Monday, October 31, 2011

വിവാദ ബ്ലോഗ്ഗര്‍ അവാര്‍ഡ് 2011

ഈ വര്‍ഷത്തെ 'വിവാദ ബ്ലോഗ്ഗര്‍' അവാര്‍ഡിന് ഇലച്ചാര്‍ത്തുകള്‍ ബ്ലോഗിന്റെ ഉടമ ശ്രീ മഹേഷ്‌ വിജയന്‍ അര്‍ഹനായി. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലും അവയെ വളര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ വിലക്കപ്പെട്ട സംഭാവനകളെ മാനിച്ചാണ് അവാര്‍ഡു നല്‍കിയിരിക്കുന്നത്. നൂറ്റി അമ്പതു രൂപയും പ്രശസ്തി പലകയും അടങ്ങുന്നതാണ് അവാര്‍ഡ്.

ഓണ്‍ലൈന്‍ ആയി നടത്തിയ വോട്ടെടുപ്പില്‍ ശ്രീ മഹേഷിനു അനുകൂലമായി പതിനാലായിരത്തോളം വോട്ടുകളും വായനക്കാര്‍ തെറി പറഞ്ഞു കൊണ്ടുള്ള പന്തീരായിരം ഈ-മെയിലുകളും മൂവായിരം എസ്.എം .എസ്-കളും ലഭിക്കുകയുണ്ടായി. ആയിരക്കണക്കിന് ആളുകള്‍ ഇദ്ദേഹത്തെ ഫെയ്സ്ബുക്കിലും ഓര്‍ക്കുട്ടിലും ബ്ലോക്ക്‌ ചെയ്തു. വിവാദം ഉണ്ടാക്കും എന്ന കാരണത്താല്‍ പുതിയ പോസ്റ്റ്‌ ഇട്ടു എന്നറിയിച്ചു കൊണ്ടുള്ള ഈ-മെയിലോ ന്യൂസ് ലെറ്ററോ ആരും ഇദ്ദേഹത്തിന് അയക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

ഈ നേട്ടങ്ങളോടെ ഇത്തവണത്തെ 'തല്ലിപ്പൊളി' ബ്ലോഗ്‌ അവാര്‍ഡിനായി ഉള്ള പോരാട്ടത്തില്‍ നിലവിലുള്ള ജേതാക്കളായ നൗഷാദ്അകമ്പാടത്തിന്റെ എന്റെ വര ബ്ലോഗ്ഗിന് ഇലച്ചാര്‍ത്തുകള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവാര്‍ഡ് ജേതാവ് മഹേഷ്‌ വിജയന്‍ ബൂലോകത്തെ പോസ്റ്റുകള്‍ക്ക് ഇടുന്ന കമന്റുകളെ കുറിച്ച് ബ്ലോഗ്ഗര്‍ ഋതുസഞ്ജന പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്.
"ഇതൊരു കവിതയാണോ? കവിതയെങ്കില്‍ ഇതില്‍ വൃത്തം ഉണ്ടോ? ഒരു ചതുരമോ ത്രികോണമോ എങ്കിലും ഉണ്ടോ? ഇനി അതൊക്കെ ഉണ്ടെന്നു തന്നെ വെക്കുക. ഈ കവിത ആര്‍ക്കു വേണ്ടിയാണ് എഴുതിയിട്ടുള്ളത് ? ബൂര്‍ഷ്വാ മുതലാളിമാര്‍ക്കും അധികാര ദല്ലാള് മാര്‍ക്കും വേണ്ടിയല്ലേ ഇതെഴുതപ്പെട്ടിരിക്കുന്നത്? "

വിധി പ്രഖ്യാപനത്തില്‍ ഋതുസഞ്ജനയുടെ ഈ അഭിപ്രായം വളരെ നിര്‍ണ്ണായകമായതായി അറിയുന്നു. അത് പോലെ തന്നെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മായാവിയേയും കുട്ടൂസനേയും കുറിച്ച് എഴുതിയ ഒരു കൊച്ചു കവിതയ്ക്ക് മഹേഷ്‌ വിജയന്‍ രേഖപ്പെടുത്തിയ അഭിപ്രായവും ജഡ്ജസിന്റെ മുന്‍പാകെ വന്നു.
"ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലാറ്റിനമേരിക്കയില്‍ പ്രത്യേകിച്ച് ബ്രസീലില്‍ എഴുത്തുകാര്‍ സ്വീകരിച്ചു പോന്നിട്ടുള്ള ഒരു പ്രത്യേകതരം ശൈലി ആണ് ഈ കവിതയില്‍ അവലംബിച്ചിട്ടുള്ളത്. ഇത് കൊണ്ട് കവി എന്താണ് ഉദ്ദേശിക്കുന്നത്? "

അവാര്‍ഡിന് അര്‍ഹനായ ശേഷം ഞങ്ങളുടെ പ്രത്യേക ലേഖകനുമായി ശ്രീ മഹേഷ്‌ വിജയന്‍ നടത്തിയ ടെലിഫോണിക് അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

ചോദ്യം: അവാര്‍ഡ് ലഭിച്ചതില്‍ എന്ത് തോന്നുന്നു ?
ഉത്തരം: ദേഹമാസകലം കുളിര് കോരുന്ന പോലെ തോന്നുന്നു...

ചോ: എങ്ങനെയാണ് താങ്കള്‍ ബ്ലോഗില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌ ?
ഉ: വിമര്‍ശിക്കുമ്പോള്‍ ആണ് വിവാദങ്ങള് പൊട്ടിമുളയ്ക്കുന്നത് വിമര്‍ശനവും വിവാദവും പുട്ടും കടലയും പോലെയാണ്.

ചോ: നല്ലൊരു വിവാദം ഉണ്ടാക്കാന്‍ എന്തൊക്കെ കഴിവുകളാണ് അഥവാ ചേരുവകളാണ് വേണ്ടത്?
ഉ: വിവാദം ഒരു കലയാണ്‌. കുരുട്ടു ബുദ്ധിയും കുടില ചിന്തകളും മുഖം നോക്കാതെ എവിടെയും എന്തും പച്ചയ്ക്ക് വിളിച്ചു പറയാന്‍ ഉള്ള കഴിവും ഒരു വിവാദ കലാകാരന് ആവശ്യം വേണ്ട ഗുണങ്ങളാണ്.

ചോ: വിവാദങ്ങള്‍ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച്..?
ഉ: മുളകുപൊടി ഇട്ട്‌ വെച്ച അമ്പലപ്പുഴ പാല്‍പായസം പോലെയാണത്....

ചോ: ഈ അടുത്ത കാലത്ത് നടന്ന ചില പ്രധാനപ്പെട്ട വിവാദങ്ങളില്‍ നിന്നും താങ്കള്‍ വിട്ടു നിന്നിരുന്നു എന്ന് കേട്ടിരുന്നു.എന്തെങ്കിലും കാരണം ഉണ്ടോ?
ഉ: നവാഗത വിവാദ പ്രതിഭകള്‍ക്ക് അവസരം ഒരുക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അങ്ങനെ ചെയ്തത്.

ചോ: താങ്കള്‍ സ്ത്രീകളുടെ ബ്ലോഗ്ഗിലാണ് കൂടുതലായും കമന്റുകള്‍ ഇടുന്നത് എന്നൊരു ആരോപണം ഉണ്ടല്ലോ ?
ഉ: അതൊരു ആരോപണം അല്ല; സത്യമാണ്. സ്ത്രീകളുടെ ബ്ലോഗ്ഗില്‍ വിവാദം ഉണ്ടാക്കുക എന്നത് പൊതുവേ എളുപ്പമായതിനാല്‍ ആണ് അങ്ങനെ ചെയ്യുന്നത്. ഏറ്റ് പിടിക്കാന്‍ ഫാന്സുകാരും ധാരാളം ഉണ്ടാകും. എന്നാല്‍ മിക്കവാറും ആണുങ്ങള്‍, തങ്ങളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളെ പക്വതയോടെയാണ് കാണുന്നത്.

ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി...

ചോ: ഏറ്റവും ഒടുവില്‍ താങ്കള്‍ ഉണ്ടാക്കിയ വിവാദം എന്താണ്?
ഉ: അനുപമ മേനോന്റെ 'അനുവിന്റെ സ്വപങ്ങളും അനുഭവങ്ങളും' എന്ന ബ്ലോഗില്‍ ആണത്.

ചോ: എന്തായിരുന്നു അനുപമയുടെ പ്രതികരണം ?
ഉ: എന്നെ ഉദ്ദേശിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ക്ക് അനുപമ നല്‍കിയ മറുപടിയില്‍ നിന്നും നമുക്കത് മനസിലാക്കാവുന്നതാണ്.
"പ്രിയപ്പെട്ട കണ്ണന്‍,
സുഹൃത്തിന്റെ വിലയേറിയ അഭിപ്രായം വായിച്ചു സന്തോഷിക്കുന്നു.
ബഹുജനം പലവിധം അല്ലെ?ഒരാളുടെ സംസ്കാരം അയാളുടെ വാക്കുകള്‍ പ്രകടമാക്കുന്നു. സഭ്യതയും സംസകാരവും മാന്യതയും ഇനിയും വാങ്ങാന്‍ കിട്ടില്ല എന്നതാണ് സങ്കടം! :)
ഈ ബ്ലോഗിന്റെ പേര് അനുവിന്റെ സ്വപ്നങ്ങളും അനുഭവങ്ങളും എന്നാണ്. അതാണ് പങ്കു വെക്കുന്നതും.വായനക്കാരെ ഒരു പാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്രയും തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യക്തിപരമായി മറുപടി എഴുതുന്നത്‌.
നേരിന്റെയും നന്മയുടെയും ശബ്ദം കേള്‍പ്പിച്ചതിന്,പ്രിയപ്പെട്ട സുഹൃത്തേ, ഒരു പാട് നന്ദി! അവഗണിക്കേണ്ടത്,അവഗണിക്കുക..!അസൂയക്ക്‌ ഇനിയും മരുന്നു കണ്ടു പിടിച്ചിട്ടില്ല.:)
സസ്നേഹം,
അനു"
ലിങ്ക്: ദാ ഇവിടെ

