Wednesday, May 11, 2011

സത്യഭാമയും പൂച്ചക്കുട്ടിയും

സത്യഭാമ മരിച്ചതിന്റെ നാല്പ്പത്തിഒന്നാം  ദിവസമാണ് അവളെ ആ വീട്ടില്‍ കണ്ടു തുടങ്ങിയത്.
വെളുപ്പില്‍ കറുപ്പും ചാരവും നിറങ്ങള്‍ ഇടകലര്‍ന്ന നീലക്കണ്ണുള്ള ഒരു പൂച്ചക്കുട്ടി. അത്തരമൊരു പൂച്ചയെ ആ നാട്ടിലാരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്തൊക്കെയോ പ്രത്യേകതകള്‍ അതിനുള്ള പോലെ. എവിടെ നിന്നാണത് വന്നത് എന്നും ആര്‍ക്കും അറിയാമായിരുന്നില്ല.


ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും പേറി ചുറുചുറുക്കോടെ ഓടി നടന്ന സത്യഭാമയെ രക്താര്‍ബുദം എന്ന കൂട്ടുകാരനാണ് നിനച്ചിരിക്കാത്ത ഒരു സുപ്രഭാതത്തില്‍ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. അങ്ങനെ ഒന്‍പതു മാസത്തെ വിവാഹ ജീവിതത്തിനു തിരശ്ശീല വീണപ്പോള്‍ അവനും ഒറ്റപ്പെട്ടു.


ആദ്യമാദ്യം സത്യഭാമയുടെ കുഴിമാടത്തിനരുകില്‍ കഴിഞ്ഞു കൂടിയ ആ പൂച്ചക്കുട്ടി പിന്നെയെപ്പോഴോ ഭാമയുടെ വീടിന്റെ അടുക്കള വാതില്‍ക്കലും എത്തി നോക്കി. ആരോ അതിനാഹാരം എടുത്തു കൊടുത്തു.
മീനോ ഇറച്ചിയോ ഉള്ളപ്പോള്‍ ആഹാരം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന ആ പൂച്ചക്കുട്ടി സാമ്പാര്‍, പരിപ്പ് തുടങ്ങിയ കറികള്‍ കൂട്ടി മാത്രം ആഹാരം കഴിച്ചപ്പോഴും  ആരും ശ്രദ്ധിച്ചിരുന്നില്ല, ഭാമയും ഒരു സസ്യഭുക്ക് ആയിരുന്നു എന്ന കാര്യം..

ദിവസങ്ങള്‍ കഴിഞ്ഞ് ഭാമയുടെ അമ്മയാണ് ആദ്യം അക്കാര്യം ശ്രദ്ധിച്ചത്. ആര് ഭാമയുടെ പേര് പറഞ്ഞാലും ആ പൂച്ചക്കുട്ടി അവിടെ ഓടി എത്തുന്നു എന്ന വസ്തുത. ഭാമയെ കുറിച്ച് പറഞ്ഞ് ആ വീട്ടില്‍ ആരു കരയുമ്പോഴും പൂച്ചക്കുട്ടിയുടെ കണ്ണുകളും ഈറനണിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയത് ഭാമയുടെ കുഞ്ഞനിയനാണ്..


ക്രമേണ ആ പൂച്ചക്കുട്ടി ആ വീട്ടിലെ ഒരംഗം ആയി മാറി. ഭാമയുടെ മുറി അവളുടെതായി.
ഭാമയുടെ പ്രിയപ്പെട്ടവരുടെ കാലുകളില്‍ ഉരുമ്മി അവള്‍ നടന്നു. ഭാമയ്ക്ക് പ്രിയങ്കരമായ വസ്തുക്കളില്‍ അവള്‍ സന്തോഷം കണ്ടെത്തി. ഭാമയുടെ വസ്ത്രങ്ങള്‍ അലമാരയില്‍ നിന്നും വലിച്ചു താഴെയിട്ട് അവള്‍ അതിന്റെ മേല്‍ കിടന്നുറങ്ങി. മറ്റൊരിക്കല്‍ ഭാമയുടെ വിവാഹ ആല്‍ബത്തിലെ ഓരോ പേജും ആയാസപ്പെട്ട്‌ മറിച്ചു നോക്കി കാണവേ അവളുടെ നീലക്കണ്ണുകള്‍ നനഞ്ഞിരുന്നത് ആരെങ്കിലും കണ്ടുവോ?


ഭാമയുടെ ഏറ്റവും പ്രിയ്യപ്പെട്ടവന്‍ അവിടെ എത്തുമ്പോഴെല്ലാം അവള്‍ അയാളുടെ മടിയില്‍ കയറിയിരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു പോന്നു. അതിന്റെ നീലക്കണ്ണുകളുടെ തിളക്കത്തില്‍ അയാള്‍ സത്യഭാമയുടെ മിഴികള്‍ കണ്ടു.


ആ പൂച്ചക്കുട്ടി എന്നും രാവിലെയും വൈകിട്ടും ഭാമയുടെ കുഴിമാടത്തിനരുകില്‍ പോയി നിശ്ശബ്ദമായി തിരിച്ച് വരുന്നത് വീട്ടുകാര്‍ വേദനയോടെ  നോക്കി നിന്നു.
എന്തൊക്കെയോ അവരോടു പറയണമെന്ന് ആ മിണ്ടാപ്രാണിക്കുണ്ടായിരുന്ന പോലെ.....
ഭാമ ബാക്കി വെച്ച് പോയ സ്വപ്നങ്ങളെ കുറിച്ച്.....
കൊടുത്തു തീര്‍ക്കാനാവാതെ പോയ സ്നേഹത്തിന്റെ കടങ്ങളെ കുറിച്ച്...
ഭാമ ചെയ്തു തീര്‍ക്കാന്‍ അവശേഷിപ്പിച്ച കര്‍മ്മങ്ങളെ കുറിച്ച്....
പക്ഷെ, എല്ലാം എല്ലായ്പ്പോഴും ഒരു മ്യാവൂ വിളിയുടെ ഗദ്ഗദത്തില്‍ കുരുങ്ങി നിന്നു. അവള്‍ക്കു മിണ്ടാനായിരുന്നെങ്കില്‍...??


അപ്പോഴേക്കും ഈ അസാധാരണത്തിന്റെ പൊരുള്‍ തേടി നാട്ടുകാര്‍ രംഗത്തിറങ്ങി.
പല നാവുകള്‍ പല കഥകള്‍ പാടി നടന്നു. പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ക്ക് ഉപകഥകള്‍ ഒരുപാടുണ്ടായി. മോക്ഷം കിട്ടാതലയുന്ന സത്യഭാമയുടെ ആത്മാവ് പൂച്ചക്കുട്ടിയില്‍ കുടിയേറിയിരിക്കുകയാണെന്ന് ഒരു കൂട്ടര്‍. പുനര്‍ജന്മമെന്ന് മറ്റൊരു കൂട്ടര്‍. നാട്ടുകാര്‍ ഒത്തു കൂടി.
ഭാമയെ അടക്കം ചെയ്തിരിക്കുന്നിടത്ത് നിന്നും പുറത്തെടുത്ത് ദഹിപ്പിക്കാനും പൂച്ചക്കുട്ടിയെ കൊന്നുകളയാനും നാട്ടുകൂട്ടം വിധിയെഴുതി. പക്ഷെ ഭാമയുടെ വീട്ടുകാര്‍ ഈ ആവശ്യങ്ങളെ നിരാകരിച്ചു. പകരം അവര്‍ പൂച്ചക്കുട്ടിക്ക് കൂടുതല്‍ സുരക്ഷയും സ്നേഹവും നല്‍കി.


