറേനേരമായല്ലോ എന്ന് പെട്ടന്നോര്‍ത്തു. സെലിന് കൊണ്ടെ കൊടുക്കുവാന്‍ ചോറും കറികളും പാത്രത്തില്‍ എടുത്ത് വെച്ചു. അപ്പോള്‍ പുറത്തു നിന്നാരോ എന്നെ പേര് ചൊല്ലി വിളിക്കുന്നത് കേട്ടു. വാതില്‍ തുറന്ന് നോക്കി. രണ്ടാം നിലയിലെ നീണ്ട ഹോസ്റ്റല്‍ ഇടനാഴിയിലെ മങ്ങിയ വെളിച്ചമൊഴികെ മറ്റൊന്നും കണ്ടില്ല. ചിലപ്പോള്‍ തോന്നിയതാകും....

       സെലിനുള്ള അത്താഴവും കയ്യിലെടുത്ത്, മുറി പൂട്ടി, സ്റ്റെപ്പുകള്‍ ഇറങ്ങി, വിജനമായ വഴിയിലൂടെ ആശുപത്രി കെട്ടിടത്തിന് നേര്‍ക്ക്‌ നടന്നു. ഏകദേശം മുന്നൂറ് ഏക്കറോളം വരും ആശുപത്രി ക്യാമ്പസ്‌ എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. അതില്‍ പാതിയും കാടും പടലവും പിടിച്ച് ഒരു ശ്മശാന ഭൂമി പോലെയാണ് കിടക്കുന്നത്.

      ട്യൂബ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിലൂടെ അഞ്ച് മിനിറ്റ് നടന്ന് വേണം ഹോസ്പിറ്റലില്‍ എത്താന്‍. ആ സമയം വൈദ്യുതി എങ്ങാനും നിലച്ചാല്‍, പിന്നത്തെ പുകില്‍ പറയുകയും വേണ്ട. ആശുപത്രിയുടെ മുന്‍ഭാഗത്തെ വാതിലിലൂടെ, കാഷ്വാലിറ്റിയും കഴിഞ്ഞ് ഏതാനും ഇടവഴികളും താണ്ടിവേണം സെലിന്‍ ഡ്യൂട്ടി ചെയ്യുന്ന സര്‍ജറി വാര്‍ഡിലെത്താന്‍..

      നേഴ്സസ് ഡ്യൂട്ടി റൂമിലെ മേശമേല്‍ അത്താഴം കൊണ്ടെ വെച്ചപ്പോള്‍ അവള്‍ ചോദിച്ചു.
      "ഒറ്റയ്ക്ക് വരാന്‍ നിനക്ക് പേടിയില്ലാരുന്നോ? താഴത്തെ ഫ്ലോറില്‍ നിന്നും നിനക്കാ രേണുവിനെ കൂടി കൂട്ടിപ്പോന്നാല്‍ പോരായിരുന്നോ? "
      "അവള്‍ തലവേദന ആയത് കാരണം നേരത്തെ കിടന്ന് ഉറങ്ങി."
      "ഇനി നീ ഒറ്റയ്ക്ക് തിരികെ പോകണ്ട.  ഭയ്യമാരെ ആരെയേലും കൂട്ടിന് വിടാം..."
      "വേണ്ട. ഞാന്‍ തനിയെ പൊയ്ക്കോളാം...തനിയെ പോയാല്‍ എന്താ കുഴപ്പം എന്ന് നോക്കട്ടെ.."
      "എന്തായാലും ഉത്തരേന്ത്യയിലെ പ്രേതങ്ങള്‍ക്ക് മലയാളം അറിയാന്‍ വയ്യാത്തതാണ് നമ്മുടെ ഒരു രക്ഷ." സെലിന്‍ ചിരിച്ചു.
      "ഗതി കേട്ടാല്‍ പ്രേതവും മലയാളം പഠിക്കും.." അതും പറഞ്ഞ് ഞാന്‍ തിരിച്ച് നടന്നു.

       ഗ്രൌണ്ട് ഫ്ലോറിലെത്തിയപ്പോഴാണ്,  ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള ഹോസ്പിറ്റലിന്റെ പിന്‍വാതില്‍ തുറന്നിട്ടിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടത്. സാധാരണയായി എട്ട് മണിക്ക് മുന്നേ തന്നെ ആ വാതില്‍ അടയ്ക്കുന്നതാണ്. ഇന്നെന്താണോ ആവോ? മുന്‍വശം വഴി പോകുന്നത് അല്പം വളഞ്ഞ വഴി ആയതിനാല്‍ ഞാന്‍ പിന്‍വാതിലിന് നേര്‍ക്ക്‌ നടന്നു.  രാത്രി വൈകിയാല്‍ പിന്നെ ഇവിടെങ്ങും ആരും തന്നെ ഉണ്ടാകാറില്ല.

      പൊടുന്നനെ മറ്റൊരു ഇടനാഴിയിലൂടെ രണ്ട് പേര്‍ ചേര്‍ന്ന് ഉന്തിക്കൊണ്ട് വന്ന ഒരു സ്ട്രെച്ചര്‍ എന്റെ മുന്നില്‍ വന്നു പെട്ടു. അതില്‍ വെള്ളത്തുണി കൊണ്ട് പൂര്‍ണ്ണമായും മറച്ച നിലയില്‍ ഒരു ബോഡി കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവര്‍ ഒന്ന് പരുങ്ങി. മുഖം പുറകോട്ട് തിരിച്ച് രണ്ട് പേരും എന്നെ തുറിച്ചു നോക്കുകയും ചെയ്തു.

      പിന്‍വാതിലിലൂടെ വെളിയിലെത്തിയ അവര്‍ ആ സ്ട്രെച്ചറും കൊണ്ട് ആശുപത്രിയുടെ ഒരു ഇരുണ്ട ഭാഗത്തേക്ക് നീങ്ങി. എന്തിനാണ് അവര്‍ ആ ശവം ഇതിലേ കൊണ്ട് വന്നത് എന്ന് എനിക്ക് മനസിലായില്ല.  മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം റൂമും എല്ലാം മുന്ഭാഗത്താണ്. ഇവിടെങ്ങും ഒരു ആംബുലന്‍സും ഉള്ളതായി കാണുന്നില്ല. പിന്നെങ്ങോട്ടാണ് അവര്‍ ആ മൃതദേഹവുമായി പോകുന്നത്?

      അവര്‍ പോയ ആ ഭാഗത്ത്‌ എവിടെയോ ആണ് പുതിയ അനാട്ടമി ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം പെട്ടന്നോര്‍മ്മ വന്നു. ഞാന്‍ തിരിഞ്ഞ് അല്പനേരം അവിടേക്ക് നോക്കിനിന്നു.

     രണ്ട് വലിയ കന്നാസുകളും താങ്ങി ഒരാള്‍ അവരുടെ പുറകെ പോകുന്നതും ഞാന്‍ കണ്ടു. അതില്‍ പെട്രോളോ മണ്ണെണ്ണയോ ആകാനാണ് സാധ്യത. ഞാന്‍ ആശുപത്രിയുടെ പിന്‍വാതില്ക്കലേക്ക് തിരിഞ്ഞ് നടന്നു.   സെക്യൂരിറ്റി ഗാര്‍ഡ്‌ അകത്ത്‌ നിന്നും വാതില്‍ പൂട്ടുകയാണ്.

      "ഭയ്യാ, എന്താണവര്‍ കൊണ്ട് പോയത്? " ഞാന്‍ അയാളോട് ചോദിച്ചു.
      "പഞ്ചസാരച്ചാക്ക്..." അയാള്‍ കൂസലന്യേ മറുപടി പറഞ്ഞ് ഇടനാഴിയിലൂടെ നടന്നകന്നു.
      ട്യൂബ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിന്റെ തുണയില്‍ ഞാന്‍ ഹോസ്റ്റലിലേക്ക് നടന്നു. മനസ്സിനെ അസ്വസ്ഥമാക്കി നൂറു കൂട്ടം ചിന്തകള്‍ മേഞ്ഞ് നടക്കുന്നു....

      അടുത്ത വര്‍ഷം ഇവിടെ മെഡിക്കല്‍ കോളേജ്‌ ആയി ഉയര്‍ത്തുമത്രേ.... അതിനായി അനാട്ടമി ലാബും ഫോര്‍മാലിനില്‍ ഇട്ട മൃതദേഹങ്ങളും അവയവങ്ങളും ഒക്കെ വേണമത്രേ... സ്വകാര്യ ആശുപത്രി ആയതിനാല്‍ അനാഥപ്രേതങ്ങളൊന്നും ഇവിടെ വരാറില്ല. അത് കൊണ്ട് തന്നെ അനാട്ടമി ലാബിലേക്ക് വേണ്ട മൃതദേഹങ്ങള്‍ മറ്റ് ആശുപത്രികളില്‍ നിന്നും വില കൊടുത്ത് വാങ്ങേണ്ടി വരും.

       ആശുപത്രി മാനേജ്മെന്റിലുള്ളവരുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നവരുടെ ബോഡികള്‍, ആന്തരികാവയവങ്ങള്‍ എടുത്തശേഷം ആരുമറിയാതെ കത്തിച്ച് കളയുകയും പതിവുണ്ടത്രേ....ഫിനൈല്‍ ഗന്ധത്തിനപ്പുറം വല്ലാത്ത ചില നിഗൂഡതകള്‍ ഏതൊരു ആശുപത്രിയുടേയും ഇടനാഴികളെ ചൂഴ്ന്ന് നില്‍ക്കുന്നതായി എനിക്ക് തോന്നി. റൂമില്‍ തിരിച്ചെത്തി, ജാലകം തുറന്ന് ഞാന്‍ പുറത്തേക്ക് നോക്കി.  ദൂരെ, അനാട്ടമി ലാബും പരിസരപ്രദേശങ്ങളും ഇരുളില്‍ ഗാഡമായി ഉറങ്ങുന്നു.

        കുറച്ചു നാള്‍ മുന്‍പ്, നൂര്‍ ആലം എന്ന അറ്റന്‍ഡര്‍ പറഞ്ഞതോര്‍മ്മ വന്നു.  ഇന്റേണല്‍ ഓര്‍ഗന്‍സ് എടുക്കാനായി മൃതശരീരം കീറി മുറിക്കുന്നത് അയാളാണത്രേ... സര്‍ജിക്കല്‍ ബ്ലേയ്ഡിന് പകരം നല്ല മൂര്‍ച്ചയുള്ള വാക്കത്തിയും തടി അറക്കുന്ന കൈവാളും  ഉപയോഗിച്ച്. ഓര്‍ഗന്‍സ് മുറിച്ചെടുക്കുക എന്നത് മാത്രമാണ് ഡോക്ടേഴ്സ് ചെയ്യുക.

       ഇന്നും നൂര്‍ ആലം അവിടെ ഉണ്ടാകുമോ?  അയാള്‍ തന്നെ ആയിരിക്കുമോ ആ ശവവും കീറിമുറിക്കുന്നത്? എല്ലാം കഴിഞ്ഞ് അവശേഷിച്ച ശരീരഭാഗങ്ങള്‍ കത്തിച്ച് കളയുന്നതും അയാള്‍ ആകുമോ?

      ചിന്തകള്‍ക്ക് വിരാമമിടാന്‍,  ജനല്‍ അടച്ചശേഷം ഡയറി എഴുതിക്കൊണ്ടിരുന്നപ്പോള്‍ മൊബൈലില്‍ സെലിന്റെ ഒരു സന്ദേശം വന്നു.
       "He is died, HIV patient in the medicine ward".
        ചെറുപ്പക്കാരനായ ആ എയിഡ്സ് രോഗിയുടെ കാര്യം ഞങ്ങളെല്ലാവരും അറിയുന്നത് രേഖയ്ക്ക് സംഭവിച്ച ഒരു ട്രാജഡിയിലൂടെയാണ്.

        കൂടുതല്‍ രോഗികളും കുറവ് ജീവനക്കാരും ഉള്ള മെഡിസിന്‍ വാര്‍ഡിലെ ഡ്യൂട്ടി തിരക്കില്‍, ആ എച്ച്.ഐ.വി. പേഷ്യന്റിനെ കുത്തിവെച്ച സൂചി അറിയാതെ രേഖയുടെ കയ്യില്‍ കുത്തിക്കേറുകയായിരുന്നു. മഞ്ഞപ്പിത്തവും ന്യുമോണിയയും  കൂടിയ നിലയില്‍ അഡ്മിറ്റ്‌ ചെയ്ത അയാളുടെ ആത്മാവ് ഒടുവില്‍ സ്വതന്ത്രമായി.  ഞാന്‍ അറിയാതെ ചലനം നിലച്ച ക്ലോക്കിലേക്ക് നോക്കി.  എപ്പോഴായിരിക്കും അയാള്‍ മരിച്ചിട്ടുണ്ടാവുക?  9:25-ന് ആയിരിക്കുമോ? ഏയ്‌...വെറുതേ ഓരോ തോന്നലുകള്‍.

          രേഖയുടെ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം തോന്നി. നാളെ അവളും...?? ലൈറ്റ്‌ അണച്ച് ഉറങ്ങാന്‍ കിടന്നു.  കുറച്ച് നേരം മയങ്ങി എന്ന് തോന്നുന്നു; ഒരു പേടി സ്വപ്നം കണ്ടാണ് ഞെട്ടി ഉണര്‍ന്നത്....

        പുതുതായി പണി കഴിപ്പിച്ച് കൊണ്ടിരുന്ന ഒരു വലിയ ആശുപത്രി ആയിരുന്നു ആ സ്വപ്നത്തിന്റെ പശ്ചാത്തലം.  ലിഫ്റ്റില്‍ കയറി നാലാം നിലയിലേക്ക് ഞാന്‍ പോകവേ, ഒന്നാം നിലയില്‍ നിന്നും ചിലര്‍ കുറേ മൃതദേഹങ്ങളും കൂടി ലിഫ്റ്റില്‍ കയറ്റി. ആ മൃതദേഹങ്ങള്‍ എങ്ങോട്ട് കൊണ്ട് പോകുകയാണെന്ന് ഞാനവരോട് ചോദിച്ചു. ഡ്രെയിനേജ് സംവിധാനം ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ട് പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു.

       "ഡ്രെയിനേജ് ടെസ്റ്റോ?"
        "അതേ, ഈ ശവശരീരങ്ങള്‍ എല്ലാം പല നിലകളിലായി ചിതറി ഇടും. രണ്ട് മൂന്ന് ആഴ്ച അവ അവിടെ കിടന്ന് നന്നായി അഴുകി കഴിയുമ്പോള്‍ നല്ല ശക്തിയില്‍ വെള്ളം പമ്പ് ചെയ്യും.  അപ്പോള്‍ അഴുകിയ മൃതദേഹങ്ങള്‍ ഡ്രെയിനേജിലൂടെ  ഒഴുകി പോകുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാനാണ്..."
ഒരുപാട് പേര്‍ ഡെഡ്ബോഡികളുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അത്രയും കണ്ടപ്പോഴേക്കും ഞെട്ടി ഉണര്‍ന്നു.

         കൂജയില്‍ നിന്നും കുറേ വെള്ളമെടുത്ത് കുടിച്ച ശേഷം മേശപ്പുറത്തിരുന്ന സെലിന്റെ കൊന്തയെടുത്ത് കയ്യില്‍ പിടിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍,  ജനാല തുറന്ന് അനാട്ടമി ലാബിന്റെ ഭാഗത്ത്‌ കട്ടപിടിച്ച് കിടന്ന ഇരുളിലേക്ക് നോക്കി.

         അവിടെ ആരെയേലും കത്തിക്കുന്നുണ്ടോ?
         ഇരുളില്‍ എവിടെയേലും തീയും പുകയും ഉയരുന്നുണ്ടോ?
         ജാലകത്തിലൂടെ കടന്ന് വന്ന കാറ്റില്‍ മനുഷ്യമാംസം കരിയുന്നതിന്റെ ഗന്ധമുണ്ടോ?
        അശാന്തിയുടെ കല്പ്പടവുകളില്‍ എരിഞ്ഞടങ്ങിയ ആത്മാക്കളുടെ അലമുറകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നുണ്ടോ?

          തിങ്കളാഴ്ച രാവിന്റെ അവസാന നാഴികയും കൊഴിഞ്ഞ്‌ വീഴാറായപ്പോള്‍ പുറത്ത്‌ നിന്നാരോ ദയനീയമായി കരഞ്ഞ് കൊണ്ട് എന്നെ വിളിക്കുന്നതായി തോന്നി. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. ചൊവ്വയുടെ പുലരിയിലെങ്കിലും എനിക്കൊന്നുറങ്ങാനായെങ്കില്‍........

Monday, August 27, 2012

ചില അസാധാരണ ഫോട്ടോഗ്രാഫുകള്‍

ഇരുണ്ട പാറക്കെട്ടുകളില്‍ വെള്ളപ്പട്ട് പുതപ്പിച്ച്, ഒരു പിന്‍വിളിയിലെന്ന പോലെ പിന്തിരിഞ്ഞ് പോയ തിരകള്‍ മാത്രമായിരുന്നൂ, അയാള്‍ക്ക്‌ കൂട്ടിനുണ്ടായിരുന്നത്...
കറുപ്പ് കലര്‍ന്ന ആകാശത്തിന് കീഴെ, തിരകളില്‍ കാറ്റ് വീശിയതും, അകലെ കടലില്‍ കാര്‍മേഘം കണ്ണീര്‍ പൊഴിച്ചതും അയാള്‍ അറിഞ്ഞിരുന്നില്ല..