ചോ: താങ്കളെ സംസ്കാരമില്ലാത്തവന്‍ സഭ്യതയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ഒന്നും തോന്നാറില്ലേ?
ഉ: തീര്‍ച്ചയായും സന്തോഷം തോന്നാറുണ്ട്. വിവാദം വിജയിച്ചു എന്നാണു ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം മനസിലാക്കേണ്ടത്. ഓരോ ചീത്തവിളിയും ഒരു വിവാദ കലാകാരന്റെ നെറ്റിയിലെ പൊന്‍തൂവലുകളാണ്.

ചോ: മാന്യമായ രീതിയില്‍ വിമര്‍ശിക്കുന്നവരോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഒരു ശരിയായ പ്രവണത ആണോ?
ഉ: തന്റെ പോസ്റ്റിനെയും എഴുത്തിനെയും വിമര്‍ശിക്കുന്നതും സ്ത്രീപീഡനത്തെയും ഒരേ കണ്ണുകള്‍ കൊണ്ടാണ് ചില സ്ത്രീകള്‍ കാണുന്നത്. വനിതാ ബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചു കമന്റിടുന്നതും സ്ത്രീപീഡനത്തിന്റെ പരിധിയില്‍ പെടുത്തുന്ന ഒരു കാലം താമസിയാതെ തന്നെ വന്നേക്കും.

ചോ: ബ്ലോഗിങ്ങിന്റെ ശാപം?
ഉ: ഒരു ബ്ലോഗും രണ്ടു പോസ്റ്റും നാല് കമന്റും ആയാല്‍ താന്‍ വലിയ എഴുത്തുകാരനും(കാരിയും) വിമര്‍ശനത്തിന് അതീതനും (തീത) ആണ് എന്ന ചിന്താഗതിയാണ് ബ്ലോഗിങ്ങിന്റെ ശാപം. അതേ സമയം വിമര്‍ശനങ്ങളെ ഹൃദയത്തോട് ചേര്‍ന്ന് സ്വീകരിക്കുന്ന, എഴുത്തുകാരാകാന്‍ എല്ലാവിധ യോഗ്യതകളും ഉള്ള ബ്ലോഗ്ഗര്മാരെയും നമുക്കിവിടെ തന്നെ കാണാം.

ചോ: താങ്കള്‍ സര്‍വ്വഗുണ സമ്പന്നനായ ഒരു ബ്ലോഗ്ഗര്‍ ആണെന്നാണോ പറഞ്ഞു വരുന്നത് ?
ഉ: ഞാന്‍ ഒരു തെമ്മാടിയും താന്തോന്നിയും പ്രത്യേകിച്ച് നല്ല ശീലങ്ങള്‍ ഒന്നുമില്ലാത്തവനും ആണെന്ന് എന്റെ ബ്ലോഗ്‌ പ്രൊഫൈലില്‍ തന്നെ പറയുന്നുണ്ട്.

ചോ: കമന്റു ലോബി എന്ന് കേള്‍ക്കുന്നു. എന്താണതെന്ന് വിശദീകരിക്കാമോ?
ഉ: കമന്റുകളിലൂടെ ബാര്‍ട്ടര്‍ സമ്പ്രദായം പുനരുദ്ധീകരിക്കുക എന്ന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സഹകരണ സംഘങ്ങള്‍ ആണിത്. പല ബ്ലോഗ്ഗര്‍മാറും തങ്ങളുടേതായ ഒരു കമന്റ് ലോബി സൃഷ്ടിച്ചെടുക്കാറുണ്ട്.

ചോ: അവസാനമായി ഒരു ചോദ്യം കൂടി. ബഹുമാന്യരായ ബൂലോകത്തെ വായനക്കാരോട്, കൂട്ടുകാരോട് എന്തെങ്കിലും പറയുവാനുണ്ടോ?
ഉ: ബൂലോകത്ത് പെരുകിപ്പെരുകി വരുന്ന ബ്ലോഗുകളുടെ ആധീക്യം മൂലം വിവാദം ഉണ്ടാകുന്ന പല ബ്ലോഗുകളും എന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്നു. ഏതെങ്കിലും വിവാദം ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ എത്രയും പെട്ടന്ന് എന്റെ ഈ-മെയിലിലോ മൊബൈല്‍ നമ്പറിലോ അറിയിച്ച് നല്ല ഒരു വിവാദ ഭാവി എനിക്ക് ലഭിക്കാന്‍ സഹായിക്കണേ എന്ന് മാത്രമാണ് ബൂലോകത്തെ എന്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാന്‍ ഉള്ളത്...

(അവാര്‍ഡ് ദാനം ആന്ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ വെച്ച് നടക്കുന്ന അടുത്ത ബ്ലോഗ്‌ മീറ്റിന് ഉണ്ടായിരിക്കുന്നതാണ് )