Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Tuesday, July 5, 2016

വക്കീലും കേസും ഒരു ഗുണപാഠ കഥ

.കക്ഷി:  സാര്‍,  എന്‍റെ പുരയിടത്തോട് ചേര്‍ന്ന്‍, അയല്‍ക്കാരന്‍ കൃഷി ചെയ്യുന്ന വാഴയുടെ ഇലകള്‍ എന്‍റെ പറമ്പിലേക്ക് നീണ്ട് നില്‍ക്കുന്നു. ഇതുമൂലം, സൂര്യപ്രകാശം  ലഭിക്കാത്തതിനാല്‍ എന്‍റെ അടുക്കള കൃഷിയൊട്ടു ശരിയാകുന്നുമില്ല. എന്ത് ചെയ്യണം സാര്‍?
വക്കീല്‍: നമുക്ക് കേസ് കൊടുക്കാം
കക്ഷി:  എന്ത് പറഞ്ഞ് കേസ് കൊടുക്കും സാര്‍?
വക്കീല്‍: അയല്‍ക്കാരന്റെ വാഴയുടെ വേരുകള്‍ മണ്ണിനടിയിലൂടെ  നിങ്ങളുടെ പറമ്പിലെ വളം കൂടി വലിച്ചെടുത്താണ് വളരുന്നത്. കൂടാതെ, നിങ്ങള്‍ക്ക് കിട്ടേണ്ട സൂര്യപ്രകാശം കൂടി അയല്‍ക്കാരന്റെ വാഴയ്ക്ക് ലഭിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അയാളുടെ കൃഷിയുടെ പകുതിക്ക് അവകാശമുണ്ട്‌.
കക്ഷി: അങ്ങനെയൊക്കെ നിയമമുണ്ടോ സാര്‍?
വക്കീല്‍: നിങ്ങളെന്താ എന്നെ കളിയാക്കുവാണോ? ഞാനീ കോട്ടിടാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തിരുപതായി?
കക്ഷി:  എങ്കില്‍ ശരി സാര്‍. കേസ് കൊടുക്കാം..
                                        ***************
    വക്കീല്‍ കേസ് ഫയല്‍ ചെയ്തു.  കോടതി മുറിയിലെ വക്കീലിന്റെ ഇംഗ്ലീഷ്  ഡയലോഗുകള്‍ കേട്ട് അര്‍ത്ഥമറിയാതെ തന്നെ വാദി കോരിത്തരിച്ചു. വക്കീല്‍ ആളൊരു പുലി തന്നേ. വാദവും പ്രതിവാദവും  അവധിക്ക് വെക്കലുമായി കേസ്  വര്‍ഷങ്ങള്‍ കടന്നു പോയി.  അയല്‍ക്കാര്‍ തമ്മില്‍ കടുത്ത ശത്രുക്കളായി മാറി. കേസ് വിജയിക്കുക എന്നത് അതോടെ അയാളുടെ അഭിമാന പ്രശ്നമായി മാറി. കടം മേടിച്ചും  സ്വര്‍ണം  പണയം വെച്ചും  വാദി വക്കീല്‍ ഫീസ്‌ മുറ പോലെ കൊടുത്തു കൊണ്ടിരുന്നു. വക്കീല്‍  ഇടയ്ക്കിടെ  കക്ഷിയെ ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.  "ഒന്നും പേടിക്കേണ്ട. ജഡ്ജി നമ്മുടെ സൈഡാ, ഉടനെ വിധിയാകും". അയല്‍ക്കാരന്‍ പല തവണ കുല വെട്ടി, വീണ്ടും വാഴ വെച്ചു.  ഒടുവില്‍ കോടതി വിധി പറഞ്ഞു.

"വാദിയുടെ പറമ്പിലെ  വളം കൂടി  വലിച്ചെടുത്താണ് പ്രതിയുടെ പറമ്പിലെ വാഴകള്‍ വളരുന്നത് എന്ന് കോടതിക്ക് നിസ്സംശയം ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍,  വാഴക്കുല  പ്രതിക്കും വാഴപ്പിണ്ടി വാദിക്കും വിധിച്ച് ഈ  കോടതി ഉത്തരവാകുന്നു."

ഗുണപാഠം:   വക്കീലിനേയും കോടതിയേയും സമീപിക്കും മുന്‍പ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നേരില്‍  പരാതി നല്കുക; പ്രശ്നങ്ങള്‍ക്ക്  വക്കീലില്ലാതെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താം.

