Tuesday, January 10, 2012

പാരീസിലെ വിരുന്നുകാരന്‍

"നല്ലാ ആടുങ്കോ ആടുങ്കോ...പൊണ്ണുങ്ങ എതുമേ സൊല്ലമാട്ടെ ...."
പാരീസിലെ പോര്‍ത്ത് മയ്യോവില്‍ ഒരു 'ആഫ്റ്റര്‍ വര്‍ക്ക്' പാര്‍ട്ടിയില്‍ പെണ്കുട്ടികളോടൊപ്പം നൃത്തം ചെയ്യണമെന്നാഗ്രഹമുണ്ടായിട്ടും മടിച്ച് നിന്ന എന്നെ, ഒഴിഞ്ഞ ഷാംപെയിന്‍ ഗ്ലാസ്സുകള്‍ പെറുക്കിയെടുക്കാന്‍ വന്ന ശ്രീലങ്കന്‍ തമിഴ് പയ്യന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു....

പാരീസില്‍ എല്ലാ വ്യാഴാഴ്ചകളിലും അരങ്ങേറുന്ന 'ആഫ്റ്റര്‍ വര്‍ക്ക്‌' പാര്‍ട്ടികള്‍ പ്രണയാതുരമെന്ന കേള്‍വിയാണ്, ഇടതടവില്ലാതെ മഞ്ഞ് പെയ്യുന്ന ഈ തണുത്ത ഡിസംബര്‍ രാവിലും എന്നെ ഇവിടെ എത്തിച്ചത്. തണുപ്പകറ്റാന്‍ എപ്പോഴും ദേഹമാസകലം മൂടിപ്പുതച്ച് നടന്നിരുന്ന പാരീസിലെ സ്വപ്ന സുന്ദരികളെ ഒന്ന് നേരേ ചൊവ്വേ കാണാന്‍ സാധിച്ചതും ആദ്യമായി പാരീസില്‍ എത്തിയത് ഒരു മഞ്ഞ് കാലത്താണെന്നതിന്റെ കേടു തീര്‍ത്തതും ഇവിടെ വെച്ച് തന്നെയാണ്.

എന്നിട്ടും, ഒരു നിശ്വാസമകലത്തില്‍ കണ്മുന്നില്‍ ഫാഷന്‍ തരംഗവും പേറി നൃത്തം ചെയ്യുന്ന തരുണീമണികള്‍ക്കൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ എന്തോ ഒന്ന് എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. എന്തെങ്കിലും കാര്യം ചെയ്ത് തുടങ്ങുവാനുള്ള ഒരു മടി, അതെന്നുമെന്റെ ഈഗോയുടെ ഭാഗമായിരുന്നു.

ഷാംപെയിന്‍ പലവട്ടം എന്റെ ദാഹം ശമിപ്പിച്ചപ്പോള്‍ എന്നില്‍ ഉത്തേജനത്തിന്റെ പുതിയ വീര്യം നിറഞ്ഞു. ഞാനറിയാതെ തന്നെ എന്റെ കാലുകളും കൈകളും ചലിച്ചു. ഞാന്‍ നൃത്തം ചെയ്യുകയായിരുന്നില്ല; നൃത്തം ചെയ്യാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു. സത്യത്തില്‍ ഞാന്‍ നമ്മുടെ നാടന്‍ രീതിയില്‍ തുള്ളുകയായിരുന്നു. ഓട്ടന്‍ തുള്ളലല്ല, വെറും നാടന്‍ തുള്ളല്‍. പണ്ട് പട്ടച്ചാരായം കുടിച്ച വകയില്‍ കിട്ടിയ ആ ശീലം പാരീസില്‍ എന്റെ മാനം കാത്തു എന്ന് വേണമെങ്കില്‍ പറയാം.

യൂറോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത എന്റെ പ്രത്യേകതരം നൃത്തം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ചില ആണുങ്ങള്‍ എന്നോടൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ മുന്നോട്ടു വന്നു. എന്റെ സ്റ്റെപ്സ് അനുകരിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു. ചിലര്‍ മൂക്ക് കുത്തി വീണു.
പാവം സായിപ്പിനറിയാമോ നമ്മുടെ നാടന്‍ അടവുകളുടേയും പ്രയോഗങ്ങളുടേയും രഹസ്യം.
ആരാധന മൂത്ത പലരും തങ്ങളുടെ മൊബൈലില്‍ എന്റെ ചിത്രം പകര്‍ത്തി. അതിനിടയില്‍ ഒരു കാപ്പിരി അയാളുടെ ഷാംപെയിന്‍ എനിക്ക് നേരേ നീട്ടി. എന്റെ തുള്ളല്‍ അവസാനിപ്പിക്കാതെ തന്നെ അതും ഞാന്‍ അകത്താക്കി.

എന്തായാലും എന്റെ കോപ്രായങ്ങള്‍ക്ക്‌ അധികം താമസിയാതെ പ്രയോജനമുണ്ടായി. ഒരു നാല്‍വര്‍ സംഘം എന്നെ അവരോടൊപ്പം ചേര്‍ത്തു. ഞങ്ങള്‍ ഒരുമിച്ചു നൃത്തം ചെയ്തു. അരികിലേക്ക് വരുന്ന ഓരോ പെണ്‍കുട്ടിയെയും ഞങ്ങള്‍ വളഞ്ഞു. നിര്‍ബന്ധ ബുദ്ധ്യാ അല്ലെങ്കില്‍ കൂടിയും, ഞങ്ങളിലൊരാളോടൊപ്പം നൃത്തം ചെയ്തിട്ട് മാത്രമേ അവളെ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ.