പലരും ഭാമയുടെ വീട്ടില്‍ വരാതായി. ഗ്രാമത്തിലെ ആള്‍ക്കാര്‍ ഇരുളും മുന്നേ വീടണഞ്ഞു. മനുഷ്യന്റെ നിശ്ശബ്ദത രാത്രിയെ കൂടുതല്‍ ഭയാനകമാക്കി. തങ്ങളുടെ ഓമന പൂച്ചകളുടെ കരച്ചില്‍ പോലും ജനങ്ങളെ ഭയപ്പെടുത്തിയപ്പോള്‍ വിഷം പ്രയോഗിച്ച് ആ ഭയപ്പാടില്‍ നിന്നവര്‍ മുക്തി നേടി. മറുനാടന്‍ മന്ത്രവാദികള്‍ പോലും ഉപഭോക്താവിനെ തേടി ആ നാട്ടിലെത്തി, കീശകള്‍ വീര്‍പ്പിച്ചു തുടങ്ങി.

രാത്രിയുടെ മറവില്‍ ഒരുനാള്‍ ആ പൂച്ചക്കുട്ടിയെ കാണാതായി.
പിറ്റേന്ന് നീണ്ട തിരച്ചിലിനൊടുവില്‍ കുറേ മാറി ഒരു കുറ്റിക്കാട്ടില്‍ കഴുത്തറുത്ത നിലയില്‍ ആ പൂച്ചക്കുട്ടിയുടെ ശവം നാട്ടുകാര്‍ കണ്ടെത്തി. ചത്ത പൂച്ചയിലെ ഭാമയുടെ പ്രേതം മറ്റൊരാളില്‍ കുടിയേറാതിരിക്കാന്‍ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങി. ഒടുവില്‍ ശവം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു പ്രേതത്തെ മുള്ളുമുരിക്കില്‍ തറച്ചു.


ഭാമയുടെയും പൂച്ചക്കുട്ടിയുടെയും ഉത്തരമില്ലാ കഥയിലെ ഒരുപാട് ചോദ്യങ്ങളെ മാത്രം അവശേഷിപ്പിച്ചു കൊണ്ട് പിന്നീടെല്ലാം ശാന്തമായി....ഭാമയുടെ വീട്ടുകാര്‍ മാത്രം അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു...

26 comments:

 1. മഹേഷ്‌, ആദ്യത്തെ കമന്റ്‌ എന്റെ വക. വായിച്ചു. കുറച്ചു കൂടി prepare ചെയ്തു എഴുതാമായിരുന്നു. കഥ വളരെ ചുരുങ്ങി പോയി എന്നാണ് എനിക്ക് തോന്നിയത്. പിന്നെ ഒരു കൌതുകം, ഇന്ന് രാവിലെ മനോയുടെ ഈ കഥ വായിച്ചു.
  http://manorajkr.blogspot.com/2011/05/blog-post.html
  താങ്കളുടെ കഥയുടെ ലൈനില്‍ ഉള്ള ഒന്ന്.

  ReplyDelete
 2. പ്രിയ ശാലിനി,
  ആദ്യ അഭിപ്രായത്തിനു വളരെ നന്ദി...
  ശരിയാണ് കുറച്ചു കൂടി നന്നാക്കാമായിരുന്നു... എഴുതുവാനും എഡിറ്റ്‌ ചെയ്യുവാനും വളരെ കുറച്ചു സമയം മാത്രം എടുത്ത ഒരു കഥ...
  ഇത് സത്യത്തില്‍ എന്റെ ഭാവന അല്ല, ഇന്നലെ രാത്രി ഞാന്‍ കണ്ട ഒരു സ്വപ്നത്തിന്റെ ആവിഷ്കാരം മാത്രമാണ്....
  അതുകൊണ്ട് തന്നെ ആ ഹാങ്ങോവര്‍ പോകുന്നതിനു മുന്നേ എഴുതി പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം...
  അടുത്ത കഥകളില്‍ ശാലിനി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതാണ്....

