Sunday, August 10, 2014

മിനിക്കഥ - മഴ

നിനച്ചിരിക്കാത്ത നേരത്താവും ഉദ്യാനനഗരി മഴയില്‍ കുതിരുക. അന്ന്,  ഓഫീസില്‍ നിന്നും തിരികെ വരുമ്പോഴാണ് മഴ പെയ്തത്.  നനയാതിരിക്കുവാന്‍ നിരത്ത് വക്കിലെ കടകളുടെ ഓരങ്ങളില്‍ നഗരവാസികള്‍ അഭയം തേടി.  കുട കയ്യില്‍  കരുതിയവര്‍ അവര്‍ക്ക്‌ മുന്നിലൂടെ ഗമയോടെ നടന്നു.
    ഗതാഗത കുരുക്കില്‍ പെട്ട് മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ പുറത്ത് വീണ് മഴനൂലുകള്‍ ചിതറി തെറിച്ചു. കുട ചൂടിയിട്ടും, കാറ്റിനെ പ്രണയിച്ച മഴത്തുള്ളികളെന്നെ നനച്ചു കൊണ്ടിരുന്നു. കോസ്മോസ് മാളിന് മുന്നില്‍, മഴ നനയാതിരിക്കുവാന്‍ നിന്നവരുടെ കൂട്ടത്തില്‍ നിന്നൊരു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെന്നെ നോക്കി. ഈറനടുത്ത ചന്തമുള്ളൊരു പെണ്ണ്.  എന്റെ ചെറിയ കുടയുടെ ഇത്തിരി തണലില്‍ അവള്‍ക്ക് കൂടി ഇടം കൊടുക്കുവാന്‍ മനസ്സെന്നോട് മന്ത്രിച്ചു; ധിക്കരിക്കാനായില്ല.
    നനയാതിരിക്കുവാന്‍ അവളെന്നോട് ചേര്‍ന്നാണ് നടന്നിരുന്നത്. പരിചയമുള്ള നിരവധി മുഖങ്ങള്‍ ആശ്ചര്യത്തോടെ എന്നെ തുറിച്ച് നോക്കി. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്ന പക്ഷേ കണ്ടാലൊന്ന് തിരിഞ്ഞ് നോക്കുക കൂടി ചെയ്യാത്ത പലരും ഞങ്ങളെ സാകൂതം വീക്ഷിച്ചു. അസൂയ.
    മഴയുടെ പ്രണയ ഭാവങ്ങളില്‍ കുതിര്‍ന്ന മനസ്സിന്റെ നോട്ടം, അറിയാതവളുടെ ഈറന്‍ നിറഞ്ഞ മാറിന്‍ തുഞ്ചത്തിറ്റിറ്റ് വീണു കൊണ്ടിരുന്നു. അവള്‍ക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല; കാരണം എവിടെയാണേലും ഞാന്‍ കൊണ്ടെയാക്കും. എങ്കിലും, അല്പം കഴിഞ്ഞപ്പോള്‍, അവളെയൊന്ന്‍ പരിചയപ്പെടാനായി ഞാന്‍ ചോദിച്ചു.
     "കുട്ടിക്ക്‌ എവിടെയാണ് പോകേണ്ടത്...?"
    അവളെന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
     "ഔട്ടര്‍ റിംഗ് റോഡില്‍,  മള്‍ട്ടിപ്ലെക്സ് വരെ...."
ആ ശബ്ദം കേട്ടതും ഞാന്‍ ഞെട്ടി.  പതറിയ സ്പീക്കറില്‍ നിന്നും പുറത്ത് വന്ന ഒരു പുരുഷ ശബ്ദം...കുടയുടെ പിടി വിട്ട് തൊട്ടടുത്ത കടയിലേക്ക് ഞാനോടിക്കയറി.
   പിറ്റേന്ന് ഓഫീസില്‍ നിന്ന് വന്നപ്പോഴും മഴ പെയ്തു. കുട നിവര്‍ത്തിയില്ല;  എങ്ങും കയറി നിന്നുമില്ല; മഴ നനയുന്നതാണുത്തമം...!

14 comments:

  1. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, എഴുതിയ ഒരു കഥ....:-)

    ReplyDelete
  2. ഓടേണ്ട ആവശ്യമില്ലായിരുന്നു. സാരല്യ, കഥയായതോണ്ട് ക്ഷമിച്ചു.

    ReplyDelete
  3. ഇടവേളകൾ കഥയെഴുത്തിന്റെ പേനയുടെ മൂർച്ച കുറച്ചിട്ടില്ല.
    ആർദ്രമായ ഒരു ജീവിതസന്ദർഭം പ്രതീക്ഷിക്കുന്ന വായനക്കാരന് പെട്ടെന്നുണ്ടാവുന്ന കഥയുടെ ഭാവമാറ്റം ഉൾക്കൊള്ളാൻ സമയമെടുക്കുന്നത് കഥയുടെ കുഴപ്പമല്ലല്ലോ....

    ReplyDelete
  4. പരോപകാരം പുണ്യം
    അതും കളഞ്ഞല്ലോ!
    നന്നായി മിനിക്കഥ
    ആശംസകള്‍

    ReplyDelete
  5. പതറിയ സ്പീക്കര്‍ പറ്റിച്ചല്ലോ.

    ReplyDelete
  6. പിറ്റെന്നെവിടുന്നാണ് കുട..? പുതിയത് വാങ്ങിയോ..? കഥ ഇഷ്ട്ടമായി. പക്ഷെ അതിലെ ആശയം, പ്രോത്സാഹിപ്പിക്കുവാന്‍ തോന്നുന്നതല്ല....;)

    ReplyDelete
  7. എന്തിനാ ഓടിയത്?

    ReplyDelete
  8. ഓടേണ്ടിയിരുന്നില്ല...

    ReplyDelete
  9. പെണ്ണ് വന്ന് ഒപ്പം നടക്കുന്നു.
    പിന്നെ ചോദ്യത്തിനുത്തരം പുരുഷ ശബ്ദത്തിൽ.
    കുടയുടെ പിടി വിട്ട് ഓടുന്നു.
    പിറ്റേന്ന് മഴ വന്നു.
    മഴ നനഞ്ഞു നടന്നു.
    ആക്ച്വലി എന്താണ് സംഭവിച്ചത്?

    ReplyDelete
  10. ഓളോട് ചോദിക്കണ്ടായിരുന്നു ഒന്നും. എങ്കിൽ കുറേക്കാലം കൂടി സ്വപ്നോം കണ്ടോണ്ട് നടക്കായിരുന്നു...

    ReplyDelete
  11. ഹ ഹ .. പലർക്കും ചേട്ടൻ എന്താ ഉദ്ദേശിച്ചേ എന്ന് കത്തിയില്ലാന്നു തോന്നുന്നു.. ചേട്ടാ.. ബാംഗ്ലൂർ ആണ് ബാംഗ്ലൂർ. കണ്ടാൽ പെണ്ണാണെന്ന് കരുതി കേറി മുട്ടരുത്.. പണി പാളും..

    ReplyDelete
  12. ഹാ ഹാ ഹാ....നല്ല ഇഷ്ടായി.....

    ReplyDelete
  13. ഒരു വേനൽമഴ...കോട്ടയം റെയിൽ വേ സ്റ്റേഷനിൽ വളരെ വേണ്ടപ്പെട്ട ഒരാളെ കണ്ടിട്ട്‌ സ്കൂട്ടറിൽ പാഞ്ഞു വരുന്ന ഒരു യുവാവ്‌ . മഴ കനത്തപ്പോൾ ഒരു വെയ്റ്റിംഗ്‌ ഷെഡിനു മുന്നിൽ നിർത്തി.അവിടം നിറയെ ആളുകൾ.അവൻ കോട്ടിട്ടു യാത്ര തുടരാൻ തീരുമാനിച്ചു.സ്കൂട്ടരിന്റെ സീറ്റ്‌ അൽപം ഉയർത്തി. ആദ്യം കയ്യിൽ വന്നത്‌ പാന്റ്‌ ആണു.അവൻ അത്‌ കാലിലേക്ക്‌ വലിച്ച്‌ കയറ്റി.മഴ കനക്കാൻ തുടങ്ങി.വീണ്ടും കൈ അകത്തേക്കിട്ടു.ഒന്നും തടഞ്ഞില്ല.ഇല്ല തടഞ്ഞു..20-22ന്റെ ഒരു സ്പാനർ.കുറച്ച്‌ കടലാസും കിട്ടി.
    മഴ നനഞ്ഞ്‌ നിൽക്കുന്നത്‌ കൊണ്ട്‌ വിയർത്തത്‌ ആരും കണ്ടു കാണില്ലാന്ന് കരുതി അവൻ പാന്റ്‌ ഊരി തിരിച്ച്‌ വണ്ടിക്കകത്തേക്ക്‌ നിക്ഷേപിച്ച്‌ യാത്ര തുടർന്നു.
    പുറകിൽ നിന്നും ഉയർന്ന പരിഹാസച്ചിരി അവൻ കേട്ടേയില്ല.

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..