2015 ജനുവരിയിലെ മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ച എന്റെ
യാത്രാവിവരണവും കൂടെ ഞാനെടുത്ത ഏതാനും ചിത്രങ്ങളും. പ്രിയ സുഹൃത്തുക്കള്‍
നിങ്ങളുടെ വിലയേറിയ അഭിപ്രായവും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ..
കൊഹോറയില്‍ ഞാന്‍ ബസിറങ്ങിയപ്പോള്‍ സമയം വെളുപ്പിന് മൂന്നര മണി ആയതേ ഉണ്ടായിരുന്നുള്ളൂ. നവംബര്‍ രാവിന്റെ മഞ്ഞ് കമ്പളങ്ങള്‍ പുതച്ച്, കൊഹോറ എന്ന കൊച്ചു ഗ്രാമം ഉറങ്ങിക്കിടന്നു. ഇടവേളകളില്‍ രാവിന്റെ നിശബ്ദതയെ മുറിവേല്‍പ്പിച്ച് ഹൈവേയിലൂടെ കടന്നു പോകുന്ന വാഹനങ്ങളൊഴിച്ചാല്‍ അവിടം വിജനമായിരുന്നു. റോഡിന്റെ ഒരു വശത്ത് ഉറങ്ങാതെ നിന്ന റൈനോയുടെ രണ്ട് പ്രതിമകള്‍, കസീരംഗ എന്ന ഒറ്റകൊമ്പന്മാരുടെ നാട്ടില്‍ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു എന്നെന്നോട് വിളിച്ചു പറഞ്ഞു.
അസമയത്ത് അപരിചിതനെ കണ്ട രണ്ട് തെരുവ് നായ്ക്കള്‍ കുരച്ചുകൊണ്ട് എന്റെ നേര്‍ക്ക് വന്നു. അല്പസമയമെടുത്ത് അവറ്റകളെ തെല്ല് ശാന്തരാക്കിയശേഷം, അടുത്ത് കണ്ട ഏക ലോഡ്ജില്‍ പലതവണ മുട്ടി വിളിച്ച് നോക്കി; ആരുമുണര്‍ന്നില്ല. അടുത്തെങ്ങാനും മറ്റേതെങ്കിലും ഹോട്ടലോ ലോഡ്ജോ ഉള്ളതിന്റെ യാതൊരുവിധ ലക്ഷണങ്ങങ്ങളും കാണാനുണ്ടായിരുന്നില്ല. (ബസ് ഇറങ്ങിയടത്ത് നിന്നും അര കിലോമീറ്ററോളം മുന്നോട്ട് പോയാല്‍ നിരവധി ലോഡ്ജുകള്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്).
ഒറ്റനിലയില്‍ ഷീറ്റ് മേഞ്ഞ, തടി വാതിലുകളുള്ള നിരവധി ചെറിയ കടകള്‍ റോഡിനിരുവശവും ഉദയം കാത്ത് അടഞ്ഞ് കിടന്നിരുന്നു. ഒരു നാടന്‍ ചായക്കടയുടെ പ്രതീതി തോന്നിപ്പിച്ച കടയുടെ മുന്നില്‍ കിടന്ന ചെറിയ തടി ബെഞ്ചുകളിലൊന്നില്‍ നേരം പുലരുന്നതും നോക്കി ഞാനിരിപ്പുറപ്പിച്ചു. തണുപ്പുണ്ടായിരുന്നതിനാല്‍ ചെറുതായി വിറയല്‍ അനുഭവപ്പെട്ടു. അഞ്ചരയ്ക്ക് നേരം പുലര്‍ന്നതും നേരത്തെ മുട്ടി വിളിച്ച ലോഡ്ജില്‍ ഒരു മുറി തരപ്പെടുത്തി. നല്ല തണുത്ത വെള്ളത്തില്‍ കുളിച്ച്, അപ്പോള്‍ തന്നെ ക്യാമറയുമെടുത്ത് ഞാനിറങ്ങി; ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ തേടി....
