Tuesday, February 21, 2012

മറുകരയിലെ കാറ്റ്

ജാലക വാതിലിലൂടെ പുറത്തേക്ക് നോട്ടം ചെന്നെത്തുന്നത്, ചെറിയ തെങ്ങിന്‍ തോപ്പിലൂടെ, അവയ്ക്കിടയില്‍ അങ്ങിങ്ങായി നില്‍ക്കുന്ന മുരിങ്ങ മരങ്ങളും താണ്ടി ഒരു കന്യാസ്ത്രീ മഠത്തിലേക്കാണ്. കോണ്‍ക്രീറ്റ് സൌധങ്ങള്‍ ഇടതിങ്ങിയ നഗരത്തിന്റെ മാറില്‍, ഏകാകിയായ ഒരു സുന്ദരിയെപ്പോലെ ഈ ഇളം പച്ചപ്പ്‌ പടര്‍ന്നു കിടന്നു. പകല്‍ നേരങ്ങളില്‍ വിരുന്നിനെത്തുന്ന അണ്ണാറക്കണ്ണന്‍മാരും ഒറ്റവാലന്കിളികളും മരംകൊത്തിയുമൊക്കെ എന്റെ കണ്ണുകള്‍ക്കും ചെവിക്കും വിഭവങ്ങളൊരുക്കിയിരുന്നു .

തെങ്ങിന്‍ തോപ്പുകള്‍ക്കപ്പുറം എവിടെയോ മാമ്പഴത്തോട്ടങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞെത്തിയ വടക്കന്‍ കാറ്റ്, കുളിര്‍മ്മയേകിയ ഒരുപാട് സന്ധ്യകളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അത് കൊണ്ടൊക്കെയാകാം എഴുതാനും മദ്യപിക്കാനും ഒന്നാം നിലയിലെ ഈ ജാലകവാതില്‍ എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്.

ആ കന്യാസ്ത്രീ മഠത്തിലെ രണ്ടാം നിലയിലെ ഒരു ജനാലയ്ക്കല്‍, ഉദ്ദേശം രാത്രി പതിനൊന്നര മുതല്‍ പന്ത്രണ്ടു മണി വരെ ഒരു സ്ത്രീ രൂപം വെറുതെ പുറത്തേയ്ക്കും നോക്കി ഏകയായി നില്‍ക്കുന്നത് ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു . ഇപ്പോള്‍ പതിവായും. മിക്കവാറും ഞാന്‍ ബിയര്‍ കുടിച്ചു കൊണ്ടിരിക്കുന്ന സമയമായിരിക്കും അത്. ഒറ്റയ്ക്കിരുന്നു കുടിക്കുന്നതിന്റെ വിരസത ഒഴിവാക്കാന്‍ അപ്പോഴെല്ലാം ഞാന്‍ അവരെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

രൂപം, പ്രായം എന്നിവ വ്യക്തമായിരുന്നില്ലെങ്കില്‍ കൂടിയും എന്തോ ഒരു നൊമ്പരം ആ കര്‍ത്താവിന്റെ മണവാട്ടിയില്‍ ഘനീഭവിച്ചു കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. എന്തായിരിക്കും അവര്‍ ചിന്തിക്കുന്നത്? എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് കൃത്യമായി അവര്‍ എന്തിനാണാ ജാലക വാതില്‍ക്കല്‍ വന്നു പുറത്തേക്കും നോക്കി നില്‍ക്കുന്നത്?
എത്ര ആലോചിച്ചിട്ടും അവരെ ചൂഴ്ന്നു കിടക്കുന്ന ആത്മസംഘര്‍ഷത്തിന്റെ ഉണങ്ങാത്ത
മുറിപ്പാടുകള്‍ എനിക്ക് കാണാമറയത്തായി തന്നെ നിലകൊണ്ടു.

അന്ന് രാത്രി ബിയര്‍ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ ചിന്ത പതിവിനു വിപരീതമായി അവരില്‍ നിന്നും തെന്നി മാറുകയും അയാള്‍ മനസ്സില്‍ കടന്നു വരികയും ചെയ്തു -- നായിഡു അണ്ണന്‍. ചെറിയ അടുക്കള നിറയെ കാലിബിയര്‍ കുപ്പികള്‍ കൊണ്ടും പഴയ പത്രമാസികകള്‍ കൊണ്ടും നിറഞ്ഞെന്നും, അവസാനമായി അവ കൊണ്ടുപോകാന്‍ അയാള്‍ വന്നത് ഒന്നര മാസമെങ്കിലും മുന്പാണെന്നും ഞാനോര്‍ത്തു. മുറ തെറ്റിക്കാതെ അയാള്‍ മാസാമാസം വരാറുള്ളതാണ്.

ആദ്യമായി ഞാനയാളെ കാണുന്നത് ഒരു വര്‍ഷത്തോളം മുന്‍പാണ്. ഒരു പഴയ സൈക്കിളുമായി ഒരു നട്ടുച്ചയ്ക്ക് വിയര്‍പ്പില്‍ കുളിച്ച്, 'പേപ്പര്‍...പേപ്പര്‍...' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പോയപ്പോള്‍. മദ്ധ്യവയസ്കനായ അയാള്‍ ശുദ്ധനും ശരീരം ശുഷ്ക്കിച്ചവനും ഭാരിച്ച ജോലികള്‍
ചെയ്യാന്‍ കെല്‍പ്പില്ലാത്തവനുമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാമായിരുന്നു.

അന്ന് മുതലാണ്‌ ആവശ്യം കഴിഞ്ഞ പത്രങ്ങളും ബിയര്‍കുപ്പികളും അയാള്‍ക്ക്‌ നല്‍കി തുടങ്ങിയത്. പകരമായി ഒരിക്കല്‍ പോലും ഞാന്‍ പണം വാങ്ങിയിരുന്നില്ല എന്നതിന് കാരണം അതെല്ലാം എന്റെ മുറിയില്‍ നിന്നും നീക്കം ചെയ്യുക എന്നത് അയാളേക്കാളുപരിയായി എന്റെ ആവശ്യമായിരുന്നതിനാലാണ്. എങ്കിലും അയാളത് എന്റെ മഹാമനസ്കതയായാണ് കണക്കാക്കിയിരുന്നത് എന്ന് തോന്നുന്നു.

മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലാണ് താന്‍ പിറന്നതെന്നും പിന്നീട് കര്‍ണ്ണാടകയിലെ ബെല്ഗാമിലേക്ക് കുടിയേറുകയായിരുന്നു എന്നും ഒരിക്കല്‍ അയാളെന്നോട് പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് ശേഷമാണത്രേ ഈ നഗരത്തിലേക്ക് ചേക്കേറിയത്. ഭാര്യയോടും കുട്ടിയോടുമൊപ്പം ഇവിടെ അടുത്തേതോ കോളനിയില്‍ വാടകയ്ക്ക് കഴിയുന്നു. കന്നടയ്ക്കും ഹിന്ദിയ്ക്കും പുറമേ മറാഠിയും അയാള്‍ക്ക്‌ വശമുണ്ടായിരുന്നു.

കാപട്യം നിഴലിച്ച നഗരത്തില്‍ മറ്റാരേക്കാളും ഒരു ആത്മബന്ധം എനിക്ക് തോന്നിയിട്ടുള്ളത് രണ്ടു പേരോടാണ്. അയാളോടും പിന്നെ പേരറിയാത്ത രൂപമറിയാത്ത ആ കന്യാസ്ത്രീയോടും.

രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ഓഫീസില്‍ നിന്നും വളരെ വൈകി വന്ന ഒരു രാത്രി നായിഡു അണ്ണന്‍ സൈക്കിളുമായി എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.
"നായിഡു അണ്ണന്‍ എന്തേയീ നേരത്ത്..?"
"സന്ധ്യയായപ്പോള്‍ മുതല്‍ കാത്തിരിക്കുകയാണ്. സാര്‍ വരാന്‍ വൈകി. പണത്തിനു ഇത്തിരി കഷ്ടതിലാണ്. അതാ കാത്ത് നിന്നത്. ജോലിയുള്ള ദിവസം രാവിലെ സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ....."
"ആയിക്കോട്ടെ..."
അയാള്‍ മൂന്നു ചാക്ക് നിറയെ ബിയര്‍ കുപ്പികളും പത്രവും എടുത്ത് സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ചു.

"ഈ അസമയത്ത് വന്നത് സാറിനു ബുദ്ധിമുട്ടായോ....?"
"ഏയ്‌...കുഴപ്പമൊന്നുമില്ല..." ഞാന്‍ ചിരിച്ചു.
"ഒരു രക്ഷയുമില്ലാതെ പട്ടിണിയാകേണ്ടി വരുമ്പോഴാണ് ഞാന്‍ സാറിന്റെ അടുത്ത് വരുന്നത്. ഇവിടെ ഉറപ്പായും എന്തേലും കാണുമല്ലോ. ഇത് വിറ്റു കിട്ടുന്ന കാശ് കൊണ്ട് എനിക്കും കുടുംബത്തിനും ഒരാഴ്ച പട്ടിണി കൂടാതെ സുഖമായി കഴിയാം സാര്‍."
അയാളുടെ ശബ്ദത്തില്‍ കൃതജ്ഞത നിഴലിച്ചിരുന്നു. പക്ഷെ എന്റെ ധൂര്ത്തിനെ ഓര്‍ത്തു എനിക്ക് സ്വയം അവജ്ഞ തോന്നുകയാണ് ചെയ്തത്.

രാത്രി മദ്യപിക്കുമ്പോഴും അയാളെക്കുറിച്ചാണ് ചിന്തിച്ചത്. എനിക്കയാളോട് എന്തോ പ്രത്യേക മമത ഉണ്ട് എന്ന തോന്നലുകൊണ്ടാവണം ഏതാനും തവണ അയാളെന്നെ കോളനിയിലെ വീട്ടിലേക്കു ക്ഷണിച്ചിട്ടുള്ളത്. പക്ഷെ ആ കോളനിയേയും അതിലെ കുടിലുകളെക്കുറിച്ചും എനിക്കൂഹിക്കാമായിരുന്നതിനാല്‍ പോകണമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല എന്നതാണ് സത്യം.

ഇടയ്ക്കെപ്പോഴോ ഞാന്‍ ജാലകത്തിലൂടെ മഠത്തിലേക്ക് നോക്കി. അവരവിടെ നില്‍പ്പുണ്ടായിരുന്നു. ഒരുദിവസം ഞാന്‍ ബിയര്‍ കഴിച്ചില്ലേലും അവിടെ വരാതിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. ഇരുട്ടിലെ നിഴലില്ലാത്ത രണ്ടാത്മാക്കള്‍, ഞങ്ങള്‍ ഒരിക്കലും പരസ്പരം കാണുന്നില്ല. എപ്പോഴെങ്കിലും എന്റെ സാമീപ്യം അവര്‍ അറിഞ്ഞിട്ടുണ്ടാകുമോ? എനിക്ക് അവരെ കാണാന്‍ സാധിക്കുന്ന പോലെ അവര്‍ക്കെന്നെയും കാണാന്‍ കഴിയില്ലേ? ഏകനായി ഈ ജാലകവാതിലില്‍ ഞാനവരെ കാത്തു നില്‍ക്കുന്നത് അവര്‍ ഇനിയും അറിഞ്ഞിട്ടില്ല എന്ന് വരുമോ? എപ്പോഴോ അവരെന്റെ ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ നഗരം ദീപാവലിയെ വരവേറ്റു. ആഘോഷത്തിമിര്‍പ്പിനിടയില്‍ അവിചാരിതമായി ഞാനയാളെ കണ്ടു -- നായിഡു അണ്ണനെ, കൂടെ അയാളുടെ ഭാര്യയെ, അഞ്ചു വയസ്സുള്ള മകനെ...
"സാറേ ഇതെന്റെ ഭാര്യ ആഭ, മോന്‍ ആനന്ദ്‌............ഞാന്‍ ഒരു സാറിന്റെ കാര്യം നിന്നോട് പറഞ്ഞിട്ടില്ലേ ആ സാറാണിത്..."
ഞാന്‍ അമ്പരപ്പോടെ അയാളുടെ ഭാര്യയെ നോക്കി. എന്റെ കണ്ണുകള്‍ വിശ്വസിക്കാന്‍ മടിച്ചു നിന്നപ്പോള്‍ അവര്‍ ചിരിച്ച്, കൈകൂപ്പി നമസ്തേ പറഞ്ഞു. നായിഡു അണ്ണന്റെ പകുതി പ്രായം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. നന്നേ ചെറുപ്പം. അവര്‍ തമ്മില്‍ യാതൊരുവിധ ചേര്‍ച്ചയും ഉണ്ടായിരുന്നില്ല. അവള്‍ സുന്ദരിയായിരുന്നു, അയാള്‍ -- അകാലത്തില്‍ വാര്‍ദ്ധക്യം കീഴടക്കിയ കിഴവനെപ്പോലെയും.

ഞാന്‍ ആനന്ദിനെ നോക്കി. അവനെ നന്നായി അണിയിച്ചൊരുക്കിയിരുന്നു.
"ആനന്ദ്.....നീ പഠിക്കുന്നുണ്ടോ.......ആനന്ദ്..."
ഞാന്‍ പറയുന്നതൊന്നും അവന്‍ ശ്രദ്ദിക്കുന്നതേ ഇല്ല.
"സാര്‍ മോന് ചെവി കേള്‍ക്കില്ല...ബുദ്ധിയും പിന്നോട്ടാണ്..." നായിഡു അണ്ണന്റെ ശബ്ദം മുറിഞ്ഞു; ആഭയുടെ മുഖത്തെ ചിരി മാഞ്ഞു. അവള്‍ അവനെ ചേര്‍ത്ത് പിടിച്ചു.

ആഭയുടെ കണ്ണുകള്‍ പെയ്യുവാന്‍ വിതുമ്പി നില്‍ക്കുന്ന ശോകാര്‍ദ്രമായ കരിമേഘങ്ങള്‍ ആണെന്നെനിക്കു തോന്നി. എപ്പോള്‍ വേണേലും ഒരു പേമാരി പോലെ അവ പെയ്തിറങ്ങിയേക്കുമെന്നും. യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ അവള്‍ ഒരിക്കല്‍ കൂടി എന്നെ തിരിഞ്ഞു നോക്കി. എന്തോ എന്നോട് പറയാന്‍ അവള്‍ ആഗ്രഹിക്കുന്ന പോലെ....

അയാള്‍ പലതവണ വീട്ടിലേക്കു ക്ഷണിച്ചിട്ടും പോകാതിരുന്നതില്‍ അന്നാദ്യമായി എനിക്ക് നിരാശ തോന്നി. പിന്നീട് ആഴ്ചകളോളം ആഭയുടെ കണ്ണുകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ പെട്ടന്ന് അയാളുടെ കുടിലിലേക്ക് ചെന്നാല്‍, അതവളെ കണ്ടത് കൊണ്ടാകില്ലേ എന്നയാള്‍ കരുതിയാലോ എന്നോര്‍ത്ത് തല്ക്കാലം വേണ്ടെന്നു വെച്ചു. എങ്കിലും...

ജോലി, എഴുത്ത്, യാത്ര, മദ്യം തുടങ്ങി ആഭയെക്കുറിച്ചും മഠത്തിലെ സ്ത്രീരൂപത്തെക്കുറിച്ചും ഉള്ള ചിന്തകളിലൂടെ എന്റെ ദിനങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ഒരു തവണ നായിഡു അണ്ണന്‍ വന്ന് കുപ്പികളും പത്രവും കൊണ്ട് പോയി. എന്ത് വന്നാലും അടുത്ത തവണ അയാള്‍ വരുമ്പോള്‍ കൂടെ പോകാനും ആഭയെ കാണാനും ഞാന്‍ തീര്‍ച്ചയാക്കി.

ഒരു മാസം കഴിഞ്ഞപ്പോള്‍ നായിഡു അണ്ണന്‍ വീണ്ടും വന്നു; കൂടെ, മൂക്കള ഒലിപ്പിച്ച്, പഴയൊരു നിക്കറും ഉടുപ്പുമിട്ട്‌ ആനന്ദും.
"എന്ത് പറ്റി പതിവില്ലാതെ മോനുമായിട്ട്....?"
മറുപടി പറയാന്‍ അയാള്‍ അല്പം വൈകിയെന്നു തോന്നി.
"അവനെ വീട്ടില്‍ ഒറ്റയ്ക്കിരുത്തണ്ടേ എന്ന് കരുതി കൊണ്ട് പോന്നതാ."
"അപ്പോള്‍ ആഭ ---?"
അയാള്‍ കണ്ണുകള്‍ എന്നില്‍ നിന്നും അടര്‍ത്തി മറ്റെങ്ങോ നോക്കി.
"അവള്‍ പോയി സാറേ...രണ്ടു ദിവസം മുന്‍പ് ഒരുത്തന്റെ കൂടെ ഒളിച്ച്......."

എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അവള്‍ അങ്ങനെ ചെയ്തതില്‍ എനിക്കും കടുത്ത നിരാശ തോന്നി.
"അല്ല സാറേ...കുടിച്ചാല്‍ സങ്കടങ്ങള്‍ ഒക്കെ മാറിക്കിട്ടുമെന്നു പറയുന്നു. ശരിയാണോ? "
ഞാന്‍ വെറുതെ അയാളെ നോക്കുക മാത്രം ചെയ്തു.

"സാറെന്തിനാ കുടിക്കുന്നേ..? സങ്കടം മാറാനാ ?"
"സന്തോഷം വരുമ്പോഴാണ് നായിഡു അണ്ണാ ഞാന്‍ കുടിക്കുന്നേ. ദുഖങ്ങളും വേദനകളും ഒക്കെ തോന്നുമ്പോള്‍ ഞാന്‍ എഴുതും. മനസ്സ് തുറന്നെഴുതും. അപ്പോള്‍ എല്ലാം മാറും."
"എഴുതിയാല്‍ വേദന മാറുമെന്നോ? എങ്കില്‍ ഞാനെന്റെ കഥ പറയട്ടെ? സാറിനെഴുതാമോ?........അല്ലേല്‍ വേണ്ട സാറേ. സാറിനു എഴുതാന്‍ മാത്രം ---"
"അങ്ങനെയൊന്നും പറയരുത് നായിഡു അണ്ണാ...എല്ലാം ശരിയാകും"

എല്ലാം ശരിയാകും എന്ന പറച്ചില്‍ വെറുമൊരു പാഴ്വാക്കാണെന്നെനിക്ക് തോന്നി. ഒരിക്കലും ശരിയാകാത്ത വാക്ക്. എങ്കിലും എല്ലാരും അത് തന്നെ പറയുന്നു, എല്ലാം ശരിയാകുമെന്ന്.
ദുഖത്താല്‍ ഇടനെഞ്ച് പൊട്ടി വിതുമ്പുന്ന ഒരു മനുഷ്യനെ ഒന്നാശ്വസിപ്പിക്കാന്‍ മറ്റൊരു വാക്ക് പോലും പറയാനാവാതെ, എഴുത്തുകാരന്‍ എന്നൂറ്റം കൊള്ളുന്ന മനസ്സിന്റെ അഹങ്കാരത്തോട്‌ എനിക്ക് പുച്ഛം തോന്നി.

"സാറ് എപ്പോഴും സന്തോഷമായിരിക്കണമെന്നാ എന്റെയും ആഗ്രഹം, കുടിക്കണമെന്നല്ല.
ആട്ടെ സാറെന്താ കല്യാണം കഴിക്കാത്തേ? ഒരുപാട് വൈകരുത് സാര്‍. വൈകിയാല്‍......."
അയാള്‍ പറഞ്ഞു നിര്‍ത്തിയത് അയാളെക്കുറിച്ച് തന്നെയാണെന്ന് എനിക്കൂഹിക്കാമായിരുന്നു.

അന്ന് രാത്രിയില്‍ ഞാന്‍ മദ്യപിച്ചില്ല. ജനാലയില്‍ കൂടി അലസമായി മഠത്തിന്റെ നേര്‍ക്ക്‌ നോക്കി നില്‍ക്കുക മാത്രം ചെയ്തു. ആഭയും നായിഡു അണ്ണനും ആനന്ദും അക്ഷരത്തെറ്റ് പോലെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു; കൂട്ടത്തില്‍ ആ ചോദ്യവും.
സാറെന്താ കല്യാണം കഴിക്കാത്തേ ?
പലരും പല തവണ ചോദിച്ചിട്ടുള്ള, ഇനിയും ഒരുപാട് നാള്‍ കേള്‍ക്കേണ്ടതായിട്ടുള്ള ഒരു ചോദ്യം; ഉത്തരമില്ലാത്ത ഒരു കടംകഥ പോലെ. ചിന്തകള്‍ ഒരു ഭാരമായ ആ രാത്രിയില്‍ ഉറക്കം പോലും കൂട്ടിനെത്താന്‍ മടിച്ചു നിന്നു.

നാല് നാള്‍ കഴിഞ്ഞിട്ടുണ്ടാവണം, രാവിലെ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കവേ വാതിലില്‍ മുട്ട് കേട്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ടത് ആനന്ദിനെയാണ്. അവന്‍ ഒരു കഷണം കടലാസ് എന്റെ നേരെ നീട്ടി.
'തീരെ സുഖമില്ല. ഒരു നൂറു രൂപ തരുമോ? മരുന്നിനാണ്.'
അഞ്ചു വയസ്സുകാരന്‍ ആനന്ദ് എങ്ങനെ എന്റെയീ താമസസ്ഥലം കണ്ടുപിടിച്ചു എന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല. പണം കൊടുക്കുന്നതിനു പകരം ഞാന്‍ പെട്ടന്ന് റെഡിയായി അവന്റെയൊപ്പം ചെന്നു.

ചെറിയ ചെമ്മണ്‍ പാതയുടെ ഇരുവശവും ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ ഒരിടുങ്ങിയ മുറിയിലേക്കാണ് ഞാന്‍ ആനയിക്കപ്പെട്ടത്‌. പാതയുടെ ഇരു വശത്ത് കൂടിയും ഒഴുകുന്ന, ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലിന്റെ മുകളില്‍ സ്ലാബ് ഉള്ള ഭാഗത്ത്‌ അടുപ്പ് കൂട്ടിയാണ് മിക്കവരും പാചകം ചെയ്തിരുന്നത്.

നിലത്തിട്ട ഒരു പഴയ കോട്ടണ്‍ മെത്തയില്‍, മുഴിഞ്ഞ പുതപ്പിനടിയില്‍ ചുരുണ്ട് കൂടി കിടന്നിരുന്ന അയാള്‍ എന്നെക്കണ്ടതും എഴുന്നേല്‍ക്കാന്‍ ഒരു വിഫലശ്രമം നടത്തി.
"വേണ്ട കിടന്നോളൂ...."
ഞാന്‍ നെറ്റിയില്‍ തൊട്ടുനോക്കി; അയാള്‍ക്ക്‌ കടുത്ത പനിയുണ്ടായിരുന്നു.

ഏതാനും ദിവസം മുന്‍പ് വരെ ആഭയുടെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടന്ന ആ മുറിയാകെ ഞാനൊന്ന് കണ്ണോടിച്ചു. ഒരു മൂലയ്ക്ക് കുറെ പാത്രങ്ങളും അടുത്തായി ഒരു പഴയ അലമാരയും കുറെ തുണികളും കണ്ടു. അറ്റാച്ച്ഡ് ആയ കുളിമുറിയോ കക്കൂസോ പോയിട്ട് ഒരു പൊതു കക്കൂസ് പോലും ആ കോളനിയിലുണ്ടായിരുന്നില്ല. ഷീറ്റിട്ട കുടുസുമുറികളില്‍ പലതിലും എട്ടും പത്തും പേര്‍ വീതമാണ് അന്തിയുറങ്ങുന്നത്.

"സാറിവിടെ ആദ്യമായി വന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ ---"
ശരീരത്തിന്റെ അസുഖത്തേക്കാളുപരി മനസ്സിനേറ്റ മുറിവാണ് അയാളെ തളര്‍ത്തിയതെന്ന് തോന്നി. അയല്‍പക്കത്തുള്ള പ്രായമായ ഒരു സ്ത്രീ പാത്രത്തില്‍ എന്തോ കഴിക്കാന്‍ അയാളുടെ മുന്നില്‍ കൊണ്ടെ വെച്ചു. അധികനേരം അവിടെ ചിലവഴിക്കാന്‍ എനിക്കാകുമായിരുന്നില്ല. മരുന്നിനും മറ്റുമായി അഞ്ഞൂറ് രൂപ അയാളെ ഏല്‍പ്പിച്ച് ഞാന്‍ തിരികെ പോന്നു.

നായിഡു അണ്ണന് അങ്ങനെ ഒരുപകാരം ചെയ്യാന്‍ സാധിച്ചത് മനസ്സിന് കുറച്ചൊന്നുമല്ല സംതൃപ്തി നല്‍കിയത്. ഒരു പക്ഷെ അത് കൊണ്ട് കൂടിയാകാം, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍
രസകരമായ ആ സംഭവം നടന്നത് . കന്യാസ്ത്രീ മഠത്തിലെ എന്റെ 'സുഹൃത്ത്‌' എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായത്, മുറിയിലെ വൈദ്യുത വെളിച്ചം പരസ്പരം അണച്ചും തെളിച്ചും ഉള്ള ആശയക്കൈമാറ്റത്തിലൂടെയാണ്. എന്റെ മനസ്സിന് പുത്തനുണര്‍വ്വും ഉന്മേഷവും തരുന്ന ഒരു സംഗതിയായിരുന്നു, കമ്പ്യൂട്ടര്‍ ഭാഷയായ 0-യും 1-ഉം പോലെ ലൈറ്റ് ഓണാക്കിയും ഓഫ് ചെയ്തുമുള്ള പിന്നീടോരോ ദിവസത്തേയും ഞങ്ങളുടെ സംസാരങ്ങള്‍.

ആ പ്രദേശമാകെ ഇരുട്ടിലാഴ്ത്തി വൈദ്യതി നിലച്ച ഒരു രാത്രി , എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കവേ അങ്ങേ തലയ്ക്കല്‍ ഒരു മെഴുകുതിരി നാളം പ്രത്യക്ഷപ്പെട്ടു. കത്തിച്ച് അവരുടെ മുഖത്തോട് ചേര്‍ത്ത് പിടിച്ച ആ മെഴുകുതിരി നാളത്തെ പലപ്പോഴും കാറ്റ് കവര്‍ന്നെടുത്തിരുന്നു. കത്തിച്ച മെഴുകുതിരിയുമായി ഞാനും ജനാലയ്ക്കലേക്ക് നീങ്ങി.

പിന്നീടുള്ള രാവുകള്‍ വശ്യവും മനോഹരവുമായി എനിക്കനുഭവപ്പെട്ടു. മറ്റെല്ലാറ്റിനേം തന്നെ ഞാന്‍ മറന്നു. പക്ഷെ, ഇത്രയൊക്കെയായിട്ടും പകല്‍ നേരങ്ങളിലോ രാത്രി പതിനൊന്നരയ്ക്ക് മുന്‍പോ ഒരിക്കല്‍ പോലും ആ ജാലകം തുറക്കാതിരുന്നത് എന്നെ നിരാശനാക്കാതിരുന്നില്ല.
എങ്കിലും അധികം താമസിയാതെ എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ കടന്നു പോയി. ഒടുവില്‍ അടുക്കള നിറയെ ബിയര്‍ കുപ്പികളും പത്രങ്ങളും നിറഞ്ഞതോടെയാണ് ഞാന്‍ വീണ്ടും നായിഡു അണ്ണനെക്കുറിച്ചോര്‍ത്തത്. അയാള്‍ പനി മൂലം കിടപ്പിലായ ശേഷം വരാതായിട്ട് ഇപ്പോള്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞു കാണും. എന്ത് പറ്റിയോ ആവോ? ഏതായാലും അന്നൊരു ശനിയാഴ്ച ആയിരുന്നതിനാല്‍ കോളനി വരെ ഒന്ന് പോകാന്‍ തീരുമാനിച്ചു.

വെയില്‍ വിരിഞ്ഞ വഴികളില്‍ നിഴലുകള്‍ വീണപ്പോള്‍ നായിഡു അണ്ണന്റെ കുടില്‍ ലക്ഷ്യമാക്കി നടന്നു. ആ ഒറ്റമുറിയുടെ കൊളുത്ത് പുറത്തു നിന്നും ഇട്ടിരുന്നുവെങ്കിലും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. തലേ തവണ വന്നപ്പോള്‍ അയാള്‍ക്ക്‌ ആഹാരം കൊണ്ടുവന്നു കൊടുത്ത വൃദ്ധ അടുത്ത് വന്നു.

"അന്ന് സാറ് വന്നേച്ചു പോയതിന്റെ അഞ്ചാം പക്കമാണ് മരിച്ചത്. രണ്ട് ദിവസം മരുന്ന് കുടിച്ചപ്പോള്‍ അസുഖം കുറഞ്ഞതായിരുന്നു. മൂന്നാം ദിവസം ഞങ്ങള് പറഞ്ഞത് വക വെയ്ക്കാതെ പണിക്കു പോയി. അന്ന് തിരികെ വന്നപ്പോള്‍ തന്നെ തീരെ അവശനായിരുന്നു. രാത്രിയില്‍ ജ്വരം കലശലായി. രണ്ട് ദിവസം തികച്ചില്ല. അതിനു മുന്നേ പോയി....."

ഓരോ വേര്‍പ്പാടും കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഞെട്ടലാണ്. ഒരു ദിവസം താനും മരിക്കും എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന ഞെട്ടല്‍.
"അപ്പോള്‍ ആ പയ്യന്‍, ആനന്ദ്...?"
"നാലഞ്ചു ദിവസം ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു. പിന്നെ എങ്ങോട്ടോ പോയി. ആര്‍ക്കും അറിഞ്ഞൂടാ.."
"ആഭ വന്നില്ലേ ?"
"ആര്‍ക്കറിയാം ആ എരണംകെട്ടവള്‍ എവിടാണെന്ന്..." അവര്‍ ഒരു പ്ലാസ്റ്റിക് കുടവും ഒക്കത്ത് വെച്ച്‌ അകലെ പൈപ്പിന്‍ ചുവട്ടിലേക്ക്‌ നടന്നു.

ഞാന്‍ സാക്ഷ മാറ്റി മുറിയ്ക്കുള്ളില്‍ കയറി നോക്കി. ജീവിതത്തില്‍ നിന്നും മരണത്തിന്റെ പുസ്തകത്തില്‍ ഒപ്പിട്ട് നടന്നു പോയ ഒരാളുടെ അവസാനത്തെ കാല്‍പ്പാടുകള്‍ പോലെ ഒരു പഴയ സൈക്കിളും അതില്‍ ഒരു കെട്ടു പഴയ പത്രവും കാണപ്പെട്ടു.

തിരികെ പോരുമ്പോള്‍ തലയ്ക്കു വല്ലാത്തൊരു ഭാരം ഉണ്ടായിരുന്നു. അന്നാദ്യമായി ദുഃഖം സഹിക്കാനാവാതെ ഞാന്‍ കുടിച്ചു. നിസ്സഹായരായി തീരുന്ന മനുഷ്യരുടെ ദീനരോദനങ്ങളെ ഓര്‍ത്തു വിലപിച്ചു.

രാത്രി പതിനൊന്നര ആകുന്നതും കാത്ത്, മഠത്തിലേക്കും നോക്കി ഞാന്‍ ജനാലയ്ക്കല്‍ അക്ഷമനായി നിന്നു. അന്ന് ആ ജാലകം ആരും തുറന്നില്ല. അന്നെന്നല്ല , പിന്നീടൊരിക്കലും ഒരു ജനാലയും തുറന്നു ആരും പുറത്തേക്കും നോക്കി നിന്നിട്ടില്ല.

കാലം കടന്നു പോയി. വിശന്ന് സഹികെടുമ്പോള്‍ എച്ചില്‍ കൂനകളില്‍ പരതുന്ന തെരുവ് ബാല്യങ്ങളില്‍ ഇന്നും ഞാന്‍ ആനന്ദിനെ തിരയാറുണ്ട്. ജാലക വാതില്‍ക്കല്‍ പുറത്തേക്കും നോക്കി അടക്കിപ്പിടിച്ച് തേങ്ങുന്ന ഒരു കന്യാസ്ത്രീയേയും.....

38 comments:

  1. നന്നായി. മഹേഷിന്റെ ചില കഥകളിലെ സ്ഥിരം കഥാപാത്രങ്ങളായ ബിയറും ഗ്ലാസ്സും കടന്നുവന്നുവെങ്കിലും ഈ അടുത്ത് എഴുതിയ കഥകളില്‍നിന്നും വ്യത്യസ്തമായ ഒന്ന്‌.

    ആട്ടെ... സാറെന്താ കല്യാണം കഴിക്കാത്തേ ?

    ReplyDelete
    Replies
    1. ഹ്ഹ്...പെണ്ണുകാണാന്‍ പോകുമ്പൊ ഈ ബ്ലോഗ് ഐഡിയും കൊടുക്കന്നുണ്ടാവുംന്നെ..
      ഈ ബിയര്‍ കുപ്പികലും ക്ലാരയുമൊക്കെ നോക്കി ഏതച്ചനാ കെട്ടിച്ചു കൊടുക്കുക??!!!


      ഞാന്‍ ഓടി....

      Delete
  2. ഒരു ചാലിലെ ദുരിതമുഖങ്ങള്‍...
    പ്രായം എറിയാലും ആഭമാരുണ്ടല്ലോ അല്ലെ.

    ReplyDelete
  3. കഥയുടെ വ്യത്യസ്തത മികവ് പുലര്‍ത്തി !!!!!!!!!!

    ReplyDelete
  4. ബൂലോകത്ത് വിത്യസ്തമായ ശൈലിയിലെഴുതുന്ന മഹേഷിന്റെ ഈ വരികളും ഏറെ ആസ്വദിച്ചു.
    ആഭയുടെ കണ്ണുകള്‍ തേടി ആ ചെറ്റക്കുടിലില്‍ പോവാന്‍ അവസരം തേടുന്നത് കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു മറ്റു കഥകളിലെ പോലെ വീണ്ടുമൊരു
    "ക്ലാര" യും ലൈന്ഗികതയും സൃഷ്ടിക്കപ്പെടുമോയെന്നു... പക്ഷെ അവള്‍ മറ്റൊരുത്തന്റെ കൂടെ പോയി നായകനേയും വായനക്കാരേയും രക്ഷപ്പെടുത്തി...:)
    നല്ലൊരു കഥ സമ്മാനിച്ചതില്‍ താങ്ക്സ്...

    ReplyDelete
  5. അല്പം നീണ്ടുപോയെങ്കിലും നല്ലൊരു കഥ,

    ReplyDelete
  6. എനിക്കും ഹാഷിക്ക് ചോദിച്ചതെ ചോദിക്കാനുള്ളൂ
    സാറെന്താ കല്യാണം കഴിക്കാത്തേ ?
    പിന്നെ ഈ മഹേഷിന്റെ കഥകളിലെ സ്ത്രീകളെല്ലാം എന്നാ ഇങ്ങനെ വഴി പിഴച്ച് പോകുന്നത് ????

    ReplyDelete
    Replies
    1. പ്രിയ പഞ്ചാരക്കുട്ടന്‍,
      വഴി പിഴക്കേണ്ടി വരുന്ന എന്റെ കഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വയം പിഴച്ചു പോകുന്നതല്ല, ഞാന്‍ ഉള്‍പ്പെടെ ഉള്ള പുരുഷന്‍മാരും സമൂഹവും ചേര്‍ന്ന്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി അവളെ പിഴപ്പിക്കുന്നതാണ്.

      Delete
  7. പാവം കന്യാസ്ത്രീ..അതവിടെ ജീവിച്ച് പൊക്കോട്ടെ...

    ReplyDelete
  8. oru difference ithilund mahesh.naidu annante maranam athu sharikkum enikku feel cheythu.congrats.

    ReplyDelete
  9. അല്പം നീണ്ടുപോയെങ്കിലും നന്നായിത്തന്നെ കഥ പറഞ്ഞു.

    ReplyDelete
  10. "അയാള്‍ പലതവണ വീട്ടിലേക്കു ക്ഷണിച്ചിട്ടും പോകാതിരുന്നതില്‍ അന്നാദ്യമായി എനിക്ക് നിരാശ തോന്നി."

    ഈയൊരു വാചകം ‘ഞാൻ’ എന്ന കഥാപാത്രത്തിന്റെ നല്ല ചിന്തകളെ വികലമാക്കിയതുപോലെ തോന്നി. എനിക്കു മാത്രം തോന്നിയതാവാം കെട്ടൊ.
    കഥ നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  11. വ്യത്യസ്തമായ ഒരു കഥ. നന്നായി ഇഷ്ട്ടപെട്ടു. ആശംസകള്‍.. :)

    ReplyDelete
  12. നായിഡു അണ്ണനും കന്യാസ്ത്രീ രൂപവും മനസ്സില്‍ നിന്നും മായുന്നില്ല. മഹേഷിന്റെ കഥകള്‍ മനസ്സിലെപ്പോഴും ഒരു അസ്വസ്ഥത ബാക്കിയാക്കുന്നു.

    ReplyDelete
  13. നനായി എഴുതിയ കഥ സമകാലിക സാഹചര്യത്തില്‍ ഇങ്ങനെ എത്രയോ അനേകം അനാഥ ബാല്യങ്ങളും ...ആശംസകള്‍

    ReplyDelete
  14. നന്നായിട്ടുണ്ട് ആനന്ത് ..... പിന്നെ ഒരു ചോദ്യം ... അഭയെ കണ്ടപ്പോള്‍ തന്നെ മനസ്സില്‍ ഒരു ആഭിമുഖ്യം തോന്നാന്‍ എന്തായിരുന്നു ഒരു കാരണം ?

    ReplyDelete
  15. കഥ ഇഷ്ടപ്പെട്ടു....
    പതിവ് ബിയരോക്കെ കടന്നു വന്നെങ്കിലും... ഇടയ്ക്കു ചിലവരികളില്‍ നല്ല കഥാപാത്രത്തെ മോശമായി ചിന്തിപ്പിച്ച പോലെ തോന്നി...
    മൊത്തത്തില്‍ ഉഗ്രന്‍....

    നന്ദി...

    ReplyDelete
  16. മനോഹരമായ കഥ ..ചിലയിടത്തൊക്കെ റിയലിസം വൈകാരികതയുടെ പരമാവധിയില്‍ എത്തി ,,ഇതിലെ കഥ കാഥികന്റെ കല്പനകളില്‍ ആണ് കേന്ദ്രീകരിക്കപ്പെട്ടത്‌ ,,,തൊട്ടടുത്ത് അല്ലാത്ത കെട്ടിടത്തിലെ ജനാലയ്ക്കല്‍ നില്‍ക്കുന്ന കന്യാസ്ത്രീയുടെ മുഖത്തെ ഖനീഭവിച്ച ദുഖവും അവരുടെ ചിന്തകളും മറ്റും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ് ,,നായകന്‍ തന്നെയായ കഥാകൃത്തിന്റെ മനോദൌര്‍ബല്യം വ്യക്തമാകുന്നുണ്ട് ..എന്തായാലും നന്മ ഉണ്ടാകണം ,,ദുഃഖങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളോട്‌ ഉള്ള പ്രതിഷേധം ഒക്കെ ഈ കഥയില്‍ ഉണ്ട് ..ആശംസകള്‍ മഹേഷ്‌ ..:)

    ReplyDelete
  17. എവിടെയൊക്കെയോ അറിയാതെ മുറിഞ്ഞു ..
    വേദനയുടെ കഥ .
    ആശംസകള്‍

    ReplyDelete
  18. കഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കവിത. അനുഗൃഹീതനായ ഈ കഥാകാരന്‍ എന്നും വിസ്മയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്; ഇന്നും അതെ. നായിഡു അന്നനോട് കാണിച്ച ഉദാരതക്കും നല്ല മനസ്സിനുമുള്ള കൃതജ്ഞതയായിരുന്നു കന്യാസ്ത്രീ മഠത്തില്‍ നിന്ന് പുറപ്പെട്ട വെളിച്ചം. ഒരു നിലക്ക് നായിഡു അണ്ണന്റെ ആള്‍ട്ടര്‍ ഈഗോ. ആനന്ദിനെ തിരഞ്ഞു നടക്കുന്ന ആ അലച്ചില്‍ അനന്തമായി നീളുക തന്നെയാണ്, അത് നീണ്ടു കൊണ്ടിരിക്കുമ്പോഴേ കഥക്ക് പൂര്‍ത്തീകരണം വരുന്നുള്ളൂ. കഥ നീണ്ടു എന്നെനിക്ക് തോന്നുന്നില്ല ഇത്രയും പറയണമെങ്കില്‍ ഇത്രയൊക്കെ പറയണം. ഇനിയും കാത്തിരിക്കുന്നു ഇലച്ചാര്‍ത്തുകളുടെ ശീതളച്ഛായക്കുവേണ്ടി.

    ReplyDelete
  19. മനുഷ്യനെ എന്നും പച്ചയായി അവതരിപ്പിക്കുന്ന മഹേഷ്‌ ഇക്കുറിയും അത് തെറ്റിച്ചില്ല. കഥാകൃത്തിന്റെ പേര് നോക്കാതെ എഴുതിയത് ആരാണ് എന്ന് പറയാനാകുന്ന വ്യക്തിത്വം താങ്കളുടെ രചനകള്‍ക്ക് ഉണ്ട്. മനോഹരമായി മഹേഷ്‌., ആശംസകള്‍

    ReplyDelete
  20. ഇഷ്ടപ്പെട്ടു, ഏറെ

    ReplyDelete
  21. ഒരു യഥാര്‍ത്ഥ സംഭവം വിവരിക്കും പോലെ തോന്നിച്ചു കഥ. അത്രക്ക് ഒറിജിനാലിറ്റി ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നായിഡുവും കന്യാസ്തീയുമായി പ്രതീകാത്മകമായി കാണിച്ചതൊക്കെ വളരെ നന്നായി. ആശംസകള്‍ കേട്ടൊ..

    ReplyDelete
  22. രസകരമായ കഥ. എന്നാലും ആ മഠത്തിലെ സ്ത്രീയെ പിന്നേ കണ്ടില്ല.

    ReplyDelete
  23. മഹേഷ്‌...,...

    ഈ കഥ ഏറെ ഇഷ്ടമായി...
    "അയാള്‍ "ക്ക് ശേഷം, വന്ന കഥകളോക്കെയും
    മഹേഷിന്റെ കഥകളുടെ പതിവ് pattern ആയിരുന്നുവെങ്കില്‍
    ഇത് മികച്ച ആഖ്യാനത്തിലൂടെ ശ്രദ്ദേയമാകുന്നു..

    അവസാനം വരെയും ജനല്‍പക്കത്തുള്ള ആ മണവാട്ടിരൂപം
    വായനയെ ജിജ്ഞാസയോടെ പിടിച്ചു നിര്‍ത്തുമ്പോള്‍ തന്നെയും
    പച്ചയായ ജീവിതപരിസരങ്ങളിലൂടെ കഥ
    ഏറെ മുന്നോട്ടു കൊണ്ട് പോകുന്നു വായനക്കാരെ...

    കന്യാസ്ത്രിയേ കാണാതെ പോയതോ
    നായിഡു അണ്ണന്‍ മരിച്ചതോ എന്നെ ദുഖിപ്പിച്ചില്ല...
    പക്ഷെ, ആഭ... :-(
    (അവള്‍ ആ ചതി ചെയ്യാവോ... ഹോ...)

    ഇതാണ് നമ്മ പറഞ്ഞ കഥ...
    ഇങ്ങനുള്ളത് പോരട്ടെ ഇനിയുമിനിയും...
    ക്ലാര കഥകള്‍ നിര്‍ത്താന്‍ പറ്റില്ലെങ്കില്‍ അതും ഒരു വഴിയ്ക്ക് നടക്കട്ടെ... :-)

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  24. ഏറെക്കാലത്തിനു ശേഷം വായിക്കാന്‍ കഴിഞ്ഞ , ആഖ്യാന ശൈലിയില്‍ മികച്ച നല്ലൊരു കഥ ...

    ReplyDelete
  25. കഥ നന്നായി തന്നെ പറഞ്ഞു. മഹേഷിന്റെ കഥകളില്‍ ചിലതുണ്ടാവും എന്ന മുന്‍‌വിധി ഇവിടെയും ചിലയിടങ്ങളില്‍ വരുന്നുണ്ട് എങ്കിലും കഥയില്‍ അത് തീരെ ഏച്ചുകെട്ടുണ്ടാക്കുന്നില്ല.

    ReplyDelete
  26. മഹേഷ്‌ , നല്ല അച്ചടക്കത്തോടെ എഴുതിരിക്കുന്നു ,നല്ല ഫ്ലോ ഉണ്ട് വായിക്കാന്‍
    ഭാവുകങ്ങള്‍

    ReplyDelete
  27. ഉള്ളില്‍ തട്ടുംവിധം ഭംഗിയായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  28. വ്യത്യസ്തം മനോഹരം ...നന്ദി

    ReplyDelete
  29. പ്രിയ മഹേഷ്‌. ഈ കഥ ഞാന്‍ ഇന്നാണ് വായിച്ചത്. മനസ്സില്‍ ഒരേ സമയം ദൌര്‍ഭല്യവും നന്മയും സൂക്ഷിക്കുന്ന കഥാ നായകനെ അയാളുടെ സ്വതന്ത്രമായ സഞ്ചാര പാതയിലേക്ക് തുറന്നിടുക മാത്രമാണ് എഴുത്തിലൂടെ കഥാകാരന്‍ ഇവിടെ ചെയ്യുന്നത്.

    അയാളെ വേണമെങ്കില്‍ കഥാകാരന് നന്നാക്കാം. അല്ലെങ്കില്‍ മോശമായി ചിത്രീകരിക്കാം. ഇവിടെ അതു രണ്ടും ചെയ്യുന്നില്ല. അതാണ്‌ ഈ കഥയുടെ മേന്മയും. അയാള്‍ മദ്യപിക്കുന്നു. ആഭയുമായി വഴിവിട്ട സൌഹൃദത്തിന് കൊതിക്കുമ്പോള്‍തന്നെ നായിഡു അണ്ണന്റെ ദുരന്തത്തില്‍ ദുഖിക്കുകയും അയാളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. നല്ല നിരീക്ഷണ പാടവമാണ് മഹേഷ്‌ ഈ കഥയില്‍ കാഴ്ച വെച്ചത്.

    ഇതിലെ കന്യാസ്ത്രീയാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ നായിഡുവും മകനുമെല്ലാം കണ്മുബിലൂടെ കടന്നു പോകുമ്പോഴും എന്നിലെ വായനക്കാരനില്‍ ആകാംക്ഷ നില നിര്‍ത്തിയത് ജനലരികില്‍ പ്രത്യക്ഷപ്പെടുന്ന കന്യാസ്ത്രീയാണ്. അതു കഥാകാരന്റെ മനസ്സിലേ ഒരു തോന്നല്‍ മാത്രമായിരുന്നു എന്നു പറയാതെ പറയുന്ന പരിസമാപ്തി കഥയെ ഭദ്രമാക്കി. നല്ല കഥ വായിച്ച സന്തോഷം അറിയിക്കുന്നു.

    ReplyDelete
  30. അതു "കഥാകാരന്റെ" മനസ്സിലേ ഒരു തോന്നല്‍ മാത്രമായിരുന്നു എന്നത് "കഥാനായകന്റെ" എന്നു തിരുത്തി വായിക്കാനപേക്ഷ

    ReplyDelete
  31. എന്റെ ബ്ലോഗില്‍ 'സംസ്ക്കാര സമ്പന്ന'മായ കമന്റ് ഇട്ട ആളെ കാണാന്‍ വേണ്ടി വന്നതാ. ഇവിടെ വന്നപ്പോള്‍ ദാ കിടക്കുന്നു പ്രൊഫൈലില്‍ "ഒരുപാടു ഭ്രാന്തന്‍ സപ്നങ്ങളുമായി ഈ മനോഹര ഭൂമിയില്‍ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട"വനാണ് താങ്കളെന്ന്.
    സംശയം തീര്‍ന്നു. ഇനി പോകട്ടെ.

    ReplyDelete
  32. എവിടെയൊക്കെയോ സംഭവിച്ചതെ പോലെ, കഥ ഇഷ്ട്ടമായി

    ReplyDelete
  33. എവിടെയൊക്കെയോ സംഭവിച്ചതെ പോലെ, കഥ ഇഷ്ട്ടമായി

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..