Saturday, July 2, 2011

കഥകള്‍ പറഞ്ഞ കഥ

കണക്കുകള്‍ പിഴച്ചു തുടങ്ങിയത് ഏകദേശം മൂന്നു കൊല്ലം മുന്‍പാണ് എന്നാണു എന്റെ ഓര്‍മ്മ. അക്കങ്ങള്‍ തമ്മില്‍ കൂട്ടാനാകാതെ വന്നതും നമ്പരുകള്‍ ഒന്നും തന്നെ മനസ്സില്‍ നില്‍ക്കുന്നില്ല എന്നതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവായിരുന്നു. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ  പേരുകള്‍ മറന്ന് പോകുന്നതും വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും പോയ സ്ഥലങ്ങളും മറവിയിലാഴ്ന്നു  പോകുന്നതും അംഗീകരിക്കാന്‍ മനസ്സ് മടിച്ചു. ഉറക്കക്കുറവും പതിവായി ശല്യപ്പെടുത്താന്‍ എത്തുന്ന സ്വപ്നങ്ങളും എന്നെ കൂടുതല്‍ അസ്വസ്ഥമാക്കി.

കൊഴിഞ്ഞു വീണ  ഓരോ വര്‍ഷവും ഈ ലോകത്ത് എന്ത് സംഭവിച്ചു എന്നത് എനിക്കന്യമായി തുടങ്ങി. ഓരോ ദിവസവും, തലേ ദിവസം ഞാന്‍ എന്ത് ചെയ്തു എന്ന് പോലും ഓര്‍മ്മിച്ചെടുക്കാന്‍ ആകാത്ത വിധം പ്രശ്നങ്ങള്‍ രൂക്ഷമായി. മനസിന്റെ താളപ്പിഴകള്‍ ജീവിതത്തെയും ബാധിച്ചു തുടങ്ങി. അകാരണമായ ദേക്ഷ്യം കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാക്കി തന്നു കൊണ്ടിരുന്നു. തലയിലെടുത്ത് വെച്ച മണ്ടത്തരങ്ങള്‍ സമ്മാനിച്ച അനേക ലക്ഷങ്ങളുടെ സാമ്പത്തികഭാരം വലിയൊരു ചോദ്യചിഹ്നമായി ഇപ്പോഴും തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. ജോലിയില്‍ ശ്രദ്ധ കുറഞ്ഞു.

ഒടുവില്‍ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ച പ്രകാരം ഡോക്ടര്‍ സിറിയക് കുര്യനെ പോയി കണ്ടു. നൂറില്‍ നിന്നും ഏഴു വീതം കുറച്ച് പിറകോട്ടു എണ്ണുവാനും കടലാസില്‍ ഒരു നക്ഷത്രം വരയ്ക്കാനും അദ്ദേഹം എന്നോടാവശ്യപ്പെട്ടു. പല അവസരങ്ങള്‍ തന്നിട്ടും ഞാന്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഡോക്ടര്‍ എനിക്കുള്ള മരുന്നു കുറിച്ച് കഴിഞ്ഞിരുന്നു. ഡിപ്രഷന്റെ  തുടക്കം ആണത്രേ...

തിരികെ പോരുമ്പോള്‍ മരുന്നിന്റെ കുറിപ്പ് കീറി ദൂരെയെറിഞ്ഞു. മനസ്സിനേറ്റ തോല്‍വി മാത്രം അംഗീകരിക്കാന്‍ വയ്യ. തന്റെ മനസ്സിന് ഒരു ചികിത്സയും ആവശ്യമില്ല. അന്ന് കിതച്ചു കൊണ്ടോടി തുടങ്ങിയ ഓട്ടം ഇന്നും ഏതോ പെരുവഴിയിലൂടെ എങ്ങുമെത്താതെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇനിയുമെത്ര നാള്‍ എന്നെ അറിയേണ്ടൂ..

