Tuesday, February 2, 2010

പൂച്ചരാജ്യം

ലോകത്തിലാദ്യമായി ഏറ്റവും ക്രൂരമായി തോറ്റത് വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. ആ മെഗാ പരമ്പരയിലെ അവസാനത്തെ എപ്പിസോഡ്കളിലൊന്നില്‍ കൂട്ടതോല്‍വികള് ഏറ്റുവാങ്ങിയവരിലൊരാളാണ് ഞാന്‍. വീട്ടുകാരും സ്വന്തക്കാരും പോരാഞ്ഞിട്ട് വഴിയെ പോയവര്‍ വരെ എന്നെ തോല്പ്പിച്ചു. എന്തിന്, സ്നേഹിക്കാത്ത പെണ്ണ് പോലും തോല്പ്പിച്ചു. എല്ലാ തോല്‍വികളുമേറ്റ് വാങ്ങിയ ഞാന്‍ ഒരു ബോര്‍ഡ് എഴുതി വീടിന്റെ വാതില്ക്കല്‍ തൂക്കി. "തോല്‍വികള്‍ മൊത്തമായും ചില്ലറയായും എടുക്കപ്പെടും". അന്ന് വൈകിട്ടാണ് എന്റെ ജീവിതം മാറ്റിമറിച്ച ആ മഹാസംഭവം നടന്നത്.

ആരോ എന്റെ തലക്കിട്ട് ഇരുമ്പ് വടി കൊണ്ടടിച്ചു.
അപ്പോള്‍ എനിക്ക് ബോധോദയമുണ്ടായി...
ഞാനെന്റെ നിയോഗം തിരിച്ചറിഞ്ഞു..
ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ഭൂഗുരുത്വാകര്‍ഷണം തിരിച്ചറിഞ്ഞ ഐസക്ക് ന്യൂട്ടനെ പോലെ തലയ്ക്കടിയേറ്റപ്പോള്‍ ഞാനെന്റെ ദൗത്യം തിരിച്ചറിഞ്ഞു. ബോധം വന്നു കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഞാനൊരു ചെറിയ പൂച്ചക്കുട്ടിയെ കണ്ടു. തവിട് നിറമുള്ള ഒരു കുഞ്ഞു പൂച്ച, അതെന്നെ നോക്കിക്കൊണ്ടിരിക്കുന്നു...

പൂച്ചക്കുട്ടി
...
പൂച്ച..പൂച്ചകള്‍...

എന്റെ ഇനിയുള്ള ജീവിതവും പൂച്ചകളും തമ്മില്‍ എന്തോ ഒരു ബന്ധമുള്ളത് പോലെ..
ബോധത്തിന്റെ ഉദയമായിരുന്നു അത്...ബോധോദയം...

മനുഷ്യനെ സ്നേഹിക്കുന്നവന്‍ വിഡ്ഢിയാണ്. അവനെ സ്നേഹിച്ചാലാണ് തോല്ക്കുന്നത്. പൂച്ചകളെ സ്നേഹിച്ചാല്‍ തോല്‍ക്കില്ല. പൂച്ച ചതിക്കില്ല. ഇനിയുള്ള ജന്മം പൂച്ചകളെ സ്നേഹിക്കുവാനും അവയ്ക്കുവേണ്ടി ജീവിക്കുവാനും ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ആ പൂച്ചക്കുട്ടിയെ എടുത്തു, തലോടി. ഞാനതിനു നല്ല കുടംപുളിയിട്ടു വച്ച അയലക്കറി കൂട്ടി ചോറ് വിളമ്പി കൊടുത്തു. ഞങ്ങള്‍ പലകളികളും കളിച്ചു. അന്നത് എന്റടുത്തു തന്നെ ഉണ്ടായിരുന്നു. എനിക്കതിനോട് അഗാധമായ സ്നേഹം തോന്നി.

പിറ്റേ ദിവസം ഞാന്‍ പുറത്തേക്കിറഞ്ങി, നാട്ടിലാകെയൊന്നു കറങ്ങി. അന്നെനിക്ക് മൂന്നു പൂച്ചയെ കൂടി കിട്ടി. അവറ്റകള്‍ക്കെല്ലാം പട്ടുതുണിയിലുണ്ടാക്കിയ നല്ല കുപ്പായം ഞാന്‍ തയ്പ്പിച്ചു കൊടുത്തു. തൂവലുകള്‍ കൊണ്ടുണ്ടാക്കിയ മനോഹരങ്ങളായ തൊപ്പികള്‍ വാങ്ങിച്ചു കൊടുത്തു. അങ്ങനെ ചിരിയും കളിയുമൊക്കെയായി ഞങ്ങള്‍ അഞ്ചുപേരും സന്തോഷത്തോടെ കഴിഞ്ഞു.

പൂച്ചകളോടുള്ള എന്റെ സ്നേഹം അനുദിനം കൂടിക്കൊണ്ടിരുന്നു. അപ്പോള്‍ എന്റെ മനസ്സില്‍ മഹത്തായ ആ ആശയം ഓടിയെത്തി.
പൂച്ചരാജ്യം..
പൂച്ചകള്‍ മാത്രമുള്ള ഒരു കൊച്ചു രാജ്യം.
രാജാവ് ഞാന്‍, പൂച്ച രാജന്‍...
ഐശ്വര്യവും സാഹോദര്യവും സമത്വവും നിലനില്‍ക്കുന്ന ഒരു പൂച്ചരാജ്യം ഞാന്‍ സ്വപ്നം കണ്ടു.

അങ്ങനെ എല്ലാ ദിവസവും ഞാന്‍ പൂച്ചകളെ തേടി പുറത്തിറങ്ങി. നാട്ടുകാരെന്നെ 'പൂച്ച പിടുത്തക്കാരന്‍' എന്ന ബഹുമതി തന്നാദരിച്ചു. ഒരു പഞ്ചസാരച്ചാക്കിനകത്താക്കി പൂച്ചകളെ ഞാന്‍ എന്റെ രാജ്യത്തേക്ക് ഇമ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. എന്റെ ഒരേക്കര്‍ പുരയിടത്തിന്റെ പകുതിയും പൂച്ചകളെ കൊണ്ട് നിറഞ്ഞു. ആ പൂച്ചകളെല്ലാം പെറ്റുപെരുകുന്നതും അങ്ങനെ ഒരു വന്‍സാമ്രാജ്യത്തിന്റെ അധിപന്‍ ആകുന്നതും ഞാന്‍ സ്വപ്നം കണ്ടു.

എങ്കിലും ഞാന്‍ ഒരു എകാധിപതി ആയിരുന്നില്ല. പ്രജകള്‍ക്കായി ദിനവും അമ്പതുകിലോ മത്സ്യം വാങ്ങിക്കൊടുത്തു. അവര്‍ക്കുവേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാമേര്‍പ്പെടുത്തി. എന്റെ വിശാലമായ പുരയിടത്തെ മണ്ഡലങ്ങളായി തിരിച്ച് അവര്‍ക്കിടയില്‍ ഇലക്ഷന്‍ നടത്തി. അങ്ങനെ എനിക്ക് മന്ത്രിമാരുണ്ടായി. എന്റെ ഭവനം രാജകൊട്ടാരമായി പ്രഖ്യാപിക്കപ്പെട്ടു. പ്രജകള്‍ക്കിടയില്‍ സൌന്ദര്യമത്സരവും നൃത്തമത്സരവും സംഘടിപ്പിച്ചു.

പൂച്ചരാജ്യം
നീണാള്‍ വാണ്ടു...

ഇതിനിടയില്‍ മൃഗവകുപ്പില്‍ നിന്നും കുറെ ഉദ്യോഗസ്ഥരും വൃത്തികെട്ട നാട്ടുകാരും ചേര്‍ന്ന്, ഞാന്‍ പൂച്ചകളെ പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ എന്നോടുള്ള പൂച്ചകളുടെ സ്നേഹം കണ്ട അവര്‍ തോറ്റോടിപ്പോയി.

പൂച്ചകളെ നിരന്തരമായി നിരീക്ഷിക്കുക വഴി, അവരുടെ സംസാരഭാഷ ഞാന്‍ പഠിച്ചെടുത്തു. ഇപ്പോള്‍ കൃത്യമായി മ്യാവൂ മ്യാവൂ വെക്കാനും പ്രജകളുമായി ആശയവിനിമയം നടത്തുവാനും എനിക്കാകുന്നുണ്ട്. 'പൂച്ചഭാഷ ' (Cat Language) എന്നൊരു പുസ്തകവും ഇതിനിടയില്‍ ഞാനെഴുതുകയുണ്ടായി.

അങ്ങനെയിരിക്കെയാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. പൂച്ചരാജ്യം ശത്രുക്കളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആ ശത്രുക്കള്ക്കിടയില്‍ എന്റെ വീട്ടുകാരെയും ബന്ധുക്കാരെയും ഞാന്‍ കണ്ടു.
പൂച്ചരാജാവായ ഞാന്‍ തടവിലാക്കപ്പെട്ടു...
എന്നെ അവര്‍ കൊട്ടാരത്തിനകത്തുള്ള ഒരു മുറിക്കകത്ത് ചങ്ങലയിട്ടു പൂട്ടി.
രാജാവിനെ നഷ്ടപ്പെട്ട പ്രജകള്‍ നില്‍ക്കക്കള്ളിയില്ലാതെ പരക്കം പാഞ്ഞു...

പ്രജകള്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. കൊട്ടാരത്തിന് വെളിയില്‍ വലിയ ലോറികള്‍ വന്നു നില്‍ക്കുന്നതും, എന്റെ പ്രജകളെ വലിയ കൂടുകളിലടച്ചു കയറ്റി കൊണ്ടുപോകുന്നതും ജനാലയിലൂടെ ഞാന്‍ കണ്ടു. ശത്രുക്കള്‍ അവരെ അടിമകളാക്കി നാട് കടത്തുകയാണ്.

പ്രിയപ്പെട്ട പൂച്ചകളെ നിങ്ങള്‍ എനിക്ക് മാപ്പ് തരൂ..
പാപിയായ ഈ മഹാരാജനോട് നിങ്ങള്‍ പൊറുക്കൂ..

ശത്രുപക്ഷത്തെ സേനാധിപന്‍ കൂടെക്കൂടെ എന്റെ അടുത്ത് വന്ന് കുത്തിവെപ്പിച്ചപ്പോഴും ഷോക്കടിപ്പിച്ചപ്പോഴും ഞാന്‍ 'മ്യാവൂ...മ്യാവൂ..' എന്ന് കരഞ്ഞു കൊണ്ടേയിരുന്നു...