Sunday, August 1, 2010

ഫോളോവേഴ്സിനെ ആവശ്യമുണ്ട്

ബൂലോകത്ത് പിറന്നു വീണു ആദ്യ കഥ പോസ്റ്റിയിട്ട് വര്‍ഷം ഒന്ന് തികയുന്നു. പോസ്റ്റുകള്‍ പിന്നെയും പലതവണ പോസ്റ്റി. എന്നിട്ടും കമന്റുകള്‍ മാത്രം വന്നില്ല. ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും ഒറ്റ നമ്പരില്‍ തന്നെ തുടരുന്നു.

ബൂലോകം മൊത്തമൊന്നു കറങ്ങിനോക്കി. ചെന്നിടത്തെല്ലാം എല്ലാവര്‍ക്കും ഒരുപാട് ഫോളോവേഴ്സുണ്ട്. അവര്‍ക്കൊക്കെ ധാരാളം കമന്റും കിട്ടുന്നുണ്ട്‌. എന്തിന് ഇന്നലെ ബ്ലോഗ്‌ തുടങ്ങിയവന് വരെ ലാവിഷായി ഫോളോവേഴ്സ്. എനിക്ക് മാത്രം ഇല്ല. ദുഖിക്കാന്‍ ഇതില്പരം ഒരു കാരണം എന്ത് വേണം?

എന്റെ പോസ്റ്റാകുന്ന കഥകളുടെ നിലവാരമില്ലായ്മയാണോ പ്രശ്നം? ഞാന്‍ സ്വയമൊരു വിശകലനം നടത്തി. അല്ല; കാരണം എഴുതുന്ന കഥകള്‍ വായിച്ചു ഞാന്‍ സ്വയം കരയുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനര്‍ത്ഥം സാധാരണയിലും കവിഞ്ഞ് നിലവാരം പുലര്‍ത്തുന്നവയാണ് എന്റെ കഥകള്‍ എന്ന് തന്നെയാണ്.

ആരെയും ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥകള്‍. ഏത് വിവരമില്ലാത്തവന് പോലും വായിച്ചാല്‍ മനസ്സിലാകുന്ന കഥകള്‍. BIS ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുവാന്‍ യോഗ്യതയുള്ള പത്തരമാറ്റുള്ള കഥകളാണെന്‍റേത് എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.

എന്നിട്ടും..????

രണ്ടു മാസം മുന്‍പ്, എന്റെ ബ്ലോഗിന് ISO 9098 അംഗീകാരം തരാം എന്ന് പറഞ്ഞു വന്നവന്മാരെ ജാഡ കാണിച്ചു പറഞ്ഞു വിട്ടത് ഒരു മണ്ടത്തരമായിപ്പോയി എന്നിപ്പോള്‍ തോന്നുന്നു...

ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു കൊണ്ടേയിരുന്നു.
ശരിക്കും യഥാര്‍ത്ഥ പ്രശ്നമെന്താണ്?
കമന്റില്ലാത്ത പോസ്റ്റ്‌ പഞ്ചാരയില്ലാത്ത ഡബിള്‍ സ്ട്രോങ്ങ്‌ ചായ പോലെയാണെന്ന് പറഞ്ഞതാരാണ്?
എന്റെ തലയ്ക്കു ചുറ്റും കറങ്ങുന്ന കണ്ടക ശനി കമന്റിടാനെത്തുന്നവരെയും ഫോളോ ചെയ്യാനെത്തുന്നവരേയും തുരത്തി ഓടിക്കുകയാണോ?

അതോ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി എന്നെ വീണ്ടും തോല്പ്പിക്കുകയാണോ ?
പറയൂ ബ്ലോഗ്ഗര്‍മാരെ, ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്?
നിങ്ങളുടെ ബ്ലോഗ്‌ വായിച്ചിട്ട് കമന്റിടാതെ പോകുന്നത് ഇത്ര വലിയ തെറ്റാണോ?
സമയമില്ലാത്തത് കൊണ്ടല്ലേ കമന്റിടാത്തത്? ഉണ്ടെങ്കിലിടുമോ?

എന്താണേലും വേണ്ടില്ല, യുദ്ധകാലാടിസ്ഥാനത്തില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയെ തീരൂ.. ജന്മസിദ്ധമായ എന്റെ കുരുട്ടു ബുദ്ധി പുര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി...

യൂറേക്കാ...!!
കിട്ടിപ്പോയി..!!!

എങ്ങും ഏതിനും എന്തിനും ഓഫറുകളുടെ പെരുമഴയല്ലേ ഇന്ന്..
ഞാനും ഒരു ഓഫര്‍ നല്‍കിയാലോ?

"ഫോളോവേഴ്സിനു ബ്ലോഗൊന്നിനു അഞ്ചു രൂപാ സമ്മാനം.
കമന്റ് ഒന്നിന് അമ്പതു പൈസ സമ്മാനം..
ഓരോ മാസവും തിരഞ്ഞെടുത്ത കമന്റിനു ബംബര്‍ സമ്മാനം "

പക്ഷെ ഒരു പ്രാക്ടിക്കല്‍ പ്രശ്നമില്ലേ? ബൂലോകത്തില്‍ അവിടെയും ഇവിടെയും കിടക്കുന്ന സമ്മാനര്‍ഹര്‍ക്ക് തുക എങ്ങനെ കൊടുക്കും?
വഴിയുണ്ട്. സമ്മാനത്തുക ഒരു നിശ്ചിത സംഖ്യയെത്തുമ്പോള്‍ സമ്മാനര്‍ഹര്‍ അവരുടെ ഡീറ്റയില്‍സ് എനിക്ക് -മെയില്‍ അയച്ചുതരുന്നു. തത്തുല്യ തുകയ്ക്ക് ഞാന്‍ അവരുടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്നു.
സംഗതി ക്ലീന്‍.
നല്ല സൊയമ്പന്‍ ഓഫര്‍.
ടൂ ഇന്‍ വന്‍ ബെനിഫിറ്റ്.
എനിക്ക് ആരാധകരെയും കിട്ടും, ആരാധികമാരുടെ ഫോണ്‍ നമ്പരും കിട്ടും.!!
മച്ചാ, സൂപ്പര്‍ , ഡ്യൂപ്പര്‍ ഐഢിയ !!

അങ്ങനെ ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റു കിട്ടിയ, ഫോളോവേഴ്സുള്ള ഉള്ള വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഗിന്നസ് ബുക്കിലേക്ക്. പിന്നെ അവിടെ നിന്നും ലിംക വേള്‍ഡ് റെക്കോര്‍ഡിലേക്ക്..
ഇത്രയധികം ഫോളോവേഴ്സിനെയും കമന്റുകളെയും മാനേജ് ചെയ്യാനാകാതെ ഗൂഗിള്‍ അവരുടെ ബ്ലോഗ്സ്പോട്ട്.കോം വെബ്സൈറ്റ് പൊളിച്ചെഴുതും.

പക്ഷെ ഒരു വലിയ പ്രശ്നം?
ഇതൊക്കെ നടക്കണമെങ്കില്‍ കിടെ കിടെ എന്തെങ്കിലും പോസ്റ്റണ്ടേ? ആവനാഴിയിലെ അമ്പുകളെല്ലാം തീര്‍ന്നു. അറിയാവുന്നതെല്ലാം എഴുതിക്കഴിഞ്ഞു. ഇനി എന്തോന്ന് എഴുതാന്‍..? ഇപ്പൊ പണ്ടത്തെപ്പോലെയല്ല , കഥകള്‍ക്കിപ്പോ വല്ലാത്ത ദാരിദ്രമാണ്.

ഉടന്‍ മറ്റൊരു ആവനാഴി എങ്ങനെയെങ്കിലും കണ്ടു പിടിച്ചേ തീരു..
ഉം. അതിനും വഴിയുണ്ട്.. എങ്ങനെ?

'' പത്രങ്ങളിലെല്ലാം ഒരു പരസ്യം കൊടുക്കാം !!
"ഹെഡിംഗ്: കഥകള്‍ വിലക്ക് ആവശ്യമുണ്ട്.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകള്‍ കോപ്പിറൈറ്റ് സഹിതം വിലക്ക് ആവശ്യമുണ്ട്. ബന്ധപ്പെടുക:
PB No 143,
NO 13, Love Shore,
Bangalore South."

ങ്ഹും!! എന്നോടാ കളി. ഞാനാരാ മോന്‍ !!

57 comments:

  1. ഇതാ ഞാന്‍ ഫോള്ളോ ചെയ്തുട്ടോ..
    പിന്നെ കമന്റും ഫോല്ലോവേഴ്സും ഇവിടെ ഫയങ്കരമായി ചര്‍ച്ചിയിട്ടുണ്ട്..
    വേണേല്‍ നോക്കാം..
    http://entevara.blogspot.com/2010/05/blog-post_3984.html

    ചന്തമുള്ള ഒരു പെണ്ണിന്റെ പടമിട്ട് ഒന്നു തുടങ്ങൂ..
    ഫോള്ളോവേഴ്സ് ക്യൂ നിക്കണ കാണാം..

    ReplyDelete
  2. വളരെ പ്രസക്തമായ വിഷയമാണു ഇത് ഈയിടെയായി

    ReplyDelete
  3. എന്നിട്ടും രക്ഷയില്ലല്ലോ മഹേഷേ....

    ReplyDelete
  4. ചുമ്മാ പ്രൊഫൈലൊന്ന് മാറ്റി നോക്ക് മാഷേ .... ഒരു പെണ്ണിന്റെ മൂക്കോ ചെവിയൊ പ്രൊഫില് പിക്ചറാക്കി ഇട്ടോളു...പേര് വല്ല ചക്കക്കുരു പെണ്ണെന്നോ , തെച്ചിയെന്നോ, മുല്ലയെന്നോ ഒക്കെ ഇടാം...
    പിന്നെ കാര്യമായി പോസ്റ്റണമെന്നൊന്നും ഇല്ല.. വല്ല പട്ടിയും റോഡ് സൈഡില്‍ ഇരിക്കുന്നത് ‘കാത്തിരിപ്പൂ നിന്നെ ഞാന്‍’ എന്നോ മറ്റോ ഒരു ക്യാപ് ഷന്‍ ഇട്ട് പൂശിയാല്‍ മതി...
    കൂതറ ബൂലോക പൂവാലന്മാര്‍ ക്യൂ ആയി വരും കമന്റാന്‍.....

    ReplyDelete
  5. കമന്റാണോ മഹേഷേ പ്രശ്നം? വരും, വരാതിരിക്കില്ല:)

    ReplyDelete
  6. വൃതാസുരന്‍ പറഞ്ഞതാണ് ഏറ്റവും ഫലപ്രദമായ വഴി.സുഹൃത്തേ, നിലവാരവും കമന്റും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇതൊരു പരസ്പരസഹായ സഹകരണ സംഘമാണ്. നിങ്ങള്‍ ചൊറിഞ്ഞു കൊടുത്താല്‍ ഇങ്ങോട്ടും ചൊറിഞ്ഞുകിട്ടും. അല്ലാതെ ചുമ്മാ കരഞ്ഞോണ്ടിരുന്നിട്ടു കാര്യമില്ല. അല്ലെങ്കില്‍പ്രൊഫൈല്‍ മാറ്റുക.

    ReplyDelete
  7. എഴുതാനുള്ള ഐറ്റംസ് തീര്‍ന്നു പോയെങ്കില്‍ പിന്നെ ഇനി കമന്റിന്റെ ഒന്നും ആവശ്യമില്ലല്ലോ?
    എന്തായാലും എഴുതിനോക്ക്‌...
    വരും വരാതിരിക്കില്ല.

    ReplyDelete
  8. ശരിയാവും മാഷെ...സമയം നന്നാവട്ടെ.. :)

    ReplyDelete
  9. "കഥകള്‍ക്കിപ്പോ വല്ലാത്ത ദാരിദ്രമാണ്.
    ഉടന്‍ മറ്റൊരു ആവനാഴി എങ്ങനെയെങ്കിലും കണ്ടു പിടിച്ചേ തീരു."

    നല്ല കഴിവുള്ള ഒരു എഴുത്തുകാരനാണ്‌ മഹേഷ്. സ്വയം തന്നിലേക്ക് തന്നെ നോക്കാതെ ചുറ്റും കണ്ണോടിക്കൂ. എഴുതുവാന്‍ എത്ര വിഷയങ്ങളാണ്‌ ഉള്ളത്. കല്ലിനും, തുമ്പിക്കും, മനസ്സും വേദനയും ഉണ്ടെന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് വിഷയ ദരിദ്രം ഉണ്ടാകില്ലെന്ന് ഒരിക്കല്‍ എന്റെയൊരു സുഹൃത്ത് പറഞ്ഞത് ഓര്‍മ്മ വരുന്നു.

    ReplyDelete
  10. മഹേഷ്, പെണ്ണിന്റെ പേരും, കണ്ണും മൂക്കുമൊന്നുമല്ല ഇവിടെ പ്രശ്നം. ഈ ബ്ലോഗ് എന്ന്‌ പറയുന്നത് ഒരു കൂട്ടായ്മയാണ്‌. ഇവിടെ എല്ലാവരും തിരക്കുള്ളവരാണ്‌. മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍‌ശിച്ച് അവരുടെ പോസ്റ്റുകള്‍ വായിച്ച് കമന്റിട്ടാലേ അവരും നമ്മുടെ ബ്ലോഗിലേയ്ക്ക് വരൂ. അങ്ങിനെ കുറേ നാള്‍ കഴിയുമ്പോള്‍ നമ്മള്‍ എഴുതുന്നത് മറ്റുള്ളവര്‍‌ക്ക് ഇഷ്ടപ്പെടുന്നുവെങ്കില്‍ തീര്‍‌ച്ചയായും കമന്റുകളുടേയും ഫോളോവേഴ്‌സിന്റേയും എണ്ണം കൂടി വരും. പിന്നെ വേറൊരു കാര്യം. ആരും തിരിഞ്ഞു നോക്കാത്ത പെണ്‍ ബ്ലോഗുകള്‍ ഇഷ്ടം പോലെയുണ്ട്. അതേപോലെ നൂറുകണക്കിന്‌ കമന്റുകളും ഫോളോവര്‍‌മാരും ഉള്ള പരുഷ ബ്ലോഗുകളും ഉണ്ട്. പെണ്ണാണ്‌ എന്ന വസ്തുത ഒരു ചെറിയ അളവു വരെ സഹായിക്കും എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ എന്ത് എഴുതുന്നു (topic), എങ്ങിനെ എഴുതുന്നു (readability, humour), മറ്റുള്ളവരുമായി എങ്ങിനെ ഇടപെടുന്നു (social interaction) എന്നിവയാണ്‌ ബ്ലോഗിലെ വിജയത്തിന്റെ ഘടകങ്ങള്‍.

    ReplyDelete
  11. ഫോളോ ചെയ്തിട്ടുണ്ട്. ഉള്ള കാശ് തന്നേരെ!

    ആവനാഴിയിലെ അമ്പ് തീർന്നവർക്കും തീരെ അമ്പില്ലാത്തവർക്കുമായി ഒരു പുതിയ സംഘടന തുടങ്ങിയതറിഞ്ഞില്ലേ? അതിൽ മെമ്പർഷിപ്പെടുത്താൽ മതി.

    ReplyDelete
  12. മഹേഷ്, ഫോളോ ചെയ്തിട്ടുണ്ട് കെട്ടോ, പിന്നെ വാ‍യാടിക്കു ശിഷ്യപ്പെട്ടോളൂ, യുനെസ്കൊ അംഗീകരിച്ച ബ്ലോഗ് ട്രെയിനറാണ്.

    ReplyDelete
  13. ഇതാ പിടിച്ചോ കമന്റ്‌. എടുക്കൂ എന്റെ അമ്പതു പൈസ.

    ReplyDelete
  14. പ്രിയ സുഹൃതക്കളെ വളരെ നന്ദി. അങ്ങനെ എനിക്ക് കിട്ടിയ കമന്റുകളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ പതിനാലു എന്ന വലിയ അക്കത്തിലേക്ക് എത്തിയിരിക്കുകയാണ്. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും വളരെ നന്ദി. ഈ പോസ്റോടെ എന്റെ കമന്റുകളുടെ സപ്പോര്‍ട്ട് ലവല്‍ പത്തു ആയി ഉയര്ന്നിരിക്കുയാണെന്ന് ഒരു ബ്ലോഗനലിസ്റ്റ് വെളിപ്പെടുത്തിയതായി മലയാളം ന്യൂസ് പത്രത്തിന്റെ മദീന റിപ്പോര്‍ട്ടറായ ശ്രീ നൗഷാദ് അകമ്പാടം റിപ്പോര്‍ട്ട് ചെയ്തെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്..

    പ്രിയ, നൗഷാദ്..
    ആദ്യത്തെ പോസ്റ്റിനു വളരെ നന്ദി..
    "എന്റെ വര" വായിച്ചു കൊണ്ടിരിക്കുന്നു.. ശരിക്കും ഇഷ്ടപ്പെട്ടു...
    അഭിനന്ദനങ്ങള്‍...

    പ്രിയ കൃഷ്ണകുമാര്‍,
    വന്നതിനും വായിച്ചതിനും വളരെ നന്ദി..

    പ്രിയ കല്‍ക്കി,
    നന്ദി. എന്ത് ചെയ്യാം കണ്ടകശനി കൊണ്ടല്ലേ പോകൂ... :-)

    പ്രിയ വൃതാസുരന്‍,
    അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. വളരെ പ്രാക്ടിക്കല്‍ ആയ ഒരു കാര്യം..
    ഇനിയും വരണേ..

    പ്രിയ കെ. പി...നന്ദി...

    പ്രിയ സി. പി... ശരിയാണ്.. വരും വരാതിരിക്കില്ല.. ആര് കമന്റോ അതോ പ്രശ്നമോ :-)

    പ്രിയ ബിജു,
    കാര്യമാത്ര പ്രസക്തമായ രീതിയില്‍ അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി.. സമയം കിട്ടുമ്പോള്‍ ഇത് വഴി വീണ്ടും വരിക..

    പ്രിയപ്പെട്ട റാംജി,
    പതിവ് പോലെ വന്നു അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

    പ്രിയ കണ്ണനുണ്ണി,
    വീണ്ടും ഇത് വഴി വന്നതിനു ഒരുപാട് നന്ദി.. സമയം നന്നാക്കാന്‍ കൊടുത്ത് വിട്ടിട്ടുണ്ട് . രണ്ടു ദിവസം കഴിഞ്ഞേ കിട്ടൂ.. അപ്പോള്‍ എല്ലാം ശരിയാകും എന്ന് കരുതുന്നു..

    പ്രിയ വായാടി തത്തമ്മേ,
    തത്തമ്മ എന്താ പറയുന്നത് എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു...
    വളരെ വിശദമായി അഭിപ്രായം പറഞ്ഞതിന് ഒരുപാട് ഒരുപാട് നന്ദി..
    ഈ പ്രോത്സാഹനമാണ് എന്നെപ്പോലുള്ളവരെ എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. നന്ദി..

    പ്രിയ അലി,
    പുതിയ സംഘടനയില്‍ എനിക്കും മെമ്പർഷിപ്പ് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.. അപേക്ഷേ നിരസിക്കല്ലേ...!! പിന്നെ ഫോളോ ചെയ്തതിനു വളരെ നന്ദി..

    പ്രിയ ശ്രീനാഥന്‍,
    പറഞ്ഞപോലെ വായാടിക്ക് ശ്രിഷ്യപ്പെട്ടു കേട്ടോ. പാഠങ്ങള്‍ ഓണ്‍ലൈന്‍ ആയി അയച്ചു തരാമെന്നു പറഞ്ഞു. വന്നതിനും കമന്റിട്ടതിനും ഫോളോ ചെയ്തതിനും ഒക്കെ നന്ദി.

    dear Captain Haddock,
    നല്ല പേരാണല്ലോ . എവിടെയോ ഒരു പരിചയം തോന്നുന്നു. അന്റാര്‍ട്ടിക്കയില്‍ ഐസ് വെട്ടാന്‍ പോയിട്ടുണ്ടോ ? ഫോളോ ചെയ്തിട്ട് കമന്ടിട്ടാലെ കാശു കിട്ടൂ... ഹ ഹ... :-) ഓഫറില്‍ കണ്ടീഷന്‍സ് അപ്ലൈ ആണു..


    ഇതുവഴി കടന്നു പോയ മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

    ReplyDelete
  15. മഹേഷ്, ഫോളോ ചെയ്തിട്ടുണ്ട്.
    അഞ്ചരരൂപ പോരട്ടെ..!

    ReplyDelete
  16. Dear Faisal,
    വളരെ ഉപകാരം. ! താങ്കളുടെ സ്വിസ് ബാങ്ക് അക്കൗണ്ട്‌ ഡീറ്റയില്‍സ് എനിക്ക് അയച്ചു തരിക. അഞ്ചര രൂപയുടെ ഒരു ഒറ്റ നോട്ടു ഞാന്‍ താങ്കളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതാണ്.. :-)

    ReplyDelete
  17. ഇവിടൊന്നും കിട്ടിയില്ലാ..ആരുമൊന്നും തന്നില്ലാ!"---(നെടുമുടി)

    ReplyDelete
  18. പ്രിയപ്പെട്ട നൗഷാദ്,
    ധൃതി പിടിക്കാതെ. "സംഗതി" ഉടന്‍ അവിടെത്തും.
    ഇവിടെ നിന്നും "പുറപ്പെട്ടു പുറപ്പെട്ടു. വേണേല്‍ അര മണിക്കൂര്‍ നേരത്തെ പുറപ്പെടാം" ---(ഇന്നസെന്‍റ് )

    ReplyDelete
  19. കിട്ടും കിട്ടാതിരിക്കില്ല ...നല്ല എഴുത്ത് തുടര്‍ന്നോള് ....ഞാന്‍ കമെന്ടാം ...(പൈസേടെ കണക്ക് പുറത്തു പറയേണ്ട അത് നമ്മള്‍ അറിഞ്ഞാല്‍ മതീലോ യേത് )

    ReplyDelete
  20. ആ ജെന്‍ഡര്‍ നെയിമും പ്രൊഫൈല്‍ നെയിമും ഒന്നു മാറ്റി നോക്കു. കൂടെ വല്ല റോസ്, മുല്ലപ്പൂ, വയലില്‍, കണ്ണ് മൂക്ക് അങ്ങിനെ ചില പടങ്ങള്‍ കൂടി വെക്കൂ. അപ്പോള്‍ ബ്ലോഗിലെ സകല കോന്തന്മാരും ഞരമ്പന്മാരും വരും. എന്ത് എഴുതി എന്നല്ല, അതി സുന്ദരം. ഗംഭീരം, ഉഗ്രന്‍ എന്നൊക്കെ പറഞ്ഞ് പൊക്കോളും. ആദ്യ പോസ്റ്റ് ഇടുന്നതിനുമുന്‍പേ ഫോളോവേഴ്സ് ആയവരും, എനിക്കൊരു ഹെഡ്ഡര്‍ ഡിസൈന്‍ വേണം എന്നു പോസ്റ്റ് ഇറക്കിയപ്പോള്‍ സ്വന്തം ബ്ലോഗിനു ഡിസൈന്‍ ഉണ്ടാക്കാത്ത വിരുതന്മാര്‍ ഉറക്കമിളച്ച് ഡിസൈന്‍ ഉണ്ടാക്കി കൊടൂത്തിട്ടുമുണ്ട്. അതിനു പക്ഷെ, പേര് പെണ്ണിന്റെയാകണം.ഫോട്ടോ പെണ്ണിന്റേതെന്ന് തോന്നണം., പെണ്ണാണെന്ന് തോന്നിപ്പിച്ചാല്‍, അര പിരി ഇളകിയെന്നോ, പിരിയിളകുമെന്നോ, പേരിനൊപ്പം മോളെന്നോ കുട്ടിയെന്നോ ചേര്‍ക്കണം
    ഈപറഞ്ഞത് ഒന്നും ബോധ്യമായില്ലെങ്കില്‍ സമയം കീട്ടുമ്പോള്‍ ബൂലോകത്തു നന്നായി കറങ്ങുക, വായിക്കുക :)

    പിന്നെ സമയമുള്ളപ്പോള്‍ ഇതു നോക്കുക. സമാന വിഷയം കാണാം : http://santhoshangal.blogspot.com/2010/08/blog-post.html

    ReplyDelete
  21. ഐഡിയകളൊക്കെ കൊള്ളാല്ലോ മഹേഷെ

    ReplyDelete
  22. മഹേഷേ വായാടി പറഞ്ഞപോലെ ഈ ബ്ലോഗ്‌ ഒരു കൊടുക്കല്‍ വാങ്ങല്‍ അല്ലെ. പിന്നെ നല്ല കഥകള്‍ എഴുതിയാല്‍ മഹേഷിനു കൊള്ളാം. എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ആത്മാവില്‍ ആണ് ചൈതന്യം നിറയുന്നത്. മറ്റുള്ളവര്‍ വായിക്കുന്നോ എന്നു നോക്കരുത്. നല്ലതെഴുതുകയും നല്ലത് വായിക്കുകയും ചെയ്യുക. നല്ലത് വരട്ടെ. എന്റെ ആശംസകള്‍ .

    ReplyDelete
  23. നിങ്ങളുടെ കണ്ണാടിക്ക് മുമ്പില്‍ നിങ്ങള്‍ മാത്രമേയുള്ളു എങ്കില്‍ അതില്‍ നിങ്ങളുടെ നിഴല്‍ മാത്രമേ കാണൂ.

    ReplyDelete
  24. വൃതാസുരാ കലക്കി.

    ReplyDelete
  25. പ്രവാസ ജീവിതത്തിന്റെ മടുപ്പിനിടയില്‍ ചില ലോട്ട് ലൊടുക്കു ബ്ലോഗര്‍മാര്‍ (എന്നെപ്പോലെ യുള്ളവര്‍ ഉള്‍പ്പെടെ)ചെയ്യുമ്പോലെ എന്തെങ്കിലും വിഴുപ്പലക്കാന്‍ വേണ്ടി എഴുതാതെ
    സ്വന്തമായി നല്ലത് മാത്രം എഴുതുക ...മറ്റു ബ്ലോഗര്‍മാരെ ബഹുമാനിച്ചില്ലെങ്ങിലും അപമാനിക്കാതിരിക്കാന്‍ ശ്രമിക്കുക കേട്ടോ ...സ്വന്തം സഹോദരന്റെ ചോര കുടിക്കുന്നവന്‍ ആകരുത് ..സഹോദരന് ചോര കൊടുക്കുന്നവന്‍ ആകണം...

