Tuesday, May 17, 2011

ബ്ലോഗുകള്‍ കഥ പറയുമ്പോള്‍

പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, 'എന്നാത്മാവിന്‍ നഷ്ട സുഗന്ധം' എന്ന തലക്കെട്ട്‌ എന്റെ ജീവിതത്തിന്  എത്രയോ അനുയോജ്യമാണെന്ന്. എന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ഓരോ സുഗന്ധമുണ്ടായിരുന്നു. ഇടയ്ക്കിടെ അവ എനിക്ക് ചുറ്റും പരക്കുകയും വേദനിപ്പിക്കുന്ന ചില ഓര്‍മ്മപ്പെടുത്തലുകളിലേക്ക് എന്നെ നയിക്കുകയും ചെയ്തു കൊണ്ടിരുന്നു...

ഏതാനും ദിവസങ്ങളായി മനസ് വല്ലാതെ അസ്വസ്ഥമാണ്. പുതിയൊരു നഷ്ടം എന്നെ തേടിയെത്തിയിരിക്കുന്നു എന്ന തോന്നലാണ് കാരണം. നഷ്ടത്തിന്റെ പുതിയൊരു ഗന്ധം ഈ കഥ എഴുതുമ്പോള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്. അതെന്റെ സിരകളെ തണുപ്പിക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ജീവിതത്തോടുള്ള ദേക്ഷ്യവും  നിരാശയും എന്നില്‍ വിപരീത ഊര്‍ജ്ജം  നിറച്ച് അക്ഷമയോടെ കാത്തിരിക്കുന്നു. ഉന്മൂലനത്തിന്റെ ഭ്രാന്തമായ വൈകാരിക ചിന്തകളിലൂടെയുള്ള  കടിഞ്ഞാണ്‍ പൊട്ടിയ മനസ്സിന്റെ യാത്രയാണ് ഇനി എനിക്ക് ചെയ്യാനുള്ളത്. തനിക്കു പ്രിയ്യപ്പെട്ടതെന്തും സ്വയം നശിപ്പിച്ച് കൊണ്ടുള്ള ഉന്മാദയാത്ര.  മനസ്സിനെയും ശരീരത്തെയും സ്വയം വേദനിപ്പിച്ച് മറ്റു വേദനകളെ മറക്കുക. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് ഞാന്‍ ആ കഥ പറയാം. എനിക്ക് ചുറ്റും നൃത്തം ചെയ്യുന്ന പുതിയ നഷ്ടത്തിന്റെ കഥ.

കുറേക്കാലം മുന്‍പാണ് ആദ്യമായി അവളുടെ ബ്ലോഗില്‍ ഞാനെത്തപ്പെട്ടത്‌. ഒരു തുടക്കക്കാരിയുടെ ബ്ലോഗ്‌. അന്നതില്‍ അവളുടെ ഒരു ഫോട്ടോ കണ്ടിരുന്നു. പെണ്‍കൊച്ച് തരക്കേടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഒരു അഭിപ്രായം രേഖപ്പെടുത്തി തിരികെ പോന്നു.

പോസ്റ്റുകളില്‍ അവള്‍ അലസമായി കുറിച്ചിടുന്ന ദയനീയമായ വരികളെ നോക്കി ഞാന്‍ പലപ്പോഴും കണ്ണുരുട്ടി പേടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ബ്ലോഗിലെ കീരിയും പാമ്പും ആയി. ഒടുവില്‍ സഹികെട്ട് എനിക്കയച്ച മെയിലില്‍ അവള്‍ ചോദിച്ചു. 

"എന്തിനാണ് നിങ്ങള്‍ എന്നെ ഇത്രയും നിശിതമായി വിമര്‍ശിക്കുന്നത് ? അതും തുടര്ച്ചയായിട്ട്..."
"നിന്നെ ഒരു നല്ല എഴുത്തുകാരി ആക്കാന്‍" എന്ന ഒറ്റ വാക്യത്തില്‍ ഞാന്‍ മറുപടിയൊതുക്കി.

അന്നാദ്യമായി അവള്‍ എന്റെ ബ്ലോഗിലെത്തി, പഴയ പോസ്റ്റുകള്‍ പലതിലും മുങ്ങിത്തപ്പി അഭിപ്രായം  നേരിട്ടറിയിച്ചു. പിറ്റേന്ന് 'ഓര്‍ക്കുട്ട്' എടുത്തു നോക്കിയപ്പോള്‍ അതില്‍ അവളുടെ ഫ്രെണ്ട് റിക്വസ്റ്റ്  കണ്ടു. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. ഇടയ്ക്കിടെ ഓര്‍ക്കുട്ടിലെ ചാറ്റ് വിന്‍ഡോയില്‍ അവളുടെ പുഞ്ചിരികള്‍ തെളിഞ്ഞു. അവസാനം വടക്കുംനാഥന്റെ തിരുസന്നിധിയില്‍ വെച്ച് ഒരു നാള്‍ ഞങ്ങള്‍ നേരില്‍ കണ്ടു; സംസാരിച്ചു.

മണ്ണിലൂടെ വരിയായി പോകുന്ന ചോണനുറുമ്പുകളെയും എന്നെയും മാറി മാറി നോക്കി അന്നവള്‍ പറഞ്ഞു.
"മഹേഷ്‌, ശരിക്കും ഞാന്‍ ഉദ്ദേശിച്ച പോലത്തെ ഒരാളല്ല നിങ്ങള്‍."
"കള്ളനോ അതോ കശ്മലനോ ? "
"അല്ല. ഒരു തെമ്മാടി. "

വടക്കുംനാഥനെ വലം വെച്ച് എവിടെ നിന്നോ എത്തിയ ഒരിളം  തെന്നല്‍ അവളുടെ മനോഹരമായ മുഖത്തെ തഴുകിപ്പോയി.
"പക്ഷെ, നിങ്ങള്‍ എഴുതിയിട്ടുള്ള ചില കഥകള്‍, പ്രത്യേകിച്ച് 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' അതൊരു ഭാവനാസൃഷ്ടി ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നു."
ഞാന്‍ വെറുതെ ചിരിച്ചു.
"അതൊരു നടന്ന കഥയാണ് എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ നീ അങ്ങനെ വിശ്വസിച്ചു  കൊള്ളൂ. മറിച്ചാണെങ്കില്‍ അങ്ങനെ..."

"ശരിക്കും അതൊരു നടന്ന സംഭവമാണോ? "
"ഒരു എഴുത്തുകാരന്‍ ഒരിക്കലും തന്റെ കഥയുടെ പിന്നാമ്പുറങ്ങള്‍ വെളുപ്പെടുത്തിക്കൂടാ...എന്റെ എല്ലാ രചനകളിലും  ആത്മകഥാംശം  ഉണ്ട്. അത് ചിലപ്പോള്‍ കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. "
അവളൊന്നും മിണ്ടാതെ വെറുതെ എന്നെ നോക്കുക മാത്രം ചെയ്തു. 

"സത്യത്തില്‍ നീ നല്ല കഴിവുള്ള ഒരു കുട്ടിയാണ്. പക്ഷെ എന്തിനാണിങ്ങനെ വെറുതെ എന്തെല്ലാമോ എഴുതി കൂട്ടുന്നത്‌? "
"എനിക്കെല്ലാം ഒരു തമാശയാണ് മഹേഷ്‌. വെറുമൊരു തമാശ. ഒരു രീതിയില്‍ ഒരൊളിച്ചോട്ടം, അതാണെന്റെ ബ്ലോഗിങ്"
അവളുടെ മിഴികളില്‍ നനവ്‌ പടര്‍ന്നത് കൊണ്ടാണോ ആവോ അവള്‍ അകലേക്ക്‌ നോക്കിയത്?

"നിന്റെ പുഞ്ചിരിക്കുന്ന മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന സങ്കടങ്ങളെ കുറിച്ച് എന്നോട് പറയൂ കൂട്ടുകാരി..."
തെല്ലിട അവള്‍ നിശ്ശബ്ദയായി.
പിന്നെ, അവളുടെ ആത്മ സംഘര്‍ഷത്തിന്റെ പുകയുന്ന നെരിപ്പോടുകള്‍ എന്റെ ഹൃദയം ഏറ്റു വാങ്ങി.
അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ എനിക്കൊരു ഞെട്ടലാണ് സമ്മാനിച്ചത്‌.
ഒന്നും മിണ്ടാനാവാതെ ഞാനവളുടെ കണ്ണുകളില്‍ നോക്കിനിന്നു.
പിന്നീട് ഒരിക്കലും  അവളുടെ  വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ അധികം ചോദിച്ചിട്ടില്ല. അതവളെ സങ്കടപ്പെടുത്തിയാലോ എന്ന് കരുതി. ഉച്ചയോടു കൂടി ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

പിന്നീട് ഓരോ ദിവസവും ചാറ്റ് വിന്‍ഡോയില്‍ എനിക്കായി അവളുടെ സന്ദേശങ്ങള്‍ കാത്തിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവളുടെ പുഞ്ചിരിക്കുന്ന മുഖം വെറുതെ മനസ്സില്‍ തെളിഞ്ഞു.

"മാഷേ, തിരക്കിലാണോ? " ഓര്‍ക്കുട്ടിന്റെ ഒരു കോണില്‍ അവളുടെ ചാറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു.
"അല്ല, പറയൂ കുഞ്ഞാടേ..."
"ഞാന്‍ ഇന്ന് ഇട്ട പോസ്റ്റ്‌ കണ്ടോ ? "
"ഉം. കണ്ടു പക്ഷെ വായിച്ചില്ല. ആദ്യ തല്ലു ഞാന്‍ തന്നെ തരണോ ?"

"ഞാന്‍ ഇപ്പോള്‍ നിന്റെ ബെസ്റ്റ്  ഫ്രെണ്ട് അല്ലേ? "
"ഞാന്‍ ഒരു അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അത് മാറിക്കൊള്ളും..."

"ഈ ഏകാന്തതയുടെ ലോകത്ത് ബ്ലോഗ്‌ എനിക്ക് വലിയ ആശ്വാസം തന്നെ ആണ്. ചിലപ്പോള്‍ വല്ലാണ്ട്  സങ്കടം വരും. അപ്പൊ, ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നോര്‍ത്ത് കരയും. ഇപ്പോള്‍ ബ്ലോഗ്‌ ആണെന്റെ പ്രിയ കൂട്ടുകാരി. "
"നീ സങ്കടപ്പെടാതിരിക്കൂ...ആരും ഒറ്റക്കല്ല കുട്ടീ.. നീ നോക്കൂ...എന്റെ ജീവിതവും ഒരു  നീണ്ട കഥയാണ്. എത്ര കൂട്ടിയാലും തെറ്റുന്ന കണക്കുകളുടെ കഥ. ഒരുപാട് തെറ്റുകള്‍ നിറഞ്ഞ, ആര്‍ക്കും വേണ്ടാത്ത  ഒരു കഥ പുസ്തകം പോലെ. എന്നിട്ടും ചിരിക്കുവാനാണെനിക്കിഷ്ടം.."

"എന്റേത് ഉത്തരമില്ലാത്ത ഒരു കടംകഥയാണ് മാഷേ "
"നിന്റെ ജീവിതമാകുന്ന കടംകഥയ്ക്ക്‌ എന്നെങ്കിലും ഉത്തരം കിട്ടും തീര്‍ച്ച.  പക്ഷെ എന്റെ കഥയ്ക്ക്‌ ഒരിക്കലും മാറ്റം ഉണ്ടാകില്ല.."

"ഞാന്‍ ആ കഥയുടെ ക്ലൈമാക്സ് ഒന്നു മാറ്റി എഴുതട്ടെ? "
"എങ്കില്‍ ഉത്തരം കിട്ടാത്ത നിന്റെ കടംകഥയ്ക്ക് ഞാനൊരുത്തരം കണ്ടു പിടിച്ചു തരാം."

"കഥയില്ലാത്ത രണ്ടു ജീവിതങ്ങള്‍ ഒത്തു ചേരുമ്പോള്‍ നല്ല രസമായിരിക്കും അല്ലേ? "
"അതേ. ചിലപ്പോള്‍ അതൊരു കഥയില്ലാത്ത ഒരു നോവല്‍ ‍തന്നെ ആയെന്നും വരാം..അതിരിക്കട്ടെ, എന്താണീ കഥയുടെ ക്ലൈമാക്സ് ?"

"കടം കഥയുടെ ഉത്തരം കിട്ടിയോ? അത് പക്ഷെ എളുപ്പമല്ല. എനിക്ക് വേണ്ടത് അതൊരു ത്യാഗമായി കണക്കാക്കാത്ത ഒരാളെയാണ്. "
"ഒരാള്‍ക്ക്‌ ജീവിതം കൊടുക്കുക എന്നത് ഒരു ത്യാഗമായി ഞാന്‍ കരുതുന്നില്ല കുട്ടീ.."

"എങ്കില്‍ വളച്ചു കെട്ടാതെ ഞാനൊരു കാര്യം പറയട്ടെ..?"
"ഉം. പറയൂ..."

"ഐ ലവ് യൂ..........."
"സത്യം തന്നെയോ നീ പറയുന്നത്? ഞാന്‍ എന്നെയൊന്നു നുള്ളി നോക്കട്ടെ..."
"സത്യം തന്നെയാ പറഞ്ഞത്..."
"എങ്കില്‍ ഇപ്പോള്‍ ഞാന്‍ നിന്റെ മൊബൈലില്‍ വിളിക്കട്ടെ..ചാറ്റില്‍ നീ പറഞ്ഞതൊക്കെ എനിക്ക് നേരിട്ട് കേള്‍ക്കണം"
"ഈ പാതിരാത്രിക്കോ? "
"അതേ...."

ചാറ്റ് വിന്‍ഡോയില്‍ അവള്‍ ചിരിക്കുന്ന അടയാളം തെളിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു.
അവളുടെ മുന്നില്‍ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയായി ഞാന്‍ മാറി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ കൂടുതല്‍ അടുത്തു. എങ്കിലും ഒരു കാര്യം മാത്രം ഞാന്‍ ഇടയ്ക്കിടെ അവളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു...

"വിവാഹവും പ്രണയവും ഒക്കെ ഒരിക്കല്‍ ഞാന്‍ കുഴിച്ചു മൂടിയ സ്വപ്നങ്ങളാണ്. അവ വീണ്ടും തിരിച്ചു വരുമ്പോള്‍ ഒരു രീതിയില്‍ ഞാന്‍ ഭയപ്പെടുന്നു.  വരണ്ട പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആ ലോകത്തേക്ക് ഒരിക്കല്‍ കൂടി മടങ്ങി പോകുവാനുള്ള ബാല്യം ഇന്നെന്റെ മനസ്സിന് ഇല്ല. നീ എന്നെ സങ്കടപ്പെടുത്തുമോ? "
"ഇല്ലാ...ഒരിക്കലും ഇല്ല.."

ഓരോ ദിവസവും എന്നില്‍ പുത്തന്‍ ഊര്‍ജ്ജം നിറയുകയായി. കാരണം ഞങ്ങള്‍ പ്രണയിക്കുകയായിരുന്നു.
അവളുടെ സന്ദേശങ്ങള്‍ക്കായി ഉള്ള സുഖമുള്ള കാത്തിരിപ്പുകള്‍. ഖബറടക്കം ചെയ്ത സ്വപ്നങ്ങളും നിറങ്ങളും പ്രതീക്ഷകളും ഉയിര്ത്തെഴുന്നേറ്റ് ആര്‍പ്പു വിളിച്ച ദിനങ്ങള്‍.....

പക്ഷെ എല്ലാം നിലച്ചത് പെട്ടെന്നാണ്...
ഒരു സുപ്രഭാതത്തില്‍, മൊബൈലില്‍ വിളിക്കുമ്പോള്‍ അവള്‍ കോള്‍ എടുക്കാതായി.
ഇ-മെയിലുകള്‍ വരാതായി.

എനിക്കൊന്നും മനസിലായില്ല.
ആകുലതയുടെയും ആശങ്കകളുടെയും പെരുമഴകള്‍ മനസ്സില്‍ വിങ്ങിപ്പൊട്ടി.
ഇന്ബോക്സും തുറന്ന് വെച്ച് എത്രയോ ദിവസങ്ങളായി അവളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു..തികച്ചും അസഹനീയമായിരുന്ന ആ ദിവസങ്ങളില്‍ അവള്‍ക്കെന്തോ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന സംശയവും മനസ്സില്‍ ബലപ്പെട്ടു.


പിന്നീട് അവളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വന്നപ്പോഴും അവളുടെ കമന്റ് ബോക്സില്‍ അപ്പ്രൂവലിനായി കാത്തു കിടന്ന വായനക്കാരുടെ അഭിപ്രായങ്ങള്‍ ഓരോന്നായി വെളിച്ചം കണ്ടപ്പോഴും ഞാന്‍ തകരുകയായിരുന്നു.. ഓര്‍ക്കുട്ടില്‍ അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ അന്യനായി.
നഷ്ടസ്വപ്നങ്ങള്‍ എനിക്ക് ചുറ്റും വേലി കെട്ടിയിരിക്കുന്നത് കണ്ടതപ്പോഴാണ്.

പ്രണയത്തിന്റെ എവറസ്റ്റ് കൊടുമുടിയിലേക്ക് ക്ഷണനേരം കൊണ്ട് പറന്ന് കയറി, അതിലും വേഗത്തില്‍ ചിറകറ്റു താഴെ വീണ പക്ഷിയെ പോലെ.  പ്രകൃതിയുടെ അലിഖിത നിയമമാണത്, മുകളിലേക്ക് പോകുമ്പോഴല്ല, താഴേക്കു വീഴുമ്പോഴാണ് വേഗം കൂടുതലെന്നത്...

അവള്‍ക്കയച്ച അവസാന മെയിലുകളിലൊന്നില്‍ ഞാന്‍ എഴുതി..
"എന്റെ മനസിലെ ചിന്തകള്‍ക്ക് തീ പിടിച്ചിരിക്കുകയാണ്.  ഒരു വേലിയേറ്റത്തിനും   കെടുത്താനാവാത്ത വിധം അത് ആളിപ്പടരുകയാണ്. ആ ആളിക്കത്തലിനെ ഞാന്‍ ഭയപ്പെടുന്നു.
ഇനിയും തുടര്‍ന്നാല്‍ അത് ഉന്മൂലനത്തിന്റെ ലഹരി എന്നില്‍ നിറയ്ക്കും.
നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അല്ലാതാകുന്ന ആ ലഹരിയില്‍ ഞാന്‍ സ്വയം ക്രൂശിക്കപ്പെടും.
ജീവിതത്തിന്റെ അവസാനത്തെ കഴുക്കോലും അടര്‍ന്നു വീഴുന്നത് നീ കാണാന്‍ നില്‍ക്കുകയാണോ?
നിന്റെ ഒരു വാക്കിന്  എന്റെ ഉള്ളിലെ തീ അണയ്ക്കാനാകും എന്നറിഞ്ഞിട്ടും എന്തേ നീ ഒന്നും മിണ്ടാത്തത് ? "

ഒരു മറുപടിക്ക് വേണ്ടിയുള്ള  പ്രതീക്ഷകള്‍ വെറും ജലരേഖകള്‍ ആകുന്നുവോ?
നഷ്ടസുഗന്ധങ്ങള്‍ എനിക്ക് ചുറ്റും  നിന്ന് കോപ്രായങ്ങള്‍ കാണിച്ചു തുടങ്ങി. അങ്ങനെയൊരവസരത്തിലാണ് ഞാനെന്റെ പേന കയ്യിലെടുത്തതും എഴുതാന്‍ തുടങ്ങിയതും, ഇതുവരെ എഴുതിയതും.
ഇനിയും ഞാനെന്താണ് എഴുതുക?

തേങ്ങുന്ന എന്റെ ഹൃദയം ഈ കഥയുടെ ക്ലൈമാക്സ് എന്തെന്നറിയാതെ അലയുകയാണ്.
ഒരിക്കല്‍ നീ മാറ്റി എഴുതാമെന്ന് പറഞ്ഞ കഥയുടെ ആ പഴയ ക്ലൈമാക്സ് ഇപ്പോള്‍ എന്നെ നോക്കി ഉറക്കെയുറക്കെ ചിരിക്കുകയാണ്.

വായനക്കാരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച്, ആ മുറിവിലൊരു നീറ്റല്‍ സമ്മാനിക്കുന്ന വിധം ഈ കഥയുടെ അവസാന ഭാഗം പൂരിപ്പിക്കുവാന്‍ എന്റെ ഭാവന തയ്യാറെടുക്കവേ, അപ്രതീക്ഷിതമായി മൊബൈലില്‍ അവളുടെ വിളിയൊച്ച മുഴങ്ങി...
"ഹലോ....."
ഒരു നിമിഷം അവളുടെ സ്വരം കേട്ടപ്പോള്‍ ഞാന്‍ വീണ്ടുമൊരു കുട്ടിയായി.

"എന്ത് പറ്റീഡാ ...എന്താ പ്രശ്നം....??"
"വീട്ടിലറിഞ്ഞു; ഭയങ്കര പ്രശ്നമായി. ഇനി ഒരിക്കലും ഒരു രീതിയിലും നിന്നെ കോണ്ടാക്റ്റ് ചെയ്യരുതെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു..."

അവളുടെ സ്വരത്തില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു...
സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു...
പാട്ട് മറന്ന കുയിലിന്റെ തേങ്ങലുണ്ടായിരുന്നു...
"പോട്ടെ..സാരമില്ലെടാ...."
എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

"തമ്മില്‍ കാണാതെ, ഒന്നും മിണ്ടാതെ, ഒരു രീതിയിലും പരസ്പരം ബന്ധപ്പെടാതെ നമുക്ക് പ്രണയിച്ചു കൂടെ മഹേഷ്‌...??"
പാവം പെണ്‍കുട്ടി; എനിക്ക് പ്രണയമെന്നത് ആത്മസമര്‍പ്പണം ആണെന്ന് അവള്‍ക്കറിയില്ലല്ലോ.
ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തനിക്കു പോലും തിരിച്ചെടുക്കാനാവാത്ത വിധം അതില്‍ ലയിച്ച്....
ഒരാളെയും സ്നേഹിക്കാത്തപ്പോള്‍ എല്ലാവര്ക്കും കൊടുക്കണമെന്ന് തോന്നുന്നതും, ഒരാളെ സ്നേഹിക്കുമ്പോള്‍ മറ്റാര്‍ക്കും കൊടുക്കാനാവാത്തതുമായ വികാരമാണ് പ്രണയം.

 "പ്രിയ്യപ്പെട്ട പെണ്‍കുട്ടീ...എത്ര നാള്‍ വേണമെങ്കിലും നിനക്കായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്; അങ്ങേ തലയ്ക്കല്‍ നീ കാത്തിരിക്കുന്ന അത്രയും  നാള്‍."
"എന്തെങ്കിലും കാരണവശാല്‍ മറിച്ചെന്തെങ്കിലും   നിന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ നീ എനിക്കൊരു മെയില്‍ അയക്കണം" അവളുടെ നേര്‍ത്ത സ്വരത്തില്‍ ഗദ്ഗദം കുടുങ്ങി.
"ഇല്ല കുട്ടീ. അങ്ങനെയൊന്നുണ്ടാവില്ല. നിനക്കൊരു ജീവിതമുണ്ടായി കഴിഞ്ഞ് മാത്രമേ ഇനി എനിക്കൊരു ജീവിതമുള്ളൂ.."
"ഞാനൊരു ഭയങ്കരിയാണെന്ന് നീ കരുതുന്നുണ്ടോ? "
"നീ പാവമാണ്. ഐ ലവ് യു സോ മച്ച്....."
"ഞാന്‍ വെച്ചോട്ടെ...ഇനി കാണാനോ മിണ്ടാനോ......" മുഴുമിപ്പിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു...
"സാരമില്ലെടാ...സങ്കടപ്പെടാതിരിക്കൂ.. നീ നന്നായി പഠിക്കണം. കോഴ്സ് ഒക്കെ കഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് നിനക്കുണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ കുറയും. ഒരിക്കലും തളരരുത്..."
"ഞാന്‍ വെക്കുവാ..." ഫോണ്‍ കട്ടായി.
ഒരു നിമിഷം ഞാന്‍ കണ്ണടച്ചു.
അല്പം ശാന്തമായ മനസ്സിലിപ്പോള്‍ വേലിയേറ്റങ്ങളില്ല പകരം കൊച്ചു കൊച്ചു തിരമാലകള്‍ മാത്രം.

പ്രിയ വായനക്കാരാ, ഇനി എന്ത് ക്ലൈമാക്സാണ് നിനക്കായി ഞാന്‍ എഴുതേണ്ടത് ? പേന എന്റെ കയ്യിലിരുന്നു വിറക്കുന്നു...

ഒരുപാട് നീണ്ട് പോയേക്കാമെന്ന ഒരു കാത്തിരിപ്പിന്റെ തുടക്കം മാത്രമാണിതെന്ന് ഞാനറിയുന്നു.
എന്റെ മനസ്സില്‍ അവള്‍ക്കായി ഒരുക്കിയ സ്വപ്നക്കൂട്ടില്‍  ഒരായിരം പ്രതീക്ഷകളെ, സ്വപ്നങ്ങളെ അടച്ച് വെച്ച് ഞാന്‍ കാത്തിരിക്കവേ കാലം എനിക്കായി ഒരുക്കുന്നതെന്താണ് ? അര്‍ത്ഥമോ അര്‍ത്ഥ ശൂന്യതയോ?
സ്നേഹത്തിന്റെ, കാലത്തിന്റെ അര്‍ത്ഥമില്ലായ്മക്ക് മുന്നില്‍ ഞാനൊരിക്കലും പതറാതിരിക്കട്ടെ.. ഇനിയുള്ള കാലം ഉള്ളില്‍ അവളോടുള്ള ഇഷ്ടം മാത്രം നിറയട്ടെ.

പ്രിയപ്പെട്ട പെണ്‍കുട്ടീ, നമ്മുടെ നൊമ്പരങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളുമൊക്കെ ഇനി നമ്മുടെ ബ്ലോഗുകള്‍ പങ്കു വെയ്ക്കട്ടെ. നിന്റെ കഥകളിലും കവിതകളിലും എനിക്കായി മാത്രം നീ മാറ്റി വെച്ചിരിക്കുന്ന വരികളില്‍, നിനക്കായി മാത്രമെന്‍ തൂലികയില്‍ വിരിയുന്ന പോസ്റ്റുകളില്‍, നമ്മുടെ കമന്റ് ബോക്സിലെ അക്ഷരക്കൂട്ടങ്ങളില്‍, ഇനിയുള്ള കഥകള്‍ നമ്മുടെ ബ്ലോഗുകള്‍ പറയട്ടെ. ബ്ലോഗുകള്‍ കഥ പറയുമ്പോള്‍ അക്ഷരങ്ങളെ മാത്രം സ്നേഹിച്ച്, പ്രണയത്തിന്റെ ശരശയ്യയില്‍ നമുക്ക് കാത്തിരിക്കാം, നീയും ഞാനും ഒന്നാകുന്ന ആ ദിവസത്തിനായി...... 

Wednesday, May 11, 2011

സത്യഭാമയും പൂച്ചക്കുട്ടിയും

സത്യഭാമ മരിച്ചതിന്റെ നാല്പ്പത്തിഒന്നാം  ദിവസമാണ് അവളെ ആ വീട്ടില്‍ കണ്ടു തുടങ്ങിയത്.
വെളുപ്പില്‍ കറുപ്പും ചാരവും നിറങ്ങള്‍ ഇടകലര്‍ന്ന നീലക്കണ്ണുള്ള ഒരു പൂച്ചക്കുട്ടി. അത്തരമൊരു പൂച്ചയെ ആ നാട്ടിലാരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്തൊക്കെയോ പ്രത്യേകതകള്‍ അതിനുള്ള പോലെ. എവിടെ നിന്നാണത് വന്നത് എന്നും ആര്‍ക്കും അറിയാമായിരുന്നില്ല.


ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും പേറി ചുറുചുറുക്കോടെ ഓടി നടന്ന സത്യഭാമയെ രക്താര്‍ബുദം എന്ന കൂട്ടുകാരനാണ് നിനച്ചിരിക്കാത്ത ഒരു സുപ്രഭാതത്തില്‍ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. അങ്ങനെ ഒന്‍പതു മാസത്തെ വിവാഹ ജീവിതത്തിനു തിരശ്ശീല വീണപ്പോള്‍ അവനും ഒറ്റപ്പെട്ടു.


ആദ്യമാദ്യം സത്യഭാമയുടെ കുഴിമാടത്തിനരുകില്‍ കഴിഞ്ഞു കൂടിയ ആ പൂച്ചക്കുട്ടി പിന്നെയെപ്പോഴോ ഭാമയുടെ വീടിന്റെ അടുക്കള വാതില്‍ക്കലും എത്തി നോക്കി. ആരോ അതിനാഹാരം എടുത്തു കൊടുത്തു.
മീനോ ഇറച്ചിയോ ഉള്ളപ്പോള്‍ ആഹാരം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന ആ പൂച്ചക്കുട്ടി സാമ്പാര്‍, പരിപ്പ് തുടങ്ങിയ കറികള്‍ കൂട്ടി മാത്രം ആഹാരം കഴിച്ചപ്പോഴും  ആരും ശ്രദ്ധിച്ചിരുന്നില്ല, ഭാമയും ഒരു സസ്യഭുക്ക് ആയിരുന്നു എന്ന കാര്യം..

ദിവസങ്ങള്‍ കഴിഞ്ഞ് ഭാമയുടെ അമ്മയാണ് ആദ്യം അക്കാര്യം ശ്രദ്ധിച്ചത്. ആര് ഭാമയുടെ പേര് പറഞ്ഞാലും ആ പൂച്ചക്കുട്ടി അവിടെ ഓടി എത്തുന്നു എന്ന വസ്തുത. ഭാമയെ കുറിച്ച് പറഞ്ഞ് ആ വീട്ടില്‍ ആരു കരയുമ്പോഴും പൂച്ചക്കുട്ടിയുടെ കണ്ണുകളും ഈറനണിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയത് ഭാമയുടെ കുഞ്ഞനിയനാണ്..


ക്രമേണ ആ പൂച്ചക്കുട്ടി ആ വീട്ടിലെ ഒരംഗം ആയി മാറി. ഭാമയുടെ മുറി അവളുടെതായി.
ഭാമയുടെ പ്രിയപ്പെട്ടവരുടെ കാലുകളില്‍ ഉരുമ്മി അവള്‍ നടന്നു. ഭാമയ്ക്ക് പ്രിയങ്കരമായ വസ്തുക്കളില്‍ അവള്‍ സന്തോഷം കണ്ടെത്തി. ഭാമയുടെ വസ്ത്രങ്ങള്‍ അലമാരയില്‍ നിന്നും വലിച്ചു താഴെയിട്ട് അവള്‍ അതിന്റെ മേല്‍ കിടന്നുറങ്ങി. മറ്റൊരിക്കല്‍ ഭാമയുടെ വിവാഹ ആല്‍ബത്തിലെ ഓരോ പേജും ആയാസപ്പെട്ട്‌ മറിച്ചു നോക്കി കാണവേ അവളുടെ നീലക്കണ്ണുകള്‍ നനഞ്ഞിരുന്നത് ആരെങ്കിലും കണ്ടുവോ?


ഭാമയുടെ ഏറ്റവും പ്രിയ്യപ്പെട്ടവന്‍ അവിടെ എത്തുമ്പോഴെല്ലാം അവള്‍ അയാളുടെ മടിയില്‍ കയറിയിരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു പോന്നു. അതിന്റെ നീലക്കണ്ണുകളുടെ തിളക്കത്തില്‍ അയാള്‍ സത്യഭാമയുടെ മിഴികള്‍ കണ്ടു.


ആ പൂച്ചക്കുട്ടി എന്നും രാവിലെയും വൈകിട്ടും ഭാമയുടെ കുഴിമാടത്തിനരുകില്‍ പോയി നിശ്ശബ്ദമായി തിരിച്ച് വരുന്നത് വീട്ടുകാര്‍ വേദനയോടെ  നോക്കി നിന്നു.
എന്തൊക്കെയോ അവരോടു പറയണമെന്ന് ആ മിണ്ടാപ്രാണിക്കുണ്ടായിരുന്ന പോലെ.....
ഭാമ ബാക്കി വെച്ച് പോയ സ്വപ്നങ്ങളെ കുറിച്ച്.....
കൊടുത്തു തീര്‍ക്കാനാവാതെ പോയ സ്നേഹത്തിന്റെ കടങ്ങളെ കുറിച്ച്...
ഭാമ ചെയ്തു തീര്‍ക്കാന്‍ അവശേഷിപ്പിച്ച കര്‍മ്മങ്ങളെ കുറിച്ച്....
പക്ഷെ, എല്ലാം എല്ലായ്പ്പോഴും ഒരു മ്യാവൂ വിളിയുടെ ഗദ്ഗദത്തില്‍ കുരുങ്ങി നിന്നു. അവള്‍ക്കു മിണ്ടാനായിരുന്നെങ്കില്‍...??


അപ്പോഴേക്കും ഈ അസാധാരണത്തിന്റെ പൊരുള്‍ തേടി നാട്ടുകാര്‍ രംഗത്തിറങ്ങി.
പല നാവുകള്‍ പല കഥകള്‍ പാടി നടന്നു. പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ക്ക് ഉപകഥകള്‍ ഒരുപാടുണ്ടായി. മോക്ഷം കിട്ടാതലയുന്ന സത്യഭാമയുടെ ആത്മാവ് പൂച്ചക്കുട്ടിയില്‍ കുടിയേറിയിരിക്കുകയാണെന്ന് ഒരു കൂട്ടര്‍. പുനര്‍ജന്മമെന്ന് മറ്റൊരു കൂട്ടര്‍. നാട്ടുകാര്‍ ഒത്തു കൂടി.
ഭാമയെ അടക്കം ചെയ്തിരിക്കുന്നിടത്ത് നിന്നും പുറത്തെടുത്ത് ദഹിപ്പിക്കാനും പൂച്ചക്കുട്ടിയെ കൊന്നുകളയാനും നാട്ടുകൂട്ടം വിധിയെഴുതി. പക്ഷെ ഭാമയുടെ വീട്ടുകാര്‍ ഈ ആവശ്യങ്ങളെ നിരാകരിച്ചു. പകരം അവര്‍ പൂച്ചക്കുട്ടിക്ക് കൂടുതല്‍ സുരക്ഷയും സ്നേഹവും നല്‍കി.


പലരും ഭാമയുടെ വീട്ടില്‍ വരാതായി. ഗ്രാമത്തിലെ ആള്‍ക്കാര്‍ ഇരുളും മുന്നേ വീടണഞ്ഞു. മനുഷ്യന്റെ നിശ്ശബ്ദത രാത്രിയെ കൂടുതല്‍ ഭയാനകമാക്കി. തങ്ങളുടെ ഓമന പൂച്ചകളുടെ കരച്ചില്‍ പോലും ജനങ്ങളെ ഭയപ്പെടുത്തിയപ്പോള്‍ വിഷം പ്രയോഗിച്ച് ആ ഭയപ്പാടില്‍ നിന്നവര്‍ മുക്തി നേടി. മറുനാടന്‍ മന്ത്രവാദികള്‍ പോലും ഉപഭോക്താവിനെ തേടി ആ നാട്ടിലെത്തി, കീശകള്‍ വീര്‍പ്പിച്ചു തുടങ്ങി.

രാത്രിയുടെ മറവില്‍ ഒരുനാള്‍ ആ പൂച്ചക്കുട്ടിയെ കാണാതായി.
പിറ്റേന്ന് നീണ്ട തിരച്ചിലിനൊടുവില്‍ കുറേ മാറി ഒരു കുറ്റിക്കാട്ടില്‍ കഴുത്തറുത്ത നിലയില്‍ ആ പൂച്ചക്കുട്ടിയുടെ ശവം നാട്ടുകാര്‍ കണ്ടെത്തി. ചത്ത പൂച്ചയിലെ ഭാമയുടെ പ്രേതം മറ്റൊരാളില്‍ കുടിയേറാതിരിക്കാന്‍ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങി. ഒടുവില്‍ ശവം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു പ്രേതത്തെ മുള്ളുമുരിക്കില്‍ തറച്ചു.


ഭാമയുടെയും പൂച്ചക്കുട്ടിയുടെയും ഉത്തരമില്ലാ കഥയിലെ ഒരുപാട് ചോദ്യങ്ങളെ മാത്രം അവശേഷിപ്പിച്ചു കൊണ്ട് പിന്നീടെല്ലാം ശാന്തമായി....ഭാമയുടെ വീട്ടുകാര്‍ മാത്രം അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു...