Tuesday, February 8, 2011

പിശാച് കയറിയ തീവണ്ടി

പൊടുന്നനെ തന്നെ തനിച്ചാക്കി എന്തിനാണവര്‍  ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങിപ്പോയത്?.
അല്ലെങ്കില്‍ തീവണ്ടി ത്രിശ്ശൂരില്‍ നിര്‍ത്തിയപ്പോള്‍ ജെനറല്‍ കമ്പാര്ട്ട്മെന്റില്‍ മാറി കയറാമായിരുന്നു.

എന്തോ..ഭയത്തിന്റെ ചൂളം വിളികള്‍ ചെവിയില്‍ മുഴങ്ങുന്നതു പോലെ.
അകാരണമായ ഒരു ഭീതി ഉള്ളിലേക്ക് തിരമാലകള്‍ കണക്കെ അലയടിച്ചുയരുന്നു..

ശാന്തമായിരുന്ന മനസ്സിലേക്ക് അലോസരപ്പെടുത്തുന്ന എന്തോ ഒന്ന് ശരവേഗത്തില്‍ കടന്നു വന്നിരിക്കുന്നു.
അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിയായി ചുറ്റും ശൂന്യത.
മൊബൈലെടുത്ത് അമ്മയെ വിളിച്ചു സംസാരിച്ചപ്പോഴാണ് അല്പമെങ്കിലും ആശ്വാസം കിട്ടിയത്. എങ്കിലും എന്തോ പോലെ.

ഓടുന്ന തീവണ്ടിയുടെ ജനലുകളില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍, ഇരുട്ടില്‍ ചിലങ്കയണിഞ്ഞ പിശാചുക്കള്‍ നൃത്തം ചെയ്യുന്ന പോലെ..
ഇടക്കിടെ അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
പിറ്റേന്നു തന്നെ പെണ്ണ് കാണാന്‍‍  വരുന്നതിനെക്കുറിച്ചും തനിക്കിഷ്ട്ടപ്പെട്ട കറികള്‍ ഒരുക്കി അത്താഴം കഴിക്കാന്‍ തന്റെ വരവും കാത്ത് എല്ലാവരുമിരിക്കുന്നു എന്നുമൊക്കെ അമ്മ പറഞ്ഞിട്ടും ഒരു സമാധാനവും ഇല്ലാത്തപോലെ.


തീവണ്ടി വള്ളത്തോള്‍ നഗറില്‍ എത്തിയിരിക്കുന്നു.
മൊബൈലില്‍ സമയം നോക്കി. ഷൊര്‍ണ്ണൂര്‍ക്ക് ഏതാനും മിനുട്ടുകള്‍ കൂടിയേ ഉള്ളൂ.. സ്റ്റേഷനില്‍ തന്നെ കാത്ത് ഇപ്പോള്‍ വീട്ടില്‍ നിന്നാരെങ്കിലും എത്തിയിട്ടുണ്ടാകും.

ഒരിക്കല്‍ കൂടി അമ്മയെ വിളിക്കണമെന്ന് തോന്നി മൊബൈല്‍ കയ്യിലെടുത്തു. മൊബൈലിലെ റെയ്ഞ്ച് കാണിക്കുന്ന സിഗ്നലുകള്‍ പൊടുന്നനെ അപ്രത്യക്ഷമായി. മൊബൈല്‍ എടുത്ത് തിരികെ ബാഗില്‍ വെച്ചു.

വണ്ടി വീണ്ടും ഓടിത്തുടങ്ങിയിരുന്നു.
പെട്ടന്നായിരുന്നു അത്; ആരോ തന്റെ കമ്പാര്ട്ട്മെന്റിലേക്ക് ചാടിക്കയറുന്നു.
അതൊരു പുരുഷന്‍ ആണെന്നറിഞ്ഞതും വല്ലാതെ കിടുങ്ങി.
ഒരു ഒറ്റക്കയ്യന്‍...
അയാള്‍ തന്റെ നേറ്ക്കാണു.
പ്രജ്ഞയറ്റു പോകുന്നുവോ?
അമ്മേ..രക്ഷിക്കണേ..