    ReplyDelete
  26. ടെ ആവശ്യത്തിന് കമന്ടായല്ലോ !!!

    ReplyDelete
  27. ഹായ്,
    ആദ്യമായാണ് ഈ വഴി വരുന്നത്. പോസ്റ്റ് വായിച്ചപ്പോ സംഭവം ഇഷ്ടപ്പെട്ടു. കൊള്ളാം യുദ്ധകാലാടിസ്ഥാനത്തിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ നിക്കുന്ന താങ്കളെ ഫോളോ ചെയ്യാൻ പറ്റുമെന്ന് പോസ്റ്റിലെ കുടില തന്ത്രങ്ങൾ വായിച്ചപ്പോ മനസ്സിലായി. കൊള്ളാം.. കമന്റെഴുതിയവരാരും താങ്കളുടെ ബ്ലോഗ് ബർത്ത്ഡേ ശ്രദ്ധിച്ചിലല്ലൊ? എന്നാൽ പിടി ഞങ്ങളുടെ വക “ഹാപ്പി വർത്ത് ഡേ”. ഫോളോ ചെയ്തു, കമന്റിട്ടു. 5+.50=5.50 എടുത്ത് വെയ്ക്കൂ.. അക്കൌണ്ട് ഡീറ്റെയിൽ‌സ് അയച്ചു തരാം..
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ് ഹിന്ദ്.

    ReplyDelete
  28. എഴുതുവിന്‍..കമന്റുകള്‍ കിട്ടും
    ആ ഫോണ്ട് വലിപ്പം കൂട്ടാമോ..?
    പിന്നെ ഞാനും കമന്റിട്ടുണ്ട്..
    എനിക്കുള്ള പൈസ ഉടനെ അയച്ചു തരുമല്ലൊ?

    ReplyDelete
  29. ഇത് എന്റെയും പ്രശ്നമാണ്, !ഒരു വഴി കാണിച്ചതിന് നന്ദി !

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. മറ്റു ബ്ലോഗുകള്‍ വായിച്ചു പോരുമ്പോള്‍ ഒരു പുഞ്ചിരി കമന്‍റെങ്കിലും ഇട്ടാല്‍ ആ ലിങ്കില്‍ തൂങ്ങി വായനക്കാര്‍ വന്നു കമന്‍ററിയിച്ചു പോവില്ലെ ഇത് ഇവിടെ ഇങ്ങനെ ഒരു ബ്ലോഗുണ്ട് എന്ന് മറ്റുള്ളവര്‍ എങ്ങന അറിയാനാ.....

    ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് ഇനി പോസ്റ്റിടുമ്പോള്‍ ആ വഴി വരാമല്ലോ..

    ReplyDelete
  32. പ്രിയ ഭൂതത്താന്‍,
    ഒരുപാട് നന്ദി. എന്തെങ്കിലും കിട്ടാതിരിക്കില്ല..:-)

    പ്രിയ സന്തോഷ്‌,
    വിശദമായി അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി..

    Dear Jyo,
    Thank you very much..

    പ്രിയ അനൂപ്‌,
    നന്ദി.. നമുക്ക് വല്ലപ്പോഴും കാണാന്‍ പറ്റുമെന്ന് തോന്നുന്നു.. ഞാന്‍ ഒരു കാണക്കാരിക്കാരന്‍ ആയിരുന്നു...

    പ്രിയ ഭാനു,
    ഭാനു പറഞ്ഞതാണ് ശരി. അവനവന്റെ സംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുക. എങ്കിലും പ്രോത്സാഹനമ ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ്..

    പ്രിയ OAB,
    വളരെ നന്ദി ഉണ്ട്.. വല്ലപ്പോഴും വീണ്ടും വരിക..!

    പ്രിയ മോഹനം,
    നന്ദി..

    പ്രിയ ആചാര്യന്‍,
    പറഞ്ഞത് എത്രയോ നല്ല കാര്യങ്ങള്‍.. ഇന്നിപ്പോ അങ്ങനെയുള്ള എത്ര പേരെ കാണാന്‍ പറ്റും? തുലോം തുച്ചം..

    പ്രിയ Erakkadan,
    ആവശ്യത്തിനു കമന്റായി. ഞാന്‍ ധന്യനായി.
    രണ്ടു മാസം ഇനി കമന്റൊന്നും കിട്ടിയില്ലേലും കുഴപ്പമില്ല. നമുക്കങ്ങനെ വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലന്നേ.. നന്ദി..

    പ്രിയ ഹാപ്പി ബാച്ചിലേഴ്സ്,
    എന്റെ ആദ്യത്തെ ബ്ലോഗിന്റെ ആദ്യത്തെ ബെര്‍ത്ത്‌ ഡേ-ക്ക് ആദ്യമായി ആശംസ നേര്ന്നതിനു ഒത്തിരി ഒത്തിരി നന്ദി.. തീര്‍ച്ചയായും മറക്കില്ല..
    വീണ്ടും വരണേ...

    പ്രിയ റിയാസ് ഇക്കാ ,
    മിഴിനീര്‍തുള്ളി വായിച്ചു കൊണ്ടിരിക്കുന്നു..അഭിപ്രായങ്ങള്‍ ഉടനെ പ്രതീക്ഷിക്കാം.. ഒറ്റ ദിവസം തന്നെ എന്റെ എല്ലാ പോസ്റ്റുകളും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും കാണിച്ച നല്ല മനസ്സിന് ഒരുപാട് നന്ദി..
    നല്ലൊരു സുഹൃത്തിനെ കൂടി കിട്ടിയതില്‍ ഒത്തിരി സന്തോഷവും ഉണ്ട്..

    പ്രിയ ഗോപന്‍,
    ചിലവുണ്ടേ.. :-) നന്ദി..

    പ്രിയ ഹംസക്കാ,
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഫോളോ ചെയ്തതിനും വളരെ നന്ദി.. കുറെ കാലമായെങ്കിലും ബ്ലോഗാരിഷ്ടിത ഇതുവരെ വിട്ടുമാറിയിട്ടില്ല. എല്ലാം പഠിച്ചു കൊണ്ടിരിക്കുന്നു.. ഇപ്പോഴാണ് ഇന്റര്‍നെറ്റ്‌-ല്‍ ആക്ടീവ് ആയത്. ഇനി തെറ്റ്കളൊക്കെ തിരുതാനാവുമെന്നു കരുതുന്നു.. അനുഗ്രഹിക്കുക..

    വന്നവര്‍ക്കും വായിച്ചവര്‍ക്കും ആരെയെങ്കിലും അറിയാതെ വിട്ടു പോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് നന്ദി അറിയിക്കുന്നു..

    ReplyDelete
  33. എന്റെ കൈനീട്ടം കുഴപ്പമില്ലല്ലോ അല്ലേ മഹേഷ്...
    ((ഞാനാദ്യം കമന്റിട്ട കണ്ണൂരാനൊക്കെ ഇപ്പം ആരായി!... ഹൊ!)


    എഴുത്ത് തുടര്‍ന്നോളൂ...
    "അജ്ഞാത"തന്മാര്‍ എന്തൊക്കെ പറഞ്ഞാലും
    നല്ലെതെഴുതി പോസ്റ്റിട്ട് കാത്തിരുന്നാല്‍ മാത്രം വായനക്കാരെ കിട്ടില്ല..
    പരമാവധി ആക്റ്റീവാകുക എന്നത് തന്നെ കാര്യം...
    എല്ലാ ആശംസകളും.

    (എന്റെ പുതിയ പോസ്റ്റുകള്‍ക്ക് താങ്കളെപ്പോലുള്ള ചിലരുടെ രചനകള്‍ പ്രചോദനം തന്നെയായെന്ന് പറയുന്നതോടൊപ്പം കുറ്റപ്പെടുത്തി എഴുതിയതല്ല എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടേ!)

    ReplyDelete
  34. പ്രിയ നൗഷാദ്‌,
    താങ്കളുടെ കൈനീട്ടം കലക്കി എന്ന് മാത്രമല്ല, ഫോളോവേഴ്സിന്റെ എണ്ണം 133 ശതമാനം കണ്ടു വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.. ഇനിയും നൗഷാദ്‌ കൈനീട്ടം തരുമെന്നും അങ്ങനെ ഉടന്‍ തന്നെ ഞാന്‍ ഇമ്മിണി ബല്യഒരാളാകുമെന്നും ഇപ്പോഴേ സ്വപനംകാണാന്‍ തുടങ്ങിയിരിക്കുന്നു...:-)


    എന്തായാലും ഈ പോസ്റ്റും ഇതിലെ കമന്റ്കളും എന്നെ കൊണ്ട് ഒരു ഗുണപാഠ കഥ കൂടി എഴുതിച്ചു :-) "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം"

    ഞാന്‍ ഇനി പരമാവധി ആക്ടീവ് ആകുന്നതാണ്.. ചില പാഠങ്ങള്‍ ഞാനും പഠിച്ചു.. അതിന് ഇതിലെ കമന്റുകള്‍ സഹായിച്ചു. അതില്‍ എല്ലാരോടും നന്ദി ഉണ്ട്. പരിഭവം മാത്രം ആരോടും ഇല്ല..!!!

    ReplyDelete
  35. ..
    ഹ ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ
    കൊട് മച്ചാ കൈ..

    ജാസ്തി പറയുന്നില്ല, പലരും പറഞ്ഞു കഴിഞ്ഞു.
    ..

    ReplyDelete
  36. ഇതെഴുതിയ ശേഷം കിട്ടിയതാണോ ഈ ഫോളോവേഴ്സിനെയൊക്കെ?
    ഹ ഹ

    ReplyDelete
  37. ഇന്നിപ്പോളാ ഇത് കണ്ടതും വായിച്ചതും. പോസ്റ്റും കമന്റ്സും ഹാസ്യരസമായിരിക്കുന്നു. നൗഷാദ്‌ ഭായീടെ തേങ്ങ ഫലം ചെയ്യും. വേണെങ്കില്‍ പുള്ളിക്കാരന്‍ തന്നെ പള്ളക്കിട്ടു തരികേം ചെയ്യും. വെറുതെയിരുന്ന വായാടി ഇപ്പോള്‍ പെണ്പുലി ആയത് കണ്ടില്ലേ. ആ ഉപദേശം മുറുകെപ്പിടിച്ചോ. "പെണ്ണുങ്ങളുടെ ബ്ലോഗില്‍ പൂവാലന്മാര്‍ ഒഴുകിയെത്തും" എന്ന വാദത്തോട് യോജിക്കുന്നില്ല. (ആ പറഞ്ഞവരെ പിറകില്‍ നിന്നും കുത്തണം) നന്നായെഴുതൂ.. വായനക്കാര്‍ എത്തി(ക്കൊല്ലും)ക്കോളും..

