Friday, October 23, 2009

ചരിത്രസത്യം

ഒരു സന്തോഷവാര്‍ത്ത എനിക്ക് നിങ്ങളെ അറിയിക്കുവാനുണ്ട്. എന്താണത് ? ഞാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവര്‍ത്തമാനം. ഇതെങ്ങനെ ഒരു സന്തോഷം തരുന്ന വാര്‍ത്തയാകും എന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ അസൂയാലുക്കളുടെ പരദൂഷണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല.

നമുക്കു വിഷയത്തിലേക്ക് വരാം. മേല്‍പ്പറഞ്ഞ തീരുമാനം അത് ഞാന്‍ ആദ്യമായി എടുത്ത ഒന്നല്ല. ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ അന്ന് മുതല്‍ കാലാകാലങ്ങളായി ഞാന്‍ എടുത്തു പോരുന്ന ഒരു തീരുമാനമാണത്. ഇന്നലെ വീണ്ടും ഒരിക്കല്‍ കൂടി എടുത്തു എന്ന് മാത്രം.

എന്തുകൊണ്ടാണ് ഞാനീ തീരുമാനം കൂടെകൂടെ എടുക്കുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പെണ്ണ് കെട്ടാതെ അല്ലെങ്കില്‍ കിട്ടാതെ ഇപ്പോഴും ഒരു ക്രോണിക്‌ ബാച്ചിലര്‍ ആയി തുടരുന്നതിനാല്‍ ആ തീരുമാനം വീണ്ടും വീണ്ടും എടുക്കുവാന്‍ നിര്ബന്ധിതനായി തീരുന്നു എന്നതാണ് പരമാര്‍ത്ഥം.

അപ്പോള്‍ അവിടെ ഉദിക്കുന്ന ഒരു ചോദ്യം എന്തുകൊണ്ടാണ് എനിക്ക് പെണ്ണ് കിട്ടാത്തത് എന്നതാണ്. ആരും പെണ്ണ് തരില്ലാത്രേ ! വിവാഹപ്രായമെത്തിയ നമ്മുടെ നാട്ടിലെ എല്ലാ കന്യകമാരുടെയും അവരുടെ അപ്പന്മാരുടെയും ചരിത്രപരമായ മണ്ടത്തരമായേ എനിക്കതിനെ കാണുവാന്‍ കഴിയൂ.. അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പുരോഗമന ചിന്താഗതിക്കാരനും സ്നേഹമുള്ളവനും വിശാലമനസ്ക്കനും സര്‍വ്വോപരി ഒരു കഥാകാരനുമായ എനിക്ക് ഇ ഗതി വന്നത്? തീര്ച്ചയായും ഇവിടുത്തെ ചരിത്രകാരന്മാര്‍ ഭാവിയില്‍ പഠനവിഷയമാക്കേണ്ട ഒന്നാണത്.

എനിക്ക് എന്തെങ്കിലും സാരമായ തകരാറുണ്ടാകും അതിനാലാണിങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങള്‍ സന്ദേഹിച്ചേക്കാം. കോട്ടയം കുഞ്ഞച്ചനാണെ, ആട് തോമായാണെ സത്യം എനിക്ക് ഒരു കുഴപ്പവുമില്ല. പെര്‍ഫെക്ടിലീ ഓള്‍ റൈറ്റ്. പൂര്‍ണ്ണ ആരോഗ്യവാനായ വൈകല്യങ്ങളൊന്നുമില്ലാത്ത ജന്മനാതന്നെ സല്‍സ്വഭാവി ആയ ഒരു പാവം ചെറുപ്പക്കാരന്‍.