Saturday, October 3, 2015

ലഹരിയുള്ള ഒരു ചുംബനം (വിഭ്രാമക മിനിക്കഥ)

 എന്റെ ചുംബനങ്ങള്‍ കവിത പോല്‍ ഹൃദ്യവും ഓര്‍മ്മകള്‍ പോലെ മധുരവും നിറങ്ങള്‍ പോലെ അഴകാര്‍ന്നതുമാണെന്നാണ് അവളുടെ ഭാഷ്യം.
"എന്നിട്ടും നീയെന്തിനാണ്‌ എന്നെ വിട്ട് പോകുന്നത്...?"
ഞാന്‍ ചോദിച്ചു.
"നിന്റെ ചുംബനങ്ങള്‍ക്ക് ലഹരിയില്ലാത്തത് കൊണ്ട്..."
"പിന്നാരുടെ ചുംബനങ്ങള്‍ക്കാണ് ലഹരി....?"
"ഒരു ക്യാമ്പസ് ചുംബനത്തിന്...."
"ആരുടെ ചുംബനത്തിനെന്ന് തെളിച്ച് പറയൂ..." ഞാന്‍ അസ്വസ്ഥനായി.
 "എം.ബി.ബി.എസിന് പഠിക്കുമ്പോള്‍, ഒരിക്കല്‍ മോര്‍ച്ചറിയില്‍ വെച്ച്  ഒരു ശവത്തെ ചുംബിച്ചപ്പോള്‍ എനിക്ക് ലഹരി അനുഭവപ്പെട്ടിരുന്നു.  ഒരു വല്ലാത്ത, ലഹരി, ആദ്യമായും അവസാനമായും..."
    ഞാന്‍ നിശ്ശബ്ദനായി.

അവളുടെ പൈപ്പില്‍ നിന്നും മരിയുവാനോയുടെ പുകചുരുളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം തുടര്‍ന്നു. എരിയുന്ന നെരിപ്പോടിനരികില്‍ നഗനരായി ഞങ്ങള്‍ പിന്നേയും കുറെ നേരം ഒന്നും  മിണ്ടാതെ ഇരുന്നു.
"എന്റെ തണുത്ത് മരവിച്ച ചുണ്ടുകള്‍ നിനക്ക് ലഹരി തരുമെങ്കില്‍ ഞാനതിന് തയ്യാറാണ്...."
"ലഹരി തരുമെന്ന് നിനക്ക് എന്താണുറപ്പ്....?"
"നീ ഇത്ര പരിഹസിച്ച് സംസാരിക്കരുത്."
അവളൊന്നും മിണ്ടിയില്ല.

"ഒരു ചുംബനത്തില്‍ മാത്രമാണോ ജീവിതമിരിക്കുന്നത്? നീയെന്നെ സ്നേഹിക്കുന്നില്ലേ? നമുക്ക് ഒരുമിച്ച് ജീവിക്കാം"
ഞാന്‍ യാചിക്കുകയാണ് എന്നെനിക്ക് തോന്നാതിരുന്നില്ല.
"എനിക്കൊന്നുമറിയില്ല ഇഷ്ടാ...എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ചുംബനമൊഴികെ എനിക്കൊന്നുമറിയില്ല.  ഒന്നു മാത്രമെനിക്കറിയാം, എന്റെയീ മുറിയിലാകെ ചുംബനത്തിന്റെ ഗന്ധമാണ്. മുറിവേറ്റ അനവധി ചുംബനങ്ങളിവിടെ, എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നുണ്ട്."

"ഒന്ന് നിര്‍ത്തൂ നിന്റെയീ മുഴുഭ്രാന്ത്....."
അവള്‍ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ടെന്റെ അരികിലേക്ക് വന്ന് ചെവികളില്‍ കടിച്ച് കൊണ്ട് പറഞ്ഞു.
"നമുക്ക് ചുംബിക്കാം..."
ചുണ്ടുകളില്‍ ചുണ്ടുകളിറുകി.  മരിയുവാനോയുടെ ചുരുളുകള്‍ എന്റെ ഉള്ളിലേക്ക് ഒഴുകിയെത്തി. ചുറ്റും ചുംബനത്തിന്റെ ഗന്ധം .

മുഖത്തേക്ക് പാറിവീണ നീണ്ട മുടിയിഴകള്‍ വകഞ്ഞ് മാറ്റി,  അവളുടെ കഴുത്തില്‍ എന്റെ വിരലുകളെന്തോ തേടി. മുറിവേറ്റ ചുംബനത്തിന്റെ സീല്‍ക്കാരങ്ങള്‍ ഒന്നൊന്നായി അലയടിച്ചു. അവള്‍ ഒന്ന് പിടഞ്ഞു.
അപ്പോഴും ഞാനവളെ ചുംബിച്ച് കൊണ്ടേയിരുന്നു.  ത്രസിപ്പിക്കുന്ന ഒരായിരം ചുംബനത്തിന്റെ ലഹരി എന്നില്‍ നിറഞ്ഞു.  ഒരിക്കല്‍ മോര്‍ച്ചറിയിലെ വിറങ്ങലിച്ച ചുണ്ടുകള്‍ അവള്‍ക്ക് പകര്‍ന്ന്‍ നല്‍കിയ ലഹരി ഇപ്പോള്‍ എനിക്കും അനുഭവപ്പെടുന്നു.....!
                                            ************
*നീണ്ട  ഇടവേളയ്ക്ക് ശേഷം കുത്തിക്കുറിച്ചത് .