ഒടുവില്‍ എന്റെ ഊഴവും വന്നു ചേര്‍ന്നു. ഒഴിഞ്ഞു മാറാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. നാല്‍വര്‍ സംഘം അവളെ വളഞ്ഞ് എന്റരികിലേക്ക് കൊണ്ട് വന്നു. രണ്ടും കല്‍പ്പിച്ച് ഞാനവളുടെ പുറകിലെത്തി, ഇടത് കൈ മുന്നിലേക്കിട്ട് അവളുടെ വയറ്റില്‍ ചുറ്റിപ്പിടിച്ച് എന്നിലേക്ക്‌ അടുപ്പിച്ചു. അവളുടെ വലം കയ്യില്‍ എന്റെ വിരലുകള്‍ കൊരുത്ത് ഞങ്ങള്‍ ചുവടുകള്‍ വെച്ചു. നാല്‍വര്‍ സംഘം ഞങ്ങള്‍ക്ക് ചുറ്റും നിരന്ന് ആര്‍ത്തു ചിരിച്ചു. അല്പം കഴിഞ്ഞ് അവള്‍ പോകവേ അവളുടെ ചെവിയില്‍ എന്റെ പ്രത്യേക നന്ദി അറിയിക്കാന്‍ മറന്നില്ല...."മേഴ്സീ....."

എനിക്കതൊരു തുടക്കം മാത്രമായിരുന്നു. ഇടിച്ചു കയറി പല പെണ്‍കുട്ടികളോടൊപ്പവും ഞാനാടി. ഇംഗ്ലീഷിലും ഫ്രെഞ്ചിലും മാറി മാറി അലയടിച്ച ഡീ.ജെ എന്റെ ഉന്മാദം ഇരട്ടിയാക്കി.
അതിനിടയില്‍ ലാവണ്യം തുളുമ്പുന്ന കൊലുന്നനെയുള്ള ഒരു സ്വര്‍ണ്ണ തലമുടിക്കാരി എന്റെ മുന്നില്‍ വന്നു പെട്ടു. ആരെയും വെറുതെ വിടാന്‍ ഞാനൊരുക്കമായിരുന്നില്ല.

അവള്‍ക്കഭിമുഖമായി ചേര്‍ന്ന്‌ നിന്ന്, ഒരു കൈ കൊണ്ട് അവളുടെ നഗ്നമായ ആലില വയറില്‍ താളം പിടിച്ച്, മറു കൈ കൊണ്ട് അവളുടെ കൈ പിടിച്ച് ഞാന്‍ അവളോടൊപ്പം നൃത്തം ചെയ്തു. കണ്ണുകളില്‍ നിന്നും എന്റെ നോട്ടം ഇടയ്ക്കിടെ അവളുടെ മാറിലെ മനോഹരമായ വിടവിലേക്കു പാറി വീണപ്പോള്‍, ഷാംപെയിന്റെയും ഡീ.ജെ.യുടെയും ലഹരിക്ക്‌ പകരം മറ്റൊരു ലഹരി എന്നില്‍ നിറഞ്ഞു. അവളോടൊപ്പം ഒരു രാവ് മുഴുവന്‍ നൃത്തം ചെയ്യുവാന്‍ ഞാന്‍ മോഹിച്ചു.

"എന്താ നിന്റെ പേര്...?"
"മെലനി...."
"മെലനി...നൈസ് നെയിം...." എന്ന് പറഞ്ഞ് ഞാന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
അവളുടെ തണുത്ത ചുണ്ടുകള്‍ ചൂടായപ്പോള്‍ എന്നില്‍ അനുഭൂതിയുടെ ആലസ്യം നിറഞ്ഞു. പെട്ടന്ന് എന്നെ പുറകോട്ടു തള്ളി മാറ്റി ആള്‍ക്കൂട്ടത്തിനിടയിലൂടെ മെലനി അപ്രത്യക്ഷയായപ്പോള്‍, പൊന്മുട്ടയിടുന്ന താറാവിനെ ഓടിച്ചു വിട്ടതിലുള്ള നിരാശയായിരുന്നു മനസ്സില്‍.

അവളുടെ ചുണ്ടില്‍ നിന്നും എന്റെ ചുണ്ടുകള്‍ പകര്‍ന്നെടുത്ത ലിപ്സ്റ്റിക് ഒരു തൂവാലയില്‍ ഞാന്‍ ഒപ്പിയെടുത്തു. കുറെ നേരം മെലനിയെ തേടിയെങ്കിലും എനിക്കവളെ കണ്ടെത്താന്‍ സാധിച്ചില്ല.

സമയം രാത്രി പതിനൊന്നര മണി കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ തുടര്‍ച്ചയായി നൃത്തമാടിയതിനാല്‍ നന്നേ ക്ഷീണവും തോന്നി. ബാഗേജ് കൌണ്ടറില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന ജാക്കറ്റ് തിരികെ വാങ്ങി, മെലനി അവിടെ എവിടെയേലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി നോക്കിയ ശേഷം നിരാശനായി ഞാന്‍ പുറത്തേക്കിറങ്ങി. റോഡരികില്‍ എത്തിയ എന്നില്‍ ഏത് വഴിക്ക് പോകണം എന്ന ആശയക്കുഴപ്പം സംജാതമായി.

തെരു വിളക്കിന്റെ കാലില്‍ ചാരി നിന്ന് മുഖം ചലിപ്പിച്ച്, എരിയുന്ന സിഗരട്ടിലെ പുകച്ചുരുളുകള്‍ കൊണ്ട് വായുവില്‍ ചിത്രം വരയ്ക്കുന്ന യുവതിയായ ഒരു മദാമ്മയോടു വഴി ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
"ബോണ്‍ഷൂര്‍..."
"ബോണ്‍ഷൂര്‍.............."
"ലാ ദെഫാന്സിലേക്ക് പോകാനുള്ള മെട്രോ സ്റ്റേഷന്‍ എവിടെയാണ്..? " ഞാന്‍ ഇംഗ്ലീഷില്‍ അവരോടു ചോദിച്ചു. ചുണ്ടില്‍ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റിനു കൈവിരലുകള്‍ക്കിടയില്‍ വിശ്രമം അനുവദിച്ച് അവര്‍ എന്നെ സൂക്ഷിച്ചു നോക്കി.

