Saturday, August 21, 2010

ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു

ഓണാഘോഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂക്കളമിടാന്‍, ഉദ്യാനനഗരിയിലെ തിരക്കേറിയ പൂ മാര്‍ക്കറ്റായ സിറ്റി മാര്‍ക്കറ്റില്‍ പൂക്കള്‍ മേടിക്കുവാന്‍ പോയ ബ്ലോഗ്ഗര്‍ ശ്രീ മഹേഷ്‌ വിജയന്‍റെ പോക്കറ്റ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടു കൂടി അതിദാരുണമായി കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേഴ്സും അതിലുണ്ടായിരുന്ന അമൂല്യങ്ങളായ പലവസ്തുക്കളും തസ്ക്കരന്‍ അടിച്ചു മാറ്റി.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ റിജില്‍ ശങ്കര്‍ ഉത്തരവിട്ടു. ഓണാഘോഷ കമ്മറ്റി കണ്‍വീനര്മാരായ ശരത്, ജിന്‍സണ് എന്നിവര്‍ പ്രസ്തുത സംഭവത്തില്‍ പ്രകടിപ്പിച്ച വന്‍ ഞെട്ടലും ഉള്‍ക്കിടിലവും റിച്ചര്‍ സ്കെയിലില്‍ 1.1 cm ശക്തി രേഖപ്പെടുത്തുകയുണ്ടായി.

പൂക്കള്‍ മേടിച്ച ശേഷം മാര്‍ക്കറ്റിനു പുറത്തു വന്ന ശ്രീ മഹേഷിന്റെ മോന്ത അണ്ണാന്‍ ചപ്പിയ മാതിരിയും മ്ലാനവദനഗദ്ഗദകണ്ഠനായും കാണപ്പെട്ടത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഒന്നടങ്കം നിരാശയിലാഴ്ത്തി.

നഷ്ടപ്പെട്ട പേഴ്സിലുണ്ടായിരുന്ന വിലമതിക്കാനാവാത്ത വസ്തുക്കളില്‍ അദ്ദേഹത്തെ ആദ്യമായി പ്രണയിച്ച (അവസാനമായും) ഒരു പെണ്‍കുട്ടിയുടെ മനോഹരങ്ങളായ രണ്ടു ഫോട്ടോ , ആദ്യമായി നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ക്ക് യാത്ര ചെയ്ത ട്രെയിനിന്റെ റിസര്‍വേഷന്‍ ടിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും കഴിഞ്ഞ ആറ് വര്‍ഷമായി കൂടെ ഉണ്ടായിരുന്ന പേഴ്സാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌.

പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദുഃഖം കടിച്ചമര്‍ത്തി ഇടറിയ ശബ്ദത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു.

"നഷ്ടപ്പെട്ട ആ ഫോട്ടോ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലെ തന്നെ ഇന്‍സ്പിരേഷന്‍ ആയിരുന്നു. പാന്‍ കാര്‍ഡും വോട്ടര്കാര്‍ഡും ഡെബിറ്റ്-ക്രെഡിറ്റ്‌ കാര്‍ഡുകളുമെല്ലാം പോയത് എനിക്കൊരു പ്രശ്നമല്ല. പക്ഷെ ആ ഫോട്ടോസ്............"

ഒന്ന് നിര്‍ത്തി തേങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം തുടര്‍ന്നു.

"ഇന്ന് അവളുടെ കല്യാണം കഴിഞ്ഞു, മൂത്തകുട്ടി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇനി എങ്ങനാണ് പോയി വീണ്ടുമൊരു ഫോട്ടോ തരാമോയെന്നു ചോദിക്കുന്നത് ?
മാത്രവുമല്ല, എന്തൊക്കെ പറഞ്ഞാലും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ തന്ന ആ ഫോട്ടോയ്ക്ക് പകരമാവില്ലല്ലോ മറ്റെന്തും.."

പ്രചോദനമായിരുന്ന ഫോട്ടോ നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി എഴുത്ത് നിര്‍ത്തുമോയെന്ന പത്രപ്രവര്‍ത്തകരുടെ ആകാംക്ഷ മുറ്റിയ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ലോകമെംബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

"സത്യത്തില്‍, എഴുതുന്ന വലതു കയ്യിലെ തള്ളവിരലാണ് എനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഒരു സ്റ്റെനോഗ്രാഫറെ വച്ച് ഞാനെന്റെ എഴുത്ത് തുടരുന്നതായിരിക്കും"

നഷ്ടപ്പെട്ടു പോയ പേഴ്സ് അതിലെ ഫോട്ടോ അടക്കം തിരികെ ഏല്പ്പിക്കുന്നവര്ക്ക് ശ്രീ മഹേഷ്‌ വിജയന്‍ ഇരുപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേ സമയം പാരിതോഷിക തുക ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ കള്ളന്‍ അതിനായി കാത്തിരിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സംഭവ ദിവസം രാത്രി ബഹുമാന്യനായ ബ്ലോഗ്ഗറെ, വെള്ളമടിച്ച് അവശനായ നിലയില്‍ വൈറ്റ് ഫീല്‍ഡിലെ ഒരു ഓടയില്‍ കണ്ടെത്തി എന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നഷ്ടപ്പെട്ടു പോയ തന്റെ പേഴ്സ് ഓടയില്‍ എങ്ങാനും ഉണ്ടോ എന്ന് ഇറങ്ങി നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്.

ഇന്നലെ വൈകിട്ട് വൈറ്റ് ഫീല്‍ഡില്‍ ചേര്‍ന്ന വന്‍ സമ്മേളനത്തില്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ വന്‍ പ്രമുഖര്‍ പ്രസ്തുത സംഭവത്തെ അപലപിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ചിലര്‍ കടുത്ത ദുഖവും രോദനവും രേഖപ്പെടുത്തി.

പിന്നീട് നടന്ന 'മഹേഷിന്റെ പേഴ്സ്' ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം അമ്പതു പൈസയുടെ ചെക്ക് ഡൊണേറ്റ് ചെയ്തുകൊണ്ട് ശ്രീമാന്‍ ജേര്‍വിസ് അവര്‍കള്‍ നിര്‍വഹിച്ചു. എത്രയും പെട്ടന്ന് ആ പേഴ്സ് കള്ളനെ കണ്ടെത്തി ഈ ദിരിതാസ്വാസ നിധി കൈമാറാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേ സമയം നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടുന്നതിനായി മൂന്നു മാസം വരെ കാത്തിരിക്കാനും എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ മരിച്ചുപോയതായി കണക്കാക്കി ആദരാഞ്ജലികളും അന്ത്യകൂദാശകളും അര്‍പ്പിച്ച് കബറടക്കുവാന്‍ തീരുമാനിച്ചതായി ദുഖാര്‍ത്തനായ പേഴ്സിന്റെ ഉടമസ്ഥന്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അന്നേ ദിവസം, പ്രത്യേക ദുഖനിവാരണ പാര്‍ട്ടി ഉണ്ടായിരിക്കുന്നതാണ്.

ശ്രീ. ബ്ലോഗ്ഗര്‍ മഹേഷിന്റെ ദുഃഖത്തില്‍ പങ്കു ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം ഇ-മെയില്‍ ആയ maheshvjayan@yahoo.com -ലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ സന്ദേശം അയക്കാവുന്നതാണ്.

തന്റെ പുതിയ പേഴ്സില്‍ വയ്ക്കുവാന്‍ പുതിയ ഫോട്ടോകള്‍ ശ്രീ മഹേഷ്‌ വിജയന്‍ ക്ഷണിക്കുന്ന വിവരവും വളരെ വ്യസന സമേതം ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു.

21 comments:

 1. എന്റെ പേഴ്സ് പോക്കറ്റടിക്കപ്പെട്ടു എന്ന ഈ കാര്യം സത്യമാണ്. പലപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ എന്റെ ദുഃഖങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്....

  ReplyDelete
 2. നല്ല അവതരണം മഹേഷ്.
  ഓണാശംസകള്‍.

  ReplyDelete
 3. അടിപൊളി!

  ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

  എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
  http://www.jayandamodaran.blogspot.com/

  ReplyDelete
 4. അവതരണം കൊള്ളാം. നന്നായി.

  ഓണാശംസകള്‍.

  ReplyDelete
 5. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.. അവതരണം നന്നായി കേട്ടോ

  ReplyDelete
 6. ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.

  ReplyDelete
 7. മഹേഷ്‌ ജി,
  ഹി ഹി ഹി... ചിരിപ്പിച്ചു.... ഹി ഹി..
  ഇതാനിപ്പോ നന്നായേ, ഫോളോ ചെയ്തതിനും കമ്മെന്റിടുന്നതിനുമുള്ള കാശ് ഇതുവരെ കിട്ടിയിട്ടില്ല. അപ്പൊ പേഴ്സ് അടിച്ചു പോയി.
  ഇതൊരു തന്ത്രമല്ലേ? കാശ് തരാതിരിക്കാന്‍? എന്തായാലും ഓണത്തിന് ചിരിയുടെ പൂത്തിരി കത്തിച്ച.. കലക്കി

  ReplyDelete
 8. ഇനിയിപ്പോ അവള്‍ടെ പിള്ളേരുടെ ഫോട്ടോ കിട്ടുമോന്നു ഒന്ന് പോയി ചോദിക്ക്..!
  പ്രചോദന മുദ്രാവാക്യം : "എനിക്ക് പിറക്കാതെ പോയ മക്കളെ..."

  ആശംസകള്‍.. :-)

  ReplyDelete
 9. @സി.പി.,
  @കണ്ണൂരാന്‍,
  @ജയന്‍,
  @റാംജി
  @മനോരാജ്,
  @ജിഷാദ്,
  @ഹാപ്പി ബാച്ചിലേഴ്സ് ,
  @നിയ,
  @സിബു,
  @അനീസ്‌,

  എല്ലാവര്ക്കും ഒരുപാട് , ഒരുപാട് നന്ദി...
  പേഴ്സ് പോയ ദുഃഖം മൂലം നന്ദി എല്ലാര്‍ക്കും ഒരുമിച്ചു പറയുന്നു... ക്ഷമിക്കുക..

  ReplyDelete
 10. ഹി.ഹി.ഹി... എനിക്ക് വയ്യ... എന്‍റെ ദു:ഖം ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------പെടുത്തുന്നു..

  പോസ്റ്റ് സൂപ്പറാട്ടോ....

  ReplyDelete
 11. പേഴ്സ് കിട്ടിയാൽ തരാട്ടോ.

  ReplyDelete
 12. enthae vaka oru 50 paise dae cheque koodi ee duridhashwasa fund yilakku .. :) Ethinum Tax benfit undo aavo :p :p

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. സത്യത്തില്‍, എഴുതുന്ന വലതു കയ്യിലെ തള്ളവിരലാണ് എനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഒരു സ്റ്റെനോഗ്രാഫറെ വച്ച് ഞാനെന്റെ എഴുത്ത് തുടരുന്നതായിരിക്കും"  good

  ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..