Tuesday, January 19, 2010

അഖില കേരള മദ്യപാനി അസോസിയേഷന്‍

"മദ്യപാനികളെ ഇതിലെ ഇതിലെ...
നിങ്ങള്ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല...
നേടുവാന്‍ വെറും മദ്യക്കുപ്പികള്‍ മാത്രം..."

ലോക പ്രശസ്തനാകേണ്ടിയിരുന്ന ഒരു കുടിയനായിരുന്നു എന്‍റെ പിതാജീ. നല്ലൊരു കുടിയനായിതതീരാനായെങ്കിലും ലോകപ്രശസ്തനാകാന്‍ അദ്ദേഹത്തിനായില്ല. മദ്യകേരളത്തിലെ പ്രബുദ്ധരും മാന്യമാഹാന്മാരുമായ പേരുകേട്ട കുടിയന്മാരോടു മത്സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ അദ്ദേഹം വാള് വച്ച് വീണുപോയി. അങ്ങനെ എനിക്ക് നഷ്ടപ്പെട്ടത്, ലോകമെങ്ങും അറിയപ്പെടുന്ന ഒരപ്പന്റെ മകനാകാനുള്ള മഹാഭാഗ്യമാണ്.

എന്റെയും അപ്പന്റെയും ദുരവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ മറ്റാര്‍ക്കും ഉണ്ടാകരുതെയെന്ന പ്രാര്‍ത്ഥനയാണ് കുറച്ചുകൂടി കൂലങ്കൂഷിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എന്നെ സഹായിച്ചത്. തുടര്‍ന്ന്, മദ്യപന്മാരുടെ അവകാശസംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ' അഖില കേരള മദ്യപാനി അസോസിയേഷന്‍' എന്റെ നേതൃത്വത്തില്‍ രൂപീകരിക്കുകയുണ്ടായി.


കേരളത്തിലെ വിവിധ ഷാപ്പുകളിലും ബാറുകളിലും വച്ച് ചിയേഴ്സ് പറഞ്ഞു തുടങ്ങിയ പ്രമുഖരായ കുടിയന്മാരുടെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെടുത്തി എടുത്ത സംഘടനയുടെനയങ്ങളും തീരുമാനങ്ങളും എല്ലാവിധ കുടിയന്മാരുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ്...


1. സംഘടനയുടെ ആജീവനകാല മെംബെര്‍ഷിപ്‌ ചെലവ് ഒരു കുപ്പി ബിയര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു. അംഗങ്ങള്‍ക്ക് ഏതെങ്കിലും കാലി മദ്യക്കുപ്പിയില്‍ ഫോട്ടോ ഒട്ടിച്ച പ്രത്യക ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതാണ്.

2. എല്ലാ വര്‍ഷവും വമ്പന്‍ പരിപാടികളോടെ കുടിയ സംഗമം അഥവാ കുടിയന്മാരുടെ സംഗമം ആഘോഷിക്കും.

3. മിസ്റ്റര്‍ Drinker ഓഫ് ഡി ഇയര്‍ പുരസ്കാരം ഏര്‍പ്പെടുത്തും. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന അമ്പതിനായിരം രൂപയുടെ 'ആല്‍ക്കഹോള്‍ വൌച്ചറും' പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

4. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ജൂനിയര്‍ Drinker , മിസ്സ്‌ Drinker, മിസ്സിസ് Drinker തുടങ്ങിയ അവാര്‍ഡുകളും ഏര്‍പ്പെടുതുന്നതാണ്.

5. ടി കുടിയ സംഗമത്തില്‍ താഴെ പറയുന്ന മത്സര പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്

- മദ്യം കുടി മത്സരം
- ഗ്ലാസില്‍ മദ്യം നിറച്ചോട്ടം
- പൂസായ കുടിയന്മാരുടെ കസേരകളി
- കള്ളും കുടം പൊട്ടിക്കല്‍ (കണ്ണ് കെട്ടിയുള്ള മത്സരം)
- വാള് വെക്കല്‍ മത്സരം

സമാപനത്തോടനുബന്ധിച്ചുകുടിയന്‍മാരുടെ 'കൂടിയാട്ടം' എന്ന പേരില്‍ തുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണ്.

