Wednesday, December 15, 2010

മദ്യ ഖനനം

ഞങ്ങള്‍ ചാലക്കുടിക്കാരുടെ വര്‍ഷങ്ങളായുള്ള അഹോരാത്ര പരീക്ഷണങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്.  സ്വര്‍ണ്ണവും എണ്ണയും കല്‍ക്കരിയും ഒക്കെ ഖനനം ചെയ്തെടുക്കാമെങ്കില്‍ എന്ത് കൊണ്ട് മദ്യവും ആയിക്കൂടാ എന്ന ചോദ്യമാണ് ഞങ്ങളെ മദ്യ ഖനനം എന്ന കണ്ടു പിടുത്തതിലേക്ക് നയിച്ചത്.

ന്യൂട്ടന്റെ നാലാം നിയമം 

ഊര്‍ജ്ജം നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കില്ലെന്ന് ന്യൂട്ടന്റെ നാലാം നിയമം പറയുന്നു. ഊര്‍ജ്ജത്തെ ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക്    മാറ്റുവാന്‍ മാത്രമേ സാധിക്കൂ.

മദ്യം ഊര്‍ജ്ജമാണോ? 
പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ഈ ചോദ്യത്തിലൂടെയാണ്.
എന്താണ് ഊര്‍ജ്ജം? പ്രവൃത്തി ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതെന്തോ അതാണ്‌ ഊര്‍ജ്ജം.
പൂച്ചയെപ്പോലെ ശാന്തനായിരിക്കുന്ന ഒരാളെക്കൊണ്ട് നാട്ടുകാരെ മൊത്തം തെറിപറയാനും ഭാര്യയേയും പിള്ളാരേം തല്ലാനും ഓടയിലും വഴിയിലും ഏത് ഷേയ്പ്പിലും കിടക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌? മദ്യം എന്ന ഊര്‍ജ്ജം അല്ലാതെ മറ്റെന്താണ്?

മദ്യ പരിണാമം
 വര്‍ഷങ്ങളായി    ചാലക്കുടിക്കാര്‍  കുടിക്കുന്ന  മദ്യത്തിന്  എന്ത് സംഭവിക്കുന്നു ? 
ന്യൂട്ടന്റെ നാലാം  നിയമമനുസരിച്ച്  മദ്യം ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു. അങ്ങനെ മദ്യം വയറ്റിലേക്കും   അവിടെ നിന്നും മഞ്ഞപാനീയമായി മണ്ണിലേക്കും ആഴ്ന്നിറങ്ങുന്നു. അങ്ങനെ ഭൂമിയുടെ ഉള്ളറകളില്‍ എത്തുന്ന ഈ ദ്രാവകം കാലാന്തരണത്തില്‍ ആന്തരിക രാസപരിണാമങ്ങള്‍ക്ക് വിധേയമായി വിവിധയിനം മദ്യമായി വേര്‍തിരിയുന്നു. വടക്കേ നിരപ്പേല്‍ ചാക്കോചേട്ടന്റെ പറമ്പിനടിയില്‍ ബ്രാണ്ടി ആണ് ഉള്ളതെങ്കില്‍ താഴതെതൊടിയില്‍ കൃഷ്ണന്‍ മാരാരുടെ പറമ്പില്‍ ചാരായമാണുള്ളത്.

മദ്യത്തിന്റെ ഉറവിടം എവിടെ, എങ്ങനെ ?
എവിടെയാണ് മദ്യമുള്ളതെന്നും അത് ഏത് മദ്യം ആണ് എന്നും കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളാണ് പിന്നീട് നടന്നത്. കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ 'ആല്‍ക്കഹോളിക് റഡാര്‍' പ്രാദേശികമായി തന്നെ വികസിപ്പിച്ചെടുക്കാനായി എന്നത് ഒരു സുപ്രധാന വഴിത്തിരിവായി കണക്കാക്കുന്നു.

മദ്യ കിണര്‍
അടുത്ത പടിയായി, കുഴല്‍ കിണര്‍ മോഡലില്‍ മദ്യ കിണര്‍ ഉണ്ടാക്കി മോട്ടോറും പൈപ്പ് ലൈനുകളും മദ്യ ടാങ്കുകളും സ്ഥാപിച്ചു. കുഴിച്ചെടുക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയതോടെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു.

പ്രാവര്‍ത്തിക ബുദ്ധിമുട്ടുകള്‍
മദ്യ സ്ത്രോതസ്സുകളില്‍ നിന്നും കിണര്‍ കുത്തി മദ്യം പുറത്തെടുക്കുന്നതിനാവശ്യമായ ഭീമമായ ചെലവ് ചാലക്കുടിയിലെ സാധാരണക്കാരായ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. എന്നാല്‍ നൂറു ശതമാനം വായ്പാ സൌകര്യവുമായി ബാങ്ക് ഓഫ് ചാലക്കുടി മുന്നോട്ടു വന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടു.

