Sunday, March 25, 2012

നൂറ്റൊന്ന്‍ നായികമാരും ഞാനും

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നുമില്ലാതെ ഉത്തരത്തിലേക്കും നോക്കി ഒരിരുപ്പാണ്..........
പത്രത്തില്‍ ആണേല്‍ വായിക്കാന്‍ രസകരങ്ങളായ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. പീഡനങ്ങള്‍ പണ്ടേപ്പോലെ നടക്കാത്തതാണോ പത്രങ്ങള്‍ പത്രധര്‍മ്മം സ്വീകരിച്ചതാണോ എന്നറിയില്ല. എന്താണേലും കഷ്ടം തന്നെ.

ആകെപ്പാടെയുള്ള നല്ലൊരു വാര്‍ത്ത, ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ ഒന്നുപോലും കേരളത്തിന്‌ കിട്ടിയില്ല എന്നതാണ്. രതിനിര്‍വ്വേദത്തിലെ അഭിനയത്തിന് ശ്വേതച്ചേച്ചിക്ക് ഞാനൊരു അവാര്‍ഡു പ്രതീക്ഷിച്ചിരുന്നു; പക്ഷെ കിട്ടിയത് ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് വിദ്യ ബാലനാണ്. എങ്കിലതും ഉടനെ കാണണം, രതിനിര്‍വ്വേദത്തേക്കാള്‍ കിടിലന്‍ ആയിരിക്കണം ഡേര്‍ട്ടി പിക്ചര്‍. സന്തോഷ്‌ പണ്ഡിറ്റിന് മികച്ച നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് കിട്ടാതെ പോയതും മലയാളികളുടെ നിര്‍ഭാഗ്യം.

ഇങ്ങനെ ഓരോന്നോര്‍ത്തു ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നൂ - ഒരു ഫോണ്‍ കോള്‍.
"ഹലോ...മഹേഷ്‌ സാറല്ലേ.......?"
ആരാണപ്പാ എന്നെ സാറേ എന്ന് വിളിക്കാനും മാത്രം വളര്ന്നവന്‍?
"അതേ, നിങ്ങളാരാണ്?"
"സാര്‍ ഞാന്‍ ചെന്നൈ കോടമ്പാക്കത്ത് നിന്നും വിളിക്കുകയാണ്. ഒരത്യാവശ്യ കാര്യം സംസാരിക്കാനായി സാറിന്റെ ഒരു അപ്പോയ്മെന്റ്റ്‌ വേണമായിരുന്നു..."
"ഹലോ സുഹൃത്തേ, എന്നെ കാണാന്‍ അതിന്റെയൊന്നും ആവശ്യമില്ല, നേരെ ഇങ്ങു വന്നാ മതി......."
"വളരെ ഉപകാരം സാര്‍...സാറ് ബാംഗ്ലൂര്‍ തന്നെയല്ലേ? ഉച്ച കഴിഞ്ഞുള്ള ആദ്യ ഫ്ലൈറ്റിന് ഞാനിവിടുന്നു തിരിക്കും. വൈകുന്നേരം നാല് മണിയോടെ അവിടെ എത്തിയേക്കും."

ഫോണ്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു; എന്നെ കാണാന്‍ ഒരുത്തന്‍ ഫ്ലൈറ്റിന് വരുന്നെന്ന്. ഞാന്‍ കടം മേടിച്ച കാശ് തിരികെ കിട്ടാനുള്ള ആരെങ്കിലും വെറുതെ വിളിച്ചു ഒരു പണി തരുന്നതാണോ എന്നും ഞാന്‍ ആലോചിക്കാതിരുന്നില്ല. എവിടാണേലും ഇതിപ്പോള്‍ എല്ലാരും പരസ്പരം പണി കൊടുക്കുന്ന സീസണ്‍ ആണല്ലോ.

പക്ഷേ, പറഞ്ഞ പോലെ തന്നെ നാലുമണിക്ക്, കയ്യിലൊരു സ്യൂട്ട് കേസുമായി അയാളെത്തിച്ചേര്‍ന്നു. ഞാന്‍ ആഗതനെ സാകൂതം നോക്കി. സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അയാളുടെ വേഷത്തിലും ഭാവത്തിലും ഒരു ഔന്നത്യം നിറഞ്ഞു നിന്നിരുന്നു.
"കയറി വരൂ...എന്താ നിങ്ങളുടെ പേര്...?"
"എന്റെ പേര് പിന്നെ പറയാം സാര്‍. തല്‍ക്കാലം സാര്‍ എന്നെ മിസ്റ്റര്‍ കെ. എന്ന് വിളിച്ചു കൊള്ളൂ...ഐ മീന്‍ മിസ്റ്റര്‍ കോടമ്പാക്കം എന്നതിന്റെ ചുരുക്കം.."