6. താഴെപ്പറയുന്ന ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിശിഷ്ട വനിതകളെ ആദരിക്കുവാന്‍ തീരുമാനിച്ചു:

- കുടിയനായ ഭര്‍ത്താവില്‍ നിന്നും ഏറ്റവും അധികം തല്ലും ഇടിയും ചവിട്ടും മേടിച്ച വീട്ടമ്മക്ക്‌ പ്രത്യേക പ്രോത്സാഹന സമ്മാനം.

- കഷ്ടപ്പാട് സഹിച്ചു സ്വന്തമായി അധ്വാനിച്ചു, കെട്ടിയവന് കുടിക്കുവാന്‍ ഏറ്റവും അധികം കാശ് നല്‍കിയ സ്നേഹനിധിയാ വീട്ടമ്മക്കുള്ള സമ്മാനം.

7. പൂസായ കുടിയന്മാരെ ഓട്ടോയില്‍ കയറ്റാത്തതിനെതിരെയും കയറ്റിയാല്‍ തന്നെ കൂടുതല്‍ ചാര്‍ജു ഇടാക്കുന്നതിനെതിരെയും സംസ്ഥാന ബിവറേജസ് മന്ത്രിക്കു നേരിട്ട് പരാതി നല്‍കും.

8. ആകാശവാണിയിലും ടെലിവിഷനിലും 'കുടിയനോട് ചോദിക്കാം' പരിപാടി തുടങ്ങും

9. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഷാപ്പുടമകളേയും ബാറുടമകളേയും രക്ഷിക്കാന്‍ ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസം എങ്കിലും സംഘടനയിലെ എല്ലാ അംഗങ്ങളും മേല്‍പ്പറഞ്ഞ ഷാപ്പുകളിലും ബാറുകളിലും ചെന്ന് മദ്യപിക്കേണ്ടതാണ് . ഓരോ ഷാപ്പും വിലപ്പെട്ടതാണ്‌; അവ പൂട്ടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

10. വിവിധങ്ങളായ മദ്യങ്ങളെക്കുറിച്ചും കുടിയന്മാരെക്കുറിച്ചും കോര്‍ത്തിണക്കിയ മാസിക തുടങ്ങും. 'കുടിയന്മാരുടെ ഈ ആഴ്ച' എന്ന പംക്തിയില്‍ കുടിയന്മാരുടെ നാലാഴ്ചത്തെ വാരഫലം വായിക്കാവുന്നതാണ്. കൂടാതെ ആദ്യമായി മദ്യപിക്കാന്‍ പറ്റിയ സമയം, ഓരോ ദിവസത്തിന്റെ തുടക്കത്തിലും മദ്യപിക്കാന്‍ പറ്റിയ സമയം തുടങ്ങിയവയും ഈ മാസികയില്‍ ഉണ്ടായിരിക്കുന്നതാണ്.

11. കാലി മദ്യക്കുപ്പികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കറ്റ് വില കിട്ടുന്നതിലേക്കായി അവ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കുടിയന്മാരില്‍ നിന്നും സംഭരിക്കുന്നതിനായി നിവേദനം നല്‍കും.

12. സ്വന്തമായി വീടില്ലാത്ത കുടിയന്മാര്‍ക്ക് മദ്യപിക്കുന്നതിനായി പ്രത്യേക സ്ഥലം നിര്‍മ്മിക്കുന്നതായിരിക്കും.

13. മദ്യപന്മാര്‍ക്കായി പ്രത്യേക ലോട്ടറി ആരംഭിക്കും. ലോട്ടറിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:

ഒന്നാം സമ്മാനം : 5000 സ്കോച്ച് വിസ്കി ഫുള്‍ ബോട്ടില്‍
രണ്ടാം സമ്മാനം: 500 ഓള്‍ഡ്‌ കാസ്ക് റം ഫുള്‍ ബോട്ടില്‍
മൂന്നാം സമ്മാനം: 100 കുപ്പി ബിയര്‍
നാലാം സമ്മാനം: 50 കുപ്പി കള്ള്.
അഞ്ചാം സമ്മാനം(250 പേര്‍ക്ക്) : 1 ലിറ്റര്‍ സോഡാ

ആറാം സമ്മാനം: (500 പേര്‍ക്ക്): ചെറിയ അച്ചാര്‍ പാക്കറ്റ് ഒന്ന് വീതം
സാന്ത്വന സമ്മാനം(250 പേര്‍ക്ക്): ഓരോ ഗ്ലാസ്‌ കള്ള്


14. വ്യാജവാറ്റുകാരില്‍ നിന്നും അനധികൃതമായി കടത്തുന്നവരില്‍ നിന്നും പോലീസ് പിടിച്ചെടുക്കുന്ന മദ്യം കുറഞ്ഞവിലയ്ക്ക് പാവപ്പെട്ട കുടിയന്മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

15. കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ നീക്കം നടത്തും. പരമ്പരാഗത മദ്യപാനികള്‍ക്ക്‌ എക്സൈസ് വകുപ്പില്‍ 50 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തും.

16. പൊതുവിതരണ സംവിധാനത്തിലുള്‍പ്പെടുത്തി റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

17. മദ്യപാനികള്‍ക്കായി നൂതന പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍ പ്രായം എത്തുമ്പോള്‍ മുതല്‍ എല്ലാ മാസവും ഒരു നിശ്ചിത അളവില്‍ മദ്യം കൊടുക്കുന്നതാണ് ഈ പദ്ധതി.


18. സ്കൂള്‍ തലത്തില്‍ വച്ച് തന്നെ മദ്യപാനത്തിന്റെ നല്ല വശങ്ങള്‍ കുട്ടികളെ മനസ്സിലാക്കുന്നതിലേക്കായി പ്രത്യേക പാഠ്യ പദ്ധതി ആവിഷ്കരിക്കും.

19. ചാരായം വാറ്റുന്നതും കുടിക്കുന്നതും നിയമ വിധേയമാക്കാന്‍ ശക്തമായ സമരങ്ങള്‍ നടത്തും. വാറ്റിയെടുക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ചാരായത്തിനു വിദേശ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുന്നതിനു അസോസിയേഷന്‍ മുന്‍കൈ എടുക്കും.

20. 'സമ്പൂര്‍ണ്ണ മദ്യപാന ഗ്രാമം' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.

21. സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സെക്രട്ടറിയേറ്റ് പടിക്കല്‍ കള്ള് കുപ്പിയില്‍ കഞ്ഞി വെള്ളം നിറച്ച് കുടിച്ച് സമരം ചെയ്യും.സംഘടനയുടെ മേല്‍പ്പറഞ്ഞ ഇരുപത്തൊന്നിന കാര്യപരിപാടികള്‍ നിങ്ങളുടെ അംഗീകാരത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു. ഡസ്കില്‍ കയ്യടിച്ചു നിങ്ങള്‍ ഏവരും ഇതിനെ വരവേല്‍ക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു......


പ്രസിഡന്റ്‌
അഖില കേരള മദ്യപാനി അസോസിയേഷന്‍
ദൈവത്തിന്റെ സ്വന്തം നാട്

10 comments:

 1. പ്രസിഡന്റ്‌ എഴുതാൻ വിട്ടുപോയ ചില പോയിന്റുകൾ കൂടി രേഖപ്പെടുത്തട്ടെ.
  1. മദ്യപിച്ച്‌ കരൾവീക്കം വന്നവരെ ഒക്യൂപ്പേഷണൽ ഡിസെബിലിറ്റി സെക്ഷനിൽ ഉൾപ്പെടുത്തി സർക്കാർ/ഇൻഷുറൻസ്‌ കമ്പനി ഉചിതമായ ധനസഹായം നൽകേണ്ടതാണ്‌.
  2. മദ്യസ്വം ബോർഡ്‌ രൂപീകരിച്ച്‌ നല്ലനിലയിൽ പ്രവർത്തിക്കുന്ന ബാറുകളിലെ വരുമാനം പൊളിഞ്ഞുവീഴാറായ ബാറുകളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം.
  3. മണിച്ചൻ, ഖൈറുന്നീസ തുടങ്ങിയവരെ പുണ്യവാളന്മാരായി അല്ലെങ്കിൽ കുറഞ്ഞത്‌ വാള്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കണം.

  ReplyDelete
 2. garrrr.........njaanithine vaalu vechu varavelkkunnu

  ReplyDelete
 3. ഒന്നൂടെ കുറുക്കി എഴുതൂ.നന്നാവും തുടങ്ങീട്ടല്ലെയുള്ളൂ.
  എന്നാ നായരങ്ങട്..

  ReplyDelete
 4. അപ്പൂട്ടന്റെ വിലയേറിയ അഭിപ്രായങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. സംഘടനയുടെ അടുത്ത ഷാപ്പ് യോഗത്തില്‍ അവ ഞങ്ങള്‍ പൊട്ടിച്ചു പാസ്സാക്കുന്നതായിരിക്കും. അഭിപ്രായം പറഞ്ഞതിന് താങ്കള്‍ക്ക് യൂ.ബീ ഗ്രൂപ്പ് നല്‍കുന്ന ഒരു കുപ്പി കള്ളും ഒരു പാക്കറ്റ് അച്ചാറും സമ്മാനമായി ലഭിച്ചിരിക്കുകയാണ്... നിര്‍ദിഷ്ട തുക നല്‍കി താങ്കള്‍ക്കത്‌ തൊട്ടടുത്ത ഷാപ്പില്‍ നിന്നും വാങ്ങാവുന്നതാണ്.. ചിയേഴ്സ്

  ReplyDelete
 5. ഹ ഹ കൊള്ളാം...കുടിയന്‍സിനു വേണ്ടി ഒരു "സ്റ്റാര്‍ ഡ്രിങ്കര്‍" റിയാലിറ്റി പ്രോഗ്രാം കൂടെ നടത്താന്‍ തീരുമാനിച്ചു കൂടെ...

  ReplyDelete
 6. മദ്യപാനികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം!!!

  ReplyDelete
 7. വാര്‍ഷിക സമ്മേളനത്തില്‍, കുപ്പിയുയര്‍ത്തി, ഉദഘാടനം ചെയ്യാന്‍ ബിവെറേജസ് കോര്‍പ്. MD യെ തന്നെ വിളിക്കണേ.
  നടത്താന്‍ രണ്ടു പരിപാടി കൂടി ഇതാ.....
  1.ബിയര്‍ കുപ്പിക്ക് പൊട്ടൂ തൊടല്‍
  2.treasure hunt - ഒളിച്ചുവെച്ചിരിക്കുന്ന ocrപൈന്റ് കണ്ടെത്തല്‍

  ReplyDelete
 8. കുടിയമാര്‍ക്കൊരു ബ്ലോഗ്‌.നല്ല ആശയം.ഇത്രയും നല്ലൊരു ആക്ഷേപ ഹാസ്യം അടുത്തകലത്തോന്നും
  വായിച്ചിട്ടില്ല.വിട്ടു പോയ ചില കാര്യങ്ങള്‍ സ്ഥിര മദ്യപാനികള്‍ അഥവാ മുഴു കുടിയന്മാര്‍ അപകര്‍ഷ ബോധത്തില്‍ പെട്ട് മാനസിക രോഗികള്‍ ആകാറുണ്ട്. അവരെ ചികിത്സിക്കാന്‍ ഒരാലയം..
  കൂടാതെ മുഴു കുടിയനായി എല്ലാം നഷ്ട പെട്ട് കൈ നീട്ടി നടക്കുന്ന ഒരു കാല ഘട്ടം ഉണ്ട്.ആ സമയം
  ദക്ഷിണ കൊടുക്കാന്‍ ഒരു കൈ നീട്ടം പദ്ധതി ആരംഭിക്കണം.അത് എല്ലാ ഷാപ്പിന്റെ മുന്നിലും
  ഓരോ ഹുണ്ടിക വെച്ചാല്‍ മതിയാകും.ഭാവുകങ്ങള്‍.

  ReplyDelete
 9. സകല കുടിയന്മാര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തണം. ഇക്കാര്യങ്ങളൊക്കെ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു പദയാത്ര നടത്തുന്ന കാര്യവും ഉടനെ പരിഗണിക്കണം.

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..