Monday, July 26, 2010

അകലെ ഒരിഷ്ടം

പണ്ട് എന്റെ അനിയത്തി സുജ (അച്ഛന്റെ അനിയന്റെ മകള്‍) ഹൈദരാബാദില്‍ നേഴ്സിംഗ് പഠിക്കുന്ന സമയം. പഠിക്കുവാന്‍ പോയ ശേഷം ആദ്യത്തെ അവധിക്കു നാട്ടിലെത്തിയപ്പോള്‍ ഞാന്‍ അവളെ കാണുവാന്‍ ചെന്നു. വിശേഷങ്ങളൊക്കെ പറയുന്ന കൂട്ടത്തില്‍ അവള്‍ തന്റെ പുതിയ കൂട്ടുകാരുടെയൊക്കെ ഫോട്ടോ ഉള്ള പുതിയ ഒരാല്‍ബം എന്നെ കാണിച്ചു. അതിലെ ഒരു മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു...

"ഏതാടീ ഈ കുട്ടി ?" ഞാന്‍ തിരക്കി.
"എന്റെ റൂംമേറ്റാ, സരിത .."
"നിങ്ങള്‍ എത്ര പേരുണ്ട് ഒരു മുറിയില്‍ ?"
"
ഞങ്ങ പന്ത്രണ്ടു പേരുണ്ട്.."

വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഞാന്‍ ഇരുന്നു..എവിടെയോ ആ ചിത്രം എന്നെ വല്ലാണ്ട് ആകര്‍ഷിക്കുന്നത് പോലെ...
"ഇനിയുമുണ്ട് അവളുടെ ഫോട്ടോസ്. ഞാന്‍ കാണിച്ചു തരാം."
സുജ ആല്‍ബത്തിന്റെ താളുകള്‍ മറിച്ച് സരിതയുടെ എല്ലാ ഫോട്ടോകളും എന്നെ കാണിച്ചു. എല്ലാം നല്ല ചിത്രങ്ങള്‍.

"എടീ, നീയവളെ എന്റെ അന്വേഷണം അറിയിക്കണം.."
"അറിയിക്കാം"
"തിരികെ ചെല്ലുമ്പോള്‍, നീയവളെ എന്റെ ഫോട്ടോ കാണിക്കണം.."
"കാണിക്കാം."
"ഉറപ്പ്..?"
"ഉറപ്പ്.."

മൊബൈല്‍ പ്രചാരത്തിലാകാത്ത കാലമായിരുന്നു അത്. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച ഹോസ്റ്റലിലെ ലാന്ഡ്ഫോണില്‍ വിളിച്ചാല്‍ മാത്രമേ സുജയോടു മിണ്ടാനാകുമായിരുന്നുള്ളൂ. എല്ലാ കുട്ടികളുടെ അച്ഛനമ്മാരും വിളിക്കുന്നത്‌ അതേ സമയതായിരുന്നതിനാല്‍ അന്നൊന്നും കാര്യമായി അവളോട്‌ മിണ്ടാനേ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സരിതയെക്കുറിച്ചൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കിലും ഞാന്‍ കാത്തിരുന്നു; ഓരോ വര്‍ഷവും സുജ അവധിക്കു നാട്ടില്‍ വരുന്നതും നോക്കി. അവള്‍ വന്നു, സരിതയുടെ പുതിയ ചിത്രങ്ങളുമായി...

"അവളെ നീ എന്റെ അന്വേഷണം അറിയിച്ചോ? "
"
ഉം.. അറിയിച്ചു."
"എന്നിട്ട് അവള്‍ എന്ത് പറഞ്ഞു?"
"തിരിച്ചും അന്വേഷണം അറിയിച്ചു.."
"വേറൊന്നും പറഞ്ഞില്ലേ..?"
"ഇല്ല.., വേറെന്തു പറയാന്‍..?" സുജ ചിരിച്ചു.
"അല്ലാ, നീയെന്നെക്കുറിച്ചു അവളോട്‌ പറഞ്ഞില്ലേ..?"
"പറഞ്ഞു."
"അവളുടെ ഫോട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞില്ലേ..?"
"ഉം..പറഞ്ഞു.."
"എന്നിട്ട്..?"
"എന്നിട്ടെന്താ കുന്തം.."

ഞാന്‍ നിശ്ശബ്ധനായി. എനിക്ക് സുജയോടു ദേക്ഷ്യം വന്നു തുടങ്ങി. ചിറ്റമ്മ അതിനിടക്ക് കയറി പറഞ്ഞു.
"നീ അവളെ വിട്, നിനക്ക് കുറച്ചു കൂടി നല്ല വിദ്യാഭ്യാസമുള്ള ഒരു പെണ്ണ് മതി..."
"ഈ വിദ്യാഭ്യാസം തന്നെ ധാരാളം.." ഞാന്‍ പിറ് പിറുത്തു..

വര്‍ഷങ്ങള്‍ കടന്നു പോയി. ഓരോ വര്‍ഷവും ഞാനവളുടെ പുതിയ ഫോട്ടോകള്‍ കണ്ടു. പക്ഷെ ഒരിക്കല്‍ പോലും ഞങ്ങള്‍ നേരിട്ട് കാണുകയോ ഫോണില്‍ ഒന്ന് മിണ്ടുകയോ പോലും ചെയ്യുകയുണ്ടായില്ല. മൂന്നു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞു സുജക്ക് പാറ്റ്നയില്‍ ജോലി കിട്ടി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ മൊബൈലും എടുത്തു..ഞാന്‍ വിളിച്ചു..

"എടീ, അവളിപ്പോള്‍ എവിടെയാണ്, സരിത??"
"അവള്‍ക്കു ഡല്‍ഹിയില്‍ ജോലി കിട്ടി.."
"ഇനി അവള്‍ വിളിക്കുമ്പോള്‍ എന്റെ അന്വേഷണം പറയണം"
"
ഞങ്ങള്‍ ആരും ഇപ്പൊ അങ്ങനെ വിളിക്കാറില്ല"
ഞാനൊന്നും മിണ്ടിയില്ല, എങ്കിലും ഓരോ തവണ വിളിക്കുമ്പോഴും ഞാന്‍ സരിതയെ തിരക്കിക്കൊണ്ടിരുന്നു. പക്ഷെ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കാലം അതിന്റെ വഴിക്ക് എങ്ങോട്ടോ പോയി.

മൂന്നു വര്ഷം പാറ്റ്നയില്‍ ജോലി ചെയ്തശേഷം സുജ ഗള്‍ഫിനു പറന്നു. പിന്നെ ഒട്ടും വിളിയില്ലാണ്ടായി. പതിയെ ഞാന്‍ സരിതയെ മറന്നു.
എന്റെ ഓര്‍മ്മകളില്‍ അവളെത്താതായി.
എന്റെ സ്വപ്നങ്ങളില്‍ അവളില്ലാതായി.
പുതിയ പുതിയ സൌഹൃദങ്ങള്‍ എന്നെ വലയം ചെയ്തു. അങ്ങനെ എന്നേക്കുമായി ഞാന്‍ സരിതയെ മറന്നു.. അവളുടെ മനോഹരങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞു..

രണ്ടര വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ജോലി നിര്‍ത്തി സുജ നാട്ടില്‍ തിരിച്ചെത്തി. ഞങ്ങള്‍ അവള്‍ക്കു കല്യാണാലോചനകള്‍ തുടങ്ങി.
ഒരു ദിവസം ഞാന്‍ ചുമ്മാ സുജയോടു ചോദിച്ചു.
"നിന്റെ പഴയ കൂട്ടുകാര്‍ ആരെങ്കിലും വിളിക്കാറുണ്ടോ..?"
ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു.
"സരിത വിളിച്ചിരുന്നു. അവളുടെ കല്യാണം ഉറപ്പിച്ചു. "

ഓര്മ്മകളിലെവിടെയോ നിന്ന് സരിതയുടെ ചിത്രം മെല്ലെ മനസ്സില്‍ തെളിഞ്ഞു വന്നു.
പക്ഷെ ഒന്നും തോന്നിയില്ല.
"ഓഹോ. നല്ല കാര്യം..എന്നായിരുന്നു നിശ്ചയം..?"
"അവളും വെളിയിലായിരുന്നു. വന്നിട്ടിപ്പോ രണ്ടു മാസമായി. കല്യാണം ഉറപ്പിച്ചിട്ടിപ്പോ രണ്ടു ദിവസമേ ആയുള്ളൂ.. പിന്നെ......."

"പിന്നെ..?" ഞാന്‍ തിരക്കി.

"അവള്‍ നാട്ടിലെത്തിയപ്പോ അണ്ണനെ അന്വേഷിച്ചാരുന്നു. അണ്ണന്റെ കല്യാണം കഴിഞ്ഞോന്ന് ചോദിച്ചു..."

ഒരു നിമിഷം മനസ്സ് നിശ്ശബ്ധമായി.
ഉള്ളിലെവിടെയോ ഒരാളല്‍
ശരീരം ഒരു നിമിഷം തളര്‍ന്നു..
എന്നിട്ട് എന്തെയിത് സുജയെന്നോട് നേരത്തെ പറഞ്ഞില്ല..?
പക്ഷെ അവളോട്‌ ഒന്നും ചോദിച്ചില്ല..

നീണ്ട അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷവും സരിതയുടെ ചിത്രങ്ങള്‍ മനസ്സിലേക്ക് ഇരച്ചു വരുന്നു. അതെ, സരിതയുടെ ഫോട്ടോ അവസാനമായി കാണുന്നത് അഞ്ചു കൊല്ലം മുന്‍പാണ്. എന്നിട്ടും ഒട്ടും മങ്ങലേല്‍ക്കാതെ അവളുടെ മുഖം മനസ്സില്‍ കടന്നു വരുന്നു..

എന്തേ ഞാന്‍ അവളെ ഇത്രയും നാളും ഓര്‍മ്മിച്ചില്ല..??
പക്ഷെ എന്നിട്ടും അവള്‍ എന്നെ ഓര്‍ത്തു..
ദൈവമേ അവള്‍ക്കെന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടായിരിന്നിരിക്കുമോ..?

"അടുത്ത മാസം പതിനെട്ടാം തീയതിയാണ് സരിതയുടെ കല്യാണം "
സുജയുടെ വാക്കുകള്‍ വീണ്ടും വീണ്ടും കാതില്‍ മുഴങ്ങി.
അധികം നീട്ടാതെ ആ സംസാരം അവസാനിപ്പിച്ച് ഞാന്‍ എന്റെ ഏകാന്തതയുടെ കൂടാരത്തിലേക്ക് മടങ്ങി..
മനസ്സിലെവിടെയോ അസ്വസ്ഥത കൂട് കെട്ടി..
ശാന്തമായ കടല്ക്കരയിലേക്കാഞ്ഞടിച്ച സുനാമി പോലെയായി മനസ്സ്..

അന്ന് രാത്രി, നൊമ്പരങ്ങളുടെ തൊട്ടിലില്‍ വീണ്ടുമൊരിക്കല്‍ കൂടി ഉറങ്ങാന്‍ കിടന്നപ്പോള്‍ പൊയ്പോയ ഓര്മ്മകളില് എവിടെയോ നിന്നും പാറിവന്ന അവളുടെ മുഖം എന്നോട് മന്ത്രിച്ചു...
"നിന്റെ ദുഖങ്ങള്‍ക്കിന്ന് അവധിയാണ്..."
"അതെ.. എന്റെ ദുഖങ്ങള്‍ക്കിന്ന് അവധിയാണ്; ഇന്ന് മാത്രമല്ല നാളെയും."



15 comments:

  1. സാരമില്ല. ഇതാണു ജീവിതം. ഇനി ആ മുഖം പുസ്‌തകതാളുകള്‍ക്കിടയിലെ മയില്‍‌പ്പീലിപോലെ സുക്ഷിക്കൂ..

    ReplyDelete
  2. പറയാതെ പോയ ഇഷ്ടം മനസ്സിന് ഇടയ്ക്ക് ഒരു വിങ്ങല്‍ തന്നു കൊണ്ടേ ഇരിക്കും...
    ഒരുമാതിരി പെട്ട എല്ലാവര്ക്കും അങ്ങനെ മനസ്സില്‍ കുഴിച്ചു മൂടിയ ഒരു ഇഷ്ടം ഉണ്ടാവും എന്ന് തോനുന്നു

    ReplyDelete
  3. വളരെ നന്നായി....

    ReplyDelete
  4. ini paranjittu karyamillallo..avalodu nandi parayuu..veendum ormippichathinu....pinne ithoru ezhuthakki mattiyathinu...

    ReplyDelete
  5. പറയാതെ പോകുന്ന ഇഷ്ടം ജീവിതാവസാനം വരെ മുഴച്ച് നില്‍ക്കും.
    പലരെടെയും മനസ്സില്‍ ഇത്തരം ഇഷ്ടം ചുരുണ്ടുകൂടി കിടക്കുന്നുണ്ടാകും, ഇപ്പോഴും പുറത്ത്‌ പറയാന്‍ കഴ്യാതെ.

    കൊള്ളാം മഹേഷ്‌.

    ReplyDelete
  6. ഇഷ്ടങ്ങള്‍ക്ക് ഇടനിലക്കാര്‍ ഇല്ലതിരിക്കുകയാ നല്ലത്.

    ReplyDelete
  7. ഇത്തരം ദുഃഖങ്ങള്‍ മറന്നു കളഞ്ഞു ലോകത്തിലേക്ക് നോക്കു. അപ്പോള്‍ ഇതിനേക്കാള്‍ ഭീകര യാതനകള്‍ കാണാം. എന്നിട്ടവയെ എഴുതാന്‍ ശ്രമിക്കൂ. ഇങ്ങനെ senti അടിച്ചു നടക്കാതെ. pls...

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. മഹേഷ്,പറയാതെ പോയോരിഷ്ടം !
    പക്ഷെ ഇതിനൊരു മറുവശമുണ്ട്.
    ഇപ്പോള് അവള്ക്ക് എന്നോട് ഇഷ്ടമായിരുന്നു
    എന്ന് നിരൂപിചിരിക്കാമല്ലോ!പറഞ്ഞിട്ട്
    അവള് നിരസിച്ച്ചിരുന്നെങ്കിലോ ?
    തിരസ്കൃതപ്രണയത്തിന്റെ നൊമ്പരവും
    പേറി ............................

    ReplyDelete
  10. പ്രിയ വായാടി,
    ആദ്യമേ തന്നെ വന്നു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി...
    ശരിയാണ് ചില ഇഷ്ടങ്ങള്‍ മയില്‍‌പീലി പോലെയാണ്...ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ച മയില്‍‌പീലി...


    പ്രിയ കണ്ണനുണ്ണി, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്... പക്ഷെ ആ വിങ്ങല്‍ പലപ്പോഴും സുഖമുള്ള ഓര്‍മ്മകളായി നാളെ മാറും...


    Dear Naushu,
    വളരെ നന്ദി...


    Archana,
    ശരിയാണ്, ഒരു കഥയെഴുതുവാനുള്ള വിഷയം തന്നതിന് എനിക്ക് അവളോട്‌ തീര്‍ച്ചയായും നന്ദി ഉണ്ട്...


    പ്രിയ റാംജി,
    പറഞ്ഞത് ശരിയാണ്.. എന്നും ആരെയെങ്കിലുമൊക്കെ ഇഷ്ടപ്പെടുവാന്‍ സാധിക്കുക എന്നതും ഒരു ഭാഗ്യമല്ലേ..പുറത്തു പറയാനായില്ലെങ്കിലും..


    Dear ചെറുവാടി,
    ഇടനിലക്കാരെ ക്ഷണിച്ചു വരുതുന്നതല്ലല്ലോ.. അവര്‍ വന്നു ചേരുന്നതാണ്...


    പ്രിയ ഭാനു,
    അഭിപ്രായം മുഖവിലക്കെടുതിരിക്കുന്നു..
    എങ്കിലും ഞാന്‍ അത്രയ്ക്ക് senti ആണെന്ന് തോന്നുന്നില്ല..
    ഇഷ്ടങ്ങളും ദുഖങ്ങളും ഒരുപാടുണ്ട്.. പക്ഷെ എന്റെ പ്രൊഫൈലില്‍ എഴുതിയ പോലെ...
    "ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനെ"
    ചുള്ളിക്കാടിന്റെ വരികളാണ്..
    ഒരു കഥയെഴുതാന്‍ ഒരു സങ്കടം സഹായിക്കുമെങ്കില്‍ സങ്കടപ്പെടാന്‍ തന്നെ ആണ് എനിക്കിഷ്ടം.. കാരണം എഴുതുവാന്‍ ആഗ്രഹിക്കുന്നവന് കഥയല്ലേ വലുത്..


    Sneha, എന്തേ, കമന്റ് ഡിലീറ്റ് ചെയ്തത്..:-)


    പ്രിയ ചിത്ര,
    ഇതുവഴി ആദ്യമാണല്ലേ ? വന്നതിനു വളരെ നന്ദി..
    ചിത്ര പറഞ്ഞപോലെ നമുക്കതിന്റെ +ve വശമെടുക്കാം...
    അവള്‍ക്കിഷ്ടമായിരുന്നു എന്ന് നിരൂപിച്ചിരിക്കാം ... എല്ലാം സ്വന്തമാക്കാനാവില്ലല്ലോ !!

    ReplyDelete
  11. എല്ലാവര്‍ക്കും ഒരുപാട് നന്ദി..
    ഇനിയും വരിക...

    ReplyDelete
  12. മഹേഷ് ഭായി..
    മനോഹരമായി എഴുതി...ചില വരികള്‍ മനസ്സില്‍ വല്ലാതെ തങ്ങി നില്‍ക്കുന്നു..

    ReplyDelete
  13. പ്രണയകഥകൾ വായിച്ചു. വളരെ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു.

    ReplyDelete
  14. എന്റെ പൊന്നാങ്ങളമാരെ ഓര്‍മ വന്നു... എനിക്കൊരു സമാധാനമേ തരാറില്ല... ആ കുട്ടി എന്നെ കുറിച്ച് ചോദിച്ചോ... ഈ കുട്ടി എന്ത് പറഞ്ഞു ..എന്ന് ചോദിച്ചു... പലപ്പോഴും അവരെ സമാധാനിപ്പിക്കാന്‍ പല നുണകളും തട്ടി വിടാറുണ്ട്

    ReplyDelete
  15. എന്റെ ദുഖങ്ങള്‍ക്കിന്ന് അവധിയാണ്; ഇന്ന് മാത്രമല്ല നാളെയും

    അപ്പോള്‍ മറ്റെന്നാള്‍

    ReplyDelete

പ്രിയ വായനക്കാരാ, ദയവായി എന്റെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം..