Wednesday, April 28, 2010

വിട പറയുമ്പോള്‍

അവള്‍ക്കായി ഇനിയൊരു സമ്മാനം മേടിച്ചു കൊടുക്കുവാന്‍ ഒരവസരം തനിക്കൊരുപക്ഷേ ലഭിച്ചേക്കില്ലെന്ന് അയാള്‍ ദുഖത്തോടെ ഓര്‍ത്തു...

എന്തെങ്കിലും കൊടുക്കണം.
എന്താണ് കൊടുക്കുക?
ഒരു നല്ല സമ്മാനം...
അതിനു കാശെവിടെ?

കീശയില്‍ കൈയിട്ടു നോക്കി. മുഷിഞ്ഞ കുറെ പത്തു രൂപ നോട്ടുകളും കുറെ ചില്ലറയും മാത്രം.
മേശയുടെ ചുവട്ടില്‍ വച്ചിരിക്കുന്ന മണ്കുടുക്കയില്‍ അറിയാതെ കണ്ണെത്തി. ആകെയുള്ള സമ്പാദ്യം. രണ്ടു കൊല്ലം മുന്‍പ് ആ കുടുക്ക മേടിച്ചു തന്നതും അതില്‍ ആദ്യത്തെ വെള്ളിനാണയം ഇട്ടതും അവളാണ്.

അന്നവള്‍
പറഞ്ഞു.
"എന്നോട് പറയാതെ നീ ഒരിക്കലും ഈ കുടുക്ക പൊട്ടിക്കരുത്‌. പൊട്ടിച്ചാല്‍ പിന്നെ നമ്മള്‍ തമ്മിലൊരു ബന്ധവുമുണ്ടാവില്ല. ഇതിലിടുന്നത് എന്നെങ്കിലും നിനക്കുപകരിക്കും."

ഇത്രയും നാളത് അനുസരിച്ചു
ഇപ്പോഴത്‌ പൊട്ടിക്കുവാന്‍ സമയമായി.
അറ്റുകൊണ്ടിരുന്ന ബന്ധത്തിന്റെ അവസാനത്തെ കണ്ണിയുടെ വേദനിപ്പിക്കുന്ന ഞരക്കം പോലൊരു ശബ്ധമുണ്ടാക്കിക്കൊണ്ട് ആ കുടുക്ക പോട്ടിക്കപ്പെട്ടു.
ഇതിലിള്ളത് നിനക്കുപകരിക്കട്ടെ..
ആകെ കിട്ടിയത് മുന്നൂറ്റി ഇരുപത്താറു റുപ്പികയാണ്. അതുകൊണ്ട് എന്താകാന്‍?

ഉണ്ടായിരുന്ന കുറെ പഴയ പത്ര മാസികകളും നാല് കിലോയോളം വരുന്ന ഉണങ്ങിയ കശുവണ്ടിയും എടുത്തു വിട്ടു. കുറെ കാലം മുന്‍പ് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് അഞ്ഞൂറ് റുപ്പിക കടം കൊടുത്ത കാര്യം പെട്ടന്നോര്‍മ്മ വന്നു. അവനെ അന്വേഷിച്ചു കണ്ടു പിടിച്ച് ആ കാശ് തിരികെ വാങ്ങി. ബഷീര്‍ ഇക്കയുടെ കയ്യില്‍ നിന്നും ഇരുന്നൂറു വായ്പയായി കിട്ടി. എല്ലാം കൂടെ ചേര്‍ത്ത് രണ്ടു ഗ്രാമോളം തൂക്കം വരുന്ന, തങ്കത്തിന്റെ രണ്ടു വളയങ്ങളില്‍ വെള്ളക്കല്ല് പാകിയ ഒരു മോതിരം വാങ്ങി.

കല്യാണത്തിന് മൂന്നു നാള്‍ മുന്നേയാണ്‌ വിവാഹസമ്മാനവുമായി അവളുടെ വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം നല്‍കിയ അതിരറ്റ സന്തോഷം ആശ്ചര്യം കൊണ്ട് വിടര്‍ന്ന അവളുടെ കണ്ണുകളില്‍ തെളിഞ്ഞു കാണാമായിരുന്നു...

അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.
ആ മുഖത്തെന്താണ്?
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ എന്ന ഭാവമോ? അതോ നിസ്സഹായതയുടെ നിശ്ശബ്ധതയില്‍ കരയാതിരിക്കാന്‍ ഇട്ടിരിക്കുന്ന ആവരണമോ?

എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍ ഒരപശ്രുതി കണക്കെ മനസ്സിന്റെ താളം തെറ്റിക്കുവാന്‍ തുടങ്ങിയിട്ട് കുറെ നാളായി കഴിഞ്ഞിരുന്നു. വളരെ വിലപ്പെട്ടതെന്തോ ആണ് നഷ്ടപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. ഭാവിയില്‍ ഒരിക്കലും മായ്ക്കാനാവാത്ത ഒരു ദുരന്ത സ്മരണയായി ആ നഷ്ടം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.

അവളുടെ അമ്മയുണ്ടാക്കിയ ചോറും കറികളും അവള്‍ അടുത്തിരുന്നു വിളമ്പിത്തന്നു. ഇനിയൊരിക്കലും അവള്‍ തനിക്ക് വിളമ്പി തരികയില്ല എന്നോര്‍ത്തപ്പോള്‍ മനസ്സ് വീണ്ടും പിടഞ്ഞു. ഓരോ ഓര്‍മ്മകളും ഓരോ ഞെട്ടലാവുകയാണ്...

യാത്ര പറഞ്ഞു വീടിന്റെ പടിക്കെട്ടിറങ്ങി പോരുമ്പോള്‍ തന്റെ ആത്മാവിനെ അവളെ ഏല്പ്പിച്ചിട്ടാണ് പോരുന്നത് എന്ന് തോന്നി. കുറച്ചു ദിവസങ്ങള്‍ക്കകം അവളീ നാട്ടില്‍ നിന്നും വിട പറയുമ്പോള്‍ തന്റെ ആത്മാവ് എന്നേക്കുമായി തന്നെ വിട്ടു പിരിയും...

നഷ്ടസ്വപ്നങ്ങള്‍ അനുസരണക്കേട്‌ കാട്ടിക്കൊണ്ട് വീണ്ടും ചിറകടിച്ചെത്തുന്നു...
ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും കൃഷ്ണന്‍ കോവിലിനു വെളിയില്‍ ആല്‍മര ചുവട്ടില്‍ ഇനി ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുക?

തെങ്ങോലകള്‍ നൃത്തം ചെയ്യുന്ന പാടത്തിന്റെ കരയില്‍ കാറ്റിന്റെ പാട്ട് കേട്ട് കണ്ണില്‍ നോക്കിയിരിക്കുവാന്‍ ഇനി അവളില്ല...
അവളുടെ കൊച്ചു കൊച്ചു പരിഭവങ്ങളില്ല...
അവളുടെ വള കിലുക്കങ്ങളില്ല...

ഒരിക്കല്‍ അവളോടൊന്നിച്ചു നടന്ന ഒറ്റയടിപ്പാതകളില്‍ കൂടി നഷ്ടപ്പെട്ടുപോയ ആത്മാവിന്റെ പൊരുള്‍ തേടി ഏകനായി അയാള്‍ നടന്നു...
അര്‍ബുദം ബാധിച്ച മനസ്സിന്റെ തീരാ വേദനപോലെ അവളുടെ ഓര്‍മ്മകളുമായി വഴക്കാളിയായ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായി അയാള്‍ ഇന്നും യാത്ര തുടരുന്നു...