Sunday, August 10, 2014

മിനിക്കഥ - മഴ

നിനച്ചിരിക്കാത്ത നേരത്താവും ഉദ്യാനനഗരി മഴയില്‍ കുതിരുക. അന്ന്,  ഓഫീസില്‍ നിന്നും തിരികെ വരുമ്പോഴാണ് മഴ പെയ്തത്.  നനയാതിരിക്കുവാന്‍ നിരത്ത് വക്കിലെ കടകളുടെ ഓരങ്ങളില്‍ നഗരവാസികള്‍ അഭയം തേടി.  കുട കയ്യില്‍  കരുതിയവര്‍ അവര്‍ക്ക്‌ മുന്നിലൂടെ ഗമയോടെ നടന്നു.
    ഗതാഗത കുരുക്കില്‍ പെട്ട് മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ പുറത്ത് വീണ് മഴനൂലുകള്‍ ചിതറി തെറിച്ചു. കുട ചൂടിയിട്ടും, കാറ്റിനെ പ്രണയിച്ച മഴത്തുള്ളികളെന്നെ നനച്ചു കൊണ്ടിരുന്നു. കോസ്മോസ് മാളിന് മുന്നില്‍, മഴ നനയാതിരിക്കുവാന്‍ നിന്നവരുടെ കൂട്ടത്തില്‍ നിന്നൊരു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെന്നെ നോക്കി. ഈറനടുത്ത ചന്തമുള്ളൊരു പെണ്ണ്.  എന്റെ ചെറിയ കുടയുടെ ഇത്തിരി തണലില്‍ അവള്‍ക്ക് കൂടി ഇടം കൊടുക്കുവാന്‍ മനസ്സെന്നോട് മന്ത്രിച്ചു; ധിക്കരിക്കാനായില്ല.
    നനയാതിരിക്കുവാന്‍ അവളെന്നോട് ചേര്‍ന്നാണ് നടന്നിരുന്നത്. പരിചയമുള്ള നിരവധി മുഖങ്ങള്‍ ആശ്ചര്യത്തോടെ എന്നെ തുറിച്ച് നോക്കി. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്ന പക്ഷേ കണ്ടാലൊന്ന് തിരിഞ്ഞ് നോക്കുക കൂടി ചെയ്യാത്ത പലരും ഞങ്ങളെ സാകൂതം വീക്ഷിച്ചു. അസൂയ.
    മഴയുടെ പ്രണയ ഭാവങ്ങളില്‍ കുതിര്‍ന്ന മനസ്സിന്റെ നോട്ടം, അറിയാതവളുടെ ഈറന്‍ നിറഞ്ഞ മാറിന്‍ തുഞ്ചത്തിറ്റിറ്റ് വീണു കൊണ്ടിരുന്നു. അവള്‍ക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല; കാരണം എവിടെയാണേലും ഞാന്‍ കൊണ്ടെയാക്കും. എങ്കിലും, അല്പം കഴിഞ്ഞപ്പോള്‍, അവളെയൊന്ന്‍ പരിചയപ്പെടാനായി ഞാന്‍ ചോദിച്ചു.
     "കുട്ടിക്ക്‌ എവിടെയാണ് പോകേണ്ടത്...?"
    അവളെന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
     "ഔട്ടര്‍ റിംഗ് റോഡില്‍,  മള്‍ട്ടിപ്ലെക്സ് വരെ...."
ആ ശബ്ദം കേട്ടതും ഞാന്‍ ഞെട്ടി.  പതറിയ സ്പീക്കറില്‍ നിന്നും പുറത്ത് വന്ന ഒരു പുരുഷ ശബ്ദം...കുടയുടെ പിടി വിട്ട് തൊട്ടടുത്ത കടയിലേക്ക് ഞാനോടിക്കയറി.
   പിറ്റേന്ന് ഓഫീസില്‍ നിന്ന് വന്നപ്പോഴും മഴ പെയ്തു. കുട നിവര്‍ത്തിയില്ല;  എങ്ങും കയറി നിന്നുമില്ല; മഴ നനയുന്നതാണുത്തമം...!