രൗദ്രഭാവം പൂണ്ടൊരു തിരയുടെ കൈകളില്‍ വലയം ചെയ്തയാളുടെ മനസ്സ്, ഒരു സ്വപ്നാടകനെപ്പോലെ അനന്തസാഗരത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്നു...
പവിഴങ്ങളും മുത്തുകളും മാറ്റ് കൂട്ടിയൊരു കൊട്ടാരം...
സ്നേഹം ചൊരിയുന്നൊരു മത്സ്യകന്യക..

"എന്താ ആത്മഹത്യയെ കുറിച്ചാണോ നിങ്ങളാലോചിക്കുന്നത്...?"
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരാള്‍ അടുത്ത് വരുന്നത് കണ്ടു.
"അതേ. പക്ഷെ ഉടനെയില്ല...ഒരാഴ്ച കൂടി കഴിഞ്ഞിട്ടേ ഉള്ളൂ...ആട്ടേ, അത് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി....? "
ആഗതന്‍ ചിരിച്ചു.
"അതാണെന്റെ പ്രൊഫഷന്‍. ഞാനൊരു ആത്മഹത്യാ ഫോട്ടോഗ്രാഫര്‍ ആണ്.."
"എന്ന് വെച്ചാല്‍...???"
"ആത്മഹത്യ ചെയ്യുന്നതിന്റെ ഫോട്ടോ, വീഡിയോ ഇതൊക്കെ എടുക്കുകയാണ് എന്റെ ജോലി; ഇവിടത്തെ ഒരു പ്രമുഖ ടിവി ചാന്നലിന് വേണ്ടി."

"ഇതൊക്കെ എടുത്തിട്ട് ചാന്നലിന് എന്ത് പ്രയോജനം...?"
"അതോ...അത് പറയാം...ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ അന്ത്യരംഗങ്ങള്‍ കോര്‍ത്തിണക്കുന്ന ഞങ്ങളുടെ പുതുപുത്തന്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണിതെല്ലാം.  ഇതോടെ ഞങ്ങളുടെ പ്രോഗ്രാം മറ്റെല്ലാ റിയാലിറ്റി ഷോയേയും കടത്തിവെട്ടും...."
"ഇതൊരു വിവാദമാകില്ലേ...?"
"ആകണമല്ലോ...എങ്കിലല്ലേ  പരിപാടിയുടെ റേറ്റിംഗ് കൂടൂ..."
"നമ്മടെ പേര്...?"
"അലന്‍...ക്യാമറാമാന്‍ അലന്‍.  ഒറിജിനല്‍ പേരല്ല; ചെല്ലപ്പേരാണ്...നിങ്ങളുടെ പേരെന്താണ്..?"
"രഘു....."

"രഘൂ, നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കാന്‍ കാരണം...?"
"വെറുതെ, ഒരു രസത്തിന്..."
"മണ്ടത്തരം പറയാതിരിക്കൂ...ആത്മഹത്യ ചെയ്‌താല്‍ നിങ്ങള്‍ക്കെന്ത് നേട്ടം കിട്ടും..?"
"ആത്മാവിന് മോക്ഷം കിട്ടും."
"അത്കൊണ്ട് നിങ്ങളുടെ വീട്ടുകാര്‍ക്ക് എന്ത് പ്രയോജനം...?"
ഒരു നിമിഷം മൗനത്തിന്റെ മൂടുപടം രഘുവിനെ പൊതിഞ്ഞു.
"ഒന്നുമില്ല..."
"എങ്കില്‍ നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കൂ..."
അടുത്തൊരു പാറമേല്‍ ഇരുന്ന ശേഷം അലന്‍ തുടര്‍ന്നു....

"ഞങ്ങളുടെ ഈ റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തുന്ന ആത്മഹത്യാ പെര്‍ഫോമന്‍സിന് ഒരു കോടി രൂപയാണ് പ്രൈസ് മണി.... പ്രേക്ഷകര്‍ അയക്കുന്ന എസ്.എം.എസ് വോട്ടുകള്‍ വഴിയാണ് വിജയിയെ കണ്ടെത്തുക. കൂടാതെ, ഒരു പ്രമുഖ ജൂവലറി സ്പോണ്സര്‍ ചെയ്യുന്ന രണ്ടു ലക്ഷം രൂപയുടെ ഉറപ്പായ സമ്മാനം. ഒട്ടനവധി സമ്മാനങ്ങള്‍ വേറെയും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ഇതെല്ലാം വന്നു ചേരുക. പരിപാടി കാണുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരുടെ സഹായഹസ്തങ്ങള്‍ വേറെയും...രഘൂ, ആത്മഹത്യ ചെയ്യാന്‍ ഉറച്ചെങ്കില്‍ നിങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. അങ്ങനെ നിങ്ങളുടെ വീട്ടുകാരെങ്കിലും രക്ഷപെടട്ടെ..."

"ശവം തീനികള്‍...."
രഘു പിറുപിറുത്ത് കൊണ്ട് തിരമാലകളിലേക്ക് ഉറ്റ് നോക്കി. അവ തന്നെ മാടി വിളിക്കുന്നുവോ? അകലെയേതോ നീര്‍ച്ചുഴിയില്‍ തന്നെയും കൊണ്ട് പോകാന്‍ ഒരു തോണിക്കാരന്‍ കാത്തു നില്‍ക്കുന്നുവോ ?
കര്‍മ്മബന്ധങ്ങളുടെ പൊരുള്‍ തേടി മോക്ഷത്തിലേക്കുള്ള യാത്ര...

"രഘൂ, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് തോന്നുന്നു. താങ്ങാനാവാത്തത്ര ദുരിതങ്ങളും പ്രശ്നങ്ങളും മൂലം ആത്മഹത്യ മാത്രം പരിഹാരമായി നില്‍ക്കുന്ന വീടുകളില്‍ ഞങ്ങള്‍ എത്തുന്നു. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കി, കുഞ്ഞുങ്ങളെയെങ്കിലും ഞങ്ങള്‍ രക്ഷപെടുത്തുന്നു. അവരുടെ ചിലവിനായി ഒരു തുക ബാങ്കില്‍ നിക്ഷേപിക്കുന്നു. അങ്ങനെ കുറച്ചെങ്കിലും മനസ്സാക്ഷിയോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്."

"എന്നാലും, ഒരു കുടുംബത്തെ ഒന്നടങ്കം നിങ്ങള്‍ രക്ഷിക്കില്ല അല്ലേ...?"
അലന്‍ ഒരുവേള നിശബ്ദനായി.
"ആരെങ്കിലും ഒരാള്‍ മരിച്ചേ തീരൂ...എങ്കില്‍ മാത്രമേ ചാന്നല്‍ സഹായിക്കൂ. കമ്പനി പോളിസിയാണത്..."
"നിങ്ങള്‍ക്കെങ്ങനെ മനസ്സ്‌ വരുന്നൂ, പിടയുന്ന ജീവന്റെ ചിത്രമെടുക്കാന്‍....അത് വിറ്റ് ചാന്നലിന്റെ റേറ്റിംഗ് കൂട്ടാന്‍...ഇത്രയും ക്രൂരരാണോ മനുഷ്യര്‍...??"

"രഘൂ, ഇതെന്റെ ജോലിയുടെ ഭാഗമാണ്. കൊല്ലുക എന്നത് ക്രൂരമാണെങ്കിലും അറവുകാരനും ആരാച്ചാര്‍ക്കും അത് തന്റെ ജോലിയാണ്. അത് പോലെ തന്നെയാണ് എനിക്കിതും..."
"ഉം....പറയൂ...ഞാന്‍ ഇതെത്രാമത്തെ ഇരയാണ്...?"
"ആറു മാസം കൊണ്ട് ഞങ്ങള്‍ മൂന്ന് കൂട്ട ആത്മഹത്യകള്‍ ഉള്‍പ്പെടെ മുപ്പത്തിയാറെണ്ണം  ഇതുവരെ ചിത്രീകരിച്ച് കഴിഞ്ഞു. പരിപാടി സംപ്രേക്ഷണം ചെയ്ത് തുടങ്ങിക്കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ഞങ്ങളെ തേടി ഇങ്ങോട്ട് വരുമെന്നാണ് പ്രതീക്ഷ."

"അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ഒരു മുപ്പത്തിയേഴാമനെയാണ് അല്ലേ ?"
"അതേ....!"
മുപ്പത്തിയേഴാമന്‍...
അക്കങ്ങളുടെ കണക്കുകള്‍ കൂട്ടി നോക്കിയാല്‍ ഒരു കോടി രൂപ തന്റെ നമ്പറിനടിയ്ക്കുമോ?
പാലത്തറ വീട്ടില്‍ പരേതനായ രഘുവിനെ തേടി ഭാഗ്യം വരുമോ?
ആത്മഹത്യാ പെര്‍ഫോമന്‍സ് കണ്ട് ജഡ്ജസിനും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടാല്‍ കയ്യില്‍ ഒരു കോടി.
വീട്ടുകാര്‍ക്ക് സഹായഹസ്തങ്ങള്‍ വേറെയും...
മുടിയനായ പുത്രനെ ഓര്‍ത്തു മരണശേഷമെങ്കിലും കരയട്ടെ, തന്റെ വീട്ടുകാര്‍...
"രണ്ട് ലക്ഷം രൂപ ഉറപ്പായും കിട്ടുമെന്നല്ലേ പറഞ്ഞത്...?"
"അതേ, മരിച്ചതിന്‍റെ പിറ്റേദിവസം തന്നെ ആ തുക അവകാശിയുടെ കയ്യില്‍ എത്തിയിരിക്കും..."
"ഇനി അഥവാ ആത്മഹത്യാശ്രമം പരാജയപ്പെട്ടാല്‍....?"
"ഒന്നും കിട്ടില്ല..."
"അപ്പോള്‍ മരിച്ചേ തീരൂ.."
"എങ്കിലേ കാര്യം നടക്കൂ..."

"പക്ഷേ, രണ്ട് ലക്ഷം..അത് തീരെ കുറവാണ്. പ്രത്യേകിച്ചും ഇന്നത്തെ വിലവര്‍ദ്ധനവ് വെച്ച് നോക്കുമ്പോള്‍...ദഹിപ്പിക്കുവാനുള്ള ഇരുമ്പ് പെട്ടിക്കും ചിരട്ടയ്ക്കും കൂടി കഴിഞ്ഞ വര്‍ഷം അയ്യായിരം രൂപയായിരുന്നത് ഇപ്പോള്‍ ഒന്‍പതായിരം ആയി. ആംബുലന്‍സ്, സഞ്ചയനം എല്ലാ കൂടി നോക്കുമ്പോള്‍ മരണാനന്തര ചെലവ് തന്നെ നല്ലൊരു തുക വരും...അത് കൊണ്ട് ഈ പറഞ്ഞ തുകയ്ക്ക് നടക്കില്ല...."

അലന്‍ എന്തോ ആലോചിച്ചശേഷം, ആരോടോ ഫോണില്‍ സംസാരിച്ച് തിരികെ വന്നു.
"പരമാവധി മൂന്ന് ലക്ഷം രൂപവരെ ഞാന്‍ മേടിച്ച് തരാം. അതും ഞാന്‍ പ്രത്യേകം പറഞ്ഞത് കൊണ്ടാണവര്‍ സമ്മതിച്ചത്..."
തന്റെ ജീവന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെന്നത് അയാളുടെ മനസ്സിനെ വളരെയധികം സന്തോഷിപ്പിച്ചു..

അലനോട് സമ്മതം മൂളുകയും ഒരാഴ്ചക്കുള്ളില്‍ ആത്മഹത്യയുടെ തീയതി നിശ്ചയിക്കാം എന്നൊരു ധാരണയില്‍ എത്തിച്ചേരുകയും ചെയ്തു. വിസിറ്റിംഗ് കാര്‍ഡും ഫോണ്‍ നമ്പറും ഏല്‍പ്പിച്ച്, എപ്പോള്‍ വേണമെങ്കിലും വിളിച്ച് കൊള്ളാന്‍ പറഞ്ഞ് അലന്‍ പിരിഞ്ഞു.

അയാള്‍ വീണ്ടും ഏകനായി.
പാറക്കെട്ടില്‍ തലതല്ലിക്കരയുന്ന തിരയുടെ സീല്ക്കാരങ്ങള്‍ മാത്രം.
കടലിന് മേല്‍ ഒരു കൂട്ടം നീര്‍ക്കാക്കകള്‍ പറന്നകന്നു.

ആത്മഹത്യാ റിയാലിറ്റി ഷോയെ കുറിച്ചും അതില്‍ ഒന്നാം സമ്മാനം നേടിയെടുക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുമാണ് പിന്നീടുളള ദിവസങ്ങളിലെല്ലാം രഘു ആലോചിച്ച് കൂട്ടിയത്. നൂതനവും വിത്യസ്തവും ആരേയും കരയിക്കുന്നതുമായ ആത്മഹത്യാ രീതികള്‍.
ചാന്നലുകാര്‍ സ്ലോമോഷനില്‍ കാണിക്കുന്ന തന്റെ ജീവന്റെ പിടച്ചില്‍....
പുറത്തേക്ക് നീളുന്ന നാക്ക്....
തുറിച്ച കണ്ണുകള്‍...
പ്രേക്ഷകര്‍ എസ്.എം.എസ്. വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്‌...RAGHU SPACE 37

നീണ്ട ആലോചനകള്‍ക്കൊടുവിലാണ് ഗംഭീരമായ ആ ആശയം മനസ്സില്‍ തെളിഞ്ഞത്. ഉടനെ തന്നെ അടുത്തുള്ള പബ്ലിക്‌ ടെലിഫോണ്‍
ബൂത്തില്‍ നിന്നും അലനെ വിളിച്ചു.
"അലന്‍, നിങ്ങള്‍ക്ക് വരാം... ഈ മാസം, അതായത് ജനുവരി പതിനെട്ടാം തീയതി അനിവാര്യമായ ആ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു...."

തലേന്ന് തന്നെ എല്ലാവിധ സംവിധാനങ്ങളുമായി അലന്‍ എത്തിച്ചേര്‍ന്നു.  എങ്ങനെയാണ് താന്‍ മരണത്തിന് കീഴടങ്ങാന്‍ പോകുന്നത് എന്നയാള്‍ക്ക് വിശദീകരിച്ച് കൊടുത്തു.  മരിക്കുന്നതിനു മുന്‍പുള്ള അവസാന ദിവസത്തെ വികാരങ്ങള്‍ അലന്‍ ക്യാമറയില്‍ പകര്‍ത്തി.

ജനുവരി പതിനെട്ട്.
അവസാനത്തെ  പുലരിയെ,  നേരത്തെ എഴുന്നേറ്റ് വരവേറ്റു.
കുളിച്ച്, ക്ഷൗരം ചെയ്തു.
രാത്രിയിലാണ് മുഹൂര്‍ത്തം...
ഉച്ച കഴിഞ്ഞപ്പോള്‍,  വൈകുന്നേരം മടങ്ങി വരാമെന്ന്പറഞ്ഞ് അലന്‍ പോയപ്പോള്‍ രഘു വീണ്ടും തനിച്ചായി.
ഏകാന്തതയുടെ അവസാന നിമിഷങ്ങള്‍....
ഓര്‍മ്മകള്‍ മിന്നിത്തെളിയുന്നു....

അമ്മ.... - "നീ ഒരു കാലത്തും ഗൊണം പിടിക്കില്ല പിശാചേ...."
ഭാര്യ...."എറങ്ങിപ്പോകുന്നുണ്ടോ നശൂലം എന്റെ മുന്നില്‍ നിന്ന്...."
അയാളുടെ മുഖത്തേക്ക് നോക്കി, പുറത്തേക്ക് കാറിത്തുപ്പിയ പത്ത് വയസുകാരനായ മകന്‍....
വേണ്ടാ...ഓര്‍മ്മകള്‍ ഒഴിയാബാധകളാണ്.

ഒരു നിമിഷം മനസ്സ് എവിടെയോ അസ്വസ്ഥമാകാന്‍ തുടങ്ങി. ഭിത്തിയിലെ ഘടികാരത്തിന്റെ 'ടിക്', 'ടിക്' ശബ്ദം ഒരു പ്രകമ്പനത്തോടെ മനസ്സിലേക്കാളിപ്പടര്‍ന്നു...
ചെയ്തു പോയ തെറ്റുകളേറ്റ് പറഞ്ഞ് ഒരു കുമ്പസാരക്കൂട്ടില്‍ കിടന്ന് മനസ്സ് പിടയുന്നു; പശ്ചാത്താപ വിവശനായി.
മനുഷ്യനായി ജീവിക്കുവാന്‍ ആദ്യമായി ഒരു മോഹം അയാളില്‍ ഉണര്‍ന്നു.

വേണ്ടാ, അലനെ നിരാശനാക്കിക്കൂടാ...തന്നെ മാത്രം വിശ്വസിച്ചാണയാള്‍ വന്നത്. ജീവിക്കാന്‍ തനിക്ക് അര്‍ഹതയില്ല....
എങ്കിലും....
അലന്‍ മടങ്ങി വരാതിരുന്നെങ്കില്‍....!