വയസ്സ് വെറും ഇരുപത്തിയേഴ്. അത്യാവശ്യം തരക്കേടില്ലാത്ത ഉദ്യോഗം. വല്ലപ്പോഴും ഒരു ബിയറടിക്കും, അതും ബാറില്‍ വച്ചു മാത്രം. മറ്റ് കുടിയന്മാരെപോലെ അല്ല, കുടിച്ചു കഴിഞ്ഞാല്‍ വാള് വെക്കാനറിയില്ല. മെലിഞ്ഞിരിക്കുന്നതിനാല്‍ ആരോടും തല്ലു കൂടാന്‍ പോകുമെന്നോ തല്ലു കിട്ടുമെന്നോ പേടിക്കേണ്ട ആവശ്യമില്ല. എന്റെ കടും ചുവപ്പാര്‍ന്ന കണ്ണുകള്‍ ശരീരത്തില് ആവശ്യത്തിനു രക്തമുണ്ടെന്നതിനു തെളിവാകുന്നു. അതിനാല്‍ തന്നെ, കണ്ണില്‍ ചോരയില്ലാത്തവന്‍ എന്ന് എന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ല. മീരയേയും അഞ്ജലിയേയും ഒക്കെ സ്നേഹിക്കുക വഴി സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയമാണെനിക്കുള്ളത് എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

ഇത്രയൊക്കെ നല്ലവനായിട്ടും, എന്റെ വന്‍ ഡിമാന്ഡുകള്‍ കാരണമാകാം എനിക്ക് പെണ്ണ് കിട്ടാത്തതെന്നു നിങ്ങള്‍ക്ക് സോഭാവികമായി തോന്നിയേക്കാം. എന്നാല്‍ തോന്നല്‍ പൂര്ണ്ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. എനിക്ക് പ്രധാനപ്പെട്ട ഒരൊറ്റ ഡിമാണ്ട് മാത്രമേ ഉള്ളൂ. ബിരിയാണിക്ക് അച്ചാര്‍ എന്ന പോലെ മറ്റു ചില ചെറിയ നിബന്ധനകള്‍ മാത്രമാണ് പിന്നുള്ളത്.

പെണ്കുട്ടി ഒരു സുന്ദരിക്കൊച്ചായിരിക്കണം എന്നതാണ് ഈയുള്ളവന്‍ എളിമയോടെ മുന്നോട്ടു വെക്കുന്ന ഏക നിബന്ധന. അവളെ കാണുമ്പോള്‍ എനിക്ക് കഥയെഴുതുവാന്‍ തോന്നണം. അത്രേയുള്ളൂ. അവള്‍ക്കും അങ്ങനെ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങളുണ്ടാകില്ലേ എന്ന് ചോദിച്ച കൃമികളും പാഷാണങ്ങളും തെല്ലും മറുപടി അര്‍ഹിക്കുന്നില്ല. ജാതി പ്രശ്നമല്ല, ജാതകം പ്രശ്നമല്ല. സ്ത്രീധനം നയാപൈസ വേണ്ട. പെണ്ണിന്റെ കുലമഹിമ പ്രശ്നമല്ല. ജോലി വേണമെന്നില്ല.

എത്ര നിസ്സാരമാണ് എന്റെ ആഗ്രഹമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. എന്നിട്ടും എന്താണ് എനിക്ക് ആരും പെണ്ണിനെ കെട്ടിച്ചു തരാത്തത്. ? അമേരിക്കയുടെ ബൂര്‍ഷ്വാ നയങ്ങളും ചൈനയിലെ കമ്മൂണിസ്റ്റാധിപത്യവുമാണ് എന്റെ ഈ അവസ്ഥയുടെ പ്രധാനകാരണങ്ങളെന്ന് എന്റെ കൂട്ടുകാരിലൊരാള്‍ ഈയിടെ കണ്ടെത്തുകയുണ്ടായി. മറ്റൊരു സുഹൃത്ത് അഭിപ്രായപ്പെട്ടത് അറബിക്കടലില്‍ ഉണ്ടായ എന്തോ ഒരു സാധാനം ദിശമാറി ബംഗാള്‍ ഉള്‍ക്കടലിനെ ലകഷ്യമാക്കി നീങ്ങിയതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു സ്വയം വിലയിരുത്തലിനു ഞാന്‍ തയ്യാറായത്.