UNESCO-യുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള കസീരംഗ ദേശീയോദ്യാനത്തെ നാല് റേഞ്ചുകളായി തിരിച്ചിരിക്കുന്നു. സെന്‍ട്രല്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍, ബുരാപഹാര്‍ എന്നിങ്ങനെ. ഇതില്‍ സെന്‍ട്രല്‍ റേഞ്ചിന് ഏറ്റവും അടുത്തുള്ളതും കസീരംഗ സന്ദര്‍ശിക്കുവാന്‍ ഏറ്റവും സൗകര്യപ്രദവുമായ സ്ഥലമാണ് കൊഹോറ. പാര്‍ക്കിന്റെ പ്രധാന ഗേറ്റിനെതിരെയുള്ള റൈനോകവാടം കടന്ന് , മഞ്ഞ് മൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ നീണ്ട വഴിയിലൂടെ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ലക്ഷ്യമാക്കി ഞാന്‍ നടന്നു. കാട്ടിലേക്കുള്ള എല്ലാ യാത്രയിലുമെന്ന പോലെ മനസ്സ് വളരെയധികം ശാന്തവും ഉന്മേഷഭരിതവുമായിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസിന് തൊട്ടടുത്ത് തന്നെയാണ് സഫാരിക്കുള്ള ജീപ്പ് സ്റ്റാന്‍ഡും എലഫന്റ് സഫാരി ബുക്കിംഗ് ഓഫീസും ആസാം ടൂറിസ്റ്റ് കോര്‍പ്പറേഷന്‍ വക ഏതാനും ലോഡ്ജുകളും സ്ഥിതി ചെയ്തിരുന്നത്. രാവിലെ ഏഴരയ്ക്ക് ശേഷം മാത്രമേ ജീപ്പ് സഫാരി തുടങ്ങൂ എന്നതിനാല്‍ വെറുതെ ചുറ്റുമൊന്നു കറങ്ങി. നിറയെ പഴങ്ങള്‍ ഉള്ള വലിയൊരു ആല്‍മരത്തിന്റെ ചില്ലകളില്‍ വിഭവസമൃദ്ധമായ വിരുന്നുണ്ണാനെത്തിയ കിളികളേയും അവരൊന്ന്‍ തൊടുമ്പോഴേയ്ക്കും തുരുതുരാ പൊഴിയുന്ന പഴങ്ങള്‍ നിലത്ത് വീഴുന്ന ശബ്ദവും ശ്രദ്ധിച്ച് അല്പനേരം നിന്നു. ഒരു ചെങ്കണ്‍ഠന്‍ പാറ്റപിടിയന്‍ പക്ഷി പറന്നരികിലെത്തി ക്യാമറയ്ക്ക് പോസ് ചെയ്ത് അകന്ന് പോയി.
പൊടുന്നനെ, എന്റെ തൊട്ട് മുന്നില്‍ താഴ്ന്ന് കിടന്നിരുന്ന ഒരാലിന്‍ ചില്ലമേല്‍, എങ്ങു നിന്നോ രണ്ട് പാണ്ടന്‍ വേഴാമ്പലുകള്‍ പറന്നിറങ്ങി. ചാഞ്ഞ് കിടന്നിരുന്ന ചെറിയ ചില്ലകളില്‍ കാലുറപ്പിച്ച് ഒരഭ്യാസിയെപ്പോലെ, നീണ്ട് വളഞ്ഞ വെള്ളക്കൊക്കിലൊതുക്കി അവര്‍ പഴങ്ങള്‍ അകത്താക്കവേ, ലോകത്തിലെ ഏറ്റവും മികച്ച ട്രെപ്പീസ് കളിക്കാര്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി ഞാനോര്‍ത്തു. എക്കാലവും മനസ്സില്‍ സൂക്ഷിക്കുവാന്‍ കുറെ നിമിഷങ്ങളും ഏതാനും ചിത്രങ്ങളും തന്നവര്‍ പറന്നകലവേ ഹൃദയത്തിലൊരായിരം നന്ദി ഞാനവരോട് പറഞ്ഞ് കഴിഞ്ഞിരുന്നു.
സെന്‍ട്രല്‍ റേഞ്ചിലേക്ക്
ആയുധധാരിയായ ഒരു ഫോറസ്റ്റ് ഗാര്‍ഡിനും ഡ്രൈവര്‍ക്കുമൊപ്പം ഒരു തുറന്ന ജീപ്പില്‍ എട്ടു മണിയോടെ സെന്‍ട്രല്‍ റേഞ്ചിലേക്ക് യാത്ര തിരിച്ചു. ഇരുവശങ്ങളും പുല്ക്കാടുകളും ചതുപ്പ് നിലങ്ങളും ആഴം കുറഞ്ഞ കുളങ്ങളും ഒറ്റപ്പെട്ട മരങ്ങളും നിറഞ്ഞ മണ്‍പാതയിലൂടെ ജാഗരൂകരായി ഞങ്ങള്‍ മെല്ലെ മുന്നോട്ട് നീങ്ങി. ക്ഷണനേരം കൊണ്ട് റോഡ് മുറിച്ച് കടന്ന് കാട്ടില്‍ മറഞ്ഞൊരു കാണ്ടാമൃഗം തന്റെ പിന്‍ഭാഗം കൊണ്ട് ആദ്യദര്‍ശനമേകി. മുന്നോട്ട് പോകവേ പുല്മേടുകളിലൂടെ മേഞ്ഞു നടക്കുന്ന ഏതാനും ഒറ്റക്കൊമ്പന്മാരെയും മാനുകളേയും കാട്ടുപോത്തിനേയുമൊക്കെ അകലെ നിന്ന് ഞാന്‍ കാണുകയുണ്ടായി.
തുറന്ന ജീപ്പിലേറി പ്രഭാതത്തിലെ തണുത്ത കാറ്റിനെ പുല്കി, നിഗൂഡതകളുറങ്ങുന്ന കാടിന്റെ മടിത്തട്ടിലെ ഇടവഴികളിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു. തടിയില്‍ തീര്‍ത്ത പഴയ പാലങ്ങളില്‍ ജീപ്പ് കയറിയപ്പോള്‍ അവ ആയാസപ്പെട്ട് ഞരങ്ങി. മുന്നോട്ട് പോകുമ്പോള്‍ എവിടെയെക്കെയോ നിന്ന് പറന്നകന്ന്‍ പോകുന്ന നിരവധി ചിറകടിയൊച്ചകള്‍. അകന്ന്‍ പോകുന്ന കിളിനാദങ്ങളില്‍ വിളിക്കാതെത്തിയ വിരുന്നുകാരനോടുള്ള പരിഭവങ്ങളുണ്ടായിരുന്നു. പരിഭവമെങ്കിലും പറന്നകലും മുന്‍പ്, എന്റെ ക്യാമറയ്ക്ക് പോസ് ചെയ്ത് തരാനും ചിലര്‍ മറന്നിരുന്നില്ല. എപ്പോഴെക്കെയോ ഏതെക്കെയോ കടുവകളുടെ വായിലകപ്പെട്ട മാനുകളുടെ എല്ലുകള്‍ വഴി മദ്ധ്യേ പലയിടത്തും കാണപ്പെട്ടു. അപകടം പതിയിരിക്കുന്നതിനാല്‍ വാച്ച് ടവറുകളില്‍ മാത്രമേ ജീപ്പില്‍ നിന്നും പുറത്തിറങ്ങുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഒടുവില്‍ രാവിലത്തെ സഫാരി കഴിഞ്ഞ് ഏകദേശം പത്തരയോടെ പ്രഭാതഭക്ഷണവും കഴിച്ച് ഞാന്‍ റൂമിലേക്ക് മടങ്ങി.
ഈസ്റ്റേണ്‍ റേഞ്ചിലേക്ക്
ഉച്ചഭക്ഷണത്തിന് ശേഷം ഒന്നരയോടെ ഈസ്റ്റേണ്‍ റേഞ്ചിലേക്ക് പുറപ്പെട്ടു. ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം, ടാറിട്ട പ്രധാന റോഡിനോട് വിടപറഞ്ഞ്, ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന ചെമ്മണ്‍ പാതയിലൂടെ വണ്ടി നീങ്ങി. മുക്കാല്‍ മണിക്കൂറിനകം അഗാറതലി-യിലുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഞാനെത്തി. റേഞ്ച് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ട് കൂറ്റന്‍ കാട്ടുപോത്തുകളുടെ തലയോട്ടിയും അതിനോട് ചേര്‍ന്ന് താഴോട്ട് നീണ്ട് വളഞ്ഞ് കൂര്‍ത്ത കൊമ്പുകളും ആരിലും ഒരേ സമയം കൗതുകവും ഭീതിയുമുണര്‍ത്താന്‍ പോന്നതായിരുന്നു. അനുവാദം വാങ്ങി ഗാര്‍ഡിനേയും കൂട്ടി വീണ്ടും കാനനലഹരിയിലേക്ക്....