വൈകിട്ട് ആറുമണിയോടെ കയ്യിലൊരു പൊതിയുമായി അലന്‍ മടങ്ങി വന്നു.  ഏതൊക്കെയോ കടലാസുകളില്‍ ഒപ്പിട്ട് കൊടുത്തു.
അവസാനമായി നോമിനിയുടെ പേരെഴുതി....
അമ്മ സരസ്വതി....ഭാര്യ വനജ.
അലന്‍ ക്യാമറയും മറ്റുപകരണങ്ങളും മുറിയില്‍ ഒരുക്കി, ആവശ്യത്തിന് വെളിച്ചം ഉണ്ടോയെന്ന് മീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച് തൃപ്തിപ്പെട്ടു.

"വരൂ...ഇനി എന്തെങ്കിലും കഴിക്കാം..."
അലന്‍ ബാഗില്‍ നിന്നും ഒരിലപ്പൊതി എടുത്ത് രഘുവിനെ ക്ഷണിച്ചു.
"വേണ്ട. എനിക്ക് വിശപ്പില്ല..."
"അങ്ങനെ പറയരുത്. ഇത് ചാന്നലുകാരന്റെ ഭിക്ഷയല്ല. ഹോട്ടലില്‍ നിന്നും വാങ്ങിയതുമല്ല. എന്റെ ഭാര്യ നിങ്ങള്‍ക്കായി പ്രത്യേകം ഉണ്ടാക്കിയതാണ്. ഉം..കഴിക്കൂ..."

രഘു പൊതിയഴിച്ചു.
ഒരു വ്യാഴവട്ടത്തിന് ശേഷം, ഒരു മനുഷ്യനിതാ കരുണയോടെ തനിക്ക് ഒരു നേരത്തെ ആഹാരം തന്നിരിക്കുന്നു....
രുചിയോടെ കഴിച്ചു; ഒരു വറ്റ് പോലും മിച്ചം വെക്കാതെ.
അവസാന ഉരുളയില്‍ കണ്ണീരിന്‍റെ ഉപ്പ് കലര്‍ന്നത്‌ അലന്‍ കണ്ടു കാണില്ല എന്നാശ്വസിച്ചു.
ചോറ് പൊതിഞ്ഞു കൊണ്ട് വന്ന ഇലയും കടലാസും അലനാണ് എടുത്ത് കളഞ്ഞത്.

കൈ കഴുകി തിരികെ വന്നപ്പോള്‍ അലന്‍ ക്യാമറയും മറ്റുപകരണങ്ങളും അഴിച്ചെടുത്ത് പായ്ക്ക്‌ ചെയ്യുന്നതാണ് കണ്ടത്.
"അലന്‍....." രഘു ഉറക്കെ വിളിച്ചു.
"ഞാന്‍ ആദ്യം കണ്ടപ്പോള്‍ നിങ്ങള്‍ മരണത്തെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്;  ഇപ്പോള്‍ ജീവിതത്തെക്കുറിച്ചും...."
"അപ്പോള്‍ കമ്പനി...ചാന്നല്‍...നിങ്ങളവരോട് എന്ത് പറയും...?"

അലന്‍ ചിരിച്ചു.
"പേര്,  പ്രശസ്തി,  പണം ഒക്കെയും വേണം; പക്ഷേ ഇടയ്ക്കെപ്പോഴെങ്കിലും നമ്മള്‍ മനുഷ്യനാകേണ്ടേ...?"
അയാളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച്, ഒരു കൊച്ചു കുട്ടിയെപ്പോലെ രഘു വിതുമ്പി. അലന്‍റെ മനസ്സ് തിരയടങ്ങിയ കടല് പോലെ ശാന്തമായിരുന്നു.
"ജീവിതം,  ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതാണ് രഘൂ...."

പുറത്ത്,  പൂഴിമണ്ണില്‍ പുതഞ്ഞ മഴയുടെ ഗന്ധം.
ക്യാമറയടങ്ങിയ ബാഗും ട്രൈപ്പോഡും കയ്യിലേന്തി, പുറത്തെ ഇരുളിലൂടെ മഴ നനഞ്ഞ്,  എടുക്കുവാന്‍ ഇനിയും ചില ചിത്രങ്ങള്‍ ബാക്കിയാക്കി അലന്‍ നടന്നകന്നു.....

മേശപ്പുറത്ത്, നമ്പര്‍ മുപ്പത്തിയേഴ് എന്നെഴുതിയ ഒരു ആത്മഹത്യാ സമ്മതപത്രം നാഥനില്ലാതെ കിടന്ന് ചിരിച്ചു.

                                                          **************

      
(മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Monday, August 6, 2012

സമ്മാനം (മിനികഥ)

ഏതോ ഒരു യാത്രയില് എത്തപ്പെട്ടതായിരുന്നൂ, ഞാന് ആ ചെറു നഗരത്തില്.
മലമുകളിലെ മനുഷ്യര്. പല ഭാഷകള് സംസാരിക്കുന്നവര്. പല ദേശക്കാര്. പല ഗോത്രവര്ഗ്ഗത്തില് പെട്ടവര്.

അടുത്ത ബസിനായുള്ള നീണ്ട കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്,  സ്റ്റാന്ഡിലെ ഏക പെട്ടിക്കടയില് നിന്നും ഒരു സോഡാനാരങ്ങാവെള്ളം ഓര്ഡര് ചെയ്തു. ഏതാനും ചില മിഠായി ഭരണികളും വട്ടമിട്ട് പറക്കുന്ന ഒരു പറ്റം ഈച്ചകളുമാണ് ആതിഥേയന് കൂട്ടായി പിന്നവിടെ ഉണ്ടായിരുന്നത്.

നീല ബെയ്സണിലെ കലക്ക വെള്ളത്തില് മുക്കിയെടുത്ത ഗ്ലാസ്സില് പകര്ന്ന് തന്ന നാരങ്ങാജ്യൂസ് നുകരവേ, എന്റെ കണ്ണുകള് അവനിലേക്ക് തെന്നി വീണു.
ഒരച്ഛന്റെ ഒക്കത്തിരുന്ന്, എത്തി വലിഞ്ഞ് ഒരു മിഠായി ഭരണിക്ക് നേരെ കൈ ചൂണ്ടുന്ന ഒരു കുഞ്ഞു കറുമ്പന്. പല വര്ണ്ണങ്ങളിലുള്ള കോല് മിഠായികള് അതിനുള്ളിലിരുന്ന് അവനെ നോക്കി ചിരിച്ചു കാണിച്ചു.

"ഈ മിഠായിക്ക് എത്രയാണ്..?"
അയാള് കടക്കാരനോട് ചോദിച്ചു.
"ഒരു രൂപ."
"ഒരെണ്ണം തരൂ..."
"ഒരു രൂപ ചില്ലറ ഉണ്ടേല് തരൂ; ഇവിടില്ല."

അയാള് നല്കിയ പത്തു രൂപ നോട്ട് തിരികെ നല്കിക്കൊണ്ട്, കര്ക്കശക്കാരനായ കടക്കാരന് മിഠായി പാത്രത്തിന് നേരെ നീണ്ട തന്റെ കൈ പിന്‍വലിച്ചു.
ഷര്ട്ടിന്റെ പോക്കറ്റില് കൈ വെച്ച് നോക്കിയ ശേഷം, അല്പമകലെ നിന്ന മെലിഞ്ഞുണങ്ങിയ ഒരു കറുത്ത സ്ത്രീയുടെനേരെ നോക്കി അയാള് ചോദിച്ചു.
"ഒരു രൂപ ചില്ലറ ഉണ്ടോ ?"
ഇല്ല എന്നവര് നിര്‍വികാരതയോടെ  തലയാട്ടി.
അവരോട് ചേര്ന്ന് നിന്നിരുന്ന ചെറിയ പെണ്കുട്ടിയുടെ കഴുത്തില് കിടന്ന മാലയിലെ മുത്തുകള്ക്ക് നിറം മങ്ങിയിരുന്നു.

കൈവശം ചില്ലറ ഇല്ലായിരുന്നതിനാലും അവര് ആകെ രണ്ട് കുട്ടികള് ഉള്ളതിനാലും അയാള് ഏതാനും മിഠായി കൂടി വാങ്ങുമെന്ന് ഞാന് കരുതി.
പക്ഷെ...
അയാള് തിരിഞ്ഞ് നടന്നു.
കുഞ്ഞുമുഖം ഇരുണ്ടു.

ഒരു മിഠായിക്ക് പകരം ഒരെണ്ണം പോലും കൂടുതല് വാങ്ങാനാവാതെ, അതിനുള്ള പണമില്ലാതെ നിസ്സഹായനായ ഒരു പിതാവിനെ ഞാന് കണ്ടു.
ഞാനെന്റെ അച്ഛനെ ഓര്ത്തു.
ഒക്കത്തിരുന്ന്, അച്ഛന്റെ പോക്കറ്റില് നിന്നും പണമെടുത്ത് കൊടുത്തു എത്രയോ മിഠായികള് ഞാന് വാങ്ങി തിന്നിരിക്കുന്നു.

നാരങ്ങാവെള്ളം കുടിച്ച ഗ്ലാസ് താഴെ വെച്ച്, ഭരണി തുറന്നു രണ്ട് മിഠായി എടുത്തു ഞാന് അവര്ക്ക് നേരെ നടന്നു.
"വേണ്ട സാര്" അയാളുടെ സ്വരത്തില് ദയനീയത കലര്ന്നിരുന്നു.
മിഠായി ആ അച്ഛന്റെ കയ്യില് നിര്ബന്ധിച്ച് ഏല്പ്പിച്ചു ഞാന് പറഞ്ഞു...
"ഒരിക്കല് ഞാനും ഒരു കുട്ടിയായിരുന്നു..."
നാല് ജോഡി കണ്ണുകള് എന്നെ നോക്കി സന്തോഷത്തോടെ, ഹൃദയം തുറന്നു പുഞ്ചിരിച്ചു.
ഞാന് നിറഞ്ഞ മനസ്സോടെ തിരികെ നടന്നു.

എനിക്ക് ജീവിതത്തില് കിട്ടിയ അമൂല്യമായ ഒരു സമ്മാനമായിരുന്നൂ ആ ചിരി മൊട്ടുകള്‍ കാരണം അന്നെന്റെ ജന്മദിനമായിരുന്നു...ആരുമറിയാതെ, ആരവങ്ങളില്ലാതെ കടന്നു പോയ മറ്റൊരു ജന്മദിനം.Sunday, March 25, 2012

നൂറ്റൊന്ന്‍ നായികമാരും ഞാനും

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നുമില്ലാതെ ഉത്തരത്തിലേക്കും നോക്കി ഒരിരുപ്പാണ്..........
പത്രത്തില്‍ ആണേല്‍ വായിക്കാന്‍ രസകരങ്ങളായ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. പീഡനങ്ങള്‍ പണ്ടേപ്പോലെ നടക്കാത്തതാണോ പത്രങ്ങള്‍ പത്രധര്‍മ്മം സ്വീകരിച്ചതാണോ എന്നറിയില്ല. എന്താണേലും കഷ്ടം തന്നെ.

ആകെപ്പാടെയുള്ള നല്ലൊരു വാര്‍ത്ത, ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഒന്നുപോലും കേരളത്തിന്‌ കിട്ടിയില്ല എന്നതാണ്. രതിനിര്‍വ്വേദത്തിലെ അഭിനയത്തിന് ശ്വേതച്ചേച്ചിക്ക് ഞാനൊരു അവാര്‍ഡു പ്രതീക്ഷിച്ചിരുന്നു; പക്ഷെ കിട്ടിയത് ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് വിദ്യ ബാലനാണ്. എങ്കിലതും ഉടനെ കാണണം, രതിനിര്‍വ്വേദത്തേക്കാള്‍ കിടിലന്‍ ആയിരിക്കണം ഡേര്‍ട്ടി പിക്ചര്‍. സന്തോഷ്‌ പണ്ഡിറ്റിന് മികച്ച നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് കിട്ടാതെ പോയതും മലയാളികളുടെ നിര്‍ഭാഗ്യം.

ഇങ്ങനെ ഓരോന്നോര്‍ത്തു ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നൂ - ഒരു ഫോണ്‍ കോള്‍.
"ഹലോ...മഹേഷ്‌ സാറല്ലേ.......?"
ആരാണപ്പാ എന്നെ സാറേ എന്ന് വിളിക്കാനും മാത്രം വളര്ന്നവന്‍?
"അതേ, നിങ്ങളാരാണ്?"
"സാര്‍ ഞാന്‍ ചെന്നൈ കോടമ്പാക്കത്ത് നിന്നും വിളിക്കുകയാണ്. ഒരത്യാവശ്യ കാര്യം സംസാരിക്കാനായി സാറിന്റെ ഒരു അപ്പോയ്മെന്റ്റ്‌ വേണമായിരുന്നു..."
"ഹലോ സുഹൃത്തേ, എന്നെ കാണാന്‍ അതിന്റെയൊന്നും ആവശ്യമില്ല, നേരെ ഇങ്ങു വന്നാ മതി......."
"വളരെ ഉപകാരം സാര്‍...സാറ് ബാംഗ്ലൂര്‍ തന്നെയല്ലേ? ഉച്ച കഴിഞ്ഞുള്ള ആദ്യ ഫ്ലൈറ്റിന് ഞാനിവിടുന്നു തിരിക്കും. വൈകുന്നേരം നാല് മണിയോടെ അവിടെ എത്തിയേക്കും."

ഫോണ്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു; എന്നെ കാണാന്‍ ഒരുത്തന്‍ ഫ്ലൈറ്റിന് വരുന്നെന്ന്. ഞാന്‍ കടം മേടിച്ച കാശ് തിരികെ കിട്ടാനുള്ള ആരെങ്കിലും വെറുതെ വിളിച്ചു ഒരു പണി തരുന്നതാണോ എന്നും ഞാന്‍ ആലോചിക്കാതിരുന്നില്ല. എവിടാണേലും ഇതിപ്പോള്‍ എല്ലാരും പരസ്പരം പണി കൊടുക്കുന്ന സീസണ്‍ ആണല്ലോ.

പക്ഷേ, പറഞ്ഞ പോലെ തന്നെ നാലുമണിക്ക്, കയ്യിലൊരു സ്യൂട്ട് കേസുമായി അയാളെത്തിച്ചേര്‍ന്നു. ഞാന്‍ ആഗതനെ സാകൂതം നോക്കി. സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാളുടെ വേഷത്തിലും ഭാവത്തിലും ഒരു ഔന്നത്യം നിറഞ്ഞു നിന്നിരുന്നു.
"കയറി വരൂ...എന്താ നിങ്ങളുടെ പേര്...?"
"എന്റെ പേര് പിന്നെ പറയാം സാര്‍. തല്‍ക്കാലം സാര്‍ എന്നെ മിസ്റ്റര്‍ കെ. എന്ന് വിളിച്ചു കൊള്ളൂ...ഐ മീന്‍ മിസ്റ്റര്‍ കോടമ്പാക്കം എന്നതിന്റെ ചുരുക്കം.."

കസേരയില്‍ നിന്നും അല്പം മുന്നോട്ടാഞ്ഞിരുന്ന് അയാള്‍ വിനീതമായി പറഞ്ഞു.
"സാറെനിക്ക് വലിയൊരു ഉപകാരം ചെയ്യണം. ദയവ് ചെയ്തു പറ്റില്ല എന്ന് മാത്രം പറയരുത്."
"എന്തുപകാരം....?"
"ഞാനൊരു പുതിയ സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. സാറത് സംവിധാനം ചെയ്യണം. മറുത്തൊന്നും പറയരുത്...പ്ലീസ്..."

"ഹേ, മിസ്റ്റര്‍ കോടമ്പാക്കം ഇന്ന് വരെ ഒരു സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത ഞാന്‍ സിനിമ സംവിധാനം ചെയ്യണമെന്നോ? നിങ്ങള്ക്ക് ആള് മാറിയതാകും. "
"എനിക്ക് ആള് മാറിയിട്ടില്ല സാര്‍. സാറിന്‍റെ 'ഇലച്ചാര്‍ത്തുകള്‍' ബ്ലോഗ്‌ ഞാന്‍ പതിവായി വായിക്കാറുണ്ട്. സത്യം പറയാമല്ലോ ഈ ജാദി കഥകള്‍ ഞാനെന്റെ മുജ്ജന്മത്തില്‍ പോലും വായിച്ചിട്ടില്ല; അത്രയ്ക്ക് ഭയങ്കരമാണ്.. .. "

എന്റെ ആരാധകന്‍ ആണ് അയാള്‍ എന്നറിഞ്ഞതോടെ എനിക്കയാളോട് ഒരു പ്രത്യേക മമത തോന്നി.
"എന്നാലും ഒന്നുമറിയാതെ ഒരു സിനിമ സംവിധാനം ചെയ്യുക എന്നൊക്കെ പറയുമ്പോള്‍...."
"ഒരെന്നാലുമില്ല സാര്‍. എന്റെ മനസിലുള്ള സിനിമ പിടിക്കാന്‍ സാറിനെക്കൊണ്ട് മാത്രമേ സാധിക്കൂ.. പറയുന്നത് വെറുതെയല്ല, സാറിന്‍റെ കഴിവിലുള്ള വിശ്വാസം അതൊന്നുകൊണ്ട് മാത്രമാണ്..."