ബാഗെടുത്ത് തന്നോട് ചേര്ത്ത് പിടിച്ച് ഒരു മൂലയിലേക്ക് പതുങ്ങി.
അയാള്‍ അടുത്ത് വന്ന്, ബാഗിനുവേണ്ടി ഒറ്റക്കൈ കൊണ്ട് ഒറ്റവലി. ബാഗിനു വേണ്ടിയുള്ള ആ മല്പ്പിടുത്തം കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ വരെയെത്തിച്ചു.
അലറിക്കരച്ചിലുകള്‍ വണ്ടിയുടെ ചൂളം വിളിയില്‍ മുങ്ങി.
ഇപ്പോഴയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.


എവിടെയെക്കെ ആണ് മര്‍ദ്ദനം ഏല്‍ക്കുന്നതെന്നോ പിടിച്ച് വലിക്കുന്നതെന്നോ അറിയാതെ ബാഗിനു വേണ്ടി ചെറുത്തു നില്‍ക്കുകയായിരുന്നു.
തന്റെ വസ്ത്രങ്ങള്‍ കീറിത്തുടങ്ങിയത് കണ്ടപ്പോള്‍ അയാള്‍ക്ക് ഉന്മാദം മൂത്തു.
പെട്ടന്നാണു അയാളുടെ ഒരു ഊക്കന്‍ ചവിട്ട് കിട്ടിയത്.
ബാഗിലെ പിടി വിട്ടു.
ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു.
കരിങ്കല്‍ ചീളുകളിലേക്ക് ദേഹമിടിച്ച് വീണു, എങ്ങോട്ടോ ഉരുണ്ട് ശരീരം നിശ്ചലമായി.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
അനങ്ങാന്‍ പറ്റുന്നില്ല.
അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു.
"അമ്മേ...." അലറിക്കരഞ്ഞു.
ഉറക്കെയുറക്കെ കരഞ്ഞു.
ഒടുവില്‍ ശബ്ദം നേര്‍ത്ത് വന്നു.
ശരീരമാകെ നുറുങ്ങുന്ന വേദന.

ആരൊ ഒരാളുടെ നിഴല്‍ അനങ്ങുന്നത് കണ്ടപ്പോള്‍ കഠിനവേദനക്കിടയിലും രക്ഷപെടുമെന്ന ഒരുപിടി പ്രതീക്ഷകള്‍ ഇരച്ചു കയറി.
"രക്ഷിക്കണേ..." ശബ്ദം അവ്യക്തമായ ഒരു ഞരക്കം മാത്രമായി.
മുന്നില്‍ വന്നു നിന്ന നിഴലിന്റെ മുഖം കണ്ട് വീണ്ടും ഞെട്ടി.
അതേ ഒറ്റക്കയ്യന്‍...

ദേഹമാസകലം വേദനകൊണ്ടു പുളഞ്ഞു.
കണ്ണുകള്‍ ഒരിറ്റ് ദയക്കുവേണ്ടി അയാളോട് യാചിച്ചു.
ശബ്ദം ഇടറി വീണു.
"പ്ലീസ്..എന്നെ രക്ഷിക്കണേ.."
കണ്ണുകള്‍ പിന്നെയും നിറഞ്ഞൊഴുകി.

അയാളുടെ കൈകള്‍ തനിക്ക് നേരെ നീണ്ടപ്പോള്‍ രക്ഷിക്കാനാണെന്ന് കരുതി. പക്ഷേ...
സര്‍വ്വശക്തിയുമെടുത്ത് ഒരിക്കല്‍ കൂടി അലറിക്കരഞ്ഞു.
അയാള്‍ ഒറ്റക്കൈ കൊണ്ട് തന്റെ മുടിക്ക് കുത്തിപ്പിടിച്ച്, വലിച്ചിഴച്ച്, പാളത്തിലടിപ്പിച്ചു; പല തവണ.

ഒരു ഞരക്കം പോലും ത്രാണിയറ്റ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.
ബോധത്തിന്റേയും അബോധാവസ്ഥയുടേയും ഇടയ്ക്കുള്ള നൂല്പ്പാലത്തിലൂടെ ജീവന്റെ കണ്ണുകള്‍ അപ്പോഴും അയാളെ ദയനീയമായി നോക്കി.
 
ചോരകൊണ്ട് തലയുടെ അടിഭാഗം മുഴുവന്‍ നനഞ്ഞിരിക്കുന്നു.
എങ്ങോട്ടൊ അയാള്‍ തന്നെ വലിച്ചിഴയ്ക്കുന്നു...
പിന്നെ, ശരീരത്തിലൂടെ ഒരായിരം വിഷപാമ്പുകള്‍ ഒരുമിച്ച് കയറിയിഴയുന്നതുപോലെ...
എല്ലുകള്‍ നുറുങ്ങുന്ന വേദനക്കിടയിലും അറപ്പ് തുപ്പലായി വായിലൂടെ പുറത്തോട്ടൊഴുകി.
കാമവെറി തീറ്ത്ത്, ചണ്ടിയുപേക്ഷിച്ച് അയാള്‍ പോയി.

അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു.
അമ്മേ..ഒരിറ്റ് ജീവന്‍ ബാക്കി തരണേ...ഒരാളോടെങ്കിലും അയാളെക്കുറിച്ച് പറയാന്‍ അല്പം കരുണ...ദൈവമേ..

ഒടുവില്‍ ആ പ്രാര്‍ഥന മാത്രം ആരോ കേട്ടു.
ആദ്യം അടുത്ത് വന്നവരോട് പറഞ്ഞു. "ഒരു ഒറ്റക്കയ്യന്‍..."
അച്ഛനെക്കുറിച്ചോറ്ത്തു.
"ചേച്ചീ.." അനിയന്റെ സ്വരമല്ലേ അത്?
ഇഷ്ടവിഭവങ്ങളൊരുക്കി തനിക്കായി കാത്തിരിക്കുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം അവസാനമായി മനസ്സില്‍ തെളിഞ്ഞു..
പിന്നെ, ബോധം മറഞ്ഞു...

***********************

ചിലങ്ക കെട്ടിയിരുന്ന പാദങ്ങള്‍ ചലിക്കാതായിരിക്കുന്നു.
ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്താണ്..
പുഴുവരിക്കാന്‍ ദേഹിയെ മണ്ണിനു വിട്ട് കൊടുത്ത് ആത്മാവിനെ സ്വതന്ത്രമാക്കി.
മരണക്കുറിപ്പെഴുതി പതിവുപോലെ മാധ്യമങ്ങള്‍ പലരെയും കരയിപ്പിച്ചു.
ഇത്തവണ കുറച്ചു പേര്‍ കൂടുതല്‍ കരഞ്ഞു കാണണം.

ഒരു മൃഗം പോലും ഇതുപോലൊന്ന് ചെയ്യില്ല എന്നറിയുമ്പോഴും, മുന്നില്‍ ചെന്ന് പെട്ട ഒരു ഇരയെപ്പോലും ഒരു സിംഹവും ഇത്ര ക്രൂരമായി പീഡിപ്പിക്കുകയില്ല  എന്നറിയുമ്പോഴും, ഒറ്റക്കയ്യാ ഞാന്‍ നിന്നോട് ക്ഷമിക്കുകയാണ്..നിന്റെ കൈകാലുകള്‍ വെട്ടി നീതി നടപ്പാക്കണം എന്ന് പറയാന്‍ ഏതെങ്കിലുമൊരു വിപ്ലവകാരി ഇവിടെ ഉണ്ടെങ്കില്‍ , അവന്റെ മുന്നില്‍ നീ ഒരിക്കലും ചെന്ന് പെടരുതെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.

ഞാന്‍ എല്ലാവരോടും ക്ഷമിക്കുകയാണ്...
യാത്ര ഏതാനും സമയം വൈകുമെന്നതിനാല്‍, ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി ഒരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന നല്ലവരായ എന്റെ സഹയാത്രികരോട്‌..
ഞാന്‍ രക്ഷപെടുന്നതിലും ഭേദം മരിക്കുകയാണ് എന്ന് പറഞ്ഞു സഹതപിച്ച എന്റെ പ്രിയപ്പെട്ടവരോട്..
ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി അന്ധരായ ഭരണാധികാരികളോട്..
പതിവ് പോലെ പരസ്പരം ചെളി വാരിയെറിഞ്ഞാഘോഷിക്കുന്ന നേതാക്കന്മാരോട്..
ഒരാഴ്ചത്തെ ആയുസ്സ് പോലുമില്ലാത്ത പ്രസ്താവനകള്‍ ഇറക്കി ജീവിക്കുന്ന ബുദ്ധിജീവികളോട്..
മരണത്തിന്റെ ഒന്നാം പിറന്നാളിന് പ്രസിദ്ധീകരിക്കാന്‍ ഇന്നേ ഓര്‍മ്മക്കുറിപ്പ്‌ എഴുതി അലമാരയില്‍ സൂക്ഷിക്കുന്ന മിടുക്കന്മാരോട്..
എല്ലാവരോടും ഞാന്‍ ക്ഷമിക്കുകയാണ്..
സര്‍വ്വം സഹയാണല്ലോ സ്ത്രീ..

എല്ലാം എന്റെ വിധി ആണ്; എന്റെ കുടുംബത്തിന്റെയും.
എങ്കിലും ഞാനൊരിടത്തും പോകാതെ ഇവിടെ തന്നെ ഉണ്ടാകും..
വള്ളത്തോള്‍ നഗറിനും ഷൊര്‍ണൂരിനുമിടയിലുള്ള റയില്‍ പാളങ്ങളില്‍ കണ്ണീര്‍ വാര്‍ത്ത്...
എന്റ മുടിയിഴകളില്‍ പൂണ്ട രക്തത്തിന്റെ മണവുമായെതുന്ന ഇവിടത്തെ കാറ്റില്‍ ഞാനുണ്ടാകും..
പക്ഷെ നരാധമാ, ഇനി എന്നെ ഒന്നും ചെയ്യാന്‍ നിനക്കാകില്ല..
വായില്‍ ദംഷ്ടകളുമായി പുതിയ ഇരകള്‍ക്കായി നീ കാത്തിരുന്നു കൊള്ളുക..
എന്റെ ഊഴം കഴിഞ്ഞു..
ഇനി അടുത്തത്...?
നിന്റെ സഹോദരിയുടെതാകാം..എന്റെയും...

ചെകുത്താനേ നിനക്കാശംസകള്‍..!!

37 comments:

  1. പ്രിയ സോദരീ..

    നിന്നോട് ഞാന്‍ മാപ്പ് ചോദിക്കുന്നു...
    നിന്നെ ദ്രോഹിച്ചവന് വേണ്ടി, ആണെന്ന വര്‍ഗ്ഗത്തിന് വേണ്ടി...മാപ്പ്
    എന്റെ കണ്ണുകളില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ ഇനി നിനക്കായി ഞാന്‍ ഒഴുക്കില്ല.
    പകരം, എന്റെ കണ്ണുകളില്‍ പകയാണ്...നിന്നെ ഇല്ലാതാക്കിയവനോടുള്ള പക..!

    ReplyDelete
  2. ഒന്നു വിട്ടു പോയി..
    'ഞാന്‍ ക്ഷമിക്കുകയാണ്...
    എന്റെ വേദനകള്‍ പോസ്റ്റാക്കി ആഘോഷിച്ച്, ഹിറ്റുകള്‍ കാത്തിരിക്കുന്ന ബ്ലോഗര്‍മാരോട്...'

    താങ്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ഇത്തരം കാര്യങ്ങളെപ്പറ്റി 'ഇത്തര'ത്തില്‍ പ്രതികരിക്കുമ്പോള്‍ അല്പം കൂടി ചിന്തിക്കുന്നത് നല്ലതല്ലേ?

    ReplyDelete
  3. കാര്യങ്ങള്‍ ഇപ്പോള്‍ ഈ വഴിക്കായോ.

    ReplyDelete
  4. "എന്റെ മനസ്സിലൊരു നീറ്റലായി മാറുന്ന ഈ നൊമ്പരപ്പൂവിന് ...........ഒരിറ്റു കണ്ണുനീര്‍ "

    താങ്കള്‍ക്കു ഇങ്ങനെയെങ്കിലും പ്രതികരിക്കുവാന്‍ കഴിഞ്ഞല്ലോ,എല്ലാം വെറും പ്രഹസനമാകുന്ന ഈ കാലത്ത് !......... നന്ദി മഹേഷ്‌ .

    എല്ലാം സഹിക്കാം ,ഭൂമിയോളം ക്ഷമിക്കാം.......

    ReplyDelete
  5. ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

    ഈ ചർച്ചയിൽ പങ്കെടുക്കൂ
    http://www.jayanevoor1.blogspot.com/

    ReplyDelete
  6. നന്ദു | naNdu | നന്ദു, you said it..
    ആ അഭിപ്രായത്തിനടിയില്‍ ഒരൊപ്പ് മാഷെ.

    ReplyDelete
  7. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്

    ReplyDelete
  8. @നന്ദു | naNdu | നന്ദു
    "പക്ഷേ, ഇത്തരം കാര്യങ്ങളെപ്പറ്റി 'ഇത്തര'ത്തില്‍ പ്രതികരിക്കുമ്പോള്‍ അല്പം കൂടി ചിന്തിക്കുന്നത് നല്ലതല്ലേ? "

    ഇത്തരം കാര്യങ്ങളെപ്പറ്റി 'ഇത്തര'ത്തില്‍ പ്രതികരിക്കുമ്പോള്‍ അല്പം കൂടി, എന്ത് ചിന്തിക്കണം എന്ന് വിശദമായി താങ്കള്‍ ഒന്ന് വ്യക്തമാക്കാമോ?
    താങ്കളുടെ ചോദ്യം എന്നെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു..

    ReplyDelete
  9. ബ്ലോഗിലൂടെയും എസ് എം എസ് വഴിയും എല്ലാവരും പ്രതിഷേധിക്കും കാര്യം വരുബോ എന്താവും അവസ്ഥ .....

    ReplyDelete
  10. പ്രതികരണം ഏതു നിലയ്ക്കായാലും അത് മനുഷ്യനന്മയ്ക്ക് വേണ്ടിയാവുമ്പോള്‍ നല്ലത് തന്നെയാണ്. ഇവിടെ മൌനം ഭൂഷണമല്ല. ആ നിലക്ക് ഒരു ബ്ലോഗ്ഗര്‍ തന്റെ പോസ്റ്റിലൂടെ പ്രതികരിച്ചാല്‍ അതും നല്ലത് തന്നെ. അത്രയെങ്കിലും വായിക്കുന്ന ഒരാള്‍ aware അയെന്കിലോ.

    ReplyDelete
  11. ഈ പോസ്റ്റില്‍ കുറവുകളൊന്നും കാണുന്നില്ല. കാരണം ഇതേ ചിന്തയില്‍ തന്നെയാണ് ഞാനും.