സ്ത്രീധനം വേണ്ട എന്ന് ഞാന്‍ പറഞ്ഞത് നല്ല കാര്യമാണെങ്കിലും ഒരു പക്ഷെ ഞാന്‍ ഒരുപാട് സ്വര്‍ണവും സ്വത്തിന്റെ ഓഹരിയുമൊക്കെ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം കല്യാണം നടക്കാത്തതെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല. എനിക്ക് സ്വത്തിന്റെ ഓഹരിയോ സ്വര്‍ണ്ണമോ വേണ്ടേ വേണ്ട. കല്യാണ സമയത്തോ അതിന് ശേഷമോ പത്തു പവനില്‍ കൂടുതല്‍ സ്വര്ണ്ണാഭരണങ്ങള്‍ അവള്‍ക്കുണ്ടാകാനെ പാടില്ല. അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരി ആയിട്ട് വേണം അവളെന്റെ ജീവിതത്തില്‍ കടന്ന് വരേണ്ടത്.

ഇനി ഒരുപാട് സ്വര്‍ണവും ഓഹരിയുമൊക്കെ ആയി മാത്രമേ എന്റൊപ്പം വരികയുള്ളൂ എന്നവള്‍ ശഠിച്ചാല്‍ അതിനും ഞാന്‍ പോംവഴി കണ്ടിട്ടുണ്ട്. കിട്ടുന്ന സ്വര്ണ്ണത്തില്‍ പാതിയും ഓഹരികള്‍ വിറ്റു കിട്ടുന്ന കാശില്‍ പാതിയും ഏതെങ്കിലും പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളുടെ മംഗല്യത്തിനു വേണ്ടി ചിലവാക്കിയാല്‍ മതി.

എന്നാല്‍ ഞാനീ കാര്യങ്ങളൊക്കെ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞു കഴിയുമ്പോള്‍, അവര്‍ പരസ്പരം നോക്കുകയും എന്തൊക്കെയോ കുശുകുശുക്കുകയും പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു പോകുകയും ചെയ്യുന്നു. അങ്ങനെ പോകുന്നവരാരും മടങ്ങി വരുന്നില്ല. ലവന്‍ ഒരു അരക്കിറുക്കനാണെന്നു അവര്‍ പറയുന്നുണ്ടോ ആവോ ? നിങ്ങള്‍ പറയൂ, ഒരു പുരോഗമന ചിന്താഗതിക്കാരനായിപ്പോതാണോ ഞാന്‍ ചെയ്ത തെറ്റ്.?


പെണ്ണ് കാണല്‍ ചടങ്ങില്‍ വച്ച് പെണ്ണിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നും ഈ ഒരവസരത്തില്‍ നമ്മളൊന്ന് പരിശോധിക്കേണ്ടതാണ്. വിശദമായ ഒരു പഠനത്തിനുശേഷം ഞാന്‍ എഴുതി തയ്യാറാക്കിയ ആ ചോദ്യാവലി താഴെ കൊടുക്കുന്നു.


1. പഴങ്കഞ്ഞി കുടിക്കാറുണ്ടോ? ഇല്ലെങ്കില്‍ കുടിച്ച് ശീലിക്കണം.
2. ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കാറുണ്ടോ ?
3. പത്താം ക്ലാസ്സില്‍ കണക്കിന് കിട്ടിയ മാര്‍ക്കിന്റെ ശതമാനാം ?
4. അപ്പൂപ്പനോടോ അമ്മൂമ്മയോടോ കുട്ടിക്ക് കൂടുതല്‍ ഇഷ്ടം ?
5. എനിക്ക് എന്തങ്കിലും കുഴപ്പം ഉള്ളതായി കുട്ടിക്ക് തോന്നുന്നുണ്ടോ ?


