Tuesday, May 17, 2011

ബ്ലോഗുകള്‍ കഥ പറയുമ്പോള്‍

പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, 'എന്നാത്മാവിന്‍ നഷ്ട സുഗന്ധം' എന്ന തലക്കെട്ട്‌ എന്റെ ജീവിതത്തിന്  എത്രയോ അനുയോജ്യമാണെന്ന്. എന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ഓരോ സുഗന്ധമുണ്ടായിരുന്നു. ഇടയ്ക്കിടെ അവ എനിക്ക് ചുറ്റും പരക്കുകയും വേദനിപ്പിക്കുന്ന ചില ഓര്‍മ്മപ്പെടുത്തലുകളിലേക്ക് എന്നെ നയിക്കുകയും ചെയ്തു കൊണ്ടിരുന്നു...

ഏതാനും ദിവസങ്ങളായി മനസ് വല്ലാതെ അസ്വസ്ഥമാണ്. പുതിയൊരു നഷ്ടം എന്നെ തേടിയെത്തിയിരിക്കുന്നു എന്ന തോന്നലാണ് കാരണം. നഷ്ടത്തിന്റെ പുതിയൊരു ഗന്ധം ഈ കഥ എഴുതുമ്പോള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്. അതെന്റെ സിരകളെ തണുപ്പിക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ജീവിതത്തോടുള്ള ദേക്ഷ്യവും  നിരാശയും എന്നില്‍ വിപരീത ഊര്‍ജ്ജം  നിറച്ച് അക്ഷമയോടെ കാത്തിരിക്കുന്നു. ഉന്മൂലനത്തിന്റെ ഭ്രാന്തമായ വൈകാരിക ചിന്തകളിലൂടെയുള്ള  കടിഞ്ഞാണ്‍ പൊട്ടിയ മനസ്സിന്റെ യാത്രയാണ് ഇനി എനിക്ക് ചെയ്യാനുള്ളത്. തനിക്കു പ്രിയ്യപ്പെട്ടതെന്തും സ്വയം നശിപ്പിച്ച് കൊണ്ടുള്ള ഉന്മാദയാത്ര.  മനസ്സിനെയും ശരീരത്തെയും സ്വയം വേദനിപ്പിച്ച് മറ്റു വേദനകളെ മറക്കുക. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് ഞാന്‍ ആ കഥ പറയാം. എനിക്ക് ചുറ്റും നൃത്തം ചെയ്യുന്ന പുതിയ നഷ്ടത്തിന്റെ കഥ.

കുറേക്കാലം മുന്‍പാണ് ആദ്യമായി അവളുടെ ബ്ലോഗില്‍ ഞാനെത്തപ്പെട്ടത്‌. ഒരു തുടക്കക്കാരിയുടെ ബ്ലോഗ്‌. അന്നതില്‍ അവളുടെ ഒരു ഫോട്ടോ കണ്ടിരുന്നു. പെണ്‍കൊച്ച് തരക്കേടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഒരു അഭിപ്രായം രേഖപ്പെടുത്തി തിരികെ പോന്നു.

പോസ്റ്റുകളില്‍ അവള്‍ അലസമായി കുറിച്ചിടുന്ന ദയനീയമായ വരികളെ നോക്കി ഞാന്‍ പലപ്പോഴും കണ്ണുരുട്ടി പേടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ബ്ലോഗിലെ കീരിയും പാമ്പും ആയി. ഒടുവില്‍ സഹികെട്ട് എനിക്കയച്ച മെയിലില്‍ അവള്‍ ചോദിച്ചു. 

"എന്തിനാണ് നിങ്ങള്‍ എന്നെ ഇത്രയും നിശിതമായി വിമര്‍ശിക്കുന്നത് ? അതും തുടര്ച്ചയായിട്ട്..."
"നിന്നെ ഒരു നല്ല എഴുത്തുകാരി ആക്കാന്‍" എന്ന ഒറ്റ വാക്യത്തില്‍ ഞാന്‍ മറുപടിയൊതുക്കി.

അന്നാദ്യമായി അവള്‍ എന്റെ ബ്ലോഗിലെത്തി, പഴയ പോസ്റ്റുകള്‍ പലതിലും മുങ്ങിത്തപ്പി അഭിപ്രായം  നേരിട്ടറിയിച്ചു. പിറ്റേന്ന് 'ഓര്‍ക്കുട്ട്' എടുത്തു നോക്കിയപ്പോള്‍ അതില്‍ അവളുടെ ഫ്രെണ്ട് റിക്വസ്റ്റ്  കണ്ടു. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. ഇടയ്ക്കിടെ ഓര്‍ക്കുട്ടിലെ ചാറ്റ് വിന്‍ഡോയില്‍ അവളുടെ പുഞ്ചിരികള്‍ തെളിഞ്ഞു. അവസാനം വടക്കുംനാഥന്റെ തിരുസന്നിധിയില്‍ വെച്ച് ഒരു നാള്‍ ഞങ്ങള്‍ നേരില്‍ കണ്ടു; സംസാരിച്ചു.

മണ്ണിലൂടെ വരിയായി പോകുന്ന ചോണനുറുമ്പുകളെയും എന്നെയും മാറി മാറി നോക്കി അന്നവള്‍ പറഞ്ഞു.
"മഹേഷ്‌, ശരിക്കും ഞാന്‍ ഉദ്ദേശിച്ച പോലത്തെ ഒരാളല്ല നിങ്ങള്‍."
"കള്ളനോ അതോ കശ്മലനോ ? "
"അല്ല. ഒരു തെമ്മാടി. "

വടക്കുംനാഥനെ വലം വെച്ച് എവിടെ നിന്നോ എത്തിയ ഒരിളം  തെന്നല്‍ അവളുടെ മനോഹരമായ മുഖത്തെ തഴുകിപ്പോയി.
"പക്ഷെ, നിങ്ങള്‍ എഴുതിയിട്ടുള്ള ചില കഥകള്‍, പ്രത്യേകിച്ച് 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' അതൊരു ഭാവനാസൃഷ്ടി ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നു."
ഞാന്‍ വെറുതെ ചിരിച്ചു.
"അതൊരു നടന്ന കഥയാണ് എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ നീ അങ്ങനെ വിശ്വസിച്ചു  കൊള്ളൂ. മറിച്ചാണെങ്കില്‍ അങ്ങനെ..."

"ശരിക്കും അതൊരു നടന്ന സംഭവമാണോ? "
"ഒരു എഴുത്തുകാരന്‍ ഒരിക്കലും തന്റെ കഥയുടെ പിന്നാമ്പുറങ്ങള്‍ വെളുപ്പെടുത്തിക്കൂടാ...എന്റെ എല്ലാ രചനകളിലും  ആത്മകഥാംശം  ഉണ്ട്. അത് ചിലപ്പോള്‍ കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. "
അവളൊന്നും മിണ്ടാതെ വെറുതെ എന്നെ നോക്കുക മാത്രം ചെയ്തു. 

"സത്യത്തില്‍ നീ നല്ല കഴിവുള്ള ഒരു കുട്ടിയാണ്. പക്ഷെ എന്തിനാണിങ്ങനെ വെറുതെ എന്തെല്ലാമോ എഴുതി കൂട്ടുന്നത്‌? "
"എനിക്കെല്ലാം ഒരു തമാശയാണ് മഹേഷ്‌. വെറുമൊരു തമാശ. ഒരു രീതിയില്‍ ഒരൊളിച്ചോട്ടം, അതാണെന്റെ ബ്ലോഗിങ്"
അവളുടെ മിഴികളില്‍ നനവ്‌ പടര്‍ന്നത് കൊണ്ടാണോ ആവോ അവള്‍ അകലേക്ക്‌ നോക്കിയത്?

