Tuesday, July 5, 2016

വക്കീലും കേസും ഒരു ഗുണപാഠ കഥ

.കക്ഷി:  സാര്‍,  എന്‍റെ പുരയിടത്തോട് ചേര്‍ന്ന്‍, അയല്‍ക്കാരന്‍ കൃഷി ചെയ്യുന്ന വാഴയുടെ ഇലകള്‍ എന്‍റെ പറമ്പിലേക്ക് നീണ്ട് നില്‍ക്കുന്നു. ഇതുമൂലം, സൂര്യപ്രകാശം  ലഭിക്കാത്തതിനാല്‍ എന്‍റെ അടുക്കള കൃഷിയൊട്ടു ശരിയാകുന്നുമില്ല. എന്ത് ചെയ്യണം സാര്‍?
വക്കീല്‍: നമുക്ക് കേസ് കൊടുക്കാം
കക്ഷി:  എന്ത് പറഞ്ഞ് കേസ് കൊടുക്കും സാര്‍?
വക്കീല്‍: അയല്‍ക്കാരന്റെ വാഴയുടെ വേരുകള്‍ മണ്ണിനടിയിലൂടെ  നിങ്ങളുടെ പറമ്പിലെ വളം കൂടി വലിച്ചെടുത്താണ് വളരുന്നത്. കൂടാതെ, നിങ്ങള്‍ക്ക് കിട്ടേണ്ട സൂര്യപ്രകാശം കൂടി അയല്‍ക്കാരന്റെ വാഴയ്ക്ക് ലഭിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അയാളുടെ കൃഷിയുടെ പകുതിക്ക് അവകാശമുണ്ട്‌.
കക്ഷി: അങ്ങനെയൊക്കെ നിയമമുണ്ടോ സാര്‍?
വക്കീല്‍: നിങ്ങളെന്താ എന്നെ കളിയാക്കുവാണോ? ഞാനീ കോട്ടിടാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തിരുപതായി?
കക്ഷി:  എങ്കില്‍ ശരി സാര്‍. കേസ് കൊടുക്കാം..
                                        ***************
    വക്കീല്‍ കേസ് ഫയല്‍ ചെയ്തു.  കോടതി മുറിയിലെ വക്കീലിന്റെ ഇംഗ്ലീഷ്  ഡയലോഗുകള്‍ കേട്ട് അര്‍ത്ഥമറിയാതെ തന്നെ വാദി കോരിത്തരിച്ചു. വക്കീല്‍ ആളൊരു പുലി തന്നേ. വാദവും പ്രതിവാദവും  അവധിക്ക് വെക്കലുമായി കേസ്  വര്‍ഷങ്ങള്‍ കടന്നു പോയി.  അയല്‍ക്കാര്‍ തമ്മില്‍ കടുത്ത ശത്രുക്കളായി മാറി. കേസ് വിജയിക്കുക എന്നത് അതോടെ അയാളുടെ അഭിമാന പ്രശ്നമായി മാറി. കടം മേടിച്ചും  സ്വര്‍ണം  പണയം വെച്ചും  വാദി വക്കീല്‍ ഫീസ്‌ മുറ പോലെ കൊടുത്തു കൊണ്ടിരുന്നു. വക്കീല്‍  ഇടയ്ക്കിടെ  കക്ഷിയെ ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.  "ഒന്നും പേടിക്കേണ്ട. ജഡ്ജി നമ്മുടെ സൈഡാ, ഉടനെ വിധിയാകും". അയല്‍ക്കാരന്‍ പല തവണ കുല വെട്ടി, വീണ്ടും വാഴ വെച്ചു.  ഒടുവില്‍ കോടതി വിധി പറഞ്ഞു.

"വാദിയുടെ പറമ്പിലെ  വളം കൂടി  വലിച്ചെടുത്താണ് പ്രതിയുടെ പറമ്പിലെ വാഴകള്‍ വളരുന്നത് എന്ന് കോടതിക്ക് നിസ്സംശയം ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍,  വാഴക്കുല  പ്രതിക്കും വാഴപ്പിണ്ടി വാദിക്കും വിധിച്ച് ഈ  കോടതി ഉത്തരവാകുന്നു."

ഗുണപാഠം:   വക്കീലിനേയും കോടതിയേയും സമീപിക്കും മുന്‍പ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നേരില്‍  പരാതി നല്കുക; പ്രശ്നങ്ങള്‍ക്ക്  വക്കീലില്ലാതെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താം.

6 comments:

  1. ഇതിലെ ഗുണപാഠം അതണിതിലെ സുലാൻ

    ReplyDelete
  2. This was a great information for me... I have some cases to go court. Thank you.

    ReplyDelete
  3. സത്യം.
    നല്ലൊരു ഗുണപാഠം നിറഞ്ഞ കഥ.
    ആശംസകള്‍

    ReplyDelete
  4. ഇങ്ങനേം ബോധവൽക്കരിക്കാം അല്ലേ.. :D അതേതായാലും കലക്കി.. Good initiative Maheshettaa ;)

    ReplyDelete
  5. ഗുണപാഠം: വക്കീലിനേയും കോടതിയേയും സമീപിക്കും മുന്‍പ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നേരില്‍ പരാതി നല്കുക; പ്രശ്നങ്ങള്‍ക്ക് വക്കീലില്ലാതെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താം.


    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..