"നീ ഏത് രാജ്യത്ത് നിന്നാണ് വന്നിരിക്കുന്നത് ? "
"ഇന്ത്യയില്‍ നിന്നും...."
"ഞാനും ലാ ദെഫാന്സിലേക്ക് തന്നെയാണ്. വരൂ....നമുക്കൊരുമിച്ചു എന്റെ കാറില്‍ പോകാം "
സുന്ദരിയായ ഒരു സ്ത്രീയുടെ ഇത്തരം ക്ഷണങ്ങള്‍ നിരസിക്കുന്നത് വലിയ പാപമാണെന്നാണ് ചെറുപ്പം മുതലേ ഉള്ള എന്റെ ഉറച്ചവിശ്വാസം. മാത്രവുമല്ല, പാരീസിലെ ഒരു മദാമ്മയുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാന്‍ പറ്റിയ സുവര്‍ണാവസരം കൂടിയാണിത്.

സാന്ദ്രീന്‍ കിബര്‍ലന്‍ എന്ന ആ ഫ്രഞ്ച് വനിതയുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അവരോടൊപ്പം കാറില്‍ പുറപ്പെട്ടു. പിരിയാന്‍ നേരം സാന്ദ്രീനെ, ഞാന്‍ താമസിക്കുന്ന ക്ലെബറിലെ മനോഹരമായ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിക്കണമെന്നും തീര്‍ച്ചപ്പെടുത്തി. മദാമ്മയുമൊത്തുള്ള മനോഹരമായ രാത്രി ഒരു ത്രീഡി ചലച്ചിത്രം കണക്കെ എന്റെ മനസ്സില്‍ തെളിഞ്ഞു. എങ്ങനേയും മദാമ്മയെ ചാക്കിട്ട് കുറെ യൂറോസ് സ്നേഹോപകാരമായി മേടിക്കണമെന്നും എനിക്ക് തോന്നി. അങ്ങനെ പാരീസ് നഗരത്തില്‍ എന്നെ കാത്തിരിക്കുന്ന മഹാഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അത്യധികം ആഹ്ലാദം കൊണ്ടു. ഭാഗ്യം വരുന്ന ഓരോരോ വഴികളേ...മെലനിയുടെയും സാന്ദ്രീന്റെയും എന്ന് വേണ്ട ഇനിയും കണ്ടിട്ടില്ലാത്ത പല സുന്ദരികളുടെയും രൂപത്തില്‍...ആഹഹ.....!

"സാന്ദ്രീന്‍, ബൈ ദ ബൈ, പാരീസിലെ എല്ലാ യുവതികളും നിന്നെപ്പോലെ സുന്ദരികള്‍ ആണോ? "
അവള്‍ക്കാ ചോദ്യം നന്നേ രസിച്ചുവെന്ന്‍ അവളുടെ ചിരിയില്‍ നിന്നും വ്യക്തമായി. ഒരു പെണ്ണിനെ വശത്താക്കാന്‍ ഉള്ള അത്യാവശ്യം ചേരുവകളുമായിട്ട് തന്നെയാണ് ഞാന്‍ ഈ പാരീസില്‍ എത്തിയിരിക്കുന്നത്. അല്ലാതെ നീയൊക്കെ വിചാരിക്കും പോലെ ഞങ്ങള്‍ ഇന്ത്യാക്കാര്‍ അത്ര കിഴങ്ങന്മാര്‍ അല്ല. ഞാന്‍ മനസ്സില്‍ ഊറി ഊറി ചിരിച്ചു.

പെട്ടന്ന് സാന്ദ്രീന്‍, സഡന്‍ ബ്രേയ്ക്കിട്ട് കാര്‍ നിര്‍ത്തി.
"നീ പാരീസില്‍ ആദ്യമായി വരികയാണ് എന്നല്ലേ പറഞ്ഞത്...?"
"അതെ...."
"രാത്രിയുടെ മനോഹാരിതയില്‍ പാരീസ് നഗരം നീ കണ്ടിട്ടുണ്ടോ..?"
"ഇല്ല..."
"എങ്കില്‍ ഈ രാത്രിയില്‍ പാരീസിലെ വര്‍ണ്ണക്കാഴ്ചകള്‍ മുഴുവനും ഞാന്‍ നിനക്ക് കാണിച്ച് തരാം..."
ഞാന്‍ ചെറുതായൊന്നു ഞെട്ടി. ഈ നട്ടപ്പാതിരായ്ക്ക് പാരീസ് നഗരം കറങ്ങാനോ ? ചെന്ന് കിടന്നുറങ്ങിയിട്ട്‌ എനിക്ക് രാവിലെ ഓഫീസില്‍ പോകേണ്ടതാണ്. എനിക്ക് ചിന്തിക്കാന്‍ ഒരവസരം പോലും കിട്ടും മുന്നേ അവള്‍ കാര്‍ തിരിയ്ക്കുകയും മറ്റൊരു വഴിയിലൂടെ അതിവേഗം മുന്നോട്ടോടിയ്ക്കുകയും ചെയ്തു. ദൈവമേ പുലിവാലായോ ?

റോഡിന്റെ ഇരു വശങ്ങളിലും വെള്ളപ്പരവതാനി വിരിച്ചത് പോലെ മഞ്ഞ് വീണുറങ്ങി കിടന്നിരുന്നു. റോഡില്‍ വിശ്രമിച്ച ഐസ് കട്ടകളെ പൊടിച്ചു കൊണ്ടു അതിവേഗം മുന്നോട്ടു കുതിക്കവേ, തെന്നി നിയന്ത്രണം തെറ്റിയ കാര്‍ പലപ്പോഴും പാളുന്നുണ്ടായിരുന്നു. തലയ്ക്കകത്തെ ഷാംപെയിന്റെ ലഹരി പരിണാമം സംഭവിച്ച് ഒരുതരം ആധിയായി എന്റെ സിരകളില്‍ പടര്‍ന്നു.. എന്റെ ഇടത് വശത്തിരുന്ന് ഡ്രൈവ് ചെയ്യുന്ന സാന്ദ്രീനെ ഞാന്‍ ദയനീയമായി നോക്കി.