"നിന്റെ പുഞ്ചിരിക്കുന്ന മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന സങ്കടങ്ങളെ കുറിച്ച് എന്നോട് പറയൂ കൂട്ടുകാരി..."
തെല്ലിട അവള്‍ നിശ്ശബ്ദയായി.
പിന്നെ, അവളുടെ ആത്മ സംഘര്‍ഷത്തിന്റെ പുകയുന്ന നെരിപ്പോടുകള്‍ എന്റെ ഹൃദയം ഏറ്റു വാങ്ങി.
അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ എനിക്കൊരു ഞെട്ടലാണ് സമ്മാനിച്ചത്‌.
ഒന്നും മിണ്ടാനാവാതെ ഞാനവളുടെ കണ്ണുകളില്‍ നോക്കിനിന്നു.
പിന്നീട് ഒരിക്കലും  അവളുടെ  വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ അധികം ചോദിച്ചിട്ടില്ല. അതവളെ സങ്കടപ്പെടുത്തിയാലോ എന്ന് കരുതി. ഉച്ചയോടു കൂടി ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

പിന്നീട് ഓരോ ദിവസവും ചാറ്റ് വിന്‍ഡോയില്‍ എനിക്കായി അവളുടെ സന്ദേശങ്ങള്‍ കാത്തിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവളുടെ പുഞ്ചിരിക്കുന്ന മുഖം വെറുതെ മനസ്സില്‍ തെളിഞ്ഞു.

"മാഷേ, തിരക്കിലാണോ? " ഓര്‍ക്കുട്ടിന്റെ ഒരു കോണില്‍ അവളുടെ ചാറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു.
"അല്ല, പറയൂ കുഞ്ഞാടേ..."
"ഞാന്‍ ഇന്ന് ഇട്ട പോസ്റ്റ്‌ കണ്ടോ ? "
"ഉം. കണ്ടു പക്ഷെ വായിച്ചില്ല. ആദ്യ തല്ലു ഞാന്‍ തന്നെ തരണോ ?"

"ഞാന്‍ ഇപ്പോള്‍ നിന്റെ ബെസ്റ്റ്  ഫ്രെണ്ട് അല്ലേ? "
"ഞാന്‍ ഒരു അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അത് മാറിക്കൊള്ളും..."

"ഈ ഏകാന്തതയുടെ ലോകത്ത് ബ്ലോഗ്‌ എനിക്ക് വലിയ ആശ്വാസം തന്നെ ആണ്. ചിലപ്പോള്‍ വല്ലാണ്ട്  സങ്കടം വരും. അപ്പൊ, ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നോര്‍ത്ത് കരയും. ഇപ്പോള്‍ ബ്ലോഗ്‌ ആണെന്റെ പ്രിയ കൂട്ടുകാരി. "
"നീ സങ്കടപ്പെടാതിരിക്കൂ...ആരും ഒറ്റക്കല്ല കുട്ടീ.. നീ നോക്കൂ...എന്റെ ജീവിതവും ഒരു  നീണ്ട കഥയാണ്. എത്ര കൂട്ടിയാലും തെറ്റുന്ന കണക്കുകളുടെ കഥ. ഒരുപാട് തെറ്റുകള്‍ നിറഞ്ഞ, ആര്‍ക്കും വേണ്ടാത്ത  ഒരു കഥ പുസ്തകം പോലെ. എന്നിട്ടും ചിരിക്കുവാനാണെനിക്കിഷ്ടം.."

"എന്റേത് ഉത്തരമില്ലാത്ത ഒരു കടംകഥയാണ് മാഷേ "
"നിന്റെ ജീവിതമാകുന്ന കടംകഥയ്ക്ക്‌ എന്നെങ്കിലും ഉത്തരം കിട്ടും തീര്‍ച്ച.  പക്ഷെ എന്റെ കഥയ്ക്ക്‌ ഒരിക്കലും മാറ്റം ഉണ്ടാകില്ല.."

"ഞാന്‍ ആ കഥയുടെ ക്ലൈമാക്സ് ഒന്നു മാറ്റി എഴുതട്ടെ? "
"എങ്കില്‍ ഉത്തരം കിട്ടാത്ത നിന്റെ കടംകഥയ്ക്ക് ഞാനൊരുത്തരം കണ്ടു പിടിച്ചു തരാം."

"കഥയില്ലാത്ത രണ്ടു ജീവിതങ്ങള്‍ ഒത്തു ചേരുമ്പോള്‍ നല്ല രസമായിരിക്കും അല്ലേ? "
"അതേ. ചിലപ്പോള്‍ അതൊരു കഥയില്ലാത്ത ഒരു നോവല്‍ ‍തന്നെ ആയെന്നും വരാം..അതിരിക്കട്ടെ, എന്താണീ കഥയുടെ ക്ലൈമാക്സ് ?"

"കടം കഥയുടെ ഉത്തരം കിട്ടിയോ? അത് പക്ഷെ എളുപ്പമല്ല. എനിക്ക് വേണ്ടത് അതൊരു ത്യാഗമായി കണക്കാക്കാത്ത ഒരാളെയാണ്. "
"ഒരാള്‍ക്ക്‌ ജീവിതം കൊടുക്കുക എന്നത് ഒരു ത്യാഗമായി ഞാന്‍ കരുതുന്നില്ല കുട്ടീ.."

"എങ്കില്‍ വളച്ചു കെട്ടാതെ ഞാനൊരു കാര്യം പറയട്ടെ..?"
"ഉം. പറയൂ..."

"ഐ ലവ് യൂ..........."
"സത്യം തന്നെയോ നീ പറയുന്നത്? ഞാന്‍ എന്നെയൊന്നു നുള്ളി നോക്കട്ടെ..."
"സത്യം തന്നെയാ പറഞ്ഞത്..."
"എങ്കില്‍ ഇപ്പോള്‍ ഞാന്‍ നിന്റെ മൊബൈലില്‍ വിളിക്കട്ടെ..ചാറ്റില്‍ നീ പറഞ്ഞതൊക്കെ എനിക്ക് നേരിട്ട് കേള്‍ക്കണം"
"ഈ പാതിരാത്രിക്കോ? "
"അതേ...."

ചാറ്റ് വിന്‍ഡോയില്‍ അവള്‍ ചിരിക്കുന്ന അടയാളം തെളിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു.
അവളുടെ മുന്നില്‍ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയായി ഞാന്‍ മാറി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ കൂടുതല്‍ അടുത്തു. എങ്കിലും ഒരു കാര്യം മാത്രം ഞാന്‍ ഇടയ്ക്കിടെ അവളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു...

"വിവാഹവും പ്രണയവും ഒക്കെ ഒരിക്കല്‍ ഞാന്‍ കുഴിച്ചു മൂടിയ സ്വപ്നങ്ങളാണ്. അവ വീണ്ടും തിരിച്ചു വരുമ്പോള്‍ ഒരു രീതിയില്‍ ഞാന്‍ ഭയപ്പെടുന്നു.  വരണ്ട പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആ ലോകത്തേക്ക് ഒരിക്കല്‍ കൂടി മടങ്ങി പോകുവാനുള്ള ബാല്യം ഇന്നെന്റെ മനസ്സിന് ഇല്ല. നീ എന്നെ സങ്കടപ്പെടുത്തുമോ? "
"ഇല്ലാ...ഒരിക്കലും ഇല്ല.."

ഓരോ ദിവസവും എന്നില്‍ പുത്തന്‍ ഊര്‍ജ്ജം നിറയുകയായി. കാരണം ഞങ്ങള്‍ പ്രണയിക്കുകയായിരുന്നു.
അവളുടെ സന്ദേശങ്ങള്‍ക്കായി ഉള്ള സുഖമുള്ള കാത്തിരിപ്പുകള്‍. ഖബറടക്കം ചെയ്ത സ്വപ്നങ്ങളും നിറങ്ങളും പ്രതീക്ഷകളും ഉയിര്ത്തെഴുന്നേറ്റ് ആര്‍പ്പു വിളിച്ച ദിനങ്ങള്‍.....

പക്ഷെ എല്ലാം നിലച്ചത് പെട്ടെന്നാണ്...
ഒരു സുപ്രഭാതത്തില്‍, മൊബൈലില്‍ വിളിക്കുമ്പോള്‍ അവള്‍ കോള്‍ എടുക്കാതായി.
ഇ-മെയിലുകള്‍ വരാതായി.

എനിക്കൊന്നും മനസിലായില്ല.
ആകുലതയുടെയും ആശങ്കകളുടെയും പെരുമഴകള്‍ മനസ്സില്‍ വിങ്ങിപ്പൊട്ടി.
ഇന്ബോക്സും തുറന്ന് വെച്ച് എത്രയോ ദിവസങ്ങളായി അവളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു..തികച്ചും അസഹനീയമായിരുന്ന ആ ദിവസങ്ങളില്‍ അവള്‍ക്കെന്തോ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന സംശയവും മനസ്സില്‍ ബലപ്പെട്ടു.


പിന്നീട് അവളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വന്നപ്പോഴും അവളുടെ കമന്റ് ബോക്സില്‍ അപ്പ്രൂവലിനായി കാത്തു കിടന്ന വായനക്കാരുടെ അഭിപ്രായങ്ങള്‍ ഓരോന്നായി വെളിച്ചം കണ്ടപ്പോഴും ഞാന്‍ തകരുകയായിരുന്നു.. ഓര്‍ക്കുട്ടില്‍ അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ അന്യനായി.
നഷ്ടസ്വപ്നങ്ങള്‍ എനിക്ക് ചുറ്റും വേലി കെട്ടിയിരിക്കുന്നത് കണ്ടതപ്പോഴാണ്.

പ്രണയത്തിന്റെ എവറസ്റ്റ് കൊടുമുടിയിലേക്ക് ക്ഷണനേരം കൊണ്ട് പറന്ന് കയറി, അതിലും വേഗത്തില്‍ ചിറകറ്റു താഴെ വീണ പക്ഷിയെ പോലെ.  പ്രകൃതിയുടെ അലിഖിത നിയമമാണത്, മുകളിലേക്ക് പോകുമ്പോഴല്ല, താഴേക്കു വീഴുമ്പോഴാണ് വേഗം കൂടുതലെന്നത്...

അവള്‍ക്കയച്ച അവസാന മെയിലുകളിലൊന്നില്‍ ഞാന്‍ എഴുതി..
"എന്റെ മനസിലെ ചിന്തകള്‍ക്ക് തീ പിടിച്ചിരിക്കുകയാണ്.  ഒരു വേലിയേറ്റത്തിനും   കെടുത്താനാവാത്ത വിധം അത് ആളിപ്പടരുകയാണ്. ആ ആളിക്കത്തലിനെ ഞാന്‍ ഭയപ്പെടുന്നു.
ഇനിയും തുടര്‍ന്നാല്‍ അത് ഉന്മൂലനത്തിന്റെ ലഹരി എന്നില്‍ നിറയ്ക്കും.
നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അല്ലാതാകുന്ന ആ ലഹരിയില്‍ ഞാന്‍ സ്വയം ക്രൂശിക്കപ്പെടും.
ജീവിതത്തിന്റെ അവസാനത്തെ കഴുക്കോലും അടര്‍ന്നു വീഴുന്നത് നീ കാണാന്‍ നില്‍ക്കുകയാണോ?
നിന്റെ ഒരു വാക്കിന്  എന്റെ ഉള്ളിലെ തീ അണയ്ക്കാനാകും എന്നറിഞ്ഞിട്ടും എന്തേ നീ ഒന്നും മിണ്ടാത്തത് ? "

ഒരു മറുപടിക്ക് വേണ്ടിയുള്ള  പ്രതീക്ഷകള്‍ വെറും ജലരേഖകള്‍ ആകുന്നുവോ?
നഷ്ടസുഗന്ധങ്ങള്‍ എനിക്ക് ചുറ്റും  നിന്ന് കോപ്രായങ്ങള്‍ കാണിച്ചു തുടങ്ങി. അങ്ങനെയൊരവസരത്തിലാണ് ഞാനെന്റെ പേന കയ്യിലെടുത്തതും എഴുതാന്‍ തുടങ്ങിയതും, ഇതുവരെ എഴുതിയതും.
ഇനിയും ഞാനെന്താണ് എഴുതുക?

തേങ്ങുന്ന എന്റെ ഹൃദയം ഈ കഥയുടെ ക്ലൈമാക്സ് എന്തെന്നറിയാതെ അലയുകയാണ്.
ഒരിക്കല്‍ നീ മാറ്റി എഴുതാമെന്ന് പറഞ്ഞ കഥയുടെ ആ പഴയ ക്ലൈമാക്സ് ഇപ്പോള്‍ എന്നെ നോക്കി ഉറക്കെയുറക്കെ ചിരിക്കുകയാണ്.

വായനക്കാരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച്, ആ മുറിവിലൊരു നീറ്റല്‍ സമ്മാനിക്കുന്ന വിധം ഈ കഥയുടെ അവസാന ഭാഗം പൂരിപ്പിക്കുവാന്‍ എന്റെ ഭാവന തയ്യാറെടുക്കവേ, അപ്രതീക്ഷിതമായി മൊബൈലില്‍ അവളുടെ വിളിയൊച്ച മുഴങ്ങി...
"ഹലോ....."
ഒരു നിമിഷം അവളുടെ സ്വരം കേട്ടപ്പോള്‍ ഞാന്‍ വീണ്ടുമൊരു കുട്ടിയായി.

"എന്ത് പറ്റീഡാ ...എന്താ പ്രശ്നം....??"
"വീട്ടിലറിഞ്ഞു; ഭയങ്കര പ്രശ്നമായി. ഇനി ഒരിക്കലും ഒരു രീതിയിലും നിന്നെ കോണ്ടാക്റ്റ് ചെയ്യരുതെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു..."

അവളുടെ സ്വരത്തില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു...
സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു...
പാട്ട് മറന്ന കുയിലിന്റെ തേങ്ങലുണ്ടായിരുന്നു...
"പോട്ടെ..സാരമില്ലെടാ...."
എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

"തമ്മില്‍ കാണാതെ, ഒന്നും മിണ്ടാതെ, ഒരു രീതിയിലും പരസ്പരം ബന്ധപ്പെടാതെ നമുക്ക് പ്രണയിച്ചു കൂടെ മഹേഷ്‌...??"
പാവം പെണ്‍കുട്ടി; എനിക്ക് പ്രണയമെന്നത് ആത്മസമര്‍പ്പണം ആണെന്ന് അവള്‍ക്കറിയില്ലല്ലോ.
ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തനിക്കു പോലും തിരിച്ചെടുക്കാനാവാത്ത വിധം അതില്‍ ലയിച്ച്....
ഒരാളെയും സ്നേഹിക്കാത്തപ്പോള്‍ എല്ലാവര്ക്കും കൊടുക്കണമെന്ന് തോന്നുന്നതും, ഒരാളെ സ്നേഹിക്കുമ്പോള്‍ മറ്റാര്‍ക്കും കൊടുക്കാനാവാത്തതുമായ വികാരമാണ് പ്രണയം.

 "പ്രിയ്യപ്പെട്ട പെണ്‍കുട്ടീ...എത്ര നാള്‍ വേണമെങ്കിലും നിനക്കായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്; അങ്ങേ തലയ്ക്കല്‍ നീ കാത്തിരിക്കുന്ന അത്രയും  നാള്‍."
"എന്തെങ്കിലും കാരണവശാല്‍ മറിച്ചെന്തെങ്കിലും   നിന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ നീ എനിക്കൊരു മെയില്‍ അയക്കണം" അവളുടെ നേര്‍ത്ത സ്വരത്തില്‍ ഗദ്ഗദം കുടുങ്ങി.
"ഇല്ല കുട്ടീ. അങ്ങനെയൊന്നുണ്ടാവില്ല. നിനക്കൊരു ജീവിതമുണ്ടായി കഴിഞ്ഞ് മാത്രമേ ഇനി എനിക്കൊരു ജീവിതമുള്ളൂ.."
"ഞാനൊരു ഭയങ്കരിയാണെന്ന് നീ കരുതുന്നുണ്ടോ? "
"നീ പാവമാണ്. ഐ ലവ് യു സോ മച്ച്....."
"ഞാന്‍ വെച്ചോട്ടെ...ഇനി കാണാനോ മിണ്ടാനോ......" മുഴുമിപ്പിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു...
"സാരമില്ലെടാ...സങ്കടപ്പെടാതിരിക്കൂ.. നീ നന്നായി പഠിക്കണം. കോഴ്സ് ഒക്കെ കഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് നിനക്കുണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ കുറയും. ഒരിക്കലും തളരരുത്..."
"ഞാന്‍ വെക്കുവാ..." ഫോണ്‍ കട്ടായി.
ഒരു നിമിഷം ഞാന്‍ കണ്ണടച്ചു.
അല്പം ശാന്തമായ മനസ്സിലിപ്പോള്‍ വേലിയേറ്റങ്ങളില്ല പകരം കൊച്ചു കൊച്ചു തിരമാലകള്‍ മാത്രം.

പ്രിയ വായനക്കാരാ, ഇനി എന്ത് ക്ലൈമാക്സാണ് നിനക്കായി ഞാന്‍ എഴുതേണ്ടത് ? പേന എന്റെ കയ്യിലിരുന്നു വിറക്കുന്നു...

ഒരുപാട് നീണ്ട് പോയേക്കാമെന്ന ഒരു കാത്തിരിപ്പിന്റെ തുടക്കം മാത്രമാണിതെന്ന് ഞാനറിയുന്നു.
എന്റെ മനസ്സില്‍ അവള്‍ക്കായി ഒരുക്കിയ സ്വപ്നക്കൂട്ടില്‍  ഒരായിരം പ്രതീക്ഷകളെ, സ്വപ്നങ്ങളെ അടച്ച് വെച്ച് ഞാന്‍ കാത്തിരിക്കവേ കാലം എനിക്കായി ഒരുക്കുന്നതെന്താണ് ? അര്‍ത്ഥമോ അര്‍ത്ഥ ശൂന്യതയോ?
സ്നേഹത്തിന്റെ, കാലത്തിന്റെ അര്‍ത്ഥമില്ലായ്മക്ക് മുന്നില്‍ ഞാനൊരിക്കലും പതറാതിരിക്കട്ടെ.. ഇനിയുള്ള കാലം ഉള്ളില്‍ അവളോടുള്ള ഇഷ്ടം മാത്രം നിറയട്ടെ.

പ്രിയപ്പെട്ട പെണ്‍കുട്ടീ, നമ്മുടെ നൊമ്പരങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളുമൊക്കെ ഇനി നമ്മുടെ ബ്ലോഗുകള്‍ പങ്കു വെയ്ക്കട്ടെ. നിന്റെ കഥകളിലും കവിതകളിലും എനിക്കായി മാത്രം നീ മാറ്റി വെച്ചിരിക്കുന്ന വരികളില്‍, നിനക്കായി മാത്രമെന്‍ തൂലികയില്‍ വിരിയുന്ന പോസ്റ്റുകളില്‍, നമ്മുടെ കമന്റ് ബോക്സിലെ അക്ഷരക്കൂട്ടങ്ങളില്‍, ഇനിയുള്ള കഥകള്‍ നമ്മുടെ ബ്ലോഗുകള്‍ പറയട്ടെ. ബ്ലോഗുകള്‍ കഥ പറയുമ്പോള്‍ അക്ഷരങ്ങളെ മാത്രം സ്നേഹിച്ച്, പ്രണയത്തിന്റെ ശരശയ്യയില്‍ നമുക്ക് കാത്തിരിക്കാം, നീയും ഞാനും ഒന്നാകുന്ന ആ ദിവസത്തിനായി...... 

65 comments:

  1. ഒരു സൈബര്‍ പ്രണയത്തിന്റെ ഇനിയും പൂര്‍ത്തിയാകാത്ത തിരക്കഥയിലെ നായികയ്ക്ക്.....

    ReplyDelete
  2. "ഇതു ജീവിതത്തിൽ നിന്നും പറിച്ചുചീന്തിയ ഒരേടാണ്.ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു"

    ReplyDelete
  3. നന്നായിരിക്കുന്നു മഹേഷേട്ടാ...വ്യത്യസ്തത പുലർത്തി...അനുഭവങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾക്ക് ആകർഷണീയത കൂടും...നന്നായി പറഞ്ഞൂട്ടോ..ഈ സൈബർ പ്രണയത്തിന്റെ നല്ല ക്ലൈമാക്സിനും നിങ്ങൾ രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം...ആശംസകളോടെ...

    ReplyDelete
  4. അഭിപ്രായം പറയാന്‍ ഒരുപാട് ആലോചിയ്ക്കേണ്ടി വരുന്നു, കഥയും ജീവിതവും ഇഴ ചേര്‍ന്നു കിടക്കുമ്പോള്‍...

    എങ്കിലും ലേബലില്‍ 'കഥ' എന്ന് കാണുന്നതു കൊണ്ട് കഥ (ആണെങ്കില്‍.)നന്നായിട്ടുണ്ട് എന്ന് പറയുന്നു, ജീവിതത്തിലാണെങ്കില്‍ ഈ ക്ലൈമാക്സ് നന്നായി എന്ന് പറയാനാവില്ലല്ലോ

    ReplyDelete
  5. ഇയാള് ആദ്യം സത്യം പറ, എന്നിട്ട് കമന്റാം ..........സസ്നേഹം

    ReplyDelete
  6. കഥയാണെങ്കില്‍ ശ്രീ പറഞ്ഞ പോലെ നന്നായി.ആകാംക്ഷ ജനിപ്പിക്കുന്ന ആകര്‍ഷണീയമായ എഴുത്ത്..

    അനുഭവമെങ്കില്‍ എന്താന് പറയുക.ശുഭാന്ത്യമാവട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  7. പ്രിയ്യപ്പെട്ട 'ഒരു യാത്രികന്‍',

    അനാമിക ടീച്ചര്‍ പറഞ്ഞ പോലെ, "ഇതു ജീവിതത്തിൽ നിന്നും പറിച്ചുചീന്തിയ ഒരേടാണ്.ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു".
    പക്ഷെ എല്ലാം ഒരു കഥയായി കാണാനാണ് എനിക്കിഷ്ടം...

    സസ്നേഹം

    ReplyDelete
  8. മഹേഷ്‌.. ഇതേ അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍.. അത് കൊണ്ട് തന്നെ ഈ കഥയെ, അല്ല ജീവിതത്തെ പറ്റി ഒന്നും പറയാനാകുന്നില്ല.. മഹേഷിനും അത് പോലെ എനിക്കും ഒരേ പോലെ ഈ ജീവിതത്തിന്‍റെ ക്ലൈമാക്സ്‌ ഭംഗിയായി പൂരിപ്പിക്കാന്‍ ആകട്ടെ എന്ന പ്രത്യാശയോടെ.. പ്രാര്‍ത്ഥനയോടെ..

    ReplyDelete
  9. ഹലോ മഹേഷ്‌ ജി.. എഴുത്തുകാരനോട്‌ കഥയുടെ പിന്നാമ്പുറങ്ങള്‍ പറയാന്‍ പറയരുത് എന്നുള്ളതിനാല്‍ ചോദിക്കുന്നില്ല. പ്രണയത്തിന്റെ പൊള്ളല്‍ ചെറുതായി അനുഭവിച്ചതിനാല്‍ എഴുത്തിലെ തീവ്രത മനസ്സിലായി.. കഥയായാലും സത്യമായാലും.. ഒക്കെ നന്നായി തീരട്ടെ.

    ReplyDelete
  10. എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് അറിയുന്നില്ല..വരികൾ വേദനിപ്പിച്ചു..ശുഭ പര്യവസാനത്തിനായി പ്രാർത്ഥിക്കുന്നു...

    ReplyDelete
  11. ജീവിതവുമായി കൂട്ടി വായിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പ്രയാസമാണ്.
    പക്ഷെ ഒരു കഥ ആയി കണ്ട് പറയട്ടെ , മികച്ച അവതരണം.
    വരികള്‍ തീവ്രത ഉണ്ട്. പ്രണയവും നൊമ്പരും ഉണ്ട് . നന്നായി

    ReplyDelete
  12. പെണ്‍ പിള്ളേരോട് പ്രായവും ഗല്ഫുകാരോട് ജോലിയും ബ്ലോഗറോട് കഥക്ക് പിന്നിലെ കാര്യവും ചോദിക്കരുതെന്നാണ് പ്രമാണം. അതുകൊണ്ട് ഈ നല്ല കഥക്ക് അഭിനന്ദനങ്ങളും അതിനു പിന്നിലെ കാര്യത്തിനു ആശംസകളും നേരുന്നു.

    ReplyDelete
  13. ആ സുഗന്ധം നഷ്ടമാകാതെയിരിക്കട്ടെ

    ReplyDelete
  14. കഥ എന്ന രീതിയില്‍ നന്നായിരിക്കുന്നു.

    ReplyDelete
  15. ഹോ ! ഒരു പൂമ്പാറ്റ കൂടി ചിറകു കരിഞ്ഞു വീണു ...:)

    ReplyDelete
  16. ബൂലോകം ചിലപ്പോള്‍ വേറൊരു ലോകം.
    സ്വന്തം ലോകം ഇല്ലാതാക്കും ചിലപ്പോഴത്.
    കഥയുടെ വഴികളില്‍ വഴി തെറ്റിപ്പോവും.