എന്റെ
എല്ലാവിധ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് കല്യാണം നടത്താന്‍ തയ്യാറായി ചില സുന്ദരികളും അവരുടെ വീട്ടുകാരും മുന്നോട്ടു വന്നിരുന്നു എന്നതും കൂട്ടത്തില്‍ എടുത്ത് പറയണമല്ലോ. എന്നിട്ടെന്തു പറ്റി ? കല്യാണം നടന്നില്ലേ എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ഇല്ല, എന്നിട്ടും നടന്നില്ല.

എന്ത് കൊണ്ട് നടന്നില്ല ?

ആലോചന വളരെയധികം മുറുകി ഇപ്പോള്‍ കല്യാണം, നടക്കും എന്ന അവസ്ഥ എത്തുമ്പോള്‍ ഞാന്‍ പെണ്ണിനെ വിളിച്ചു സ്വകാര്യമായി ഒരു കാര്യം പറയും. എന്ത് കാര്യം ?

എനിക്ക് സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ട്. കുട്ടി അതൊന്നു വായിക്കണം.
ബ്ലോഗോ??
അതെ ബ്ലോഗ്‌.
ബ്ലോഗ്‌ അഡ്രസ്‌?
ഇലച്ചാര്‍ത്തുകള്‍ ഡോട്ട് ബ്ലോഗ്സ്പോട്ട്.കോം

എന്റെ ബ്ലോഗ്‌ വായിച്ച് അവള്‍ പോയവഴിയില്‍ ഒരു വൈറസ്‌ പോലും കയറിയിട്ടില്ല എന്നത് ചരിത്രസത്യം.

10 comments:

  1. ആല്ലെങ്കിലും അവള്‍ക്കൊന്നും തലേവരയില്ലയെന്നു കരുതിയാമതി..... പിന്നെ പുരോഗമന ചിന്താഗതിക്കാര്‍ക്കു മാര്‍ക്കറ്റ് ഇപ്പോഴും താഴൊട്ടാണെന്ന സത്യം കാണാതിരിക്കാനാവില്ല.

    ReplyDelete
  2. thalparyathode vayichu theerthu.nannayittundu.idkkulla ee kalam mattam vijayichirikkunnu!

    ReplyDelete
  3. പ്രിയപ്പെട്ട ജെ, അനിലേട്ടാ, അനാമികേ, എല്ലാവര്ക്കും നന്ദി...

    ReplyDelete
  4. ഇനിയെങ്കിലും നന്നായിക്കൂടെ ഭായ്..
    എന്തോ..? ശരീരം നന്നാക്കണ കാര്യല്ല ഞാന്‍ പറഞ്ഞത്
    സ്വഭാവം നന്നാക്കണ കാര്യാ...

    ReplyDelete
  5. എന്നിട്ട് പെണ്ണ് കിട്ടിയോ മാഷേ ?

    ReplyDelete
  6. പ്രിയ, ചങ്കരന്‍ ഇപ്പോഴും തെങ്ങേല്‍ തന്നെ....തെങ്ങ് പിന്നെയും വളര്‍ന്നു വലുതായി...പക്ഷെ...

    ReplyDelete
  7. മഹേഷ്‌ഭായ്..........അസ്സലായിട്ടുണ്ട്.........ഈ ബ്ലോഗ് നിലവിലുള്ളിടത്തോളം കാലം പെണ്ണ് കിട്ടുന്ന കാര്യം ഗോപിയാണെന്നാ തോന്നുന്നത്........എന്തായാലും കലക്കിയിട്ടുണ്ട്....ആശംസകള്‍..........

    ReplyDelete
  8. പടം മാറ്റി പൂവാക്കിയതു പുതിയ ട്രിക്കാ ?

    ഇനി ചിലപ്പോള്‍ പെണ്ണു കിട്ടിയേക്കും :)
    ഏതായാലും ചോദ്യാവലി ഒക്കെ കലക്കി

    ReplyDelete
  9. ഈ കാര്യത്തില്‍ അവളെ കുറ്റം പറയാനുമാവില്ല

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..