Sunday, August 10, 2014

മിനിക്കഥ - മഴ

നിനച്ചിരിക്കാത്ത നേരത്താവും ഉദ്യാനനഗരി മഴയില്‍ കുതിരുക. അന്ന്,  ഓഫീസില്‍ നിന്നും തിരികെ വരുമ്പോഴാണ് മഴ പെയ്തത്.  നനയാതിരിക്കുവാന്‍ നിരത്ത് വക്കിലെ കടകളുടെ ഓരങ്ങളില്‍ നഗരവാസികള്‍ അഭയം തേടി.  കുട കയ്യില്‍  കരുതിയവര്‍ അവര്‍ക്ക്‌ മുന്നിലൂടെ ഗമയോടെ നടന്നു.
    ഗതാഗത കുരുക്കില്‍ പെട്ട് മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ പുറത്ത് വീണ് മഴനൂലുകള്‍ ചിതറി തെറിച്ചു. കുട ചൂടിയിട്ടും, കാറ്റിനെ പ്രണയിച്ച മഴത്തുള്ളികളെന്നെ നനച്ചു കൊണ്ടിരുന്നു. കോസ്മോസ് മാളിന് മുന്നില്‍, മഴ നനയാതിരിക്കുവാന്‍ നിന്നവരുടെ കൂട്ടത്തില്‍ നിന്നൊരു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെന്നെ നോക്കി. ഈറനടുത്ത ചന്തമുള്ളൊരു പെണ്ണ്.  എന്റെ ചെറിയ കുടയുടെ ഇത്തിരി തണലില്‍ അവള്‍ക്ക് കൂടി ഇടം കൊടുക്കുവാന്‍ മനസ്സെന്നോട് മന്ത്രിച്ചു; ധിക്കരിക്കാനായില്ല.
    നനയാതിരിക്കുവാന്‍ അവളെന്നോട് ചേര്‍ന്നാണ് നടന്നിരുന്നത്. പരിചയമുള്ള നിരവധി മുഖങ്ങള്‍ ആശ്ചര്യത്തോടെ എന്നെ തുറിച്ച് നോക്കി. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്ന പക്ഷേ കണ്ടാലൊന്ന് തിരിഞ്ഞ് നോക്കുക കൂടി ചെയ്യാത്ത പലരും ഞങ്ങളെ സാകൂതം വീക്ഷിച്ചു. അസൂയ.
    മഴയുടെ പ്രണയ ഭാവങ്ങളില്‍ കുതിര്‍ന്ന മനസ്സിന്റെ നോട്ടം, അറിയാതവളുടെ ഈറന്‍ നിറഞ്ഞ മാറിന്‍ തുഞ്ചത്തിറ്റിറ്റ് വീണു കൊണ്ടിരുന്നു. അവള്‍ക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല; കാരണം എവിടെയാണേലും ഞാന്‍ കൊണ്ടെയാക്കും. എങ്കിലും, അല്പം കഴിഞ്ഞപ്പോള്‍, അവളെയൊന്ന്‍ പരിചയപ്പെടാനായി ഞാന്‍ ചോദിച്ചു.
     "കുട്ടിക്ക്‌ എവിടെയാണ് പോകേണ്ടത്...?"
    അവളെന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
     "ഔട്ടര്‍ റിംഗ് റോഡില്‍,  മള്‍ട്ടിപ്ലെക്സ് വരെ...."
ആ ശബ്ദം കേട്ടതും ഞാന്‍ ഞെട്ടി.  പതറിയ സ്പീക്കറില്‍ നിന്നും പുറത്ത് വന്ന ഒരു പുരുഷ ശബ്ദം...കുടയുടെ പിടി വിട്ട് തൊട്ടടുത്ത കടയിലേക്ക് ഞാനോടിക്കയറി.
   പിറ്റേന്ന് ഓഫീസില്‍ നിന്ന് വന്നപ്പോഴും മഴ പെയ്തു. കുട നിവര്‍ത്തിയില്ല;  എങ്ങും കയറി നിന്നുമില്ല; മഴ നനയുന്നതാണുത്തമം...!