വിപണി കണ്ടെത്തല്‍
ചാലക്കുടിയില്‍ മാത്രം,  മുപ്പതു കോടി ജനങ്ങള്‍ക്ക്‌ നൂറു വര്ഷം ആവശ്യമായ അത്രയും മദ്യമുള്ളതായാണ്‌ ഇത്തുവരെ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ മദ്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പ്രയത്നങ്ങളാണ് പിന്നീടുണ്ടായത്. കേരളത്തിലെ മണ്ണിന്റെ പ്രത്യേക ഘടന മൂലം ലോകത്തില്‍ ഇവിടെ മാത്രമേ ഈ പ്രതിഭാസം ഉള്ളൂ എന്നത് മദ്യത്തിനു ഉയര്‍ന്ന വില നേടിത്തരുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഇവിടെ നിന്നുള്ള മദ്യത്തിന് 'ദൈവത്തിന്റെ സ്വന്തം മദ്യം', 'പ്രകൃതി ദത്ത മദ്യം' എന്നീ ഓമനപ്പെരുകളും പിന്നീട് ലഭിക്കുകയുണ്ടായി.

അനുബന്ധ മദ്യ വ്യവസായങ്ങള്‍
പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്ന് കൊണ്ടിരുന്നു. ആല്‍ക്കഹോളിക് കോക്കനട്ട് ഓയില്‍ (മദ്യ പൂരിത വെളിച്ചെണ്ണ) , ആല്‍ക്കഹോളിക് തേയില തുടങ്ങിയ കണ്ടു പിടുത്തങ്ങള്‍ അനുബന്ധ വ്യവസായങ്ങളുടെ ഒരു ശ്രിംഖല  തന്നെ തീര്‍ക്കുകയുണ്ടായി. പാചകം ചെയ്ത ആഹാരത്തിന്റെ നല്ല രുചിയും വിലക്കുറവും മദ്യപൂരിത വെളിച്ചെണ്ണയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ വീട്ടമ്മമാരെ  പ്രേരിപ്പിച്ചു. വസ്തുവിന്റെ വില ക്രമാതീതമായി ഉയരുകയും റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തങ്ങളുടെ വന്‍കിട ഫ്ലാറ്റുകള്‍ വരെ പൊളിച്ചു മദ്യ കിണര്‍ തുടങ്ങുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.


വാഹനം ഓടിക്കാനും  മദ്യം
വാള് വെക്കുക അഥവാ അകത്തു കിടക്കുന്നത് പുറത്തേക്കു തള്ളുക എന്ന മദ്യത്തിന്റെ  സ്വഭാവം ഉപയോഗിച്ച് വാഹനങ്ങളുടെ എന്ജിനിലെ പിസ്റ്റണ്‍ ചലിപ്പിക്കാനാവില്ലേ എന്നതിനെ ആസ്പദമാക്കി പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. സമീപ ഭാവിയില്‍ തന്നെ മദ്യമുപയോഗിച്ചു വാഹനങ്ങളോടിക്കുന്നതിലും വിജയം കൈവരിക്കാന്‍ ആയേക്കുമെന്നാണ് പ്രതീക്ഷ.


പേറ്റണ്ട് 
മദ്യ കിണര്‍ കണ്ടു പിടുത്തങ്ങള്‍ക്ക് ചാലക്കുടിക്കാര്‍ക്ക് പേറ്റണ്ട് കിട്ടിയതിനെ ചൊല്ലി കേരളത്തില്‍ പലയിടങ്ങളിലും അക്രമപരമ്പരകളുണ്ടായി. കരുനാഗപ്പള്ളിയും ബാലരാമപുരവും മദ്യഖനനതിനുള്ള പരീക്ഷണങ്ങള്‍ സ്വന്തമായി ആരംഭിച്ചു.


തേടിയെത്തിയ അംഗീകാരങ്ങള്‍
സയന്‍സിനുള്ള നോബല്‍ സമ്മാനം ചാലക്കുടിക്കാരെ തേടിയെത്തിയതോടെ ചാലക്കുടി വീണ്ടും ലോകത്തെ ശ്രദ്ധാകേന്ദ്രമാകുകയുണ്ടായി.    എങ്കിലും കഠിനാധ്വാനികളായ ചാലക്കുടിക്കാര്‍ തെല്ലും അഹങ്കരിക്കാതെ, ചന്ദ്രനില്‍ മദ്യമുണ്ടോ എന്ന തങ്ങളുടെ പരീക്ഷണങ്ങള്‍ തുടര്‍ന്ന്  കൊണ്ടിരുന്നു.

19 comments:

  1. ചാലക്കുടിക്കാരന്റെ സ്വപ്നം; ഓരോ മലയാളിയുടെയും...

    നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കില്‍ ഇത്
    പോലെ മറ്റൊരെണ്ണം 'അഖില കേരള മദ്യപാനി അസോസിയേഷന്‍, പണ്ട് ദാ ഇവിടെ എഴുതിയിട്ടുണ്ട് . ഒരുപക്ഷെ ഇതും നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടേക്കും...

    ReplyDelete
  2. മഹേഷ്, മദ്യഗവേഷണം നന്നായി, വളരെ രസകരം, ‘സ്മോൾ’ സ്കേൽ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ചെയർമാൻ ആകാനുള്ള യോഗ്യതയായി. ചാലക്കുടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഇത്തരം പരീക്ഷണങ്ങളിൽ ഒരു ഗ്രാമം മുഴുവൻ ഏർപ്പെട്ടു കണ്ടിരിരുന്നു, കുടി സ്ഥലനാമത്തിൽ തന്നെയുള്ളവരാണല്ലോ അവർ!

    ReplyDelete
  3. അല്ല സത്യം പറ എത്ര പെഗ്ഗ് വിട്ടിട്ടാണിതെഴുതിയത്...

    ReplyDelete
  4. നാവു കൊഴയുകേം കൈവിറക്കുകേം ചെയ്തതിനാലാണ് ഇന്നലെ കമന്റ്‌ ഇടാതെ പോയത്.
    ഇത് ഒട്ടും ശരിയായില്ല, നമ്മുടെ കാശ് കൊണ്ട് വളര്‍ന്ന, നമ്മുടെ സ്വന്തം യു.ബി ഗ്രൂപ്പ്‌ മൊതലാളി, ടിപ്പുവിന്റെ "വാള്" സ്വന്തമായുള്ള അങ്ങേരെ ഒതുക്കാനല്ലേ ഇത് എന്ന് തോന്നിപ്പോവുന്നു.
    ചാല"ക്കുടി"യില്‍ മാത്രമല്ല ഇവിടേം കുഴിച്ചാല്‍ കിണറു കാണാതിരിക്കാന്‍ തരമില്ല. ഓഫീസ് ഒന്ന് കുഴിച്ചു നോക്കട്ടെ. നിങ്ങളും സ്വന്തം ആപ്പീസ് കുയിച്ചു നോക്കിന്‍. കിട്ടും ഉറപ്പാ.
    പേടിക്കണ്ട ആരും ഒന്നും പറയാന്‍ വരുകേല. മദ്യ വിമുക്ത കിനാശ്ശേരി മാത്രമായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. മദ്യ ഗവേഷകന്റെ ഗവേഷണം ഉഷാറായി.ഇനിയും ഗവേഷണ പ്രബന്ധങ്ങളുമായി നമ്മുക്ക് ഇവിടെ "കൂടാം".
    cheers

    ReplyDelete
  5. ഇതൊരു പ്രബന്ധമാക്കി വല്ലയിടത്തിലും അവതരിപ്പിച്ചു നോക്കൂ . ഫലിക്കാതിരിക്കില്ല.
    നല്ല ചിന്തകള്‍ !
    പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കാംഎങ്കില്‍ നമുക്കും ഇതൊക്കെ ഒന്ന് പരീക്ഷിക്കാവുന്നതാണ്.

    ReplyDelete
  6. ആ ഹാ... നല്ല ഗവേഷണം .. ഇങ്ങനെ ഒരു ചിന്തയുണ്ടായത് നന്നായി. ചാലക്കുടിക്കാര്‍ മാത്രം കാരണം മദ്യക്ഷാമം വരുന്ന ഒരു കാലഘട്ടത്തിലേക്ക് ലോകം നീങ്ങികൊണ്ടിരിക്കുമ്പോള്‍ അവിടന്നു തന്നെ അതിനൊരു പരിഹാരം കണ്ടെത്തിയത് നന്നായി.. ...
    ----------------------------
    ആ ശ്രീക്കുട്ടന്‍ എന്തോ ചോദിച്ചല്ലോ അവനൊരു ഉത്തരം കൊടുക്കൂ മഹേഷേ...

    ReplyDelete
  7. ചാലക്കുടിക്കാർ ഭാഗ്യവാൻമാർ

    ReplyDelete
  8. നല്ല ഗവേഷണം ..