ഈശ്വരാ, ഈ ആരാധകര്‍ ഇങ്ങനെ നിര്‍ബന്ധിച്ചാല്‍ പിന്നെ ലോല ഹൃദയനായ ഞാനെന്ത് പറയാനാണ്? സിനിമയെങ്കില്‍ സിനിമ. ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ്‌ പഠിക്കാം എന്ന മാതിരി ഏഴു ദിവസം കൊണ്ട് സംവിധായകന്‍ ആകാന്‍ പറ്റിയ പുസ്തകം വല്ലതും കാണുമോ എന്തോ? അങ്ങനെയൊരെണ്ണം കിട്ടിയാല്‍ രക്ഷപെട്ടു. എന്തായാലും ഞാന്‍ അര്‍ദ്ധ സമ്മതം മൂളി.
"എന്നാല്‍ പിന്നെ തന്റെയിഷ്ടം പോലെ..."

മിസ്റ്റര്‍ കെ.യുടെ കണ്ണുകള്‍ തിളങ്ങുകയും സന്തോഷാധിക്യത്താല്‍ അയാള്‍ കസേര അല്പം കൂടി മുന്നിലേക്ക്‌ വലിച്ചിട്ട് എന്റടുത്തേക്ക് നീങ്ങിയിരിക്കുകയും ചെയ്തു.

"സാര്‍ നമ്മളെടുക്കുന്ന ഈ പടം വെറുമൊരു സാധാരണ സിനിമ ആയിരിക്കരുത്...എത്ര പണം ചിലവായാലും വേണ്ടില്ല. എന്ത് കൊണ്ടും സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമയേക്കാള്‍ ഒരുപടി പിന്നില്‍ നില്‍ക്കുന്നതായിരിക്കണം നമ്മളുടെ സിനിമ...."
"എന്ന് വെച്ചാല്‍......?????"
"കൃഷ്ണനും രാധയും എട്ട് നിലയില്‍ പൊട്ടിയെങ്കില്‍ നമ്മുടെ പടം ഈരെട്ട് പതിനാറ് നിലയില്‍ പൊട്ടണം..."

"ഹേ...മിസ്റ്റര്‍ താനൊന്നെഴുന്നേറ്റെ...സത്യം പറ. തന്നെയാരാ ഇങ്ങോട്ട് അയച്ചത്? മലയാള സിനിമയുടെ വളര്‍ച്ച കണ്ടു സഹിക്കവയ്യാതെ, ഹോളിവുഡിലെ അസൂയാലുക്കള്‍ അയച്ചതല്ലേടോ തന്നെ ഇങ്ങോട്ട്, മലയാള സിനിമയെ നശിപ്പിക്കാനായി....."
"അയ്യോ...അങ്ങനെയൊന്നും പറയരുത് സാര്‍....മലയാള സിനിമയെ നെഞ്ചിലേററ്റുന്ന, അവളുടെ രാവുകള്‍ മുതല്‍ ശ്വേതച്ചേച്ചിയുടെ രതിനിര്‍വ്വേദം വരെ കണ്ട, ഒരു ചലച്ചിത്ര പ്രേമിയാണ് ഞാന്‍...."

"അപ്പോള്‍ താന്‍ ശ്വേതേച്ചിയെ കണ്ടു അല്ലേ? എങ്ങനെ ഇഷ്ടപ്പെട്ടോ?"
"അത് പിന്നെ ചോദിക്കുവാനുണ്ടോ? ശരിക്കും ഞാനാ സിനിമ കാണുകയായിരുന്നില്ല, അതില്‍ ജീവിക്കുകയായിരുന്നു....."
"ഞാനും........ഞാന്‍ ഇന്നലേം ജീവിച്ചു..............."

"സാറീ പടം ഞാന്‍ പറയുന്ന പോലെ ചെയ്യ്. റീമേക്ക് ചെയ്യാത്ത പഴയ പടങ്ങള്‍ ഇനിയുമുണ്ടല്ലോ. ഈ പ്രോജക്റ്റ് കഴിഞ്ഞ്, ഇണ, പറങ്കിമല, അവളുടെ രാവുകള്‍ ഇതിലേതെങ്കിലുമൊന്നു റീമേക്ക് ചെയ്ത് അതിലും ശ്വേതച്ചേച്ചിയെ നായികയാക്കി, സാറതിന്റേം സംവിധായകനായി, അങ്ങനെ മലയാള സിനിമയെ രക്ഷിച്ചെടുക്കാന്‍ ഒരവസാന ശ്രമം നമുക്കും നടത്താം. അത് നമുക്ക് ത്രീഡിയില്‍ തന്നെ എടുത്തുകളയാം. അപ്പോള്‍ പിന്നെ സംഗതികള്‍ ഒക്കെ ജോറായിട്ട് കാണാമല്ലോ..."

അയാള്‍ പറഞ്ഞത് കേട്ട്, എന്റെ ശരീരമാകെ കുളിര് കോരുകയും ഇടതു കാലിന്റെ പെരു വിരല്‍ മുതല്‍ വലതു കാലിന്റെ പെരു വിരല്‍ വരെ എന്തോ ഒരു സംഗതി പാഞ്ഞുപോകുകയും ചെയ്തു....

പക്ഷേ, ഇയാളീ പറയുന്നതൊക്കെ നടക്കുന്ന കാര്യമാണോ? കണ്ടാല്‍ ഇയാളൊരു മാന്യനെന്ന്‍ തോന്നുമെങ്കിലും മാന്യന്മാരെ ആണ് ഇക്കാലത്ത് കൂടുതല്‍ സൂക്ഷിക്കേണ്ടത്...

"ഏയ്‌.....ഇതൊന്നും ശരിയാകുമെന്ന് തോന്നുന്നില്ല....വേണ്ട..."
ഞാന്‍ എതിര്‍ത്തു. അയാള്‍ ഒന്നും മിണ്ടാതെ സ്യൂട്ട്കേസ്‌ തുറന്ന് എന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു....
"ഇത് അഞ്ച് ലക്ഷം രൂപയുണ്ട്. അഡ്വാന്‍സ്‌ തുക. പടം പൊട്ടിയാല്‍ ഇത് കൂടാതെ ഇരുപതു ലക്ഷം വേറെ. അങ്ങനെ മൊത്തം സാറിനെ കാത്തിരിക്കുന്നത് കാല്‍ കോടി രൂപയുടെ ഭാഗ്യമാണ്. ഞാന്‍ കളി പറയുക അല്ലെന്നു ഇപ്പോള്‍ മനസിലായില്ലേ..."

ഞാനാകെ ധര്‍മ്മ സങ്കടത്തിലായി. വിരല്‍ തുമ്പില്‍ വന്നിരിക്കുന്ന മഹാഗണപതിയെ തട്ടിത്തെറിപ്പിക്കാനും വയ്യ, മടിയിലിരുത്താനും വയ്യാത്ത അവസ്ഥ...ഒടുവില്‍ രണ്ടും കല്പിച്ച്, ഒരു സംവിധായകനാകാന്‍ ഞാന്‍ തീരുമാനിച്ചു.

പടം നല്ല രീതിയില്‍ പൊട്ടുന്നതിനായി, മിസ്റ്റര്‍ കെ.യുടെ മറ്റു ചില നിബന്ധനകള്‍ കൂടി എനിക്ക് അംഗീകരിക്കേണ്ടതായി വന്നു. കഥ, തിരക്കഥ, സംവിധാനം എന്നിവ കൂടാതെ നായകനായി ഞാന്‍ തന്നെ അഭിനയിക്കണമെന്നും ഗാനരചനയും ആലാപനവും സംഗീതവും ഞാന്‍ നിര്‍വ്വഹിക്കണം എന്നുമായിരുന്നു ആ നിബന്ധനകള്‍. പടത്തിനു കിട്ടുന്ന ഏതൊരു ക്രെഡിറ്റും എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, താന്‍ നിര്‍മ്മാതാവാണ് എന്ന കാര്യം പരമ രഹസ്യം ആയിരിക്കണമെന്നും മിസ്റ്റര്‍ കെ. നിഷ്കര്‍ഷിച്ചു.


തുടര്‍ന്ന് ഞങ്ങള്‍, നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. 'കൃഷ്ണനും രാധയും' കാണാന്‍ പോയവര്‍ തീയേറ്ററിനുള്ളില്‍ തെറിയഭിഷേകവും കൂകിവിളിയും നടത്തിയെങ്കില്‍ എന്റെ സിനിമ കണ്ടിറങ്ങുന്നവര്‍ തീയേറ്റര്‍ തന്നെ കത്തിച്ച് കളയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മിസ്റ്റര്‍ കെ വെളിപ്പെടുത്തി. നഷ്ടപരിഹാരമായി തീയേറ്ററുടമക്ക് എത്ര പണം കൊടുക്കേണ്ടി വന്നാലും സാരമില്ലെന്നും, വേണ്ടി വന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ് ഫാന്‍സ്‌ അസോസിയേഷനെ ഇതിനായി രംഗത്ത് ഇറക്കാനുമാണ് കോടമ്പാക്കത്തിന്റെ പദ്ധതികള്‍.

"കഥ, സാറിന് ഇഷ്ടമുള്ളത് എഴുതിക്കോ. പക്ഷേ, ഒന്ന് രണ്ടു നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ഒരുപാട് സുന്ദരിമാര്‍ അഭിനയിച്ച ഒരു മെഗാസ്റ്റാറിന്റെ പടം അടുത്തിടെ പൊട്ടിയില്ലേ. അതൊരു നല്ല സ്ട്രാറ്റജി ആണ്. നമ്മുടെ ഈ സിനിമയില്‍ ചുരുങ്ങിയത് നൂറ്റൊന്നു പുതുമുഖ നായികമാര്‍ എങ്കിലും വേണം...."

നൂറ്റൊന്നു പുതുമുഖ നായികമാരും ഞാനും...
എന്റെ മനസ്സിലും ലഡു പൊട്ടി; ഒന്നും രണ്ടുമല്ല, നൂറ്റൊന്നെണ്ണം...

മിസ്റ്റര്‍ കെ. തുടര്‍ന്നു...
"പക്ഷേ, ക്ലൈമാക്സില്‍ നൂറ്റൊന്ന് നായികമാരും ചേര്‍ന്ന്‍ നായകനെ തല്ലിക്കൊല്ലണം."
"അത്രയ്ക്ക് അങ്ങ് വേണോ ? "
"വേണം..."
"എങ്കില്‍ ക്ലൈമാക്സ് ആദ്യമേ ചിത്രീകരിക്കുന്നതായിരിക്കും നല്ലത്. അവസാനത്തേക്ക് മാറ്റി വെച്ചാല്‍ ചിലപ്പോള്‍ അവരെന്നെ ശരിക്കും തല്ലിക്കൊന്നാലോ ? "
"അതൊരു പോയിന്റാണ് സാര്‍. അങ്ങനെവല്ലോം വല്ലോം സംഭവിച്ചാല്‍ പടം ഹിറ്റാകും. എന്റെ ലക്‌ഷ്യം പൊളിയുകയും ചെയ്യും....ആട്ടെ, നമുക്കിനി കഥയെ കുറിച്ച് ഡിസ്കസ് ചെയ്താലോ. സാറിന്‍റെ മനസ്സില്‍ ഉള്ളത് പറയൂ...."

"സിനിമക്ക് പറ്റിയ കഥ എഴുതുക എന്നത് വളരെ എളുപ്പമാണ്....അതിനു നമ്മളാദ്യം നായകനെ മനസ്സില്‍ നിര്‍ത്തി, നായകന്‍ പടച്ചു വിടേണ്ട കിടിലന്‍ ഡയലോഗുകള്‍ ഒന്നൊന്നായി അങ്ങ് എഴുതും. അടുത്തത് വില്ലനെ മനസ്സില്‍ കണ്ട് സംഘട്ടന രംഗങ്ങള്‍ ആവിഷ്കരിക്കും. പിന്നെ ഒന്ന് രണ്ടു ബലാല്‍സംഗവും കുളിസീനും പാട്ട് സീനും ഒക്കെ കൂടി ആകുമ്പോള്‍ സംഗതി ചേരുവകള്‍ എല്ലാം റെഡി. പിന്നെ, ഇവയെല്ലാം കൂടി ഒന്ന് ബന്ധിപ്പിച്ച്, പാകം ചെയ്തു എടുക്കേണ്ട കാര്യമേ ഉള്ളൂ.. കഥ റെഡി..."

എത്ര പെട്ടന്നാണ് ഞാന്‍ ഒരു കഥ ഉണ്ടാക്കിയെടുത്തത് എന്ന ആശ്ച്ചര്യത്തോടെ കെ. എന്നെ നോക്കി.

"സാറാണ് യഥാര്‍ത്ഥ സിനിമാക്കാരന്‍. പക്ഷേ, ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും. അതൊരിക്കലും സംഭവിക്കരുത്..."
അയാള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.

"സംഘട്ടന രംഗങ്ങളെ കുറിച്ച് എന്റെ മനസ്സില്‍ ഉള്ള ആശയം ഞാന്‍ പറയട്ടെ...."
ഒന്ന് നിര്‍ത്തി കെ. തുടര്‍ന്നു...
"നായകന്‍ വില്ലനേയും സംഘത്തേയും അടിക്കുന്നു, ഇടിക്കുന്നു...നായകന്‍റെ ഇടിയുടേയും അടിയുടേയും ശക്തിയില്‍ ഭൂമി കുലുങ്ങുന്നു. പ്രദേശത്തെ വീടുകളിലെ പാത്രങ്ങളും മറ്റും താഴെ വീണുരുളുന്നു, ഉടയുന്നു...അപ്പോള്‍ കാര്യം മനസിലാക്കുന്ന നാട്ടുകാര്‍, നായകന്‍ വില്ലനെ തോല്പിക്കുന്നത് കാണാന്‍ അങ്ങോട്ടോടുന്നു.....ഫ്രെയ്മില്‍ ഓടുന്ന നാട്ടുകാരുടെ കാലുകള്‍.........സംഘട്ടനം.......പിന്നേം, ഓടുന്ന കാലുകള്‍.......സംഘട്ടനം....അങ്ങനെ മാറി മാറി............."

മിസ്റ്റര്‍ കെ.യില്‍ ഒരു പ്രതിഭയുടെ കൊള്ളിമീന്‍ ഞാന്‍ കണ്ടു.
"താന്‍ ഞാന്‍ ഉദ്ദേശിച്ച പോലല്ല കേട്ടോ..."
"എങ്കില്‍ ശരി സാര്‍, ഞാനിറങ്ങട്ടെ. എന്റെ ഫ്ലൈറ്റിന് സമയമായിരിക്കുന്നു. വൈകാതെ വീണ്ടും കാണാം..."
" താങ്കള്‍ എന്റെ വീട്ടില്‍ ആദ്യമായി വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാതെ പോകരുത്, പ്ലീസ്.... ചായപ്പൊടിയില്ല; വെള്ളം തിളപ്പിക്കാനാണേല്‍ ഗ്യാസുമില്ല. പച്ചവെള്ളത്തില്‍ പഞ്ചസാരയിട്ട് ഒരു ഗ്ലാസ്സ് എടുക്കട്ടെ...?"
"ഒന്നും വേണ്ട സാര്‍. ചോദ്യം കേട്ടപ്പോള്‍ തന്നെ എന്റെ വയറ് നിറഞ്ഞു..."

അയാള്‍ പോകുവാനായി കസേരയില്‍ നിന്നും എഴുന്നേറ്റു.
"സുഹൃത്തേ, അവസാനമായി ഒരു കാര്യം കൂടി അറിയണം എന്നുണ്ട്... താങ്കള്‍ ആരാണെന്നും ഇത്തരത്തില്‍ ഒരു പടമെടുത്തു കാശ് വെറുതെ കളയുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നും---"

കോടമ്പാക്കം മെല്ലെ ചിരിച്ചു.
"എന്തായാലും നമ്മള്‍ തമ്മില്‍ ഉള്ള ഡീല്‍ ഉറപ്പിച്ച സ്ഥിതിക്ക്, ആ കാര്യം ഞാന്‍ താങ്കളോട് മാത്രം പറയാം. സത്യത്തില്‍ ഞാന്‍ കോടീശ്വരനായ ഒരു ബിസിനസ്സ്‌കാരനാണ്‌....പക്ഷെ........."
"പക്ഷേ......???"
"ഞാനിപ്പോള്‍ എവിടെ ചെന്നാലും ആള്‍ക്കാര്‍ എന്നെ കളിയാക്കുന്നു. ഓഫീസിലുള്ളവരും സുഹൃത്തുക്കളും ബിസിനസ്സ്‌ മാഗ്നറ്റുകളുമെല്ലാം. കളിയാക്കല്‍ കേട്ട് കേട്ട് ഞാന്‍ സഹികെട്ടു...ബിസിനസ്സ് ചെയ്യാന്‍ താല്പര്യമേ ഇല്ലന്നായി. ജീവിതം തന്നെ മടുത്ത പോലെ... എല്ലാം അവന്‍, ആ സന്തോഷ്‌ പണ്ഡിറ്റ് എന്ന ഒറ്റ ഒരുത്തന്‍ കാരണം. അവന്‍ ഉണ്ടാക്കിയ പേര്ദോഷം......."

"അതിനു, സന്തോഷ്‌ പണ്ഡിറ്റ് എന്ത് പേരുദോഷമാണ് താങ്കള്‍ക്കുണ്ടാക്കിയത് ?? "

"നിര്‍ഭാഗ്യവശാല്‍ എനിക്കും അയാളുടെ പേര് തന്നെയാണ് സാര്‍. ലവന്‍ കാരണം പേരുദോഷം കിട്ടിയ ഹതഭാഗ്യവാന്‍ ആയ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌....."

