Thursday, January 21, 2010

ദൈവത്തിന്റെ കോടതി

ദൈവത്തിന്റെ കോടതിയിലേക്കുള്ള യാത്ര വളരെ ദുസ്സഹമായ ഒന്നാണ്. പൊള്ളുന്ന മണലില്‍ കൂടിയും കുത്തനെ നില്ക്കുന്ന അനേകമനേകം മുള്‍്മുനകളില് ചവിട്ടിയും നടക്കേണ്ടി വരും. എരിയുന്ന കനലുകളും ഇഴജന്തുക്കളും എല്ലാം നമ്മെ കാത്തിരിക്കുന്നുണ്ടാകും.

യാത്രയില്‍ ആദ്യം കാണുന്ന പാത പിന്നീട് പലതായി പിരിഞ്ഞു പിരിഞ്ഞു പോകുന്നു. എല്ലാ പാതകളും അവസാനം ഒരിടത്താണ് എത്തിച്ചേരുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഭുമിയില്‍ ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരുടെയും പാത വിത്യസ്തമാണ്. കുറവ് തെറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ന്യായാധിപന്റെ അടുത്തെത്തുവാനും തങ്ങളുടെ വിചാരണയെ നേരിടുവാനും സാധിക്കും. അല്ലാത്തവര്‍ കൂടുതല്‍ ദൂരം പോകേണ്ടതിനാല്‍ മനസ്സും ശരീരവും പെട്ടെന്ന് ക്ഷീണിക്കും.


വഴി
മാറി പോകുവാന്‍ ആര്‍ക്കും സാധിക്കുകയില്ല; യമകിങ്കരന്മാര്‍ കൂട്ടത്തില്‍ ഉണ്ടാകും. ചുടുകാറ്റ് ആഞ്ഞടിക്കുമ്പോള്‍ ദാഹജലത്തിനായി കേഴേണ്ടിവരും. പക്ഷെ ആരും തരില്ല. തളര്‍ന്ന് വീണാല്‍ യമകിങ്കരന്മാര്‍ ചട്ടവാര്‍കൊണ്ടടിക്കും. വിരലുകളിലെ നഖങ്ങള്‍ വലിച്ച് പറിച്ചെടുക്കും.

അല്പം മുമ്പിലായി ആരൊക്കൊയോ ചേര്‍ന്ന് ഒരു ചെറുപ്പക്കാരനെ കൊണ്ടുപോകുന്നത് കാണാം. അയാള്‍ വളരെയധികം പരിക്ഷീണനാണ്. ചാട്ടയുടെ അടിയേറ്റു ദേഹമാസകലം തൊലിപോയിരിക്കുന്നു. മുള്മുനകളില്‍ കൂടി നടന്നത് കാരണം അയാളുടെ ഓരോ ചുവടു വയ്പിലും രക്തം കൊണ്ടൊരു കാല്പ്പാട് തെളിഞ്ഞു കാണാം. നഖങ്ങളറ്റ് ചോരയൊഴുകുന്ന തന്റെ കൈകളില്‍, നിറമില്ലാത്ത-വെളുത്ത-ഒരു റോസാപുഷ്പം അയാള്‍ മാറോട് ചേര്‍ത്ത് പിടിച്ചിരുന്നു.

ഏതാനും മണിക്കൂറുകളുടെ യാത്രക്കുശേഷം ആ ചെറുപ്പക്കാരന്‍ ദൈവത്തിന്റെ കോടതിയില്‍ ഹാജരാക്കപ്പെട്ടു. അയാളുടെ ചുവന്ന കണ്ണുകളില്‍ നോക്കി ന്യായാധിപന്‍ ഉറക്കെപ്പറഞ്ഞു.

"ബ്രഹ്മദത്തന്‍"

കോടതിയിലെ പരവതാനിയിട്ട തറയില്‍ അയാള്‍ തളര്‍ന്നിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അയാളെ ഇവിടെ വിചാരണ ചെയ്യും. എന്നിട്ട് ശിക്ഷിക്കും. അപ്പീലില്ലാത്ത ഒരു കോടതിയെ ഉള്ളൂ...അതിവിടമാണ് - ദൈവത്തിന്റെ കോടതി.

ബ്രഹ്മദത്തന്‍ മെല്ലെ തലയുയര്‍ത്തി ന്യായാധിപനെ നോക്കി. ഒരു ചാണതലയന്. ആരേയും പേടിപ്പിക്കുന്ന ക്രൂരമായ മുഖഭാവം. അയാളുടെ എതിര്‍ഭാഗത്തായി ഒരു പറ്റം മരിച്ച മനുഷ്യരെ കാണാം. വിചാരണ കേള്‍ക്കുവാന്‍ കാത്തു നില്ക്കുന്നവരാണവര്‍. അഞ്ഞൂറും ആയിരവും വര്‍ഷം പ്രായമുള്ളവരെയും തലയോട്ടിയും അസ്ഥികൂടവും മാത്രമുള്ളവരെയും അക്കൂട്ടത്തില്‍ കാണാം. ആ രൂപങ്ങളെ കണ്ടതും ബ്രഹ്മദത്തന്‍റെ സപ്തനാടികളും തളര്‍ന്നു.

തടിയനായ ഒരു മനുഷ്യന്‍ ഹാളിലേക്ക് പ്രവേശിച്ചു. അയാള്‍ ബ്രെഹ്മധതന്റെ കുറ്റപത്രം ന്യായാധിപന്‍ മുന്‍പാകെ സമര്‍പ്പിച്ചു. അനന്തരം അയാള്‍ ന്യായാധിപനെ അറിയിച്ചു.

"ഇയാള്‍ വളരെയധികം ക്രൂരനാണ്. ഭൂമിയില്‍ ഇവന്‍ തുളസി എന്നൊരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. അവള്‍ തന്നെ സ്നേഹിക്കില്ലെന്നു മനസ്സിലാക്കിയതും, അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് ഇയാള്‍ തീരുമാനിച്ചു. തുളസിയെ വേദനിപ്പിച്ച് തന്റേതാക്കുക്കുവാന്‍ ബ്രഹ്മദത്തന്‍ പദ്ധതിയിട്ടു. ആ ലക്ഷ്യത്തിനു കരുത്തേകുവാന്‍ അയാള്‍ സ്വന്തം കൈവിരല്‍ മുറിച്ച്, ആ ചോര കൊണ്ട് നെറ്റിയില്‍ കുറി തൊട്ടു. അങ്ങനെ ഇയാള്‍ ചെകുത്താന്റെ കൂട്ടത്തില്‍ ആയി. ഇവന്‍ ജീവിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഈ കിരാതന്റെ കൈകളില്‍ പെട്ടുപിടയുമായിരുന്നു. ഇവന് ഏറ്റവും ക്രൂരമായ ശിക്ഷ തന്നെ നല്‍കണം. "

"ഈ പറഞ്ഞതൊക്കെ സത്യമാണോ..? " ന്യായാധിപന്‍ അന്വേഷിച്ചു.
"സത്യമാണ്" ബ്രഹ്മദത്തന്‍ മറുപടി നല്‍കി.
ആ തടിയന്‍ അയാളുടെ അടുത്തെത്തി വീണ്ടും ചോദിച്ചു.
"തുളസി ആളെങ്ങിനെ...?"
"സുന്ദരിയാണ്....പാവമാണ്.."
"അതുശരി, നീ വൃത്തികെട്ടവനാണ്; ക്രൂരന്‍. അവള്‍ ഒരിക്കലും നിനക്ക് ചേരൂല്ല അല്ലെ?"
ബ്രഹ്മന്‍ ഒന്നും മിണ്ടിയില്ല; താനൊരു കൊള്ളരുതാത്തവനാണ്, ദുഷ്ടനാണ് എന്നൊക്കെ അയാള്‍ ഒത്തിരിപേരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ മറ്റൊരാളത് പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ശരിക്കും വേദനിച്ചു.

കാഴ്ചക്കാരായ
ഭൂതകാല മനുഷ്യര്‍ വൃത്തികെട്ട ശബ്ദങ്ങളില്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. അയാളുടെ വിധി എത്രയും പെട്ടന്ന് കേള്‍ക്കുവാന്‍ അവര്‍ക്കാഗ്രഹമുള്ളത് പോലെ തോന്നി. പെട്ടന്ന് അങ്ങോട്ട്‌ സുന്ദരിയായ ഒരു യുവതി കടന്നു വന്നു. ആ മുഖം കണ്ടതും ബ്രഹ്മദത്തന് അല്പം ആശ്വാസം തോന്നി.

"ഞാന്‍ വെറോണിക്ക. സ്നേഹത്തിന്റെ മാലാഖ അയച്ചതാണെന്നെ, ബ്രഹ്മദത്തന് വേണ്ടി വാദിക്കാന്‍"
ന്യായാധിപന്റെ പുരികം ചുളിഞ്ഞു. ഈ ദുഷ്ടന് വേണ്ടി വാദിക്കുവാന്‍ സ്നേഹത്തിന്റെ മാലാഖയോ ?

"ഉം..പറയൂ.."


തുറന്നു കിടന്നിരുന്ന ജാലകങ്ങളിലൂടെ മഞ്ഞു കലര്‍ന്ന കാറ്റ് ആഞ്ഞടിച്ചു. കാഴ്ചകള്‍ക്ക് നിറം മങ്ങി. മരം കോച്ചുന്ന ആ തണുപ്പില്‍ വെറോണിക്കയെന്ന സുന്ദരിയായ യുവതി ബ്രഹ്മദത്തന്റെ കഥ പറയുവാനാരംഭിച്ചു.


"കലാലയത്തില്‍ ബ്രഹ്മദത്തനും തുളസിയും ഒരുമിച്ച് മൂന്നു കൊല്ലം പഠിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ അവളെ ഇഷ്ടപ്പെടുന്നത്. ഒരുമിച്ചു പഠിച്ച മൂന്നു കൊല്ലവും അയാള്‍ക്കവളോട് പ്രണയമായിരുന്നു. രണ്ടേകാല്‍ കൊല്ലം ആ ഇഷ്ടത്തെപ്പറ്റി ആരുമറിഞ്ഞില്ല. ഒടുവില്‍, ഉള്ളില്‍ കിടന്നത് വീര്‍പ്പുമുട്ടിയപ്പോള്‍ ആരെക്കൊയോ അറിഞ്ഞു. കൂട്ടത്തില്‍ തുളസിയും. പക്ഷെ എന്തുകൊണ്ടോ അവളവനെ വളരെയധികം വെറുത്തുപോയിരുന്നു.


ഒരു വാക്ക് പോലും അവള്‍ അവനോടു സംസാരിച്ചിരുന്നില്ല. എന്നാല്‍ അവളോട്‌ കൂട്ടുകൂടുവാന്‍ അവന്‍ ഒത്തിരി മോഹിച്ചിരുന്നു. ആ കൊച്ചുപെണ്‍കുട്ടിയിലൂടെ, അറിഞ്ഞോ അറിയാതയോ ബ്രഹ്മദത്തന്‍ ജീവിതത്തെ സ്നേഹിക്കുകയായിരുന്നു.


തന്റെ കാതുകളില്‍ സ്നേഹഗീതം ചൊല്ലീക്കേള്‍പ്പിക്കുവാന് തുളസിക്കാകുമെന്ന് അയാള്‍ക്ക്‌ തോന്നി. ദുഖത്തിന്റെ ഇരുട്ടറകളില്‍ ഏകനായിരുന്ന് തേങ്ങുമ്പോള്‍ എന്നും അവനാ സ്നേഹഗീതം കേട്ടാശ്വസിക്കാറുണ്ട് . എന്നാല്‍ പിന്നീടുള്ള ഓരോ നിമിഷവും തുളസി, ബ്രഹ്മദത്തനെ ദ്രോഹിച്ചതിന്റെ അളവ് അവള്‍ക്കു ചിന്തിക്കാവുന്നതിലും അപ്പുറമാണ്.


പതിയെ ബ്രഹ്മദത്തന്‍ അവളെ വെറുത്തു. കണ്ണീരില്‍ കുതിര്‍ത്ത മുഖവും വിങ്ങുന്ന മനസ്സുമായി അവനവളെ ശപിച്ചിട്ടുണ്ട്. അവളുടെ തലയിലെ മുടി മുഴുവനും പൊഴിയണമെന്ന് എത്രയോ തവണ പ്രര്ത്ഥിച്ചിരിക്കുന്നു. അവ ഫലിക്കുമോ?


ഉള്ളിലെ വെറുപ്പ്‌ പകയായി മാറുവാന്‍ അധികതാമാസം വേണ്ടിവന്നില്ല. കുരുക്ഷേത്രത്തിലെ നീതിമാനും ദയാലുവുമായ സൂതപുത്രനില്‍ നിന്നും കള്ളച്ചൂതുകാരന്‍ ശകുനിയായി തുളസി അവനെ മാറ്റി. അവള്‍ അവനെക്കൊണ്ട്‌ വെറുപ്പിക്കുകയായിരുന്നു. അവനോടുള്ള അവളുടെ പെരുമാറ്റം ഏറ്റവും അസഹനീയത നിറഞ്ഞതായിരുന്നു."


വെറോണിക്ക പറഞ്ഞു നിര്‍ത്തി.
ദുഷ്ടനായ ആ ബ്രഹ്മദത്തന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അയാളിവിടെ ദൈവത്തിന്റെ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇപ്പോള്‍ അയാള്‍ തുളസിയെ വെറുക്കുന്നുണ്ടോ?

ചിന്താനിമഗ്നനായിരുന്ന ന്യായാധിപന്‍ കണ്ണുകളുയര്‍ത്തി.

"ബ്രെഹ്മാടതന്റെ വിചാരണ പൂര്‍ത്തിയാക്കുവാന്‍ ഒരാള്‍ കൂടി ഇവിടെ വരേണ്ടതുണ്ട്."

എന്നിട്ട് യമകിങ്കരന്‍മാരുടെ നേരെ നോക്കി അദ്ദേഹം ആജ്ഞാപിച്ചു.
"തുളസിയെ കൂട്ടിക്കൊണ്ടു വരാന്‍ പുറപ്പെട്ടുകൊള്ളൂ.." ഇരയെ കിട്ടിയ സന്തോഷത്താല്‍ യമകിങ്കരന്മാര്‍ ഭൂമിയിലേക്ക്‌ കുതിച്ചു.

"അരുത്... അത് പാടില്ല" ന്യായാധിപന്റെ തീരുമാനത്തിനെതിരെ ബ്രഹ്മദത്തന്‍ പ്രതിഷേധിച്ചു. "അവളിന്ന് സ്നേഹത്തിന്റെ മണവാട്ടിയാണ് അവളെ ഇങ്ങോട്ട് കൊണ്ടുവരരുത്‌"


"എന്താണ് ബ്രെഹ്മന്‍ നിങ്ങളിങ്ങനെ ചിന്തിക്കുന്നത്? " വെറോണിക്ക ചോദിച്ചു. "അവള്‍ തെറ്റുകാരിയാണ്... അവളെ ഇവിടെ കൊണ്ട് വന്നേ പറ്റൂ."

"പാടില്ലാന്ന് പറഞ്ഞില്ലേ?" അയാള്‍ അലറി. "തുളസി പാവമാണ്"

"ബ്രെഹ്മന്‍, നിങ്ങള്‍ കരുതുന്നത് പോലെ അവളത്ര പാവമൊന്നുമല്ല. അവള്‍ പഠിച്ച ദുഷ്ടയാണ്‌. വെറോണിക്ക വീണ്ടും അയാളെ അനുനയിപ്പിക്കുവാന്‍ ശ്രെമിച്ചു.

"ഇല്ല. എന്റെ തുളസി പാവമാണ്. കുട്ടികളുടെ മനസ്സാണവളുടേത്. അത് വേദനിപ്പിക്കുവാന്‍ പാടില്ല. വെറോണിക്ക, തുളസിയെ കൊണ്ടുവരരുതെന്നു നീ തന്നെ ന്യായാധിപനോട് പറയൂ.."

"അതസാധ്യമാണ്." ന്യായാധിപന്‍ മുരടനക്കി.

യമകിങ്കരന്മാര്‍ ഭൂമിയിലെത്തിക്കഴിഞ്ഞിരുന്നു. തുളസി ഇന്നൊരു ഭാര്യയാണ്, ഒരു ശിശുവിന്റെ അമ്മയാണ്, തന്റെ കുട്ടിയെ ഒന്നുറക്കാന്‍ വേണ്ടി ആ മാതാവ് പാട് പെടുകയാണ്. ആ ചുണ്ടുകളില്‍ നിന്ന് ഒരു താരാട്ട് പാട്ടിന്റെ മധുര ഈണം കേള്‍ക്കാം. എപ്പോഴോ ആ പൈതല്‍ ഉറങ്ങി. തുളസി ഉറങ്ങുവാന്‍ വേണ്ടി യമകിങ്കരന്മാര്‍ കാത്തുനിന്നു. അതുകഴിയുമ്പോള്‍ ആ ദുഷ്ടന്മാര്‍ തുളസിയെ മാത്രം കൊണ്ട് പോകും. എത്ര ക്രൂരമാണത്?

ഈ സമയം ദൈവത്തിന്റെ കോടതിയില്‍ വെറോണിക്കയും ബ്രഹ്മദത്തനും തുളസിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായാധിപന്‍ വഴങ്ങിയില്ല.

നിദ്രാദേവി തുളസിയുടെ കണ്ണുകളെ തഴുകിയപ്പോള്‍, ബ്രഹ്മദത്തന്‍ തന്റെ കൈകളില്‍ സൂക്ഷിച്ചു പിടിച്ചിരുന്ന വെളുത്ത റോസാപുഷ്പത്തെ മാറോട് ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. അകലങ്ങളിലെവിടെയോ ഇരുന്ന് സ്നേഹത്തിന്റെ മാലാഖയും അവനു വേണ്ടി പ്രാര്ത്ഥിക്കുവാന്‍ ആരംഭിച്ചു. സ്നേഹത്തിന്റെ ശക്തിക്ക് മുമ്പില്‍ യമകിങ്കരന്‍മാരുടെ ലക്‌ഷ്യം പരാജയപ്പെട്ടു.

ന്യായാധിപന്‍ ക്രുദ്ധനായി. "ബ്രഹ്മദത്തനെ സിക്ഷിക്കൂ..."

കൂര്‍ത്തു മൂര്ത്തമുള്ളുകള്‍ നിറഞ്ഞ വള്ളികള്‍ ബ്രഹ്മദത്തനെ ചുറ്റി വരിഞ്ഞു. ബ്രെഹ്മനോട് ന്യായാധിപന്‍ ആജ്ഞാപിച്ചു. "ആ റോസാപുഷ്പം നീ ദൂരെ എറിയൂ. അങ്ങനെ വിധിയെ അനുസരിക്കുക. "
"ഇല്ല" ബ്രഹ്മദത്തന്റെ ദേഹമാസകലം ചോരയില്‍ കുതിര്‍ന്നു. വെളുത്ത റോസാപുഷ്പം ചുവന്നു.


"ബ്രഹ്മദത്താ, ഉടന്‍ ആ പൂവ് ദൂരെ എറിയുക. ഇല്ലെങ്കില്‍ ഈ മുള്ളുകള്‍ നിന്റെ കണ്ണുകളെ കുത്തിപ്പൊട്ടിക്കും... ഉം വേഗം..."

ബ്രഹ്മദത്തന്‍ പുഞ്ചിരിച്ചു.
വേദനയുടെ, സ്നേഹത്തിന്റെ നിര്‍മലമായ പുഞ്ചിരി.

ദൈവത്തിന്റെ ക്രൂരമായ വിധി മുള്ളുകളാല്‍ അയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. വെളിച്ചത്തിന്റെ രശ്മികള്‍ പുരപ്പെടുവിക്കില്ലാത്ത രണ്ടു ദ്വാരങ്ങളായി ആ കണ്ണുകള്‍ മാറി. അസഹ്യമായ വേദനയാല്‍ ബ്രഹ്മദത്തന്‍ നിലത്തെ പരവതാനിയില്‍ വീണുപിടഞ്ഞു. അപ്പോഴും അയാള്‍ സ്വഃശരീരത്തോട് ചേര്‍ത്ത് പിടിച്ചിരുന്ന സ്നേഹത്തിന്റെ പുഷ്പത്തിന് റോസ് നിറം കൈവന്നിരുന്നു.

******************

അവസാനം വിധിയെ ബ്രഹ്മദത്തന്‍ തോല്പ്പിച്ചു. അയാളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ന്യായാധിപന്‍ കീഴടങ്ങി. പക്ഷെ ന്യായാധിപന്‍ തോറ്റുവോ? അല്ലെങ്കില്‍ ബ്രഹ്മദത്തന്‍ ജയിച്ചുവോ? ഇല്ല, അങ്ങനെയൊരു ചോദ്യം ഉദിക്കുന്നില്ല. കാരണം സ്നേഹത്തിനു ജയവും തോല്‍വിയുമില്ല. ഒരിക്കലും, സ്നേഹത്തിന്റെ കണക്കുകള്‍ തീര്‍ക്കുവാന്‍ ആരും ശ്രമിക്കരുത് . അവ തീര്‍ക്കുവാനുള്ളതോ തീര്‍ക്കുവാനാകുന്നതോ അല്ല. സ്നേഹത്തിനു വില പറയാനാവില്ല. സ്നേഹനൊന്ബരത്തിന്റെ കണക്കുകള്‍ കാലം ചോദിച്ചു കൊള്ളും.

തുളസിയോടുള്ള തന്റെ സ്നേഹം എത്ര അര്‍ത്ഥശൂന്യാമാണെന്ന് ബ്രഹ്മദത്തന് തോന്നാതിരുന്നില്ല. പണ്ട് മൂഷികര്‍ പൂച്ചക്ക് മണി കെട്ടാന്‍ തീരുമാനിച്ചതുപോലെ. അല്ലെങ്കില്‍ നക്ഷത്രങ്ങളെ സ്നേഹിക്കുന്നത് പോലെ. അവയെ തൊടാനാകില്ല. ഇനി എങ്ങനെയെങ്കിലും തൊട്ടാലോ? ഉരുകി ഇല്ലാതാകും. മനുഷ്യമനസ്സുകളെ ഉരുക്കുന്ന ഒരു ആലയെ ഉള്ളൂ - സ്നേഹത്തിന്റെ.

*********************


സ്നേഹത്തിന്റെ മാലാഖയോടൊപ്പം ബ്രഹ്മദത്തന്‍ മെല്ലെ നടന്നു. മുറിവുകളെ തഴുകിയ ശാന്തസുന്ദരമായ കാറ്റ് അയാളുടെ വേദനകളെ ഒളിപ്പിച്ചുവച്ചു. ചുമലില്‍ കൈയ്യിട്ട് അവന്‍ അവളോട്‌ കൂടുതല്‍ ചേര്‍ന്ന് നടന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതബോധം ഇപ്പോഴയാള്‍ക്കനുഭവപ്പെട്ടു. ആ യാത്രയുടെ അവസാനം, ഐതീഹ്യമുറങ്ങുന്ന ഏതോ ഒരു നാട്ടില്‍ ഒരു ആല്‍മരമായി ബ്രഹ്മദത്തന്‍ പുനര്‍ജനിച്ചു. മറ്റൊരു ഐതീഹ്യമായി, ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഒരു വലിയ മരമായി അത് മാറി. നാട്ടിന്‍പുറത്തെ ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ചുറ്റുമതിലിന് വെളിയിലായി ആ ആല്‍മരം നിലകൊണ്ടു. പ്രശാന്തതയുടെ പനിനീര്‍ പ്രപഞ്ചമാണീ ദേവാലയ അന്തരീക്ഷം.

ഒരു വൈകുന്നേരം എട്ടുവയസ്സുകാരിയായ ഒരു കൊച്ചുപെണ്‍കുട്ടി ആ ആല്‍ത്തറയില്‍ വന്നിരുന്നു. അവള്‍ ആരോടോ പിണങ്ങി വന്നിരിക്കുകയാണ്.
"ദേവൂ.." അകലെ നിന്നും തുളസി അവളെ കൈകാട്ടി വിളിച്ചു. അവള്‍ മുഖം വെട്ടിച്ചു ആല്മരചില്ലകളില്‍ തൂങ്ങിക്കിടക്കുന്ന വള്ളികളിലേക്കു നോക്കിക്കൊണ്ടിരുന്നു.

ശാന്തമായടിച്ച കാറ്റില്‍ ആലിലകള്‍ ദേവസംഗീതം പൊഴിച്ചു. വേദനിക്കുന്ന ഒരാത്മാവിന്റെയും സ്നേഹത്തിന്റെ മാലാഖയുടെയും സാമീപ്യം അവിടെങ്ങും ഉണ്ടായിരുന്നു. അപ്പോള്‍ ദേവൂന്റെ നെറ്റിയില്‍ ആരോ മൃദുലമായി ചുംബിച്ചു.
ഇടതുകയ്യില്‍ കൃഷ്ണപ്രസാദവുമായി തുളസി ദേവൂനരികിലേക്ക് വന്നു. "ഈ കുട്ടിയുടെ ഒരു കാര്യം. ഇപ്പൊ തൊട്ടതേയുള്ളൂ നെറ്റിയിലീ പ്രസാദം. ദാ അത് കളഞ്ഞിരിക്കുന്നു..."

ദേവു അവിശ്വസനീയതയോടെ നെറ്റിയില്‍ തടവി നോക്കി; ചന്ദനക്കുറി കാണ്മാനില്ല."നീ മുണ്ടരുത്‌. തും ചുപ്രഹോ..." അത് പറഞ്ഞ് ദേവു കണ്ണുരുട്ടി കാണിച്ചു. ഒരിക്കല്‍ താനെന്നും ഉപയോഗിക്കുമായിരുന്ന ആ പഴയ വാക്യം കേട്ട് തുളസി മന്ദഹസിച്ചു. ദേവൂന്റെ നെറ്റിയില്‍ അവള്‍ ഒരു കുറി കൂടി വരച്ചു. ഒരിക്കല്‍ അവള്‍ തന്റെ നെറ്റിയിലും ചന്ദനം തൊട്ടു തന്നിരുന്നുവല്ലോയെന്നു ബ്രഹ്മദത്തന്‍ പെട്ടന്നോര്‍ത്തു.

ആല്‍മരം ശക്തിയായി ഇളകിയാടി. അപ്പോള്‍ ഒരുമിച്ചു പൊഴിഞ്ഞ കുറെ ഇലകള്‍ തുളസിയുടെ മുടിയിഴകളില്‍ തങ്ങിനിന്നു. അവയോരോന്നായി ദേവു പെറുക്കി എടുത്തു.
"എന്തിനാ കുട്ടി നിനക്കിത്?" തുളസി ചോദിച്ചു. "അവ കളഞ്ഞേക്കൂ.." പക്ഷെ എന്തുകൊണ്ടോ അവള്‍ക്കത് കളയുവാന്‍ തോന്നിയില്ല. ഒരു കയ്യില്‍ ആലിലകളും മറുകൈകൊണ്ട്‌ അമ്മയെയും പിടിച്ചു കൊണ്ട് ദേവു നടന്നു. അകലെമാറി ദേവൂന്റച്ചന്‍ അവരെ കാത്തു നിന്നിരുന്നു.

ആല്‍മരം നിശ്ശബ്ദമായി. ആലിലകളുമായി നടന്നു നീങ്ങുന്ന ദേവൂനെ ചൂണ്ടികാണിച്ചു കൊണ്ട് ബ്രഹ്മദത്തന്റെ കാതുകളില്‍ സ്നേഹത്തിന്റെ മാലാഖ മെല്ലെ പറഞ്ഞു.
"ഇനി നിന്റെ ശാപം ഫലിക്കില്ല ബ്രെഹ്മന്‍; നിനക്ക് സന്തോഷമായില്ലേ...?"

സന്ധ്യകളും പുലരികളും മാറി മാറി വന്നു. ആല്‍തറക്ക് ചുറ്റുമുള്ള പൊടിമണലില്‍ വേദനിക്കുന്ന കൈവിരലുകളാല്‍ ആരോ എഴുതി.
"എന്നെ ഇഷ്ടപ്പെടാനാകില്ലാത്ത എന്റെ തുളസിക്കുട്ടിക്ക്......"( എഴുതിയ വര്‍ഷം 2000)


6 comments:

 1. കഥ നന്നായിട്ടുണ്ട് പക്ഷെ ഒരല്പം എഡിറ്റിംഗ് കൂടി വേണം...

  ReplyDelete
 2. നന്നായിട്ടുണ്ട്

  ReplyDelete
 3. കഥ ഇഷ്ടപ്പെട്ടു ... അവസാനം കുറച്ചുടെ നന്നാക്കാമായിരുന്നു... ഇത്തിരി പൈങ്കിളി ആയോന്ന് ഒരു സംശയം അവസാനം മാത്രം...

  ReplyDelete
 4. എനിക്ക് ഇഷ്ടമായില്ല

  --

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..