    ReplyDelete
  9. ന്യൂട്ടന്റെ നാലാം നിയമമനുസരിച്ച് മദ്യം ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു. അങ്ങനെ മദ്യം വയറ്റിലേക്കും അവിടെ നിന്നും മഞ്ഞപാനീയമായി മണ്ണിലേക്കും ആഴ്ന്നിറങ്ങുന്നു. അങ്ങനെ ഭൂമിയുടെ ഉള്ളറകളില്‍ എത്തുന്ന ഈ ദ്രാവകം കാലാന്തരണത്തില്‍ ആന്തരിക രാസപരിണാമങ്ങള്‍ക്ക് വിധേയമായി വിവിധയിനം മദ്യമായി വേര്‍തിരിയുന്നു. വടക്കേ നിരപ്പേല്‍ ചാക്കോചേട്ടന്റെ പറമ്പിനടിയില്‍ ബ്രാണ്ടി ആണ് ഉള്ളതെങ്കില്‍ താഴതെതൊടിയില്‍ കൃഷ്ണന്‍ മാരാരുടെ പറമ്പില്‍ ചാരായമാണുള്ളത്.

    കൊള്ളാം ചിരിച്ചു ഒരു പരുവമായ്‌ .....:)

    ReplyDelete
  10. ഗവേഷണം നന്നായിട്ടുണ്ട് മഹേഷ്‌. ആ കിണര്‍ പെട്ടെന്നു പ്രാവര്‍ത്തികമായാല്‍ ക്യൂ നില്പ് ഒഴ്വാക്കാംആയിന്നു.

    ReplyDelete
  11. ഹോ !!!! മഹേഷിന്റെ ഒരു ഗവേഷണ ബുദ്ധിയേ..... കൊള്ളാം പോസ്റ്റ്‌ നന്നായിട്ടുണ്ട് .

    ReplyDelete
  12. ചാലക്കുടി എന്ന് ഓണം, ക്രിസ്മസ് സമയങ്ങളില്‍ വാര്‍ത്തകളില്‍ കാണാറുണ്ട്..
    പക്ഷെ ചലക്കുടിക്കാരില്‍ നിരീക്ഷണ ബുദ്ധി ഉള്ളവര്‍ ഉണ്ടെന്നുള്ളത് പുതിയ അറിവാണ്..ഹി ഹി
    നന്നായിട്ടുണ്ട് കേട്ടോ..വീണ്ടും വരാം

    ReplyDelete
  13. ഭൂമിക്കടിയിലുള്ള കള്ള്‌ തെങ്ങിന്റെ മുകളിൽ എത്തിച്ച്‌ മോന്തുന്ന ചാലക്കുടിക്കാർക്ക്‌ മണി കെട്ടല്ലേ...

    ReplyDelete
  14. അതു ശരി...അപ്പോ ഇതായിരുന്നൂല്ലേ പരിപാടി
    കുറച്ച് നാള്‍ ഈ ബൂലോകത്ത് കാണാതിരുന്നപ്പോ
    ഞാന്‍ വിചാരിച്ചു ബ്ലോഗും പൂട്ടി സ്ഥലം വിട്ടെന്ന്...
    എന്തായാലും തിരിച്ചു വരവ് കൊള്ളാം...പുതിയ ഗവേഷണം...

    ReplyDelete
  15. പുതിയ രീതിയില്‍ ഗവേഷണങ്ങള്‍ ഒക്കെ നടത്തുന്നുണ്ട് അല്ലെ

    ReplyDelete
  16. ചാല‘ക്കുടി’ എന്നല്ലേ സ്ഥലപ്പേര്, അപ്പൊ ഇങ്ങനാവാനേ തരമുള്ളൂ ;)

    ReplyDelete
  17. എടാ,നിന്റെ ഗവേഷണബുദ്ധി ശ്രദ്ധിക്കാതെ പോയതിൽ ഖേദിക്കുന്നു.തുടർന്നും ഇത്തരം നല്ല കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  18. വാഹനം ഓടിക്കാനും മദ്യം
    വാള് വെക്കുക അഥവാ അകത്തു കിടക്കുന്നത് പുറത്തേക്കു തള്ളുക എന്ന മദ്യത്തിന്റെ സ്വഭാവം ഉപയോഗിച്ച് വാഹനങ്ങളുടെ എന്ജിനിലെ പിസ്റ്റണ്‍ ചലിപ്പിക്കാനാവില്ലേ എന്നതിനെ ആസ്പദമാക്കി പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. സമീപ ഭാവിയില്‍ തന്നെ മദ്യമുപയോഗിച്ചു വാഹനങ്ങളോടിക്കുന്നതിലും വിജയം കൈവരിക്കാന്‍ ആയേക്കുമെന്നാണ് പ്രതീക്ഷ.

    athethaayaalum kalakki....ini petrol vila vardhanaye pedikkandallo!

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..