Saturday, August 21, 2010

ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു

ഓണാഘോഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂക്കളമിടാന്‍, ഉദ്യാനനഗരിയിലെ തിരക്കേറിയ പൂ മാര്‍ക്കറ്റായ സിറ്റി മാര്‍ക്കറ്റില്‍ പൂക്കള്‍ മേടിക്കുവാന്‍ പോയ ബ്ലോഗ്ഗര്‍ ശ്രീ മഹേഷ്‌ വിജയന്‍റെ പോക്കറ്റ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടു കൂടി അതിദാരുണമായി കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേഴ്സും അതിലുണ്ടായിരുന്ന അമൂല്യങ്ങളായ പലവസ്തുക്കളും തസ്ക്കരന്‍ അടിച്ചു മാറ്റി.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ റിജില്‍ ശങ്കര്‍ ഉത്തരവിട്ടു. ഓണാഘോഷ കമ്മറ്റി കണ്‍വീനര്മാരായ ശരത്, ജിന്‍സണ് എന്നിവര്‍ പ്രസ്തുത സംഭവത്തില്‍ പ്രകടിപ്പിച്ച വന്‍ ഞെട്ടലും ഉള്‍ക്കിടിലവും റിച്ചര്‍ സ്കെയിലില്‍ 1.1 cm ശക്തി രേഖപ്പെടുത്തുകയുണ്ടായി.

പൂക്കള്‍ മേടിച്ച ശേഷം മാര്‍ക്കറ്റിനു പുറത്തു വന്ന ശ്രീ മഹേഷിന്റെ മോന്ത അണ്ണാന്‍ ചപ്പിയ മാതിരിയും മ്ലാനവദനഗദ്ഗദകണ്ഠനായും കാണപ്പെട്ടത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഒന്നടങ്കം നിരാശയിലാഴ്ത്തി.

നഷ്ടപ്പെട്ട പേഴ്സിലുണ്ടായിരുന്ന വിലമതിക്കാനാവാത്ത വസ്തുക്കളില്‍ അദ്ദേഹത്തെ ആദ്യമായി പ്രണയിച്ച (അവസാനമായും) ഒരു പെണ്‍കുട്ടിയുടെ മനോഹരങ്ങളായ രണ്ടു ഫോട്ടോ , ആദ്യമായി നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ക്ക് യാത്ര ചെയ്ത ട്രെയിനിന്റെ റിസര്‍വേഷന്‍ ടിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും കഴിഞ്ഞ ആറ് വര്‍ഷമായി കൂടെ ഉണ്ടായിരുന്ന പേഴ്സാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌.

പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദുഃഖം കടിച്ചമര്‍ത്തി ഇടറിയ ശബ്ദത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു.

"നഷ്ടപ്പെട്ട ആ ഫോട്ടോ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലെ തന്നെ ഇന്‍സ്പിരേഷന്‍ ആയിരുന്നു. പാന്‍ കാര്‍ഡും വോട്ടര്കാര്‍ഡും ഡെബിറ്റ്-ക്രെഡിറ്റ്‌ കാര്‍ഡുകളുമെല്ലാം പോയത് എനിക്കൊരു പ്രശ്നമല്ല. പക്ഷെ ആ ഫോട്ടോസ്............"

ഒന്ന് നിര്‍ത്തി തേങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം തുടര്‍ന്നു.

"ഇന്ന് അവളുടെ കല്യാണം കഴിഞ്ഞു, മൂത്തകുട്ടി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇനി എങ്ങനാണ് പോയി വീണ്ടുമൊരു ഫോട്ടോ തരാമോയെന്നു ചോദിക്കുന്നത് ?
മാത്രവുമല്ല, എന്തൊക്കെ പറഞ്ഞാലും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ തന്ന ആ ഫോട്ടോയ്ക്ക് പകരമാവില്ലല്ലോ മറ്റെന്തും.."