കസേരയില്‍ നിന്നും അല്പം മുന്നോട്ടാഞ്ഞിരുന്ന് അയാള്‍ വിനീതമായി പറഞ്ഞു.
"സാറെനിക്ക് വലിയൊരു ഉപകാരം ചെയ്യണം. ദയവ് ചെയ്തു പറ്റില്ല എന്ന് മാത്രം പറയരുത്."
"എന്തുപകാരം....?"
"ഞാനൊരു പുതിയ സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. സാറത് സംവിധാനം ചെയ്യണം. മറുത്തൊന്നും പറയരുത്...പ്ലീസ്..."

"ഹേ, മിസ്റ്റര്‍ കോടമ്പാക്കം ഇന്ന് വരെ ഒരു സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത ഞാന്‍ സിനിമ സംവിധാനം ചെയ്യണമെന്നോ? നിങ്ങള്ക്ക് ആള് മാറിയതാകും. "
"എനിക്ക് ആള് മാറിയിട്ടില്ല സാര്‍. സാറിന്‍റെ 'ഇലച്ചാര്‍ത്തുകള്‍' ബ്ലോഗ്‌ ഞാന്‍ പതിവായി വായിക്കാറുണ്ട്. സത്യം പറയാമല്ലോ ഈ ജാദി കഥകള്‍ ഞാനെന്റെ മുജ്ജന്മത്തില്‍ പോലും വായിച്ചിട്ടില്ല; അത്രയ്ക്ക് ഭയങ്കരമാണ്.. .. "

എന്റെ ആരാധകന്‍ ആണ് അയാള്‍ എന്നറിഞ്ഞതോടെ എനിക്കയാളോട് ഒരു പ്രത്യേക മമത തോന്നി.
"എന്നാലും ഒന്നുമറിയാതെ ഒരു സിനിമ സംവിധാനം ചെയ്യുക എന്നൊക്കെ പറയുമ്പോള്‍...."
"ഒരെന്നാലുമില്ല സാര്‍. എന്റെ മനസിലുള്ള സിനിമ പിടിക്കാന്‍ സാറിനെക്കൊണ്ട് മാത്രമേ സാധിക്കൂ.. പറയുന്നത് വെറുതെയല്ല, സാറിന്‍റെ കഴിവിലുള്ള വിശ്വാസം അതൊന്നുകൊണ്ട് മാത്രമാണ്..."

ഈശ്വരാ, ഈ ആരാധകര്‍ ഇങ്ങനെ നിര്‍ബന്ധിച്ചാല്‍ പിന്നെ ലോല ഹൃദയനായ ഞാനെന്ത് പറയാനാണ്? സിനിമയെങ്കില്‍ സിനിമ. ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ്‌ പഠിക്കാം എന്ന മാതിരി ഏഴു ദിവസം കൊണ്ട് സംവിധായകന്‍ ആകാന്‍ പറ്റിയ പുസ്തകം വല്ലതും കാണുമോ എന്തോ? അങ്ങനെയൊരെണ്ണം കിട്ടിയാല്‍ രക്ഷപെട്ടു. എന്തായാലും ഞാന്‍ അര്‍ദ്ധ സമ്മതം മൂളി.
"എന്നാല്‍ പിന്നെ തന്റെയിഷ്ടം പോലെ..."

മിസ്റ്റര്‍ കെ.യുടെ കണ്ണുകള്‍ തിളങ്ങുകയും സന്തോഷാധിക്യത്താല്‍ അയാള്‍ കസേര അല്പം കൂടി മുന്നിലേക്ക്‌ വലിച്ചിട്ട് എന്റടുത്തേക്ക് നീങ്ങിയിരിക്കുകയും ചെയ്തു.

"സാര്‍ നമ്മളെടുക്കുന്ന ഈ പടം വെറുമൊരു സാധാരണ സിനിമ ആയിരിക്കരുത്...എത്ര പണം ചിലവായാലും വേണ്ടില്ല. എന്ത് കൊണ്ടും സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമയേക്കാള്‍ ഒരുപടി പിന്നില്‍ നില്‍ക്കുന്നതായിരിക്കണം നമ്മളുടെ സിനിമ...."
"എന്ന് വെച്ചാല്‍......?????"
"കൃഷ്ണനും രാധയും എട്ട് നിലയില്‍ പൊട്ടിയെങ്കില്‍ നമ്മുടെ പടം ഈരെട്ട് പതിനാറ് നിലയില്‍ പൊട്ടണം..."