"വേഗത്തില്‍ പോയില്ലെങ്കില്‍ രാവിലെ ആകുമ്പോഴേക്കും എല്ലാം കണ്ടു തീര്‍ക്കാനാവാതെ വരും. നീ ഭയപ്പെടേണ്ട ഇന്ത്യാക്കാരാ, നീ ഞങ്ങളുടെ അതിഥിയാണ്.. മഹാനായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അതിഥി...".
മരിച്ച് മണ്ണടിഞ്ഞു പോയ നെപ്പോളിയന്‍ ചക്രവര്‍ത്തിയും ഇവളും തമ്മിലെന്തു ബന്ധം? ആകപ്പാടെ ഒരു പന്തികേട്‌ പോലെ...ചിത്തഭ്രമം ബാധിച്ച ഒരു മദാമ്മയുടെ കയ്യിലാണ് ഞാന്‍ അകപ്പെട്ടിരിക്കുന്നത് എന്ന നഗ്നസത്യം ഒരുള്‍ക്കിടിലത്തോടെ എനിക്ക് ബോധ്യപ്പെട്ടു. പാരീസില്‍ വട്ടന്മാരെ ചങ്ങലക്കിടാറില്ല എന്നതും അവര്‍ കാറിലാണ് സഞ്ചരിക്കുന്നത് എന്നതും എനിക്ക് പുത്തന്‍ അറിവായിരുന്നു. ചുമ്മാതല്ല ഫ്രാന്‍സിനെ വികസിത രാജ്യമെന്ന് വിളിക്കുന്നത്‌.

ഫ്രെഞ്ച് വിപ്ലവത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും മരണമടഞ്ഞവരുടെ സ്മാരക മന്ദിരമായ 'ആര്‍ക് ദേ ത്രീഓംഫ്' കണ്ട് ഷോണ്‍ സേലീസേയിലേക്ക് പോകവേ , ക്രിസ്ത്മസിനെ വരവേല്‍ക്കാന്‍ മനോഹരമായി അലങ്കരിച്ച റോഡിന്റെ ഇരുവശങ്ങളില്‍ കൂടിയും ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങി പോകുന്ന ജനങ്ങളെ കാണാമായിരുന്നു. കാറില്‍ നിന്നിറങ്ങാന്‍ സാന്ദ്രീന്‍ എന്നെ അനുവദിക്കാതിരുന്നതിനാല്‍ ഓടി രക്ഷപെടാന്‍ ഉള്ള സാധ്യതകള്‍ പോലും ഒരിടത്തും അവശേഷിച്ചിരുന്നില്ല.

പാരീസിലെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമായ 'കോണ്‍ കോര്‍ധ്' സ്ക്വയറിന്റെ വിശാലമായ അങ്കണത്തിന് ചുറ്റും രണ്ടു വട്ടം വലം വെച്ച് ചെന്ന് സന്ദ്രീന്‍ വണ്ടി നിര്‍ത്തിയത് 'സീന്‍' നദിയുടെ കുറുകെയുള്ള ഒരു ഓവര്‍ബ്രിഡ്ജിന്റെ മദ്ധ്യത്തിലാണ്. തെരു വിളക്കിന്റെ പ്രകാശം പോലും അന്യമായ ആ പ്രദേശമാകെ വിജനതയില്‍ കുളിച്ചു കിടന്നു.

കാറിന് പുറത്തിറങ്ങിയ സാന്ദ്രീന്‍ ഡോര്‍ തുറന്ന് പിടിച്ച് എന്നോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഓവര്‍ബ്രിഡ്ജിന്റെ സൈഡ് ഭിത്തികളിലൊന്നിന്റെ സമീപത്തേയ്ക്ക് അവള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. എന്റെ ആയുസിന്റെ അവസാന നിമിഷങ്ങളാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സീന്‍ നദിയ്ക്കരികില്‍ നിര്‍ന്നിമേഷനായി ഞാന്‍ നിന്നു. ജീവിതത്തില്‍ ചെയ്തു കൂട്ടിയ കൊടും പാപങ്ങളൊന്നൊന്നായി മനസ്സില്‍ തെളിഞ്ഞു. ഇല്ലാ, അതെല്ലാം ഓര്‍ത്തു തീര്‍ക്കുവാന്‍ സമയമുണ്ടെന്ന് തോന്നുന്നില്ല. അതിനു മുന്നേ മദാമ്മ എന്നെ തട്ടിക്കളയും.

സീന്‍ നദിയിലെ അത്യന്തം തണുപ്പേറിയ വെള്ളത്തില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍, പിന്നതിന്റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട് സ്വയം നിശ്ചലമാകാന്‍ ഒരു പാവം ഇന്ത്യക്കാരന്റെ ദേഹം വേണമെങ്കില്‍ ഇതാ എടുത്തു കൊള്ളൂ... ഭ്രാന്തി മദാമ്മ എന്നെ തള്ളി പുഴയിലേക്കിടുന്നതും കാത്തു ഞാന്‍ നിന്നു.

"അങ്ങോട്ട്‌ നോക്കൂ...ആ കാഴ്ച എത്ര മനോഹരമായിരിക്കുന്നുവെന്നു നോക്കൂ..."
ഞാന്‍ തിരിഞ്ഞ് സാന്ദ്രീന്‍ കൈ ചൂണ്ടിയ ദിശയിലേക്ക് നോക്കി. വെളിച്ചത്തിന്റെ മഞ്ഞ പ്രഭയാല്‍ അലങ്കരിക്കപ്പെട്ട് തലയുയര്ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈഫല്‍ ടവര്‍, ഉറക്കമൊഴിച്ചിരിക്കുന്ന മദാലസയായ പ്രണയിനിയെപ്പോലെ ദൂരെ കാണപ്പെട്ടു. അല്പമകലെ, സീന്‍ നദിയുടെ നനഞ്ഞ മാറില്‍ വീണു കിടന്ന ഈഫല്‍ ടവറിന്റെ പ്രതിബിംബം പുഞ്ചിരി തൂകി. കിഴക്ക് നിന്നും ഒഴുകി വന്ന തണുത്ത കാറ്റ്, പാരീസ് നീയൊരു വശ്യസുന്ദരിയാണെന്ന് പറയുന്ന പോലെ...

എരിയുന്ന സിഗററ്റിലെ പുകച്ചുരുള്‍ കൊണ്ട് ആകാശത്ത് ചിത്രം വരയ്ക്കാനുള്ള ശ്രമത്തിലാണ് സാന്ദ്രീന്‍. പക്ഷേ, ഇരുട്ടില്‍ സിഗററ്റിന്റെ അറ്റത്തെ മഞ്ഞ വെളിച്ചത്തിന്റെ ചലനമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ല. ദൈവമേ, ഇരുട്ടത്തും അവള്‍ക്കു കണ്ണ് കാണാമെന്നോ. മുന്‍പേ അവള്‍ ഞാന്‍ നെപ്പോളിയന്റെ അഥിതി ആണെന്ന് പറഞ്ഞു. ഇതിന്റെയൊക്കെ അര്‍ത്ഥം ...? എന്നില്‍ ഭീതി നിറഞ്ഞു. കള്ളിയങ്കാട്ട് നീലിയും രക്തരക്ഷസും ഒക്കെ ഓര്‍മ്മയില്‍ വിരുന്ന് വന്നു. ഛെ, അതൊക്കെ വെറും ലോക്കല്‍ പ്രേതങ്ങള്‍, ഇതാണ് ഒറിജിനല്‍ പ്രേതം; മെയ്ഡ് ഇന്‍ പാരീസ്.

സിഗററ്റ് വലിക്കുന്ന സാന്ദ്രീനെ നോക്കി നിന്നപ്പോള്‍ എനിക്ക് നാട്ടിലെ പ്രേതങ്ങളോട് കഷ്ടം തോന്നി. സിഗററ്റ് പോയിട്ട് ഒരു ബീഡിയെങ്കിലും ഇന്നുവരെ വലിച്ചിട്ടുണ്ടോ അവറ്റകള്..? പ്രേതമാണത്രേ പ്രേതം.
"വരൂ നമുക്കിനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്..."

പൊടുന്നനെ പെയ്തു തുടങ്ങിയ മഞ്ഞിനോട് വിട പറഞ്ഞ് ഞങ്ങള്‍ എത്തിയത്, മോണാലിസയുടെ യഥാര്‍ത്ഥ ചിത്രം സൂക്ഷിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ 'ലൂവ്ര്' മ്യൂസിയത്തിന്റെ മുന്നിലാണ്.
"നീ കണ്ടിട്ടുണ്ടോ അവളെ, മോണാലിസയെ..."
"ഉവ്വ്..."
"അവളിപ്പോള്‍ ഉറങ്ങുകയാണ്..."
"ആര്...? മോണാലിസയോ..."
"അല്ലാതെ പിന്നെ ഞാനാണോ ഉറങ്ങുന്നത്..." ക്രുദ്ധയായി എന്നെ നോക്കിയ ശേഷം സാന്ദ്രീന്‍ വണ്ടി അതിവേഗം മുന്നോട്ടെടുത്തു.

അവളുടെ അടുത്ത ലക്‌ഷ്യം മൊമാര്‍ത്ര് ചര്ച്ചായിരുന്നു. പാരീസ് നഗരത്തിലെ ഏറ്റവും ഉയര്‍ന്നു കിടക്കുന്ന ഭൂപ്രദേശം. പള്ളിയങ്കണത്തില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ട പാരീസിന്റെ മനോഹരമായ ഒരു ദൃശ്യം ഹൃദയത്തില്‍ പതിഞ്ഞു. പെട്ടന്ന് എനിക്ക് മറ്റൊരു സംശയം തോന്നി. പള്ളിയില്‍ പോകുന്ന പ്രേതങ്ങളോ ?. കുരിശ് പ്രേതത്തിന് ഹറാം ആണെന്നാണ്‌ കേട്ടിരിക്കുന്നത്. അതോ ഇത് മുഴുവട്ട് തന്നെയോ ? മറ്റൊരു വിദൂര സാധ്യത ഉള്ളത് ഈ പ്രേതം ചിലപ്പോള്‍ നസ്രാണി ആയിരിക്കണം എന്നില്ല എന്നതാണ്. എന്തായാലും ഒരു കാര്യം മാത്രം എനിക്കുറപ്പായി; എന്റെ കാര്യം കട്ടപ്പുകയാണെന്ന്...

മൊമാര്‍ത്ര് കുന്നില്‍ നിന്നും താഴേക്ക് ശരവേഗത്തില്‍ അവള്‍ കാറോടിച്ചത് ഭ്രാന്തമായ ഒരാവേശത്തോടെയാണ്. സകല ദൈവങ്ങളെയും ഒരുമിച്ച് മനസ്സില്‍ വിളിച്ചു പോയ ഒരപൂര്‍വ്വ നിമിഷം. പക്ഷെ ആര് വിളി കേള്‍ക്കാന്‍. എനിക്കറിയാവുന്ന ദൈവങ്ങള്‍ എല്ലാം ഇന്ത്യയില്‍ അല്ലേ. പേരിനെങ്കിലും പാരീസിലെ ഒരമ്പലത്തില്‍ പോകേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.