ഇടെയ്ക്കെപ്പോഴോ തുടങ്ങിയ എഴുത്തും എനിക്കന്യമായി കൊണ്ടിരിക്കുന്നുവോ?
എഴുത്തുപുരയില്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന എത്രയോ കഥകള്‍. അവയ്ക്കുമുണ്ടാകില്ലേ സങ്കടങ്ങള്‍? ഒരു നോട്ട്ബുക്ക് എടുത്തു തുറന്നു നോക്കി. ഏങ്ങലടിച്ചു കൊണ്ടുള്ള ഒരു കരച്ചില്‍ അതില്‍ നിന്നും വെളിയില്‍ വന്നു. 'സമീര' എന്ന കഥയിലെ ദുഖപുത്രിയായ നായികയുടെ കണ്ണുനീരിന്റെ നനവില്‍ കുതിര്‍ന്ന താളുകളില്‍ മഷി പടര്‍ന്നിരിക്കുന്നു. സമീര വിതുമ്പുകയാണ്...

"എന്തിനാണെന്നെ കൊല്ലാതെ, ഒരു ജീവച്ഛവമാക്കി പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്? എന്നെ ഒന്ന് കൊന്നു കൂടേ ? "

ആര്‍ത്തിരമ്പി വന്ന തിരമാല കണക്കെ, എന്റെ ഹൃദയഭിത്തിയില്‍ വന്നിടിച്ച്‌ ആ  ചോദ്യം ഉത്തരം കിട്ടാതെ മടങ്ങിപ്പോയി. നിന്റെ യജമാനന്റെ കൈകള്‍ തളര്ന്നിരിക്കുന്നത് നീ അറിയുന്നില്ലേ സമീരാ?
ഞാന്‍ തോറ്റിരിക്കുന്നു. അവളുടെ കരച്ചില്‍ ഉച്ചത്തില്‍ ആയപ്പോള്‍ ആ നോട്ട്ബുക്ക് ഞാന്‍ അടച്ചു വെച്ചു. ദുഖത്തിന്റെ  ഈരടികള്‍ നേര്‍ത്ത് വരികയും പതിയെ അലിഞ്ഞില്ലാതാകുകയും ചെയ്തു.

അറിയാതെ കണ്ണുകള്‍  മറ്റൊരു നോട്ട്ബുക്കിനെ  തേടി ചെന്നു. താളുകള്‍ മറിച്ചപ്പോള്‍ 'ഹൃദയത്തിലെ വിരുന്നുകാരി' എന്ന കഥയിലെ എഴുതി തീര്‍ത്ത പാതി മുന്നില്‍ തെളിഞ്ഞു. മഞ്ചാടിക്കുരുവിന്റെ മുഖമുള്ള സീത എന്ന പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ കോറിയിട്ട കഥ. അവള്‍ക്കു  വേണ്ടി   മഞ്ചാടിക്കുരുക്കള്‍ കൊണ്ടൊരു  ടാജ്മഹല്‍ ഉണ്ടാക്കാന്‍ സ്വപ്നം കണ്ട എന്റെ കഥ. പ്രണയത്തിന്റെ മാന്ത്രികസ്പര്‍ശമായിരുന്നൂ അവള്‍. പക്ഷെ കാലം അവളിലും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി. ഒടുവില്‍ എന്റെ തൂലികയ്ക്കായി, വേദനിക്കുന്ന ഹൃദയവുമായി, എത്ര നാളായി അവള്‍ കാത്തിരിക്കുന്നു? മോക്ഷവും കാത്ത്...

എവിടെയോ ഒരു ചിലങ്കയുടെ നാദം കേള്‍ക്കുന്നില്ലേ? ഉണ്ട്. അതവളാണ്  ഗൗരി. കുറെ തിരഞ്ഞിട്ടാണ്   ഗൗരിയുടെ കഥ കണ്ടെത്തിയത്. അതില്‍ നിറയെ മാറാല പിടിച്ചിരുന്നു. നിഗൂഡതയില്‍ നിന്നും വന്ന് നിഗൂഡതയിലേക്ക്    മടങ്ങിപ്പോയ ഗൗരി എന്ന പെണ്‍കുട്ടിയെ കുറിച്ച് 'ഗൗരി ഒരു ഓര്‍മ്മക്കുറിപ്പ്‌' എന്ന പേരില്‍ രണ്ടു വര്ഷം മുന്‍പ് എഴുതി തുടങ്ങിയ കഥ; ഇനിയും തീരാത്ത കഥ.

സമീരയും സീതയും ഗൗരിയും എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. എന്നിട്ടും  അവ എഴുതി തീര്‍ക്കാനാവാതെ കേഴുന്ന മനസ്സ്. എവിടെയാണ് പിഴച്ചത്?

മേശമേലൊരു  ഗ്ലാസ്സില്‍ ഒഴിച്ചു വെച്ച നിറമുള്ള മദ്യം എന്നെ നോക്കി ചിരിച്ചു തുടങ്ങി. പുതിയ കുപ്പിയിലെ പഴയ  സ്നേഹിതന്‍. എത്ര ഗ്ലാസ് കഴിച്ചു കാണും എന്നറിയില്ല; മൊബൈലില്‍ വന്ന ഒരു വിളിയാണ് എന്നെ ഉണര്‍ത്തിയത്.

പ്രിയ ചാവ്ള കോളിംഗ്. എന്തിനാണ് അവള്‍ വിളിക്കുന്നതെന്ന് ഊഹിക്കാം. ആംസ്റ്റര്ഡാമിലെ അഡല്‍ട്ട്സ് ഒണ്‍ലി കോഫീ ഷോപ്പുകളെ കുറിച്ചോ  അല്ലെങ്കില്‍ പാരീസിലെ ചുവന്ന തെരുവുകളെ കുറിച്ചോ അറിയുവാന്‍ ആകാം. അല്ലെങ്കില്‍ ഓള്‍ഡ്‌ മണാലിയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ചോ, കഞ്ചാവ്  കൃഷിയുടെ ബാലപാഠങ്ങളേ  കുറിച്ചോ അതുമല്ലെങ്കില്‍ ഓള്‍ഡ്‌ ഡല്‍ഹിയില്‍ രാത്രിയുടെ മറവില്‍ അഴിഞ്ഞാടുന്ന  പേക്കൂത്തുകളെ   കുറിച്ചോ ഒക്കെയായിരിക്കും അവള്‍ക്കറിയേണ്ടത്. എന്തിലും ഏതിലും ജിജ്ഞാസ കണ്ടെത്തുന്ന മറാഠിക്കാരിയായ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി. അവള്‍ക്ക് വേണ്ടത് ലേഖനങ്ങളും എനിക്ക് വേണ്ടത് കഥകളും; പക്ഷേ രണ്ടു പേരുടെയും പാതകള്‍ ഒന്ന് തന്നെയാണ്.

കുറെ ദിവസങ്ങളായി അവള്‍ പരിഭവത്തില്‍ ആയിരുന്നു. ഒരു വിളി പോലും  ഉണ്ടായിരുന്നില്ല.  എല്ലാ ചിലവുകളും ഉള്‍പ്പെടെ അവള്‍ ഓഫര്‍  ചെയ്ത നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പ്‌ നിരസിച്ചതിന്റെ ദേക്ഷ്യം.

"ലോസ് ഓഫ് പേ എടുത്തെങ്കിലും നിനക്ക് എന്നോടൊപ്പം വന്ന് കൂടേ? ആ കാശും ഞാന്‍ തരാം; നിന്റെ ഒരു മാസത്തെ ശമ്പളം"

എന്നിട്ടും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു.
മുന്നില്‍ വന്ന് നിന്ന് എന്റെ നെറ്റിയില്‍ അവളുടെ നെറ്റി മുട്ടിച്ച്  അവള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

"നീ വേണ്ടെന്നു വെക്കുന്നത് മറ്റു പലതും കൂടിയാണ്...."

മലയാളം അറിയാത്ത ഒരു
മറാഠിക്കാരിയെ എന്റെ ഗേള്‍ഫ്രെണ്ട് ആക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല; ഞങ്ങള്‍ തമ്മില്‍ ഒരുപാട് ചേര്‍ച്ചകള്‍ ഉണ്ടായിരുന്നിട്ട്  കൂടി.

കുറെ നേരം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു എസ്.എം.എസ് വന്നത് കണ്ടു; തന്റെ പ്രണയിനിയുടെ വക ഒരു സന്ദേശം. 

'ഷെയിം ഓണ്‍ യു സാര്‍. പൊട്ടക്കുളത്തിലെ തവളയാണല്ലേ ? താങ്കളുടെ കൂടെ ഒരു ലൈഫ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സോറി.'

മെസ്സേജിനു താഴെ അവളുടെ പേരിലെ നാല് ഇംഗ്ലീഷ് അക്ഷരങ്ങളും എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.  ഇനിയും അവള്‍ എന്തെങ്കിലും ഒക്കെ മെസ്സേജ് അയച്ചേക്കാം. ചിലപ്പോള്‍ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞെന്നും വരാം. എന്തിനാണ് വെറുതെ... മൊബൈല്‍ എടുത്തു ഞാന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. രണ്ടു മാസം മുന്‍പാണ് ഞങ്ങള്‍ അടുത്തത്. എന്റെ പ്രശ്നങ്ങള്‍ക്ക്, വേദനകള്‍ക്ക് ഒരു പരിഹാരമായാണ് അവള്‍ എന്റെ ജീവിതത്തില്‍ കടന്നു വന്നത്. പക്ഷേ പാപി ചെന്നിടം പാതാളം ആയ അവസ്ഥയാണ് ഇപ്പോള്‍.

ചിലപ്പോള്‍ എന്നോടുള്ള അവളുടെ ഇഷ്ടം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ചില സമയത്ത് ആ തേങ്ങ
കയ്യാലപ്പുറത്ത് നിന്നും തിരികെ തെങ്ങില്‍ ചേക്കേറാറുമുണ്ട്. 
ചിതലരിച്ച കണ്ണികള്‍ കൊണ്ടൊരു ബന്ധമല്ലേ ഞങ്ങളുടേത് എന്ന് പലപ്പോഴും തോന്നിയിരിക്കുന്നു.
രണ്ടു പേര്‍ക്കും അതറിയാം എങ്കിലും വെറുതെ പൊരുത്തപ്പെട്ടു പോകുവാന്‍ ഒരു ശ്രമം.

പക്ഷേ, എന്നോടല്ലാതെ വേറെ ആരോടാ അവള്‍ വഴക്കുണ്ടാക്കുകാ, ആരുടെ അടുത്താ ബഹളം വെക്കുകാ  എന്നൊക്കെ ചോദിക്കുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടവും ഞാനറിയുന്നു. പ്രിയ ചാവ്ളയുടെ ഓഫര്‍ നിരസിക്കാനുള്ള കാരണവും മറ്റൊന്നല്ലല്ലോ. നാളെ ചിലപ്പോള്‍ അതൊരു മണ്ടന്‍ തീരുമാനമായി തോന്നിയേക്കാം. എങ്കിലും ഇന്നിന്റെ ശരികള്‍ മാത്രമാണ് എന്നുമെന്റെ ശരികള്‍.

ചിന്തകള്‍ കാട് കയറിയിരിക്കുന്നു. നിറഞ്ഞ ഗ്ലാസ്സിലെ മദ്യ ത്തിലിരുന്ന്  യൂഗോയും ദസ്തയേവ്‌സ്കിയും ഷേക്സ്പിയറുമെല്ലാം എന്നെ നോക്കി ഉറക്കെ ചിരിക്കുന്നു. ഞാനും ചിരിച്ചു; ഉറക്കെത്തന്നെ.

ഓരോ തവണയും  ഗ്ലാസ്സ് കാലി ആകുമ്പോള്‍ ഞാന്‍ പിന്നെയും കണക്കുകള്‍ കൂട്ടുകയായിരുന്നു; എങ്ങനെ കൂട്ടിയാലും ഗുണിച്ചാലും ഹരിച്ചാലും പിഴയ്ക്കുന്ന ജീവിതത്തിന്റെ കണക്കുകള്‍....