"ഹേ...മിസ്റ്റര്‍ താനൊന്നെഴുന്നേറ്റെ...സത്യം പറ. തന്നെയാരാ ഇങ്ങോട്ട് അയച്ചത്? മലയാള സിനിമയുടെ വളര്‍ച്ച കണ്ടു സഹിക്കവയ്യാതെ, ഹോളിവുഡിലെ അസൂയാലുക്കള്‍ അയച്ചതല്ലേടോ തന്നെ ഇങ്ങോട്ട്, മലയാള സിനിമയെ നശിപ്പിക്കാനായി....."
"അയ്യോ...അങ്ങനെയൊന്നും പറയരുത് സാര്‍....മലയാള സിനിമയെ നെഞ്ചിലേററ്റുന്ന, അവളുടെ രാവുകള്‍ മുതല്‍ ശ്വേതച്ചേച്ചിയുടെ രതിനിര്‍വ്വേദം വരെ കണ്ട, ഒരു ചലച്ചിത്ര പ്രേമിയാണ് ഞാന്‍...."

"അപ്പോള്‍ താന്‍ ശ്വേതേച്ചിയെ കണ്ടു അല്ലേ? എങ്ങനെ ഇഷ്ടപ്പെട്ടോ?"
"അത് പിന്നെ ചോദിക്കുവാനുണ്ടോ? ശരിക്കും ഞാനാ സിനിമ കാണുകയായിരുന്നില്ല, അതില്‍ ജീവിക്കുകയായിരുന്നു....."
"ഞാനും........ഞാന്‍ ഇന്നലേം ജീവിച്ചു..............."

"സാറീ പടം ഞാന്‍ പറയുന്ന പോലെ ചെയ്യ്. റീമേക്ക് ചെയ്യാത്ത പഴയ പടങ്ങള്‍ ഇനിയുമുണ്ടല്ലോ. ഈ പ്രോജക്റ്റ് കഴിഞ്ഞ്, ഇണ, പറങ്കിമല, അവളുടെ രാവുകള്‍ ഇതിലേതെങ്കിലുമൊന്നു റീമേക്ക് ചെയ്ത് അതിലും ശ്വേതച്ചേച്ചിയെ നായികയാക്കി, സാറതിന്റേം സംവിധായകനായി, അങ്ങനെ മലയാള സിനിമയെ രക്ഷിച്ചെടുക്കാന്‍ ഒരവസാന ശ്രമം നമുക്കും നടത്താം. അത് നമുക്ക് ത്രീഡിയില്‍ തന്നെ എടുത്തുകളയാം. അപ്പോള്‍ പിന്നെ സംഗതികള്‍ ഒക്കെ ജോറായിട്ട് കാണാമല്ലോ..."

അയാള്‍ പറഞ്ഞത് കേട്ട്, എന്റെ ശരീരമാകെ കുളിര് കോരുകയും ഇടതു കാലിന്റെ പെരു വിരല്‍ മുതല്‍ വലതു കാലിന്റെ പെരു വിരല്‍ വരെ എന്തോ ഒരു സംഗതി പാഞ്ഞുപോകുകയും ചെയ്തു....

പക്ഷേ, ഇയാളീ പറയുന്നതൊക്കെ നടക്കുന്ന കാര്യമാണോ? കണ്ടാല്‍ ഇയാളൊരു മാന്യനെന്ന്‍ തോന്നുമെങ്കിലും മാന്യന്മാരെ ആണ് ഇക്കാലത്ത് കൂടുതല്‍ സൂക്ഷിക്കേണ്ടത്...

"ഏയ്‌.....ഇതൊന്നും ശരിയാകുമെന്ന് തോന്നുന്നില്ല....വേണ്ട..."
ഞാന്‍ എതിര്‍ത്തു. അയാള്‍ ഒന്നും മിണ്ടാതെ സ്യൂട്ട്കേസ്‌ തുറന്ന് എന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു....
"ഇത് അഞ്ച് ലക്ഷം രൂപയുണ്ട്. അഡ്വാന്‍സ്‌ തുക. പടം പൊട്ടിയാല്‍ ഇത് കൂടാതെ ഇരുപതു ലക്ഷം വേറെ. അങ്ങനെ മൊത്തം സാറിനെ കാത്തിരിക്കുന്നത് കാല്‍ കോടി രൂപയുടെ ഭാഗ്യമാണ്. ഞാന്‍ കളി പറയുക അല്ലെന്നു ഇപ്പോള്‍ മനസിലായില്ലേ..."

ഞാനാകെ ധര്‍മ്മ സങ്കടത്തിലായി. വിരല്‍ തുമ്പില്‍ വന്നിരിക്കുന്ന മഹാഗണപതിയെ തട്ടിത്തെറിപ്പിക്കാനും വയ്യ, മടിയിലിരുത്താനും വയ്യാത്ത അവസ്ഥ...ഒടുവില്‍ രണ്ടും കല്പിച്ച്, ഒരു സംവിധായകനാകാന്‍ ഞാന്‍ തീരുമാനിച്ചു.

പടം നല്ല രീതിയില്‍ പൊട്ടുന്നതിനായി, മിസ്റ്റര്‍ കെ.യുടെ മറ്റു ചില നിബന്ധനകള്‍ കൂടി എനിക്ക് അംഗീകരിക്കേണ്ടതായി വന്നു. കഥ, തിരക്കഥ, സംവിധാനം എന്നിവ കൂടാതെ നായകനായി ഞാന്‍ തന്നെ അഭിനയിക്കണമെന്നും ഗാനരചനയും ആലാപനവും സംഗീതവും ഞാന്‍ നിര്‍വ്വഹിക്കണം എന്നുമായിരുന്നു ആ നിബന്ധനകള്‍. പടത്തിനു കിട്ടുന്ന ഏതൊരു ക്രെഡിറ്റും എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, താന്‍ നിര്‍മ്മാതാവാണ് എന്ന കാര്യം പരമ രഹസ്യം ആയിരിക്കണമെന്നും മിസ്റ്റര്‍ കെ. നിഷ്കര്‍ഷിച്ചു.


തുടര്‍ന്ന് ഞങ്ങള്‍, നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. 'കൃഷ്ണനും രാധയും' കാണാന്‍ പോയവര്‍ തീയേറ്ററിനുള്ളില്‍ തെറിയഭിഷേകവും കൂകിവിളിയും നടത്തിയെങ്കില്‍ എന്റെ സിനിമ കണ്ടിറങ്ങുന്നവര്‍ തീയേറ്റര്‍ തന്നെ കത്തിച്ച് കളയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മിസ്റ്റര്‍ കെ വെളിപ്പെടുത്തി. നഷ്ടപരിഹാരമായി തീയേറ്ററുടമക്ക് എത്ര പണം കൊടുക്കേണ്ടി വന്നാലും സാരമില്ലെന്നും, വേണ്ടി വന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ് ഫാന്‍സ്‌ അസോസിയേഷനെ ഇതിനായി രംഗത്ത് ഇറക്കാനുമാണ് കോടമ്പാക്കത്തിന്റെ പദ്ധതികള്‍.

"കഥ, സാറിന് ഇഷ്ടമുള്ളത് എഴുതിക്കോ. പക്ഷേ, ഒന്ന് രണ്ടു നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ഒരുപാട് സുന്ദരിമാര്‍ അഭിനയിച്ച ഒരു മെഗാസ്റ്റാറിന്റെ പടം അടുത്തിടെ പൊട്ടിയില്ലേ. അതൊരു നല്ല സ്ട്രാറ്റജി ആണ്. നമ്മുടെ ഈ സിനിമയില്‍ ചുരുങ്ങിയത് നൂറ്റൊന്നു പുതുമുഖ നായികമാര്‍ എങ്കിലും വേണം...."

നൂറ്റൊന്നു പുതുമുഖ നായികമാരും ഞാനും...
എന്റെ മനസ്സിലും ലഡു പൊട്ടി; ഒന്നും രണ്ടുമല്ല, നൂറ്റൊന്നെണ്ണം...

മിസ്റ്റര്‍ കെ. തുടര്‍ന്നു...
"പക്ഷേ, ക്ലൈമാക്സില്‍ നൂറ്റൊന്ന് നായികമാരും ചേര്‍ന്ന്‍ നായകനെ തല്ലിക്കൊല്ലണം."
"അത്രയ്ക്ക് അങ്ങ് വേണോ ? "
"വേണം..."
"എങ്കില്‍ ക്ലൈമാക്സ് ആദ്യമേ ചിത്രീകരിക്കുന്നതായിരിക്കും നല്ലത്. അവസാനത്തേക്ക് മാറ്റി വെച്ചാല്‍ ചിലപ്പോള്‍ അവരെന്നെ ശരിക്കും തല്ലിക്കൊന്നാലോ ? "
"അതൊരു പോയിന്റാണ് സാര്‍. അങ്ങനെവല്ലോം വല്ലോം സംഭവിച്ചാല്‍ പടം ഹിറ്റാകും. എന്റെ ലക്‌ഷ്യം പൊളിയുകയും ചെയ്യും....ആട്ടെ, നമുക്കിനി കഥയെ കുറിച്ച് ഡിസ്കസ് ചെയ്താലോ. സാറിന്‍റെ മനസ്സില്‍ ഉള്ളത് പറയൂ...."

"സിനിമക്ക് പറ്റിയ കഥ എഴുതുക എന്നത് വളരെ എളുപ്പമാണ്....അതിനു നമ്മളാദ്യം നായകനെ മനസ്സില്‍ നിര്‍ത്തി, നായകന്‍ പടച്ചു വിടേണ്ട കിടിലന്‍ ഡയലോഗുകള്‍ ഒന്നൊന്നായി അങ്ങ് എഴുതും. അടുത്തത് വില്ലനെ മനസ്സില്‍ കണ്ട് സംഘട്ടന രംഗങ്ങള്‍ ആവിഷ്കരിക്കും. പിന്നെ ഒന്ന് രണ്ടു ബലാല്‍സംഗവും കുളിസീനും പാട്ട് സീനും ഒക്കെ കൂടി ആകുമ്പോള്‍ സംഗതി ചേരുവകള്‍ എല്ലാം റെഡി. പിന്നെ, ഇവയെല്ലാം കൂടി ഒന്ന് ബന്ധിപ്പിച്ച്, പാകം ചെയ്തു എടുക്കേണ്ട കാര്യമേ ഉള്ളൂ.. കഥ റെഡി..."

എത്ര പെട്ടന്നാണ് ഞാന്‍ ഒരു കഥ ഉണ്ടാക്കിയെടുത്തത് എന്ന ആശ്ച്ചര്യത്തോടെ കെ. എന്നെ നോക്കി.

"സാറാണ് യഥാര്‍ത്ഥ സിനിമാക്കാരന്‍. പക്ഷേ, ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും. അതൊരിക്കലും സംഭവിക്കരുത്..."
അയാള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.

"സംഘട്ടന രംഗങ്ങളെ കുറിച്ച് എന്റെ മനസ്സില്‍ ഉള്ള ആശയം ഞാന്‍ പറയട്ടെ...."
ഒന്ന് നിര്‍ത്തി കെ. തുടര്‍ന്നു...
"നായകന്‍ വില്ലനേയും സംഘത്തേയും അടിക്കുന്നു, ഇടിക്കുന്നു...നായകന്‍റെ ഇടിയുടേയും അടിയുടേയും ശക്തിയില്‍ ഭൂമി കുലുങ്ങുന്നു. പ്രദേശത്തെ വീടുകളിലെ പാത്രങ്ങളും മറ്റും താഴെ വീണുരുളുന്നു, ഉടയുന്നു...അപ്പോള്‍ കാര്യം മനസിലാക്കുന്ന നാട്ടുകാര്‍, നായകന്‍ വില്ലനെ തോല്പിക്കുന്നത് കാണാന്‍ അങ്ങോട്ടോടുന്നു.....ഫ്രെയ്മില്‍ ഓടുന്ന നാട്ടുകാരുടെ കാലുകള്‍.........സംഘട്ടനം.......പിന്നേം, ഓടുന്ന കാലുകള്‍.......സംഘട്ടനം....അങ്ങനെ മാറി മാറി............."

മിസ്റ്റര്‍ കെ.യില്‍ ഒരു പ്രതിഭയുടെ കൊള്ളിമീന്‍ ഞാന്‍ കണ്ടു.
"താന്‍ ഞാന്‍ ഉദ്ദേശിച്ച പോലല്ല കേട്ടോ..."
"എങ്കില്‍ ശരി സാര്‍, ഞാനിറങ്ങട്ടെ. എന്റെ ഫ്ലൈറ്റിന് സമയമായിരിക്കുന്നു. വൈകാതെ വീണ്ടും കാണാം..."
" താങ്കള്‍ എന്റെ വീട്ടില്‍ ആദ്യമായി വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാതെ പോകരുത്, പ്ലീസ്.... ചായപ്പൊടിയില്ല; വെള്ളം തിളപ്പിക്കാനാണേല്‍ ഗ്യാസുമില്ല. പച്ചവെള്ളത്തില്‍ പഞ്ചസാരയിട്ട് ഒരു ഗ്ലാസ്സ് എടുക്കട്ടെ...?"
"ഒന്നും വേണ്ട സാര്‍. ചോദ്യം കേട്ടപ്പോള്‍ തന്നെ എന്റെ വയറ് നിറഞ്ഞു..."

അയാള്‍ പോകുവാനായി കസേരയില്‍ നിന്നും എഴുന്നേറ്റു.
"സുഹൃത്തേ, അവസാനമായി ഒരു കാര്യം കൂടി അറിയണം എന്നുണ്ട്... താങ്കള്‍ ആരാണെന്നും ഇത്തരത്തില്‍ ഒരു പടമെടുത്തു കാശ് വെറുതെ കളയുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നും---"

കോടമ്പാക്കം മെല്ലെ ചിരിച്ചു.
"എന്തായാലും നമ്മള്‍ തമ്മില്‍ ഉള്ള ഡീല്‍ ഉറപ്പിച്ച സ്ഥിതിക്ക്, ആ കാര്യം ഞാന്‍ താങ്കളോട് മാത്രം പറയാം. സത്യത്തില്‍ ഞാന്‍ കോടീശ്വരനായ ഒരു ബിസിനസ്സ്‌കാരനാണ്‌....പക്ഷെ........."
"പക്ഷേ......???"
"ഞാനിപ്പോള്‍ എവിടെ ചെന്നാലും ആള്‍ക്കാര്‍ എന്നെ കളിയാക്കുന്നു. ഓഫീസിലുള്ളവരും സുഹൃത്തുക്കളും ബിസിനസ്സ്‌ മാഗ്നറ്റുകളുമെല്ലാം. കളിയാക്കല്‍ കേട്ട് കേട്ട് ഞാന്‍ സഹികെട്ടു...ബിസിനസ്സ് ചെയ്യാന്‍ താല്പര്യമേ ഇല്ലന്നായി. ജീവിതം തന്നെ മടുത്ത പോലെ... എല്ലാം അവന്‍, ആ സന്തോഷ്‌ പണ്ഡിറ്റ് എന്ന ഒറ്റ ഒരുത്തന്‍ കാരണം. അവന്‍ ഉണ്ടാക്കിയ പേര്ദോഷം......."

"അതിനു, സന്തോഷ്‌ പണ്ഡിറ്റ് എന്ത് പേരുദോഷമാണ് താങ്കള്‍ക്കുണ്ടാക്കിയത് ?? "

"നിര്‍ഭാഗ്യവശാല്‍ എനിക്കും അയാളുടെ പേര് തന്നെയാണ് സാര്‍. ലവന്‍ കാരണം പേരുദോഷം കിട്ടിയ ഹതഭാഗ്യവാന്‍ ആയ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌....."

ഒന്നും ഉരിയാടാനാവാതെ ഞാന്‍ നില്‍ക്കെ, എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ആ ചെറുപ്പക്കാരന്‍ അപക്ഷിച്ചു.
"ദയവ് ചെയ്ത് എങ്ങനെയേലും ഈ പടമൊന്നു പൊട്ടിച്ചു തരണം. എന്റെ പേരിനേറ്റ ദോഷം മാറിക്കിട്ടാന്‍ ഇനി സാറ് വിചാരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ...."

കതക് തുറന്ന് മിസ്റ്റര്‍ കെ. പുറത്തേക്ക് നടന്നു. അയാള്‍ ഏല്‍പ്പിച്ച് പോയ സ്യൂട്ട്കേസിലെ നോട്ടുകളിലേക്കും വീടിന്റെ ഉത്തരത്തിലേക്കും മാറി മാറി നോക്കിക്കൊണ്ട് ഞാന്‍ നിന്നു....

27 comments:

  1. സന്തോഷ് പന്‍ഡിറ്റിനെ വെല്ലുന്ന കഥയെഴുതാന്‍ ഇലച്ചാര്‍ത്തെഴുതുന്ന ആള്‍ക്കെ കഴിയൂ എന്ന കണ്ട് പിടുത്തം കിടുകിടിലന്‍..ഹ്ഹ്...
    നര്‍മ്മം ശരിക്കും രസിച്ചൂട്ടൊ...കാണന് വരുന്ന് എന്ന് പറയുംബൊ അത് കടം തന്ന ആരെങ്കിലും ആവും എന്ന് പറഞ്ഞതും.."സാറിന്‍റെ 'ഇലച്ചാര്‍ത്തുകള്‍' ബ്ലോഗ്‌ ഞാന്‍ പതിവായി വായിക്കാറുണ്ട്. സത്യം പറയാമല്ലോ ഈ ജാദി കഥകള്‍ ഞാനെന്റെ മുജ്ജന്മത്തില്‍ പോലും വായിച്ചിട്ടില്ല; അത്രയ്ക്ക് ഭയങ്കരമാണ്.. .. "..ഈ ഭാഗോം ഒക്കെ ശരിക്കും ചിരിപ്പിച്ചൂട്ടൊ..

    ReplyDelete
  2. ഞാനാ ഫസ്റ്റ്?..ശ്ശൊ എന്നാ തേങ്ങാ ഉടക്കാരുന്നു...മിസ്സ് ആയി ട്ടൊ..അല്ലെങ്കി വേണ്ടാ..തേങ്ങാക്കൊക്കെ ഇപ്പൊ എന്നാ വിലയാ...??!

    ReplyDelete
  3. തേങ്ങ ഉടക്കലിലും ചിരവലിലും തീരെ വിശ്വാസമില്ല എന്നതിനാല്‍ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നു. പൊട്ടണമല്ലേ. ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍ എന്നെയും കൂടെക്കൂട്ടൂ. പൊട്ടലല്ല പൊട്ടിത്തെറി തന്നെയുണ്ടാകും. ഗ്യാരണ്ടി. ഒന്നും ആലോചിക്കേണ്ടി വരില്ല.

    ReplyDelete
  4. അപ്പോള്‍ ഉടനെ തന്നെ വേറൊരു കൃഷ്ണനും രാധയും വരാന്‍ സാദ്ധ്യതയുണ്ട് അല്ലേ...പോരട്ടെ.

    ReplyDelete
  5. ഒരു കഥ അനുക്രമമായി വളര്‍ത്തി താളഭംഗമില്ലാതെ ക്ലൈമാക്സിലേക്കു കൊണ്ടുവന്ന രീതി - മഹേഷ് ശരിക്കും ഇഷ്ടപ്പെട്ടു.

    ReplyDelete
  6. പത്രക്കാരുടെ കളിയേയ്............
    ഇവിടെയാണെങ്കില്‍ മാര്‍ച്ച്20മുതല്‍ പത്രവിതരണമില്ല!പത്ര ഏജന്‍റുമാര്‍ സമരത്തില്‍!,!
    പാര്‍ട്ടി പത്രങ്ങളായ ദേശാഭിമാനി,വീക്ഷണം,ജനയുഗം,ചന്ദ്രിക എന്നിവയ്ക്ക് തടസ്സമില്ല.പ്രമുഖ പത്രങ്ങളൊന്നും വീട്ടിലെത്തില്ല.പത്രമുടമകളും,സര്‍ക്കാരും,രാഷ്ട്രീയ പാര്‍ട്ടികളുംമുഖംതിരിച്ച് നില്‍ക്കുന്ന പോലെ.പത്രവായനക്കാര്‍ക്കാണ് കാലത്ത് പത്രം കാണാത്ത അസ്വസ്ഥത.പാര്‍ട്ടി പത്രങ്ങളുടെ ചായ്‌വ്‌ അതതു ദിശയിലേയ്ക്ക് മാത്രമായിരിക്കുമല്ലോ!ഒരു വീര്‍പ്പുമുട്ടല്‍,പത്രം കാണാത്ത ദിവസങ്ങളില്‍..,..........

    താങ്കളും പുലര്‍ച്ചെ പത്രപാരായണം നടത്തി ആസ്വാദ്യകരമായ വിഭവങ്ങള്‍ക്കുവേണ്ടി................................
    ഒടുവില്‍ വിദ്യാബാലനേയും,ശ്വേതാചേച്ചിയേയും,സന്തോഷ്പണ്ഡിറ്റനേയും ഓര്‍ത്ത്,
    കൃഷ്ണനും രാധയും മനസ്സില്‍ നിനച്ച് ക്രമാനുഗതമായ ഭാവനയില്‍ രൂപംകൊണ്ട മനോഹരമായ കഥ.സംവിധായകനും,നിര്‍മ്മാതാവും കഥയിലെ രസകരവും,
    അര്‍ത്ഥസംപുഷ്ടവുമായ ഘടകമായി.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  7. മഹേഷ്‌ ഏട്ടാ,,,അടിപൊളി,,,
    എനിക്ക് വയ്യ,,നര്‍മം ഇത്രേം വഴങ്ങും എന്ന് ഞാന്‍ കരുതിയില്ല ....അഭിനന്ദനങ്ങള്‍

    ReplyDelete
  8. എന്നിട്ട് പടം എപ്പോഴാ റിലീസ് മഹേഷ്‌ പണ്ഡിറ്റ്‌ സാറേ...താങ്കള്‍ക്ക് വേണ്ടി ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കുന്ന കാര്യം ഞാനേറ്റു :-)

    ReplyDelete
  9. കുളി സീന്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ നടിമാരോടൊപ്പം കേമറയുമായി കുളത്തില്‍ ചാടുമോ ഈ ബുദ്ധിജീവി ഡയരക്ടര്‍ എന്നാ പേടി...

    ReplyDelete
  10. മോശമായില്ല, കേട്ടോ മഹേഷ്‌..

    ReplyDelete
  11. മഹേഷിന് കഴിയോട്ടൊ.. സത്യമാണ്... എന്തോ ഈയിടെ എനിക്ക് നുണപറയാന്‍ തീരെ അറിയില്ല :)

    ReplyDelete
  12. പക്ഷേ, ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും.

    ReplyDelete
  13. നിലവാരമുള്ള എഴുത്തുകാരന്‍റെ നല്ല നിലവാരമുള്ള ആക്ഷേപ ഹാസ്യം. അയാളുടെ പേരും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് പറയുന്നിടത്ത് അമിട്ട് പൊട്ടുന്നു. മഹേഷ്‌ കലക്കി കേട്ടോ.

    ReplyDelete
  14. നന്നായിട്ടുണ്ട് മഹേഷ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  15. ‘ബലാല്‍സംഗവും കുളിസീനും ഒന്നും വേണ്ട എന്നാണു എന്റ്റെ അഭിപ്രായം. പ്രേക്ഷകര്‍ മലയാളികള്‍ ആയത് കൊണ്ട്, ഇതൊക്കെ ഉണ്ടേല്‍ ചിലപ്പോള്‍ പടം ഹിറ്റായെന്നു വരും.‘
    ഇതൊക്കെ നേരത്തെ പറഞ്ഞതോണ്ട് ഇത് ഹിറ്റായത് തന്നെ...!

    ReplyDelete
  16. രസിച്ചു വായിച്ചു. ഇത്തിരി നീളം കൂടിപ്പോയോന്നൊരു സംശയം.

    ReplyDelete
  17. പദ്മശ്രീ സൂപ്പര്‍ സ്റ്റാര്‍ ലേഫ്ടനന്റ് കേണല്‍ മഹേഷ്‌ പണ്ഡിറ്റ്‌ ഇന്‍ ആന്‍ഡ്‌ ആസ് " ക്ലാരയെ തേടി "

    ReplyDelete
  18. ഒന്ന് ശ്രമിച്ചു നോക്കൂ... ആരാധകനെ നിരാശനാക്കാന്‍ പാടില്ലാ.... :)

    ReplyDelete
  19. എന്നാലും മലയാളത്തില്‍ ഒരു സിനിമ പൊട്ടിക്കാന്‍ കഴിവുള്ള ഒരേയൊരാള്‍ ഈ ഇലച്ചാര്‍ത്തിന്റെ സ്രഷ്ടാവാണെന്ന് അയാള്‍ക്ക് തോന്നിയല്ലോ !
    ഞാന്‍ കരുതി, ഒടുവില്‍ ഒക്കെ സ്വപ്നമായിരുന്നെന്നു പറഞ്ഞു തടിയൂരുമെന്ന്.

    ReplyDelete
  20. valare nannayittundu...... aashamsakal...... blogil puthiya post..... ANAARAKKANNAA VAA..... vayikkane......

    ReplyDelete
  21. blogil puthiya post....... NEW GENERATION CINEMA ENNAAL....... vayikkane..................

    ReplyDelete
  22. Exellent....i like very much...Thank u.....!

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. gud wrk..
    thangaluda script ellam oru low budjet short filim inu suit aakunnathu thannae...
    best wishes

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..