  ReplyDelete
 3. ശാലിനി പറഞ്ഞതിനോടു ഞാനും ചേരുന്നു..മോശമാണെന്നല്ല,പക്ഷെ ഇതിനേക്കാൾ നന്നായി പറയാൻ മഹേഷിനറിയാം.

  ReplyDelete
 4. വിശ്വസിച്ചാലും ഇല്ലെങ്കിലും ആണോ..?നന്നായിട്ടുണ്ട് കേട്ടോ.വിഷയത്തിനു പുതുമയില്ലെങ്കിലും എഴുതിയ രീതി കൊള്ളാം.എല്ലാ ആശംസകളും.

  ReplyDelete
 5. എനിക്കിഷ്ടായി...ഒരുപക്ഷേ സ്വപ്നങ്ങൾ കാണാനൊരുപാടിഷ്ടമുള്ളതു കൊണ്ടാവും ഈ കഥ എന്നെ ആകർഷിച്ചത്...മുത്തശ്ശിക്കഥ കേൾക്കുന്ന രസത്തിൽ വായിച്ചു...നന്നായീ ട്ടോ..

  ReplyDelete
 6. മഹേഷ്‌ വിജയന്‍,
  കഥ ഇഷ്ടമായി. പക്ഷെ ഈ കഴിഞ്ഞ ദിവസം ഇതേപോലെ തന്നെയുള്ള മറ്റൊരു കഥ വായിച്ചിരുന്നു........ മനോരാജിന്റെ റേഡിയോയും കാക്കയും ..........പ്രഭാകര കൈമളുടെ ആത്മാവും പേറി വരുന്ന കാക്കയുടെ കഥ.....

  ReplyDelete
 7. പ്രിയ മഹേഷ്‌ ,

  സ്വപ്നത്തിന്‍റെ ആവിഷ്ക്കാരമാണെങ്കിലും നന്നായിട്ടുണ്ട് .
  കഥ അത്രമേല്‍ ചുരുങ്ങി പോയി എന്ന് എനിക്ക് തോന്നിയില്ല .
  (അല്‍പ്പം കൂടി എഡിറ്റ്‌ ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു )

  ശാലിനി സൂചിപ്പിച്ച മനോയുടെ കഥയും വായിച്ചു .കഥകള്‍ക്ക് തമ്മില്‍ ആശയങ്ങളില്‍ കണ്ടുവരുന്ന ഇത്തരം സമാനതകള്‍ തികച്ചും സ്വാഭാവികം.
  രചനയിലും ,ഭാവനയിലും ,ആവിഷ്ക്കാരത്തിലും കഥാകാരന്‍ പുലര്‍ത്തുന്ന വ്യത്യസ്തതയാണ് ഒരു കഥയെ മനോഹരമാക്കുന്നതും,മറ്റൊന്നില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നതും .

  എനിക്ക് ഇഷ്ട്ടമായി ഈ കഥ ,പിന്നെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചു പോയ ഭാമയേയും, പൂച്ചക്കുട്ടിയേയും.......

  മഹേഷ്‌ ഇന്ന് തന്നെ ഇതിലും മനോഹരമായ മറ്റൊരു സ്വപ്നം കാണട്ടെ എന്ന് ആശംസിക്കുന്നു...:-)

  ഇനിയും എഴുതുക .കാത്തിരിക്കുന്നു .

  ReplyDelete
 8. മനോരാജിന്റെ കാക്കയുടെയും മഹേഷിന്റെ പൂച്ചയുടെയും ആശയം ഒന്ന് തന്നെ, പക്ഷെ മഹേഷ്‌ അതോടൊപ്പം ഇന്നത്തെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്നായി. പക്ഷെ മുന്‍പ് വായിച്ച മഹേഷ്‌ വിജയന്‍ രചനകള്‍ വെച്ച് നോക്കുമ്പോള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 9. തിടുക്കത്തിൽ പോസ്റ്റ് ചെയ്യണ്ടായിരുന്നു.
  കൂടുതൽ നന്നാക്കാമായിരുന്നു....