ഒന്നും ഉരിയാടാനാവാതെ ഞാന്‍ നില്‍ക്കെ, എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ആ ചെറുപ്പക്കാരന്‍ അപക്ഷിച്ചു.
"ദയവ് ചെയ്ത് എങ്ങനെയേലും ഈ പടമൊന്നു പൊട്ടിച്ചു തരണം. എന്റെ പേരിനേറ്റ ദോഷം മാറിക്കിട്ടാന്‍ ഇനി സാറ് വിചാരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ...."

കതക് തുറന്ന് മിസ്റ്റര്‍ കെ. പുറത്തേക്ക് നടന്നു. അയാള്‍ ഏല്‍പ്പിച്ച് പോയ സ്യൂട്ട്കേസിലെ നോട്ടുകളിലേക്കും വീടിന്റെ ഉത്തരത്തിലേക്കും മാറി മാറി നോക്കിക്കൊണ്ട് ഞാന്‍ നിന്നു....

Tuesday, February 21, 2012

മറുകരയിലെ കാറ്റ്

ജാലക വാതിലിലൂടെ പുറത്തേക്ക് നോട്ടം ചെന്നെത്തുന്നത്, ചെറിയ തെങ്ങിന്‍ തോപ്പിലൂടെ, അവയ്ക്കിടയില്‍ അങ്ങിങ്ങായി നില്‍ക്കുന്ന മുരിങ്ങ മരങ്ങളും താണ്ടി ഒരു കന്യാസ്ത്രീ മഠത്തിലേക്കാണ്. കോണ്‍ക്രീറ്റ് സൌധങ്ങള്‍ ഇടതിങ്ങിയ നഗരത്തിന്റെ മാറില്‍, ഏകാകിയായ ഒരു സുന്ദരിയെപ്പോലെ ഈ ഇളം പച്ചപ്പ്‌ പടര്‍ന്നു കിടന്നു. പകല്‍ നേരങ്ങളില്‍ വിരുന്നിനെത്തുന്ന അണ്ണാറക്കണ്ണന്‍മാരും ഒറ്റവാലന്കിളികളും മരംകൊത്തിയുമൊക്കെ എന്റെ കണ്ണുകള്‍ക്കും ചെവിക്കും വിഭവങ്ങളൊരുക്കിയിരുന്നു .

തെങ്ങിന്‍ തോപ്പുകള്‍ക്കപ്പുറം എവിടെയോ മാമ്പഴത്തോട്ടങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞെത്തിയ വടക്കന്‍ കാറ്റ്, കുളിര്‍മ്മയേകിയ ഒരുപാട് സന്ധ്യകളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അത് കൊണ്ടൊക്കെയാകാം എഴുതാനും മദ്യപിക്കാനും ഒന്നാം നിലയിലെ ഈ ജാലകവാതില്‍ എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്.

ആ കന്യാസ്ത്രീ മഠത്തിലെ രണ്ടാം നിലയിലെ ഒരു ജനാലയ്ക്കല്‍, ഉദ്ദേശം രാത്രി പതിനൊന്നര മുതല്‍ പന്ത്രണ്ടു മണി വരെ ഒരു സ്ത്രീ രൂപം വെറുതെ പുറത്തേയ്ക്കും നോക്കി ഏകയായി നില്‍ക്കുന്നത് ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു . ഇപ്പോള്‍ പതിവായും. മിക്കവാറും ഞാന്‍ ബിയര്‍ കുടിച്ചു കൊണ്ടിരിക്കുന്ന സമയമായിരിക്കും അത്. ഒറ്റയ്ക്കിരുന്നു കുടിക്കുന്നതിന്റെ വിരസത ഒഴിവാക്കാന്‍ അപ്പോഴെല്ലാം ഞാന്‍ അവരെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

രൂപം, പ്രായം എന്നിവ വ്യക്തമായിരുന്നില്ലെങ്കില്‍ കൂടിയും എന്തോ ഒരു നൊമ്പരം ആ കര്‍ത്താവിന്റെ മണവാട്ടിയില്‍ ഘനീഭവിച്ചു കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. എന്തായിരിക്കും അവര്‍ ചിന്തിക്കുന്നത്? എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് കൃത്യമായി അവര്‍ എന്തിനാണാ ജാലക വാതില്‍ക്കല്‍ വന്നു പുറത്തേക്കും നോക്കി നില്‍ക്കുന്നത്?
എത്ര ആലോചിച്ചിട്ടും അവരെ ചൂഴ്ന്നു കിടക്കുന്ന ആത്മസംഘര്‍ഷത്തിന്റെ ഉണങ്ങാത്ത
മുറിപ്പാടുകള്‍ എനിക്ക് കാണാമറയത്തായി തന്നെ നിലകൊണ്ടു.

അന്ന് രാത്രി ബിയര്‍ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ ചിന്ത പതിവിനു വിപരീതമായി അവരില്‍ നിന്നും തെന്നി മാറുകയും അയാള്‍ മനസ്സില്‍ കടന്നു വരികയും ചെയ്തു -- നായിഡു അണ്ണന്‍. ചെറിയ അടുക്കള നിറയെ കാലിബിയര്‍ കുപ്പികള്‍ കൊണ്ടും പഴയ പത്രമാസികകള്‍ കൊണ്ടും നിറഞ്ഞെന്നും, അവസാനമായി അവ കൊണ്ടുപോകാന്‍ അയാള്‍ വന്നത് ഒന്നര മാസമെങ്കിലും മുന്പാണെന്നും ഞാനോര്‍ത്തു. മുറ തെറ്റിക്കാതെ അയാള്‍ മാസാമാസം വരാറുള്ളതാണ്.

ആദ്യമായി ഞാനയാളെ കാണുന്നത് ഒരു വര്‍ഷത്തോളം മുന്‍പാണ്. ഒരു പഴയ സൈക്കിളുമായി ഒരു നട്ടുച്ചയ്ക്ക് വിയര്‍പ്പില്‍ കുളിച്ച്, 'പേപ്പര്‍...പേപ്പര്‍...' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പോയപ്പോള്‍. മദ്ധ്യവയസ്കനായ അയാള്‍ ശുദ്ധനും ശരീരം ശുഷ്ക്കിച്ചവനും ഭാരിച്ച ജോലികള്‍
ചെയ്യാന്‍ കെല്‍പ്പില്ലാത്തവനുമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാമായിരുന്നു.

അന്ന് മുതലാണ്‌ ആവശ്യം കഴിഞ്ഞ പത്രങ്ങളും ബിയര്‍കുപ്പികളും അയാള്‍ക്ക്‌ നല്‍കി തുടങ്ങിയത്. പകരമായി ഒരിക്കല്‍ പോലും ഞാന്‍ പണം വാങ്ങിയിരുന്നില്ല എന്നതിന് കാരണം അതെല്ലാം എന്റെ മുറിയില്‍ നിന്നും നീക്കം ചെയ്യുക എന്നത് അയാളേക്കാളുപരിയായി എന്റെ ആവശ്യമായിരുന്നതിനാലാണ്. എങ്കിലും അയാളത് എന്റെ മഹാമനസ്കതയായാണ് കണക്കാക്കിയിരുന്നത് എന്ന് തോന്നുന്നു.

മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലാണ് താന്‍ പിറന്നതെന്നും പിന്നീട് കര്‍ണ്ണാടകയിലെ ബെല്ഗാമിലേക്ക് കുടിയേറുകയായിരുന്നു എന്നും ഒരിക്കല്‍ അയാളെന്നോട് പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് ശേഷമാണത്രേ ഈ നഗരത്തിലേക്ക് ചേക്കേറിയത്. ഭാര്യയോടും കുട്ടിയോടുമൊപ്പം ഇവിടെ അടുത്തേതോ കോളനിയില്‍ വാടകയ്ക്ക് കഴിയുന്നു. കന്നടയ്ക്കും ഹിന്ദിയ്ക്കും പുറമേ മറാഠിയും അയാള്‍ക്ക്‌ വശമുണ്ടായിരുന്നു.

കാപട്യം നിഴലിച്ച നഗരത്തില്‍ മറ്റാരേക്കാളും ഒരു ആത്മബന്ധം എനിക്ക് തോന്നിയിട്ടുള്ളത് രണ്ടു പേരോടാണ്. അയാളോടും പിന്നെ പേരറിയാത്ത രൂപമറിയാത്ത ആ കന്യാസ്ത്രീയോടും.

രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ഓഫീസില്‍ നിന്നും വളരെ വൈകി വന്ന ഒരു രാത്രി നായിഡു അണ്ണന്‍ സൈക്കിളുമായി എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.
"നായിഡു അണ്ണന്‍ എന്തേയീ നേരത്ത്..?"
"സന്ധ്യയായപ്പോള്‍ മുതല്‍ കാത്തിരിക്കുകയാണ്. സാര്‍ വരാന്‍ വൈകി. പണത്തിനു ഇത്തിരി കഷ്ടതിലാണ്. അതാ കാത്ത് നിന്നത്. ജോലിയുള്ള ദിവസം രാവിലെ സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ....."
"ആയിക്കോട്ടെ..."
അയാള്‍ മൂന്നു ചാക്ക് നിറയെ ബിയര്‍ കുപ്പികളും പത്രവും എടുത്ത് സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ചു.

"ഈ അസമയത്ത് വന്നത് സാറിനു ബുദ്ധിമുട്ടായോ....?"
"ഏയ്‌...കുഴപ്പമൊന്നുമില്ല..." ഞാന്‍ ചിരിച്ചു.
"ഒരു രക്ഷയുമില്ലാതെ പട്ടിണിയാകേണ്ടി വരുമ്പോഴാണ് ഞാന്‍ സാറിന്റെ അടുത്ത് വരുന്നത്. ഇവിടെ ഉറപ്പായും എന്തേലും കാണുമല്ലോ. ഇത് വിറ്റു കിട്ടുന്ന കാശ് കൊണ്ട് എനിക്കും കുടുംബത്തിനും ഒരാഴ്ച പട്ടിണി കൂടാതെ സുഖമായി കഴിയാം സാര്‍."
അയാളുടെ ശബ്ദത്തില്‍ കൃതജ്ഞത നിഴലിച്ചിരുന്നു. പക്ഷെ എന്റെ ധൂര്ത്തിനെ ഓര്‍ത്തു എനിക്ക് സ്വയം അവജ്ഞ തോന്നുകയാണ് ചെയ്തത്.

രാത്രി മദ്യപിക്കുമ്പോഴും അയാളെക്കുറിച്ചാണ് ചിന്തിച്ചത്. എനിക്കയാളോട് എന്തോ പ്രത്യേക മമത ഉണ്ട് എന്ന തോന്നലുകൊണ്ടാവണം ഏതാനും തവണ അയാളെന്നെ കോളനിയിലെ വീട്ടിലേക്കു ക്ഷണിച്ചിട്ടുള്ളത്. പക്ഷെ ആ കോളനിയേയും അതിലെ കുടിലുകളെക്കുറിച്ചും എനിക്കൂഹിക്കാമായിരുന്നതിനാല്‍ പോകണമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല എന്നതാണ് സത്യം.

ഇടയ്ക്കെപ്പോഴോ ഞാന്‍ ജാലകത്തിലൂടെ മഠത്തിലേക്ക് നോക്കി. അവരവിടെ നില്‍പ്പുണ്ടായിരുന്നു. ഒരുദിവസം ഞാന്‍ ബിയര്‍ കഴിച്ചില്ലേലും അവിടെ വരാതിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. ഇരുട്ടിലെ നിഴലില്ലാത്ത രണ്ടാത്മാക്കള്‍, ഞങ്ങള്‍ ഒരിക്കലും പരസ്പരം കാണുന്നില്ല. എപ്പോഴെങ്കിലും എന്റെ സാമീപ്യം അവര്‍ അറിഞ്ഞിട്ടുണ്ടാകുമോ? എനിക്ക് അവരെ കാണാന്‍ സാധിക്കുന്ന പോലെ അവര്‍ക്കെന്നെയും കാണാന്‍ കഴിയില്ലേ? ഏകനായി ഈ ജാലകവാതിലില്‍ ഞാനവരെ കാത്തു നില്‍ക്കുന്നത് അവര്‍ ഇനിയും അറിഞ്ഞിട്ടില്ല എന്ന് വരുമോ? എപ്പോഴോ അവരെന്റെ ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ നഗരം ദീപാവലിയെ വരവേറ്റു. ആഘോഷത്തിമിര്‍പ്പിനിടയില്‍ അവിചാരിതമായി ഞാനയാളെ കണ്ടു -- നായിഡു അണ്ണനെ, കൂടെ അയാളുടെ ഭാര്യയെ, അഞ്ചു വയസ്സുള്ള മകനെ...
"സാറേ ഇതെന്റെ ഭാര്യ ആഭ, മോന്‍ ആനന്ദ്‌............ഞാന്‍ ഒരു സാറിന്റെ കാര്യം നിന്നോട് പറഞ്ഞിട്ടില്ലേ ആ സാറാണിത്..."
ഞാന്‍ അമ്പരപ്പോടെ അയാളുടെ ഭാര്യയെ നോക്കി. എന്റെ കണ്ണുകള്‍ വിശ്വസിക്കാന്‍ മടിച്ചു നിന്നപ്പോള്‍ അവര്‍ ചിരിച്ച്, കൈകൂപ്പി നമസ്തേ പറഞ്ഞു. നായിഡു അണ്ണന്റെ പകുതി പ്രായം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. നന്നേ ചെറുപ്പം. അവര്‍ തമ്മില്‍ യാതൊരുവിധ ചേര്‍ച്ചയും ഉണ്ടായിരുന്നില്ല. അവള്‍ സുന്ദരിയായിരുന്നു, അയാള്‍ -- അകാലത്തില്‍ വാര്‍ദ്ധക്യം കീഴടക്കിയ കിഴവനെപ്പോലെയും.

ഞാന്‍ ആനന്ദിനെ നോക്കി. അവനെ നന്നായി അണിയിച്ചൊരുക്കിയിരുന്നു.
"ആനന്ദ്.....നീ പഠിക്കുന്നുണ്ടോ.......ആനന്ദ്..."
ഞാന്‍ പറയുന്നതൊന്നും അവന്‍ ശ്രദ്ദിക്കുന്നതേ ഇല്ല.
"സാര്‍ മോന് ചെവി കേള്‍ക്കില്ല...ബുദ്ധിയും പിന്നോട്ടാണ്..." നായിഡു അണ്ണന്റെ ശബ്ദം മുറിഞ്ഞു; ആഭയുടെ മുഖത്തെ ചിരി മാഞ്ഞു. അവള്‍ അവനെ ചേര്‍ത്ത് പിടിച്ചു.

ആഭയുടെ കണ്ണുകള്‍ പെയ്യുവാന്‍ വിതുമ്പി നില്‍ക്കുന്ന ശോകാര്‍ദ്രമായ കരിമേഘങ്ങള്‍ ആണെന്നെനിക്കു തോന്നി. എപ്പോള്‍ വേണേലും ഒരു പേമാരി പോലെ അവ പെയ്തിറങ്ങിയേക്കുമെന്നും. യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ അവള്‍ ഒരിക്കല്‍ കൂടി എന്നെ തിരിഞ്ഞു നോക്കി. എന്തോ എന്നോട് പറയാന്‍ അവള്‍ ആഗ്രഹിക്കുന്ന പോലെ....

അയാള്‍ പലതവണ വീട്ടിലേക്കു ക്ഷണിച്ചിട്ടും പോകാതിരുന്നതില്‍ അന്നാദ്യമായി എനിക്ക് നിരാശ തോന്നി. പിന്നീട് ആഴ്ചകളോളം ആഭയുടെ കണ്ണുകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ പെട്ടന്ന് അയാളുടെ കുടിലിലേക്ക് ചെന്നാല്‍, അതവളെ കണ്ടത് കൊണ്ടാകില്ലേ എന്നയാള്‍ കരുതിയാലോ എന്നോര്‍ത്ത് തല്ക്കാലം വേണ്ടെന്നു വെച്ചു. എങ്കിലും...

ജോലി, എഴുത്ത്, യാത്ര, മദ്യം തുടങ്ങി ആഭയെക്കുറിച്ചും മഠത്തിലെ സ്ത്രീരൂപത്തെക്കുറിച്ചും ഉള്ള ചിന്തകളിലൂടെ എന്റെ ദിനങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു തവണ നായിഡു അണ്ണന്‍ വന്ന് കുപ്പികളും പത്രവും കൊണ്ട് പോയി. എന്ത് വന്നാലും അടുത്ത തവണ അയാള്‍ വരുമ്പോള്‍ കൂടെ പോകാനും ആഭയെ കാണാനും ഞാന്‍ തീര്‍ച്ചയാക്കി.

ഒരു മാസം കഴിഞ്ഞപ്പോള്‍ നായിഡു അണ്ണന്‍ വീണ്ടും വന്നു; കൂടെ, മൂക്കള ഒലിപ്പിച്ച്, പഴയൊരു നിക്കറും ഉടുപ്പുമിട്ട്‌ ആനന്ദും.
"എന്ത് പറ്റി പതിവില്ലാതെ മോനുമായിട്ട്....?"
മറുപടി പറയാന്‍ അയാള്‍ അല്പം വൈകിയെന്നു തോന്നി.
"അവനെ വീട്ടില്‍ ഒറ്റയ്ക്കിരുത്തണ്ടേ എന്ന് കരുതി കൊണ്ട് പോന്നതാ."
"അപ്പോള്‍ ആഭ ---?"
അയാള്‍ കണ്ണുകള്‍ എന്നില്‍ നിന്നും അടര്‍ത്തി മറ്റെങ്ങോ നോക്കി.
"അവള്‍ പോയി സാറേ...രണ്ടു ദിവസം മുന്‍പ് ഒരുത്തന്റെ കൂടെ ഒളിച്ച്......."

എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അവള്‍ അങ്ങനെ ചെയ്തതില്‍ എനിക്കും കടുത്ത നിരാശ തോന്നി.
"അല്ല സാറേ...കുടിച്ചാല്‍ സങ്കടങ്ങള്‍ ഒക്കെ മാറിക്കിട്ടുമെന്നു പറയുന്നു. ശരിയാണോ? "
ഞാന്‍ വെറുതെ അയാളെ നോക്കുക മാത്രം ചെയ്തു.

"സാറെന്തിനാ കുടിക്കുന്നേ..? സങ്കടം മാറാനാ ?"
"സന്തോഷം വരുമ്പോഴാണ് നായിഡു അണ്ണാ ഞാന്‍ കുടിക്കുന്നേ. ദുഖങ്ങളും വേദനകളും ഒക്കെ തോന്നുമ്പോള്‍ ഞാന്‍ എഴുതും. മനസ്സ് തുറന്നെഴുതും. അപ്പോള്‍ എല്ലാം മാറും."
"എഴുതിയാല്‍ വേദന മാറുമെന്നോ? എങ്കില്‍ ഞാനെന്റെ കഥ പറയട്ടെ? സാറിനെഴുതാമോ?........അല്ലേല്‍ വേണ്ട സാറേ. സാറിനു എഴുതാന്‍ മാത്രം ---"
"അങ്ങനെയൊന്നും പറയരുത് നായിഡു അണ്ണാ...എല്ലാം ശരിയാകും"

എല്ലാം ശരിയാകും എന്ന പറച്ചില്‍ വെറുമൊരു പാഴ്വാക്കാണെന്നെനിക്ക് തോന്നി. ഒരിക്കലും ശരിയാകാത്ത വാക്ക്. എങ്കിലും എല്ലാരും അത് തന്നെ പറയുന്നു, എല്ലാം ശരിയാകുമെന്ന്.
ദുഖത്താല്‍ ഇടനെഞ്ച് പൊട്ടി വിതുമ്പുന്ന ഒരു മനുഷ്യനെ ഒന്നാശ്വസിപ്പിക്കാന്‍ മറ്റൊരു വാക്ക് പോലും പറയാനാവാതെ, എഴുത്തുകാരന്‍ എന്നൂറ്റം കൊള്ളുന്ന മനസ്സിന്റെ അഹങ്കാരത്തോട്‌ എനിക്ക് പുച്ഛം തോന്നി.

"സാറ് എപ്പോഴും സന്തോഷമായിരിക്കണമെന്നാ എന്റെയും ആഗ്രഹം, കുടിക്കണമെന്നല്ല.
ആട്ടെ സാറെന്താ കല്യാണം കഴിക്കാത്തേ? ഒരുപാട് വൈകരുത് സാര്‍. വൈകിയാല്‍......."
അയാള്‍ പറഞ്ഞു നിര്‍ത്തിയത് അയാളെക്കുറിച്ച് തന്നെയാണെന്ന് എനിക്കൂഹിക്കാമായിരുന്നു.

അന്ന് രാത്രിയില്‍ ഞാന്‍ മദ്യപിച്ചില്ല. ജനാലയില്‍ കൂടി അലസമായി മഠത്തിന്റെ നേര്‍ക്ക്‌ നോക്കി നില്‍ക്കുക മാത്രം ചെയ്തു. ആഭയും നായിഡു അണ്ണനും ആനന്ദും അക്ഷരത്തെറ്റ് പോലെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു; കൂട്ടത്തില്‍ ആ ചോദ്യവും.
സാറെന്താ കല്യാണം കഴിക്കാത്തേ ?
പലരും പല തവണ ചോദിച്ചിട്ടുള്ള, ഇനിയും ഒരുപാട് നാള്‍ കേള്‍ക്കേണ്ടതായിട്ടുള്ള ഒരു ചോദ്യം; ഉത്തരമില്ലാത്ത ഒരു കടംകഥ പോലെ. ചിന്തകള്‍ ഒരു ഭാരമായ ആ രാത്രിയില്‍ ഉറക്കം പോലും കൂട്ടിനെത്താന്‍ മടിച്ചു നിന്നു.

നാല് നാള്‍ കഴിഞ്ഞിട്ടുണ്ടാവണം, രാവിലെ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കവേ വാതിലില്‍ മുട്ട് കേട്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ടത് ആനന്ദിനെയാണ്. അവന്‍ ഒരു കഷണം കടലാസ് എന്റെ നേരെ നീട്ടി.
'തീരെ സുഖമില്ല. ഒരു നൂറു രൂപ തരുമോ? മരുന്നിനാണ്.'
അഞ്ചു വയസ്സുകാരന്‍ ആനന്ദ് എങ്ങനെ എന്റെയീ താമസസ്ഥലം കണ്ടുപിടിച്ചു എന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല. പണം കൊടുക്കുന്നതിനു പകരം ഞാന്‍ പെട്ടന്ന് റെഡിയായി അവന്റെയൊപ്പം ചെന്നു.

ചെറിയ ചെമ്മണ്‍ പാതയുടെ ഇരുവശവും ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ ഒരിടുങ്ങിയ മുറിയിലേക്കാണ് ഞാന്‍ ആനയിക്കപ്പെട്ടത്‌. പാതയുടെ ഇരു വശത്ത് കൂടിയും ഒഴുകുന്ന, ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലിന്റെ മുകളില്‍ സ്ലാബ് ഉള്ള ഭാഗത്ത്‌ അടുപ്പ് കൂട്ടിയാണ് മിക്കവരും പാചകം ചെയ്തിരുന്നത്.

നിലത്തിട്ട ഒരു പഴയ കോട്ടണ്‍ മെത്തയില്‍, മുഴിഞ്ഞ പുതപ്പിനടിയില്‍ ചുരുണ്ട് കൂടി കിടന്നിരുന്ന അയാള്‍ എന്നെക്കണ്ടതും എഴുന്നേല്‍ക്കാന്‍ ഒരു വിഫലശ്രമം നടത്തി.
"വേണ്ട കിടന്നോളൂ...."
ഞാന്‍ നെറ്റിയില്‍ തൊട്ടുനോക്കി; അയാള്‍ക്ക്‌ കടുത്ത പനിയുണ്ടായിരുന്നു.

ഏതാനും ദിവസം മുന്‍പ് വരെ ആഭയുടെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടന്ന ആ മുറിയാകെ ഞാനൊന്ന് കണ്ണോടിച്ചു. ഒരു മൂലയ്ക്ക് കുറെ പാത്രങ്ങളും അടുത്തായി ഒരു പഴയ അലമാരയും കുറെ തുണികളും കണ്ടു. അറ്റാച്ച്ഡ് ആയ കുളിമുറിയോ കക്കൂസോ പോയിട്ട് ഒരു പൊതു കക്കൂസ് പോലും ആ കോളനിയിലുണ്ടായിരുന്നില്ല. ഷീറ്റിട്ട കുടുസുമുറികളില്‍ പലതിലും എട്ടും പത്തും പേര്‍ വീതമാണ് അന്തിയുറങ്ങുന്നത്.

"സാറിവിടെ ആദ്യമായി വന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ ---"
ശരീരത്തിന്റെ അസുഖത്തേക്കാളുപരി മനസ്സിനേറ്റ മുറിവാണ് അയാളെ തളര്‍ത്തിയതെന്ന് തോന്നി. അയല്‍പക്കത്തുള്ള പ്രായമായ ഒരു സ്ത്രീ പാത്രത്തില്‍ എന്തോ കഴിക്കാന്‍ അയാളുടെ മുന്നില്‍ കൊണ്ടെ വെച്ചു. അധികനേരം അവിടെ ചിലവഴിക്കാന്‍ എനിക്കാകുമായിരുന്നില്ല. മരുന്നിനും മറ്റുമായി അഞ്ഞൂറ് രൂപ അയാളെ ഏല്‍പ്പിച്ച് ഞാന്‍ തിരികെ പോന്നു.

നായിഡു അണ്ണന് അങ്ങനെ ഒരുപകാരം ചെയ്യാന്‍ സാധിച്ചത് മനസ്സിന് കുറച്ചൊന്നുമല്ല സംതൃപ്തി നല്‍കിയത്. ഒരു പക്ഷെ അത് കൊണ്ട് കൂടിയാകാം, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍
രസകരമായ ആ സംഭവം നടന്നത് . കന്യാസ്ത്രീ മഠത്തിലെ എന്റെ 'സുഹൃത്ത്‌' എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായത്, മുറിയിലെ വൈദ്യുത വെളിച്ചം പരസ്പരം അണച്ചും തെളിച്ചും ഉള്ള ആശയക്കൈമാറ്റത്തിലൂടെയാണ്. എന്റെ മനസ്സിന് പുത്തനുണര്‍വ്വും ഉന്മേഷവും തരുന്ന ഒരു സംഗതിയായിരുന്നു, കമ്പ്യൂട്ടര്‍ ഭാഷയായ 0-യും 1-ഉം പോലെ ലൈറ്റ് ഓണാക്കിയും ഓഫ് ചെയ്തുമുള്ള പിന്നീടോരോ ദിവസത്തേയും ഞങ്ങളുടെ സംസാരങ്ങള്‍.

ആ പ്രദേശമാകെ ഇരുട്ടിലാഴ്ത്തി വൈദ്യതി നിലച്ച ഒരു രാത്രി , എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കവേ അങ്ങേ തലയ്ക്കല്‍ ഒരു മെഴുകുതിരി നാളം പ്രത്യക്ഷപ്പെട്ടു. കത്തിച്ച് അവരുടെ മുഖത്തോട് ചേര്‍ത്ത് പിടിച്ച ആ മെഴുകുതിരി നാളത്തെ പലപ്പോഴും കാറ്റ് കവര്‍ന്നെടുത്തിരുന്നു. കത്തിച്ച മെഴുകുതിരിയുമായി ഞാനും ജനാലയ്ക്കലേക്ക് നീങ്ങി.

പിന്നീടുള്ള രാവുകള്‍ വശ്യവും മനോഹരവുമായി എനിക്കനുഭവപ്പെട്ടു. മറ്റെല്ലാറ്റിനേം തന്നെ ഞാന്‍ മറന്നു. പക്ഷെ, ഇത്രയൊക്കെയായിട്ടും പകല്‍ നേരങ്ങളിലോ രാത്രി പതിനൊന്നരയ്ക്ക് മുന്‍പോ ഒരിക്കല്‍ പോലും ആ ജാലകം തുറക്കാതിരുന്നത് എന്നെ നിരാശനാക്കാതിരുന്നില്ല.
എങ്കിലും അധികം താമസിയാതെ എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ കടന്നു പോയി. ഒടുവില്‍ അടുക്കള നിറയെ ബിയര്‍ കുപ്പികളും പത്രങ്ങളും നിറഞ്ഞതോടെയാണ് ഞാന്‍ വീണ്ടും നായിഡു അണ്ണനെക്കുറിച്ചോര്‍ത്തത്. അയാള്‍ പനി മൂലം കിടപ്പിലായ ശേഷം വരാതായിട്ട് ഇപ്പോള്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞു കാണും. എന്ത് പറ്റിയോ ആവോ? ഏതായാലും അന്നൊരു ശനിയാഴ്ച ആയിരുന്നതിനാല്‍ കോളനി വരെ ഒന്ന് പോകാന്‍ തീരുമാനിച്ചു.

വെയില്‍ വിരിഞ്ഞ വഴികളില്‍ നിഴലുകള്‍ വീണപ്പോള്‍ നായിഡു അണ്ണന്റെ കുടില്‍ ലക്ഷ്യമാക്കി നടന്നു. ആ ഒറ്റമുറിയുടെ കൊളുത്ത് പുറത്തു നിന്നും ഇട്ടിരുന്നുവെങ്കിലും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. തലേ തവണ വന്നപ്പോള്‍ അയാള്‍ക്ക്‌ ആഹാരം കൊണ്ടുവന്നു കൊടുത്ത വൃദ്ധ അടുത്ത് വന്നു.

"അന്ന് സാറ് വന്നേച്ചു പോയതിന്റെ അഞ്ചാം പക്കമാണ് മരിച്ചത്. രണ്ട് ദിവസം മരുന്ന് കുടിച്ചപ്പോള്‍ അസുഖം കുറഞ്ഞതായിരുന്നു. മൂന്നാം ദിവസം ഞങ്ങള് പറഞ്ഞത് വക വെയ്ക്കാതെ പണിക്കു പോയി. അന്ന് തിരികെ വന്നപ്പോള്‍ തന്നെ തീരെ അവശനായിരുന്നു. രാത്രിയില്‍ ജ്വരം കലശലായി. രണ്ട് ദിവസം തികച്ചില്ല. അതിനു മുന്നേ പോയി....."

ഓരോ വേര്‍പ്പാടും കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഞെട്ടലാണ്. ഒരു ദിവസം താനും മരിക്കും എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന ഞെട്ടല്‍.
"അപ്പോള്‍ ആ പയ്യന്‍, ആനന്ദ്...?"
"നാലഞ്ചു ദിവസം ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു. പിന്നെ എങ്ങോട്ടോ പോയി. ആര്‍ക്കും അറിഞ്ഞൂടാ.."
"ആഭ വന്നില്ലേ ?"
"ആര്‍ക്കറിയാം ആ എരണംകെട്ടവള്‍ എവിടാണെന്ന്..." അവര്‍ ഒരു പ്ലാസ്റ്റിക് കുടവും ഒക്കത്ത് വെച്ച്‌ അകലെ പൈപ്പിന്‍ ചുവട്ടിലേക്ക്‌ നടന്നു.

ഞാന്‍ സാക്ഷ മാറ്റി മുറിയ്ക്കുള്ളില്‍ കയറി നോക്കി. ജീവിതത്തില്‍ നിന്നും മരണത്തിന്റെ പുസ്തകത്തില്‍ ഒപ്പിട്ട് നടന്നു പോയ ഒരാളുടെ അവസാനത്തെ കാല്‍പ്പാടുകള്‍ പോലെ ഒരു പഴയ സൈക്കിളും അതില്‍ ഒരു കെട്ടു പഴയ പത്രവും കാണപ്പെട്ടു.

തിരികെ പോരുമ്പോള്‍ തലയ്ക്കു വല്ലാത്തൊരു ഭാരം ഉണ്ടായിരുന്നു. അന്നാദ്യമായി ദുഃഖം സഹിക്കാനാവാതെ ഞാന്‍ കുടിച്ചു. നിസ്സഹായരായി തീരുന്ന മനുഷ്യരുടെ ദീനരോദനങ്ങളെ ഓര്‍ത്തു വിലപിച്ചു.

രാത്രി പതിനൊന്നര ആകുന്നതും കാത്ത്, മഠത്തിലേക്കും നോക്കി ഞാന്‍ ജനാലയ്ക്കല്‍ അക്ഷമനായി നിന്നു. അന്ന് ആ ജാലകം ആരും തുറന്നില്ല. അന്നെന്നല്ല , പിന്നീടൊരിക്കലും ഒരു ജനാലയും തുറന്നു ആരും പുറത്തേക്കും നോക്കി നിന്നിട്ടില്ല.

കാലം കടന്നു പോയി. വിശന്ന് സഹികെടുമ്പോള്‍ എച്ചില്‍ കൂനകളില്‍ പരതുന്ന തെരുവ് ബാല്യങ്ങളില്‍ ഇന്നും ഞാന്‍ ആനന്ദിനെ തിരയാറുണ്ട്. ജാലക വാതില്‍ക്കല്‍ പുറത്തേക്കും നോക്കി അടക്കിപ്പിടിച്ച് തേങ്ങുന്ന ഒരു കന്യാസ്ത്രീയേയും.....

Tuesday, January 10, 2012

പാരീസിലെ വിരുന്നുകാരന്‍

"നല്ലാ ആടുങ്കോ ആടുങ്കോ...പൊണ്ണുങ്ങ എതുമേ സൊല്ലമാട്ടെ ...."
പാരീസിലെ പോര്‍ത്ത് മയ്യോവില്‍ ഒരു 'ആഫ്റ്റര്‍ വര്‍ക്ക്' പാര്‍ട്ടിയില്‍ പെണ്കുട്ടികളോടൊപ്പം നൃത്തം ചെയ്യണമെന്നാഗ്രഹമുണ്ടായിട്ടും മടിച്ച് നിന്ന എന്നെ, ഒഴിഞ്ഞ ഷാംപെയിന്‍ ഗ്ലാസ്സുകള്‍ പെറുക്കിയെടുക്കാന്‍ വന്ന ശ്രീലങ്കന്‍ തമിഴ് പയ്യന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു....

പാരീസില്‍ എല്ലാ വ്യാഴാഴ്ചകളിലും അരങ്ങേറുന്ന 'ആഫ്റ്റര്‍ വര്‍ക്ക്‌' പാര്‍ട്ടികള്‍ പ്രണയാതുരമെന്ന കേള്‍വിയാണ്, ഇടതടവില്ലാതെ മഞ്ഞ് പെയ്യുന്ന ഈ തണുത്ത ഡിസംബര്‍ രാവിലും എന്നെ ഇവിടെ എത്തിച്ചത്. തണുപ്പകറ്റാന്‍ എപ്പോഴും ദേഹമാസകലം മൂടിപ്പുതച്ച് നടന്നിരുന്ന പാരീസിലെ സ്വപ്ന സുന്ദരികളെ ഒന്ന് നേരേ ചൊവ്വേ കാണാന്‍ സാധിച്ചതും ആദ്യമായി പാരീസില്‍ എത്തിയത് ഒരു മഞ്ഞ് കാലത്താണെന്നതിന്റെ കേടു തീര്‍ത്തതും ഇവിടെ വെച്ച് തന്നെയാണ്.