കാത്തിരിപ്പിന്റെ വനവാസത്തിന് വിരാമമിട്ട്, ഒരൊറ്റക്കൊമ്പനിതാ തൊട്ടരികില്‍ നിന്ന് പുല്ല് തിന്നുന്നു. അല്പം മാറി, മുപ്പത്തഞ്ചോളം വരുന്ന ഒരു കൂട്ടം കാട്ടുപോത്തുകള്‍ വരിവരിയായി ആഴം കുറഞ്ഞ ഒരു ചെറിയ തടാകം നീന്തിക്കടന്ന് അക്കരയിലേക്ക് പോകുന്ന ദൃശ്യ വിരുന്ന്. പിന്നെയും കുറെ ദൂരം കൂടി ചെന്നപ്പോള്‍, ഏതാനും വാര മുന്നിലായി ഒരു പിടിയാന ഞങ്ങളുടെ വഴി തടഞ്ഞ് നില്പ്പായി. അല്പനേരം കഴിഞ്ഞ് ഞങ്ങളുടെ പുറകെ വന്ന വാഹനത്തിലെ സഞ്ചാരികള്‍ ആനയെക്കണ്ടതും മടങ്ങിപ്പോയി. ആന വഴിമാറുന്ന ലക്ഷണമില്ല. ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരുന്നു. സുമാര്‍ പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍, ഒരു കുട്ടിയാനെയേയും കൂട്ടി ഒരു കൊമ്പനാന, പിടിയാനയുടെ പുറകിലൂടെ റോഡ് മുറിച്ച് മെല്ലെ കടന്ന് പോയി. കുറച്ച് നേരം കൂടി ഞങ്ങളെ തടഞ്ഞ് നിര്‍ത്തിയശേഷം പിടിയാനയും കാടിന്റെ ഉള്‍ത്തടങ്ങളിലേക്ക് ഊളിയിട്ടു. കാട് നമുക്ക് നല്കുന്നത് കാഴ്ചകളും അനുഭവങ്ങളും മാത്രമല്ലെന്നും എത്രയോ പാഠങ്ങള്‍ കൂടിയാണെന്നും ഞാന്‍ മനസ്സിലോര്‍ത്തു.
വൈകുന്നേരം നാല് മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുള്‍ വീണ് തുടങ്ങിയിരുന്നതിനാല്‍, കുറെ ദൂരം കൂടി മുന്നോട്ട് പോയ ശേഷം ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. നന്നേ രസകരമായ ഒരു യാത്രയായിരുന്നൂ ഈസ്റ്റേണ്‍ റേഞ്ചിലേത്. ജലസമൃദ്ധമായ ഭൂപ്രദേശമായിരുന്നതിനാല്‍ കസീരംഗ ദേശീയോദ്യാനത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാനാകുന്നതും കണ്ടതും ഇവിടെയാണ്.
എലഫന്റ് സഫാരി
ഈസ്റ്റേണ്‍ റേഞ്ചില്‍ നിന്നും കൊഹോറയില്‍ തിരിച്ചെത്തിയശേഷം, പിറ്റേന്ന് വെളുപ്പിനത്തെ എലഫന്റ് സഫാരി ബുക്ക് ചെയ്യുവാനായി, റേഞ്ച് ഓഫീസിന് സമീപമുള്ള ബുക്കിംഗ് ഓഫീസില്‍ രാത്രി ഏഴുമണിയോടെ ഞാനെത്തി. വിദേശികളടക്കമുള്ള നിരവധി പേര്‍ അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. യാത്ര ചെയ്യേണ്ട ദിവസത്തിന്റെ തലേന്ന് വൈകിട്ടാണ് എലഫന്റ് സഫാരിയുടെ ബുക്കിംഗ്. ആനകളുടെ എണ്ണത്തിനും ആനപ്പുറത്ത് കയറുന്നവരുടെ എണ്ണത്തിനും പരിമിതികള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കും ഉദ്ദേശിച്ച ദിവസം സഫാരി തരപ്പെടണമെന്നില്ല. പണമടച്ച് സഫാരി ബുക്ക് ചെയ്തശേഷം അത്താഴവും കഴിച്ച് നേരത്തെ തന്നെ ഞാന്‍ പുതപ്പിനുള്ളിലെ സുഖകരമായ തണുപ്പിലേക്ക് നൂഴ്ന്നിറങ്ങി.
പിറ്റേന്ന് നേരം പുലരും മുന്നേ എഴുന്നേറ്റ്, കുളിച്ച് തയ്യാറായി, അപ്പോഴും ഇരുള്‍ വീണ് കിടന്ന അപരിചിതമായ വഴിയിലൂടെ അരമണിക്കൂറോളം നടന്ന്, എലഫന്റ് സഫാരിയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തി. സഫാരിക്കുള്ള ആനകളും അവരുടെ പാപ്പാന്മാരും അകമ്പടി സേവിക്കാന്‍ ഏതാനും കുട്ടിയാനകളും റെഡിയായി അവിടെ നില്പ്പുണ്ടായിരുന്നു. ഒരു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സഫാരിയില്‍ പപ്പാനുള്‍പ്പെടെ പരമാവധി നാല് പേര്‍ക്ക് മാത്രമേ ഒരാനയുടെ പുറത്ത് കയറാനാകൂ. കേരളത്തിലായിരുന്നുവെങ്കില്‍, ആനപ്പുറത്ത് ഡബിള്‍ ഡെക്കര്‍ സീറ്റുണ്ടാക്കി, ചുരുങ്ങിയപക്ഷം പത്ത് പേരെയെങ്കിലും കയറ്റാനുള്ള നടപടികള്‍ അവിടുത്തെ ആനപ്രേമികള്‍ സ്വീകരിച്ചേനെ. ഓരോ ആനയുടേയും പുറത്ത് പ്രത്യേകമായി രൂപകല്പന ചെയ്തിരുന്ന ഇരിപ്പിടത്തിലേക്ക് യാത്രക്കാര്‍ ഓരോരുത്തരായി കയറി.
അഞ്ചരയ്ക്ക് ആര്‍ക്കനുദിച്ചുയര്‍ന്നതും സഫാരി തുടങ്ങി. നല്ല ഉയരമുള്ള പുല്ക്കാടുകളിലൂടെയായിരുന്നൂ യാത്ര. കുണ്ടും കുഴിയും നിറഞ്ഞ നിലങ്ങളിലൂടെ ബദ്ധപ്പെട്ട് നീങ്ങുമ്പോള്‍ ആനയുടെ ബാലന്‍സ് തെറ്റുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ഭയം തോന്നാതിരുന്നില്ല. ചിലയിടങ്ങളില്‍ തന്നേക്കാളും ഉയരമുള്ള പുല്ക്കാടുകള്‍ക്കിടയിലൂടെ, വഴി തെളിച്ച് ആന സ്വയം മുന്നോട്ട് പോകുമ്പോള്‍ , പുല്ത്തലപ്പുകള്‍ എന്റെ കാലിലുരസി പിന്നോട്ട് പോയി. നിരവധി ചെറിയ കിളികള്‍ ബഹളം വെച്ച് പറന്നകന്നു.
പുല്ല് തിന്ന് നടക്കുന്ന ഏതെങ്കിലും റൈനോയുടെ വളരെ അടുത്ത് ഞങ്ങള്‍ എത്തുമ്പോള്‍ അവന്‍ അല്ലെങ്കില്‍ അവളൊന്ന്‍ തലയുയര്‍ത്തി നോക്കും. കൂസാതെ പിന്നേയും പുല്ല് തിന്ന് കൊണ്ടേയിരിക്കും. ആനയെ റൈനോയ്ക്ക് ഭയമില്ല; അത് കൊണ്ട് മാത്രം ആനപ്പുറത്തിരിക്കുന്നവരേയും. ഏതാനും റൈനോയേയും മാനിനേയും കാട്ടുപോത്തിനേയുമൊക്കെ വളരെയടുത്ത് കാണുവാന്‍ സാധിച്ചു. വെളിച്ചം കുറവായതിന്റെ പേരില്‍ ഫ്ലാഷ് പ്രവര്‍ത്തിപ്പിച്ച് ഒറ്റക്കൊമ്പന്റെ ഫോട്ടോയെടുക്കുന്ന ഭൂരിഭാഗം സഞ്ചാരികളെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വേദനയും അമര്‍ഷവും തോന്നി. സഫാരിക്ക് ശേഷം സന്ദര്‍ശകരോട് കുസൃതിത്തരം കാണിക്കുവാനും കുഞ്ഞിളം തുമ്പിക്കയ്യാല്‍ അവരെ തൊടാനും കുട്ടിയാനകളും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുവാന്‍ സന്ദര്‍ശകരും നല്ല ഉത്സാഹം കാട്ടി. സഫാരിക്ക് ശേഷം, ആനകളുടെ പിന്കാലുകളില്‍ മുറിപ്പാടുകളോ വ്രണങ്ങളോ ഉണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇല്ല, ഒന്നുമില്ല. പാപ്പാന്മാരുടെ മിക്കവരുടേയും കയ്യില്‍ തോട്ടിക്ക് പകരം ചെറിയൊരു ഇരുമ്പ് ദന്ധ് മാത്രമാണുള്ളത്. ആനച്ചന്തം മാത്രം കാണുകയും ആനയുടെ പ്രാണവേദന പോലും കാണാതിരിക്കുകയും ചെയ്യുന്ന ആനപ്രേമികളുടെ നാടല്ലിതെന്ന് കസീരംഗയില്‍ ഞാന്‍ കണ്ട ഓരോ ആനയും എന്നെ ഓര്‍മ്മിപ്പിച്ചു. .
