Saturday, July 2, 2011

കഥകള്‍ പറഞ്ഞ കഥ

കണക്കുകള്‍ പിഴച്ചു തുടങ്ങിയത് ഏകദേശം മൂന്നു കൊല്ലം മുന്‍പാണ് എന്നാണു എന്റെ ഓര്‍മ്മ. അക്കങ്ങള്‍ തമ്മില്‍ കൂട്ടാനാകാതെ വന്നതും നമ്പരുകള്‍ ഒന്നും തന്നെ മനസ്സില്‍ നില്‍ക്കുന്നില്ല എന്നതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവായിരുന്നു. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ  പേരുകള്‍ മറന്ന് പോകുന്നതും വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും പോയ സ്ഥലങ്ങളും മറവിയിലാഴ്ന്നു  പോകുന്നതും അംഗീകരിക്കാന്‍ മനസ്സ് മടിച്ചു. ഉറക്കക്കുറവും പതിവായി ശല്യപ്പെടുത്താന്‍ എത്തുന്ന സ്വപ്നങ്ങളും എന്നെ കൂടുതല്‍ അസ്വസ്ഥമാക്കി.

കൊഴിഞ്ഞു വീണ  ഓരോ വര്‍ഷവും ഈ ലോകത്ത് എന്ത് സംഭവിച്ചു എന്നത് എനിക്കന്യമായി തുടങ്ങി. ഓരോ ദിവസവും, തലേ ദിവസം ഞാന്‍ എന്ത് ചെയ്തു എന്ന് പോലും ഓര്‍മ്മിച്ചെടുക്കാന്‍ ആകാത്ത വിധം പ്രശ്നങ്ങള്‍ രൂക്ഷമായി. മനസിന്റെ താളപ്പിഴകള്‍ ജീവിതത്തെയും ബാധിച്ചു തുടങ്ങി. അകാരണമായ ദേക്ഷ്യം കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാക്കി തന്നു കൊണ്ടിരുന്നു. തലയിലെടുത്ത് വെച്ച മണ്ടത്തരങ്ങള്‍ സമ്മാനിച്ച അനേക ലക്ഷങ്ങളുടെ സാമ്പത്തികഭാരം വലിയൊരു ചോദ്യചിഹ്നമായി ഇപ്പോഴും തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. ജോലിയില്‍ ശ്രദ്ധ കുറഞ്ഞു.

ഒടുവില്‍ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ച പ്രകാരം ഡോക്ടര്‍ സിറിയക് കുര്യനെ പോയി കണ്ടു. നൂറില്‍ നിന്നും ഏഴു വീതം കുറച്ച് പിറകോട്ടു എണ്ണുവാനും കടലാസില്‍ ഒരു നക്ഷത്രം വരയ്ക്കാനും അദ്ദേഹം എന്നോടാവശ്യപ്പെട്ടു. പല അവസരങ്ങള്‍ തന്നിട്ടും ഞാന്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഡോക്ടര്‍ എനിക്കുള്ള മരുന്നു കുറിച്ച് കഴിഞ്ഞിരുന്നു. ഡിപ്രഷന്റെ  തുടക്കം ആണത്രേ...

തിരികെ പോരുമ്പോള്‍ മരുന്നിന്റെ കുറിപ്പ് കീറി ദൂരെയെറിഞ്ഞു. മനസ്സിനേറ്റ തോല്‍വി മാത്രം അംഗീകരിക്കാന്‍ വയ്യ. തന്റെ മനസ്സിന് ഒരു ചികിത്സയും ആവശ്യമില്ല. അന്ന് കിതച്ചു കൊണ്ടോടി തുടങ്ങിയ ഓട്ടം ഇന്നും ഏതോ പെരുവഴിയിലൂടെ എങ്ങുമെത്താതെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇനിയുമെത്ര നാള്‍ എന്നെ അറിയേണ്ടൂ..

ഇടെയ്ക്കെപ്പോഴോ തുടങ്ങിയ എഴുത്തും എനിക്കന്യമായി കൊണ്ടിരിക്കുന്നുവോ?
എഴുത്തുപുരയില്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന എത്രയോ കഥകള്‍. അവയ്ക്കുമുണ്ടാകില്ലേ സങ്കടങ്ങള്‍? ഒരു നോട്ട്ബുക്ക് എടുത്തു തുറന്നു നോക്കി. ഏങ്ങലടിച്ചു കൊണ്ടുള്ള ഒരു കരച്ചില്‍ അതില്‍ നിന്നും വെളിയില്‍ വന്നു. 'സമീര' എന്ന കഥയിലെ ദുഖപുത്രിയായ നായികയുടെ കണ്ണുനീരിന്റെ നനവില്‍ കുതിര്‍ന്ന താളുകളില്‍ മഷി പടര്‍ന്നിരിക്കുന്നു. സമീര വിതുമ്പുകയാണ്...

"എന്തിനാണെന്നെ കൊല്ലാതെ, ഒരു ജീവച്ഛവമാക്കി പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്? എന്നെ ഒന്ന് കൊന്നു കൂടേ ? "

ആര്‍ത്തിരമ്പി വന്ന തിരമാല കണക്കെ, എന്റെ ഹൃദയഭിത്തിയില്‍ വന്നിടിച്ച്‌ ആ  ചോദ്യം ഉത്തരം കിട്ടാതെ മടങ്ങിപ്പോയി. നിന്റെ യജമാനന്റെ കൈകള്‍ തളര്ന്നിരിക്കുന്നത് നീ അറിയുന്നില്ലേ സമീരാ?
ഞാന്‍ തോറ്റിരിക്കുന്നു. അവളുടെ കരച്ചില്‍ ഉച്ചത്തില്‍ ആയപ്പോള്‍ ആ നോട്ട്ബുക്ക് ഞാന്‍ അടച്ചു വെച്ചു. ദുഖത്തിന്റെ  ഈരടികള്‍ നേര്‍ത്ത് വരികയും പതിയെ അലിഞ്ഞില്ലാതാകുകയും ചെയ്തു.

അറിയാതെ കണ്ണുകള്‍  മറ്റൊരു നോട്ട്ബുക്കിനെ  തേടി ചെന്നു. താളുകള്‍ മറിച്ചപ്പോള്‍ 'ഹൃദയത്തിലെ വിരുന്നുകാരി' എന്ന കഥയിലെ എഴുതി തീര്‍ത്ത പാതി മുന്നില്‍ തെളിഞ്ഞു. മഞ്ചാടിക്കുരുവിന്റെ മുഖമുള്ള സീത എന്ന പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ കോറിയിട്ട കഥ. അവള്‍ക്കു  വേണ്ടി   മഞ്ചാടിക്കുരുക്കള്‍ കൊണ്ടൊരു  ടാജ്മഹല്‍ ഉണ്ടാക്കാന്‍ സ്വപ്നം കണ്ട എന്റെ കഥ. പ്രണയത്തിന്റെ മാന്ത്രികസ്പര്‍ശമായിരുന്നൂ അവള്‍. പക്ഷെ കാലം അവളിലും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി. ഒടുവില്‍ എന്റെ തൂലികയ്ക്കായി, വേദനിക്കുന്ന ഹൃദയവുമായി, എത്ര നാളായി അവള്‍ കാത്തിരിക്കുന്നു? മോക്ഷവും കാത്ത്...

എവിടെയോ ഒരു ചിലങ്കയുടെ നാദം കേള്‍ക്കുന്നില്ലേ? ഉണ്ട്. അതവളാണ്  ഗൗരി. കുറെ തിരഞ്ഞിട്ടാണ്   ഗൗരിയുടെ കഥ കണ്ടെത്തിയത്. അതില്‍ നിറയെ മാറാല പിടിച്ചിരുന്നു. നിഗൂഡതയില്‍ നിന്നും വന്ന് നിഗൂഡതയിലേക്ക്    മടങ്ങിപ്പോയ ഗൗരി എന്ന പെണ്‍കുട്ടിയെ കുറിച്ച് 'ഗൗരി ഒരു ഓര്‍മ്മക്കുറിപ്പ്‌' എന്ന പേരില്‍ രണ്ടു വര്ഷം മുന്‍പ് എഴുതി തുടങ്ങിയ കഥ; ഇനിയും തീരാത്ത കഥ.

സമീരയും സീതയും ഗൗരിയും എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. എന്നിട്ടും  അവ എഴുതി തീര്‍ക്കാനാവാതെ കേഴുന്ന മനസ്സ്. എവിടെയാണ് പിഴച്ചത്?

മേശമേലൊരു  ഗ്ലാസ്സില്‍ ഒഴിച്ചു വെച്ച നിറമുള്ള മദ്യം എന്നെ നോക്കി ചിരിച്ചു തുടങ്ങി. പുതിയ കുപ്പിയിലെ പഴയ  സ്നേഹിതന്‍. എത്ര ഗ്ലാസ് കഴിച്ചു കാണും എന്നറിയില്ല; മൊബൈലില്‍ വന്ന ഒരു വിളിയാണ് എന്നെ ഉണര്‍ത്തിയത്.

പ്രിയ ചാവ്ള കോളിംഗ്. എന്തിനാണ് അവള്‍ വിളിക്കുന്നതെന്ന് ഊഹിക്കാം. ആംസ്റ്റര്ഡാമിലെ അഡല്‍ട്ട്സ് ഒണ്‍ലി കോഫീ ഷോപ്പുകളെ കുറിച്ചോ  അല്ലെങ്കില്‍ പാരീസിലെ ചുവന്ന തെരുവുകളെ കുറിച്ചോ അറിയുവാന്‍ ആകാം. അല്ലെങ്കില്‍ ഓള്‍ഡ്‌ മണാലിയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ചോ, കഞ്ചാവ്  കൃഷിയുടെ ബാലപാഠങ്ങളേ  കുറിച്ചോ അതുമല്ലെങ്കില്‍ ഓള്‍ഡ്‌ ഡല്‍ഹിയില്‍ രാത്രിയുടെ മറവില്‍ അഴിഞ്ഞാടുന്ന  പേക്കൂത്തുകളെ   കുറിച്ചോ ഒക്കെയായിരിക്കും അവള്‍ക്കറിയേണ്ടത്. എന്തിലും ഏതിലും ജിജ്ഞാസ കണ്ടെത്തുന്ന മറാഠിക്കാരിയായ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി. അവള്‍ക്ക് വേണ്ടത് ലേഖനങ്ങളും എനിക്ക് വേണ്ടത് കഥകളും; പക്ഷേ രണ്ടു പേരുടെയും പാതകള്‍ ഒന്ന് തന്നെയാണ്.

കുറെ ദിവസങ്ങളായി അവള്‍ പരിഭവത്തില്‍ ആയിരുന്നു. ഒരു വിളി പോലും  ഉണ്ടായിരുന്നില്ല.  എല്ലാ ചിലവുകളും ഉള്‍പ്പെടെ അവള്‍ ഓഫര്‍  ചെയ്ത നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പ്‌ നിരസിച്ചതിന്റെ ദേക്ഷ്യം.

"ലോസ് ഓഫ് പേ എടുത്തെങ്കിലും നിനക്ക് എന്നോടൊപ്പം വന്ന് കൂടേ? ആ കാശും ഞാന്‍ തരാം; നിന്റെ ഒരു മാസത്തെ ശമ്പളം"

എന്നിട്ടും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു.
മുന്നില്‍ വന്ന് നിന്ന് എന്റെ നെറ്റിയില്‍ അവളുടെ നെറ്റി മുട്ടിച്ച്  അവള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

"നീ വേണ്ടെന്നു വെക്കുന്നത് മറ്റു പലതും കൂടിയാണ്...."

മലയാളം അറിയാത്ത ഒരു
മറാഠിക്കാരിയെ എന്റെ ഗേള്‍ഫ്രെണ്ട് ആക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല; ഞങ്ങള്‍ തമ്മില്‍ ഒരുപാട് ചേര്‍ച്ചകള്‍ ഉണ്ടായിരുന്നിട്ട്  കൂടി.

കുറെ നേരം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു എസ്.എം.എസ് വന്നത് കണ്ടു; തന്റെ പ്രണയിനിയുടെ വക ഒരു സന്ദേശം. 

'ഷെയിം ഓണ്‍ യു സാര്‍. പൊട്ടക്കുളത്തിലെ തവളയാണല്ലേ ? താങ്കളുടെ കൂടെ ഒരു ലൈഫ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സോറി.'

മെസ്സേജിനു താഴെ അവളുടെ പേരിലെ നാല് ഇംഗ്ലീഷ് അക്ഷരങ്ങളും എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.  ഇനിയും അവള്‍ എന്തെങ്കിലും ഒക്കെ മെസ്സേജ് അയച്ചേക്കാം. ചിലപ്പോള്‍ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞെന്നും വരാം. എന്തിനാണ് വെറുതെ... മൊബൈല്‍ എടുത്തു ഞാന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. രണ്ടു മാസം മുന്‍പാണ് ഞങ്ങള്‍ അടുത്തത്. എന്റെ പ്രശ്നങ്ങള്‍ക്ക്, വേദനകള്‍ക്ക് ഒരു പരിഹാരമായാണ് അവള്‍ എന്റെ ജീവിതത്തില്‍ കടന്നു വന്നത്. പക്ഷേ പാപി ചെന്നിടം പാതാളം ആയ അവസ്ഥയാണ് ഇപ്പോള്‍.

ചിലപ്പോള്‍ എന്നോടുള്ള അവളുടെ ഇഷ്ടം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ചില സമയത്ത് ആ തേങ്ങ
കയ്യാലപ്പുറത്ത് നിന്നും തിരികെ തെങ്ങില്‍ ചേക്കേറാറുമുണ്ട്. 
ചിതലരിച്ച കണ്ണികള്‍ കൊണ്ടൊരു ബന്ധമല്ലേ ഞങ്ങളുടേത് എന്ന് പലപ്പോഴും തോന്നിയിരിക്കുന്നു.
രണ്ടു പേര്‍ക്കും അതറിയാം എങ്കിലും വെറുതെ പൊരുത്തപ്പെട്ടു പോകുവാന്‍ ഒരു ശ്രമം.

പക്ഷേ, എന്നോടല്ലാതെ വേറെ ആരോടാ അവള്‍ വഴക്കുണ്ടാക്കുകാ, ആരുടെ അടുത്താ ബഹളം വെക്കുകാ  എന്നൊക്കെ ചോദിക്കുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടവും ഞാനറിയുന്നു. പ്രിയ ചാവ്ളയുടെ ഓഫര്‍ നിരസിക്കാനുള്ള കാരണവും മറ്റൊന്നല്ലല്ലോ. നാളെ ചിലപ്പോള്‍ അതൊരു മണ്ടന്‍ തീരുമാനമായി തോന്നിയേക്കാം. എങ്കിലും ഇന്നിന്റെ ശരികള്‍ മാത്രമാണ് എന്നുമെന്റെ ശരികള്‍.

ചിന്തകള്‍ കാട് കയറിയിരിക്കുന്നു. നിറഞ്ഞ ഗ്ലാസ്സിലെ മദ്യ ത്തിലിരുന്ന്  യൂഗോയും ദസ്തയേവ്‌സ്കിയും ഷേക്സ്പിയറുമെല്ലാം എന്നെ നോക്കി ഉറക്കെ ചിരിക്കുന്നു. ഞാനും ചിരിച്ചു; ഉറക്കെത്തന്നെ.

ഓരോ തവണയും  ഗ്ലാസ്സ് കാലി ആകുമ്പോള്‍ ഞാന്‍ പിന്നെയും കണക്കുകള്‍ കൂട്ടുകയായിരുന്നു; എങ്ങനെ കൂട്ടിയാലും ഗുണിച്ചാലും ഹരിച്ചാലും പിഴയ്ക്കുന്ന ജീവിതത്തിന്റെ കണക്കുകള്‍....










29 comments:

  1. എന്നെങ്കിലും ഒരിക്കല്‍ 'സമീര'-യും 'ഹൃദയത്തിലെ വിരുന്നുകാരി'-യും 'ഗൗരി ഒരു ഓര്‍മ്മക്കുറിപ്പ്‌'-ഉം വായനക്കാരിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ, വിശ്വാസത്തോടെ......

    ReplyDelete
  2. മഹേഷ്‌,

    കഥ ഇഷ്ടായി. കുറെ കാലത്തിനു ശേഷമാ നല്ല ഒരു കഥ വായിക്കുന്നത്. 'സമീര'-യും 'ഹൃദയത്തിലെ വിരുന്നുകാരി'-യും 'ഗൗരി ഒരു ഓര്‍മ്മക്കുറിപ്പ്‌'-ഉം എല്ലാം വരും ദിവസങ്ങളില്‍ ഞങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു..ആദ്യ കമന്റ്‌ ആരേലും ഇടട്ടെ എന്ന് കരുതി കുറെ നേരായി വെയിറ്റ് ചെയ്യുന്നു..ഇനി എനിക്ക് വയ്യ..ആശംസകള്‍.

    ReplyDelete
  3. എല്ലാത്തിനും ലഹരി ഒരു പരിഹാരമായി ക്കാണുന്ന പുതിയ തലമുറയുടെ ഒരു നേര്‍ ക്കാഴ്ച മാത്രം.

    പ്രിയ മഹേഷ്‌ , ഇനി നിന്നെ വിശ്വസിച്ചു വുന്ന പെണ്‍കുട്ടിക്ക് കൊടുക്കാന്‍ തുള വീണ കരള്‍ മാത്രമേ കാണൂ കേട്ടോ . പിന്നെ വേഗത്തില്‍ ഭിത്തിയില്‍ കയറി ചിരിച്ചിരിക്കാം. അല്ലാതെ പിന്നെ എന്താണ് പറയേണ്ടത്.

    ReplyDelete
  4. കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും കണക്കുകൾ തെറ്റണം...അപ്പോ മാത്രമെ വീണ്ടും കൂട്ടാനും കുറയ്ക്കാനും പറ്റൂ...അങ്ങനെയങ്ങനെയേ കണക്കിൽ കേമനാവാൻ പറ്റൂ...ഹിഹി ഒരു കണക്കു ടീച്ചറിന്റെ കണക്കു കൂട്ടലാണേ..
    അപ്പോഴെ മഹേഷേട്ടാ ആ പുസ്തകത്താളിൽ ഒളിച്ചിരുന്നു മൂക്കു ചീറ്റുന്ന പെണ്ണുങ്ങളെയൊക്കെ പിടിച്ച് പുറത്തിടൂ...ഞങ്ങളും ഒന്നു പരിചയപ്പെടട്ടെ...കാരണം അതിലെ സീത , ഗൌരി എന്ന പേരുകളൊക്കെ ആയി ഒരാത്മബന്ധം ഉണ്ടേ...ഹിഹി..
    പിന്നെ എന്തിനും ഈ മദ്യത്തിന്റെ തുണ അത്രയ്ക്കങ്ങട് ശെര്യാണോ ..ങ്ങേയ്...ഈ പാവം പെങ്ങളൂട്ടിയുടെ സംശയമാണേ...ഹിഹി...അപ്പോ പിന്നെ അങ്ങനെ തന്നെ...വേഗം അവരൊക്കെ ആയിട്ടിങ്ങു പോന്നേക്കു

    ReplyDelete
  5. കഥ നന്നായിരിക്കുന്നു മഹേഷ്‌.. കഥയ്ക്കുള്ളിലെ കഥയും കഥയ്ക്കുള്ളിലെ ജീവിതവുമേതെന്നു ത്രിച്ചരിയാത്ത വിധം ഇഴപിരിഞ്ഞു നില്‍ക്കുന്നു ഈ കഥയിലെന്നു തോന്നുന്നു.. ആത്മകഥാംശമെന്നോ അല്ല പൂര്‍ണമായ ഭാവന എന്നാ നിലയ്ക്കാണെങ്കിലും ഈ അവതരണരീതി ഇഷ്ടമായി..

    ReplyDelete
  6. എങ്കിലും നമുക്ക് കണക്കു കൂട്ടല്‍ തുടരാം.
    കൂട്ടിയും കുറച്ചും ഒടുവില്‍ ശേഷിക്കുക എന്താവും.
    കഥ നന്നായി.

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട് !
    കഥാകൃത്തുക്കള്‍ തന്റെ കഥാപാത്രങ്ങളെ ഓര്‍മ്മിചെടുക്കുന്നത് പുതിയൊരു നിര്‍വചനം കൂടി നല്‍കാനായിരിക്കും .
    അവരെ കാത്തിരിക്കാന്‍ വായനക്കാര്‍ക്കും കാണും ഒരാകാംക്ഷ!
    ഇനിയും എഴുതു..
    ആശംസകള്‍ ..

    ReplyDelete
  8. തുടക്കം കണ്ടപ്പോള്‍ കരുതി കഥാനായകന് അല്ഷിമെര്സ് ബാധിച്ചതായിരിക്കും എന്ന്. :)

    ReplyDelete
  9. കഥ നന്നായിട്ടുണ്ട്.
    കഥ പറഞ്ഞ ശൈലി വളരെ ഇഷ്ടപ്പെട്ടു.
    ആശംസകള്‍......

    ReplyDelete
  10. എന്നത്തേയും പോലെ ജീവിതവും ഭാവനയും ഇഴചെര്‍ന്നതോ ഇഴപിരിഞ്ഞതോ ആയ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കഥ...

    ReplyDelete
  11. കണക്കു കൂട്ടാതെ ജീവിക്കുന്നതാണ് സുഖകരം. എങ്കിലും ഒരു കരുതൽ നല്ലതാണ്. ഒരു കണക്കും മദ്യത്തിൽ അലിയുന്നുമില്ല.കഥ ഇഷ്ടമായി, പ്രത്യേകിച്ച് അതിന്റെ ശൈലി.

    ReplyDelete
  12. കഥ മനോഹരം എന്ന് പറഞ്ഞാല്‍ പോര..അത്റക്കും ഹ്റ്ദയ സ്പറ്ശി...നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...
    "'സമീര' എന്ന കഥയിലെ ദുഖപുത്രിയായ നായികയുടെ കണ്ണുനീരിന്റെ നനവില്‍ കുതിര്‍ന്ന താളുകളില്‍ മഷി പടര്‍ന്നിരിക്കുന്നു. സമീര വിതുമ്പുകയാണ്..."സമീരയെ കുറിച്ച് പറഞ്ഞ ഈ വരികള്‍ ഇഷ്ടമായി...
    സീതക്കു വേണ്ടി മഞ്ചാടിക്കുരു കൊണ്ട് താജ്മഹല്‍ ഉണ്ടാക്കുന്നത് കാണാനും നിഗൂഡതകളുടെ ഗൗരിയെ അറിയാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു....