എന്നിട്ടും, ഒരു നിശ്വാസമകലത്തില്‍ കണ്മുന്നില്‍ ഫാഷന്‍ തരംഗവും പേറി നൃത്തം ചെയ്യുന്ന തരുണീമണികള്‍ക്കൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ എന്തോ ഒന്ന് എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. എന്തെങ്കിലും കാര്യം ചെയ്ത് തുടങ്ങുവാനുള്ള ഒരു മടി, അതെന്നുമെന്റെ ഈഗോയുടെ ഭാഗമായിരുന്നു.

ഷാംപെയിന്‍ പലവട്ടം എന്റെ ദാഹം ശമിപ്പിച്ചപ്പോള്‍ എന്നില്‍ ഉത്തേജനത്തിന്റെ പുതിയ വീര്യം നിറഞ്ഞു. ഞാനറിയാതെ തന്നെ എന്റെ കാലുകളും കൈകളും ചലിച്ചു. ഞാന്‍ നൃത്തം ചെയ്യുകയായിരുന്നില്ല; നൃത്തം ചെയ്യാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു. സത്യത്തില്‍ ഞാന്‍ നമ്മുടെ നാടന്‍ രീതിയില്‍ തുള്ളുകയായിരുന്നു. ഓട്ടന്‍ തുള്ളലല്ല, വെറും നാടന്‍ തുള്ളല്‍. പണ്ട് പട്ടച്ചാരായം കുടിച്ച വകയില്‍ കിട്ടിയ ആ ശീലം പാരീസില്‍ എന്റെ മാനം കാത്തു എന്ന് വേണമെങ്കില്‍ പറയാം.

യൂറോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത എന്റെ പ്രത്യേകതരം നൃത്തം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ചില ആണുങ്ങള്‍ എന്നോടൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ മുന്നോട്ടു വന്നു. എന്റെ സ്റ്റെപ്സ് അനുകരിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു. ചിലര്‍ മൂക്ക് കുത്തി വീണു.
പാവം സായിപ്പിനറിയാമോ നമ്മുടെ നാടന്‍ അടവുകളുടേയും പ്രയോഗങ്ങളുടേയും രഹസ്യം.
ആരാധന മൂത്ത പലരും തങ്ങളുടെ മൊബൈലില്‍ എന്റെ ചിത്രം പകര്‍ത്തി. അതിനിടയില്‍ ഒരു കാപ്പിരി അയാളുടെ ഷാംപെയിന്‍ എനിക്ക് നേരേ നീട്ടി. എന്റെ തുള്ളല്‍ അവസാനിപ്പിക്കാതെ തന്നെ അതും ഞാന്‍ അകത്താക്കി.

എന്തായാലും എന്റെ കോപ്രായങ്ങള്‍ക്ക്‌ അധികം താമസിയാതെ പ്രയോജനമുണ്ടായി. ഒരു നാല്‍വര്‍ സംഘം എന്നെ അവരോടൊപ്പം ചേര്‍ത്തു. ഞങ്ങള്‍ ഒരുമിച്ചു നൃത്തം ചെയ്തു. അരികിലേക്ക് വരുന്ന ഓരോ പെണ്‍കുട്ടിയെയും ഞങ്ങള്‍ വളഞ്ഞു. നിര്‍ബന്ധ ബുദ്ധ്യാ അല്ലെങ്കില്‍ കൂടിയും, ഞങ്ങളിലൊരാളോടൊപ്പം നൃത്തം ചെയ്തിട്ട് മാത്രമേ അവളെ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ.

ഒടുവില്‍ എന്റെ ഊഴവും വന്നു ചേര്‍ന്നു. ഒഴിഞ്ഞു മാറാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. നാല്‍വര്‍ സംഘം അവളെ വളഞ്ഞ് എന്റരികിലേക്ക് കൊണ്ട് വന്നു. രണ്ടും കല്‍പ്പിച്ച് ഞാനവളുടെ പുറകിലെത്തി, ഇടത് കൈ മുന്നിലേക്കിട്ട് അവളുടെ വയറ്റില്‍ ചുറ്റിപ്പിടിച്ച് എന്നിലേക്ക്‌ അടുപ്പിച്ചു. അവളുടെ വലം കയ്യില്‍ എന്റെ വിരലുകള്‍ കൊരുത്ത് ഞങ്ങള്‍ ചുവടുകള്‍ വെച്ചു. നാല്‍വര്‍ സംഘം ഞങ്ങള്‍ക്ക് ചുറ്റും നിരന്ന് ആര്‍ത്തു ചിരിച്ചു. അല്പം കഴിഞ്ഞ് അവള്‍ പോകവേ അവളുടെ ചെവിയില്‍ എന്റെ പ്രത്യേക നന്ദി അറിയിക്കാന്‍ മറന്നില്ല...."മേഴ്സീ....."

എനിക്കതൊരു തുടക്കം മാത്രമായിരുന്നു. ഇടിച്ചു കയറി പല പെണ്‍കുട്ടികളോടൊപ്പവും ഞാനാടി. ഇംഗ്ലീഷിലും ഫ്രെഞ്ചിലും മാറി മാറി അലയടിച്ച ഡീ.ജെ എന്റെ ഉന്മാദം ഇരട്ടിയാക്കി.
അതിനിടയില്‍ ലാവണ്യം തുളുമ്പുന്ന കൊലുന്നനെയുള്ള ഒരു സ്വര്‍ണ്ണ തലമുടിക്കാരി എന്റെ മുന്നില്‍ വന്നു പെട്ടു. ആരെയും വെറുതെ വിടാന്‍ ഞാനൊരുക്കമായിരുന്നില്ല.

അവള്‍ക്കഭിമുഖമായി ചേര്‍ന്ന്‌ നിന്ന്, ഒരു കൈ കൊണ്ട് അവളുടെ നഗ്നമായ ആലില വയറില്‍ താളം പിടിച്ച്, മറു കൈ കൊണ്ട് അവളുടെ കൈ പിടിച്ച് ഞാന്‍ അവളോടൊപ്പം നൃത്തം ചെയ്തു. കണ്ണുകളില്‍ നിന്നും എന്റെ നോട്ടം ഇടയ്ക്കിടെ അവളുടെ മാറിലെ മനോഹരമായ വിടവിലേക്കു പാറി വീണപ്പോള്‍, ഷാംപെയിന്റെയും ഡീ.ജെ.യുടെയും ലഹരിക്ക്‌ പകരം മറ്റൊരു ലഹരി എന്നില്‍ നിറഞ്ഞു. അവളോടൊപ്പം ഒരു രാവ് മുഴുവന്‍ നൃത്തം ചെയ്യുവാന്‍ ഞാന്‍ മോഹിച്ചു.

"എന്താ നിന്റെ പേര്...?"
"മെലനി...."
"മെലനി...നൈസ് നെയിം...." എന്ന് പറഞ്ഞ് ഞാന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
അവളുടെ തണുത്ത ചുണ്ടുകള്‍ ചൂടായപ്പോള്‍ എന്നില്‍ അനുഭൂതിയുടെ ആലസ്യം നിറഞ്ഞു. പെട്ടന്ന് എന്നെ പുറകോട്ടു തള്ളി മാറ്റി ആള്‍ക്കൂട്ടത്തിനിടയിലൂടെ മെലനി അപ്രത്യക്ഷയായപ്പോള്‍, പൊന്മുട്ടയിടുന്ന താറാവിനെ ഓടിച്ചു വിട്ടതിലുള്ള നിരാശയായിരുന്നു മനസ്സില്‍.

അവളുടെ ചുണ്ടില്‍ നിന്നും എന്റെ ചുണ്ടുകള്‍ പകര്‍ന്നെടുത്ത ലിപ്സ്റ്റിക് ഒരു തൂവാലയില്‍ ഞാന്‍ ഒപ്പിയെടുത്തു. കുറെ നേരം മെലനിയെ തേടിയെങ്കിലും എനിക്കവളെ കണ്ടെത്താന്‍ സാധിച്ചില്ല.

സമയം രാത്രി പതിനൊന്നര മണി കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ തുടര്‍ച്ചയായി നൃത്തമാടിയതിനാല്‍ നന്നേ ക്ഷീണവും തോന്നി. ബാഗേജ് കൌണ്ടറില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന ജാക്കറ്റ് തിരികെ വാങ്ങി, മെലനി അവിടെ എവിടെയേലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി നോക്കിയ ശേഷം നിരാശനായി ഞാന്‍ പുറത്തേക്കിറങ്ങി. റോഡരികില്‍ എത്തിയ എന്നില്‍ ഏത് വഴിക്ക് പോകണം എന്ന ആശയക്കുഴപ്പം സംജാതമായി.

തെരു വിളക്കിന്റെ കാലില്‍ ചാരി നിന്ന് മുഖം ചലിപ്പിച്ച്, എരിയുന്ന സിഗരട്ടിലെ പുകച്ചുരുളുകള്‍ കൊണ്ട് വായുവില്‍ ചിത്രം വരയ്ക്കുന്ന യുവതിയായ ഒരു മദാമ്മയോടു വഴി ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
"ബോണ്‍ഷൂര്‍..."
"ബോണ്‍ഷൂര്‍.............."
"ലാ ദെഫാന്സിലേക്ക് പോകാനുള്ള മെട്രോ സ്റ്റേഷന്‍ എവിടെയാണ്..? " ഞാന്‍ ഇംഗ്ലീഷില്‍ അവരോടു ചോദിച്ചു. ചുണ്ടില്‍ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റിനു കൈവിരലുകള്‍ക്കിടയില്‍ വിശ്രമം അനുവദിച്ച് അവര്‍ എന്നെ സൂക്ഷിച്ചു നോക്കി.

"നീ ഏത് രാജ്യത്ത് നിന്നാണ് വന്നിരിക്കുന്നത് ? "
"ഇന്ത്യയില്‍ നിന്നും...."
"ഞാനും ലാ ദെഫാന്സിലേക്ക് തന്നെയാണ്. വരൂ....നമുക്കൊരുമിച്ചു എന്റെ കാറില്‍ പോകാം "
സുന്ദരിയായ ഒരു സ്ത്രീയുടെ ഇത്തരം ക്ഷണങ്ങള്‍ നിരസിക്കുന്നത് വലിയ പാപമാണെന്നാണ് ചെറുപ്പം മുതലേ ഉള്ള എന്റെ ഉറച്ചവിശ്വാസം. മാത്രവുമല്ല, പാരീസിലെ ഒരു മദാമ്മയുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാന്‍ പറ്റിയ സുവര്‍ണാവസരം കൂടിയാണിത്.

സാന്ദ്രീന്‍ കിബര്‍ലന്‍ എന്ന ആ ഫ്രഞ്ച് വനിതയുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അവരോടൊപ്പം കാറില്‍ പുറപ്പെട്ടു. പിരിയാന്‍ നേരം സാന്ദ്രീനെ, ഞാന്‍ താമസിക്കുന്ന ക്ലെബറിലെ മനോഹരമായ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കണമെന്നും തീര്‍ച്ചപ്പെടുത്തി. മദാമ്മയുമൊത്തുള്ള മനോഹരമായ രാത്രി ഒരു ത്രീഡി ചലച്ചിത്രം കണക്കെ എന്റെ മനസ്സില്‍ തെളിഞ്ഞു. എങ്ങനേയും മദാമ്മയെ ചാക്കിട്ട് കുറെ യൂറോസ് സ്നേഹോപകാരമായി മേടിക്കണമെന്നും എനിക്ക് തോന്നി. അങ്ങനെ പാരീസ് നഗരത്തില്‍ എന്നെ കാത്തിരിക്കുന്ന മഹാഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അത്യധികം ആഹ്ലാദം കൊണ്ടു. ഭാഗ്യം വരുന്ന ഓരോരോ വഴികളേ...മെലനിയുടെയും സാന്ദ്രീന്റെയും എന്ന് വേണ്ട ഇനിയും കണ്ടിട്ടില്ലാത്ത പല സുന്ദരികളുടെയും രൂപത്തില്‍...ആഹഹ.....!

"സാന്ദ്രീന്‍, ബൈ ദ ബൈ, പാരീസിലെ എല്ലാ യുവതികളും നിന്നെപ്പോലെ സുന്ദരികള്‍ ആണോ? "
അവള്‍ക്കാ ചോദ്യം നന്നേ രസിച്ചുവെന്ന്‍ അവളുടെ ചിരിയില്‍ നിന്നും വ്യക്തമായി. ഒരു പെണ്ണിനെ വശത്താക്കാന്‍ ഉള്ള അത്യാവശ്യം ചേരുവകളുമായിട്ട് തന്നെയാണ് ഞാന്‍ ഈ പാരീസില്‍ എത്തിയിരിക്കുന്നത്. അല്ലാതെ നീയൊക്കെ വിചാരിക്കും പോലെ ഞങ്ങള്‍ ഇന്ത്യാക്കാര്‍ അത്ര കിഴങ്ങന്മാര്‍ അല്ല. ഞാന്‍ മനസ്സില്‍ ഊറി ഊറി ചിരിച്ചു.

പെട്ടന്ന് സാന്ദ്രീന്‍, സഡന്‍ ബ്രേയ്ക്കിട്ട് കാര്‍ നിര്‍ത്തി.
"നീ പാരീസില്‍ ആദ്യമായി വരികയാണ് എന്നല്ലേ പറഞ്ഞത്...?"
"അതെ...."
"രാത്രിയുടെ മനോഹാരിതയില്‍ പാരീസ് നഗരം നീ കണ്ടിട്ടുണ്ടോ..?"
"ഇല്ല..."
"എങ്കില്‍ ഈ രാത്രിയില്‍ പാരീസിലെ വര്‍ണ്ണക്കാഴ്ചകള്‍ മുഴുവനും ഞാന്‍ നിനക്ക് കാണിച്ച് തരാം..."
ഞാന്‍ ചെറുതായൊന്നു ഞെട്ടി. ഈ നട്ടപ്പാതിരായ്ക്ക് പാരീസ് നഗരം കറങ്ങാനോ ? ചെന്ന് കിടന്നുറങ്ങിയിട്ട്‌ എനിക്ക് രാവിലെ ഓഫീസില്‍ പോകേണ്ടതാണ്. എനിക്ക് ചിന്തിക്കാന്‍ ഒരവസരം പോലും കിട്ടും മുന്നേ അവള്‍ കാര്‍ തിരിയ്ക്കുകയും മറ്റൊരു വഴിയിലൂടെ അതിവേഗം മുന്നോട്ടോടിയ്ക്കുകയും ചെയ്തു. ദൈവമേ പുലിവാലായോ ?

റോഡിന്റെ ഇരു വശങ്ങളിലും വെള്ളപ്പരവതാനി വിരിച്ചത് പോലെ മഞ്ഞ് വീണുറങ്ങി കിടന്നിരുന്നു. റോഡില്‍ വിശ്രമിച്ച ഐസ് കട്ടകളെ പൊടിച്ചു കൊണ്ടു അതിവേഗം മുന്നോട്ടു കുതിക്കവേ, തെന്നി നിയന്ത്രണം തെറ്റിയ കാര്‍ പലപ്പോഴും പാളുന്നുണ്ടായിരുന്നു. തലയ്ക്കകത്തെ ഷാംപെയിന്റെ ലഹരി പരിണാമം സംഭവിച്ച് ഒരുതരം ആധിയായി എന്റെ സിരകളില്‍ പടര്‍ന്നു.. എന്റെ ഇടത് വശത്തിരുന്ന് ഡ്രൈവ് ചെയ്യുന്ന സാന്ദ്രീനെ ഞാന്‍ ദയനീയമായി നോക്കി.

"വേഗത്തില്‍ പോയില്ലെങ്കില്‍ രാവിലെ ആകുമ്പോഴേക്കും എല്ലാം കണ്ടു തീര്‍ക്കാനാവാതെ വരും. നീ ഭയപ്പെടേണ്ട ഇന്ത്യാക്കാരാ, നീ ഞങ്ങളുടെ അതിഥിയാണ്.. മഹാനായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അതിഥി...".
മരിച്ച് മണ്ണടിഞ്ഞു പോയ നെപ്പോളിയന്‍ ചക്രവര്‍ത്തിയും ഇവളും തമ്മിലെന്തു ബന്ധം? ആകപ്പാടെ ഒരു പന്തികേട്‌ പോലെ...ചിത്തഭ്രമം ബാധിച്ച ഒരു മദാമ്മയുടെ കയ്യിലാണ് ഞാന്‍ അകപ്പെട്ടിരിക്കുന്നത് എന്ന നഗ്നസത്യം ഒരുള്‍ക്കിടിലത്തോടെ എനിക്ക് ബോധ്യപ്പെട്ടു. പാരീസില്‍ വട്ടന്മാരെ ചങ്ങലക്കിടാറില്ല എന്നതും അവര്‍ കാറിലാണ് സഞ്ചരിക്കുന്നത് എന്നതും എനിക്ക് പുത്തന്‍ അറിവായിരുന്നു. ചുമ്മാതല്ല ഫ്രാന്‍സിനെ വികസിത രാജ്യമെന്ന് വിളിക്കുന്നത്‌.

ഫ്രെഞ്ച് വിപ്ലവത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും മരണമടഞ്ഞവരുടെ സ്മാരക മന്ദിരമായ 'ആര്‍ക് ദേ ത്രീഓംഫ്' കണ്ട് ഷോണ്‍ സേലീസേയിലേക്ക് പോകവേ , ക്രിസ്ത്മസിനെ വരവേല്‍ക്കാന്‍ മനോഹരമായി അലങ്കരിച്ച റോഡിന്റെ ഇരുവശങ്ങളില്‍ കൂടിയും ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങി പോകുന്ന ജനങ്ങളെ കാണാമായിരുന്നു. കാറില്‍ നിന്നിറങ്ങാന്‍ സാന്ദ്രീന്‍ എന്നെ അനുവദിക്കാതിരുന്നതിനാല്‍ ഓടി രക്ഷപെടാന്‍ ഉള്ള സാധ്യതകള്‍ പോലും ഒരിടത്തും അവശേഷിച്ചിരുന്നില്ല.

പാരീസിലെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമായ 'കോണ്‍ കോര്‍ധ്' സ്ക്വയറിന്റെ വിശാലമായ അങ്കണത്തിന് ചുറ്റും രണ്ടു വട്ടം വലം വെച്ച് ചെന്ന് സന്ദ്രീന്‍ വണ്ടി നിര്‍ത്തിയത് 'സീന്‍' നദിയുടെ കുറുകെയുള്ള ഒരു ഓവര്‍ബ്രിഡ്ജിന്റെ മദ്ധ്യത്തിലാണ്. തെരു വിളക്കിന്റെ പ്രകാശം പോലും അന്യമായ ആ പ്രദേശമാകെ വിജനതയില്‍ കുളിച്ചു കിടന്നു.

കാറിന് പുറത്തിറങ്ങിയ സാന്ദ്രീന്‍ ഡോര്‍ തുറന്ന് പിടിച്ച് എന്നോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഓവര്‍ബ്രിഡ്ജിന്റെ സൈഡ് ഭിത്തികളിലൊന്നിന്റെ സമീപത്തേയ്ക്ക് അവള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. എന്റെ ആയുസിന്റെ അവസാന നിമിഷങ്ങളാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സീന്‍ നദിയ്ക്കരികില്‍ നിര്‍ന്നിമേഷനായി ഞാന്‍ നിന്നു. ജീവിതത്തില്‍ ചെയ്തു കൂട്ടിയ കൊടും പാപങ്ങളൊന്നൊന്നായി മനസ്സില്‍ തെളിഞ്ഞു. ഇല്ലാ, അതെല്ലാം ഓര്‍ത്തു തീര്‍ക്കുവാന്‍ സമയമുണ്ടെന്ന് തോന്നുന്നില്ല. അതിനു മുന്നേ മദാമ്മ എന്നെ തട്ടിക്കളയും.

സീന്‍ നദിയിലെ അത്യന്തം തണുപ്പേറിയ വെള്ളത്തില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍, പിന്നതിന്റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട് സ്വയം നിശ്ചലമാകാന്‍ ഒരു പാവം ഇന്ത്യക്കാരന്റെ ദേഹം വേണമെങ്കില്‍ ഇതാ എടുത്തു കൊള്ളൂ... ഭ്രാന്തി മദാമ്മ എന്നെ തള്ളി പുഴയിലേക്കിടുന്നതും കാത്തു ഞാന്‍ നിന്നു.

"അങ്ങോട്ട്‌ നോക്കൂ...ആ കാഴ്ച എത്ര മനോഹരമായിരിക്കുന്നുവെന്നു നോക്കൂ..."
ഞാന്‍ തിരിഞ്ഞ് സാന്ദ്രീന്‍ കൈ ചൂണ്ടിയ ദിശയിലേക്ക് നോക്കി. വെളിച്ചത്തിന്റെ മഞ്ഞ പ്രഭയാല്‍ അലങ്കരിക്കപ്പെട്ട് തലയുയര്ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈഫല്‍ ടവര്‍, ഉറക്കമൊഴിച്ചിരിക്കുന്ന മദാലസയായ പ്രണയിനിയെപ്പോലെ ദൂരെ കാണപ്പെട്ടു. അല്പമകലെ, സീന്‍ നദിയുടെ നനഞ്ഞ മാറില്‍ വീണു കിടന്ന ഈഫല്‍ ടവറിന്റെ പ്രതിബിംബം പുഞ്ചിരി തൂകി. കിഴക്ക് നിന്നും ഒഴുകി വന്ന തണുത്ത കാറ്റ്, പാരീസ് നീയൊരു വശ്യസുന്ദരിയാണെന്ന് പറയുന്ന പോലെ...

എരിയുന്ന സിഗററ്റിലെ പുകച്ചുരുള്‍ കൊണ്ട് ആകാശത്ത് ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് സാന്ദ്രീന്‍. പക്ഷേ, ഇരുട്ടില്‍ സിഗററ്റിന്റെ അറ്റത്തെ മഞ്ഞ വെളിച്ചത്തിന്റെ ചലനമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ല. ദൈവമേ, ഇരുട്ടത്തും അവള്‍ക്കു കണ്ണ് കാണാമെന്നോ. മുന്‍പേ അവള്‍ ഞാന്‍ നെപ്പോളിയന്റെ അഥിതി ആണെന്ന് പറഞ്ഞു. ഇതിന്റെയൊക്കെ അര്‍ത്ഥം ...? എന്നില്‍ ഭീതി നിറഞ്ഞു. കള്ളിയങ്കാട്ട് നീലിയും രക്തരക്ഷസും ഒക്കെ ഓര്‍മ്മയില്‍ വിരുന്ന് വന്നു. ഛെ, അതൊക്കെ വെറും ലോക്കല്‍ പ്രേതങ്ങള്‍, ഇതാണ് ഒറിജിനല്‍ പ്രേതം; മെയ്ഡ് ഇന്‍ പാരീസ്.

സിഗററ്റ് വലിക്കുന്ന സാന്ദ്രീനെ നോക്കി നിന്നപ്പോള്‍ എനിക്ക് നാട്ടിലെ പ്രേതങ്ങളോട് കഷ്ടം തോന്നി. സിഗററ്റ് പോയിട്ട് ഒരു ബീഡിയെങ്കിലും ഇന്നുവരെ വലിച്ചിട്ടുണ്ടോ അവറ്റകള്..? പ്രേതമാണത്രേ പ്രേതം.
"വരൂ നമുക്കിനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്..."

പൊടുന്നനെ പെയ്തു തുടങ്ങിയ മഞ്ഞിനോട് വിട പറഞ്ഞ് ഞങ്ങള്‍ എത്തിയത്, മോണാലിസയുടെ യഥാര്‍ത്ഥ ചിത്രം സൂക്ഷിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ 'ലൂവ്ര്' മ്യൂസിയത്തിന്റെ മുന്നിലാണ്.
"നീ കണ്ടിട്ടുണ്ടോ അവളെ, മോണാലിസയെ..."
"ഉവ്വ്..."
"അവളിപ്പോള്‍ ഉറങ്ങുകയാണ്..."
"ആര്...? മോണാലിസയോ..."
"അല്ലാതെ പിന്നെ ഞാനാണോ ഉറങ്ങുന്നത്..." ക്രുദ്ധയായി എന്നെ നോക്കിയ ശേഷം സാന്ദ്രീന്‍ വണ്ടി അതിവേഗം മുന്നോട്ടെടുത്തു.

അവളുടെ അടുത്ത ലക്‌ഷ്യം മൊമാര്‍ത്ര് ചര്ച്ചായിരുന്നു. പാരീസ് നഗരത്തിലെ ഏറ്റവും ഉയര്‍ന്നു കിടക്കുന്ന ഭൂപ്രദേശം. പള്ളിയങ്കണത്തില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ട പാരീസിന്റെ മനോഹരമായ ഒരു ദൃശ്യം ഹൃദയത്തില്‍ പതിഞ്ഞു. പെട്ടന്ന് എനിക്ക് മറ്റൊരു സംശയം തോന്നി. പള്ളിയില്‍ പോകുന്ന പ്രേതങ്ങളോ ?. കുരിശ് പ്രേതത്തിന് ഹറാം ആണെന്നാണ്‌ കേട്ടിരിക്കുന്നത്. അതോ ഇത് മുഴുവട്ട് തന്നെയോ ? മറ്റൊരു വിദൂര സാധ്യത ഉള്ളത് ഈ പ്രേതം ചിലപ്പോള്‍ നസ്രാണി ആയിരിക്കണം എന്നില്ല എന്നതാണ്. എന്തായാലും ഒരു കാര്യം മാത്രം എനിക്കുറപ്പായി; എന്റെ കാര്യം കട്ടപ്പുകയാണെന്ന്...

മൊമാര്‍ത്ര് കുന്നില്‍ നിന്നും താഴേക്ക് ശരവേഗത്തില്‍ അവള്‍ കാറോടിച്ചത് ഭ്രാന്തമായ ഒരാവേശത്തോടെയാണ്. സകല ദൈവങ്ങളെയും ഒരുമിച്ച് മനസ്സില്‍ വിളിച്ചു പോയ ഒരപൂര്‍വ്വ നിമിഷം. പക്ഷെ ആര് വിളി കേള്‍ക്കാന്‍. എനിക്കറിയാവുന്ന ദൈവങ്ങള്‍ എല്ലാം ഇന്ത്യയില്‍ അല്ലേ. പേരിനെങ്കിലും പാരീസിലെ ഒരമ്പലത്തില്‍ പോകേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.

ഞങ്ങള്‍ പിഗാല്‍ എന്ന സ്ഥലത്ത് എത്തിച്ചേര്ന്നപ്പോഴേയ്ക്കും സമയം വെളുപ്പിനെ രണ്ടര മണിയെങ്കിലും ആയിട്ടുണ്ടാവും. സ്ട്രിപ് ക്ലബുകളും പീപ്പ് ഷോകളും സെക്സ് ഷോപ്പുകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച പിഗാല്‍ വിജനവും ശാന്തവുമെന്ന പോലെ തോന്നിച്ചു. കാബറെ നൃത്തത്തിന് പേര് കേട്ട 'മൂലന്‍ റൂഷ്'-ഉം ഇവിടെ തന്നെയാണ്. പതിവായി തട്ടിപ്പും കൊള്ളയും അരങ്ങേറുന്ന വളരെ അപകടം പിടിച്ച ഒരു മേഖലയാണിത്.

"നിന്നെ ഞാന്‍ ഇവിടെ ഇറക്കട്ടെ ? നിനക്ക് പറ്റിയ സ്ഥലം ഇതാണെന്ന് തോന്നുന്നു.."
ഞാന്‍ വീണ്ടും ഞെട്ടിയോ? വേറെ എവിടെ പോയാലും പിഗാലില്‍ മാത്രം പോകരുതെന്നാണ് പാരീസില്‍ വന്നിറങ്ങിയപ്പോഴേ എനിക്ക് കിട്ടിയ മുന്നറിയിപ്പ്. വാഹനം നിര്‍ത്തിയപ്പോള്‍ തന്നെ ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ഞാന്‍ മനസിലാക്കി.ഭ്രാന്തിയ്ക്കും പിശാചിനും ഇടയിലായ എന്റെ അവസ്ഥ ഓര്‍ത്ത് ഞാന്‍ പരിതപിച്ചു.

"അല്ലേല്‍ വേണ്ട. നിന്നെ ഞാന്‍ ലാ ദെഫാന്‍സില്‍ തന്നെയിറക്കാം.." കാര്‍ പിന്നെയും ഓടിത്തുടങ്ങി. എന്റെ ശ്വാസം അല്പം നേരെ വീണു. എങ്കിലും ആശങ്കള്‍ പൂര്‍ണ്ണമായും എന്നെ വിട്ടൊഴിഞ്ഞിരുന്നില്ല. സാന്ദ്രീന്റെ ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി കളിയാടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഭ്രാന്തിന്റെ അവസാനത്തെ ആളിക്കത്തലിനു മുന്‍പുള്ള ശാന്തത ആയിക്കൂടെ ഇതെന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല.

ലാ ദെഫാന്‍സ് മെട്രോ സ്റ്റേഷന് സമീപം സാന്ദ്രീന്‍ കാര്‍ നിര്‍ത്തി.
"നീ ഇവിടെ എവിടെയാണ് താമസിക്കുന്നത്....?"
സത്യം പറയുകയേ നിവര്‍ത്തിയുള്ളൂ..
"ക്ലെബറിലെ അടാജിയോ അപ്പാര്‍ട്ട്മെന്റില്‍...."
അവള്‍ക്ക് അവിടമെല്ലാം സുപരിചിതമാണ് എന്ന് തോന്നി. എന്റെ മൊബൈല്‍ നമ്പര്‍ എഴുതി വാങ്ങി, എന്നെ അടാജിയോയുടെ മുന്നില്‍ ഇറക്കി വിട്ടപ്പോള്‍ അവള്‍ ചെറു പുഞ്ചിരിയോടെ ചോദിച്ചു...
"അടുത്തയാഴ്ച്ചയും ആഫ്റ്റര്‍ വര്‍ക്ക് പാര്‍ട്ടിക്ക് വരില്ലേ...?"
"തീര്‍ച്ചയായും..." എന്ന് ഉറക്കെയും എന്റെ പട്ടി വരും എന്ന് മനസിലും പറഞ്ഞു.

അപ്പാര്‍ട്ട്മെന്റിലെത്തി ഞാന്‍ സമയം നോക്കി. മൂന്നര. എങ്കിലും വല്ലാത്ത ആശ്വാസം. ഒരങ്കം കഴിഞ്ഞ പ്രതീതി. പോക്കറ്റില്‍ നിന്നും ഒരു തൂവാല ഞാന്‍ പുറത്തെടുത്തു. അതില്‍ പുരണ്ടിരുന്ന മെലനിയുടെ ലിപ്സ്റ്റിക് കണ്ടപ്പോള്‍ എന്റെ ഹൃദയം ത്രസിച്ചു. അവളുടെ ചുണ്ടുകളുടെ ലഹരി എന്റെ നാവിന്‍ തുമ്പത്തേക്കൂറി വന്നു. പെട്ടന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.
"ഇത് ഞാനാണ് സാന്ദ്രീന്‍...."
"എന്താ സാന്ദ്രീന്‍..." ചോദ്യം എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിയപോലെ....
"നമ്മള്‍ ഒരു പ്രധാനപ്പെട്ട സ്ഥലം കാണാന്‍ വിട്ടുപോയി. നോത്രദാം കത്തീഡ്രല്‍. പെട്ടന്ന് ഒരുങ്ങി താഴേക്ക് വരൂ...ഞാന്‍ അടാജിയോയുടെ മുന്നിലുണ്ടാവും."

ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് കമ്പിളി പുതപ്പിന്റെ അടിയിലേക്ക് നൂണ് കയറി, മെലനിയെ ഓര്‍ത്ത് തലയിണയില്‍ ചുണ്ടുകളമര്‍ത്തി. താഴെ എന്നെ കാണാതാകുമ്പോള്‍ റിസപ്ഷനില്‍ നിന്നും എന്റെ അപ്പാര്‍ട്ട്മെന്റ് നമ്പര്‍ ചോദിച്ചറിഞ്ഞ് സാന്ദ്രീന്‍ മുകളിലേക്ക് കയറി വരുമെന്ന് ഞാന്‍ ഊഹിച്ചു.

"മെലനീ ....പ്രിയപ്പെട്ടവളെ, ഇനിയൊരിക്കലും എനിക്ക് നിന്നെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല...".
വാതിലില്‍ മുട്ടുന്ന ശബ്ദത്തിനായി കാതോര്‍ത്ത് കണ്ണടച്ച് ഞാന്‍ കിടന്നു....


Sunday, January 1, 2012

സമീര

സിക്സ്റ്റീന്‍ സ്ക്വയറിലെ എന്റെ പത്താം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലേക്ക്, അന്ന് വൈകിട്ട് അവള്‍ അപ്രതീക്ഷിതമായി കടന്നു വന്നത് എന്നെ തെല്ലു നിരാശനാക്കാതിരുന്നില്ല. ഒരു നിശാപാര്ട്ടിയില്‍ പങ്കെടുക്കാനായി ബ്രിഗേഡ് റോഡ്‌ വരെ ശരവണനോടൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നപ്പോഴായിരുന്നു അവളുടെ വരവ്.

ശരവണനെ ഫോണില്‍ വിളിച്ചു വരാന്‍ സാധിക്കില്ല എന്നറിയിച്ചപ്പോള്‍ അവന്‍ ചീത്ത പറയാന്‍ ഭാവിച്ചെങ്കിലും, കാരണം അവളാണെന്നറിഞ്ഞപ്പോള്‍ നിശ്ശബ്ദനായി.

"എന്താ ഞാന്‍ വന്നത് ഒരു ബുദ്ധിമുട്ടായോ...?"
"ഏയ്‌...ഒരിക്കലുമില്ല...." ഞാന്‍ ചിരിക്കുവാന്‍ ശ്രമിച്ചു.
അവള്‍ പതിവിലും സുന്ദരിയായിരിക്കുന്നു. ഭ്രമിപ്പിക്കുന്ന ഒരു നറുമണം അവളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്നത് ഞാനറിഞ്ഞു.

ഈ കഥയുടെ ബാക്കി ഭാഗം തുടര്‍ന്നു വായിക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക....