Sunday, March 7, 2010

സ്വപ്നങ്ങളുടെ നാല് ദിനങ്ങള്‍

എന്റെ മൂന്നാമത്തെ പെണ്ണുകാണല്‍ കഥയാണിത്. എത്രയെണ്ണം എഴുതേണ്ടി വരുമോ ആവോ? ഇങ്ങനെ എഴുതുവാന്‍ തുടങ്ങിയാല്‍, തുടര്ക്കഥകളില്‍ തുടങ്ങി മെഗാസീരിയലുകളില്‍ ചെന്നേക്കാവുന്ന ഒരു പ്രതിഭാസമായി അത് മാറുമോ?

"തെരഞ്ഞെടുത്ത പെണ്ണുകാണല്‍ കഥകള്‍" എന്ന പേരില്‍ ഒരു വലിയ കഥാസമാഹാരം പുറത്തിറക്കേണ്ടി വന്നാലുണ്ടാകാവുന്ന ഗതികെടിനെക്കുറിച്ചു ഞാനോര്‍ത്തു പോയി.
ഒരു കൂട്ടുകാരന്റെ ഒരാശ്വാസവാചകം മനസ്സില്‍ കടന്നു വന്നു...
"സാരമില്ല; നീ എല്ലാം എഴുതൂ.. ആ കഥകള്‍ വായിച്ചു സഹതാപം തോന്നിയിട്ടെങ്കിലും ഒരു പെണ്ണ് നിന്റെ ജീവിതത്തില്‍ കടന്നു വരാതിരിക്കില്ല..."
ഒന്ന് കൂടി ആലോചിച്ചപ്പോഴാണ് അവന്റെ വാക്കുകളില്‍ എന്തോ ഒരു പന്തികേടുള്ള പോലെ തോന്നിയത്. എന്റെ പെണ്ണ് കാണല്‍ കഥകള്‍ വായിച്ചു സഹികെടുന്ന ബൂലോകത്തിലെ ബ്ലോഗര്‍മാര്‍ സംഘം ചേര്‍ന്ന് എവിടെന്നെങ്കിലും ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടെതരും എന്നാണോ അവന്‍ ഉദ്ദേശിച്ചത്?
ഛെ..ഇച്ചേ.. അങ്ങനെയായിരിക്കില്ല...
അവനെന്റെ കൂട്ടുകാരനല്ലേ..

ഞങ്ങള്‍ - ഞാനും അരുണും - പതിവായി ഉച്ചക്ക് ഊണ് കഴിക്കുവാന്‍ പോകുന്നത് 'അമ്മച്ചി' മെസ്സിലാണ്. അക്ഷരനഗരിയായ കോട്ടയത്തുനിന്നുള്ള ഒരു അമ്മച്ചി ആണ് ഇതിന്റെ എല്ലാമെല്ലാം.
ചിലര്‍ തങ്കപ്പെട്ട സ്വഭാവമെന്നും മറ്റുചിലര്‍ പിച്ചള സ്വഭാവമെന്നും വാഴ്ത്തുന്ന, (ചില രാജ്യങ്ങളില്‍ തങ്കത്തേക്കാള്‍ ഡിമാണ്ട് പിച്ചളക്കാണത്രേ..) എന്റെ മഹനീയ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞാണ് അമ്മച്ചി ആ ആലോചനയുമായി എന്ടടുത്തെത്തിയത്...

പെണ്‍കുട്ടിയുടെ പേര് ജിജ.
അമ്മച്ചിയുടെ ഒരു ബന്ധുവാണ് കക്ഷി.
കുട്ടി വെളുത്ത് സുന്ദരിയാണത്രേ...!

അവര്‍ക്ക് ഒരു നല്ല പയ്യനെ വേണം; എനിക്ക് ഒരു നല്ല പെണ്ണിനെ വേണം. ഞങ്ങള്‍ രണ്ടു കൂട്ടരും ചേരും, ഒരേ ചിന്താഗതിക്കാര്...

അപ്പൊ പിന്നെ പെണ്ണിനെ പോയി കണ്ടു കളയാം എന്നായി അമ്മച്ചി. ശരിയെന്നു ഞാനും...
പക്ഷെ ഒരു പ്രശ്നം, കൂട്ടത്തില്‍ വരാന്‍ ഒരാള്‍ വേണ്ടേ? എന്നെക്കാള്‍ ഗ്ലാമര്‍ കുറഞ്ഞ ഒരാളെ തപ്പിയെടുക്കുവാന്‍ ഒരു ശ്രമം നടത്തി. ആരെയും കിട്ടിയില്ല. സഹികെട്ടവസാനം എന്നെക്കാള്‍ ഗ്ലാമര്‍ കൂടിയ ഒരു കശ്മലനെയും കൂട്ടി അമ്മച്ചിയോടൊപ്പം ഞാന്‍ യാത്ര തിരിച്ചു...

അമ്മച്ചിയുടെ മകള്‍ സുസ്മിത(ചേച്ചി) നടത്തുന്ന ഒരു ലേഡീസ് ഹോസ്റ്റലാണ് ലൊക്കേഷന്‍. അവിടെയെത്തിയപ്പോള്‍ നേരം സന്ധ്യയായി. മകള്‍ സുസ്മിതയെ അമ്മച്ചി എനിക്കും ശരതിനും പരിചയപ്പെടുത്തി. ആഢ്യത്വമുള്ള ഒരു സ്ത്രീ. അവര്‍ ഇവിടെ ഏഴെട്ടു ലേഡീസ് ഹോസ്റ്റലുകള്‍ നടത്തുന്നു. കൂടാതെ കാശ്മീരി പരവതാനിയുടെ എക്സ്പോര്‍ട്ട് ബിസിനസ്സും ഉണ്ട്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍, വളരെ വിത്യസ്തയായ ഒരാളാണ് അവരെന്ന്നു എനിക്ക് മനസ്സിലായി.

അധികം താമസിയാതെ ഞാനിരുന്ന സെറ്റിയുടെ ഇടതു ഭാഗത്തുകൂടി അവള്‍ മെല്ലെ കടന്നു വന്നു, അവിടെയുണ്ടായിരുന്ന ഒരു മേശമേല്‍ ചാരി നിന്നു.

ഇവളാണ് കക്ഷി, ജിജ.
ഞാന്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു...
അവള്‍ എന്നെയും നോക്കി.
വരണ്ടുണങ്ങിയ മനസ്സിന്റെ ചില്ലകളില്‍ ഒരു നനുത്ത സ്പര്‍ശമായി അവള്‍ ഊളിയിട്ടെത്തിയത് പോലെ.
മുറിയിലെ വെളിച്ചത്തിന് അല്പം മങ്ങലുണ്ടായിരുന്നു. ജിജയെ കാണാന്‍ പകല്‍ വെളിച്ചത്തില്‍ എത്താതിരുന്നതില്‍ എനിക്ക് അഗാധമായ കുണ്ഠിതം തോന്നി. അങ്ങനെയെങ്കില്‍ ഹോസ്റ്റലിനു മുന്നിലെ ചെറിയ വഴിയിലൂടെ ഒരഞ്ചു മിനിട്ട് നടന്നു സംസാരിക്കാമായിരുന്നു....

ഞാന്‍ പേര് ചോദിച്ചു; അവള്‍ പറഞ്ഞു.

എന്റെ ചോദ്യത്തിനുത്തരമായി സ്വന്തം പഠിപ്പിനെക്കുറിച്ച് പറഞ്ഞ ജിജ, തിരിച്ച് എന്റെ വിദ്യാഭ്യാസതെക്കുറിച്ച് ആരാഞ്ഞു. രണ്ടുപേരും അന്യോന്യം വീട്ടുകാരെക്കുരിച്ചും ജോലിയെക്കുറിച്ചും തിരക്കി.
അതോടെ തീര്‍ന്നു.. പരിപൂര്‍ണ്ണ നിശബ്ദത.
പിന്നൊന്നും എനിക്കും ചോദിക്കുവാനില്ലാണ്ടായി. എങ്കിലും ഒന്നും ചോദിക്കാതെ തന്നെ അവളെക്കുറിച്ചുള്ള എത്രയോ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതായി മനസ്സ് പറഞ്ഞു.
ശാന്തവും പക്വവുമായിരുന്നു ജിജയുടെ പെരുമാറ്റം.
അവള്‍ എന്നോട് ഓരോന്നും ചോദിച്ചപ്പോള്‍ മനസ് വല്ലാണ്ട് ആഹ്ലാദഭരിതമായ പോലെ.

അല്പംനേരം കൂടി അമ്മച്ചിയോടും സുസ്മിതച്ചേച്ചിയോടും ഞങ്ങള്‍ സംസാരിച്ചിരുന്നു. ജിജ നന്നായി കവിത എഴുതുമെന്നു അവര്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ അവരോട് യാത്ര പറഞ്ഞിറങ്ങി.

എന്നെപ്പോലെ തന്നെ ശരത്തിനും ജിജയെ ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും അവളെക്കുറിച്ച് കുറെ നേരം സംസാരിച്ചു. അവസാനം ഒരു സംശയം മാത്രം ബാക്കിയായി...

അവള്‍ക്കെന്നെ ബോധിച്ചോ എന്ന്...വളരെ ന്യായമായ സംശയം.
നാളെ അമ്മച്ചിയോട്‌ ചോദിച്ചാലറിയാം.
എങ്കിലും അന്ന് രാത്രി ഉറക്കത്തില്‍ ഞാന്‍ ജിജയെ സ്വപ്നം കണ്ടു. പക്ഷെ അതൊരു റൊമാന്റിക് സ്വപ്നം ആയിരുന്നില്ല. ഞാന്‍ ജിജയോടു ദേക്ഷ്യപ്പെടുന്നതായി കണ്ട സ്വപ്നത്തില്‍, അവളുടെ മുഖത്തെ പേടിച്ചരണ്ട ദൈന്യഭാവം ഇപ്പോഴും മനസ്സിലുണ്ട്. പാവം കുട്ടി.

പിറ്റേദിവസം വെള്ളിയാഴ്ച, അമ്മച്ചിയുടെ അടുത്ത് ഊണ് കഴിക്കുവാന്‍ പോകാന്‍ രാവിലെ മുതല്‍ അക്ഷമയോടെ ഞാന്‍ കാത്തിരുന്നു. അമ്മച്ചി എന്ത് പറയുന്നു എന്നറിയണം.
എന്നെ കണ്ടപ്പോള്‍ പതിവ് പോലെ അമ്മച്ചി വിശാലമായി പുഞ്ചിരിച്ചു.
പക്ഷെ അമ്മച്ചി ഒന്നും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.
ഇനി അവള്‍ക്കെന്നെ ഇഷ്ടപ്പെട്ടുണ്ടാവില്ലേ..?
അതോ ഞാന്‍ എന്തെങ്കിലും പറയും എന്ന് അമ്മച്ചി പ്രതീക്ഷിക്കുന്നുണ്ടാവുമോ?

ഞങ്ങള്‍ ഊണ് കഴിച്ചു കഴിഞ്ഞു.
എന്തായീ എന്ന് അമ്മച്ചിയോട്‌ ചോദിച്ചാലോ?
മറുപടി ഒരുവേള ഇല്ല എന്നാണെങ്കിലോ?
വേണ്ട..ഇന്ന് വേണ്ട, ശനിയും ഞായറും അവധി കഴിഞ്ഞു വരുമ്പോള്‍ തിങ്കളാഴ്ച ചോദിക്കാം..
രണ്ടു ദിവസം കൂടിയെങ്കിലും എനിക്കവളെ സപ്നം കാണാമല്ലോ. കുറച്ചു നേരം കൂടിയെങ്കിലും ഞാനവളെ ഒന്ന് പ്രണയിച്ചോട്ടെ...

നഷ്ടങ്ങളുടെ പൂന്തോപ്പില്‍ വിടരുന്ന മൊട്ടുകള്‍ക്ക് നൊമ്പരത്തിന്റെ മണമുണ്ടാകും. ഇവിടെയും അങ്ങനെ തന്നെ ആയിരിക്കും, അല്ലാണ്ടാവാന്‍ വഴിയില്ല..
തിങ്കളാഴ്ച നിന്റെ മറുപടിക്കായി ഞാന്‍ കാത്തിരിക്കില്ല.
അമ്മച്ചിയെ കാണുമ്പോള്‍ പതിവ് പോലൊരു ചിരി മാത്രം.

ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഓര്‍മ്മകളില്‍ നാല് സുന്ദര ദിനങ്ങള്‍ കൂടി തന്നതിന്, പ്രിയപ്പെട്ട പെണ്‍കുട്ടീ നിനക്കായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.

എന്നെങ്കിലും ഒരിക്കല്‍ ഈ വഴി നീ വന്നെങ്കില്‍, എന്റെ ബ്ലോഗിന്റെ താളുകളില്‍ നിന്റെ ദര്‍ശനം പതിഞ്ഞെങ്കില്‍, ഇനിയും വൈകിയിട്ടില്ലാത്ത ഒരുവേള ആണതെങ്കില്‍, നമുക്കിനിയും കണ്ടു മുട്ടാം.

അന്ന് എനിക്ക് നിന്നോട് ഒരു കഥ പറയുവാനുണ്ട്.....
മഞ്ചാടിക്കുരുക്കള്‍ കൊണ്ട് ടാജ്മഹല്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിച്ച ഒരു പാവം ബ്ലോഗറുടെ സ്വപ്നങ്ങളുടെ കഥ.....



11 comments:

  1. ഒരിക്കല്‍ അമ്മച്ചിയോട്‌ വെറുതെ ഒന്ന് ചോദിച്ചു നോക്കണം

    ReplyDelete
  2. എന്റെ മച്ചാ നീ അമ്മച്ചിയോട്‌ തന്നെ ചോദിക്ക്, ടെന്‍ഷന്‍ അടിപ്പിക്കാതെ

    മഞ്ചാടിക്കുരുക്കള്‍ കൊണ്ട് ടാജ്മഹല്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിച്ച ഒരു പാവം ബ്ലോഗറുടെ സ്വപ്നങ്ങളുടെ കഥ..... (കിടു)

    ReplyDelete
  3. ആ അമ്മച്ചിയോടൊരു വാക്കു ചോദിച്ചാല്‍ പോരേ? ഇത്രേം ടെന്‍ഷനടിക്കണോ?

    ReplyDelete
  4. അതെ, അമ്മച്ചിയോട് ഒന്നു ചോദിയ്ക്കാമായിരുന്നു. അല്ലെങ്കില്‍ സുഹൃത്തിനോട് പറയൂ അമ്മച്ചിയോട് ചോദിച്ചിട്ട് വിവരമറിയിയ്ക്കാന്‍.


    "സാരമില്ല; നീ എല്ലാം എഴുതൂ.. ആ കഥകള്‍ വായിച്ചു സഹതാപം തോന്നിയിട്ടെങ്കിലും ഒരു പെണ്ണ് നിന്റെ ജീവിതത്തില്‍ കടന്നു വരാതിരിക്കില്ല..."
    ഇതു കൊള്ളാം

    ReplyDelete
  5. nannayi..narmamanu ninte mekhala.

    ReplyDelete
  6. മാഷേ നിങ്ങളെ എനിക്ക് നല്ല കണ്ടു പരിചയം തോന്നുന്നു.

    ReplyDelete
  7. പരിചയം ഒരു പക്ഷെ മുന്ജന്മത്തില്‍ ആയിരുന്നിരിക്കാം..
    അന്ന് ഞാന്‍ ഒരു ബസ്‌ കണ്ടക്ടര്‍ ആയിരുന്നു..ടിക്കറ്റ്‌ എടുത്തിട്ട് ബാക്കി കിട്ടാതെ പോയ സങ്കടത്തില്‍ ഓര്‍മ്മിക്കുന്നതാവാം.

    ReplyDelete
  8. മനുഷ്യനെ ടെന്‍ഷടിപ്പിക്കാതെ ഇഷ്ടാ...
    പിന്നീടെന്തു സംഭവിച്ചുന്നു കൂടി പറ

    ReplyDelete
  9. Any progress in this proposal?

    ReplyDelete
  10. എന്താവാനാ അനോണി സുഹൃത്തേ... ?
    മിസ്റ്റര്‍ ശങ്കരന്‍ ഈസ് എഗൈന്‍ ഓണ്‍ കോക്കനട്ട് ട്രീ..

    ReplyDelete
  11. മഞ്ചാടിക്കുരുക്കള്‍ കൊണ്ട് ടാജ്മഹല്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിച്ച ഒരു പാവം ബ്ലോഗറുടെ സ്വപ്നങ്ങളുടെ കഥ

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..