    ReplyDelete
  12. നാലു നാള്‍ കഴിയുമ്പോള്‍ നമ്മുടെ ചിന്തകളും സംവാദങ്ങളും തണുത്തുറയും

    ReplyDelete
  13. പ്രിയസുഹൃത്തെ,
    ഇത്തരം വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയോട് എനിക്ക് തീരെ താല്പര്യമില്ല. ഈ കഥ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയത് ആ പാവം പെണ്‍കുട്ടിയെ വീണ്ടും കൊല്ലാക്കൊല ചെയ്യുന്നതായിട്ടാണ്. (താങ്കള്‍ ഉദ്ദേശിച്ചത് അപ്രകാരമല്ലാതിരുന്നിട്ടും!) അത്രത്തോളം വിശദാംശങ്ങളോടെ...
    അവസാന പാരഗ്രാഫ് ഒരല്പം ക്രൂരമായിപ്പോയില്ലേ എന്നു സംശയം.
    ഷൊര്‍ണ്ണൂരിലെ സംഭവം താങ്കളില്‍ ഉണ്ടാക്കിയ അമര്‍ഷവും വേദനയും തന്നെയാണ് താങ്കള്‍ ഈ പോസ്റ്റിലൂടെ പ്രകടിപ്പിച്ചത് എന്നു മനസ്സിലാകുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ കഥയിലേക്ക് convert ചെയ്യുമ്പോള്‍, വികാരങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍, ഒരല്പം കൂടി ശ്രദ്ധ ആവശ്യമായിരുന്നു എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

    (ഓ.ടോ. ചില തിരക്കുകള്‍ കാരണം കുറച്ചു ദിവസമായി ബൂലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. താങ്കളുടെ മെയില്‍ ഇന്നാണു കാണുന്നത്. അഭിപ്രായം ശ്രദ്ധിച്ചതിന് നന്ദി.)

    ReplyDelete
  14. മഹേഷ്, ഞാനിത് നേരത്തെ കണ്ടിരുന്നു. പക്ഷേ അന്നൊന്നും പറയാനുള്ള മൂഡായിരുന്നില്ല. അത്രക്കുണ്ടായിരുന്നു സംഭവത്തിന്റെ ഷോക്ക്. എല്ലാവരോടും ദേഷ്യം,സങ്കടം.ആ കുട്ടി മരിക്കുമെന്ന് അറിയാരുന്നു,അത്രക്കും ഉണ്ടായിരുന്നു പരിക്ക് തലച്ചോറിന്.ആ അവസ്ഥയില്‍ രക്ഷപ്പെട്ടിട്ടും കാര്യമില്ല, ജീവനുള്ള ശവം പോലെ കിടക്കും അവസാനം വരെ. അതിലും നല്ലത് മരിക്കുക തന്നെ.എന്നാലും ഇങ്ങനൊക്കെ സംഭവിച്ചല്ലോ ,ആരും ഒന്നു തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന സങ്കടം,അതാണു കൂടുതല്‍ വിഷമിപ്പിച്ചത്.എന്തേ നമ്മളൊക്കെ ഇങ്ങനെ..? നന്നാവില്ലെ നമ്മളാരും..?

    ReplyDelete
  15. ഈ പോസ്റ്റ്‌ മുഴുവന്‍ ഞാന്‍ വായിച്ചില്ല, ഇനിയും ഒരിക്കല്‍ കൂടി ആ വാര്‍ത്തകളിലൂടെ കടന്നു പോകാന്‍ ശക്തിയില്ല.
    എങ്കിലും, ഏത് രീതിയില്‍ ആണെങ്കിലും, പ്രതികരിക്കാന്‍ തോന്നിയ മനസ്സുണ്ടായല്ലോ, അധികമൊന്നും ചെയ്യാന്‍ കഴിയാത്ത നമ്മുക്ക് ഇത്രയെങ്കിലും!
    ഞാനും ഇതില്‍ പങ്കു ചേരുന്നു...

    ReplyDelete
  16. "പിശാചു കയറിയ തീവണ്ടി" സൗമ്യയുടെ മനസ് കണ്ട ഒരു കുറിപ് ആണ് .
    അനിവാര്യമായിരുന്ന ഒന്ന് തന്നെ, ശ്രീ മഹേഷ്‌ വിജയനില്‍ തോന്നിച്ചതും.
    ബഹുമാനിക്കുന്നു.....

    ReplyDelete
  17. കയ്യിലിരിപ്പിന്റെ ഗുണത്താൽ ഒരുകൈ നേരത്തെ മൊഴിചൊല്ലി.
    ചിന്തയുടെ ഗുണത്താൽ ഇവന്റെ തല ആണടുത്തതായി പോകേണ്ടത്.
    നല്ല തലക്കെട്ട്.
    ആദ്യഭാഗം അല്പം കാച്ചിക്കുറുക്കാമായിരുന്നു.

    ReplyDelete
  18. പ്രതികരണ ശേഷി നഷ്ടപ്പെടുന്നവര്‍ക്കിടയില്‍ പെടാത്ത ഒരാള്‍ കൂടി ..പക്ഷെ ..എങ്കിലും ഒരു പക്ഷെ ബാക്കിയാവുന്നല്ലോ മഹേഷ്‌ ..!

    ReplyDelete
  19. നമ്മുടെ നാട്ടില്‍ എന്തെങ്കിലും നടന്നുകഴിയുമ്പോ എല്ലാവരും
    അതിനു പുറകെ കുറച്ചുനാള്‍ കൊടിപിടിക്കും ..പിന്നെ എല്ലാം
    പഴയ പോലെ......പോസ്റ്റ്‌ നന്നായി.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. മാനുഷിക മൂല്ല്യങ്ങൾ നശിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണ ശേഷിമാത്രമാണ് നമുക്കിന്ന് ബാക്കിയുള്ളത്.. അതും കൂടി ഇല്ലാതായാൽ!!

    ReplyDelete
  22. 'എന്റെ ഊഴം കഴിഞ്ഞു..
    ഇനി അടുത്തത്...?
    നിന്റെ സഹോദരിയുടെതാകാം..എന്റെയും...'

    ReplyDelete
  23. നന്നായിട്ടുണ്ട്

    ReplyDelete
  24. വായിച്ചു.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..:)

    ReplyDelete
  25. മഹേഷിന്റെ ഉദ്ദേശശുദ്ധിയെ ഞാന്‍ അംഗീകരിക്കുന്നു. ഇതുപോലുള്ള പ്രതികരണങ്ങള്‍ക്ക് സമൂഹ മനസാക്ഷിയില്‍ ചെറിയ ചലനങ്ങള്‍ സൃഷ്‌ട്ടിക്കാന്‍ കഴിഞ്ഞാല്‍ അതൊരു നല്ല കാര്യമല്ലേ?

    ReplyDelete
  26. കണ്മുന്നില്‍ ഒരു അപകടം നടക്കുമ്പോള്‍ നമ്മള്‍ നോക്കിയിരിക്കും എല്ലാം സംഭവിച്ചു കഴിഞ്ഞതിനു ശേഷം പട്ടിയേ പോലെ കുരക്കും...ചത്ത കുട്ടിയുടെ ജാതകം നോക്കും പോലെ...കണ്മുന്നിലെ അനീതിക്കെതിരെ നമ്മള്‍ പ്രതികരണ ശക്തിയുള്ളവരായി എന്നു മാറുമോ ആവോ..?എല്ലാത്തിനും കാരണം നമ്മുടെ നിയമ ബലഹീനത തന്നെ

    ReplyDelete
  27. മഹേഷ്‌ സര്‍.................