ഞങ്ങള്‍ പിഗാല്‍ എന്ന സ്ഥലത്ത് എത്തിച്ചേര്ന്നപ്പോഴേയ്ക്കും സമയം വെളുപ്പിനെ രണ്ടര മണിയെങ്കിലും ആയിട്ടുണ്ടാവും. സ്ട്രിപ് ക്ലബുകളും പീപ്പ് ഷോകളും സെക്സ് ഷോപ്പുകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച പിഗാല്‍ വിജനവും ശാന്തവുമെന്ന പോലെ തോന്നിച്ചു. കാബറെ നൃത്തത്തിന് പേര് കേട്ട 'മൂലന്‍ റൂഷ്'-ഉം ഇവിടെ തന്നെയാണ്. പതിവായി തട്ടിപ്പും കൊള്ളയും അരങ്ങേറുന്ന വളരെ അപകടം പിടിച്ച ഒരു മേഖലയാണിത്.

"നിന്നെ ഞാന്‍ ഇവിടെ ഇറക്കട്ടെ ? നിനക്ക് പറ്റിയ സ്ഥലം ഇതാണെന്ന് തോന്നുന്നു.."
ഞാന്‍ വീണ്ടും ഞെട്ടിയോ? വേറെ എവിടെ പോയാലും പിഗാലില്‍ മാത്രം പോകരുതെന്നാണ് പാരീസില്‍ വന്നിറങ്ങിയപ്പോഴേ എനിക്ക് കിട്ടിയ മുന്നറിയിപ്പ്. വാഹനം നിര്‍ത്തിയപ്പോള്‍ തന്നെ ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ഞാന്‍ മനസിലാക്കി.ഭ്രാന്തിയ്ക്കും പിശാചിനും ഇടയിലായ എന്റെ അവസ്ഥ ഓര്‍ത്ത് ഞാന്‍ പരിതപിച്ചു.

"അല്ലേല്‍ വേണ്ട. നിന്നെ ഞാന്‍ ലാ ദെഫാന്‍സില്‍ തന്നെയിറക്കാം.." കാര്‍ പിന്നെയും ഓടിത്തുടങ്ങി. എന്റെ ശ്വാസം അല്പം നേരെ വീണു. എങ്കിലും ആശങ്കള്‍ പൂര്‍ണ്ണമായും എന്നെ വിട്ടൊഴിഞ്ഞിരുന്നില്ല. സാന്ദ്രീന്റെ ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി കളിയാടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഭ്രാന്തിന്റെ അവസാനത്തെ ആളിക്കത്തലിനു മുന്‍പുള്ള ശാന്തത ആയിക്കൂടെ ഇതെന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല.

ലാ ദെഫാന്‍സ് മെട്രോ സ്റ്റേഷന് സമീപം സാന്ദ്രീന്‍ കാര്‍ നിര്‍ത്തി.
"നീ ഇവിടെ എവിടെയാണ് താമസിക്കുന്നത്....?"
സത്യം പറയുകയേ നിവര്‍ത്തിയുള്ളൂ..
"ക്ലെബറിലെ അടാജിയോ അപ്പാര്‍ട്ട്മെന്റില്‍...."
അവള്‍ക്ക് അവിടമെല്ലാം സുപരിചിതമാണ് എന്ന് തോന്നി. എന്റെ മൊബൈല്‍ നമ്പര്‍ എഴുതി വാങ്ങി, എന്നെ അടാജിയോയുടെ മുന്നില്‍ ഇറക്കി വിട്ടപ്പോള്‍ അവള്‍ ചെറു പുഞ്ചിരിയോടെ ചോദിച്ചു...
"അടുത്തയാഴ്ച്ചയും ആഫ്റ്റര്‍ വര്‍ക്ക് പാര്‍ട്ടിക്ക് വരില്ലേ...?"
"തീര്‍ച്ചയായും..." എന്ന് ഉറക്കെയും എന്റെ പട്ടി വരും എന്ന് മനസിലും പറഞ്ഞു.

അപ്പാര്‍ട്ട്മെന്റിലെത്തി ഞാന്‍ സമയം നോക്കി. മൂന്നര. എങ്കിലും വല്ലാത്ത ആശ്വാസം. ഒരങ്കം കഴിഞ്ഞ പ്രതീതി. പോക്കറ്റില്‍ നിന്നും ഒരു തൂവാല ഞാന്‍ പുറത്തെടുത്തു. അതില്‍ പുരണ്ടിരുന്ന മെലനിയുടെ ലിപ്സ്റ്റിക് കണ്ടപ്പോള്‍ എന്റെ ഹൃദയം ത്രസിച്ചു. അവളുടെ ചുണ്ടുകളുടെ ലഹരി എന്റെ നാവിന്‍ തുമ്പത്തേക്കൂറി വന്നു. പെട്ടന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.
"ഇത് ഞാനാണ് സാന്ദ്രീന്‍...."
"എന്താ സാന്ദ്രീന്‍..." ചോദ്യം എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിയപോലെ....
"നമ്മള്‍ ഒരു പ്രധാനപ്പെട്ട സ്ഥലം കാണാന്‍ വിട്ടുപോയി. നോത്രദാം കത്തീഡ്രല്‍. പെട്ടന്ന് ഒരുങ്ങി താഴേക്ക് വരൂ...ഞാന്‍ അടാജിയോയുടെ മുന്നിലുണ്ടാവും."

ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് കമ്പിളി പുതപ്പിന്റെ അടിയിലേക്ക് നൂണ് കയറി, മെലനിയെ ഓര്‍ത്ത് തലയിണയില്‍ ചുണ്ടുകളമര്‍ത്തി. താഴെ എന്നെ കാണാതാകുമ്പോള്‍ റിസപ്ഷനില്‍ നിന്നും എന്റെ അപ്പാര്‍ട്ട്മെന്റ് നമ്പര്‍ ചോദിച്ചറിഞ്ഞ് സാന്ദ്രീന്‍ മുകളിലേക്ക് കയറി വരുമെന്ന് ഞാന്‍ ഊഹിച്ചു.

"മെലനീ ....പ്രിയപ്പെട്ടവളെ, ഇനിയൊരിക്കലും എനിക്ക് നിന്നെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല...".
വാതിലില്‍ മുട്ടുന്ന ശബ്ദത്തിനായി കാതോര്‍ത്ത് കണ്ണടച്ച് ഞാന്‍ കിടന്നു....


