Sunday, February 24, 2013

വിശ്വം ഭവത്യേക നീഡം

    രാവിലെ ഉറക്കമുണര്‍ന്ന് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ജനലഴിയിലൂടെ അവന്‍ എത്തി നോക്കുന്നത് കണ്ടു. പിന്നെ, അകത്തേക്ക് കയറി വന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഞാന്‍ തെല്ലും ഗൌനിച്ചില്ല. മൂന്നാല് തവണ അവനെന്റെ കാല്ക്കലേക്ക് ഓടി വന്ന് തിരിച്ച് പോയി. ഞാനനങ്ങാതെ മേലോട്ട് കണ്ണും നട്ട് കിടന്നു.

    മുറിയുടെ ഒരു മൂലയില്‍ മുകളിലായി, ഭിത്തിയില്‍ നിന്നും ഉള്ളിലേക്ക് തള്ളി നില്‍ക്കുന്ന ചതുരാകൃതിയിലുള്ള ചെറിയ ഷെല്‍ഫില്‍ നിന്നും രണ്ട് കണ്ണുകള്‍ കൂടി എന്നെ എത്തി നോക്കി; അവളായിരിക്കും.അവിടെയാണവര്‍ കൂട് കൂട്ടിയിരിക്കുന്നത്, എന്റെ പുതിയ കൂട്ടുകാര്‍.

    എന്റെ ശൂന്യവും നിശ്ശബ്ദവുമായ ഇരുണ്ട ലോകത്ത്, അനുവാദം ചോദിക്കാതെ കടന്ന് വന്ന രണ്ടണ്ണാറക്കണ്ണന്മാരായിരുന്നൂ  അവര്‍.  ഓര്‍മ്മകളില്‍ പോലും നഷ്ടങ്ങളെരിയുന്ന ജീവിതത്തിന്റെ കനലുകളില്‍ കനിവിന്റെ ഹൃദയവുമായെത്തിയ രണ്ടാത്മാക്കളാണവരെന്നെനിക്ക് തോന്നി. ഓളങ്ങളില്ലാതെ മാറാല പിടിച്ച എന്റെ ചെറിയലോകം മരച്ചില്ലകളേക്കാള്‍ സുരക്ഷിതമാണെന്നവര്‍ക്ക് തോന്നിക്കാണണം. അതാണവരിവിടെ കൂടിനിടം തേടിയത്.

    എന്റെ മുറിയില്‍ രണ്ടതിഥികള്‍ കൂടി താമസമാക്കിയിരുന്ന കാര്യം ലേശം വൈകിയാണ് ഞാനറിഞ്ഞത്. നഗര ഹൃദയത്തിലെ വലിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍,  ഒരു കോണിലുള്ള എന്റെ വാസസ്ഥലത്തെ ജാലകങ്ങളിലൂടെയായിരുന്നു അവര്‍ രാവിലെ ആഹാരം തേടി പോയിരുന്നതും വൈകിട്ട് തിരിച്ചെത്തിയിരുന്നതും. ഇതറിയാതെ ജനാലകള്‍ അടച്ച് ഞാന്‍ പുറത്ത് പോയിരുന്നത് ചിലപ്പോഴെങ്കിലും അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍,  പിന്നീട്   ജാലകവാതില്‍ പകുതിയെങ്കിലും തുറന്നിടാന്‍ ഞാനെന്നും ശ്രദ്ധിച്ചിരുന്നു.

     രണ്ടണ്ണാന്മാരുടെ കേവല സാമീപ്യം പോലും വൈകാരികമായ ഒരാനന്ദത്തിലേക്ക് എന്നെ തള്ളിവിട്ടു എന്നത് ഞാനനുഭവിച്ച് പോന്ന  മാനസികവ്യഥയുടെ,  എഴുതപ്പെടാത്ത,  ചിതലരിച്ച  ചിത്രങ്ങളുടെ,  ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയായിരുന്നു.  മനുഷ്യരേക്കാള്‍ മൃഗങ്ങളേയും പറവകളേയുമൊക്കെ സ്നേഹിക്കുന്നവര്‍, ഒഴിച്ച് കൂടാനാവാത്ത ഏകാന്തതയുടെ തോണിയില്‍ സ്വയം തുഴയുന്നവരായിരിക്കും എന്നും ഞാന്‍ മനസ്സിലാക്കി.