വെസ്റ്റേണ്‍ റേഞ്ചിലേക്ക്
എലഫന്റ് സഫാരിക്ക് ശേഷം രാവിലെ എട്ടു മണിയോടെ ഞാന്‍ വെസ്റ്റേണ്‍ റേഞ്ചിലേക്ക് തുറന്ന ജീപ്പില്‍ പുറപ്പെട്ടു. ബഗോരിയിലുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയശേഷം ഗാര്‍ഡിനും ഗൈഡിനുമൊപ്പം പാര്‍ക്കിനുള്ളിലേക്ക് പ്രവേശിച്ചു. നിരനിരയായി നീന്തിത്തുടിക്കുന്ന പെലിക്കന്‍ കൂട്ടങ്ങളാണ് ഇത്തവണ സ്വാഗതമോതിയത്. വന്മരങ്ങളില്ലാത്ത, ആനപ്പുല്ലുകളും പൊന്തയും നിറഞ്ഞ പച്ചച്ച കാടായിരുന്നു ഇവിടേയും.
. പൊടുന്നനെ, ഒരൊറ്റക്കൊമ്പന്‍ ഏതാനും വാര മാത്രം അകലത്തില്‍. ചെളി നിറഞ്ഞൊരു വെള്ളക്കെട്ട് വന്‍ ആഘോഷമാക്കുകയാണവന്‍. നീരാട്ടും തീറ്റയുമെല്ലാം ഒരുമിച്ചായിരുന്നു. ചെളിവെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും വട്ടം കറങ്ങിയും കുശാലായി പായല്‍ അകത്താക്കുന്ന കാഴ്ച മനസ്സിനും ക്യാമറയ്ക്കും ഒരേപോലെ വിരുന്നൊരുക്കി.
മടക്ക സഫാരിയിലായിരുന്നൂ അത്; ആനപ്പുല്ലുകള്‍ക്കും പൊന്തക്കാടുകള്‍ക്കുമിടയിലെ തുറന്ന പുല്‍പ്രദേശത്ത്, പ്രകൃതി അണിയിച്ചൊരുക്കിയ ഒരു മനോഹര ക്യാന്‍വാസില്‍ ഒരാന നില്‍ക്കുന്നു. വണ്ടി നിര്‍ത്തി ശ്രദ്ധിച്ചു. ഒന്നല്ല; കാട്ടുപൊന്തകള്‍ക്കിടയില്‍ നിന്നും പുറത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ഒന്നിന് പുറകെ ഒന്നായി അവരെന്റെ മുന്നിലൂടെ, മണ്ണ് വാരിയെറിഞ്ഞ് കളിച്ചും പുല്ല് തിന്നും മെല്ലെ നീങ്ങി...ഇരുപതോ ഇരുപത്തഞ്ചോ ഗജവീരന്മാര്‍. മനസ്സ് നിറഞ്ഞ സുന്ദര നിമിഷങ്ങള്‍. പുല്‍മേടുകളിലൂടെ മേയുന്ന മാനുകളേയും നീന്തിത്തുടിക്കുന്ന പെലിക്കണുകളേയും ഒരിക്കല്‍ കൂടി കണ്ട്, വെസ്റ്റേണ്‍ റേഞ്ചില്‍ നിന്നും ഉച്ചയ്ക്ക് ശേഷം ഞാന്‍ റൂമില്‍ മടങ്ങിയെത്തി.
ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടായില്ല. ബുരാപഹാര്‍ റേഞ്ചിലേക്ക് പോകുവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും, നവംബര്‍ ഒന്നിന് പാര്‍ക്ക് തുറന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ എന്നതിനാല്‍ ബുരാപഹാറിലേക്കുള്ള റോഡിന്റെ അവസ്ഥ എന്താണെന്നോ എത്ര ദൂരം പോകാനാകുമെന്നോ ഉറപ്പില്ലാതിരുന്നതിനാലും പൊതുവേ സൈറ്റിംഗ് കുറവാണെന്നറിഞ്ഞതിനാലും വേണ്ടെന്ന് വെച്ചു. പോയ റേഞ്ചുകളില്‍ തന്നെ റോഡ് പൂര്‍ണ്ണമായും തുറന്നിരുന്നില്ല. മഴയ്ക്കും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിനും ശേഷം ചെളിയില്‍ പൂണ്ട് കിടന്നിരുന്ന റോഡുകള്‍ ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് സഫാരിക്ക് തുറന്ന് കൊടുക്കാതിരുന്നത്. വന്യജീവികളെ കാണാന്‍ ഏറ്റവും പറ്റിയ സമയം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്.