    കഥ നന്നായി .......................അതിലുമുപരി..................................................................................
    മനുഷ്യന്‍,മനസ്,സ്ത്രീ,വ്യക്ത്തിബന്ധം എന്നിവയൊക്കെ എന്താണെന്ന് പറഞ്ഞുകൊടുക്കേണ്ട സമൂഹത്തിന്റെ വൃത്തികെട്ട മുഖത്തിന്‌ നേരെയുള്ള മികച്ച വൈകാരികമായ ഒരു പ്രതികരണം.................................
    ഇങ്ങനെ പോലും പ്രതികരിക്കാന്‍ കഴിയാത്തവര്‍ എത്രയോ പേര്‍.................................................................................
    എന്തിലും ഭ്രമിച്ചു നടക്കുന്ന ജനങ്ങള്‍ക്കിടയില്‍ അല്‍പ്പം ക്രൂരമെന്നു വായിക്കുന്നവര്‍ക്ക് തോന്നുമെങ്കിലും ഇത്തരം കഥകള്‍ വേണമെന്നാണ് എന്റെ അഭിപ്രായം....................
    മോശമായാലും നല്ലതായാലും ജനങ്ങള്‍ (പ്രത്യേകിച്ച് മലയാളികള്‍) കാര്യമായ കാര്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ പഠിക്കണം.......................................................നമ്മുടെ പ്രതികരണങ്ങളെ ആരെങ്കിലും ഒക്കെ വിമര്‍ശിക്കട്ടെ...................
    ഒന്നുമില്ലേല്‍ ആ ഒരാളെങ്കിലും ആ സംഭവത്തെ പറ്റി ഒന്ന് ചിന്തിച്ചു കാണുമല്ലോ........................................................
    ആശംസകള്‍..................................


    സാരഥി

    ReplyDelete
  28. krooram aaya thudarkkadha.....
    nissangatha kondu mukham
    moodunna kaapatyam....

    ReplyDelete
  29. Vayanakkaran aa ramgam bhavanayil kaanan idayulla reethiyilulla presentation vendayirunnu ennanu ente abhiprayam. Anganeyulla sadist mentality ullavarum koode ulppedunnathanu ee vrithi ketta samooham. Udhesha shudhiye question cheyukayallatto. Sathyathinu nere mugham thirichittu karyam onnum illa. Ennalum... Anyway post touching aanu. Heart breaking..

    ReplyDelete
  30. മോശായത് കാണുമ്പോള്‍ തീര്‍ച്ചയായും പ്രതികരിക്കണം. നല്ല കാര്യം തന്നെ. hrty cngrts.

    ReplyDelete
  31. ഇതിലെ എഴുത്തിനെ മാത്രമ ഞാൻ വിലയിരുത്തുന്നു...നല്ല എഴുത്താണു...ഒഴുക്കുണ്ട്...വായനക്കാരിൽ ആകാംഷ ജനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്...പ്രമേയം...എന്തോ മനസ്സിൽ തോന്നിയതു പറയാനാണെങ്കിൽ അവളെ ഒന്നുകൂടെ കൊല്ലുകയായിരുന്നു എന്നു പറയാം...പ്രതികരിക്കാത്ത സമൂഹത്തോടുള്ള വിദ്വേഷമാണാ വാക്കുകളിൽ കാണുന്നത്...എങ്കിലും മഹേഷേട്ടാ.....

    ReplyDelete
  32. വളരെ വൈകി വരാൻ മഹേഷ് ജി, ശക്തമായി പ്രതികരിച്ചിരിക്കുന്നു. കാണാം

    ReplyDelete
  33. പ്രതികരിക്കാനും അഭിപ്രായം പറയാനും സഹതാപം പങ്കിടാനും എന്നും ഒരുപാടു പേരുണ്ടാവും... പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ആരും ഉണ്ടാവാത്തത്

    ReplyDelete
  34. ഒടുവില്‍ അയാളെയും കാത്തു ആ വിധി എത്തി

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..