      പണ്ട്,  തറവാട്ടില്‍ വളര്‍ത്തിയിരുന്ന മൂരിക്കുട്ടനേയും മുട്ടനാടിനേയും,  ഒരു നാള്‍ , വില പറഞ്ഞുറപ്പിച്ച് അറവുകാരന്‍  മാപ്പിള വാങ്ങിക്കൊണ്ടുപോകുമ്പോള്‍,  ദൈന്യത കലര്‍ന്ന അവയുടെ നോട്ടം ഒരു കൌമാരക്കാരന്റെ മനസ്സിലുണ്ടാക്കിയ വിങ്ങല്‍ പിന്നീട് പലപ്പോഴും എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. അറവുകാരനെ കണ്ടാല്‍ ആടുമാടുകള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയുമെന്ന് ഒരിക്കല്‍ വല്യമ്മ പറഞ്ഞ് തന്നിരുന്നു. അങ്ങനെ ഒരു തവണ,  അറവുകാരന്റെ കയ്യില്‍ നിന്നും കുതറിയോടിയ ഒരു മൂരിക്കുട്ടന്‍ പറമ്പിലൂടെയെല്ലാം പാഞ്ഞോടി ഒടുവില്‍ എന്റടുത്ത് വന്ന് ദയനീയമായി നിന്നിട്ടുണ്ട്.  നിസ്സഹായനായിരുന്നൂ ഞാന്‍; അന്നും ഇന്നും.....

      കൂച്ച് വിലങ്ങില്‍ ഊഴം കാത്ത് കിടക്കുന്ന അറവുമാടിന്റെ നിസ്സഹായത എന്നും എന്നേയും വിടാതെ പിന്തുടര്‍ന്നിരുന്നു. തോല്‍വികള്‍ അനുഭവങ്ങളും പാഠങ്ങളുമായി മാറേണ്ടിടത്ത്, എനിക്കതൊരു ദിനചര്യയായി മാറി. അവിടേയ്ക്കാണ്, കരുണയുടെ നേര്‍ത്ത പ്രകാശമായി, ഇരുളിലൊരു നാളമായി രണ്ട് അണ്ണാറക്കണ്ണന്മാരെത്തിയത്.
   
     രാവിലെകളില്‍ അവര്‍ പുറത്തേക്കിറങ്ങിക്കഴിയുമ്പോള്‍, ജാലകത്തിനരികിലെത്തി ഞാനവരുടെ കളികളും തീറ്റ തേടലുമൊക്കെ കണ്ട് രസിക്കും.  പുറത്ത് അരയേക്കറോളം വരുന്ന കെട്ടിടമില്ലാത്ത പുരയിടത്തിലെ ഇത്തിരിപ്പോന്ന പച്ചപ്പാണ് നഗരമധ്യത്തില്‍ അണ്ണാന്മാരെ ആകര്‍ഷിച്ചതും അങ്ങനെ അവരെന്റെ കൂട്ടുകാരായതും. ഇടയ്ക്ക്, തീറ്റ തേടി പ്രാവുകളും തത്തയും ചെമ്പോത്തുമൊക്കെ അവിടെ വരാറുണ്ട്. മണ്ട പോയ ഒരു തെങ്ങിന്റെ മുകളില്‍, പണ്ടെങ്ങോ ഏതോ മരംകൊത്തി ഉണ്ടാക്കിയ ഒരു പൊത്തില്‍ രണ്ട് തത്തകളും കൂട് കൂട്ടിയിരുന്നു.

     ചെറുതായി മുറിച്ച ചപ്പാത്തിയുടെ കഷണങ്ങള്‍, അധികം ഉയരത്തിലല്ലാതെ,  നീട്ടിപ്പിടിച്ച് കൊടുത്താല്‍,  എന്റെ കയ്യില്‍ നിന്നും  അത് തട്ടിയെടുക്കുവാന്‍ അണ്ണാറക്കണ്ണന്മാര്‍ പരസ്പരം മത്സരിക്കുമായിരുന്നു.

     ഒരു ദിവസം രാവിലെ തത്തയുടേയും അണ്ണാന്റേയും മറ്റും നിര്‍ത്താതെയുള്ള  കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്‌.  ജനലഴികളിലൂടെ ഓടി നടന്ന്,  ഉറക്കെ ചിലച്ചുകൊണ്ടിരുന്ന ഒരണ്ണാന്‍  പുറത്തേക്ക് ചാടിപ്പോയി. ഞാനെഴുന്നേറ്റ് ജാലകത്തിലൂടെ വെളിയിലേക്ക് നോക്കിയതും പാതി തുറന്ന കണ്ണുകളുടെ ആലസ്യം ഒരു ഞെട്ടലിന് വഴിമാറി.

    തത്തമ്മ കൂട് കൂട്ടിയിരുന്ന തെങ്ങിലൂടെ,  അരയില്‍ കെട്ടിയ സഞ്ചിയുമായി താഴോട്ടിറങ്ങുന്ന ഒരാള്‍.  കീഴെ,  മേല്പ്പോട്ടും നോക്കി നില്ക്കുന്ന വസ്തുവിന്റെ ഉടമസ്ഥനും ഭാര്യയും.  അടുത്തുള്ള മരങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പറന്ന് നടന്ന് ഉറക്കെക്കരയുന്ന ഒരാണ്‍ തത്തയും പെണ്‍ തത്തയും.  ചിലച്ച് കൊണ്ട് പരിഭ്രാന്തരായി ഓടി നടക്കുന്ന ഏതാനും അണ്ണാറക്കണ്ണന്മാര്‍.
   
    തെങ്ങില്‍ കയറിയ ആള്‍ നിലത്തിറങ്ങി, സഞ്ചിയില്‍ നിന്നും പറക്കമുറ്റാത്ത രണ്ട് തത്തക്കുഞ്ഞുങ്ങളെ  എടുത്ത് താഴെയിരുന്ന ചെറിയ കൂട്ടിലടച്ചു.  കഴുത്തിലും അടിഭാഗത്തും പൂട പോലും കിളിര്‍ത്തിട്ടില്ലാത്ത രണ്ട് കിളിക്കുഞ്ഞുങ്ങള്‍.

     അരുതേ എന്ന് പോലും പറയുവാനാകാതെ,  ആ പഴയ നിസ്സഹായത വീണ്ടുമെന്നെ പിടികൂടി. കൂടും കുഞ്ഞിക്കിളികളുമായി അവര്‍ പോയി.  അന്ന് മുഴുവന്‍ അമ്മക്കിളിയും ആണ്‍കിളിയും കരഞ്ഞ് അതിലേ പറന്ന് നടന്നു.  ആ കരച്ചില്‍ കേള്‍ക്കുമ്പോളൊക്കെ, കൊടിയ വേദനയുടെ ഒരു ചിറകടി എന്റെ ഹൃദയത്തെ അത്യധികം വ്രണപ്പെടുത്തുകയും അറവുകാരന്റെ കയ്യില്‍ നിന്നും കുതറിയോടി എന്റെയരികില്‍ വന്ന് നിന്ന ഒരു മൂരിക്കുട്ടന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മനസ്സില്‍ തെളിയുകയും ചെയ്തു.

       കൂട്ടിലടയ്ക്കപ്പെട്ട കിളിക്കുഞ്ഞിന്റെ ഗദ്ഗ്ദങ്ങള്‍ക്ക് മൂകസാക്ഷിയായ പകല്‍ പലവട്ടം ചക്രവാളത്തില്‍ എരിഞ്ഞടങ്ങി.  ഉണക്കത്തെങ്ങില്‍ കൂട് കൂട്ടിയ തത്തകള്‍ എങ്ങോ പോയി മറഞ്ഞു.
എന്റെ ലോകം പിന്നേയും അണ്ണാറക്കണ്ണന്മാരിലേക്ക് ചുരുങ്ങി.

      ദിവസങ്ങള്‍ നെയ്ത കസവുടുത്ത് മാസങ്ങളൊരുങ്ങി വന്നു.  അന്നൊരു ദിവസം ജാലകത്തിന് വെളിയില്‍ ഉച്ചത്തിലുള്ള എന്തൊക്കെയോ ബഹളങ്ങള്‍ കേട്ടാണ് ഞാനെത്തി നോക്കിയത്. ആരെക്കെയോ ചേര്‍ന്ന് അവിടെയുണ്ടായിരുന്ന മരങ്ങള്‍ ഓരോന്നായി മുറിച്ച് മാറ്റുകയാണ്. പിന്നീട്,  ഒരു മണ്ണുമാന്തല്‍ യന്ത്രമെത്തി, വലിയ വാനം കുഴിച്ചു തുടങ്ങി.  ഒരു ഫ്ലാറ്റ്‌ കൂടി ഉയരുന്നു.   എങ്ങും പൊടി പടലങ്ങളുയര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കോണ്ക്രീറ്റ് അടിത്തറയില്‍  നിന്നും വാര്‍ക്കക്കമ്പികള്‍ ആകാശത്തേക്ക് എത്തി നോക്കി.

       ഫ്ലാറ്റ് പണി പുരോഗമിക്കുന്തോറും എന്റെ മുറിയിലേക്കുള്ള അണ്ണാന്മാരുടെ വരവും പോക്കും കുറഞ്ഞ് തുടങ്ങി.  എന്റെ ഹൃദയം അസ്വസ്ഥമായി.  ജീവിതത്തില്‍ ഒരുപക്ഷേ ഞാനേറ്റവുമധികം സന്തോഷിച്ചിട്ടുള്ളത് ആ അണ്ണാറക്കണ്ണന്മാരോടൊത്തുള്ള ആറേഴ് മാസത്തെ താമസമാണ്. വീണ്ടുമൊരു മുറിവില്‍ എന്റെ ഹൃദയം നീറാന്‍ തുടങ്ങുന്നതായി ഞാനറിഞ്ഞു.

       ഏതാനും ദിവസങ്ങള്‍ കാണാതിരുന്നതിന് ശേഷമൊരുനാള്‍ അതിലൊരണ്ണാന്‍ വീണ്ടും ജനലഴിയിലൂടെ എത്തി നോക്കി. പിന്നെ അവന്‍ അകത്ത് കയറി ചിലച്ച് കൊണ്ട് നാലുപാടും ഓടി നടന്നു. പല തവണ അവന്‍ പുറത്തിറങ്ങിപ്പോകുകയും തിരിച്ച് വരികയും ചെയ്തു.  പക്ഷേ, മറ്റേ അണ്ണാനെ മാത്രം കണ്ടതേയില്ല. എന്ത് പറ്റിയോ ആവോ?

       ഞാന്‍ ഒരു ചപ്പാത്തി ചെറുതായി മുറിച്ച് അവന് കൊടുക്കാന്‍ ശ്രമിച്ചു.  നീട്ടിപ്പിടിച്ച എന്റെ കൈവിരലുകളില്‍ നിന്നും ചപ്പാത്തി വാങ്ങാനോ തിന്നാനോ കൂട്ടാക്കാതെ പരിഭ്രാന്തനായി അവനതിലേ അന്ന് മുഴുവന്‍ ഓടി നടന്നു.  ഒടുവില്‍ സന്ധ്യയായപ്പോള്‍ എവിടെയോ അപ്രത്യക്ഷനായി; എന്നന്നേക്കുമായി.....

       എങ്കിലും എന്റെ ഏകാന്തതയുടെ ജാലകവാതില്‍ ഇന്നും പാതി തുറന്ന് തന്നെ കിടക്കുന്നു;  ഒരു വട്ടം കൂടി വരുമെന്ന പ്രതീക്ഷയില്‍ ഒരു അണ്ണാറക്കണ്ണനെ കാത്ത്.....
  

24 comments:

  1. അണ്ണാറക്കണ്ണനും തന്നാലായത്...!
    ആശംസകൾ...

    ReplyDelete
  2. കഥ നന്നായിട്ടുണ്ട്. പക്ഷിനിരീക്ഷണം കൊണ്ട് ഫലമുണ്ട്. പിന്നെ ഞങ്ങളും ഇങ്ങനെ തത്തയേയും മൈനയേയുമൊക്കെ പിടിഛ് വളർത്തിയിരുന്നു. ഇപ്പൊ ആലോചിക്കുമ്പോ പാവം തോന്നും.

    ReplyDelete
  3. ലോകം ഒരു പക്ഷിക്കൂടുപോലെ കാണുകയും, സമസ്ത ചരാചരങ്ങളെയും ഒരു കുടുംബമായി പരിഗണിക്കുകയും ചെയ്ത മഹാദർശനങ്ങൾ ഇന്ന് കാഴ്ചബംഗ്ളാവുകളിൽ തുരുമ്പെടുക്കുകയാണ്. ജീവിതവിജയം കൊയ്യാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾ അവനെ ദർശനങ്ങളുടെ വെളിച്ചത്തിൽ നിന്നും ഒരുപാട് അകലെ ഏതോ ഇരുണ്ട ഗുഹാപഥങ്ങളിൽ എത്തിച്ചിരിക്കുന്നു. ഇനിയും ഹൃദയവിശുദ്ധി സൂക്ഷിക്കുന്ന ചുരുക്കം ചിലരാവട്ടെ, കഥയിലെ കഥാപാത്രത്തെപ്പോലെ കൂച്ച് വിലങ്ങിൽ ഊഴം കാത്ത് കിടക്കുന്ന അറവുമാടിന്റെ നിസ്സഹായതയോടെ നിരന്തരം തോൽവികൾ ഏറ്റുവാങ്ങി , പരാജയമെന്ന ദിനചര്യയിൽ ഏകാകികളായി മാറുന്നു….

    ഞാൻ കഥ കഥ വായിക്കുകയായിരുന്നില്ല. ദുരമൂത്ത മനുഷ്യന്റെ കരാളഹസ്തങ്ങളിൽ പ്രകൃതിയും ചരാചരങ്ങളും പിടയുന്നത് അനുഭവിക്കുകയായിരുന്നു.

    മഹേഷിന്റെ കഥകൾക്കിടയിലുള്ള ഇടവേളകൾ അർത്ഥപൂർണമാണ്. എഴുതുന്ന കഥകളെ ഉരച്ചുരച്ച് പത്തരമാറ്റ് തിളക്കം വരുത്തി വായനക്കു വെക്കുന്നതും, പ്രമേയങ്ങളിൽ സ്വീകരിക്കുന്ന വൈവിധ്യവുമൊക്കെ മഹേഷിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു…

    ഈ നല്ല കഥക്ക് എന്റെ പ്രണാമം

    ReplyDelete
  4. ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന എഴുത്ത്
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  5. ഒരു കഥ പിറവിയെടുക്കുന്നത് അതിശയത്തോടെ കണ്ടു.. മഹേഷിന്റെ മറ്റുകഥകളിലെ പ്രമേയം -വൈയക്തികമായ നഷ്ടം-തന്നെയാണ് ഈ കഥയിലുമെങ്കിലും തികച്ചും വ്യത്യസ്തമായി ഈയെഴുത്ത്...

    ReplyDelete
  6. പ്രീയപ്പെട്ട മഹേഷ്,, ഇതുപോലുള്ള വേദനകൾ ഒത്തിരി അനുഭവിച്ച വ്യക്തിയാണ് ഞാൻ. എന്റെ ക്യാമറയിൽ പതിഞ്ഞ അണ്ണാൻ കുഞ്ഞ്, ബുൾബുൾ മുട്ടകളും കൂടും, മരങ്ങൾ തുടങ്ങിയവയിൽ പലതും ഏതാനും ദിവസം കഴിഞ്ഞ് നശിച്ചുപോയിട്ടുണ്ട്. അതുകൊണ്ട് കിളികളോടും അണ്ണാനോടും അമിതമായി അടുപ്പം കാണിക്കുമ്പോൾ പലപ്പോഴും ഭയമാവുന്നു. കണ്മുന്നിൽ നിന്ന് പക്ഷിക്കുഞ്ഞുങ്ങളൊക്കെ മറ്റുജീവികൾക്ക് ഇരയാവുന്നത് ദയനീയമായ അനുഭവമാണ്. നന്നായി എഴുതി.

    ReplyDelete
  7. അറവുകാരനെ കണ്ടാല്‍ ആടുമാടുകള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയുമെന്ന് ഒരിക്കല്‍ വല്യമ്മ പറഞ്ഞ് തന്നിരുന്നു. അങ്ങനെ ഒരു തവണ, അറവുകാരന്റെ കയ്യില്‍ നിന്നും കുതറിയോടിയ ഒരു മൂരിക്കുട്ടന്‍ പറമ്പിലൂടെയെല്ലാം പാഞ്ഞോടി ഒടുവില്‍ എന്റടുത്ത് വന്ന് ദയനീയമായി നിന്നിട്ടുണ്ട്. നിസ്സഹായനായിരുന്നൂ ഞാന്‍; അന്നും ഇന്നും.....

    വളരെ ഹൃദയസ്പര്‍ശിയായ കഥ
    നന്നായിരിയ്ക്കുന്നു മഹേഷ്.

    ReplyDelete
  8. വളരെ നല്ല കഥ.വാക്കുകള്‍ക്കകത്തും ജാലകത്തിന് പുറത്തുമായി മാറുന്ന ഒരു ലോകത്തിന്റെ എണ്ണച്ചായച്ചിത്രം

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു....

    ഏകദേശം മുപ്പതു വര്‍ഷങ്ങള്‍കുമുമ്പു കുടിയേറ്റ ഗ്രാമത്തില്‍.......
    ആദിവാസി കൂട്ടുകാരോടൊത് അണ്ണാരകണ്ണനെ ഓടിച്ചിട്ട്‌ പിടിച്ചു.....
    എണ്ണയില്‍ മൊരിച്ച് കഴിച്ച പത്തു വയസ്സുകാരന്റെ സാഹസത്തിനു ശിക്ഷ....

    അന്ന് അണ്ണാറക്കണ്ണന്‍ കടിച്ചുമുറിച്ച കൈ വിരലിന്റെ വേദന...
    ഇന്ന് ഹൃദയം മുറിക്കുന്ന കുറ്റബോധത്തിന്റെ...
    കൊളുതതി വലിയ്ക്കുന്ന വേദനയായി വീണ്ടും ...

    ഇനിയും പുതുമയുള്ള സൃഷ്ടികള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  10. ഏകാന്തതയുടെ തുരുത്തിലേക്ക് അവര്‍ ഒരിക്കല്‍ക്കൂടി കടന്നു വരട്ടെ. വളരെ നന്നായി എഴുതിയ കഥ.

    ReplyDelete
  11. ലോകമൊരു കൂടാണ്.
    നമുക്കെല്ലാം ചേക്കേറാനും കലപിലകൂട്ടാനും ഓടിയൊളിക്കാനുമുള്ള കൂട്!

    നന്നായി മഹേഷ്!

    ReplyDelete
  12. പ്രിയ മഹേഷ്‌,

    ഇടവേളയ്ക്കു ശേഷം എഴുതിയ കഥ നന്നായിരിക്കുന്നു.

    ഓളങ്ങളില്ലാതെ മാറാല പിടിച്ച എന്റെ ചെറിയലോകം മരച്ചില്ലകളേക്കാള്‍ സുരക്ഷിതമാണെന്നവര്‍ക്ക് തോന്നിക്കാണണം. അതാണവരിവിടെ കൂടിനിടം തേടിയത്.

    ഈ വരികള്‍ ഏറെ ഇഷ്ടമായി .

    എങ്കിലും എന്റെ ഏകാന്തതയുടെ ജാലകവാതില്‍ ഇന്നും പാതി തുറന്ന് തന്നെ കിടക്കുന്നു; ഒരു വട്ടം കൂടി വരുമെന്ന പ്രതീക്ഷയില്‍ ഒരു അണ്ണാറക്കണ്ണനെ കാത്ത്.....

    ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് കഴിഞ്ഞ കഥയിലെ കന്യാസ്ത്രീയേം അവരെ കാത്തിരിക്കുമായിരുന്ന അയാളെയും ആണ് .

    സുഖമല്ലേ മഹേഷ്‌ ???????

    ReplyDelete
  13. പ്രിയ മഹിക്ക് ..ഈ പെണ്ണിന്‍റെ ആശംസകള്‍ മാത്രം

    ReplyDelete
  14. "എന്റെ ശൂന്യവും നിശ്ശബ്ദവുമായ ഇരുണ്ട ലോകത്ത്, അനുവാദം ചോദിക്കാതെ കടന്ന് വന്ന രണ്ടണ്ണാറക്കണ്ണന്മാരായിരുന്നൂ അവര്‍. ഓര്‍മ്മകളില്‍ പോലും നഷ്ടങ്ങളെരിയുന്ന ജീവിതത്തിന്റെ കനലുകളില്‍ കനിവിന്റെ ഹൃദയവുമായെത്തിയ.........."