വിഭിന്നവും അവിസ്മരണീയവുമായ കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒറ്റക്കൊമ്പന്‍റെ നാട്ടില്‍ നിന്ന് ഞാന്‍ വിടപറയുകയാണ്; പിറ്റേന്ന് വെളുപ്പിന് തെസ്പൂര്‍ക്കും അവിടെ നിന്നും അരുണാചല്‍പ്രദേശിലെ തവാംഗിലേക്കുമാണ് എനിക്ക് യാത്ര തുടരേണ്ടത്. ഒരു സഞ്ചാരി ഏതൊരു നാട്ടില്‍ നിന്നും മടങ്ങുമ്പോഴും, ആ നാടിന്റെ സംസ്കാരവും സൗന്ദര്യവും അവിടുത്തെ നന്മ നിറഞ്ഞ മനുഷ്യരും ഒരു പിന്‍വിളിയായി കാതില്‍ വന്നലയ്ക്കാറുണ്ട്; ഓരോ തവണയും ഹൃദയം മന്ത്രിച്ച് കൊണ്ടേയിരിക്കും.....
"വീണ്ടും വരും...."
ബ്രഹ്മപുത്ര; ദേവിയും ദുഖവും
ആസാം ജനജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ് ബ്രഹ്മപുത്ര. പുരുഷ നാമുള്ള ഇന്ത്യയിലെ ഏക നദിയും. ചിലയിടങ്ങളില്‍ 6-8 കിലോമീറ്റര്‍ വരെ വീതിയിലാണ് ബ്രഹ്മപുത്ര നിറഞ്ഞൊഴുകുന്നത്. കസീരംഗയില്‍ ബ്രഹ്മപുത്ര നിക്ഷേപിക്കുന്ന എക്കല്‍ മണ്ണാണ് ഇവിടുത്തെ അതി വിശിഷ്ടമായ ജൈവവൈവിധ്യത്തിന് ആധാരം. മഞ്ഞുരുകി ഹിമാലയത്തില്‍ നിന്നും ബ്രഹ്മപുത്ര ഒഴുകിയെത്തുമ്പോള്‍ വേനലിലും കസീരംഗയില്‍ വെള്ളപ്പൊക്കമാണ്. ബ്രഹ്മപുത്ര അസമിന്റെ ദുഃഖം എന്നുമറിയപ്പെടുന്നു.
ഗ്രാമീണ ചിത്രങ്ങള്‍
യാത്രകള്‍ പ്രകൃതിയിലേക്ക് ഉള്ളവയെങ്കിലും തദ്ദേശീയരായ മനുഷ്യരും അവരുടെ ജീവിതവുമില്ലാതെ ഒരു യാത്രയും പൂര്‍ണ്ണമാകുന്നില്ല. ഒറ്റ നിലയില്‍ തീര്‍ത്ത, ഷീറ്റിട്ട ഭവനങ്ങളായിരുന്നു ആസാമില്‍ ഭൂരിഭാഗവും. പുല്ല് മേഞ്ഞ, തറയില്‍ ചാണകം മെഴുകിയ വീടുകളും ഒട്ടനവധിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്നത് ആസാമിലാണ്. നെല്ലും ചണവുമാണ് മറ്റ് പ്രധാന കൃഷികള്‍. ആസാമിലെ ഭൂപ്രകൃതിയും മണ്ണെണ്ണ വിളക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമീണ ജീവിതവും എന്നില്‍ കേരളത്തിന്റെ ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തിയിരുന്നു.
നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യ
വടക്ക്-കിഴക്കേ ഇന്ത്യയുടെ കവാടം എന്നാണ് ആസാം അറിയപ്പെടുന്നത്. അതിമനോഹരമായ പ്രകൃതിയും കാലാവസ്ഥയും വിത്യസ്തങ്ങളായ സംസ്കാരവും മനുഷ്യരും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമാക്കുന്നു. നേരത്തെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യന്റെ നാട്. അറിയപ്പെടാത്ത കാഴ്ചകളുടെ കലവറ. ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപായ മാജുളി ആസാമിന് സ്വന്തമെങ്കില്‍ ലോകത്ത് ഏറ്റവും ഉയരങ്ങളിലൂടെ കടന്ന് പോകുന്ന പര്‍വ്വത റോഡുകളിലൊന്നായ സെല പാസ് (Sela Pass - 4170 m) അരുണാചലിലെ തവാംഗിന്റെ മണ്ണിലാണ്. കാടും മേടും മഞ്ഞും മലയും മഴയും പുഴയും - അതാണിവിടം.
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ILP) എടുക്കേണ്ടതുണ്ട്.
ആഹാ.. ആദ്യ കമന്റ് ഞാനാണോ? എനിക്ക് മേല.. ;)
ReplyDeleteമഹേഷേട്ടാ നന്നായി.. ചില യാത്രാവിവരണങ്ങൾ ഒക്കെ വായിക്കുമ്പോൾ മടുപ്പ് തോന്നാറുണ്ട്.. ഇത് പക്ഷേ ചേട്ടൻ കണ്ടവയൊക്കെ കണ്മുന്നിൽ കണ്ട അനുഭവം.. ബ്ലോഗിൽ ഒറിജിനൽ ചിത്രങ്ങൾ ചേർക്കാമായിരുന്നു.. എനിക്കും യാത്ര പോവാൻ തോന്നുന്നു.. :)
"ഒറ്റക്കമ്പന്‍റെ നാട്ടില്‍" ആസ്വാദ്യകരമായി വിവരണം.
ReplyDeleteകുട്ടിയാനയെ പരിപാലിക്കാന്‍ പിടിയാനയുടെയും,കൊമ്പനാനയുടെയും ശുഷ്കാന്തിയും മറ്റും വായിക്കുമ്പോള്‍ മനസ്സില്‍ വാത്സല്യം നിറയുന്നു!
ആശംസകള്‍
വാക്കുകളും വാചകങ്ങളും നേര്‍ചിത്രങ്ങളായി മനസിലേയ്ക്കിറങ്ങുന്ന എഴുത്ത് ശൈലി നന്നായിട്ടുണ്ട് .
ReplyDeleteഒറ്റക്കൊമ്പന്റെ നാട്ടിലെ വിശേഷങ്ങൾ ആദ്യമായാണ് വായിക്കുന്നത്. വിശേഷപ്പെട്ട അവിടത്തെ പ്രകൃതിയുടെ ചിത്രങ്ങളില്ലാതെ പോയത് ഒരു പോരായ്മയായി.
ReplyDeleteആശംസകൾ...
യാത്രാ വിവരണം നന്നായി. മാതൃഭൂമിയുടെ ആദ്യത്തെ പേജ് മാത്രം കൊടുത്തിട്ട്, താങ്കളുടെ പോസ്റ്റിൽ ആ ഫോട്ടോകൾ,കൂടുതലും ആകാം, ചിട്ടയായി കൊടുത്തിരുന്നുവെങ്കിൽ കൂടുതൽ മനോഹാരിത വന്നേനെ. ആദ്യത്തെ മൂന്നു ഖണ്ഡികകൾ കഴിഞ്ഞ് ബ്രഹ്മ പുത്ര തുടങ്ങി മൂന്നു ഖണ്ഡികകൾകൊടുത്തിരുന്നുവെങ്കിൽ വായനക്കാർക്ക് ആദ്യമേ ഭൂപ്രകൃതി പരിചിതമായേനെ.
ReplyDeleteഇതൊന്നും ഭംഗിയെ ബാധിച്ചിട്ടില്ല. നല്ലത്.
യാത്ര പോലുള്ള പ്രശസ്തങ്ങളായ മാഗസിനുകളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. ഏതൊരു യാത്രസ്നേഹിയിലും അസൂയ ഉണർത്തുന്ന യാത്രാനുഭവം, ഭംഗിയായി അവതരിപ്പിച്ചു
ReplyDeleteവായനക്കാരെ കൂട്ടത്തിൽ കൂട്ടുന്നത് പോലെ അനുഭവപ്പെട്ടു.ഈ കാട്ടാനക്കൂട്ടം മുന്നിൽ വന്നു നിന്നാൽ പേടിയാകില്ലേ??
ReplyDeleteഇന്നാണിത് കണ്ടത്
ReplyDeleteഅഭിനന്ദനങ്ങൾ കേട്ടൊ ഭായ്