പ്രചോദനമായിരുന്ന ഫോട്ടോ നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി എഴുത്ത് നിര്‍ത്തുമോയെന്ന പത്രപ്രവര്‍ത്തകരുടെ ആകാംക്ഷ മുറ്റിയ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ലോകമെംബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

"സത്യത്തില്‍, എഴുതുന്ന വലതു കയ്യിലെ തള്ളവിരലാണ് എനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഒരു സ്റ്റെനോഗ്രാഫറെ വച്ച് ഞാനെന്റെ എഴുത്ത് തുടരുന്നതായിരിക്കും"

നഷ്ടപ്പെട്ടു പോയ പേഴ്സ് അതിലെ ഫോട്ടോ അടക്കം തിരികെ ഏല്പ്പിക്കുന്നവര്ക്ക് ശ്രീ മഹേഷ്‌ വിജയന്‍ ഇരുപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേ സമയം പാരിതോഷിക തുക ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ കള്ളന്‍ അതിനായി കാത്തിരിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സംഭവ ദിവസം രാത്രി ബഹുമാന്യനായ ബ്ലോഗ്ഗറെ, വെള്ളമടിച്ച് അവശനായ നിലയില്‍ വൈറ്റ് ഫീല്‍ഡിലെ ഒരു ഓടയില്‍ കണ്ടെത്തി എന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നഷ്ടപ്പെട്ടു പോയ തന്റെ പേഴ്സ് ഓടയില്‍ എങ്ങാനും ഉണ്ടോ എന്ന് ഇറങ്ങി നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്.

ഇന്നലെ വൈകിട്ട് വൈറ്റ് ഫീല്‍ഡില്‍ ചേര്‍ന്ന വന്‍ സമ്മേളനത്തില്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ വന്‍ പ്രമുഖര്‍ പ്രസ്തുത സംഭവത്തെ അപലപിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ചിലര്‍ കടുത്ത ദുഖവും രോദനവും രേഖപ്പെടുത്തി.

പിന്നീട് നടന്ന 'മഹേഷിന്റെ പേഴ്സ്' ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം അമ്പതു പൈസയുടെ ചെക്ക് ഡൊണേറ്റ് ചെയ്തുകൊണ്ട് ശ്രീമാന്‍ ജേര്‍വിസ് അവര്‍കള്‍ നിര്‍വഹിച്ചു. എത്രയും പെട്ടന്ന് ആ പേഴ്സ് കള്ളനെ കണ്ടെത്തി ഈ ദിരിതാസ്വാസ നിധി കൈമാറാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേ സമയം നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടുന്നതിനായി മൂന്നു മാസം വരെ കാത്തിരിക്കാനും എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ മരിച്ചുപോയതായി കണക്കാക്കി ആദരാഞ്ജലികളും അന്ത്യകൂദാശകളും അര്‍പ്പിച്ച് കബറടക്കുവാന്‍ തീരുമാനിച്ചതായി ദുഖാര്‍ത്തനായ പേഴ്സിന്റെ ഉടമസ്ഥന്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അന്നേ ദിവസം, പ്രത്യേക ദുഖനിവാരണ പാര്‍ട്ടി ഉണ്ടായിരിക്കുന്നതാണ്.

ശ്രീ. ബ്ലോഗ്ഗര്‍ മഹേഷിന്റെ ദുഃഖത്തില്‍ പങ്കു ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം ഇ-മെയില്‍ ആയ maheshvjayan@yahoo.com -ലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ സന്ദേശം അയക്കാവുന്നതാണ്.

തന്റെ പുതിയ പേഴ്സില്‍ വയ്ക്കുവാന്‍ പുതിയ ഫോട്ടോകള്‍ ശ്രീ മഹേഷ്‌ വിജയന്‍ ക്ഷണിക്കുന്ന വിവരവും വളരെ വ്യസന സമേതം ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു.

Saturday, August 14, 2010

മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍

1. ബ്ലോഗ്‌ വില്പനയ്ക്ക്
പരസ്യ കോഡ്:

ഒരു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 400 ഫോളോവേഴ്സും 124 പോസ്റ്റുകളും ഉള്ള ഉത്തരാധുനിക ബ്ലോഗ്‌, തൂലിക നാമവും ഫോളോവേഴ്സുംപോസ്റ്റുകളുമടക്കം വില്പനയ്ക്ക്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റുബ്ലോഗുമായി കൈമാറ്റവും പരിഗണിക്കുന്നതാണ്. Brokers Please Excuse.

2. ബ്ലോഗ്ഗര്‍ യുവതി, 22 വയസ്സ്
പരസ്യ കോഡ്: ബി

22 വയസ്സുള്ള സുന്ദരിയായ ബ്ലോഗ്ഗര്‍ യുവതി, നിലവാരമുള്ള പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, ബ്ലോഗനാര്‍ യുവാക്കളില്‍ നിന്നും ബ്ലോറോസ്കോപ്പ് (ബ്ലോതകം) സഹിതം ആലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

3. BLOG TRANSLATOR
പരസ്യ കോഡ്: സി

കുപ്രസിദ്ധ ബ്ലോഗായ 'ഇലച്ചാര്‍ത്തുകള്‍' മലയാളത്തിലെ തങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഇംഗ്ലീഷ്
, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു തുടങ്ങിയ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ആയതിലേക്ക് മലയാളത്തിലും കൂടാതെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും പ്രാവീണ്യവുമുള്ള സുന്ദരികളായ ബ്ലോഗിണികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിന് പുറമേ ബ്ലോഗ്ഗറുടെ അളവറ്റ സ്നേഹവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മുന്‍പരിചയം ആവശ്യമില്ല.

താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിലേക്കായി ഇവിടെ ഒരു കമന്റിടാന്‍ ദയവായി അപേക്ഷിക്കുന്നു...!!!


Saturday, August 7, 2010

ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം

പണ്ടൊരിക്കല്‍ ഒരിടത്ത് പരമു എന്നൊരു പാവം ബ്ലോഗ്ഗര്‍ ജീവിച്ചിരുന്നു. തന്റെ ബ്ലോഗിന് ഫോളോവേഴ്സ് ആരും ഇല്ലാതിരുന്നതിനാല്‍ പരമു വളരെ ദുഖിതനായിരുന്നു. ഒടുവില്‍ തപസ്സ് ചെയ്തു ദൈവത്തെ പ്രീതിപ്പെടുത്തി ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുവാന്‍ ഒരു ദിവസം ബ്ലോഗ്ഗര്‍ പരമു തീരുമാനിച്ചു...

അങ്ങനെ പരമു തപസ്സു തുടങ്ങി.
അതികഠിനമായ തപസ്സിനൊടുവില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.

"പരമൂ, നിനക്കെന്ത് വരമാണ് വേണ്ടത്?"
"ദൈവമേ, അങ്ങ് എന്റെ ബ്ലോഗിന് നൂറു ഫോളോവേഴ്സിനെ
തന്നനുഗ്രഹിച്ചാലും "
ദൈവം പരമുവിനെ അനുഗ്രഹിച്ചു.

തനിക്കു നൂറു ഫോളോവേഴ്സിനെ കിട്ടിയതറിഞ്ഞ പരമു വളരെ സന്തോഷവാനായി. എന്നാല്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, പരമുവിന് കിട്ടിയ ഫോളോവേഴ്സില്‍ ഒരു മലയാളി പോയിട്ട് ഒരിന്ത്യാക്കാരന്‍ പോലുമുണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ നല്ല അന്തസ്സായി തോറ്റ പരമുവാകട്ടെ ബ്ലോഗ്ഗെഴുതുന്നത് മലയാളത്തിലും.

പരമു വീണ്ടും തപസ്സു തുടങ്ങി.
ഘോര തപസ്സ്..
അവസാനം ദൈവം പ്രത്യക്ഷപ്പെട്ടു വരം ചോദിച്ചപ്പോള്‍ പരമു പറഞ്ഞു.