    ReplyDelete
  38. കഷ്ടകാലം നീങ്ങിപ്പോയി എന്നു കമന്റ് കോളം കണ്ടപ്പോൾ മനസ്സിലായി..പൊടിക്കൈ ഏറ്റു... അഭിനന്ദനങ്ങൾ

    ReplyDelete
  39. സംഗതി നല്ല ഹാസ്യം.... കമന്റ് കൂട്ടാന്‍ ഇങ്ങനെയും ഒരു വഴിയുണ്ടെല്ലെ. സമ്മതിച്ചു. പിന്നെ ഒരു സ്വകാര്യം.. ഈ നന്ദി പറയല്‍ ഓരോര്‍ത്തര്‍ക്ക് തനിയെ തനിയെ കൊടുക്കുക . കമെന്റ് മൂന്നക്കം കടക്കും.... സ്വ ഗതി ഗുരു.

    ReplyDelete
  40. കൊള്ളാം..ഇതു നല്ല തമാശ...ലിങ്ക് അയച്ചുതന്നാല്‍ കമന്റ്‌ ഇടാം അമ്പതു പൈസയൊന്നും വേണ്ട....

    ReplyDelete
  41. Ente mobile number njan ivide ezhuthi idano recharge cheyyan. Thankal aalu kollamallo mashe. Blog super aayittund

    ReplyDelete
  42. followers നിലവാരം 76ഇല് എത്തിയല്ലോ. ഇരിക്കട്ടെ എന്റെ വക ഒരെണ്ണം :-)

    ReplyDelete
  43. വരും, വരാതിരിക്കില്ല:)

    ReplyDelete
  44. അല്ല മഹേഷ്‌, കരയുന്ന കുട്ടിക്കേ പാല് ലഭിക്കൂ.. :)

    ReplyDelete
  45. നല്ലോണം എഴുതിക്കോള്‍ണ്ടി. അപ്പൊ കിട്ടുംന്നെ..

    ReplyDelete
  46. മഹേഷേ,ഇത് ഞാന്‍ കണ്ടിരുന്നില്ല. നോമ്പില്‍ മുങ്ങിപ്പോയതാണു. കഷ്ടായിപ്പോയി. കാണാഞ്ഞത്. പെണ്ണുങ്ങള്‍ക്ക് കമന്റ് വെറുതേ കിട്ടുമെന്നു പറഞ്ഞവരെയൊന്നും തല്ലിക്കൊല്ലാന്‍ പറ്റിയില്ല.ഹും...

    പുതിയ പോസ്റ്റ് ഞാന്‍ വായിച്ചു. ആദ്യ കമന്റ് ഇടണ്ടാന്നു കരുതി. പിന്നെ വന്ന് നിന്നെ ഞാന്‍ ശരിയാക്കിതരാം..

    ReplyDelete
  47. ഞാനിങ്ങനെയൊരു പോസ്റ്റ് എഴുതണമെന്ന് ഉദ്ദേശിച്ച് ഇരിയ്ക്കുകയായിരുന്നു, മഹേഷ്..സത്യം..

    ReplyDelete
  48. കൊള്ളാം ആ സൊയമ്പന്‍ ഓഫര്‍ അഡ്വന്‍സ് തരാമോ? ഇന്നി പോസ്റ്റില്ലെലും എന്റെ കമന്‍റ് റെഡി എപ്പടി..? ::))

    ReplyDelete
  49. ഇനിയും ഇങ്ങനെ ഓരോന്നെഴുതിയാല്‍ ഇനിയും ഫോളോ ചെയ്യും ഇങ്ങനെ കമന്‍റും. അത് മനസ്സിലാക്കുക.ങ്ഹാ

    ReplyDelete
  50. വന്ന് വായിച്ച സ്തിതിക്ക് ഫോളോ ചെയ്യാതിരിക്കാനും കമന്റ് ഇടാതിരിക്കാനും നിര്‍വ്വാഹമില്ലാതായിപ്പോയല്ലോ... ഏതായാലും കെടക്കട്ടെ ഞമ്മളെ വക ഒരു കുതിര കമന്റ്

    ReplyDelete
  51. ചന്തമുള്ള ഒരു പെണ്ണിന്റെ പടമിട്ട് ഒന്നു തുടങ്ങൂ..
    ഫോള്ളോവേഴ്സ് ക്യൂ നിക്കണ കാണാം..


    ഈ പ്രസ്താവന ഞാന്‍ നിഷേധിക്കുന്നു...

    ReplyDelete
  52. അനാമിക പറഞ്ഞ പോലെ ഞാനും ..പെണ്ണിന്‍റെ പേര് ആയിട്ടും ഫോല്ലോവേര്സ് ഇല്ലാത്ത നമ്മളൊക്കെ അപ്പോള്‍ ആരായി

    ReplyDelete
  53. കാശ് വേണ്ട
    പകരത്തിനു പകരം കമന്റും വേണ്ട
    പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയക്കൂ.
    സമയം കിട്ടുമ്പോള്‍ വായിച്ചു അഭിപ്രായം എഴുതാം.
    പക്ഷെ പ്രശംസയോടോപ്പം വിമര്‍ശനങ്ങളും സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെങ്കില്‍ മാത്രം.

    ReplyDelete
  54. കഥകള്‍ നന്ന് ................എന്റെ ആശംസകള്‍

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..