    നന്നായി മഹേഷ്‌ !!

    ReplyDelete
  15. ചില നഷ്ടങ്ങള്‍ വേദനകളാണ് .. കഥയില്‍ മനുഷ്യന്‍ സ്വാര്‍ത്ഥമായി തന്റെത്‌ മാത്രമാക്കുന്ന ഭൂമിയില്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ പരക്കം പായുന്നത് വായിക്കനാകുന്നു..
    നല്ല കഥ

    ReplyDelete
  16. പ്രകൃതിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന് തിരിച്ചറിയാത്തവൻ മനുഷ്യർ മാത്രം...

    ReplyDelete
  17. ഹൃദയസ്പര്‍ശിയായ എഴുത്ത്. പാതി തുറന്നിട്ട ജനല്‍ പാളിയിലൂടെ ഞാനും നോക്കി നിന്ന് പോകുന്നു.

    ReplyDelete
  18. മഹേഷ്,

    നിങ്ങളുടെ വരികള്‍ക്ക് മനസ്സിനെ തൊടുന്ന ഒരു മാന്ത്രികത്വമുണ്ട്.

    കഴിഞ്ഞ ദീപാവലി ദിവസം ഞങ്ങള്‍ക്കൊരു കുഞ്ഞു അതിഥി വന്നു. ഒരു കരിയിലക്കിളി കുഞ്ഞ്. പുളിമരത്തിനു മുകളില്‍നിന്നു വീണു അതിന്റെ ചിറകൊടിഞ്ഞിരുന്നു. ഒരാഴ്ചക്കാലം അവള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു ദിവസം പതിവില്ലാതെ അത് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളെ കൂട്ടില്‍ നിന്നെടുത്തു എന്റെ മടിയില്‍ വച്ചു. അവള്‍ എന്റെ ചൂണ്ടുവിരലില്‍ കുഞ്ഞുനഖങ്ങള്‍ കൊണ്ട് അള്ളിപ്പിടിച്ചിരുന്നു, എനിക്ക് നന്നേ വേദനിക്കുന്നുണ്ടായിരുന്നു. അല്പ്നിമിഷങ്ങള്‍ക്കുള്ളില്‍ ആ കുഞ്ഞു ജീവന്‍ നിലച്ചു. എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴും അവളെ ഓര്‍ക്കുമ്പോള്‍ ആ നേര്‍ത്ത ചൂടും ആ കുഞ്ഞുകാലുകള്‍ കൊണ്ടുള്ള പിടുത്തവും ഓര്‍മ്മവരും. ഒരാഴ്ചത്തേക്ക് മാത്രം വിരുന്നു വന്ന അതിഥി.

    ReplyDelete
  19. അനുവാദം ചോദിക്കാതെ കയറിവന്ന
    ആ അണ്ണാറകണ്ണമാരെ വായനക്കാരും ശരിക്ക് തൊട്ടറിഞ്ഞു..കേട്ടൊ മഹേഷ്

    ReplyDelete
  20. വായിക്കാൻ വൈകിപ്പോയതിൽ നഷ്ടബോധം തോന്നുന്നു ചേട്ടാ... ഞാൻ ബൂലോകത്തെ ഒരു തുടക്കക്കാരി മാത്രം... പറയാതെ വയ്യ... ഇത്തരം സൃഷ്ടികൾ പലപ്പോളും മറവിയുടെ മാറാപ്പിലേയ്ക്ക് സ്വയം എറിഞ്ഞു കളഞ്ഞ എഴുത്തിനെ തിരിച്ചു വിളിക്കാൻ പ്രചോദനമാകുന്നു. ആശംസകൾ.. :)

    ReplyDelete
  21. സമൂഹം നേരിടുന്ന ഒരു പരിസ്ഥിതി പ്രശ്നം ഒരുകഥാ രൂപേണ അവതരിപ്പിച്ചു..കഥയില്‍ അല്പ്പം കൂടി മിനുക്ക് പണികള്‍ക്ക് സ്കോപ്പ് ഉള്ളതായി തോന്നി.

    ReplyDelete
  22. നന്നായി അവതരിപ്പിച്ചു

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..