    ReplyDelete
  17. കഥ വരുന്ന വഴികൾ...!!!!

    ReplyDelete
  18. പ്രണയത്തിന്റെ സൈബർസാധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട് ഈ കഥയിൽ. പിന്നെ മഹേഷേ, ആ കൊച്ചിന്റെ അവസാനത്തെ പ്രത്യക്ഷപ്പെടൽ ഒരു ഡാവായിരിക്കും അല്ലേ, ഇനിയൊരിക്കലും ശല്യപ്പെടുത്താതിരിക്കാൻ.

    ReplyDelete
  19. പ്രണയത്തെ കുറിച്ചു എനിക്ക് വലിയ അഭിപ്രായം ഇല്ല..എന്നാലും എഴുത്ത് എനിക്കിഷ്ടമായി.. ഇനിയൊരു നഷ്ടം കൂടി വരാതിരിക്കട്ടെ..

    ReplyDelete
  20. വരികള്‍ക്ക് പ്രണയത്തിന്‍റെ തീവ്രത , സങ്കടപ്പെടുത്തുന്ന
    ക്ലൈമാക്സ്, ഇത് കഥ മാത്രമായിരിക്കണേ എന്നാഗ്രഹിക്കുന്നു ....

    ReplyDelete
  21. ഇതൊരു കഥയല്ല എന്ന തോന്നല്‍ എനിക്കുണ്ട്. എന്തുകൊണ്ടോ ക്ലാരയുടെ കാമുകന്റെ ജിവിതത്തിലെ ഏതോ ഒരേട് പോലെ.. എങ്കിലും കഥയെന്ന ഫോര്‍മാറ്റില്‍ ഇതിന് കൈയടി. നന്നായി പറഞ്ഞു. ജീവിതമാണെങ്കില്‍ എന്ത് പറയണമെന്ന് അറിയില്ല..

    ReplyDelete
  22. തീവ്രമായ രചനാ ശൈലി.
    വരികളില്‍, പ്രണയം, നൊമ്പരം നിറഞ്ഞു നില്‍ക്കുന്നു...
    ഇതൊരു കഥ മാത്രമായി കാണാനാഗ്രഹിക്കുന്നു.

    ReplyDelete
  23. പ്രിയപ്പെട്ട മഹേഷ്‌..

    ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്ന് ആഗ്രഹിക്ക്ന്നു.

    താങ്കളുടെ ബ്ലോഗില്‍ പലതും വായിച്ചിട്ടുണ്ട് ..ഇഷ്ട്ടപ്പെട്ടവയും അല്ലാത്തവയും ഉണ്ട്. എന്നാല്‍ ഇത്ര ത്രീവ്രമായ ഒരു കഥ/അനുഭവം ഇത് ആദ്യമായി ആണ് വായിക്കുന്നത് എന്ന് പറയട്ടെ.

    ഈ കഥയുടെ പിന്നില്‍ ഒരു നീറുന്ന ഹൃദയം ഉണ്ട്..ആരുടെ കഥയാണെങ്കിലും.
    അപൂര്‍വമാണ് ഈ തരം സ്നേഹബന്ധങ്ങള്‍..ഇക്കാലത്ത്.

    എല്ലാ ആശംസകളും..

    ReplyDelete
  24. ദൈവമേ !! ആര് ഏതു വഴി പോയാലും എന്‍റെ മണ്ടയ്ക്കാണല്ലോ..ഞാനാണോ ഈ ബ്ലോഗിണിയെന്നാ പലരുടെയും സംശയം...മഹേഷേ !!.. പ്രിയ സഹോദരാ !!...നയം വ്യക്തമാക്കൂ....

    ReplyDelete
  25. @പ്രിയ മഞ്ഞുതുള്ളി,

    ഒരു കഥ എവിടെ വരെ പോയിരിക്കുന്നു? ഇത് നീയല്ല, ഇത് നിന്നെക്കുറിച്ചല്ല എന്ന് ഇത് പോലെ എത്ര സോദരിമാരോട് എനിക്ക് പറയേണ്ടി വരുമോ ആവോ? ഇപ്പോള്‍ എനിക്കൊരു ബ്ലോഗിണി ഒഴികെ ബാക്കിയെല്ലാ ബ്ലോഗിണിമാരും സഹോദരിമാരാണ്... നീ തീര്‍ച്ചയായും എന്റെ സഹോദരി ലിസ്റ്റില്‍ എന്നുമുണ്ടാവും.

    വാല്‍ക്കഷണം: വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ? ഇത് പോലെ ഊഹാപോഹങ്ങള്‍ എന്തെങ്കിലും ആരെങ്കിലും പറഞ്ഞു ആ പൊട്ടി പെണ്ണ് കേട്ടാല്‍ എന്റെ കാര്യം കട്ടപ്പുക.

    അടിയൊഴുക്കുകള്‍: ബൂലോകത്തെ നല്ലവരായ ബ്ലോഗ്ഗര്‍മാരിലെ പലരും തങ്ങളുടെ കൂട്ടുകാരായ ബ്ലോഗിണിമാരോട് 'ഇത് നീയാണോ' എന്ന ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു അത്രേ :-)

    ReplyDelete
  26. thank you brother.. :-))

    ReplyDelete
  27. ഹ!
    എനിക്കൊരു സംശയവുമില്ല.
    ഇതു കഥ തന്നെ!
    മഹേഷിന് പ്രതിഭയുണ്ട്!

    ReplyDelete
  28. ഹോ..അവസാനം ക്ലാര വന്നല്ലൊ. മഴക്കൊപ്പമല്ലേലും ബ്ലോഗുകള്‍
    തുഴഞ്ഞ്..സമാധാനമായ്. യഥാര്‍ത്ഥത്തില്‍ നീയത് അര്‍ഹിക്കുന്നുവെങ്കില്‍ ആ പ്രണയം നിന്റടുത്ത് എത്തും.ബി ഹാപ്പി മാന്‍..

    ReplyDelete
  29. കൺഫ്യൂഷസ് ആയല്ലോ. കഥയാണെന്ന് കരുതി, പിന്നെ ഇതാ താങ്കളുടെ കമന്റ് പറയുന്നു ഒരാൾ ഒഴികെ എന്ന്. എന്താ ഇപ്പൊ പറയുക? കഥയായിരുന്നെങ്കിൽ താങ്കളുടെ പ്രീവിയസ് കഥകളേക്കാൾ നന്ന് എന്ന് പറയാനാവില്ല, കാരണം അതിൽ ചിലതൊക്കെ അത്രയും നല്ലതാണ്. പിന്നെ അനുഭവമാണെങ്കിൽ വിഷ് യു ഗുഡ് ലക്ക് ബ്രദർ. എവരിത്തിങ്ങ് ഹാപ്പെൻസ് ഫോർ എ റീസൺ.

    ശക്തമായ വരികൾ ഇതിലുമുണ്ടായിരുന്നു. ജയൻ ജി പറഞ്ഞത് പോലെ താങ്കളിൽ നല്ലൊരു എഴുത്തുകാരനുണ്ട്.

    ReplyDelete
  30. പ്രിയ മുല്ല,

    മൂന്നര മാസം മുന്‍പ് എന്റെ 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' എന്ന കഥക്ക് മുല്ല പറഞ്ഞ അഭിപ്രായം ഇവിടെ എടുത്തു എഴുതുന്നൂ...

    "ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും..
    യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രണയം അര്‍ഹിക്കുന്നെണ്ടെങ്കില്‍ അത് നിങ്ങളെ തിരഞ്ഞ് വരിക തന്നെ ചെയ്യും. പ്രതിരോധിക്കാന്‍ പോലും സാവകാശം കിട്ടാതെ നിങ്ങളതില്‍ ആഴ്ന്നു പോകുകയും ചെയ്യും.
    കഥ നന്നായി.ആശംസകള്‍. "

    ഇതിലെ ആദ്യ വാചകം ആ കഥയില്‍ മുല്ലയ്ക്കിഷ്ടപ്പെട്ട ഒരു വാക്യം ആണെന്ന് കരുതുന്നു..എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വാക്യവും അത് തന്നെ..
    അത് കഴിഞ്ഞ് എഴുതിയിരിക്കുന്നത് കഥയെ കുറിച്ചല്ല, അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രചയിതാവിന്റെ മനസ്സിനെ കുറിച്ചാണ്...
    അന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു, എങ്ങനെയാണ് കഥക്കുള്ളിലെ കഥാകാരന്റെ കഥയെ കുറിച്ച്, നൊമ്പരത്തെ കുറിച്ച് കൃത്യമായി മുല്ല മനസിലാക്കിയത് എന്നോര്‍ത്ത്...

    ആ പഴയ കാര്യം ഓര്‍ത്തു വെക്കുകയും, ഇന്ന് വീണ്ടും എന്റെ ബ്ലോഗില്‍ വന്നു ആ ഓര്‍മ്മയില്‍ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി...

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. കഥ സംഭവിച്ചതായാലും സാങ്കല്‍പികമായാലും നന്നായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  33. ഹും.... ഈയ്യാം പാറ്റകൾ..........

    ReplyDelete
  34. എഴുത്ത് നന്നായിരിക്കുന്നു. ഒരു കഥ മാത്രം വായിച്ചു അഭിപ്രായം പറഞ്ഞാല്‍ തെറ്റിപ്പോകും.ഇടക്ക് വരാം.

    ReplyDelete
  35. ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം !
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം

    ReplyDelete
  36. @അനാമിക ടീച്ചര്‍,
    ആദ്യ അഭിപ്രായത്തിനു ഒരുപാട് നന്ദി...

    @സീത*
    നന്ദി സീത, വിലപ്പെട്ട അഭിപ്രായത്തിനും ആശംസകള്‍ക്കും...
    "അനുഭവങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾക്ക് ആകർഷണീയത കൂടും." എന്ന സീതയുടെ വാക്യവും ഇഷ്ട്ടപ്പെട്ടു.. എന്റെ ജീവിതം തന്നെ അനുഭവങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു യാത്രയാണ്..

    @ശ്രീ,
    ശ്രീ പറഞ്ഞത് ശരിയാണ്..ചില കഥയില്‍ നിന്ന് കഥയും ജീവിതവും വേര്തിരിച്ചെടുക്കുവാന്‍ ബുദ്ധിമുട്ടാണ്..
    നമുക്ക് തല്‍ക്കാലം ഇതിനെ ഒരു കഥയായി കരുതാം..

    @ഒരു യാത്രികന്‍,
    നന്ദി, മറുപടി നേരത്തെ എഴുതിയിട്ടുണ്ട് കേട്ടോ..

    @Rare Rose
    നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി...
    കിടെക്കിടെ വരിക.

    @സന്ദീപ്‌,
    താങ്കളുടെ വേദന എനിക്ക് മനസിലാക്കാന്‍ ആകുന്നു....
    കാത്തിരിക്കൂ പ്രിയ സുഹൃത്തേ, പ്രതീക്ഷയുടെ പുത്തന്‍ വിളക്കുകള്‍ തെളിച്ച്...
    നിങ്ങളുടെ പ്രണയം താങ്കള്‍ക്കു എന്നും ഒരു പ്രചോദനം ആയിരിക്കട്ടെ എന്ന് ആശമിസ്ച്ചു കൊണ്ട്...
    തുറന്നു കാണിച്ച മനസിന്‌ ഒരായിരം നന്ദി....

    @ഏപ്രില്‍ ലില്ലി,
    പ്രണയത്തിന്റെ പൊള്ളല്‍ കാലത്തിനു വഴി മാറുമ്പോള്‍ അത് സുഖമുള്ള ഒരു നൊമ്പരം ആകും..
    ഇടയ്ക്കിടെ ഓര്‍ക്കാന്‍, ഓര്‍ത്തു വെറുതെ വേദനിക്കാന്‍ എന്തെങ്കിലും ഒക്കെ വേണ്ടേ...
    അഭിപ്രായത്തിനു ഒത്തിരി നന്ദി...

    @അനശ്വര,
    നഷ്ട്ടപ്പെട്ടതിലും വലുതായി ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ഇപ്പൊ എല്ലാ വേദനകളും ഒരു ശീലമാണ്... എല്ലാം ഇതുപോലെ കേവലം ഒരു കഥയില്‍ തീരുന്ന ദുഃഖങ്ങള്‍ മാത്രം.. ചുമ്മാ കരഞ്ഞത് കൊണ്ട് എന്ത് കാര്യം. ഒരു ജോക്കറിനെ പോലെ ചുമ്മാ ചിരിക്കാം...

    @ചെറുവാടി,
    കഥയായി കണ്ടതിനു, നല്ല അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി..

    @ഡോ. ആര്‍ കെ,
    നല്ല കഥയാണ് എന്ന് കേള്‍ക്കുന്നതില്‍ പെരുത്ത്‌ സന്തോഷം...
    ഇടയ്ക്കിടെ വിമര്‍ശനങ്ങളും അറിയിക്കണേ...നന്ദി..

    @vavvakkavu,
    നന്ദി, വന്നതിനു, വായിച്ചതിനു, ആശംസകള്‍ക്ക്...

    @റാംജി,
    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി...

    ReplyDelete
  37. @രമേശ്‌ അരൂര്‍,
    പൂമ്പാറ്റക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? :-)

    @ഒരില വെറുതെ,
    പറഞ്ഞതൊക്കെയും സത്യം..സ്വന്തം ലോകം ഇല്ലാതാക്കും ചിലപ്പോഴത്...
    കൃത്രിമ സൌഹൃദങ്ങളുടെയും ഫെയ്ക്ക് പ്രോഫൈലുകളുടെയും ബൂലോകം..

    @ചെമ്മാടന്‍,
    ഒരു കഥക്ക് വരാന്‍ പ്രത്യേകം വഴിയൊന്നും വേണ്ടല്ലോ.. അവന്‍ എതിലെയും വരും...
    ടിക്കറ്റും എടുക്കണ്ട...

    @ശ്രീനാഥന്‍ മാഷേ,
    അതൊരു അടവായിരിക്കില്ല എന്ന് കരുതാം മാഷേ.. എങ്കിലല്ലേ പ്രതീക്ഷകള്‍ ഉണ്ടാകൂ...
    എന്തെങ്കിലും ഒക്കെ പ്രതീക്ഷകള്‍ ഉണ്ടാകുമ്പോഴല്ലേ ജീവിതത്തിനു അര്‍ത്ഥമുണ്ടാകുന്നത്...

    @Sreekkuttyy
    എഴുത്ത് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. ഓരോ നഷ്ടവും എനിക്ക് ഓരോ കഥകള്‍ ആണ് ശ്രീക്കുട്ടീ, അതിനാല്‍ തന്നെ ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകട്ടെ എന്നാണു എന്റ പ്രാര്‍ത്ഥന...

    @Lipi Ranju,
    ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു..അഭിപ്രായത്തിനു ഒരുപാട് നന്ദി.

    @മനോരാജ്,
    കഥയെന്ന ഫോര്‍മാറ്റില്‍ ഇതിന് കയ്യടി അല്ലേ..? ഇന്ന് ഇത് അനുഭവം ആണേല്‍ പോലും നാളെ ഒരു കഥയായി മാറും... ഇന്നലെകളും ഇന്നും നാളേക്ക് വഴി മാറുമ്പോള്‍ അനുഭവങ്ങള്‍ എന്നും കഥകള്‍ മാത്രമായി അവശേഷിക്കും. പിന്നെ, ക്ലാരയുടെ കാമുകന്‍ എന്നുള്ള ആ വിളി ഒത്തിരി ഇഷ്ടായി കേട്ടോ :-)

    @തണല്‍,
    വളരെ നന്ദി...

    @മിഴിനീര്‍ത്തുള്ളി,
    നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി...
    ഇതിനെ ഒരു കഥ മാത്രമായി കണ്ടോളൂട്ടോ...കഥയാണെങ്കില്‍ ക്ലൈമാക്സ് എപ്പോള്‍ വേണേലും മാറ്റിയെഴുതാം അല്ലേ...

    @ബൈജു വചനം said ...
    "mki ki ki... "
    ഇതെന്താ കോഡു ഭാഷ വല്ലതും ആണോ ബൈജു ചേട്ടാ....
    സ്റ്റെനോഗ്രാഫി പഠിച്ചിട്ടുണ്ടോ? അതോ ഇതിലെ ബ്ലോഗിണിയുടെ പേര് പറയുവാനുള്ള (വിഫല)ശ്രമം ആണോ? ദൈവമേ, എത്ര ബ്ലോഗിണി മാരുടെ ചീത്ത എനിക്ക് കേള്‍ക്കേണ്ടി വരുമോ ആവോ. ഏതായാലും ഉടനെ ഒരു നീണ്ട നിഷേധ കുറിപ്പ് ഉടന്‍ എഴുതി തയ്യാറാക്കി വെച്ചേക്കാം.. Hi hi :-)

    ReplyDelete
  38. @mumsy-മുംസി,
    എന്തോ.....................:-)

    @വില്ലേജ്മാന്‍,
    താങ്കാളുടെ തുറന്ന അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി..
    ഇഷ്ട്ടപ്പെടാത്ത ഏതൊരു കഥയെ കുറിച്ചും താങ്കള്‍ക്കു ഇവിടെ ഉറക്കെ വിളിച്ചു പറയാം... വളരണം എന്ന ആഗ്രഹം ഉള്ളതിനാല്‍, കാതലായ വിമര്‍ശനങ്ങളെ ഹൃദയം കൊണ്ട് സ്വീകരിക്കാന്‍ ഞാന്‍ എന്നും എപ്പോഴും തയ്യാറാണ്..

    കഥക്ക് നല്‍കിയ വിലപ്പെട്ട അഭിപ്രായങ്ങളെ സസന്തോഷം സ്വീകരിക്കുന്നു...
    സ്നേഹബന്ധങ്ങള്‍-ക്കും വില കല്‍പ്പിക്കുന്ന ഈ ലോകത്ത് ആത്മാര്‍ത്ഥമായി ആരെയേലും സ്നേഹിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍...

    @മഞ്ഞുതുള്ളി,
    മറുപടി കമന്റു കണ്ടല്ലോ അല്ലേ...പക്ഷെ കഥയെ കുറിച്ച് ഒന്നും പറഞ്ഞില്ല..

    @ജയേട്ടാ........................,
    jayanEvoor said...
    "ഹ!
    എനിക്കൊരു സംശയവുമില്ല.
    ഇതു കഥ തന്നെ!
    മഹേഷിന് പ്രതിഭയുണ്ട്! "

    പ്രതിഭ എന്ന പേരില്‍ ബ്ലോഗ്ഗിണിമാര്‍ ആരും ഇല്ലല്ലോ അല്ലേ.. :-)
    നന്ദി ജയേട്ടാ...നന്ദി...നല്ല വാക്കുകള്‍ക്കു...

    @മുല്ല,
    ഒരായിരം നന്ദി...

    @ഹാപ്പി ബാച്ചിലേഴ്സ്,
    ഹാപ്പി ബാച്ചിലേഴ്സ് said...
    "കൺഫ്യൂഷസ് ആയല്ലോ. കഥയാണെന്ന് കരുതി, പിന്നെ ഇതാ താങ്കളുടെ കമന്റ് പറയുന്നു ഒരാൾ ഒഴികെ എന്ന്"
    ഒരാള്‍ ഒഴികെ എന്ന് പറഞ്ഞത് ഒരുപക്ഷെ പപ്പേട്ടന്റെ ക്ലാര ഉദ്ദേശിച്ച് ആയിക്കൂടെ :-)

    കണ്ഫ്യൂഷന്‍ തീര്‍ക്കണമേ....കണ്ഫൂഷ്യന്‍ ആക്കി ആള്‍ക്കാരെ വട്ടു പിടിപ്പിക്കുക എന്നതും എഴുത്തിന്റെ ഒരു ശാഖയാണ്‌...വടക്കോട്ട്‌ ചാഞ്ഞു നില്‍ക്കുന്ന്ന തെങ്ങിന്റെ കിഴക്കോട്ടു വളര്‍ന്നു നില്‍ക്കുന്ന ശിഖരം പോലെ. ഹ ഹ :-)

    നല്ല വാക്കുകള്‍ക്കു വളരെ നന്ദി ഹാപ്പി ബാച്ചിലേഴ്സ്....

    @ഏറനാടന്‍,
    വന്നതിന്, വായിച്ചതിന്, അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി...

    @പൊന്മളക്കാരന്‍,
    ദൈവമേ ഇനി 'ഈയ്യാം പാറ്റകൾ' എന്ന പേരിലും വല്ല ബ്ലോഗിണി ബ്ലോഗും ഉണ്ടോ? ചതിച്ചോ :-)

    @അനില്‍@ബ്ലോഗ്‌,
    സമയം കിട്ടുമ്പോള്‍ വരിക, കിട്ടുന്ന എല്ലാ വിമര്‍ശനങ്ങളും എനിക്ക് നല്ല വാക്കുകള്‍ ആണ്...
    വരുമ്പോള്‍, വായിക്കുമ്പോള്‍ കഴിവതും തെറ്റുകള്‍ ചൂണ്ടിക്കുമല്ലോ അല്ലേ..
    നന്ദി...

    @piyag,
    ഭ്രമം പ്രണയത്തോട് മാത്രമല്ലല്ലോ. മനുഷ്യന് എന്തിനോടും ഭ്രമം ആണ്...
    'വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം' എന്ന് പറഞ്ഞത് പ്രണയത്തെ കുറിച്ചാണോ അതോ പോസ്റ്റിനെ കുറിച്ചാണോ? പ്രണയത്തെ കുറിച്ചാവും അല്ലേ ?

    @Anju Nair,
    thank you.....

    ReplyDelete
  39. സുഹൃത്തുക്കളെ,
    ഒടുവില്‍ കിട്ടിയ വാര്‍ത്ത.

    ഈ പോസ്റ്റിനെ കുറിച്ചും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ബ്ലോഗിണി ആര് എന്ന് കണ്ടു പിടിക്കാനും വേണ്ടിയുള്ള അന്വേഷണം ബൂലോകത്തെ രഹസ്യ പോലീസ് ആരംഭിച്ചു. ഓള്‍ കേരള ബ്ലോഗ്‌ പൂവാലന്‍ ‍അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണത്തിന് ബൂലോക മുഖ്യമന്ത്രി ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ബൂലോകത്തെ നിരവധി ബ്ലോഗിണിമാരെ ചോദ്യം ചെയ്തു വരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്..

    എന്നെ ഫോളോ ചെയ്തിരിക്കുന്നതും ഞാന്‍ ഫോളോ ചെയ്തിരിക്കുന്നതും ആയ ബ്ലോഗിണികള്‍, ഞാന്‍ കമന്റു ഇട്ടിട്ടുള്ളതും എനിക്ക് കമന്റു നല്കിയിട്ടുള്ളതും ആയ ബ്ലോഗിണികള്‍ തുടങ്ങിയവരെ ആണ് ആദ്യ ഖട്ടത്തില്‍ ചോദ്യം ചെയ്യുന്നത്... ഇത് മൂലം എന്റെ എല്ലാ ആരാധികമാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആദ്യമേ തന്നെ മാപ്പ് ചോദിച്ചു കൊള്ളുന്നു...

    ഒരു പ്രത്യേക അറിയിപ്പ്:
    എന്റെ മറ്റു പോസ്റ്റുകള്‍ക്ക് അഭിപ്രായം പറയുകയും ഇതിന് മാത്രം അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്ന ബ്ലോഗിണിമാരെ സസൂഷ്മം നിരീക്ഷിച്ചു വരുന്നതായി രഹസ്യ വിവരം കിട്ടിയിട്ടുള്ളതിനാല്‍ നിങ്ങള്‍ എത്രയും പെട്ടന്ന് കമന്റ് ഇട്ടു സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...
    - നിങ്ങളുടെ സ്വന്തം ബ്ലോഗ്ഗര്‍ മഹേഷ്‌

    ReplyDelete
  40. ഒരു സകാർദ്രമായ പ്രണയം..

    ReplyDelete
  41. അയ്യോ..ഞാന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു..സംശയിക്കുന്നവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു..:)))

    ReplyDelete
    Replies
    1. Appol alu ningal alla alle ? Njan pedichu poyi. Ippol Samadhanamayi

      Delete
  42. Maheshetta,
    Enikkum parayanundu ithu poloru katha..paranjittu, paranjittum theeratha katha..Anway athokke ormichu kanneranayan ithu sahayakamayi...pakshe ee naayika????

    ReplyDelete
  43. Maheshetta,
    Enikkum parayanundu ithu poloru katha..paranjittu, paranjittum theeratha katha..Anway athokke ormichu kanneranayan ithu sahayakamayi...pakshe ee naayika????

    ReplyDelete
  44. പാവം ബ്ലോഗ്ഗിനി നിനക്ക് വേണ്ടി ഒരു വാക്ക് ഞാന്‍ ഇവിടെ പറയുന്നു . പ്രണയിച്ചാലും പ്രണയ നഷ്ട്ടം വന്നാലും പോസ്ടാക്കും ബ്ലോഗ്ഗര്‍ മാര്‍ . വന്നു വന്നു ഒരു ബ്ലോഗ്ഗരെ പ്രേമിക്കാന്‍ പോലും പറ്റാത്ത അവസ്ഥ . ഇത് എന്തിന്ന വെള്ളരിക്ക പട്ടണോ ?

    ReplyDelete
  45. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്
    ഹഹഹാഹാഹാആആആആആ..........
    ഹെനിക്ക് മേലായേ ന്‍‌റെ പുണ്യാളാ................. :(

    “എന്റെ എല്ലാ രചനകളിലും ആത്മകഥാംശം ഉണ്ട്“

    ReplyDelete
  46. എന്നെന്നുമെന്‍ പാന പാത്രം നിറയ്ക്കട്ടെ
    നിന്നസാന്നിധ്യം പകരുന്ന വേദന...........

    മനസ്സില്‍ ഏല്‍ക്കുന്ന മുറിവിന് വേദന കൂടും അല്ലെ സോദരാ....

    ReplyDelete
  47. കഥയോ ജീവിതമോ രണ്ടായാലും പറഞ്ഞ രീതി മനോഹരം.
    ഇനി കഥ ജീവിതത്തിലേതെങ്കില്‍ പകരം കൂട്ടുകാരിയെ പിടിക്കാം. അല്ലാതെന്ത്...???? സന്ദേശങ്ങള്‍ സംഭരിച്ചു വെക്കാന്‍ 'ഇന്‍ ബോക്സ്‌' ഫ്രീയല്ലേ..?

    ReplyDelete
  48. എനിക്കീ കഥയിലെ രണ്ടു ബ്ലോഗ്ഗര്‍മാരേയും
    മനസ്സിലായിട്ടില്ല കെട്ടോ..

    സത്യായിട്ടും!!!!

    ReplyDelete
  49. കഥയല്ലിതു ജീവിതം.........മനോഹരം,,,ആശംസകള്‍...

    ReplyDelete
  50. മഹേഷ് നിങ്ങടെ ആംസ്റ്റർ ഡാമിലെ സുഖം കിട്ടിയില്ല എങ്കിലും പ്രണയം നന്നായി പറഞ്ഞു അല്ലേലും ഒന്നു മറ്റൊന്നുമായി വ്യത്യസ്ഥത പുലർത്തുമ്പോഴാണല്ലോ .. ആസ്വാദനം സുഖകരമാകുന്നത് ..എന്തു കൊണ്ടോ ആംസ്റ്റർ ഡാമിലെ സുന്ദരി മനസിൽ മായാതെ നിൽക്കുന്നതു കൊണ്ടാകാം അത് .

    ReplyDelete
  51. അവൾ വളരെ ബുദ്ധിപൂർവ്വം രക്ഷപ്പെട്ടു...!
    ജീവിക്കാൻ പഠിച്ചവൾ...!!
    അവൾക്ക് ആശംസകൾ...

    ReplyDelete
  52. നിങ്ങളുടെ കാത്തിരിപ്പിനെ തടയാന്‍, സ്വപ്നം കാണുന്ന നിങ്ങളുടെ മനസ്സില്‍ മുള്‍‌വേലിക്കെട്ടാന്‍ ആര്‍ക്കുമാവില്ല. അവള്‍ക്കു വേണ്ടി കാത്തു കാത്തിരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥം നിറഞ്ഞതാണെന്നും ഈ ജീവിതം എത്ര സുന്ദരമാണെന്നും തോന്നും.

    പ്രണയം ഓരോ വ്യക്തിക്കും വ്യത്യസ്ഥങ്ങളായ അനുഭവങ്ങളായിരിക്കും നല്‍കുക. നിങ്ങളുടേത് ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ ഒരു വിധിക്കും നിങ്ങളെ മുക്കിക്കൊല്ലാനാകില്ല.

    ഞാന്‍ ഇവിടെ നിങ്ങള്‍ എന്നു എഴുതിയത് മഹേഷ് എന്ന അര്‍ത്ഥത്തിലല്ല കെട്ടോ. ഞാന്‍ ആ കഥാനായകനോടാണ്‌ പറയുന്നത്. അയാളെയാണ്‌ ആശ്വസിപ്പിക്കുന്നത്.

    ReplyDelete
  53. ഒരാളെയും സ്നേഹിക്കാത്തപ്പോള്‍ എല്ലാവര്ക്കും കൊടുക്കണമെന്ന് തോന്നുന്നതും, ഒരാളെ സ്നേഹിക്കുമ്പോള്‍ മറ്റാര്‍ക്കും കൊടുക്കാനാവാത്തതുമായ വികാരമാണ് പ്രണയം.
    തികച്ചും സത്യം..
    പിന്നെ അവള്‍ പറഞ്ഞ പോലെ സംസാരിക്കാതെയും, കാണാതെയും നമുക്ക് പരസ്പരം സ്നേഹിക്കാന്‍ കഴിയും.. അങ്ങനെ കഴിയണം.. അതാണ്‌ പ്രണയം.. നാം സ്നേഹിക്കുന്ന ആള്‍ നമ്മുടേത് ആയില്ലെങ്കില്‍ പോലും ലോകത്തിന്റെ എവിടെ ആയാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരുന്നാല്‍ മതി എന്ന് പ്രാര്‍ഥിക്കുമ്പോള്‍ പ്രണയം സത്യം ആകുന്നു.

    ReplyDelete
  54. എഴുതി തീര്‍ത്തപ്പോള്‍ താങ്കള്‍ അനുഭവിച്ച സമാധാനം മനസിലാക്കുന്നു...

    "എന്റെ മനസിലെ ചിന്തകള്‍ക്ക് തീ പിടിച്ചിരിക്കുകയാണ്. ഒരു വേലിയേറ്റത്തിനും കെടുത്താനാവാത്ത വിധം അത് ആളിപ്പടരുകയാണ്. ആ ആളിക്കത്തലിനെ ഞാന്‍ ഭയപ്പെടുന്നു.
    ഇനിയും തുടര്‍ന്നാല്‍ അത് ഉന്മൂലനത്തിന്റെ ലഹരി എന്നില്‍ നിറയ്ക്കും.
    നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അല്ലാതാകുന്ന ആ ലഹരിയില്‍ ഞാന്‍ സ്വയം ക്രൂശിക്കപ്പെടും.
    ജീവിതത്തിന്റെ അവസാനത്തെ കഴുക്കോലും അടര്‍ന്നു വീഴുന്നത് നീ കാണാന്‍ നില്‍ക്കുകയാണോ?
    നിന്റെ ഒരു വാക്കിന് എന്റെ ഉള്ളിലെ തീ അണയ്ക്കാനാകും എന്നറിഞ്ഞിട്ടും എന്തേ നീ ഒന്നും മിണ്ടാത്തത് ? "

    തീയുടെ ചൂട് അറിയാന്‍ കഴിയുന്ന വാക്കുകള്‍

    നീ പാവമാണ്. ഐ ലവ് യു സോ മച്ച്....."
    ഈ ഐ ലവ് യു സൊ മുച്ച് വേണ്ടായിരുന്നു... വാക്കുകള്‍ക്ക് തീവ്രത ഇല്ലാതാക്കി

    മികച്ച അവതരണം

    ReplyDelete
  55. ഇതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു".


    medical science ഏത് രക്തവും തുടച്ചു മാറും

    ReplyDelete
  56. ഹി ഹി ഹി ... ഞാന്‍ ഇതില്‍ എന്ത് കമന്റ്‌ ഇടാനാ ! പ്രണയം ദുഖമാണുണ്ണി !

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..