    ReplyDelete
  13. അത് ശരി.ഇതാണല്ലേ മൂഡോഫാണു എന്നൊക്കെ പറഞ്ഞത്. പ്രസവവേദനയായിരുന്നു. ഇനിയിപ്പോ സിസേറിയന്‍ വേണ്ടിവരോ..?( സൃഷ്ടിയുടെ വേദന...!)

    കഥ നന്നായീട്ടൊ. പിന്നെ നൂറില്‍ നിന്നും ഏഴു വീതം കുറച്ച് താഴോട്ട് തെറ്റാതെ എണ്ണാന്‍ കഴിഞ്ഞീര്‍ന്നെങ്കില്‍ ഞാനും താനുമൊക്കെ ഇപ്പൊ ആരായേനേം...?

    ആശംസകളോടെ..

    ReplyDelete
  14. കഥകള്‍ പറഞ്ഞ കഥ , ഇഷ്ടമായി മഹേഷ്‌ , ആശംസകള്‍ .

    >>>നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പ്‌ നിരസിച്ചതിന്റെ ദേക്ഷ്യം.>>>

    ഇതില്‍ അക്ഷര തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ

    ReplyDelete
  15. പ്രിയപ്പെട്ട മഹേഷ്‌,
    ഈ മനോഹരമായ രാത്രിയില്‍ താങ്കളുടെ പോസ്റ്റ്‌ വായിച്ചു സന്തോഷിക്കുന്നു...മനോഹരമായി ജീവിത സങ്കടങ്ങള്‍ പറഞ്ഞ ഒരു പോസ്റ്റ്‌!ഹൃദയത്തില്‍ തൊട്ട ഒരു പെന്കുട്ടിയുണ്ടായിട്ടും താങ്കള്‍ക്ക് മദ്യത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നത് തീര്‍ത്തും നിരാശാജനകം!പ്രണയിനിക്ക് നല്‍കാന്‍ ആരോഗ്യമുള്ള മനസ്സും ശരീരവും വേണ്ടേ?
    പ്രിയയുടെ ഓഫര്‍ വേണ്ട എന്ന് വെച്ചത് ആനക്കാര്യമല്ല...ജീവിതത്തില്‍ നന്നാകില്ല എന്ന് വാശി പിടിച്ചാല്‍ പിന്നെ മറ്റുള്ളവര്‍ എന്ത് ചെയ്യും?
    വിലാപങ്ങള്‍ നിര്‍ത്തി ഒന്ന് മുതല്‍ മേലോട്ട് എണ്ണണം.....എല്ലാം ശരിയാകും!
    ഈ ജീവിതം എത്ര മനോഹരം...തിരിച്ചറിയു...............കണക്കുകൂട്ടലുകള്‍ എല്ലാം ശരിയാകും!
    ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  16. Firefly പറഞ്ഞപോലെ അല്ഷിമേഴ്സ് ആയിരിക്കും എന്നാ ആദ്യം ഞാനും കരുതിയെ .... അപ്പൊ ഡിപ്രഷനാല്ലേ !!

    ReplyDelete
  17. ഒരു കാര്യം പറയാന്‍ മറന്നു. ക്ലാരയെ പറ്റി എഴുതാമെന്ന് പറഞ്ഞിരുന്നു. എപ്പഴാ..?

    ReplyDelete
  18. എല്ലാ പെണ്ണുങ്ങളൂം പുറത്തു വരട്ടെ എന്നാശംസിക്കുന്നു .

    ReplyDelete
  19. നന്നയിപ്പറഞ്ഞു.
    കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നി.
    <>
    ഇതിലെ "എന്തിനാണെന്നെ കൊല്ലാതെ" എന്നത് വേണ്ടായിരുന്നെന്ന് തോന്നി.
    ആശംസകള്‍

    ReplyDelete
  20. കൂട്ടിയാലും ഗുണിച്ചാലും കണക്ക് തെറ്റും മാഷേ...
    പുരുഷന്മാരുടെ സഹജ സ്വഭാവമാണ് മഹേഷ് വരച്ചു കാട്ടുന്നത്..
    ഇത് സത്യം മാത്രം....

    പിന്നെ കുളിച്ച് , കുറി തൊട്ട് , ‘ഇലച്ചാര്‍ത്തില്‍’ നീട്ടി കൊടുക്കുവാനുള്ളതല്ല ജീവിതം എന്നു മനസ്സിലാക്കുക...
    ആശംസകള്‍......

    ReplyDelete
  21. പകുതിയേ വായിച്ചുള്ളൂ. ഇനി പിന്നെ വന്നു വായിക്കും! ആശംസകൾ!

    ReplyDelete
  22. ജീവിതമെന്ന കഥ ഒരുനാൾ പൂർത്തിയാകും, നമ്മൾ എന്തെങ്കിലും ചെയ്താലും ഇല്ലെങ്കിൽ കൂടി.. ആ കഥ എഴുതുന്നത് വിധിയും ഈശ്വരനും ചേർന്നാണു. നമ്മൾ സഹകരിക്കുക മാത്രം ചെയ്യുക. മറ്റു കഥകൾ വേഗം പൂർത്തിയാക്കൂ.... P.S: ഒരുപാട് വൈകിപ്പോയി വരാൻ..

    ReplyDelete
  23. suhrthe njan idiloode adyamayittan
    urakkam varatha ente rathrikale njan kadhakalkkum kavithakalkkumayi mattivachirikkukayan

    pakshe ippoyum vedhanayum nobaragalum mathram bakkiyakubol chidakal purath vech nigalilekoke kayari varunnu enikk ivide ashvasam kandathan sadhikkunu

    vayich manamonn pidajjekilum manoharamaya rachanashayli

    iniyum orupad eydoo

    raihan7.blogspot.co

    ReplyDelete
  24. എന്തോ ഇനിയും ചിലത് പറയാനുണ്ടെന്ന് തോന്നി ,അതെന്താണ് ?

    ReplyDelete
  25. രണ്ടാവര്‍ത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ.

    ReplyDelete
  26. എന്തോ ഒരുപാടു സാമ്യം തോന്നുന്നു... ഇതേ അവസ്ഥയിളുടെ ഞാനും കടന്നു പോയിട്ടുണ്ട്

    ReplyDelete
  27. എഴുത്തുപുരയില്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന എത്രയോ കഥകള്‍. അവയ്ക്കുമുണ്ടാകില്ലേ സങ്കടങ്ങള്‍?

    avarem purathu kondu varu

    ReplyDelete
  28. നല്ല എഴുത്തു .. മദ്യം ഒരു സുഹൃത്തു തന്നെയാണ് ഒറ്റപെടുന്നവൻറെ / തോല്കപ്പെട്ടവന്റെ സുഹൃത്തു ... ആ സുഹൃത്തിന്റെ ഒപ്പം ഉള്ള സഞ്ചാരം എനിക്ക് എന്നും പ്രിയപ്പെട്ടതാണ് ... അതിനെ നിങല്ക് വേണമെങ്കിൽ ഒരു ആൽക്കഹോളിക്കിന്റെ വിലാപം എന്ന് ഓക്കേ വിളികാം ... ആ സുഹൃത്തു ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്റെ വിഷമങ്ങൾ ഓക്കേ എവിടെ കൊണ്ട് ഇറക്കിവെക്കുമായിരുന്നു ...

    ReplyDelete
  29. 2010 മുതൽ ഞാൻ നിങ്ങളെ ഫോല്ലോ ചെയുന്നുണ്ടായിരുന്നു പിന്നെ എവിടേയോ വെച്ച് വഴിപിരിഞ്ഞു പോയി പഴയ ചാറ്റുകൾ എടുത്തു നോക്കിയപ്പോ നിങളെ പറ്റി സംസാരിച്ചത് ബ്ലോഗ് ഷെയർ ചെയ്തതും കണ്ടു അങ്ങിനെ വീണ്ടുംevide എത്തിയത്

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..