28 comments:

  1. കൊള്ളാം നല്ല എഴുത്ത്

    ReplyDelete
  2. നർമ്മം എന്ന ലേബലെന്തിനാണ്‌ വെച്ചത്‌ ?
    എന്തായാലും കഥ നന്നായി.

    ReplyDelete
  3. കഥ വായിക്കുമ്പോള്‍ ഒരു സ്വപ്നലോകത്തെത്തിപ്പെട്ടപോലെ മനോഹരമായ ദൃശ്യങ്ങള്‍ .അഭിനന്ദനങ്ങള്‍ .

    ReplyDelete
  4. കള്ളീയങ്കാട്ട് നീലി പാരീസിലുമുണ്ടല്ലെ... നല്ലൊരു വായന.

    ReplyDelete
  5. പിടിച്ച്ചിരിത്തുന്ന അവതരണം. ചേരുവകള്‍ എല്ലാം സമം ചേര്‍ത്തു. ഇടയിലുള്ള നര്‍മ്മങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു സംശയം ആരുടെ കാലാണ് നിലത്തു തട്ടാതിരുന്നത്. :)

    ReplyDelete
  6. ഒരു യാത്രാകുറിപ്പ് ഇങ്ങനെയും എഴുതാമെന്ന് കാണിച്ചു തന്നു. ഇഷ്ടപ്പെട്ട എഴുത്ത്. സന്തോഷം..

    ReplyDelete
  7. ഒരുപക്ഷേ ഇപ്പോഴും പോര്‍ത്ത് മയ്യോവില്‍ എരിയുന്ന സിഗരറ്റിന്റെ പുകച്ചുരുളുകള്‍ക്കിടയില്‍ സാന്ദ്രീന്‍ കിബര്‍ലന്‍ കാത്തിരിപ്പുണ്ടാവാം, ഇന്ത്യക്കാരനായ ആ അതിഥിക്കുവേണ്ടി ........ :-) കഥ മനോഹരം എന്ന് മാത്രം പറഞ്ഞാല്‍ കുറഞ്ഞുപോകും. അത്രയ്ക്ക് പിടിച്ചു. അവതരണം ഗംഭീരം.

    ReplyDelete
  8. കഥ വളരെ ഇഷ്ടപ്പെട്ടു. ഒഴുക്കോടെയുള്ള മടുപ്പിക്കാത്ത രചനാഭംഗി. കഥാ പാത്രങ്ങള്‍ക്കെല്ലാം നല്ല പഞ്ച് ഉണ്ട്. ഈ കഥയ്ക്ക് തുടര്‍ച്ചയും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒരു നല്ല പ്രണയ കഥ.

    ആശംസകള്‍.

    ReplyDelete
  9. ഇത്രയൊക്കെ ആയില്ലേ. ഏതായാലും നോത്രദാം കത്തീഡ്രല്‍ കൂടി കാണാന്‍ പോകായിരുന്നു. ഫ്രീ ആയല്ലേ വിളിക്കുന്നത്.

    ReplyDelete
  10. പാരീസിലെ വിരുന്നുകാരാ നിന്നെ വിശ്വസ്തതയോടെ വാസസ്ഥലത്തിച്ച ആ ആതിഥേയയോട്‌ നീ പ്രവര്‍ത്തിച്ച വിധം ശരിയായോ? വെറുതെയല്ല ദൈവങ്ങലോന്നും നിന്‍റെ വിളി കേള്‍ക്കാതിരുന്നത്.
    നന്ദി ചങ്ങാതീ, ഇത്തരം ഒരു യാത്രാവിവരണത്തിന്. അഥവാ പാരീസ്‌ സന്ദര്‍ശിക്കുകയാണെങ്കില്‍ ഈ വട്ടന്‍ യക്ഷിയെ ഗൈഡ്‌ ആയി ലഭിക്കുമോ എന്നോന്നറിയിക്കണം.

    ReplyDelete
  11. മഹേഷ്‌ എഴുത്തിലേക്ക് ശക്തമായി തിരിച്ചു വരുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം...
    പോരട്ടെ ഇനിയും ഇനിയും...
    മനസ്സില്‍ മടിച്ചിരിക്കാതെ ഓരോ കഥകളും...

    ഈ കഥയെ കുറിച്ച്... ഒരു യാത്രാവിവരണമോ എന്തോ.. സ്ഥലങ്ങളെ കുറിച്ചൊരു ധാരണയായി.... ഇനി പാരീസ്‌ എന്ന എന്റെ സ്വപ്നനഗരത്തില്‍ പോയാല്‍ മതിയെനിക്ക്.
    സാന്ദ്രീന്‍ കിബര്‍ലനെ അവിടെ വെച്ച്കാണാന്‍ കഴിയുമോ എന്തോ...??

    കഥയെന്ന നിലയില്‍ ഇതിനെ കുറെക്കൂടി പരുവപ്പെടുത്തിയെടുക്കണമായിരുന്നെന്നു തോന്നി. അതെന്റെ വ്യക്തിപരമായ അഭിപ്രായം. ഒഴുക്കോടെ വായിക്കാന്‍ പറ്റി. അതില്‍ അഭിനന്ദനാര്‍ഹമാണു താനും...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  12. പാരീസ് കാഴ്ചകളും വഴികാട്ടിയുമെല്ലാം ഇഷ്ടപ്പെട്ടു,മ്മടെ നാടൻ തുള്ളലിനെ വെല്ലാനൊന്നുമില്ലെന്നറിഞ്ഞതിൽ സന്തോഷം!

    ReplyDelete
  13. Very nice description Mahesh.. Narmam label maati onnu koodi minukkiyirunnenkil ithilum gambheeram aayene

    ReplyDelete
  14. കഥ നന്നായി...പക്ഷേ താങ്കളൂടെ ഈയിടെ പോസ്റ്റ് ചെയ്ത സമീരയേപ്പോലെ ഈ കഥയും അവസാനിപ്പിക്കാൻ തിടുക്കം കാട്ടുന്നപോലെ...പകുതി വരെ ഗംഭീരം...പകുതിയ്ക്ക് ശേഷം അല്പം ശ്രദ്ധ കുറഞ്ഞോന്നൊരു സംശയം.ആദ്യാവസാനം കഥയുടെ ശില്പഭംഗിയിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു...