"ദൈവമേ, അവിടുന്ന് എനിക്ക് മലയാളികളായ നൂറു സുന്ദരന്മാരെയും സുന്ദരിമാരെയും ഫോളോവേഴ്സായി തന്നനുഗ്രഹിച്ചാലും."
"നിന്റെ ആഗ്രഹം പോലെ നടക്കട്ടെ" ദൈവം അനുഗ്രഹിച്ചു.

മലയാളികളായ നൂറു സുന്ദരികളെയും സുന്ദരന്മാരെയും ഫോളോവേഴ്സായി കിട്ടിയ പരമു സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിച്ചു വളര്‍ന്ന മലയാളം വായിക്കാനറിയാത്ത പുതു തലമുറയില്‍ പെട്ടവരായിരുന്നു പരമുവിന്റെ ഫോളോവേഴ്സിലെ എല്ലാവരും.

പരമു വീണ്ടും തപസ്സ് തുടങ്ങി.
കൊടുങ്കാറ്റും പേമാരിയും വകവെക്കാതെയുള്ള ഉഗ്ര തപസ്സ്.
ഒടുവില്‍ ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു.

"മകനെ, നിനക്കെന്ത് വരമാണ് ഇത്തവണ വേണ്ടത്? പക്ഷെ ഒരു കാര്യം നീ ഓര്‍ക്കുക. ഇത് നിന്റെ അവസാനത്തെ ഊഴമാണ്. ഇനിയെത്ര തപസ്സനുഷ്ഠിച്ചാലും നാലാമതൊരു വരം നിനക്ക് ലഭിക്കുകയില്ല. "

അല്‍പനേരം നന്നായി ആലോചിച്ച ശേഷം പരമു ആവശ്യപ്പെട്ടു.

"മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന കഥയും കവിതയും ഇഷ്ടപ്പെടുന്ന സുന്ദരികളും സുന്ദരന്മാരുമായ നൂറു യുവജനങ്ങളെ എനിക്ക് ഫോളോവേഴ്സായി തന്നാലും"
വരം കൊടുത്തു ദൈവം അപ്രത്യക്ഷനായി.

തന്റെ ഇഷ്ടപ്രകാരമുള്ള ഫോളോവേഴ്സിനെ കിട്ടിയ പരമു സന്തോഷത്താല്‍ മതി മറന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും പഴയതിലും ദുഖിതനും നിരാശനുമായിത്തീര്‍ന്നു.കാരണം, പരമു ആവശ്യപ്പെട്ട പ്രകാരമുള്ള ഫോളോവേഴ്സിനെ ലഭിച്ചെങ്കിലും അവരാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരോ ബ്ലോഗ്‌ വായിക്കുന്നവരോ ആയിരുന്നില്ല. അങ്ങനെ കിട്ടിയ വരങ്ങള്‍ കൊണ്ടൊന്നും ഒരു പ്രയോജനവും കിട്ടാതെ പരമു ബ്ലോഗെഴുത്ത് എന്നെന്നേക്കുമായി നിര്‍ത്തി.

ഗുണപാഠം : അര്‍ഹതയില്ലാതെ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല - ബ്ലോഗ്ഗര്‍ പരമു.

Sunday, August 1, 2010

ഫോളോവേഴ്സിനെ ആവശ്യമുണ്ട്

ബൂലോകത്ത് പിറന്നു വീണു ആദ്യ കഥ പോസ്റ്റിയിട്ട് വര്‍ഷം ഒന്ന് തികയുന്നു. പോസ്റ്റുകള്‍ പിന്നെയും പലതവണ പോസ്റ്റി. എന്നിട്ടും കമന്റുകള്‍ മാത്രം വന്നില്ല. ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും ഒറ്റ നമ്പരില്‍ തന്നെ തുടരുന്നു.

ബൂലോകം മൊത്തമൊന്നു കറങ്ങിനോക്കി. ചെന്നിടത്തെല്ലാം എല്ലാവര്‍ക്കും ഒരുപാട് ഫോളോവേഴ്സുണ്ട്. അവര്‍ക്കൊക്കെ ധാരാളം കമന്റും കിട്ടുന്നുണ്ട്‌. എന്തിന് ഇന്നലെ ബ്ലോഗ്‌ തുടങ്ങിയവന് വരെ ലാവിഷായി ഫോളോവേഴ്സ്. എനിക്ക് മാത്രം ഇല്ല. ദുഖിക്കാന്‍ ഇതില്പരം ഒരു കാരണം എന്ത് വേണം?

എന്റെ പോസ്റ്റാകുന്ന കഥകളുടെ നിലവാരമില്ലായ്മയാണോ പ്രശ്നം? ഞാന്‍ സ്വയമൊരു വിശകലനം നടത്തി. അല്ല; കാരണം എഴുതുന്ന കഥകള്‍ വായിച്ചു ഞാന്‍ സ്വയം കരയുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനര്‍ത്ഥം സാധാരണയിലും കവിഞ്ഞ് നിലവാരം പുലര്‍ത്തുന്നവയാണ് എന്റെ കഥകള്‍ എന്ന് തന്നെയാണ്.

ആരെയും ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥകള്‍. ഏത് വിവരമില്ലാത്തവന് പോലും വായിച്ചാല്‍ മനസ്സിലാകുന്ന കഥകള്‍. BIS ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുവാന്‍ യോഗ്യതയുള്ള പത്തരമാറ്റുള്ള കഥകളാണെന്‍റേത് എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.

എന്നിട്ടും..????

രണ്ടു മാസം മുന്‍പ്, എന്റെ ബ്ലോഗിന് ISO 9098 അംഗീകാരം തരാം എന്ന് പറഞ്ഞു വന്നവന്മാരെ ജാഡ കാണിച്ചു പറഞ്ഞു വിട്ടത് ഒരു മണ്ടത്തരമായിപ്പോയി എന്നിപ്പോള്‍ തോന്നുന്നു...

ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു കൊണ്ടേയിരുന്നു.
ശരിക്കും യഥാര്‍ത്ഥ പ്രശ്നമെന്താണ്?
കമന്റില്ലാത്ത പോസ്റ്റ്‌ പഞ്ചാരയില്ലാത്ത ഡബിള്‍ സ്ട്രോങ്ങ്‌ ചായ പോലെയാണെന്ന് പറഞ്ഞതാരാണ്?
എന്റെ തലയ്ക്കു ചുറ്റും കറങ്ങുന്ന കണ്ടക ശനി കമന്റിടാനെത്തുന്നവരെയും ഫോളോ ചെയ്യാനെത്തുന്നവരേയും തുരത്തി ഓടിക്കുകയാണോ?

അതോ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി എന്നെ വീണ്ടും തോല്പ്പിക്കുകയാണോ ?
പറയൂ ബ്ലോഗ്ഗര്‍മാരെ, ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്?
നിങ്ങളുടെ ബ്ലോഗ്‌ വായിച്ചിട്ട് കമന്റിടാതെ പോകുന്നത് ഇത്ര വലിയ തെറ്റാണോ?
സമയമില്ലാത്തത് കൊണ്ടല്ലേ കമന്റിടാത്തത്? ഉണ്ടെങ്കിലിടുമോ?

എന്താണേലും വേണ്ടില്ല, യുദ്ധകാലാടിസ്ഥാനത്തില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയെ തീരൂ.. ജന്മസിദ്ധമായ എന്റെ കുരുട്ടു ബുദ്ധി പുര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി...

യൂറേക്കാ...!!
കിട്ടിപ്പോയി..!!!

എങ്ങും ഏതിനും എന്തിനും ഓഫറുകളുടെ പെരുമഴയല്ലേ ഇന്ന്..
ഞാനും ഒരു ഓഫര്‍ നല്‍കിയാലോ?

"ഫോളോവേഴ്സിനു ബ്ലോഗൊന്നിനു അഞ്ചു രൂപാ സമ്മാനം.
കമന്റ് ഒന്നിന് അമ്പതു പൈസ സമ്മാനം..
ഓരോ മാസവും തിരഞ്ഞെടുത്ത കമന്റിനു ബംബര്‍ സമ്മാനം "

പക്ഷെ ഒരു പ്രാക്ടിക്കല്‍ പ്രശ്നമില്ലേ? ബൂലോകത്തില്‍ അവിടെയും ഇവിടെയും കിടക്കുന്ന സമ്മാനര്‍ഹര്‍ക്ക് തുക എങ്ങനെ കൊടുക്കും?
വഴിയുണ്ട്. സമ്മാനത്തുക ഒരു നിശ്ചിത സംഖ്യയെത്തുമ്പോള്‍ സമ്മാനര്‍ഹര്‍ അവരുടെ ഡീറ്റയില്‍സ് എനിക്ക് -മെയില്‍ അയച്ചുതരുന്നു. തത്തുല്യ തുകയ്ക്ക് ഞാന്‍ അവരുടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്നു.
സംഗതി ക്ലീന്‍.
നല്ല സൊയമ്പന്‍ ഓഫര്‍.
ടൂ ഇന്‍ വന്‍ ബെനിഫിറ്റ്.
എനിക്ക് ആരാധകരെയും കിട്ടും, ആരാധികമാരുടെ ഫോണ്‍ നമ്പരും കിട്ടും.!!
മച്ചാ, സൂപ്പര്‍ , ഡ്യൂപ്പര്‍ ഐഢിയ !!

അങ്ങനെ ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റു കിട്ടിയ, ഫോളോവേഴ്സുള്ള ഉള്ള വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഗിന്നസ് ബുക്കിലേക്ക്. പിന്നെ അവിടെ നിന്നും ലിംക വേള്‍ഡ് റെക്കോര്‍ഡിലേക്ക്..
ഇത്രയധികം ഫോളോവേഴ്സിനെയും കമന്റുകളെയും മാനേജ് ചെയ്യാനാകാതെ ഗൂഗിള്‍ അവരുടെ ബ്ലോഗ്സ്പോട്ട്.കോം വെബ്സൈറ്റ് പൊളിച്ചെഴുതും.

പക്ഷെ ഒരു വലിയ പ്രശ്നം?
ഇതൊക്കെ നടക്കണമെങ്കില്‍ കിടെ കിടെ എന്തെങ്കിലും പോസ്റ്റണ്ടേ? ആവനാഴിയിലെ അമ്പുകളെല്ലാം തീര്‍ന്നു. അറിയാവുന്നതെല്ലാം എഴുതിക്കഴിഞ്ഞു. ഇനി എന്തോന്ന് എഴുതാന്‍..? ഇപ്പൊ പണ്ടത്തെപ്പോലെയല്ല , കഥകള്‍ക്കിപ്പോ വല്ലാത്ത ദാരിദ്രമാണ്.

ഉടന്‍ മറ്റൊരു ആവനാഴി എങ്ങനെയെങ്കിലും കണ്ടു പിടിച്ചേ തീരു..
ഉം. അതിനും വഴിയുണ്ട്.. എങ്ങനെ?

'' പത്രങ്ങളിലെല്ലാം ഒരു പരസ്യം കൊടുക്കാം !!
"ഹെഡിംഗ്: കഥകള്‍ വിലക്ക് ആവശ്യമുണ്ട്.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകള്‍ കോപ്പിറൈറ്റ് സഹിതം വിലക്ക് ആവശ്യമുണ്ട്. ബന്ധപ്പെടുക:
PB No 143,
NO 13, Love Shore,
Bangalore South."

ങ്ഹും!! എന്നോടാ കളി. ഞാനാരാ മോന്‍ !!