Monday, July 2, 2018

കഥ പറയും സെല പാസ് (അരുണാചല്‍)

യുദ്ധത്തിന്റെയും  പ്രണയത്തിന്റെയും  കഥ പറയുന്ന, ചരിത്രമുറങ്ങുന്ന ബുദ്ധനഗരമായ  തവാംഗിലെ,  അതിമനോഹരമായ സെല പാസിലേക്ക് ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കണം.  ലോകത്തെ  ഏറ്റവും  ഉയരമേറിയ പര്‍വ്വത റോഡുകളിലൊന്നാണ് 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന  അരുണാചല്‍ പ്രദേശിലെ  സെല പാസ്.
    ആസാമിലെ തെസ്പൂരില്‍ (Tezpur) നിന്നാരംഭിച്ച്, പര്‍വ്വതങ്ങളില്‍ നിന്നും പര്‍വ്വതങ്ങളിലൂടെയുള്ള, തുടര്‍ച്ചയായ 12 മണിക്കൂര്‍ സാഹസികത നിറഞ്ഞ യാത്രക്കൊടുവില്‍ സെല പാസിലെത്താം. (Sela Pass) പിന്നേയും മൂന്ന് മണിക്കൂറോളം യാത്രയുണ്ട്  തവാംഗിലേക്ക്. (Tawang) അധികമാരും എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത, ത്രില്ലിംഗ്  യാത്രയിലൂടനീളം നിരവധി ചെക്ക് പോസ്റ്റുകളും പട്ടാള ക്യാമ്പുകളും നിരനിരയായി പോകുന്ന ആര്‍മി വാഹനങ്ങളും  കാണാം.   മോശം റോഡും കാലാവസ്ഥയും മണ്ണിടിച്ചിലും യാത്ര ദുഷ്കരമാക്കിയേക്കാമെങ്കിലും, വെല്ലുവിളികള്‍ ഏറ്റെടുക്കാനിഷ്ടപ്പെടുന്നവരെയാണ് തവാംഗിലെ അതിരുകളില്ലാത്ത കാഴ്ചകള്‍ മാടി വിളിക്കുന്നത്. 

    തെസ്പൂരില്‍ നിന്നും വെളുപ്പിനെ അഞ്ചരയ്ക്ക് പുറപ്പെടുന്ന ഷെയേര്‍ഡ് ജീപ്പ് / സുമോകളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത് പോയാല്‍ സെല പാസ് വഴി രാത്രി  തവാംഗിലെത്താം.  രാത്രി യാത്ര അനുവദനീയമല്ല. ആരോഗ്യ പ്രശ്നങ്ങളുള്ളവരും സ്ത്രീകളും  വഴി മധ്യേ ബോംഡിലയില്‍  (Bomdila) ജേര്‍ണി ബ്രേക്ക് ചെയ്ത് പോകുന്നതാണ് ഉചിതം. ചൈന, മ്യാന്മാര്‍,  ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ നിര്‍ബന്ധമാണ്‌.  

     ഒരു നവംബര്‍ ആദ്യവാരമാണ് ഞാന്‍ തവാംഗില്‍ പോയത്. തുടക്കം കഴിഞ്ഞാല്‍ പിന്നെ മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന വരണ്ട വന്‍മലകള്‍ക്കിടയിലൂടെയാണ്  യാത്ര. വര്‍ഷത്തില്‍ മിക്കസമയത്തും മഞ്ഞ് മൂടികിടക്കുന്ന സെല പാസും സെല തടാകവും കാഴ്ചയ്ക്ക് വിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു.  ശീതകാലത്ത് സെല തടാകം പൂര്‍ണമായോ ഭാഗികമായോ  ഫ്രീസ് ആകും. ഹിമപാതം, മണ്ണിടിച്ചില്‍ എന്നിവയാല്‍ റോഡ്‌ ഗതാഗതം  താല്ക്കാലികമായി തടസപ്പെട്ടാല്‍ പരിഹരിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (BRO) വര്‍ഷം മുഴുവനും കര്‍മ്മനിരതരായി രംഗത്തുണ്ട്.  ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന തവാംഗിനെ രാജ്യത്തിന്റെ പുറംപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്  സെല പാസാണ്.

    നീല നിറത്തില്‍ ശാന്തമായി കിടന്ന സെല തടാകത്തിലേക്ക് നോക്കി അല്‍പ സമയം ഞാന്‍ മൗനമായി നിന്നു.  എന്നെ വട്ടം പിടിച്ച തണുത്ത കാറ്റില്‍ രണ്ടാത്മാക്കളുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു; റൈഫിള്‍മാന്‍ ജസ്വന്ത് സിംഗ് റാവത്തിന്റേയും സെല എന്ന ആദിവാസി പെണ്‍കുട്ടിയുടേയും. 
    1962-ലെ ഇന്ത്യാ - ചൈന യുദ്ധത്തിലെ നുരനാംഗ് (Nuranang) പോരാട്ടമാണ് ജസ്വന്ത് സിംഗിന്റെ (Jaswant Singh Rawat) പേര്  ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. തവാംഗ് പിടിച്ചടക്കി ചൈനീസ് സൈന്യം മുന്നേറി.  ജസ്വന്ത് സിംഗ്  ഉള്‍പ്പെട്ട നുരനാംഗിലെ ബാറ്റാലിയനോട് മടങ്ങി വരാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചു. നിര്‍ഭയനായ ഇരുപത്തൊന്നുകാരന്‍ ജസ്വന്ത് സിംഗ്  പക്ഷേ  പിന്മാറിയില്ല.  കൂടെയുള്ളവര്‍ പലരും മരിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും  ഒറ്റയാള്‍ പട്ടാളമായി നിലകൊണ്ട അദ്ദേഹം അതിവിദഗ്ധമായി 72 മണിക്കൂര്‍ ചൈനീസ് ആര്‍മിയെ  നേരിട്ടു.
     സെലയും നൂറയും അവിടെ താമസിച്ചിരുന്ന മോന്‍പ വിഭാഗത്തില്‍ പെട്ട രണ്ട് ആദിവാസികള്‍ പെണ്‍കുട്ടികളായിരുന്നു. സെലയും ഉത്തരാഖണ്ഡ്കാരനായ  റൈഫിള്‍മാന്‍ ജസ്വന്ത്  സിംഗും തമ്മില്‍ പ്രണയമായിരുന്നു.  സെലയുടേയും നൂറയുടേയും സഹായത്തോടെ ജസ്വന്ത് സിംഗ്  പലയിടങ്ങളിലായി ആയുധങ്ങള്‍ സ്ഥാപിച്ച്, ഓടി നടന്ന് ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സെലയും നൂറയും അദ്ദേഹത്തിന് വേണ്ട തിരകളും ആയുധങ്ങളും ആഹാരവും  എത്തിച്ച് കൊടുത്തു കൊണ്ടിരുന്നു.
    ജസ്വന്ത് സിംഗിന്റെ ഫയറിംഗ് ചൈനീസ് പക്ഷത്ത് കനത്ത നാശനഷ്ടം വിതച്ചു.  ഇത്,  ഇന്ത്യയുടെ പോസ്റ്റില്‍ നിരവധി സൈനികര്‍ ഉണ്ടെന്ന മിഥ്യാധാരണ ചൈനീസ് ക്യാമ്പില്‍ ഉടലെടുക്കാന്‍ കാരണമാകുകയും അവര്‍ പ്രതിരോധത്തിലാകുകയും ചെയ്തു. അങ്ങനെ മൂന്ന് ദിവസം ശത്രുക്കളെ തടഞ്ഞ് നിര്‍ത്തിയ ആ ധീരപുത്രന്‍  മുന്നോറോളം പേരെ വധിക്കുകയും ചെയ്തു.
    മകളുടെ പ്രണയത്തിന് എതിര് നിന്ന സെലയുടെ പിതാവ്, ചൈനീസ് ക്യാമ്പിലെത്തി വിവരം ധരിപ്പിക്കുകയും അയാള്‍ കാണിച്ച് കൊടുത്ത മറ്റൊരു വഴിയിലൂടെ  എത്തിയ  ശത്രുക്കള്‍  ജസ്വന്ത് സിംഗിനെ പിന്നില്‍ നിന്നും ആക്രമിക്കുകയും ചെയ്തു. ശത്രുവിന്റെ വെടിയേറ്റ്‌ മരിക്കാന്‍ തയ്യാറാകാത്തിരുന്ന ധീരനായ ആ പോരാളി സ്വയം വെടിവെച്ച് മരിച്ചു.  തന്റെ പ്രിയപ്പെട്ടവന്റെ മരണം താങ്ങാനാകാതെ സെല മലമുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചൈനീസ് സൈന്യം പിടിച്ച് കൊണ്ട് പോയ നൂറ പിന്നൊരിക്കലും മടങ്ങി വന്നില്ല. 

    യുദ്ധാനന്തരം  ഇവിടം സെലയുടെ പേരില്‍ അറിയപ്പെട്ടു. എന്നാല്‍  ഔദ്യോഗിക ഭാഷണങ്ങളില്‍ ഈ പ്രണയകഥയില്ല. സെലയുടെ കഥയ്ക്ക് പല വേര്‍ഷനുകളും ഉണ്ട്. എങ്കിലും വായ്‌മൊഴികളിലൂടെ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത പ്രണയിനിയായി സെല ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു. രാജ്യത്തിന് വേണ്ടി പ്രണയം  ത്യജിക്കപ്പെട്ട  മണ്ണിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു. മീശ മുളയ്ക്കാത്ത ഒരു പയ്യന്റെയും അവന്റെ പ്രണയിനിയുടേയും രൂപം മനസില്‍ തെളിഞ്ഞു.  പ്രണയത്തിന് ഇത്രമാത്രം പോരാട്ട വീര്യമോ?
    സെല തടാകത്തോട് വിട പറഞ്ഞ് ജസ്വന്ത് സിംഗ്  വീരചരമം പ്രാപിച്ച  സൈനിക പോസ്റ്റിലെത്തി.   ഇന്നിത് ജസ്വന്ത് ഗഢ് (Jaswant Garh) എന്നപേരിലറിയപ്പെടുന്ന യുദ്ധസ്മാരകവും ക്ഷേത്രവുമാണ്.  ബാബ ജസ്വന്ത് സിംഗ് റാവത്തായി അദ്ദേഹത്തെ ജനം ആദരിക്കുന്നു. ജസ്വന്തിന്റെ ആത്മാവ് സൈനികരേയും ക്യാമ്പിനേയും സംരക്ഷിക്കുമെന്ന് ഏവരും വിശ്വസിക്കുന്നു.   മരണശേഷം മേജര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ച ഏക ഇന്ത്യന്‍ ജവാനാണ് ജസ്വന്ത് സിംഗ് . മരണാനന്തരം മഹാവീരചക്രം ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

    ഇന്നും ഇതുവഴി യാത്ര ചെയ്യുന്ന ഏതൊരു റാങ്കിലുമുള്ള സേനാംഗവും ജസ്വന്തിനെ സല്യൂട്ട്  ചെയ്ത് മാത്രമേ പോകുകയുള്ളൂ.  ജീവിച്ചിരിക്കുന്ന ആളെന്ന പോലെ ഇന്നും എല്ലാ ദിവസവും പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ ബൂട്ട് തുടയ്ക്കുകയും തുണികള്‍ അലക്കുകയും ബെഡ്ഷീറ്റ് മാറ്റി വിരിക്കുകയും ചെയ്ത് വരുന്നു.  ഒരുതുള്ളി കണ്ണുനീരു കൊണ്ട് മേജര്‍ ജനറല്‍ ജസ്വന്ത് സിംഗ് റാവത്തിന് ആദരം അര്‍പ്പിച്ച്, ഇരുള്‍ വീണ് തുടങ്ങിയ വഴിയിലൂടെ തവാംഗ് ലക്ഷ്യമാക്കി ഞാന്‍ യാത്ര തുടര്‍ന്നു. 

യാത്ര ചിത്രങ്ങളിലൂടെ...
                             
                                          ഓണ്‍ ദി വേ....(തുടക്കം)
                                          അരുവികള്‍ക്ക് കുറുകെ...

                                         പൊലീസ് ചെക്ക്‌ പോസ്റ്റ്‌

                                          വഴിയോര ഗ്രാമങ്ങള്‍

                                          ബോംഡില - ഇടത്താവളം

                                          ഉയരങ്ങളിലേക്ക് (വഴി)

                                         വഴി




                                         സെല തടാകം
ആര്‍മി വാഹനങ്ങള്‍, സെല പാസിലൂടെ

                                          ഉയരങ്ങളില്‍ ഒരു ചായക്കട

                                           റോഡ്‌ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍

                                         റോഡ്‌ പണിയില്‍ അല്പം വിശ്രമം

                                         ബ്ലോക്ക്

                                          വഴിയോര കാഴ്ചകള്‍

                                         സെല പാസ് ഗൂഗിള്‍ മാപ്പില്‍
                                         സെല പാസ് ഗൂഗിള്‍ മാപ്പില്‍


    Note: തവാംഗിനെ കുറിച്ച് പിന്നീട് എഴുതുന്നതാണ്.