    ReplyDelete
  15. ഒരു പ്രത്യേകതയോക്കെയുണ്ട് ...ഇടയ്ക്ക് കഥയുടെ ഗൌരവം കളയുന്ന തരത്തിലുള്ള നായകന്‍റെ നിഗമനങ്ങള്‍ അല്പം കല്ലുകടി യായി . അയാള്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട ഭീതി ജനകമായ അവസ്ഥയുമായി അത് ചേരുന്നില്ല.എന്നാലും നല്ല വായനാനുഭവം തന്നു മഹേഷ്‌ .:)

    ReplyDelete
  16. മാഷേ...എന്തോ ഒന്ന് മിസ്സ് ചെയ്ത പോലെ. കാറില്‍ യാത്ര ചെയ്തതിന്റെ വിവരണം കുറച്ച് മെലാനിയെ ചുറ്റിപ്പറ്റി കുറച്ച് എന്തെങ്കിലും കഥ ആയിരുന്നെങ്കില്‍ സാധ്യത ഉണ്ടായിരുന്നു. ഇത് ആകെ എവിടേം എത്താതെ പോയി. കഥയില്ലാതെയായി..

    ReplyDelete
  17. വ്യത്യസ്തമാക്കി എഴുതിയിട്ടുണ്ട്.
    അതിന് അഭിനന്ദനങ്ങൾ!

    (എന്നാൽ നർമ്മം എന്ന ലേബലോ,നർമ്മത്തിനായുള്ള ശ്രമങ്ങളോ ഈ കഥയ്ക്ക് ആവശ്യമില്ല തന്നെ.)

    ReplyDelete
  18. നല്ലൊരു കഥ ആയിരുന്നു.. നല്ല എഴുത്തും.. പക്ഷെ ഇങ്ങനെ അവസാനിപ്പിച്ചതില്‍ നിരാശയുണ്ട്...

    സ്നേഹാശംസകള്‍..

    ReplyDelete
  19. മഹേഷ് വിജയൻ...കഥയോ, യാത്രാവിവരണമോ, നർമ്മമോ...എന്താണ് വിളിക്കുക.? എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ...പക്ഷേ പലരും പറഞ്ഞതുപോലെ അവസാനിപ്പിച്ച രീതി നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. അല്പം തിടുക്കം കൂടിപ്പോയതുപോലെ.. പക്ഷെ നല്ല വായനാനുഭവം തന്നെ. ആശംസകൾ.

    ReplyDelete
  20. കഥയായാലും നർമ്മമായാലും വായിക്കാൻ നല്ല സുഖം.

    ReplyDelete
  21. വായിച്ചു, നല്ലത്. സമീരയും....

    ReplyDelete
  22. എന്നാലും മഹേഷേ...ആ നോത്രദാം കത്തീദ്രല്‍ കൂടി കാണാമായിരുന്നില്ലേ? യാത്രാ വിവരണം കൊള്ളാം.

    ReplyDelete
  23. പാരീസിലെ വിരുന്നുകാരന് നല്ല ഒന്നാന്തരം ഗൈഡ് .... ചിരിച്ചു ... ചിന്തിച്ചു....... സാന്ദ്രീന്‍ ആ പാത്രനിര്‍മ്മാണം കൊള്ളാം

    ReplyDelete
  24. കഥയില്‍ അല്പം കാര്യം..നന്നായിരിക്കുന്നു മഹി...എനിക്ക് ഇഷ്ടമായി

    ReplyDelete
  25. priyappetta mahesh vijayan,
    innu ningalude blogil aakeyonnu chutti.kollaam ketto.nalla bhaasha,nalla shaili,pakshe base ellaathintem orupole aanennu enikku thonni.
    njan athra valya writer onnumallennariyaam.enkilum vaayanakkaariyenna nilayil chilathokke orupaadu saamyam thonni.
    ee post kollaam.pakshe ithilum nannaakkaamaayirunnu ennu thonni.
    pakshe onnu parayaathe vayya.ningalude vaakkukal kannukalil oru kaazchayaayi nirayunnu.paris mzhuvanum chutti vanna thonnal.
    ithinu munp ayaal enna kadhayile ayaal sharikkum enikku munnil nilakkunnathaayi thonni.
    innale teeviyil claraye kandappol ningale orthu.
    clara oru asaadhya sthree aayirunnuvalle mahesh?

    ReplyDelete
  26. കഥ അടിപൊളി..ഇടക്ക് കടന്ന് വന്ന നര്‍മ്മം ശരിക്കും ചിരിപ്പിച്ചു. ഭയാനകമായ യാത്രയായി മാറാവുന്ന ഒരു രംഗം നര്‍മ്മത്തില്‍ പൊതിഞ്ഞപ്പോള്‍ വായനാക്കാരുടെ ടെന്ഷനും കുറഞ്ഞു. എങ്കിലും കഥയുടെ ഒഴുക്കിന് അത് ഭംഗം വരുത്തിയതായി തോന്നിയില്ല..പാരീസ് മുഴുവന്‍ കറങ്ങിയ പ്രതീതി ഉളവായി.ഇനിയും നല്ല കഥകള്‍ പിറക്കട്ടെ എന്ന് ആശംസിക്കുന്നു..
    [ന്നാലും പെണ്ണുങ്ങള്‍ടെ കൂടെ നൃത്തം ചെയ്യാന്‍ പോയത് എനിക്കത്ര പിടിച്ചില്ല...]

    ReplyDelete
  27. നല്ല വിവരണം ... ആശംസകള്‍

    ReplyDelete
  28. വളരെ നന്നായിട്ടുണ്ട്

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..