  എന്തായാലും ഒരു ക്ലീഷേ കഥയല്ല എന്നഭിമാനിക്കാം, മഹേഷ്!

  (പിന്നേ, പ്രൊഫൈൽ ഫോട്ടോ മാറ്റി ചിരിക്കുന്ന മുഖം വയ്ക്കൂ. ആ സൌന്ദര്യം നാട്ടാർ കാണട്ടെ. ഇല്ലെങ്കിൽ എനിക്കെന്റെ കാശു താ!)

  ReplyDelete
 10. ഇങ്ങനെയും സ്വപ്നം കാണുമോ..
  കഥ നല്ല രസത്തില്‍ വായിച്ചു.

  ReplyDelete
 11. മനോജിന്റെ റേഡിയോയും കാക്കയും..ഇതിനു മുന്‍പ്‌ വായിച്ച മുല്ലയുടെ അപരന്‍..ഇപ്പോള്‍ ഇവിടെ...
  എല്ലാം വ്യത്യസ്തമായവയെന്കിലും നമ്മുടെ ചിന്തകളുടെ രീതിയെക്കുറിച്ച് ഓര്‍ത്തു പോയി. അപരന്‍ മാറി നില്‍ക്കുന്നെന്കിലും അതിലെ കഥാനായികയെ വേണമെങ്കില്‍ ഇതോട് ചേര്‍ക്കാം എന്ന് മാത്രം.
  ഇവിടെ വിഷയത്തിനു പുതുമ കുറഞ്ഞോ എന്ന് തോന്നി.

  ReplyDelete
 12. മഹേഷ്‌,
  അവതരണം ഇഷ്ടായി . പ്രമേയവും.
  പ്രമേയത്തില്‍ പുതുമ ഇല്ല എന്ന് പലരും പറയുന്നു. പക്ഷെ ഈ രീതിയില്‍ ഞാന്‍ അധികം കഥകള്‍ വായിച്ചിട്ടില്ല എന്നതുകൊണ്ട്‌ തന്നെ ഇത് എന്റെ ഇഷ്ട കഥകളില്‍ പെടുന്നു. അല്ലെങ്കിലും വിത്യസ്തവും ക്രിയാത്മകവുമായ അഭിപ്രായങ്ങളല്ലേ നമ്മെ സ്വാദീനിക്കേണ്ടത്.
  എന്‍റെ ആശംസകള്‍

  ReplyDelete
 13. പാവമൊരു പൂച്ച. വിശ്വാസം കൊന്നതിനെ.
  നന്നായെഴുതി.

  ReplyDelete
 14. കൊള്ളാം മഹേഷ്, കഥ പറച്ചിലിൽ ഒരു മുറുക്കവും ശ്രദ്ധയും അൽ‌പ്പം കൂടി വേണം എന്നു കൂടി പറഞ്ഞോട്ടേ!

  ReplyDelete
 15. പാവം പൂച്ച.... ആളുകളുടെ ക്രൂരതയും അന്ധവിശ്വാസവും
  പറയുന്ന കഥ, നിരൂപിക്കാനുള്ള വിവരം ഇല്ലാത്തത് കൊണ്ടാണോ എന്തോ, എനിക്കിഷ്ടായി....
  ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണൂ ... :)

  ReplyDelete
 16. കഥ കൊള്ളാം....

  ReplyDelete
 17. മഹേഷ് ഭായ്...

  കഥയും കഥ പറഞ്ഞ രീതിയും നന്നായിരിക്കുന്നു.
  ഇനിയും ഒരുപാടൊരുപാട് നല്ല നല്ല സ്വപ്നങ്ങള്‍ കാണാനാശംസിക്കുന്നു.

  ReplyDelete
 18. മഹേഷിന്റെ ആ നിലവാരത്തില്‍ എത്തിയില്ല എന്നേ എനിക്കും പറയാനുള്ളു. മനോരാജിന്റെ കഥയുമായി സാമ്യം തോന്നുന്നു എന്നത് വാസ്തവം. രണ്ടിലും ഉള്ള്ത് ഒരേ ആശയം തന്നെ.

  ആശംസകള്‍...

  ReplyDelete
 19. മനോരാജിന്റെ കഥ ഞാനും വായിച്ചിരുന്നു..ഒരേ രീതിയിൽ രണ്ട് പേർ ചിന്തിച്ചതിൽ അത്ഭുതമൊന്നും തോന്നിയില്ല..യാദൃശ്ചികം..ശാസ്ത്ര കണ്ടുപിടിത്തങ്ങൾ വരെ ലോകത്തിന്റെ 2 അറ്റത്ത് നിന്ന് ഒരേ സമയത്ത് 2 പേർ കണ്ടെത്തിയിരിക്കുന്നു..
  ഇവിടെ ഭാവന മനോഹരം..സമൂഹം കൈവെച്ചിട്ടും വീട്ടുകാർ സംരക്ഷിച്ചതും നന്നായി..പക്ഷെ,പിന്നെയും എന്തൊ ending അത്ര നേരെയായില്ല..അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു..ആശംസകൾ..

  ReplyDelete
 20. ഇനിയും സ്വപ്‌നങ്ങള്‍ കാണട്ടെ...!

  ReplyDelete
 21. ഒന്നുകൂടെ എഡിറ്റ് ചെയ്ത് എഴുതിയാൽ നന്നായിരുന്നു.
  ആശയങ്ങൾക്ക് സമാനതയുണ്ടെങ്കിലും മനോരാജിന്റെ കഥയും മഹേഷിന്റെ കഥയും രണ്ട് വഴിയിലേക്ക് തിരിയുന്നു.

  ReplyDelete
 22. നന്നായി ... പൂച്ചയെ കഥാപാത്രമാക്കി ..അല്ലേ

  ReplyDelete
 23. പ്രിയ മഹേഷ്,

  ഇവിടെ ഒട്ടേറെ പേര്‍ എന്റെ കഥയെയും താങ്കളുടെ കഥയേയും താരതമ്യപ്പെടുത്തി കണ്ടു. പക്ഷെ രണ്ടും രണ്ട് തലത്തിലാണെന്ന് തന്നെ എനിക്ക് തോന്നുന്നു. കാക്ക - പൂച്ച , സത്യഭാമ - കൈമള്‍, സത്യഭാമയുടെ ഭര്‍ത്താവ് - കമലമ്മ അങ്ങിനെ ചില കഥാപാത്രങ്ങളില്‍ സാമ്യങ്ങള്‍ തോന്നാമെങ്കിലും രണ്ടും വിഭിന്നമായതാണെന്ന് തന്നെ വിശ്വസിക്കുന്നു. ഇനിയും എഴുതുക. അസ്റ്റര്‍ഡാമിലെ സുന്ദരിയില്‍ നിന്നും ഇവിടെയെത്തിയപ്പോള്‍ മഹേഷ് ഒരു പാട് ദൂരം പോയില്ല എന്ന വേദനയുണ്ട്. അത് മറച്ച് വെക്കാന്‍ എനിക്കറിയില്ല :)

  ReplyDelete
 24. റോഡിയോയും കാക്കയും-മനോരാജ് വായിച്ചിരുന്നു എങ്കിലും അതും ഇതുമായി ബന്ധമുണ്ട് എന്നൊന്നും തോന്നിയില്ല. കഥ ശരിക്കും ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും സത്യഭാമയുടെ കണ്ണുള്ള നീല പൂച്ചയെ. ആശംസകൾ ഭായ്.

  ReplyDelete
 25. മാടമ്പിന്റെ " സാവിത്രി ദേ - ഒരു വിലാപം " ഓര്‍മ്മവന്നു !

  ReplyDelete
 26. ആകെ ഒരു സങ്കടമായി

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..